2016, മാർച്ച് 19, ശനിയാഴ്‌ച

ഈ ഗലീലിയോക്ക് ശരിക്കും എന്താ പറ്റീത്?

''യുക്തിവാദികളുടെ അന്ധവിശ്വാസങ്ങള്‍'' എന്ന സീരിസിലെ പുതിയ പോസ്റ്റ്‌.  ഈ സീരീസില്‍ പെട്ട യുക്തിവാദികളുടെ ദൈവമായ ബുദ്ധനെക്കുറിച്ച് വായിക്കാന്‍ കഴിഞ്ഞ പോസ്റ്റുകള്‍ നോക്കുക. :-)
-------------------------------------------------------------------------------------------------------

''The great Galileo, at the age of fourscore, groaned away his days in the dungeons of the Inquisition, because he had demonstrated by irrefutable proofs the motion of earth.'' Voltaire

മതവും ശാസ്ത്രവും രണ്ടു വിരുദ്ധ ദ്രുവങ്ങളിലാണ് നില്‍ക്കുന്നത് എന്ന് എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമാണ്. കത്തോലിക്കാ സഭ ശാസ്ത്രത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്തിയതു കൊണ്ടാണ് ഇരുണ്ട യുഗം ഉണ്ടായത്, അത് കാരണം വൈകി ഓടുന്ന ട്രൈനാണ് ശാസ്ത്രം എന്നൊക്കെ യുക്തിവാദികള്‍ പ്രസംഗിക്കാറുണ്ട്. തെളിവായി പറയുന്ന സ്ഥിരം കഥയാണ് Galileo affair എന്നറിയപ്പെടുന്ന, ഗലീലിയോയെ കത്തോലിക്കാ സഭ കുറ്റവിചാരണ ചെയ്തു തടവിട്ട സംഭവം. ഒരുപക്ഷേ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ഗലീലിയോയുടെ പീഡനം. മുകളില്‍ വോള്‍ടയര്‍ പറയുന്നപോലെ ഭൂമി ചലിക്കുന്നുണ്ട് എന്ന് നിസ്സന്ദേഹം തെളിയിച്ചതിന് ഗലീലിയോ വാര്‍ധക്യ കാലത്ത് ഇന്‍ക്വിസിഷന്റെ തടവറയില്‍ കിടന്നു നരകിച്ചു. ഇതാണ് കഥ. എന്നാല്‍ അത് രണ്ടും, ഗലീലിയോ ഭൂമി ചലിക്കുന്നുണ്ട് എന്ന് തെളിയിച്ചിട്ടുമില്ല, തടവറയില്‍ കിടന്നു നരകിച്ചിട്ടുമില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ?

 കോപ്പര്‍നിക്കസ്സിന്റെ അഭിപ്രായങ്ങളെ പിന്തുണച്ചു എന്ന പേരിലാണ് ഗലീലിയോവിനെതിരെ കത്തോലിക്കാ സഭ ശിക്ഷാ നടപടികളുമായി തിരിഞ്ഞത്. (ഗലീലിയോയെ എന്തിനാണ് സഭ പീഡിപ്പിച്ചത് എന്നൊന്നും സാധാരണക്കാരന് വലിയ പിടിയില്ല ‍.ഭൂമി ഒരു ഗോളമാണ് എന്ന് പറഞ്ഞതിനാണ് എന്നൊക്കെ കരുതുന്ന വിദ്വാന്മാരുണ്ട്. പിന്നെ യുക്തിവാദികളടക്കം പലര്‍ക്കും കോപ്പര്‍നിക്കസ്, ഗലീലിയോ, ജിയോര്‍ഡാനോ ബ്രൂണോ ഇവരൊക്കെ ഒരാളാണ്. എല്ലാവരെയും/ ആരെയോ പീഡിപ്പിച്ചു, തൂക്കികൊന്നു, തടവിലിട്ടു, ജീവനോടെ ചുട്ടെരിച്ചു എന്നൊക്കെ ആവേശപൂര്‍വ്വം പറയും. കഥാപാത്രങ്ങളും, സംഭവങ്ങളും ആകപ്പാടെ മിക്സ്‌ ആയിപ്പോകും. :-) (ഇതില്‍ കോപ്പര്‍നിക്കസ്സ് മരണകിടക്കയിലാണ് അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം അച്ചടിച്ച്‌ കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം മരിച്ചു പോയിരുന്നു. അങ്ങേരെ പീഡിപ്പിക്കാന്‍ എന്തായാലും കിട്ടിയിട്ടില്ല. ചുട്ടുകൊല്ലപ്പെട്ടത്‌ ജിയോര്‍ഡാനോ ബ്രൂണോ ആണ്.)

കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തങ്ങളോട് കത്തോലിക്കാസഭ ഒരു തരം എതിര്‍പ്പും കാണിച്ചിട്ടില്ല. കാപ്പുവയിലെ കര്‍ദ്ദിനാളായ നിക്കോളാസ് ഷോണ്‍ബര്‍ഗ് (Nicholas Schonberg, Cardinal of Capua) ചലിക്കുന്ന ഭൂമിയെക്കുറിച്ചുള്ള കോപ്പര്‍നിക്കസ്സിന്റെ പുതിയ സിദ്ധാന്തത്തില്‍ വളരെ താല്പര്യം പ്രകടിപ്പിക്കുകയും അത് കൂടുതല്‍ പ്രചരിപ്പിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത് എന്ന് കോപ്പര്‍നിക്കസ്സ് തന്നെ പറയുന്നു.

''In it you maintain that the earth moves; that the sun occupies the lowest, and thus the central, place in the universe; that the eighth heaven remain perpetually motionless and fixed; and that, together with the elements included in its sphere, the moon, situated between the heavens of Mars and Venus, revolves around the sun in the period of a year...............Therefore with the utmost earnestness I entreat you, most learned sir, unless I inconvenience you, to communicate this discovery of yours to scholars.......''

കോപ്പര്‍നിക്കസ്സ്  ഒരു മത വിരോധിയൊന്നും ആയിരുന്നില്ല എന്ന് മാത്രമല്ല, നല്ല ഉറച്ച കത്തോലിക്കാ വിശ്വാസിയും ഒരു പുരോഹിതനും കൂടിയായിരുന്നു. സഭയുടെ അനുവാദത്തോടും പ്രോത്സാഹനത്തോടും കൂടിയാണ് അദ്ദേഹം തന്റെ On the revolution of heavenly spheres പ്രസിദ്ധീകരിക്കുന്നതും. ഈ പുസ്തകം അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത് പോപ്പ് പോള്‍ മൂന്നാമനാണ്. കോപ്പര്‍നിക്കസ്സിന്റെ സൌരകേന്ദ്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് 1582 ല്‍ ഗ്രിഗറി എട്ടാമന്‍ മാര്‍പ്പാപ്പ കലണ്ടര്‍ പരിഷ്ക്കരിക്കുന്നത് പോലും. (നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍.) കോപ്പര്‍നിക്കസ്സിന് സഭയിലുണ്ടായിരുന്ന പദവിയെക്കുറിച്ചും കലണ്ടര്‍ പരിഷ്കരണത്തിന് കോപ്പര്‍നിക്കസ് നല്‍കിയ സഹായങ്ങളെയും ഗലീലിയോ തന്നെ അനുസ്മരിക്കുന്നുണ്ട്.

''Nicholas Copernicus; and that he was not only a Catholic, but a priest and a canon. He was in fact so esteemed by the church that when the Lateran Council under Leo X took up the correction of the church calendar, Copernicus was called to Rome from the most remote parts of Germany to undertake its reform. At that time the calendar was defective because the true measures of the year and the lunar month were not exactly known. The Bishop of Fossombrone, then in charge of tills matter, assigned Copernicus to seek more light and greater certainty concerning the celestial motions by means of constant study and labor. With Herculean toil he set his admirable mind to this task, and he made such great progress in this science and brought our knowledge of the heavenly mo­tions to such precision that he became celebrated as an astronomer. Since that time not only has the calendar been regulated by his teachings, but tables of all the motions of the planets have been calculated as well.'' (Letter to Madame Christina of Lorraine, Grand Duchess of Tuscany)  

കോപ്പര്‍നിക്കസ്സിനു മുന്‍പും ചില പാതിരിമാര്‍ തന്നെ ഭൂമി ചലിക്കുണ്ടാകാം എന്ന് സങ്കല്പ്പിച്ചിട്ടുണ്ട്. കുറഞ്ഞ പുള്ളികളൊന്നുമല്ല. ഒരു ബിഷപ്പായ നിക്കോളി ഒറീസേം പതിനാലാം നൂറ്റാണ്ടിലും, ഒരു  കര്‍ദ്ദിനാളായ നിക്കോളാസ് (Nicholas of Cusa) പതിനഞ്ചാം നൂറ്റാണ്ടിലും. കോപ്പര്‍നിക്കസ് 1543 ലാണ് അദ്ദേഹത്തിന്റെ പുസ്തകം ''On the revolution of heavenly spheres'' പ്രസിദ്ധീകരിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിച്ച് 73 വര്‍ഷം കഴിഞ്ഞ് 1616 ലാണ് ഗലീലിയോക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് സഭ കോപ്പര്‍നിക്കസ്സിന്റെ പുസ്തകം നിരോധിക്കുന്നത്. (പുസ്തകം നിരോധന ലിസ്റ്റില്‍ 1835 വരെ ഉണ്ടായിരുന്നെങ്കിലും നാല് വര്‍ഷത്തിനു ശേഷം അതിലെ ആകെ ഒന്‍പത് വാചകങ്ങളിലെ തിരുത്തലുകള്‍ക്ക് ശേഷം പുസ്തകം വീണ്ടും വിപണിയിലുണ്ടായിരുന്നു.) അപ്പോള്‍ അതുവരെ ഇല്ലാത്ത വിരോധം സൌരകേന്ദ്ര സിദ്ധാന്തം പ്രസിദ്ധീകരിച്ച് 73 വര്‍ഷങ്ങള്‍ക്കു ശേഷം അതിനെ പിന്തുണച്ചു എന്ന പേരില്‍ ഗലീലിയോവിനോട് അദ്ദേഹത്തിന്റെ വയസ്സുകാലത്ത് തോന്നിയതെന്തുകൊണ്ടായിരിക്കും? അതും ഗലീലിയോ സൂര്യകേന്ദ്ര സിദ്ധാന്തം പ്രചരിപ്പിക്കാന്‍ തുടങ്ങി ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം? (1610 മുതലാണ്‌ ഗലീലിയോ കാര്യമായി ഈ സിദ്ധാന്തം പ്രചരിപ്പിക്കാന്‍ തുടങ്ങുന്നത്.1633ലാണ് അദ്ദേഹത്തിനെതിരെ നടപടിയും ശിക്ഷയുമൊക്കെ വരുന്നത്. അപ്പോള്‍ അദ്ദേഹത്തിന് 69 വയസ്സ്.) എന്തായിരിക്കും കാര്യം?

പറഞ്ഞു കേള്‍ക്കുന്ന കഥകളില്‍ കണ്ടമാനം അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ഉണ്ട് എന്നാണ് ആധുനിക ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ഈ പോസ്റ്റിന്റെ രത്നചുരുക്കം ആദ്യമേ പറയാം.

 (1) സാധാരണ പറഞ്ഞു കേള്‍ക്കുന്നപോലെ കോപ്പര്‍നിക്കസ്സോ, ഗലീലിയോയോ  ഭൂമി സ്വന്തം അച്ചുദണ്ഡില്‍ കറങ്ങുന്നുണ്ട് എന്നോ ഭൂമി സൂര്യനെ ചുറ്റുന്നുണ്ട് എന്നോ  തെളിയിച്ചിട്ടില്ല.

(2) സഭക്ക് ഗലീലിയോവുമായി ഉണ്ടായിരുന്ന പ്രശ്നം ശാസ്ത്ര സംബന്ധി എന്നതിനേക്കാള്‍ ദൈവശാസ്ത്രവും, അക്കാലത്തെ രാഷ്ട്രീയവും, ഗലീലിയോവുമായി ചിലര്‍ക്കുണ്ടായിരുന്ന വ്യക്തിവിരോധവും ഒക്കെ കൂടി കുഴഞ്ഞതായിരുന്നു.

(3) സഭയില്‍നിന്ന് ഗലീലിയോവിന് ഒരു തരത്തിലുള്ള ശാരീരിക പീഡനവും ഏറിറട്ടില്ല. അദ്ദേഹത്തിന് നല്‍കിയ വീട്ടു തടങ്കല്‍ എന്ന ശിക്ഷ പോലും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെയും കാര്യമായി ബാധിച്ചില്ല.

ഗലീലിയോ സംഭവത്തേക്കുറിച്ച് കൂടുതല്‍ പറയുന്നതിന് മുന്‍പ് കത്തോലിക്കാ സഭക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന പിന്തിരിപ്പനായ മറ്റു പല അനുബന്ധ ധാരണകളെക്കുറിച്ചും പറയേണ്ടതുണ്ട്. ഭൂമി പരന്നതാണ് എന്നാണ് ബൈബിളിന്റെ അടിസ്ഥാനത്തില്‍ കത്തോലിക്കാ സഭ പഠിപ്പിച്ചിരുന്നത്, വേദപുസ്തകത്തിന്‌ വിരുദ്ധമായതുകൊണ്ട് ഭൂമി ശരിക്കും ഒരു ഗോളമാണ് എന്ന് തിരുത്താന്‍ ശ്രമിച്ചവരെ സഭ ഉപദ്രവിച്ചു, കോപ്പര്‍നിക്കസ്സിന്റെ ഭൂകേന്ദ്ര സിദ്ധാന്തം വിശേഷപ്പെട്ട സൃഷ്ടിയായ ഭൂമിയുടെ സ്ഥാനം കുറച്ചതുകൊണ്ടാണ് ( ഭൂമി ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമാണ്, അതായത് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നാണ് സഭയുടെ നിലപാട് എന്ന് വംഗ്യം.) അത് പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഗലീലിയോ പീഢിപ്പിക്കപ്പെട്ടത്‌, സമാനമായ അഭിപ്രായങ്ങള്‍ പറഞ്ഞ ശാസ്ത്രജ്ഞനായ ബ്രൂണോയെ ചുട്ടുകൊന്നു, ന്യൂട്ടന്റെ ചലന നിയമങ്ങള്‍ ഗ്രഹങ്ങളെ തള്ളിനടക്കുന്ന മാലാഖമാരെ ആവശ്യമില്ലാതാക്കി, (അങ്ങനെ മാലാഖമാരെ ഉപയോഗിച്ചാണ് ദൈവം പ്രപഞ്ചത്തെ ചലിപ്പിക്കുന്നത് എന്നായിരുന്നു കത്തോലിക്കാസഭയുടെ നിലപാട് എന്ന് വംഗ്യം.)

''Contrary to popular belief, the church did not insist on a flat earth; there was scarcely a Christian scholar of the Middle Ages who did not acknowledge its sphericity and even know its approximate circumference.'' Ronald L Nunbers

ഭൂമി പരന്നതാണ് എന്ന് കത്തോലിക്കാ സഭ ശരിക്കും വിശ്വസിച്ചിരുന്നോ? ഭൂമി ഒരു ഗോളമാണ് എന്ന് പണ്ട് മുതലേ അല്‍പസ്വല്‍പ്പം വായിച്ചറിവുള്ളവര്‍ക്കൊക്കെ അറിവുള്ള കാര്യമായിരുന്നു  എന്നതാണ് സത്യം. ആ ഒരു ധാരണയില്ലാതെ കടല്‍ യാത്ര ഏറെക്കുറെ അസാധ്യമാണ്. കടല്‍ യാത്രക്കാര്‍ക്ക് ഭൂമി പരന്നതോ ഉരുണ്ടതോ എന്നത് അക്ഷരാര്‍ഥത്തില്‍ ഒരു ജീവന്‍ മരണ പ്രശ്നമായിരുന്നു. ഭൂമി വലിയൊരു ഗോളമാണ് എന്ന ബോധ്യമില്ലെങ്കില്‍ ദൂര യാത്രകളില്‍ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കടലില്‍ സ്വന്തം സ്ഥാനം നിര്‍ണയിക്കുന്നത് അസാധ്യമാകും. 'പരന്ന' ഭൂമിയുടെ മാപ്പുകള്‍ക്ക് കൃത്യതയുണ്ടാകില്ല. കൂടുതല്‍ അകലേക്ക് പോകും തോറും മാപ്പുകളുടെ കൃത്യത കുറഞ്ഞു വരും.  അവരൊന്നും കടല്‍ യാത്ര ചെയ്ത്  ലോകത്തിന്റെ പല ഭാഗത്തും എത്തുമായിരുന്നില്ല. നമ്മുടെ പൂര്‍വ്വികര്‍ കടല്‍ യാത്ര ചെയ്തു എല്ലായിടത്തും എത്തിയിരുന്നു എന്നത് തന്നെ അവര്‍ക്ക് ഭൂമി ഒരു ഗോളമായിരുന്നു എന്ന് ബോധ്യമുണ്ടായിരുന്നു എന്നതിന് തെളിവാണ്.

അരിസ്റ്റോട്ടില്‍ (384-322 BCE) ഇരാറ്റോസ്തനീസ്(250 BCE), അരിസ്റ്റാര്‍ക്കസ് (310-230 BCE) ടോളമി (90-168 ACE), മുതിര്‍ന്ന പ്ലിനി (Pliny the elder 23-79ACE), പോമ്പോണിയസ് മേള (ഒന്നാം നൂറ്റാണ്ട്), മാക്രോബിയസ് (നാലാം നൂറ്റാണ്ട്) മുതലായവരൊക്കെ ഭൂമി ഗോളമാണ് എന്ന വ്യക്തമായ ധാരണയുള്ളവരായിരുന്നു, ഇവരില്‍ പലരുടെയും ഈ നിഗമനം ഭാഗികമായെങ്കിലും തത്വശാസ്ത്രപരമായിരുന്നു എങ്കിലും. ബ്രഹ്മാണ്ഡത്തിന്റെ (celestial sphere) മധ്യത്തിലുള്ള ഭൂമിയും ഒരു ഗോളമായിരിക്കണം (ഒരു മുട്ടപോലുള്ള പ്രപഞ്ചത്തിന്റെ ഉള്ളില്‍ മഞ്ഞക്കരു പോലെ ഭൂമി.) എന്നായിരുന്നു ഒരു ന്യായം. അതല്ലാതെ ഗണിത ശാസ്ത്രപരമായ തെളിവുകളും അവര്‍ നിരത്തുന്നുണ്ട്‌.

ഭൂമിയുടെ ഗോളാകൃതിക്ക് അരിസ്റ്റോട്ടില്‍ നിരത്തുന്ന കാരണങ്ങള്‍ പ്രസിദ്ധമാണ്. (ഇപ്പോഴും സ്കൂളുകളില്‍ അവ പഠിപ്പിക്കുന്നുമുണ്ട്.) (1) നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന മറ്റു രണ്ടു ആകാശഗോളങ്ങള്‍, സൂര്യനും ചന്ദ്രനും....ഗോളങ്ങള്‍ തന്നെയാണ്. ചുരുങ്ങിയ പക്ഷം വൃത്താകൃതിയിലെങ്കിലുമാണ്. (2) ചന്ദ്ര ഗ്രഹണം ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണ് എന്ന വിശ്വസനീയമായ അറിവുണ്ട്. അത് വീക്ഷിക്കുമ്പോള്‍ എല്ലായിപ്പോഴും വൃത്താകൃതിയിലുള്ള നിഴലാണ് കാണുന്നത്. ഒരു ഗോളത്തിന്റെ നിഴല്‍ മാത്രമേ എല്ലായ്പ്പോഴും ഗോളാകൃതിയില്‍ തന്നെ കാണൂ. (3) വളരെ ഉയരത്തില്‍നിന്നു നോക്കമ്പോള്‍ ചക്രവാളം വളഞ്ഞാണ് കാണപ്പെടുന്നത്. (4) ഉയരത്തില്‍ നിന്ന് നോക്കുമ്പോള്‍ കാഴ്ച മറയാതെ കൂടുതല്‍ ദൂരേക്ക്‌ കാണാന്‍ സാധിക്കുന്നു. ഭൂമി ഒരു ഗോളമാണെങ്കിലേ അത് സാധ്യമാകൂ. (5) ദൂരെയുള്ള ഒരു കപ്പല്‍ അടുത്തുവരുമ്പോള്‍ അതിന്റെ കൊടിമരങ്ങളും മറ്റുമാണ് ആദ്യം കാണുന്നത്. (6) തെക്കോട്ട് കടല്‍ യാത്ര ചെയ്യുമ്പോള്‍ തെക്കുള്ള നക്ഷത്രകൂട്ടങ്ങള്‍ (constellations) നേരത്തെ ഉദിക്കുന്നതായി കാണുന്നു.

ക്രേറ്റസ് (Crates of Mallus) 250 BCE ല്‍ ഭൂമിയുടെ ത്രിമാന മാത്രകയായ ഗ്ലോബ്  ആദ്യമായി ഉണ്ടാക്കുകയും ചെയ്തിരുന്നു. (ആ ഗ്ലോബ് നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു. ഇപ്പോള്‍ ഏറ്റവും പഴക്കമുള്ള ഗ്ലോബ്, മാര്‍ട്ടിന്‍ ബെഹിം1492 ല്‍ നിര്‍മ്മിച്ച Erdapfel ('earth apple' എന്നാണ് ഈ ജര്‍മ്മന്‍ വാക്കിനര്‍ത്ഥം) എന്ന ഗ്ലോബാണ്.) ഇരാറ്റോസ്തനീസ് 250 BCE യില്‍ തന്നെ ഭൂഗോളത്തിന്റെ വലുപ്പം ഏറെക്കുറെ കൃത്യമായി അളക്കുകയും ചെയ്തിരുന്നു.

പിന്നെ യുക്തിവാദികള്‍ പോലും തെറ്റിദ്ധരിക്കുന്ന പോലെ ബൈബിളില്‍ ഒരിടത്തും ഭൂമി പരന്നതാണ് എന്നൊന്നും പറയുന്നില്ല. (സത്യത്തില്‍ ഇസ്ലാമിന്റെ മുഹമ്മദ്‌ ഒഴിച്ച കാര്യമായി ആരും പച്ചയായി ഭൂമി പരന്നതാണ് എന്ന അബദ്ധം പറഞ്ഞിട്ടില്ല. അവിടെ പോലും അറേബ്യന്‍ പണ്ഡിതര്‍ക്ക്  ഭൂമി ഒരു ഗോളമാണെന്ന ധാരണയുണ്ടായിരുന്നു.) ഭൂമിയുടെ നാല് മൂലകള്‍ (യെശയ്യാ 11-12), ഭൂമിയുടെ അറ്റം (ഇയ്യോബ് 38-12) തുടങ്ങിയ പ്രയോഗങ്ങള്‍ ഭൂമി പരന്നതാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് വ്യഖ്യാനിച്ചാണ് ബൈബിള്‍ പരന്ന ഭൂമിയെക്കുറിച്ച് പറയുന്നു എന്ന് ആരോപിക്കുന്നത്. അതൊരു ഒരു ദുര്‍വ്യാഖ്യാനമാണ്. കാരണം അതൊക്കെ ഭൂമി ഗോളമാണ് എന്ന് പൂര്‍ണ്ണ ബോധ്യമുള്ളവരും ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളാണ്.

സഭയുടെ ആദ്യകാല പണ്ഡിതരായ അഗസ്റ്റിന്‍ (354-430), സെയ്ന്റ് ജറോം (420), അംബ്രോസ് (420) മുതലായവര്‍ ഭൂമി ഗോളമാണ് എന്ന് ഒട്ടും മറയില്ലാതെ അംഗീകരിച്ചവരാണ്. പില്‍കാല പണ്ഡിതരായ തോമസ്‌ അക്വിനാസ് (1274), റോജര്‍ ബേക്കണ്‍ (1294), ആല്‍ബര്‍ട്ടസ് മാഗ്നസ് (1280) ഒരു ആര്‍ച്ച് ബിഷപ്പായിരുന്ന പിയറി ഡി അല്ലി (1350-1410) തുടങ്ങിയവര്‍ക്കും ഭൂമി ഗോളമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അക്കാലത്തെ പ്രസിദ്ധരായ സാഹിത്യകാരന്മാരും ഭൂമിയുടെ ഗോളാകൃതി സൂചിപ്പിക്കുന്നുണ്ട്. ഡാന്റെ (1265–1321 ) അദ്ദേഹത്തിന്റെ ഡിവൈന്‍ കോമഡിയില്‍ അനേകം തവണ ഭൂമി ഒരു ഗോളമാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. അതുപോലെ ചോസറുടെ (1343 - 1400) കാന്റര്‍ബറി കഥകളിലും അത്തരമൊരു സൂചന കാണാം. (''This wyde world, which that men seye is round.'')

 ചുരുക്കത്തില്‍ ഭൂമി പരന്നിരിക്കണം എന്ന് മധ്യകാലത്തെ ജനങ്ങള്‍ക്കോ കത്തോലിക്കാസഭക്കോ തന്നെ ഒരു നിര്‍ബന്ധവുമില്ലായിരുന്നു. അതവരുടെ വിശ്വാസത്തിന്റെ ഭാഗമേ ആയിരുന്നില്ല. ഫ്ളാറ്റ് എര്‍ത്ത്  വിശ്വാസം താരതമ്യേനെ പുതിയ ഒന്നാണ് എന്ന് പലര്‍ക്കും അറിയില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയിലെ ചില പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളാണ് ഇതിന്റെ പ്രചാരകര്‍. ബൈബിള്‍ വാച്യാര്‍ത്ഥ വാദികളായ, പത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് യാഥാസ്ഥികരുടെ അഭിപ്രായം മധ്യകാലഘട്ടത്തിലെ യൂറോപ്പിലെ കത്തോലിക്കാ സഭയുടെ പിരടിക്ക് വച്ച് കെട്ടുന്നത് അല്‍പ്പം പരിഹാസ്യമല്ലേ? (പല ബൈബിള്‍ ഭാഗങ്ങളും സിംബോളിക് ആണെന്നാണ് ആദ്യം മുതല്‍ക്കു തന്നെ കത്തോലിക്കാ വിശ്വാസം.) 

കൊളംബസ് 1492 ല്‍ യാത്ര തുടങ്ങുമ്പോള്‍ ഭൂമി പരന്നതാണ് എന്നായിരുന്നു കത്തോലിക്കാ സഭയുടെ സ്വാധീനം (അവരാണല്ലോ വില്ലന്മാര്‍) മൂലം അക്കാലത്തെ പൊതുവായ വിശ്വാസം എന്നും അത് മൂലം യാത്രക്ക് ബുദ്ധിമുട്ടുകളുണ്ടായി എന്നൊക്കെ യുക്തിവാദികള്‍ അടിച്ചു വിടുന്ന കണ്ടിട്ടുണ്ട്. (കൊളംബസിന്റെ യാത്രയോട് അക്കാലത്തുണ്ടായ എതിര്‍പ്പ് ഭൂമി പരന്നതായിരുന്നതു കൊണ്ടല്ല, മറിച്ച് അത് കൊളംബസ് കരുതുന്നതിനെക്കാള്‍ വലിയൊരു ഗോളമാണ് എന്ന് അഭിപ്രായമുള്ളതു കൊണ്ടായിരുന്നു. കൊളംബസ് ഉദ്ദേശിക്കുന്ന ചിലവിലോ സമയത്തോ ഇന്‍ഡ്യയിലെത്താനാവില്ല എന്നായിരുന്നു ഈ യാത്രക്ക് പണം മുടക്കേണ്ടവരുടെ വാദം. അത് സത്യവുമായിരുന്നു. അമേരിക്ക വഴി മുടക്കി കിടന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ച കൊളംബസ് എവിടെയും എത്തുമായിരുന്നില്ല.)

ഈ കൊളംബസ് കഥ വാഷിംഗ്ണ്‍ ഇര്‍വിംഗ് എന്ന അമേരിക്കന്‍ സാഹിത്യകാരന്‍ (നമ്മുടെ ഉറക്കക്കാരനായ  റിപ്പ് വാന്‍ വിങ്കിള്‍ ഫെയിം. ജീവിതകാലം1783 -1859) എഴുതിയ കൊളംബസിന്റെ  ജീവചരിത്രത്തില്‍ അദ്ദേഹം കെട്ടിച്ചമച്ചതാണ്. അതായത് പത്തൊന്‍പതാം നൂറ്റാണ്ടിലെ സൃഷ്ടി. അക്കാലത്തെ അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളുടെ ഈ വിഡ്ഢിത്തം ആദ്യകാലം മുതല്‍ക്കുതന്നെ കത്തോലിക്കാ സഭക്ക് ഉണ്ടായിരുന്നതാണ് എന്ന മിത്ത് ഉണ്ടാക്കിയത്  ഇദ്ദേഹമാണ്. കൊളംബസ് യാത്ര തുടങ്ങുന്ന വര്‍ഷം നിര്‍മ്മിക്കപ്പെട്ട ഒരു ഗ്ലോബ് (മാര്‍ട്ടിന്‍ ബെഹിം1492 ല്‍ നിര്‍മ്മിച്ച Erdapfel) ഇപ്പോള്‍ നിലവിലുണ്ട്  എന്നതുതന്നെ ആ കാലത്ത് പാവം കൊളംബസ്സിനു മാത്രമാണ് ഭൂമി ഒരു ഗോളമാണ് എന്ന അറിവുണ്ടായിരുന്നത് എന്ന കഥ പൊളിക്കാന്‍ അത് മാത്രം മതിയാകുന്നതാണ്. (ഈ ഗ്ലോബ് നിര്‍മ്മാതാവിനെയും സഭ പീഡിപ്പിച്ചിട്ടില്ല എന്നും ശ്രദ്ധിക്കുക.) കൊളംബസ് നല്ലൊരു കത്തോലിക്കനായിരുന്നു, കടല്‍ യാത്രയിലൂടെ താന്‍ ദൈവത്തിന്റെ ഇഷ്ട്ടമാണ് നിറവേറ്റുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം. ഭൂമി ഒരു ഗോളമായിപ്പോയതുകൊണ്ട് അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസത്തിനു തരിമ്പും കോട്ടമുണ്ടായില്ല എന്നര്‍ത്ഥം. (അതിനേക്കാള്‍ കഷ്ടം ചില യുക്തിവാദികള്‍  പിന്നെയും ഇരുപതു വര്‍ഷം കഴിഞ്ഞ് മെഗല്ലന്‍ 1522 ഭൂമി ചുറ്റി സഞ്ചരിക്കുന്നതുവരെ ഈ കത്തോലിക്കാ സഭ കാരണം ജനങ്ങളെല്ലാം ഈ വിഷയത്തില്‍ അജ്ഞരായിരുന്നു എന്നും വാദിച്ചു കണ്ടിട്ടുണ്ട്.)

പരന്ന ഭൂമിയുടെ പാപഭാരം സഭയുടെ തലയില്‍ നിന്ന് മാറിയ സ്ഥിതിക്ക് മറ്റൊരു അനുബന്ധ മിത്ത് നോക്കാം. കോപ്പര്‍നിക്കസ്സിന്റെ സൌരകേന്ദ്ര സിദ്ധാന്തം വിശേഷപ്പെട്ട സൃഷ്ടിയായ ഭൂമിയുടെ പ്രാധാന്യം കുറച്ചു ( ഭൂമി ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമാണ്, അതായത് ഏറ്റവും പ്രധാനപ്പെട്ടത് എന്നായിരുന്നു സഭയുടെ നിലപാട് എന്നാണ് ആരോപണം.) അത് കൊണ്ടാണ് സൌരകേന്ദ്ര സിദ്ധാന്തം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഗലീലിയോ പീഢിപ്പിക്കപ്പെട്ടത് എന്നാണ് വാദം. സമാനമായ അഭിപ്രായങ്ങള്‍ പറഞ്ഞതിനാണത്രെ 'ശാസ്ത്രജ്ഞനായ' ജിയോര്‍ഡാനോ ബ്രൂണോയെയും സഭ ചുട്ടുകൊന്നത്. (ബ്രൂണോയുടെ കഥ പിന്നെ ചര്‍ച്ച ചെയ്യാം.)

അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തം (അക്കാലത്തെ അംഗീകൃത ശാസ്ത്രം) ഭൂമി പ്രപഞ്ച കേന്ദ്രമാണ് എന്നല്ല, മറിച്ച് പ്രപഞ്ച കേന്ദ്രത്തിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത് എന്നാണ് പറയുന്നത്. രണ്ടു തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ഭൂമി പ്രപഞ്ച കേന്ദ്രമാകുന്നത് ഭാരമുള്ള വസ്തുക്കളെല്ലാം ഒരു കേന്ദ്രത്തില്‍ അടിഞ്ഞുകൂടും എന്ന ന്യായം അനുസരിച്ചാണ്. സ്വഭാവികമായം കൂടുതല്‍ ഭാരമുള്ള ഭൂമി (വെള്ളം,അഗ്നി, വായു ഇവയേക്കാള്‍ ഭാരമുള്ള) കേന്ദ്ര സ്ഥാനത്ത് വരുന്നു. ഈ വീക്ഷണപ്രകാരം ആ കേന്ദ്രമാണ് ഭാരമുള്ള വസ്തുക്കളെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത്, അല്ലാതെ ആ കേന്ദ്രത്തിലുള്ള പദാര്‍ത്ഥമല്ല. അരിസ്റ്റോട്ടിലിന്റെ സിദ്ധാന്ത പ്രകാരം ഒരു ആപ്പിള്‍ താഴെ വീഴുന്നത് ഭൂമി അതിനെ ആകര്‍ഷിക്കുന്നതുകൊണ്ടല്ല, പ്രപഞ്ച കേന്ദ്രമാണ് അതിനെ ആകര്‍ഷിക്കുന്നത്. അത് പ്രപഞ്ചകേന്ദ്രത്തിലേക്കാണ് വീഴുന്നത്. ഭാരമുള്ള വസ്തു കേന്ദ്രത്തില്‍ വരുന്നു എന്ന ന്യായം വച്ച് കേന്ദ്ര സ്ഥാനത്തുള്ള ഭാരമേറിയ ഭൂമി ചലനരഹിതമായും നില്‍ക്കുന്നു.

ഈ  ഗ്രീക്ക് ഭൂകേന്ദ്രസിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നാല്‍ സകല അഴുക്കുകളും വന്നടിയുന്ന സ്ഥലമാണ്. ഒട്ടും ഗമക്ക് അവകാശമില്ലാത്ത സ്ഥാനം. ദാന്തെ (പതിനാലാം നൂറ്റാണ്ട്) അദ്ദേഹത്തിന്റെ 'ഇര്‍ഫെര്‍ണോ' എന്ന കൃതിയിലെ നരകം പ്രപഞ്ചകേന്ദ്രത്തിലുള്ള ഭൂമിയുടെ തന്നെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നത് അതുകൊണ്ടാണ്. മധ്യകാലത്തെ പ്രശസ്ത ക്രിസ്ത്യന്‍ പണ്ഡിതനായ തോമസ്‌ അക്വിനാസ് (1225-1274) തന്നെ ഇങ്ങനെ പ്രഖ്യാപിക്കുന്നുണ്ട്. ''In the universe, earth- that all the spheres encircle and that, as for place, lies in the center-is the most material and coarsest (ignobilissima) of all bodies.''

ടോളോസാനി എന്നൊരു ഡൊമിനിക്കന്‍ പാതിരി കോപ്പര്‍നിക്കസ്സിന്റെ സൌരകേന്ദ്ര സിദ്ധാന്തത്തിന് എതിരെ ഉന്നയിച്ച ഒരു പ്രധാന വിമര്‍ശനം, അദ്ദേഹം ഭാരമേറിയ ഭൂമിയെ താഴ്ന്ന തലത്തില്‍നിന്ന് ഉയര്‍ത്തുന്നു എന്നായിരുന്നു. ''He seeks to raise the Earth, heavier than the other elements, from its lower place to the sphere where everybody by common consent correctly locates the Sun's sphere, and to caste the sphere of the Sun down to the place of the Earth, contravening the rational order and Holy Writ, which declares that heaven is up, while the Earth is down ...''

ഭൂമിയെ പ്രപഞ്ചകേന്ദ്രം എന്ന ഈ ചാണക കുഴിയില്‍നിന്ന് രക്ഷിക്കുകയാണ് തന്റെ ഉദ്ദേശം എന്ന് ഗലീലിയോ തന്നെയും പറയുന്നുണ്ട്. ''I will prove that the earth does have motion, and surpasses the moon in brightness, and that it is not the sump where the universe's filth and ephemere collect.'' (The sidereal messenger 1610) ചുരുക്കത്തില്‍ ഭൂമിയുടെ സ്ഥാനം വളരെ മികച്ചതാണ് എന്നൊരു നിലപാട് അക്കാലത്തെ സഭക്ക് (ആര്‍ക്കും) ഉണ്ടായിരുന്നില്ല. അപ്പോള്‍ ഭൂമിയുടെ പ്രാധാന്യം നഷ്ട്ടപ്പെടുത്തിയതാണ് കോപ്പര്‍നിക്കസ്സിനോടും ഗലീലിയോവിനോടും സഭക്ക് വിരോധമുണ്ടാവാന്‍ കാരണം എന്ന കഥയും പൊളിഞ്ഞു.

അപ്പൊ ശരിക്കും എന്തായിരുന്നു പ്രശ്നം? സാധാരണ കരുതുന്ന പോലെ ശാസ്ത്രവും മതവും തമ്മിലുള്ള യുദ്ധമായിരുന്നില്ല അത്. ഒന്നാമത്തെ കാര്യം അക്കാലത്ത് ശാസ്ത്രം എന്നൊരു ശാഖ തന്നെ ഉണ്ടായിരുന്നില്ല. അന്നുണ്ടായിരുന്നത്‌ നാച്ചുറല്‍ ഫിലോസഫി ആണ്. അതാകട്ടെ മതത്തിന്റെ എതിരാളിയായിരുന്നില്ല എന്നു മാത്രമല്ല, ദൈവത്തിന്റെ പ്രവര്‍ത്തികള്‍ക്ക് കാര്യകാരണങ്ങള്‍ കണ്ടെത്തുക എന്ന രീതിയില്‍ മതത്തിന്റെ സഖാവ് കൂടിയായിരുന്നു. ദൈവത്തെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെയും യുക്തിപൂര്‍വ്വം വിചിന്തനം ചെയ്തു കൂടുതല്‍ മനസ്സിലാക്കാന്‍ സാധ്യമാണ്, ദൈവം അത് അനുവദിച്ചിട്ടുണ്ട് എന്ന ധാരണയില്‍ നിന്നാണ് ഗ്രീക്ക് തത്വചിന്തകള്‍ (പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ആക്കിമെഡീസ്) നാച്ചുറല്‍ ഫിലോസഫി എന്ന പേരില്‍ മതത്തിന്റെ ഭാഗമായി  മധ്യകാല യൂറോപ്പില്‍ പ്രചരിക്കുന്നത്. (ആ ധാരണ തന്നെയാണ് ആധുനിക ശാസ്ത്രത്തിന്റെയും അടിസ്ഥാനമായത്.)

മത്സരം അന്നത്തെ അംഗീകൃത ശാസ്ത്രമായ (നാച്ചുറല്‍ ഫിലോസഫിയുടെ ഭാഗമായ) അരിസ്റ്റോട്ടിലിയന്‍ ശാസ്ത്രവും, പുതുതായി രംഗപ്രവേശം ചെയ്ത കോപ്പര്‍നിക്കന്‍ ശാസ്ത്രവും തമ്മിലായിരുന്നു. കത്തോലിക്കാ സഭ അരിസ്റ്റോട്ടിലിയന്‍ ശാസ്ത്രത്തിനൊപ്പം നിന്നത് അവര്‍ പിന്തിരിപ്പനായതുകൊണ്ടല്ല, അന്നത്തെ അംഗീകൃത അറിവ് അതായിരുന്നു. അക്കാലത്തു സാധ്യമായ എല്ലാ  നിരീക്ഷണ പരീക്ഷണങ്ങള്‍ക്കു ശേഷം ഏറ്റവും സാധുവായി മിക്കവാറും പേര്‍ അംഗീകരിച്ചത് അതായിരുന്നു. (നമ്മള്‍ ശാസ്ത്രവാദികള്‍ ഇന്നത്തെ തെളിവ് അധിഷ്ഠിത (evidence based) ശാസ്ത്രത്തോടൊപ്പം നില്‍ക്കുന്നപോലെ തന്നെ.) യുക്തിവാദം എന്നാല്‍ 'റിലിജ്യണ്‍ ബാഷിംഗ്' ആണെന്ന് ധരിച്ചിരിക്കുന്ന യുക്തിവാദികള്‍ ഈ കത്തോലിക്കാ സഭ മണ്ടത്തരം മാത്രേ വിശ്വസിക്കൂ എന്ന് ഉറപ്പിച്ചിറങ്ങിയ മൂഢന്മാരായിരുന്നു എന്ന മട്ടിലാണ് വിമശനം. ഒന്ന് ചുമ്മാ സൂക്ഷിച്ചു നോക്കിയാല്‍ ഭൂമി സൂര്യനെയാണ് ചുറ്റുന്നത്‌ എന്ന് മനസ്സിലാക്കാന്‍ സാധിക്കമല്ലോ, സില്ലി പീപ്പിള്‍  എന്നാണ് ഭാവം.

എന്നാല്‍ ഈ തെളിവ് അങ്ങനെ ഒറ്റനോട്ടത്തില്‍ കണ്ടുകിട്ടുന്നതല്ല. ഒരു ഉദാഹരണം പറയാം. ആല്‍ക്കമി ഇന്ന് അന്ധവിശ്വാസമായാണ് നമ്മള്‍ കണക്കാക്കുന്നത്. എന്നാല്‍ ആല്‍കമി അക്കാലത്ത് ശരിയായ ശാസ്ത്രമായിരുന്നു. എന്തുകൊണ്ട്? അല്‍ക്കമിയില്‍ വിശ്വസിച്ചവര്‍ വിഡ്ഢികളായിരുന്നു എന്ന് നമുക്ക് പുച്ഛിക്കാം. എന്നാല്‍ ലോഹങ്ങളെക്കുറിച്ചുള്ള അന്നത്തെ ധാരണയനുസരിച്ച് (ആകെ ഏഴ് ലോഹങ്ങളെക്കുറിച്ചേ അന്ന് അറിവുള്ളൂ. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് , ഈയം, നാകം.) ലോഹങ്ങള്‍ മാറ്റമില്ലാത്ത ശുദ്ധ വസ്തുക്കളല്ല, മിശ്രിതങ്ങളാണ്. (ലോഹങ്ങള്‍ മൂലകങ്ങളാണ് മിശ്രിതങ്ങളല്ല എന്ന് നമുക്കിന്നറിയാം.) എല്ലാ ലോഹങ്ങളും വ്യത്യസ്ത അളവില്‍ ശുദ്ധിയുള്ള മിശ്രിതങ്ങളാണ് എന്നായിരുന്നു ധാരണ. അങ്ങനെ ചുമ്മാ ധരിച്ചതുമല്ല. അവര്‍ക്ക് അങ്ങനെ വിശ്വസിക്കാന്‍ സാധുവായ കാരണങ്ങളുണ്ടായിരുന്നു. വല്ലപ്പോഴും മാത്രം ശുദ്ധ രൂപത്തില്‍ കിട്ടുന്ന സ്വര്‍ണ്ണം (gold nuggets) ഒഴിച്ച് അന്നറിയുന്ന മറ്റ് ഏഴ് ലോഹങ്ങളും മിശ്രിത രൂപത്തില്‍ ആയിരുകളായാണ് കാണപ്പെടുന്നത്.

ഈയവും നാകവും (lead and tin) പെട്ടെന്ന് ഉരുകുന്നു. അതുകൊണ്ട് അവയില്‍ ദ്രാവക തത്വം കൂടുതലുണ്ട് എന്നവര്‍ അനുമാനിച്ചു. (മെര്‍ക്കുറി എന്ന് ആല്‍ക്കമിസ്റ്റുകള്‍ പറയും.) അതുപോലെ ചെമ്പും ഇരുമ്പും (copper and iron) പെട്ടെന്ന് ഉരുകുന്നില്ല. അതില്‍ ദ്രാവക തത്വം കുറവാണ്. അവ കൂടുതല്‍ ഉണങ്ങിയതാണ്, അഥവാ ജ്വലന സ്വഭാവം കൂടുതലാണ്. (സല്‍ഫര്‍ എന്ന് ആല്‍ക്കമിസ്റ്റ് ഭാഷ.) ഈ ലോജിക് അനുസരിച്ച് ഈയത്തിലെ ദ്രാവക തത്വം കുറച്ചാല്‍ അത് ചെമ്പാക്കി മാറ്റാം. ഇത്തരം മാറ്റം പ്രകൃതിയില്‍ വളരെ സാവധാനം നടക്കുന്നുണ്ട് എന്നും അവര്‍ അനുമാനിച്ചു. അതിനും സാധുവായ നിരീക്ഷണത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. പ്രകൃതിയില്‍ വെള്ളി അയിരിന്റെ കൂടെ സാധാരണ കുറച്ചു സ്വര്‍ണ്ണത്തിന്റെ അംശവും കാണും. അതുപോലെ ഈയത്തിന്റെ കൂടെ കുറച്ചു വെള്ളിയും. ഈ നിരീക്ഷണം സൂചിപ്പിക്കുന്നത് ഒരു ലോഹം സാവധാനത്തില്‍ മറ്റൊന്നായി മാറുന്നതാണ് എന്നവര്‍ ധരിച്ചു. ഈ പ്രക്രീയയുടെ വേഗം കൂട്ടി ഒരു ലോഹം ആവശ്യാനുസരണം മറ്റൊന്നാക്കാനുള്ള ശ്രമമാണ് ആല്‍കമി.

ഇവിടെ നോക്കുക, അവരുടെ ലോജിക്കും ചിന്താരീതിയും നൂറു ശതമാനവും യുക്തിഭദ്രമാണ്. ശാസ്ത്രമാനോവൃത്തി എന്ന് പറയപ്പെടുന്ന നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്ത്യാഥിഷ്ടിതമായ ചിന്തനവും തന്നെയാണ് അവരും ഉപയോഗിച്ചത്. അതായത് അവരുടെ ധാരണകളെല്ലാം തെളിവ് അധിഷ്ഠിതം (evidence based) തന്നെയായിരുന്നു. എന്നാല്‍ അവര്‍ക്ക് പറ്റിയ അബദ്ധം തുടക്കത്തിലുള്ള അനുമാനം -premise- (ലോഹങ്ങള്‍ ശുദ്ധ വസ്തുക്കളല്ല, മിശ്രിതങ്ങളാണ്.) തെറ്റിപ്പോയത് മാത്രമാണ്. ലോഹങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമായപ്പോള്‍ അവ വിശദീകരിക്കാന്‍ ഈ അടിസ്ഥാന ധാരണകള്‍ക്ക് സാധിക്കാതെ വന്നപ്പോളാണ് അത് ഉപേക്ഷിക്കപ്പെടുന്നതും ആധുനിക കെമിസ്ട്രി ഉദയം കൊള്ളുന്നതും.

മറ്റൊരു ഉദാഹരണം..... പുരുഷന്മാരുടെ വൃഷണങ്ങള്‍ സ്വനതന്തുക്കളില്‍ തൂക്കിയിട്ടിരിക്കുന്ന ഭാരമാണ് എന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ അഭിപ്രായം. ചുമ്മാ പറയുന്നതല്ല. തെളിവുണ്ട്. ആണ്‍കുട്ടികളില്‍ പത്തുപന്ത്രണ്ടു വയസ്സോടെ പ്രായപൂര്‍ത്തിയാകുമ്പോളാണ് വൃഷണങ്ങള്‍ വൃഷണസഞ്ചിയിലേക്ക് ഇറങ്ങിവരുക.അതോടെ ആണ്‍കുട്ടികളുടെ ശബ്ദവും മാറുന്നു. വൃഷണങ്ങളില്ലാത്ത പെണ്‍കുട്ടികളുടെ സ്വരം മാറുന്നില്ല. അതുപോലെ ചെറുപ്പത്തില്‍തന്നെ വരിയുടക്കപ്പെട്ട ആണ്‍കുട്ടികളുടെയും ശബ്ദം മാറുന്നില്ല. അവര്‍ അവരുടെ കുയില്‍നാദം നിലനിര്‍ത്തുന്നു.
(പാശ്ചാത്യസംഗീതത്തില്‍ ഓപറ ഗായകരില്‍ ഇങ്ങനെ ആണ്‍കുട്ടികളായ ഗായകരുടെ വരിയുടച്ച് ശബ്ദം നിലനിര്‍ത്താറുണ്ട്. അവരെ castrato എന്നു വിളിക്കും.)

വൃഷണങ്ങള്‍ സ്വനതന്തുക്കളില്‍നിന്ന് ഭാരം ക്രമീകരിക്കാനായി തൂക്കിയിട്ടിരിക്കുകയാണ് (നെയ്തുയന്ത്രത്തില്‍ ഭാരം ക്രമീകരിക്കാനായി തൂക്കുന്ന കല്ലുകള്‍ പോലെ എന്നാണ് അരിസ്റ്റോട്ടിലിന്റെ ഉപമ.) എന്ന ധാരണ നിലവിലെ എല്ലാ നിരീക്ഷണ പരീക്ഷണങ്ങളെയും സാധൂകരിക്കുന്നതാണ്. അതിനാല്‍ അത് തെറ്റാണ് എന്നല്ലാതെ വിഡ്ഢിത്തം എന്നോ മണ്ടത്തരം എന്നോ പറയാനാവില്ല. ഇതേ നിലവാരം മാത്രമുള്ള നിരീക്ഷങ്ങളില്‍ നിന്നുള്ള പലേ അനുമാനങ്ങളും നമ്മള്‍ ഇപ്പോളും വിശ്വസിക്കുന്നുണ്ട്. (പുതിയ നിരീക്ഷണങ്ങള്‍ വിശദീകരിക്കാനാകാതെ വരുമ്പോള്‍ മാത്രമേ അത് മാറ്റേണ്ടതുള്ളൂ. അത് മാറ്റാനുള്ള മനോഭാവമാണ് ശാസ്ത്രീയ മനോവൃത്തി. പുതിയ നിരീക്ഷനങ്ങളും വിശദീകാരണങ്ങളും വന്നപ്പോള്‍ അരിസ്റ്റോട്ടിലിന്റെ ഈ സിദ്ധാന്തം നമ്മള്‍ ഉപേക്ഷിക്കുകയും ചെയ്തു.)

(aside point:....നമ്മുടെ ശാസ്ത്രവാദികള്‍ ലളിതമായി അവതരിപ്പിക്കുന്ന, നിരീക്ഷണം-ഹൈപോതെസിസ്-പരീക്ഷണം-തിയറി എന്ന രീതിയിലല്ല ശരിക്കും ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ചോദ്യം ചെയ്യാത്ത ചില അടിസ്ഥാന ധാരണകളുടെ പുറത്താണ് ആദ്യം തുടങ്ങുന്നത്. കൂടുതല്‍ നിരീക്ഷണങ്ങള്‍ വരുമ്പോള്‍ ചിലപ്പോള്‍ ഈ അടിസ്ഥാന ധാരണ തന്നെ തിരുത്തി മുഴുവന്‍ അഴിച്ചു പണിയേണ്ടി വരും. ഉദാഹരണത്തിന്, ആധുനിക ശാസ്ത്രം നിലനില്‍ക്കുന്നത് പ്രപഞ്ചത്തില്‍ എല്ലായിടത്തും ഭൌതിക നിയമങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നു എന്ന ഒരു അടിസ്ഥാന ധാരണയുടെ പുറത്താണ്. ഭൂമിയിലെ ഒരു ലബോറട്ടറിയില്‍ നടക്കുന്ന ഹൈഡ്രജന്‍ ഫ്യൂഷന്‍ തന്നെയാണ്, ഭൂമിയിലെ അതേ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടുതന്നെ സൂര്യനിലും കോടിക്കണക്കിനു പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രങ്ങളിലും നടക്കുന്നത്. എന്നെങ്കിലും എന്തെങ്കിലും കാരണവശാല്‍ ഈ അനുമാനം തെറ്റാണെന്നു തെളിഞ്ഞാല്‍ ആധുനിക ശാസ്ത്രം പൂര്‍ണ്ണമായി തന്നെ തകരും.)

അന്നത്തെ തെളിവ് അധിഷ്ഠിത അറിവ് അരിസ്റ്റോട്ടിലിയന്‍ ശാസ്ത്രമായിരുന്നു. അരിസ്റ്റോട്ടിലിന്റെ മോഡല്‍ പ്രകാരം ഗോളാകൃതിയിലുള്ള പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. ഒരു കോഴിമുട്ട പോലുള്ള പ്രപഞ്ചത്തിനുള്ളില്‍ മഞ്ഞക്കരു പോലെ ഭൂമി. (ബ്രഹ്മാണ്ഡം എന്ന് പ്രപഞ്ചത്തിന് പേര് വന്നത് വെറുതെയല്ല.) അതിനെ ചുറ്റി സൂര്യനും മറ്റു ഗ്രഹങ്ങളും. ഏറ്റവും പുറകില്‍ അനേകം നക്ഷത്രങ്ങള്‍ പതിച്ചു വച്ച ആകാശം. (മുട്ടത്തോടിന്റെ ഉള്‍വശം.) മുട്ടയ്ക്ക് പുറത്താണ് ആദികാരണത്തിന്റെ (the prime mover, സാധാരണക്കാര്‍ ദൈവം എന്ന് പറയും.) സ്ഥാനം.

ഒരു ചെറിയ പ്രപഞ്ചമാണ്‌ അവരുടെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത്. കോടിക്കണക്കിനു പ്രകാശവര്‍ഷങ്ങള്‍ വ്യാസമുള്ള പ്രപഞ്ചമല്ല. (വലിയൊരു പ്രപഞ്ചം സങ്കല്‍പ്പിക്കാന്‍ വേണ്ട നിരീക്ഷണങ്ങളോ തെളിവുകളോ ഇല്ലായിരുന്നു.) അരിസ്റ്റാര്‍ക്കസ് എന്നൊരു ചിന്തകന്‍ (Aristarchus of Samos 310 - 230 BC) അക്കാലത്ത് തന്നെ സൂര്യകേന്ദ്രസിദ്ധാന്തം അവതരിപ്പിച്ചിരുന്നു എന്ന് ആര്‍ക്കമെഡീസ് പറയുന്നു. (സൂര്യ കേന്ദ്രസിദ്ധാന്തം കോപ്പര്‍നിക്കസ്സിന്റെ കണ്ടുപിടുത്തമൊന്നുമല്ല എന്നര്‍ത്ഥം. കോപ്പര്‍നിക്കസ് അദ്ദേഹത്തിന്റെ On the revolution of heavenly spheres ന്റെ കൈയെഴുത്തു പ്രതിയില്‍ അരിസ്റ്റാര്‍ക്കസ്സിനെ സൂചിപ്പിക്കുന്നുമുണ്ട്.) പൈത്തഗോറസ്സും ശിഷ്യന്മാരും ഭൂമി സൂര്യനെയാണ് ചുറ്റുന്നത്‌ എന്ന് സങ്കല്‍പ്പിച്ചിരുന്നു. അതിനു അവര്‍ ചില മിസ്റ്റിക്ക് കാരണങ്ങളും പറഞ്ഞിരുന്നു. ശാസ്ത്രം എന്നാല്‍ ''തൊള്ളേല്‍ തോന്നുന്നത്'' പറയലല്ല, വ്യക്തമായി തെളിയിക്കാനാകണം എന്നായിരുന്നു അതെക്കുറിച്ച് അരിസ്റ്റോട്ടിലിന്റെ നിലപാട്.

ഇവര്‍ പറയുന്നപോലെ ഭൂമി ശരിക്കും സൂര്യന് ചുറ്റുമാണ് ചലിക്കുന്നതെങ്കില്‍ നക്ഷത്ര സ്ഥാനവ്യത്യാസം (Stellar parallax) എന്നൊരു പ്രതിഭാസം കാണണം. (ഭൂമിയില്‍ നിന്ന് ആറു മാസത്തെ ഇടവേളയില്‍ കാണുന്ന വസ്തുവിന്റെ സ്ഥാനം ആകാശത്ത് അല്പം വ്യത്യാസപ്പെട്ടു കാണണം.) അത് കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തം അനുസരിച്ച് നക്ഷത്ര സ്ഥാനവ്യത്യാസം (Stellar parallax) കാണില്ല താനും. (അത് കാണാത്തത് അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തം ശരിയായതുകൊണ്ടല്ല. പ്രപഞ്ചം അവര്‍ സങ്കല്‍പ്പിച്ചതിനേക്കാള്‍ വളരെ വലുതായതുകൊണ്ടാണ്. Stellar parallax തീരെ ചെറുതായിരിക്കും. ഒരു ടെലസ്കോപ്പിന്റെ സഹായമില്ലാതെ അത് കാണാനാവില്ല. അതവര്‍ക്കറിയില്ലല്ലോ.) നക്ഷത്ര സ്ഥാനവ്യത്യാസം  കാണാനാവാത്തതിനാല്‍ സൂര്യ കേന്ദ്രസിദ്ധാന്തം ശരിയല്ല എന്നവര്‍ അഭിപ്രായപ്പെട്ടു. ഇവിടെയും അവരുടെ യുക്തി ശരിയാണ്. അവര്‍ക്ക് തെറ്റിയത് അവരുടെ അടിസ്ഥാന പ്രമാണത്തിന്റെ (പ്രപഞ്ചത്തിന്റെ വലുപ്പം സംബന്ധിച്ചുള്ളത്) കാര്യത്തില്‍ മാത്രമാണ്.

സ്വാഭാവികമായും അതുകൊണ്ടൊക്കെയാണ് ടോളമിയും, അദ്ദേഹത്തിന്റെ ചുവടു പിടിച്ച് മറ്റുള്ളവരും മധ്യകാലം വരെ അരിസ്റ്റാര്‍ക്കസ്സിന്റെ സൂര്യ കേന്ദ്രസിദ്ധാന്തം അവഗണിച്ച് അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തം പിന്തുടര്‍ന്നത്‌. ലഭ്യമായ എല്ലാം തെളിവുകളും സൂചിപ്പിക്കുന്നത് സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്നായിരുന്നു. അല്ലാതെ യുക്തിവാദികള്‍ പോലും കരുതുന്ന പോലെ ചുമ്മാ ഒരു മണ്ടത്തരം പറഞ്ഞ അരിസ്റ്റോട്ടിലിനെ അങ്ങ് അന്ധമായി പിന്തുടരുകയായിരുന്നില്ല. ഏതെങ്കിലും വേദഗ്രന്ഥത്തില്‍ പറഞ്ഞതുകൊണ്ടുമല്ല. വേദപുസ്തകവും അവയുടെ വ്യാഖ്യാനങ്ങളും അന്നത്തെ തെളിവ് അധിഷ്ഠിത അറിവിനെ (അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തത്തെ) ശരി വയ്ക്കുന്നു എന്ന് മാത്രം. (വേദപുസ്തകം അന്നത്തെ അറിവനുസരിച്ച് എഴുതി എന്നതാണ് കൂടുതല്‍ ശരി.)

സൂര്യ കേന്ദ്ര സിദ്ധാന്തം മനസ്സിലാക്കാന്‍ പറ്റാത്ത അരിസ്റ്റോട്ടിലും കൂട്ടരും എന്ന് പരിഹസിക്കുന്ന ശാസ്ത്രവാദികളെ കണ്ടിട്ടുണ്ട്. ചുമ്മാ ഒന്ന് കണ്ണ് തുറന്നു നോക്കിയാല്‍ ഭൂമിയാണ്‌ സൂര്യനെ ചുറ്റുന്നത്‌ എന്ന് നിസ്സാരമായി മനസ്സിലാക്കാം എന്നാണ് അവരുടെ ഭാവം. വേണ്ടത്ര തെളിവില്ലാതെ സൂര്യകേന്ദ്ര സിദ്ധാന്തം അവര്‍ അംഗീകരിച്ചില്ല എന്നത് സത്യത്തില്‍ അവരുടെ ജ്ഞാനത്തിന്റെ തെളിവല്ലെ? ഞാന്‍ മുന്‍പ് ഒരു പോസ്റ്റില്‍ (സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം) സൂചിപ്പിച്ചപോലെ  മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രം പുതിയ അറിവുകള്‍ അംഗീകരിക്കുക എന്നതാണ് സത്യാന്വേഷണത്തിന്റെ രീതി. എല്ലാ അന്ധവിശ്വാസങ്ങളും അതാത് കാലത്തെ വിശ്വസനീയമായ അറിവുകളായിരുന്നു. അല്ലാതെ അന്ധവിശ്വാസം എന്ന ഒരു പ്രത്യേക വിഭാഗം വിശ്വാസങ്ങളൊന്നുമില്ല. ആരും മനഃപൂര്‍വ്വം തെറ്റായ ഒരു കാര്യം വിശ്വസിക്കാറുമില്ല. എല്ലാം അതാതു കാലത്തെ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതു തന്നെയായിരുന്നു.

ക്രിസ്തു മതത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രപഞ്ചത്തേക്കുറിച്ചുള്ള ഈ അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തങ്ങള്‍ പ്രപഞ്ചത്തേക്കുറിച്ചുള്ള മതവ്യാഖ്യാനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. (സത്യത്തില്‍  വളരെ പുരോഗമനപരമായ നിലപാടായിരുന്നു അത് എന്നു പറയാം. (ഡിങ്കമതത്തില്‍ പരിണാമസിദ്ധാന്തത്തിലും  ക്വാണ്ടം ഫിസിക്സിലും ഉള്ള ലേറ്റസ്റ്റ് കണ്ടുപിടുത്തങ്ങള്‍ എല്ലാം അംഗീകരിക്കുന്നപോലെ. :-)) ആദ്യകാല പണ്ഡിതരായ ക്ലെമെന്റ്, ഒറിഗന്‍ (185-254 A.D.) മുതലായവര്‍ തുടങ്ങിവച്ച ഈ സമീപനം തന്നെ പില്‍കാല പണ്ഡിതരും (ഉദാഹരണം...അഗസ്റ്റിന്‍ (354-430 A.D), തോമസ്‌ അക്വിനാസ് (1224-1274 A.D.) പിന്തുടര്‍ന്നു. ചുരുക്കിപ്പറഞ്ഞാല്‍ പേഗന്‍ തത്വശാസ്ത്രവും, അന്നത്തെ തെളിവ് അധിഷ്ഠിത ശാസ്ത്രവും, മതവുമായി അഭേദ്യമായി കൂടിചേര്‍ന്നിരുന്നു. ഇവിടെയാണ്‌ പഴയ സൂര്യ കേന്ദ്ര സിദ്ധാന്തവും പൊടിതട്ടിയെടുത്തുകൊണ്ട് കോപ്പര്‍നിക്കസ്സിന്റെ വരവ്.

അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തം പൂര്‍ണ്ണമായി പിഴവറ്റതാണെന്നൊന്നും അന്നും ആരും കരുതിയിരുന്നില്ല. ദൂരെയുള്ള നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രഹങ്ങള്‍ ഇടയ്ക്കു പുറകോട്ടു സഞ്ചരിക്കുന്ന പോലെ കാണപ്പെടുന്നത് (retrograde motion) വിശദീകരിക്കാന്‍ പറ്റുന്നില്ല. അതിനാല്‍ രണ്ടാം നൂറ്റാണ്ടില്‍ ക്ലോഡിയസ് ടോളമി ഗ്രഹങ്ങള്‍ക്ക്‌ കൂടുതല്‍ സങ്കീര്‍ണ്ണമായ ചില ഉപ സഞ്ചാരപഥങ്ങള്‍ (epicycles)നിശ്ചയിച്ചു കൊടുത്ത് തല്‍ക്കാലം രക്ഷപ്പെടുത്തിയെടുത്തെങ്കിലും, കലണ്ടറുണ്ടാക്കാനും, ജാതകമുണ്ടാക്കാനും കണക്കുകൂട്ടല്‍ വളരെ സങ്കീര്‍ണ്ണമായ ഒന്നായിരുന്നു അരിസ്റ്റോട്ടില്‍-ടോളമി മോഡല്‍. മികച്ചൊരു ആര്‍ക്കിട്ടെക്റ്റായി സങ്കല്പ്പിക്കപ്പെടുന്ന ദൈവത്തിന്റെ പ്രപഞ്ചം ഇത്ര അപരിഷ്ക്രിതമാണോ (inelegant) എന്ന് പലര്‍ക്കും സംശയം തോന്നുന്ന തരത്തിലായിരുന്നു വിചിത്രമായ ഉപ സഞ്ചാര പഥങ്ങളില്‍ ചലിക്കുന്ന ഗ്രഹങ്ങള്‍.

കോപ്പര്‍ക്കസ്സിനും അരിസ്റ്റോട്ടില്‍-ടോളമി സിദ്ധാന്തം ഒരു വൈകൃതമായാണ് തോന്നിയത്. അതേക്കുറിച്ചുള്ള പഠനത്തിലാണ്, ക്രിസ്തുവിനു മുന്‍പ് നാലാം നൂറ്റാണ്ടില്‍ ഹിസിറ്റാസ് എന്നൊരാള്‍ ഭൂമി അനങ്ങാതെ നില്കുകയല്ല, അത് ഒരു പമ്പരം പോലെ കറങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് അഭിപ്രായപ്പെടുന്നതായി സിസിറോ പറയുന്നതായി വായിച്ചത്. അതേപോലെ അരിസ്റ്റാര്‍ക്കസും കൂട്ടരും സൂര്യകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ചിരുന്നു എന്നും കോപ്പര്‍ക്കസ്സ് അറിയുന്നു.

ഈ രണ്ട് ആശയങ്ങളും കൂട്ടിയിണക്കിയാല്‍ ടോളമി സിദ്ധാന്തത്തിന്റെ സങ്കീര്‍ണതയും അഭംഗിയും ഒഴിവാക്കാം എന്ന് കോപ്പര്‍ക്കസ് കണ്ടെത്തുന്നു. അദ്ദേഹം ഭൂമിക്കു രണ്ടു തരം ചലനങ്ങള്‍ നിശ്ചയിക്കുന്നു. ഭൂമി ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് ഒരു പമ്പരം പോലെ കറങ്ങുന്നു. ഇങ്ങനെ കറങ്ങുന്ന ഭൂമിയും മറ്റു ഗ്രഹങ്ങളും വ്യത്യസ്ത സമയമെടുത്ത്‌ സൂര്യനെ ചുറ്റുന്നു. ഇതാണ് ടോളമിക് സിദ്ധാന്തത്തിനു പകരം കോപ്പര്‍നിക്കസ് അവതരിപ്പിച്ച സൂര്യകേന്ദ്ര സിദ്ധാന്തം. അതുവരെയുള്ള എല്ലാ നിരീക്ഷണങ്ങളും ഒട്ടും സങ്കീര്‍ണ്ണതയും വളഞ്ഞു ചുറ്റിയുള്ള അനുമാനങ്ങളും ഇല്ലാതെ  ഭംഗിയായി വിശദീകരിക്കാന്‍ ഈ സിദ്ധാന്തത്തിന് പറ്റുന്നുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനവും മറ്റും കണക്കാക്കാന്‍ വളരെ എളുപ്പം. ഉപസഞ്ചാര പഥങ്ങള്‍ കൊണ്ടുള്ള കളികളൊന്നും വേണ്ട. 1514 മുതല്‍ തന്റെ കണ്ടുപിടുത്തം സ്വകാര്യമായി പ്രചരിപ്പിച്ചു തുടങ്ങി. (നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ 1582 ല്‍ ഗ്രിഗറി എട്ടാമന്‍ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരം കോപ്പര്‍നിക്കസ്സ് പരിഷ്കരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.)

ഈ സൌരകേന്ദ്ര സിദ്ധാന്തം കൊണ്ടും വിശദീകരിക്കാനാകാത്ത അനേകം കാര്യങ്ങളുണ്ട്. അതുകൊണ്ട് അടുത്ത ഇരുപത്തഞ്ചു വര്‍ഷം കോപ്പര്‍നിക്കസ് ഈ സിദ്ധാന്തത്തിന്റെ മിനിക്കുപണിയിലായി. ആകാശം നിരീക്ഷിച്ച് കൂടുതല്‍ ഡാറ്റകള്‍ സംഭരിച്ച് ആവശ്യമെന്നു കണ്ട പരിഷ്കാരങ്ങള്‍ വരുത്തി. ഒടുവില്‍ 1543 ല്‍ തന്റെ മരണക്കിടക്കയില്‍ ഒരു പുസ്തകമായി പുറത്തിറക്കി. സാധനം ചൂടപ്പം പോലെ വിറ്റു പോയി. (തന്റെ ആശയങ്ങള്‍ പ്രചരിക്കുന്നത് കാണാന്‍ കോപ്പര്‍ക്കസ് ഉണ്ടായില്ല. പുസ്തകം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അന്തരിച്ചു.)

സാധാരണ പറയപ്പെടുന്ന പോലെ സൂര്യകേന്ദ്ര സിദ്ധാന്തം ഭൂമിയുടെ പ്രാധാന്യം കറച്ചു എന്നൊരു ആരോപണമൊന്നും കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തത്തിന്റെ നേര്‍ക്കുണ്ടായില്ല എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അങ്ങനൊരു പ്രാധാന്യമൊന്നും ആരും ഭൂമിക്ക്  നല്‍കിയിരുന്നുമില്ല. (അത്തരം കഥകളൊക്കെ വരുന്നത് പത്തൊന്‍പതാം നുറ്റാണ്ട് മുതലാണ്‌.) 1543 ല്‍ പ്രസിദ്ധീകരിച്ച കോപ്പര്‍നിക്കസ്സിന്റെ പുസ്തകത്തിനെതിരെ1616 ല്‍ ഗലിലീലിയോയുമായുള്ള കശപിശക്കിടയിലാണ് സഭ തിരിയുന്നത്. കോപ്പര്‍ക്കസ് സിദ്ധാന്തം സഭാവിശ്വാസത്തിന്  എതിരായിരുന്നു എന്ന ആരോപണം ശരിയായിരുന്നെങ്കില്‍ എന്തുകൊണ്ട് ഈ നിരോധനം മുന്‍പുണ്ടായില്ല? എന്തുകൊണ്ട് പോപ്പ് മുതല്‍ താഴോട്ടുള്ളവര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു? അപ്പൊ പിന്നെ ഈ ഗലീലിയോക്ക് മാത്രം എന്താ പറ്റീത്? വേറാര്‍ക്കും ഒരു പ്രശ്നോം ഉണ്ടായില്ലല്ലോ?

1609 ലാണ് ഗലീലിയോ ടെലസ്കോപ്പിലൂടെയുള്ള തന്റെ വാനനിരീക്ഷണം തുടങ്ങുന്നത്. ചന്ദ്രനിലെ മലകളും ഗര്‍ത്തങ്ങളും, സൂര്യനിലെ കളങ്കങ്ങള്‍, വ്യാഴത്തെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍‍, ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ ഒക്കെ അദ്ദേഹം ടെലസ്കോപ്പിലൂടെ കണ്ട് രേഖപ്പെടുത്തുന്നു. തന്റെ കണ്ടെത്തലുകള്‍ The Starry Messenger എന്ന പേരില്‍ ഒരു ചെറു പുസ്തകമായി പ്രസിദ്ധീകരിച്ചു. ഇതില്‍ ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ അരിസ്റ്റോട്ടില്‍-ടോളമി മോഡലിന് അല്‍പ്പം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു നിരീക്ഷണമാണ്. അരിസ്റ്റോട്ടില്‍-ടോളമി മോഡല്‍ പ്രകാരം ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ ഭൂമിയില്‍നിന്ന്  കാണാന്‍ സാധിക്കില്ല. ആ മോഡലിനു വിരുദ്ധമായി ചൊവ്വ സൂര്യനെ ചുറ്റുകയാണെങ്കിലേ ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ കാണാന്‍ സാധ്യമാകൂ. ചന്ദ്രനിലെ കുഴികളും, സൂര്യനിലെ കളങ്കങ്ങളും അരിസ്റ്റോട്ടിലിന്റെ എല്ലാം തികഞ്ഞ ഗോളങ്ങളാണ് ഗ്രഹങ്ങള്‍ എന്ന ധാരണക്ക് എതിരാണ്. അതുപോലെ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുടെ കാര്യവും അരിസ്റ്റോട്ടില്‍-ടോളമി മോഡല്‍ കണക്കാക്കുന്നില്ല. അങ്ങനെ1400 വര്‍ഷങ്ങള്‍ക്കു ശേഷം അരിസ്റ്റോട്ടില്‍-ടോളമി മോഡലിന്റെ അടിത്തറ കാര്യമായി ആടിത്തുടങ്ങി. (ശരിക്കും അതിനു മുന്‍പ് തന്നെ ആട്ടം തുടങ്ങിയിരുന്നു. ടൈക്കോ ബ്രാഹി 1573 ല്‍ തന്നെ ചില അരിസ്റ്റോട്ടിലിയന്‍ കല്പനകള്‍ തെറ്റാണെന്ന് കാണിച്ചിരുന്നു.)

ജെസ്യൂട്ട്  പാതിരിമാരാണ് ഗലീലിയോയുടെ അഭിപ്രായങ്ങള്‍ക്ക് ആദ്യം എതിര്‍പ്പുമായി വന്നത്. അവരായിരുന്നു അക്കാലത്ത് വാനശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും (theology) ഒരുപോലെ മുന്‍പര്‍. അവരുമായി പല കാര്യങ്ങളിലും ഗലീലിയോക്ക് ശത്രുതയുണ്ടായിരുന്നു. ഇതിനിടക്ക്‌ ഗലീലിയോവിന്റെ വ്യക്തിത്വത്തെക്കുറിച്ചും പറയേണ്ടതുണ്ടെന്നു തോന്നുന്നു. ഒട്ടും മയമില്ലാത്ത പെരുമാറ്റം മൂലം ഒരു കാര്യവുമില്ലാതെ ശത്രുക്കളെ ഉണ്ടാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. സ്വന്തം ബുദ്ധശക്തിയെക്കുറിച്ചുള്ള അമിതമായ മതിപ്പായിരിക്കാം കാരണം. സൂര്യനില്‍ കാണുന്ന കളങ്കങ്ങള്‍ ആരാണ് ആദ്യം കണ്ടു പിടിച്ചത് എന്നതിനെ ചൊല്ലി ക്രിസ്‌റ്റഫര്‍ ഷീനര്‍ എന്ന ജെസ്യൂട്ട്  പാതിരിയുമായി ഗലീലിയോ മുട്ടന്‍ വഴക്കായി. ഈ വഴക്ക് ബാക്കി ജീവിതകാലം മുഴുവന്‍ നീണ്ടു നിന്നു. പില്‍കാലത്ത് അദ്ദേഹത്തിനെതിരെ നടപടികളുണ്ടാകാന്‍ ഷീനറുടെ ഉപജാപവും കാരണമായി. (രസമെന്താന്നു വച്ചാല്‍ ഇവര്‍ രണ്ടു കൂട്ടരുമല്ല ആദ്യമായി സൂര്യകളങ്കങ്ങള്‍ കണ്ടെത്തിയത്. അത് ചൈനീസ് ശാസ്ത്രജ്ഞര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കണ്ടെത്തിയിരുന്നു.)

ടെലസ്കോപ്പിലൂടെയുള്ള വാനനിരീക്ഷണത്തില്‍ ജെസ്യൂട്ടുകള്‍ ചില പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ടെലസ്ക്കോപ്പിലൂടെ കാണുന്നത് സത്യമാണ് എന്നെങ്ങിനെ അറിയും? ഇന്നത്തെ നിലവാരം വച്ച് ഒരു കളിപ്പാട്ടം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ടെലസ്ക്കോപ്പ്. നല്ല HD ക്വാളിറ്റിയിലാണ് ഗ്രഹങ്ങളെ അതിലൂടെ കാണുന്നത് എന്നൊന്നും ധരിക്കണ്ട. അതിലൂടെ നോക്കി ഒന്നും കാണാത്തവരും ഉണ്ടായിരുന്നു. ടെലസ്ക്കോപ്പിന്റെ  പ്രവര്‍ത്തന തത്വങ്ങളെക്കുറിച്ചോ ഒപ്ടിക്സിനെക്കുറിച്ചോ അന്ന് ആര്‍ക്കും ഒരറിവുമില്ല. (1604 ജോഹന്നാസ് കെപ്ലര്‍ ലെന്‍സുകളുടെ പ്രവര്‍ത്തനതത്വം വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും.) അതിലൂടെ കാണുന്നത് വെറും മായകാഴ്ച്ച (''conceited illusions of the lenses'') ആണെങ്കില്‍?(ദൈവശാസ്ത്രത്തിലും പ്രഗത്ഭരായ അവര്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ ഒന്നും ബൈബിള്‍ സംബന്ധമായിരുന്നില്ല എന്നും ശ്രദ്ധിക്കുക.) എങ്കിലും ടെലസ്ക്കോപ്പിലൂടെ കാര്യങ്ങള്‍ നേരിട്ട് കണ്ട അവര്‍ ഗലീലിയോവിന്റെ മിക്കവാറും നിരീക്ഷണങ്ങള്‍ ശരിവച്ചു.

ഗലീലിയോ അവകാശപ്പെടുന്നപോലെ ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ അദ്ദേഹത്തിന്റെ സൌരകേന്ദ്ര സിദ്ധാന്തത്തിനു മതിയായ തെളിവല്ല. ചൊവ്വ സൂര്യനെയാണ് ചുറ്റുന്നത്‌ എന്ന് മനസ്സിലായി. അതുവഴി അരിസ്റ്റോട്ടില്‍ മോഡല്‍ തെറ്റാണെന്ന് പറയാം. പക്ഷേ ഭൂമി ചലിക്കുന്നതായി സ്ഥാപിക്കാന്‍ അത് പോരല്ലോ. ഈ വിഷയത്തിലുള്ള ചര്‍ച്ചയില്‍ അധികം സൂചിപ്പിക്കപ്പെടാത്ത മറ്റൊരു പ്രധാന കാര്യം കൂടി പറയേണ്ടതുണ്ട്. അരിസ്റ്റോട്ടില്‍-ടോളമി മോഡലും, കോപ്പര്‍നിക്കന്‍ മോഡലും മാത്രമൊന്നുമല്ല അന്ന് നിലവിലുണ്ടായിരുന്നത്. ടൈക്കോ ബ്രാഹിയുടെ (Tycho Brache) ഭാഗിക സൂര്യകേന്ദ്ര സിദ്ധാന്തമായിരുന്നു ഒരു പ്രധാന എതിരാളി. ഈ മോഡല്‍ പ്രകാരം ഭൂമിയൊഴിച്ചുള്ള ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നു. സൂര്യനും ഗ്രഹങ്ങളും ചലിക്കാതെ നില്‍ക്കുന്ന ഭൂമിയെ ചുറ്റുന്നു. അരിസ്റ്റോട്ടിലിയന്‍ മോഡലിന്റേയും കോപ്പര്‍നിക്കന്‍ മോഡലിന്റേയും ഒരു സങ്കരം. ഈ മോഡല്‍ പ്രകാരവും ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ ഭൂമിയില്‍നിന്നു  കാണാം. (സത്യത്തില്‍ ഇത്തരത്തില്‍ ഒരു അര ഡസന്‍ മോഡലുകളെങ്കിലും പ്രപഞ്ചത്തേക്കുറിച്ച് സാധ്യമാണ്. ഏതു ഗ്രഹത്തെയാണ് നിരീക്ഷിക്കുന്നത് അത് സൂര്യനെ ചുറ്റുന്നതായും, ബാക്കിയെല്ലാം സ്ഥിരമായി നില്‍ക്കുന്ന ഭൂമിയെ ചുറ്റുന്നതായും സങ്കല്‍പ്പിച്ചാല്‍ മതിയല്ലോ.)

(വേറൊരു രസം കൂടി പറയാം. ടൈക്കോ ബ്രാഹി ഈ മോഡല്‍ അവതരിപ്പിക്കുന്നതിനു ഒരു നൂറ്റാണ്ട് മുന്‍പ് തന്നെ ലോകത്തിന്റെ വേറൊരറ്റത്ത് ഒരാള്‍ ഈ ഭാഗിക സൂര്യകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ചിരുന്നു. മലയാളിയായ നീലകണ്‌ഠ സോമയാജി. ഒരു വ്യത്യാസമുള്ളത് ടൈക്കോ ബ്രാഹിയുടെ  ഭൂമി ചലിക്കാതെ നില്‍ക്കുമ്പോള്‍ നീലകണ്‌ഠ സോമയാജിയുടെ ഭൂമി പമ്പരം പോലെ കറങ്ങുന്നുണ്ട്. അപ്പോള്‍ ശരിക്കും കൂടുതല്‍ ശരി ഇദ്ദേഹത്തിന്റെതാണ് എന്ന് പറയേണ്ടിവരും.) 

ഗണിതശാസ്ത്രപരമായി ബ്രാഹിയുടെ ടൈക്കോണിക്ക് മോഡലും (നീലകണ്‌ഠ സോമയാജി മോഡല്‍) കോപ്പര്‍നിക്കന്‍ മോഡലും തുല്യമാണ്. ഒരു വ്യത്യാസവുമില്ല. ലഭ്യമായ എല്ലാ തെളിവുകളും കോപ്പര്‍നിക്കന്‍ മോഡലും ടൈക്കോണിക്ക് മോഡലും ഒരുപോലെ പിന്തുണക്കുന്നതാണ്. പക്ഷേ ടോളമി മുതല്‍ എല്ലാവരും സൌരകേന്ദ്ര സിദ്ധാന്തത്തിന്  എതിരെ ഉന്നയിക്കുന്ന വാദം- നക്ഷത്ര സ്ഥാനവ്യത്യാസം (Stellar parallax ഭൂമിയില്‍ നിന്ന് ആറു മാസത്തെ ഇടവേളയില്‍ കാണുന്ന ഒരേ നക്ഷത്രത്തിന്റെ സ്ഥാനം ആകാശത്ത് അല്പം വ്യത്യാസപ്പെട്ടു കാണണം.) കണ്ടെത്താന്‍ ഗലീലിയോയുടെ ടെലസ്കോപ്പിനും കഴിയുന്നില്ല. അത് സംശയാതീതമായി തെളിയിക്കപ്പെടുന്നത് 1838 ല്‍ മാത്രമാണ്.

ഇനി ഗലീലിയോ പറയുന്നപോലെ ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടെങ്കില്‍ കോറിയോളിസ് പ്രഭാവം (Coriolis Effect) എന്നൊന്ന് കാണപ്പെടണം. അതായത് ഭൂമി കറങ്ങുന്നുണ്ടെങ്കില്‍ വടക്ക് ദിശയിലേക്കു പായിക്കുന്ന ഒരു പീരങ്കിയുണ്ട അല്‍പ്പം കിഴക്കോട്ട് മാറിയായിരിക്കും താഴെ പതിക്കുക. ഇതും അളക്കാന്‍ അക്കാലത്ത് ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. (ഗലീലിയോ ഇത്തരമൊരു പരീക്ഷണത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും അത് ചെയ്തതായോ, അതില്‍ വിജയിച്ചതായോ പറയുന്നില്ല.) അത് തെളിയിക്കപ്പെടുന്നത് 1789 ല്‍ മാത്രമാണ്.

ഈ രണ്ടു കാരണങ്ങള്‍ കൊണ്ടും ടൈക്കോണിക്ക് മോഡലാണ് കോപ്പര്‍നിക്കന്‍ മോഡലിനേക്കാള്‍ മികച്ചത് എന്ന് പോലും പറയേണ്ടി വരും. ഗലീലിയോ ശരിക്കും വസ്തുനിഷ്ട്ടമായ അറിവ് തേടുന്നവനായിരുന്നെങ്കില്‍ അദ്ദേഹവും അനുകൂലിക്കേണ്ടിയിരുന്നത് ടൈക്കോ ബ്രാഹിയുടെ ടൈക്കോണിക്ക് (നീലകണ്‌ഠ സോമയാജി) മാതൃയായിരുന്നു. ഗലീലിയോവിന്റെ സ്വന്തം നിരീക്ഷണങ്ങളും നിഗമനങ്ങളും പോലും കോപ്പര്‍നിക്കന്‍ മാതൃകയെ അനുകൂലിക്കുന്നില്ല എന്നതാണ് ഏറെ രസം. ഗലീലിയോ സ്വന്തം നിരീക്ഷണങ്ങളെ അതിന്റെ യുക്തിപൂര്‍വ്വമായ നിഗമനത്തിലെത്തിച്ചിരുന്നെങ്കില്‍ ടൈക്കോണിക്ക് മാതൃകയാണ് ശരി എന്ന് സമ്മതിക്കേണ്ടിവരുമായിരുന്നു.

ഗലീലിയോയുടെ കാലത്ത് ഒപ്ടിക്സിനെക്കുറിച്ചോ, ടെലസ്ക്കോപ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചോ കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. ഇന്നത്തെ വീക്ഷണത്തില്‍ വളരെ പ്രാകൃതമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ടെലസ്ക്കോപ്പ് പോലും. ഗലീലിയോ ടെലസ്ക്കോപ്പിലൂടെ കണ്ടിരുന്നത് നക്ഷത്രങ്ങളെയല്ല അവയുടെ diffraction pattern ആണ്. ഒരു ചെറിയ ദ്വാരത്തിലൂടെ വെളിച്ചം കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണിത്. അത് പ്രകാരം നക്ഷത്രങ്ങള്‍ എത്ര ഫോക്കസ് ചെയ്താലും ഒരു പ്രകാശബിന്ദു ആയല്ല, അരികുകള്‍ വ്യക്തമല്ലാത്ത ഏകകേന്ദ്രമായ അനേകം പ്രകാശവൃത്തങ്ങളായാണ് (concentric circles) കാണുക. Airy disk എന്ന് പറയും. (അക്കാലത്ത് അതിനെക്കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല.) മങ്ങിയ നക്ഷത്രങ്ങള്‍ ചെറിയ വൃത്തമായും, കൂടുതല്‍ പ്രകാശമുള്ള നക്ഷത്രങ്ങള്‍ വലിയ വൃത്തമായും കാണപ്പെടും.

താന്‍ കണ്ണില്‍ കാണുന്നത് യഥാര്‍ത്ഥമാണെന്ന് വിശ്വസിച്ച ഗലീലിയോ അതിന്റെ അടിസ്ഥാനത്തിലാണ് നക്ഷത്രങ്ങളുടെ വലുപ്പവും അവ തമ്മിലുള്ള അകലവുമൊക്കെ നിശ്ചയിച്ചത്. (ടെലസ്കോപ്പിലൂടെ കാണുന്നത് സത്യമല്ല എന്ന ജെസ്യൂട്ടുകളുടെ വാദത്തില്‍ (''conceited illusions of the lenses'') ലേശം കഴമ്പുണ്ടായിരുന്നു എന്നര്‍ത്ഥം.) എല്ലാ നക്ഷത്രങ്ങള്‍ക്കും സൂര്യന്റെ അതേ വലുപ്പവും പ്രകാശവുമായിരിക്കും എന്ന് തെറ്റിദ്ധരിച്ച ഗലീലിയോ മങ്ങിയ നക്ഷത്രങ്ങള്‍ കൂടുതല്‍ അകലത്തിലുംകൂടുതല്‍ തിളക്കമുള്ള നക്ഷത്രങ്ങള്‍ വളരെ അടുത്തും എന്നാണ് കരുതിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കണക്കുകൂട്ടിയ പ്രപഞ്ചം യഥാര്‍ത്ഥത്തിലുള്ളതിലും വളരെ വളരെ ചെറുതായിരുന്നു. പക്ഷേ കോപ്പര്‍നിക്കന്‍ മാതൃക ശരിയാകണമെങ്കില്‍ പ്രപഞ്ചത്തിന് ആ വലുപ്പം പോര. സ്വാഭാവികമായും അദ്ദേഹം കോപ്പര്‍നിക്കന്‍ മാതൃക ഉപേക്ഷിക്കുകയാണ് ശരിക്കും വേണ്ടിയിരുന്നത്. ഗലീലിയോയോളം തന്നെ മികച്ച, കൂടുതല്‍ 'സത്യസന്ധരായ' നിരീക്ഷകരൊക്കെ 'ശരിയായ' നിഗമനത്തിലെത്തി, ടൈക്കോണിക്ക് (നീലകണ്‌ഠ സോമയാജി) മാതൃകയായിരുന്നു അംഗീകരിച്ചത്. ഗലീലിയോ ആകട്ടെ ആദ്യം തന്നെ കോപ്പര്‍നിക്കന്‍ മാതൃകയാണ് ശരി എന്ന് തീരുമാനിച്ച് അതിനെ പിന്തുണക്കാത്ത സ്വന്തം നിരീക്ഷണങ്ങളെ തന്നെ അവഗണിക്കുകയായിരുന്നു. (തീര്‍ച്ചയായും നല്ലൊരു ശാസ്ത്രജ്ഞന്റെ രീതിയല്ല അത്.) He only got it right for the wrong reasons. അദ്ദേഹം പറഞ്ഞത് ഭാഗ്യവശാല്‍ ശരിയായിപ്പോയി എന്നു മാത്രം.

ശരിക്കും കോപ്പര്‍നിക്കന്‍ മോഡലിനേക്കാള്‍ കൂടുതല്‍ ശാസ്ത്രീയം (അന്നത്തെ തെളിവ് അധിഷ്ഠിത അറിവ്) ടൈക്കോണിക്ക് മോഡല്‍ ആയിരുന്നതുകൊണ്ട് ജെസ്യൂട്ട് വാനശാസ്ത്രജ്ഞരുടെ ഇടയില്‍ അത് വളരെ പോപ്പുലറായിരുന്നു. വേദപുസ്തകത്തിന് എതിരുമല്ല എന്നത് ഒരു ബോണസ്സും. ബ്രാഹിയുടെ അഭിപ്രായത്തില്‍ ഒരു കാര്യവുമില്ലാതെ ഭൂമി സൂര്യനെ ചുറ്റുന്നതായി സങ്കല്‍പ്പിക്കുന്നത് അനാവശ്യമാണ്. ''What need is there without any justification to imagine the Earth, a dark, dense, and inert mass, to be a heavenly body undergoing even more numerous revolutions than the others, that is to say, subject to a triple motion, in violation not only of all physical truth but also of the authority of Holy Scripture, which ought to be paramount.''

അരിസ്റ്റോട്ടില്‍ ടോളമി സിദ്ധാന്തം തെറ്റാണെന്നേ ശാസ്ത്രദൃഷ്ട്യാ ഗലീലിയോക്ക് അവകാശപ്പെടാന്‍ പറ്റൂ. സൌരകേന്ദ്ര സിദ്ധാന്തം ശാസ്ത്രീയമായി തെളിയിച്ചു എന്നവകാശപ്പെടാനാവില്ല.  ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു എന്നതൊഴിച്ച് അതിന്റെ കാര്യകാരണങ്ങള്‍ ഗലീലിയോ പറഞ്ഞതെല്ലാം തെറ്റായിരുന്നു. (ഭൂമി കറങ്ങുന്നതുകൊണ്ടാണ് സമുദ്ര ചലനങ്ങളുണ്ടാകുന്നത് (tides)  എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.) കേട്ടത് പാതി കേള്‍ക്കാത്ത പാതി എല്ലാവരും ''ഗലീലിയോ സിന്താവാ'' വിളിക്കാതിരുന്നത് മതവിശ്വാസം തലയ്ക്കു പിടിച്ച് തങ്ങള്‍ വിഡ്ഢിത്തമേ വിശ്വസിക്കൂ എന്ന കടുംപിടുത്തമുള്ളവരായതു കൊണ്ടൊന്നുമല്ല.വിശ്വാസം മാറ്റാന്‍ തക്ക തെളിവൊന്നുമില്ലായിരുന്നു.

ഗലീലിയോയുമായി സഭക്കുണ്ടായിരുന്ന പ്രശ്നം പ്രധാനമായും ശാസ്ത്രസംബന്ധിയായിരുന്നില്ല. ഭൂമി സൂര്യനെയാണോ ചുറ്റുന്നത്‌ എന്നകാര്യത്തില്‍ സഭ അതുവരെ ഒരു നിലപാടും, അനുകൂലമായോ
പ്രതികൂലമായോ എടുത്തിരുന്നുമില്ല. കോപ്പര്‍ക്കസ് തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് ഒരു ഹൈപ്പോതെസിസ് എന്ന നിലക്കാണ്. അതായത് കാര്യങ്ങള്‍ മനസ്സിലാക്കാനും ഗണിതക്രീയകള്‍ ചെയ്യാനും എളുപ്പമാക്കുന്ന ഒരു സങ്കല്പം. അതില്‍ സഭക്ക് യാതൊരു എതിര്‍പ്പും ഇല്ലായിരുന്നു. (കോപ്പര്‍നിക്കസ്സിന്റെ സൌരകേന്ദ്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഗ്രിഗറി എട്ടാമന്‍ മാര്‍പ്പാപ്പയുടെ കലണ്ടര്‍ പരിഷ്കരണം ഓര്‍ക്കുക.)

സൌകര്യപ്രദമായ ഒരു മോഡല്‍ എന്നതിലപ്പുറം യഥാര്‍ത്ഥ പ്രപഞ്ചം ശരിക്കും അങ്ങനെ തന്നെയാണ് എന്ന അവകാശവാദമൊന്നും കോപ്പര്‍ക്കസ് മുന്നോട്ട് വയ്ക്കുന്നില്ല. അതുതന്നെയായിരുന്നു അക്കാലത്ത് സാധ്യമായ ശരിയായ നിലപാടും. ഒരു ഹൈപ്പോതെസിസ് എന്നല്ലാതെ അതാണ് സത്യം എന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും കോപ്പര്‍നിക്കസിനുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ സൂര്യകേന്ദ്ര സിദ്ധാന്തം സത്യമായാല്‍ ക്രൈസ്തവ വിശ്വാസത്തെ അത് എങ്ങിനെ ബാധിക്കും എന്നതിനെക്കുറിച്ചും കോപ്പര്‍നിക്കസ്സ് നിശബ്ദനായിരുന്നു. അത് എന്തായാലും തന്റെ സൂര്യകേന്ദ്ര സിദ്ധാന്തം ഒരിക്കലും വേദപുസ്തകത്തിന് എതിരാവില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. കോപ്പര്‍നിക്കസ്സിന്റെ ഈ നിലപാട് ഗലീലിയോ തന്നെ സൂചിപ്പിക്കുണ്ട്.

''For Copernicus never discusses matters of religion or faith, nor does he use arguments that depend in any way upon the authority of sacred writings which he might have interpreted erroneously. He stands always upon physical conclusions pertaining to the celestial motions, and deals with them by astronomical and geometrical demonstrations, founded primarily upon sense experiences and very exact observations. He did not ignore the Bible, but he knew very well that if his doctrine were proved, then it could not contradict the Scriptures when they were rightly understood.''  

കോപ്പര്‍ക്കസ് കാണിച്ച ഈ നയം പക്ഷേ ഗലീലിയോ കാണിച്ചില്ല. തന്റെ സിദ്ധാന്തം ശരിക്കും സത്യമാണെന്ന് ശഠിക്കുകയും, അത് എന്തുകൊണ്ട് വേദപുസ്തകത്തിന് എതിരല്ല എന്നതിന് സ്വന്തം നിലക്ക് വിശദീകരണം നല്‍കാനും ശ്രമിച്ചു. ഗലീലിയോ അനാവശ്യ വാശി കാണിച്ച് വേണ്ടത്ര തെളിവില്ലാത്ത തന്റെ സൌരകേന്ദ്ര സിദ്ധാന്തം ലോകത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. സൌരകേന്ദ്ര സിദ്ധാന്തമായിരുന്നില്ല സഭയെ ചൊടിപ്പിച്ചത്, മറിച്ച് ദൈവശാസ്ത്രജ്ഞരുടെ ഫീല്‍ഡില്‍ കയറി കളിച്ചതാണ്. ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും വേണമെങ്കില്‍ അത് വ്യാഖ്യാനിച്ചു ശരിപ്പെടുത്താന്‍ അതിനു യോഗ്യരായ ആളുകളുണ്ട്. ഒരു ഗണിത ശാസ്ത്രജ്ഞനായ ഗലീലിയോ കേറി ഇടപെടേണ്ട വിഷയമല്ല അത്. അദ്ദേഹത്തിന്റെ സുഹൃത്തായ കര്‍ദിനാള്‍ ബാര്‍ബറേനി (പില്‍കാലത്ത് പോപ്പ് അര്‍ബന്‍ എട്ടാമന്‍. 1633 ല്‍ അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ നേതൃത്വം കൊടുത്തതും ഇദ്ദേഹമാണ്.) അദ്ദേഹത്തിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. ''The explanation of Scripture is claimed by the theologians as their field, and if new things are introduced, even by a capable mind, not everyone has the dispassionate faculty of taking them just as they are said.'' (തറവാടിന്റെ ഉമ്മറത്തിരുന്ന അനന്തിരവന്‍ പിച്ചക്കാരനോട്  പിച്ചയൊന്നും ഇല്ല എന്ന് പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത കാരണവര്‍ അയാളെ തിരിച്ചു വിളിച്ച് പിച്ചയൊന്നും ഇല്ല എന്ന് താന്‍ തന്നെ പറഞ്ഞ കഥ കേട്ടിട്ടില്ലെ? അത് തന്നെ. ഓരോ കാര്യവും അത് പറയാന്‍ അധികാരമുള്ളവര്‍ തന്നെ പറയണം.)


ഗണിതശാസ്ത്രപരമായി ടൈക്കോണിക്ക് മോഡലും കോപ്പര്‍നിക്കന്‍ മോഡലും തുല്യമാണ്. മറ്റു ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നതിനു ടെലസ്ക്കോപ്പ് തെളിവ് നല്‍കുന്നുണ്ട്. അനങ്ങാതെ നില്‍ക്കുന്ന ഭൂമിയെ ചുറ്റുന്ന സൂര്യന്‍ നമ്മുടെ അനുഭവവും. അപ്പോള്‍ മുന്‍തൂക്കം ടൈക്കോണിക്ക് മോഡലിനാണ്. ഗലീലിയോയുടെ സ്വന്തം നിരീക്ഷണങ്ങളും അവയില്‍നിന്നുള്ള അനുമാനങ്ങളും പോലും ടൈക്കോണിക്ക് (നീലകണ്‌ഠ സോമയാജി) മാതൃയാണ് പിന്തുണക്കുന്നത്. പിന്നെ എന്തുകൊണ്ടായിരിക്കും ടൈക്കോണിക്ക് മോഡല്‍ ഗലീലിയോ തള്ളിക്കളഞ്ഞത് എന്നതിനെക്കുറിച്ച് ആലോചിക്കുന്നത് രസകരമായിരിക്കും. എന്റെ ഒരു ഊഹം അദ്ദേഹം ഭൂമി ചലിക്കുന്നതായി വിശ്വസിക്കാന്‍ ആഗ്രഹിച്ചു എന്നാണ്. അതുവഴി ഗണിതശാസ്ത്രജ്ഞന്‍, വാനശാസ്ത്രജ്ഞന്‍ എന്നീ പദവികള്‍ കൂടാതെ വേദപുസ്തകത്തിന് സ്വന്തമായി പുതിയ വ്യാഖ്യാനം ചമച്ച ദൈവശസ്ത്രജ്ഞന്‍ എന്ന് കൂടി അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരിക്കാം. പിന്നെ ടൈക്കോ ബ്രാഹിയെ അംഗീകരിക്കാനുള്ള മടിയും ഒരു കാരണമായിരിക്കാം. അദ്ദേഹത്തോടുള്ള വെറും അസൂയ.

എക്കാലത്തെയും ഏറ്റവും മികച്ച (അവസാനത്തേതുമായ) നഗ്നനേത്ര വാനനിരീക്ഷകനായാണ് ബ്രാഹിയെ കണക്കാക്കുന്നത്. ബ്രാഹിയുടെ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ശിഷ്യനായ കെപ്ലര്‍ ഗ്രഹങ്ങളെക്കുറിച്ചുള്ള തന്റെ പ്രസിദ്ധമായ നിയമങ്ങള്‍ ഉണ്ടാക്കുന്നത്‌. ആ നിയമങ്ങള്‍ പ്രകാരം ഗ്രഹങ്ങള്‍ ദീര്‍ഘ വൃത്താകൃതിയിലാണ് സഞ്ചരിക്കുന്നത്. ദൈവം പൂര്‍ണ്ണവൃത്തത്തിലുള്ള സഞ്ചാരപദമായിരിക്കും ഉണ്ടാക്കിയിരിക്കുക എന്ന അരിസ്റ്റോട്ടിലിയന്‍ ധാരണയില്‍ ഉറച്ചു നിന്ന കെപ്ലര്‍ ആ രീതിയില്‍ ശ്രമിച്ചു നോക്കിയതാണ്. എന്നാല്‍ അത് ബ്രാഹിയുടെ ഡാറ്റയുമായി ഒത്തു പോകുന്നില്ല. ദൈവത്തിനു തെറ്റ് പറ്റിയാലും ബ്രാഹിക്ക് തെറ്റ് പറ്റില്ല എന്ന് ഉറപ്പുള്ള കെപ്ലര്‍ അവസാനം ഗ്രഹങ്ങള്‍ക്ക്‌ ദീര്‍ഘ വൃത്തത്തിലുള്ള ഭ്രമണപദം തന്നെ എന്ന് ഉറപ്പിക്കുകയായിരുന്നു. അതാണ്‌ ബ്രാഹി. ഒരു സൂപ്പര്‍ ജീനിയസ്സായി തന്റെ ജീവിതകാലത്തു തന്നെ അറിയപ്പെട്ടിരുന്ന ബ്രാഹിയോടുള്ള പ്രൊഫഷണല്‍ അസൂയയും അദ്ദേഹത്തെ അംഗീകരിക്കാതിരിക്കാന്‍ കാരണമായിട്ടുണ്ടാവാം. തനിക്കു താല്പര്യമില്ലാത്ത ജെസ്യൂട്ടുകള്‍ ബ്രാഹിയുടെ മോഡല്‍ അംഗീകരിച്ചതും കാരണമാവാം. ജെസ്യൂട്ടുകളാവട്ടെ ബ്രാഹിയെ തങ്ങളിലൊരുവനായാണ് അഭിമാനപൂര്‍വ്വം പറഞ്ഞിരുന്നത്. കാരണം ബ്രാഹിയുടെ വിദ്യാഭ്യാസം ജെസ്യൂട്ടുകളുടെ കീഴിലായിരുന്നു.

(ബ്രാഹിയുടെ ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയ കെപ്ളറുടെ നിയമങ്ങളെയും ഗലീലിയോ അംഗീകരിച്ചിരുന്നില്ല. ഗ്രഹങ്ങള്‍ക്ക്‌ ദീര്‍ഘ വൃത്തത്തിലുള്ള ഭ്രമണപഥത്തിനു പകരം അരിസ്റ്റോട്ടില്‍ മോഡലിലെ പൂര്‍ണ്ണ വൃത്തമാണ് അദ്ദേഹം അംഗീകരിച്ചത്. ഭൂമി കറങ്ങുന്നതിന് ഗലീലിയോ മുന്നോട്ട് വച്ച തെളിവ് സമുദ്രചലനമാണ് (tides). ഭൂമി കറങ്ങുന്നതു കൊണ്ടാണ് സമുദ്രം ചലിക്കുന്നത്‌ എന്നത് നല്ല ഒന്നാംതരം അബദ്ധമാണ്. സമുദ്ര ചലനത്തിന് കാരണം ചന്ദ്രന്റെ ആകര്‍ഷണമാണ് എന്ന കെപ്ലറുടെ ശരിയായ അഭിപ്രായവും ഗലീലിയോ തള്ളിക്കളഞ്ഞു.)

ശത്രുക്കളെ ഉണ്ടാക്കാന്‍ സ്വതവേ മിടുക്കനായ ഗലീലിയോ വളരെ ''അഗ്രസ്സീവ്'' ആയി കോപ്പര്‍നിക്കന്‍ സിദ്ധാന്തം പ്രചരിപ്പിക്കാന്‍ തുടങ്ങിയത് പ്രബലരായ ശത്രുക്കളെ ഉണ്ടാക്കി. (അക്കാഡമിക് ചര്‍ച്ചകളില്‍ പോലും താന്‍ പറയുന്നത് അംഗീകരിക്കാത്തവരെ ആക്ഷേപിക്കുന്ന സ്വഭാവമാണ് പ്രശ്നങ്ങളുണ്ടാക്കിയത്.) ശത്രുക്കള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നതായി അദ്ദേഹം ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. (''ill-disposed men envious of your virtue and merits met [to discuss]... any means by which they could damage you.'') ഇതിനിടെ ടൊമാസ്കോ കാസിനി എന്നൊരു ഡൊമിനിക്കന്‍ പാതിരി ബൈബിളിലെ അപ്പോസ്തലന്മാരുടെ പ്രവര്‍ത്തികളിലെ വരികള്‍ ഉദ്ധരിച്ച്‌ മാനത്തു നോക്കി നടക്കുന്ന ഗലീലിയോ എന്ന് പരസ്യമായി പരിഹസിച്ചു. "Ye men of Galilee, why stand ye gazing up into heaven?" (Acts 1:11) അവഗണിക്കാവുന്ന ഇതുപോലുള്ള പ്രകോപനങ്ങള്‍ പോലും വിട്ടുകൊടുക്കാന്‍ ഗലീലിയോ തയ്യാറായില്ല.  തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് സുഹൃത്തായ ബെനഡിറ്റോ കാസ്റ്റെലി എന്ന ബെനെഡിക്റ്റൈന്‍ പുരോഹിതന് ഒരു കത്തെഴുതി. ഇതിന്റെ കോപ്പികള്‍ വ്യാപകമായി പ്രചരിച്ചു. ഈ കത്തില്‍ ഗലീലിയോ പറയാത്ത കുറെ കാര്യങ്ങള്‍ ആരോ എഴുതിച്ചേര്‍ത്തും പ്രചരിപ്പിച്ചു. (അന്നത്തെ വാട്ടസപ്പ് :-))

തന്റെ സംരക്ഷകനായ കോസിമോ ഡി മെഡിസി യുടെ മാതാവ്  ക്രിസ്റ്റീന പ്രഭ്വിയെ (Grand Duchess Christina) അഭിസംബോധന ചെയ്തുകൊണ്ട് കാസ്റ്റെലിക്കെഴുതിയ കത്തിലെ വാദങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചു മറ്റൊരു കത്ത് അദ്ദേഹം തയ്യാറാക്കി. ഈ കത്തില്‍ വേദപുസ്തകവും പ്രാമാണികരായ ദൈവശാസ്ത്രജ്ഞരെയും മറ്റും ഉദ്ധരിച്ച്‌ വളരെ ആധികാരികമായാണ് ഗലീലിയോ തന്റെ സൌര കേന്ദ്ര സിദ്ധാന്തം എന്ത് കൊണ്ട് വേദപുസ്തകത്തിന്‌ എതിരല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കത്ത് സംബോധന ചെയ്യുന്നത് പ്രഭ്വിക്കായിരുന്നെങ്കിലും അത് യഥാര്‍ത്ഥത്തില്‍ ഉന്നം വയ്ക്കുന്നത് സഭാ അധികാരികളെയും, ദൈവശാസ്ത്രഞ്ജരെയും ഗണിത പണ്ഡിതരേയുമൊക്കെയാണ്. ഈ കത്തിന്റെ കോപ്പികളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

സത്യത്തില്‍ അദ്ദേഹം പുതുതായൊന്നും പറയുന്നില്ല. സെന്റ്റ്‌ അഗസ്റ്റിന്‍ മുതലുള്ള സഭാപിതാക്കന്മാര്‍ പണ്ടേ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹവും ഈ കത്തില്‍ ആവര്‍ത്തിക്കുന്നത്. ശാസ്ത്രവും വേദപുസ്തകവും പറയുന്നത് വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചാണ്. രണ്ടും കൂട്ടിക്കലര്‍ത്തേണ്ടതില്ല. വേദപുസ്തകത്തിലെ വിവരണങ്ങള്‍ വാച്യാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ല. (കര്‍ദിനാള്‍ ബാറോണിയസ്സിനെ ഉദ്ധരിച്ച് ഗലീലിയോ കത്തില്‍ പറഞ്ഞ വാക്കുകള്‍ പ്രസിദ്ധമാണ്. ''പരിശുദ്ധത്മാവ്  നമ്മെ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചത്  ഉപരിലോകത്തിലേക്ക് എങ്ങനെ പോകാം എന്നാണ്, അല്ലാതെ ഉപരിലോകത്തിന്റെ പോക്ക് എങ്ങനെയാണ് എന്നതിനെക്കുറിച്ചല്ല.'' (''The Holy Ghost intended to teach us how to go to heaven, not how the heavens go.'') വിവാദം ഉണ്ടാകാനുള്ള ഒന്നും അതിലില്ലെങ്കിലും, ബൈബിളിന് പുതിയ വ്യാഖ്യാനം വേണം എന്ന തരത്തില്‍ എഴുതിയ തീര്‍ത്തും അനാവശ്യമായ ഈ കത്തുകളാണ് ഗലീലിയോവിനെ കുഴിയില്‍ ചാടിച്ചത്. 

കത്തിലെ ഭാഷയും അനാവശ്യമായി ചൊറിയുന്നതായിരുന്നു. തന്നെ അംഗീകരിക്കാത്ത അരിസ്റ്റോട്ടിലിയന്‍ പണ്ഡിതരെ കാര്യം പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയാത്തവര്‍ എന്ന് അടച്ചാക്ഷേപിച്ചു. (''show themselves incapable of following even the simplest and easiest of arguments.'') അദ്ദേഹത്തോട് അനുതാപമുണ്ടായിരുന്ന പണ്ഡിതരെ പോലും ഈ കത്ത് വെറുപ്പിച്ചു. അങ്ങനെ തന്റെ നിലപാട് വ്യക്തമാക്കാന്‍ എന്ന പേരില്‍ എഴുതിയ കത്ത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയായി.

കത്തിലുടനീളം സൌരകേന്ദ്ര സിദ്ധാന്തത്തിന് തെളിവുണ്ട് തെളിവുണ്ട് എന്ന് ആവര്‍ത്തിക്കുന്നതല്ലാതെ സൌരകേന്ദ്ര സിദ്ധാന്തത്തിനു ഒരു തെളിവും ഗലീലിയോ ഹാജരാക്കുന്നില്ല. ബൈബിള്‍ എന്തുകൊണ്ട് സൌരകേന്ദ്ര സിദ്ധാന്തത്തിന് എതിരല്ല എന്ന് മാത്രമാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇനി അഥവാ എന്ത് തെളിവുണ്ടെങ്കിലും അതെല്ലാം ടൈക്കോണിക്ക് മോഡലിനും യോജിക്കും എന്ന് ഗലീലിയോവിന് അറിയാത്തതുമല്ല. അതെക്കുറിച്ചും ഒന്നും പറയുന്നില്ല. സൌരകേന്ദ്ര സിദ്ധാന്തം ബൈബിളിന് എതിരല്ല. അതുകൊണ്ട് സൌരകേന്ദ്ര സിദ്ധാന്തം ശരിയാണ്. അത് എല്ലാവരും അംഗീകരിക്കണം. എന്നെ മാത്രം കുറ്റപ്പെടുത്തണ്ട, സൌരകേന്ദ്ര സിദ്ധാന്തം കോപ്പര്‍നിക്കസ് പറഞ്ഞപ്പോ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ എന്നായിരുന്നു ഗലീലിയോവിന്റെ ഒരു വാദം. അതിന്  ആര് കുറ്റപ്പെടുത്തി? ഈ സമയത്ത് അദ്ദേഹത്തിനെതിരെ സംഘടിതമായ ഒരു ആക്രമണവും ഉണ്ടായിട്ടില്ല. എല്ലാം അദ്ദേഹം സങ്കല്പ്പിച്ചുണ്ടാക്കിയത് മാത്രം. (അതു കൊണ്ടെന്തായി,1616 ല്‍ കോപ്പര്‍നിക്കസിന്റെ പുസ്തകം നിരോധിക്കപ്പെട്ടു.)

ഗലീലിയോവിന്റെ കത്ത് ഇത്ര വലിയ പ്രശ്നമാവാന്‍ കാരണമുണ്ട്. മാര്‍ട്ടിന്‍ ലൂതറുടെ നേതൃത്വത്തിലുള്ള പ്രൊട്ടസ്റ്റന്റ് നവീകരണം കത്തോലിക്കാ സഭയെ പിടിച്ചുലച്ചിരുന്നു. കൂടുതല്‍ പേര്‍ സഭാവിശ്വാസങ്ങള്‍ക്ക് സ്വന്തമായ വ്യാഖ്യാനങ്ങളുമായി ഇറങ്ങുന്നത് അടിയന്തിരമായി തടയേണ്ടതുണ്ടായിരുന്നു. ത്രെന്തോസ് സൂനഹദോസ് (Council of Trent 1546) എന്നറിയപ്പെടുന്ന മതസമ്മേളനത്തില്‍ അത്തരം തീരുമാനമുണ്ടായി.

... no one relying on his own judgement and distorting the Sacred Scriptures according to his own conception shall dare to interpret them contrary to that sense which Holy Mother Church, to whom it belongs to judge their true sense and meaning, has held or does hold, or even to interpret them contrary to the unanimous agreement of the Fathers.

അതാണ്‌ ഗലീലിയോ ലംഘിച്ചത്.1615 ല്‍ ടൊമാസ്കോ കാസിനിയുടെ സുഹൃത്തായ നിക്കോളോ ലോറിനി എന്ന ഡൊമിനിക്കന്‍ പാതിരി ഗലീലിയൊക്കെതിരെ റോമിലെ മതകോടതിക്ക് പരാതി അയക്കുന്നു. ഗലീലിയോവിന്റെ കത്ത് ട്രെന്റിലെ കൌണ്‍സില്‍ പുറപ്പെടുവിച്ച ഉത്തരവ് (തന്നിഷ്ട്ടപ്രകാരം അങ്ങനെ ആരും മതതത്വങ്ങള്‍ വ്യാഖ്യാനിക്കാന്‍ പാടില്ല.) ലംഘിക്കുന്നതാണ്. അതിന്റെ നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തോളം നീണ്ടു നിന്നു. ഗലീലിയോവിനെ റോമിലേക്ക് വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ഒന്നും ഉണ്ടായില്ല. അതിനുമാത്രമുള്ള ഗൌരവമൊന്നും അവര്‍ ആ പരാതിയില്‍ കണ്ടില്ല. അതങ്ങനെ തീര്‍ന്നു പോയേനെ. എന്നാല്‍ തന്റെ ഒരു ശത്രുവിനെയും വെറുതെ വിടാന്‍ ഗലീലിയോ ഒരുക്കമായിരുന്നില്ല. സുഹൃത്തുക്കളുടേയും അഭ്യുദയകാംഷികളുടേയും ഉപദേശം അവഗണിച്ച് തന്റെ ഭാഗം വിശദീകരിക്കാന്‍ ഗലീലിയോ സ്വയം റോമിലേക്ക് പോയി ഈ പരാതി കുത്തിപ്പൊക്കി. 'മൂലയ്ക്ക് കിടന്ന മഴുവെടുത്ത് കാലിലിടുക' എന്ന് പറയില്ലെ? അതുപോലൊരു പണിയാണ് ഗലീലിയോ കാണിച്ചത്. ഈ വിഷയത്തില്‍ ഒരു തീരുമാനവും പറയാതിരുന്ന അധികാരികള്‍ ഒരു തീരുമാനം പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടു. സഭക്ക് പരസ്യമായി ഒരു നിലപാട് എടുക്കേണ്ടിവന്നാല്‍ താന്‍ എത്ര പ്രമാണിയായിരുന്നാലും ഭൂരിഭാഗം വരുന്ന സാധാരണ വിശ്വാസികളുടെ കൂടയേ സഭക്ക് നില്‍ക്കാന്‍ കഴിയൂ എന്ന് മനസ്സിലാക്കാന്‍ ഗലീലിയോക്ക് സാധിച്ചില്ല.

കര്‍ദിനാള്‍ ബെല്ലാര്‍മിന്റെ ഉപദേശപ്രകാരം പോള്‍ ആറാമന്‍ മാര്‍പാപ്പ ഒരു പാപ്പല്‍ കമ്മീഷനെ നിയമിച്ചു. ചലിക്കാതെ നില്‍ക്കുന്ന സൂര്യന്‍ അരിസ്റ്റോട്ടിലിയന്‍ തത്വങ്ങള്‍ക്ക് എതിരാണ് എന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്. ''The proposition of a stationary Sun is foolish and absurd in natural philosophy''. (അന്നത്തെ തെളിവ് അധിഷ്ഠിത ശാസ്ത്രധാരണ വച്ച് ഈ നിഗമനം തെറ്റാണെന്ന് പറയാനും കഴിയില്ല.) ഇതിന്റെ അടിസ്ഥാനത്തില്‍ 1616 ഫെബ്രുവരിയില്‍ കര്‍ദിനാള്‍ ബെല്ലാര്‍മ്മിന്‍ ഗലീലിയോയുമായി വളരെ സൌഹാര്‍ദ്ദപരമായ ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ ഭൂമി ചലിക്കുന്നുണ്ട് എന്ന്  ''വിശ്വസിക്കുകയോ, അതിനെ പ്രതിരോധിക്കുകയോ, അത്‌ പഠിപ്പിക്കുകയോ അരുത്‌'' എന്ന് വിലക്കി (എന്നാല്‍ ഒരു ഹൈപ്പോതെസിസ് എന്ന രീതിയില്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വിലക്കില്ല.) ഒരു വാര്‍ണിംഗ് കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചു.

1616 മാര്‍ച്ചില്‍ പുസ്തക നിരോധന സമിതി ഗലീലിയോയുടെ പേര് പറയാതെ തന്നെ ഭൂമിയുടെ ചലനം അശാസ്ത്രീയവും വേദപുസ്തകത്തിന് വിരുദ്ധവുമാണ് എന്നൊരു വിധി പ്രസ്താവിക്കുകയും കോപ്പര്‍നിക്കസ്സിന്റെ പുസ്തകം അത് ഹൈപ്പോതെസിസ് മാത്രമാണ് എന്ന് കൂടുതല്‍ വ്യക്തമായി തിരുത്തുന്നതു വരെ നിരോധിക്കുകയും ചെയ്തു. (1835 വരെ അത് നിരോധിച്ച പുസ്തകങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും, നാല് വര്‍ഷത്തിനുള്ളില്‍ത്തന്നെ ഒന്‍പതു വരികളിലെ തിരുത്തുമായി കോപ്പര്‍നിക്കസ്സിന്റെ പുസ്തകം വീണ്ടും ലഭ്യമായിരുന്നു.) തന്നെ മതകോടതി ശിക്ഷിച്ചു എന്നൊരു കിംവദന്തി പരന്നതിനാല്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നും ഗലീലിയോയുടെ ആവശ്യപ്രകാരം ബെല്ലാര്‍മ്മിന്‍ എഴുതി നല്‍കുകയും ചെയ്തു. (തന്റെ ഇമേജിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അമിതമായ വേവലാതി കാണിക്കുന്ന ഒരു സംഭവമാണ് ഇത്. കണ്ടുപിടുത്തങ്ങളുടെ മുന്‍ഗണനയെ ചൊല്ലി ധാരാളം ശത്രുക്കളെ ഉണ്ടാക്കിയിരുന്ന കാര്യവും ഇതോടു കൂടി ചേര്‍ത്ത് വായിക്കുക.) ഈ കത്ത് പിന്നീട് 1633 ലെ വിചാരണ സമയത്ത് ഗലീലിയോക്ക് വളരെ ഉപകാരപ്പെട്ടു.

കര്‍ദിനാള്‍ ബെല്ലാര്‍മ്മിന്റെ വ്യക്തിപരമായ അഭിപ്രായവും കോപ്പര്‍നിക്കന്‍ സിദ്ധാന്തം ഒരു ഹൈപ്പോതെസിസ് എന്ന നിലയില്‍ പരിഗണിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു. ഇത് പറയാന്‍ കാരണമുണ്ട്. ബെല്ലാര്‍മ്മിന്‍ പറയുന്നതായി നമ്മുടെ യുക്തിവാദികള്‍ ഫേസ് ബുക്കിലൊക്കെ ഷെയര്‍ ചെയ്തു കാണുന്ന ഈ ചിത്രം തെറ്റിദ്ധാരണാജനകമാണ്. നല്ല ഒന്നാംതരം ചെറി പിക്കിംഗ്. ബെല്ലാര്‍മ്മിന്‍ സ്വന്തം നിലയില്‍ തന്നെ ഒട്ടും മോശമല്ലാത്ത വാനനിരീക്ഷകനും, ശാസ്ത്രജ്ഞനും, അധ്യാപകനും ആയിരുന്നു. ഇത്തരം ചിത്രങ്ങള്‍ സൂചിപ്പിക്കുന്നപോലെ വെറും മൂഢനായ ഒരു മതവിശ്വാസി ആയിരുന്നില്ല. (ആ കൊടുത്തിരിക്കുന്ന വര്‍ഷവും തെറ്റാണ്. ബെല്ലാര്‍മ്മിന്‍ 1621 ല്‍ മരിച്ചുപോയിരുന്നു.)

1615 ല്‍ പൌലോ ഫോസ്ക്കാറിനി എന്നൊരു കാര്‍മലൈറ്റ് പുരോഹിതന്‍ കോപ്പര്‍നിക്കന്‍ സിദ്ധാന്തം മതവിരുദ്ധമല്ല എന്ന് വാദിച്ചുകൊണ്ട്‌ ഒരു പുസ്തകമെഴുതി. ഇതേക്കുറിച്ച് ബെല്ലാര്‍മ്മിനോട് അഭിപ്രായം ചോദിച്ച ഫോസ്ക്കാറിനിക്ക് ബെല്ലാര്‍മ്മിന്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കികൊണ്ട് ഒരു കത്തെഴുതിയിരുന്നു. (ഈ പുസ്തകവും ബെല്ലാര്‍മ്മിന്‍ അടക്കം ആരും ചാടിക്കേറി നിരോധിച്ചില്ല എന്ന് ശ്രദ്ധിക്കുക. എന്നാലും ഗലീലിയോ സംഭവത്തില്‍ പെട്ട് 1616 ല്‍ ഫോസ്ക്കാറിനിയുടെ പുസ്തകവും നിരോധിക്കപ്പെട്ടു. ഈ വിഷയത്തില്‍ ശരിക്കും നഷ്ട്ടം സംഭവിച്ചത് ഈ സാധുവിന് മാത്രമാണ്.)

ആ കത്തില്‍ ഫോസ്ക്കാറിനിയും, ഗലീലിയോയും, കോപ്പര്‍നിക്കസ്സും എല്ലാം സൌരകേന്ദ്ര സിദ്ധാന്തം ഒരു ഹൈപ്പോതെസിസ്  മാത്രമായാണ് കരുതുന്നത് എന്ന് തനിക്കു ബോധ്യമുണ്ടെന്നും, അതില്‍ ഒരു തെറ്റും പറയാനില്ല എന്നും  പറയുന്നു. (''First I say that it seems to me that your Paternity and Mr. Galileo are proceeding prudently by limiting yourselves to speaking suppositionally and not absolutely, as I have always believed that Copernicus spoke. For there is no danger in saying that, by assuming the Earth moves and the sun stands still, one saves all of the appearances better than by postulating eccentrics and epicycles; and that is sufficient for the mathematician.'')

ഗണിത ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ അത് ശരിയായ നിലപാടാണ്. എന്നാല്‍ അതാണ്‌ യാഥാര്‍ത്യം എന്ന് വാദിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുന്ന വാദമാണ്. വിശുദ്ധഗ്രന്ഥം പറയുന്നത് തെറ്റാണ് എന്ന് വരും. പുതിയ വ്യാഖ്യാനങ്ങള്‍ സാധ്യമാണെങ്കിലും സഭാപിതാക്കന്മാരുടെ പൊതുഅഭിപ്രായത്തിനു വിരുദ്ധമായുള്ള വ്യാഖ്യാനങ്ങള്‍ ത്രെന്തോസ് സൂനഹദോസ് (Council of Trent) നിരോധിച്ചിട്ടുള്ളതാണ്. അത്തരം വാദത്തെ സഭക്ക് അനുകൂലിക്കാനാവില്ല. (''Consider now, with your sense of prudence, whether the church can tolerate giving Scripture a meaning contrary to the Holy Fathers and to all the Greek and Latin commentators.'')

ഭൂമി സൂര്യനെ ചുറ്റുന്നോ ഇല്ലയോ എന്നത് വിശ്വാസത്തിന്റെ ഭാഗമല്ലെങ്കിലും പ്രവാചകന്മാരും അപ്പോസ്തലന്മാരും കള്ളം പറയില്ല എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അവര്‍ വ്യാജം പറഞ്ഞു എന്ന നിലപാട് മതദൂഷണമാണ്. ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറയുന്നത്‌ മതവിരുദ്ധമല്ല. എന്നാല്‍ ആ അഭിപ്രായത്തിലൂടെ പ്രവാചകന്മാര്‍ക്കും അപ്പോസ്തലന്മാര്‍ക്കും തെറ്റ് പറ്റി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് മതവിരുദ്ധമാണ്. (നമുക്കിത് മുടിനാരു കീറിയുള്ള വെറും കുതര്‍ക്കമായി തോന്നാം. തിയോളജിയിലും നിയമത്തിലുമൊക്കെ ഇത്  ഗൌരവമുള്ള വാദമാണ്. ശരിതെറ്റുകള്‍ തമ്മിലുള്ള വ്യത്യാസം വളരെ നേരത്താണ്. നമ്മുടെ സുപ്രീം കോടതിയിലെ ഭരണഘടനാ വ്യാഖ്യാനങ്ങളും ഇത്തരത്തിലുള്ളതാണല്ലോ.) ''Nor can one answer that this is not a matter of faith, since it is not a matter of faith ''as regards the topic', it is a matter of faith ''as regards the speaker''; and so it would be heretical to say that Abraham did not have two children and Jacob twelve, as well as to say that Christ was not born of a virgin, because both are said by the Holy Spirit through the mouth of the prophets and the apostles.''

ഈ വാചകമാണ് വളച്ചൊടിച്ച് ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറയുന്നത് യേശു കന്യാജാതനല്ല എന്ന് പറയുന്നപോലെ തെറ്റാണ് എന്നാണ് ബെല്ലാര്‍മ്മിന്‍ പറയുന്നത് എന്നാക്കിയിരിക്കുന്നത്. അത് മാത്രമല്ല, ആ അഭിപ്രായം മതദൂഷണമാണ് (heretical) എന്നാണ് ബെല്ലാര്‍മ്മിന്‍ പറയുന്നത്, ഈ ചിത്രത്തില്‍ പറയുന്നപോലെ തെറ്റാണ് (erroneous) എന്നല്ല. (ചെറി പിക്കിംഗ് യുക്തിവാദി ചെയ്താലും മോശമാണ് എന്നാണ് എന്റെ അഭിപ്രായം. അല്പം കൂടുതല്‍ മോശമാണ് എന്നുപോലും ഞാന്‍ പറയും.)

ഇനി ശരിക്കും സൂര്യനാണ് കേന്ദ്രം എന്നും ഭൂമി മൂന്നാമതായി അതിനെ ചുറ്റുന്നു എന്നും തെളിഞ്ഞാല്‍ അതിനു വിരുദ്ധമായ വേദഭാഗങ്ങള്‍ വിഖ്യാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടി വരും. വേദപുസ്തകം നമ്മള്‍ മനസ്സിലാക്കിയത് ശരിയായല്ല എന്നല്ലാതെ ശാസ്ത്രീയമായ തെളിവുകള്‍ തെറ്റാണ് എന്ന് പറയാന്‍ പറ്റില്ല. (''I say that if there were a true demonstration that the sun is at the center of the world and the earth in the third heaven, and that the sun does not circle the earth but the earth circles the sun, then one would have to proceed with great care in explaining the Scriptures that appear contrary; and say rather that we do not understand them than that what is demonstrated is false.'')

''In one respect, at least, Bellarmine had shown himself a better scientist than Galileo by disallowing the possibility of a 'strict proof of the earth's motion,' on the grounds that an astronomical theory merely 'saves the appearances' without necessarily revealing what 'really happens.'' (Pierre Duhem-  French physicist, mathematician, historian, philosopher of science)

എന്ത് തെളിവുണ്ടായാലും അത് തള്ളിക്കളഞ്ഞ് പഴയ വ്യാഖ്യാനങ്ങളില്‍ തന്നെ പിടിച്ചുതൂങ്ങാനൊന്നുമല്ല ബെല്ലാര്‍മ്മിന്‍ പറയുന്നത്. അങ്ങനെ വന്നാല്‍ ശാസ്ത്രീയമായ തെളിവ് അംഗീകരിച്ചുകൊണ്ട്, വേദപുസ്തകം മനസ്സിലാക്കുന്നതില്‍ നമുക്ക് പിഴവ് പറ്റിയിരിക്കുന്നു എന്ന് കരുതാനാണ്‌. ഇതിലും ശാസ്ത്രീയമായ എന്ത് നിലപാടാണ് എടുക്കാന്‍ സാധിക്കുക? ഇവിടെ ഗലീലിയൊയെക്കാള്‍ മികച്ച ശാസ്ത്രജ്ഞന്‍ ശരിക്കും ബെല്ലാര്‍മ്മിനാണ് എന്ന് പറയേണ്ടി വരും. തന്റെ അറിവില്‍ സൂര്യകേന്ദ്ര സിദ്ധാന്തം സത്യമാണെന്ന് കരുതാന്‍ മതിയായ തെളിവൊന്നും ഇല്ല എന്നദേഹം പറയുന്നു. സൂര്യനെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നത് ഗണിത ക്രീയകള്‍ എളുപ്പമാക്കും എന്നത് സൂര്യന്റെ സ്ഥാനം ശരിക്കും പ്രപഞ്ചകേന്ദ്രത്തിലാണ് എന്നതിന് മതിയായ തെളിവല്ല. അത്തരമൊരു അവസ്ഥയില്‍ സ്റ്റാറ്റസ്സ് കോ നിലനിര്‍ത്തി സഭാപിതാക്കന്മാരുടെ അഭിപ്രായം പിന്തുടരുന്നത് തന്നെയാണ് ശരി. (''Nor is it the same to demonstrate that by supposing the sun to be at the center and the earth in heaven one can save the appearances, and to demonstrate that in truth the sun is at the center and the earth in the heaven; for I believe the first demonstration may be available, but I have very great doubts about the second, and in case of doubt one must not abandon the Holy Scripture as interpreted by the Holy Fathers.'')  

ബെല്ലാര്‍മ്മിന്‍ പറയുന്നത് ഇത്രയേ ഉള്ളൂ. ശരിക്കും സൂര്യനാണ് കേന്ദ്രം എന്നും ഭൂമി അതിനെ ചുറ്റുകയുമാണ് എന്ന് തെളിഞ്ഞാല്‍ നമ്മള്‍ വേദപുസ്തകം മനസ്സിലാക്കിയത് തെറ്റിപ്പോയി എന്ന് സമ്മതിച്ചുകൊണ്ട് വേദപുസ്തക വ്യാഖ്യാനം തിരുത്താം. (അതിന് അധികാരപ്പെട്ടവര്‍ക്ക്.) അല്ലാതെ പ്രവാചകന്മാര്‍ക്ക് തെറ്റു പറ്റി എന്ന് പറഞ്ഞ് ആരെങ്കിലും കേറി തിരുത്താന്‍ പാടില്ല. (ഗലീലിയോ ചെയ്തത് അതാണ്‌.)

ഗലീലിയോയെ സംബന്ധിച്ചിടത്തോളം1616 ലെ സംഭവം ഒരു ഭാഗികവിജയം മാത്രമായിരുന്നു എങ്കിലും (സഭ തന്റെ പുതിയ ബൈബിള്‍ വ്യാഖ്യാനം അംഗീകരിക്കും എന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നോ?) അദ്ദേഹത്തിന് നീതി കിട്ടി എന്നാണ് എനിക്ക് തോന്നുന്നത്. അന്നത്തെ നിലയില്‍ ഒരു ഹൈപ്പോതെസിസ് മാത്രമായ സൂര്യകേന്ദ്ര സിദ്ധാന്തം ഹൈപ്പോതെസിസ് ആയി തന്നെ പഠിപ്പിക്കാന്‍ അനുവാദം കിട്ടി.

കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടു പോകുന്നു. (ഇതിനിടയില്‍ ചില വാല്‍നക്ഷത്രങ്ങളുടെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട് ബെനഡിക്ടന്‍ പാതിരികളുമായി ശണ്ഠയുണ്ടാക്കി. ''ദി അസ്സയര്‍'' എന്ന പുസ്തകത്തില്‍ അവരെ പരിഹസിച്ചുകൊണ്ട്‌ എഴുതി അവരുടെയും ശത്രുത സമ്പാദിച്ചു. രസമെന്താന്നു വച്ചാല്‍ ഈ പുസ്തകത്തില്‍ വാല്‍നക്ഷത്രങ്ങളെപ്പറ്റി ഗലീലിയോ എഴുതിയതും പൊട്ടതെറ്റായിരുന്നു.) ''പ്രപഞ്ചത്തെക്കുറിച്ച്, അത് രചിക്കപ്പെട്ടിരിക്കുന്നത്‌ ഗണിതസമവാക്യങ്ങളിലാണ്'' (It is written in the language of mathematics) എന്ന പ്രസിദ്ധ വാക്യം ഈ പുസ്തകത്തില്‍നിന്നാണ്. (ആടുതോമ്മായുടെ തന്ത മ്മടെ ചാക്കോ മാഷ്‌ ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ് എന്ന് പറഞ്ഞത് ഇത് കോപ്പിയടിച്ചതാ. ഗലീലിയോ വലിയ പ്രപഞ്ചത്തെക്കുറിച്ചു പറഞ്ഞത് ഈ മാഷ്‌  വെറും ഭൂഗോളത്തെ എന്ന് ചുരുക്കി നശിപ്പിച്ചു.:-))

1624 ല്‍ ഗലീലിയോയുടെ സുഹൃത്തായ കര്‍ദിനാള്‍ മാഫിയോ ബാര്‍ബറിനി അര്‍ബന്‍ എട്ടാമന്‍ എന്ന പേരില്‍ മാര്‍പാപ്പയായി. ഗലീലിയോ വത്തിക്കാനില്‍ വളരെ സ്വാധീനമുള്ള വ്യക്തിയായി. അരിസ്റ്റോട്ടില്‍-ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തവും കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തവും താരതമ്യം ചെയ്ത് ഒരു ഗ്രന്ഥമെഴുതാന്‍ ഗലീലിയോക്ക് മാര്‍പാപ്പയില്‍ നിന്ന് അനുവാദം ലഭിച്ചു. പക്ഷഭേദമില്ലാതെ രണ്ട് മാതൃകകളും വിവരിക്കണം, ഭൂകേന്ദ്രസിദ്ധാന്തത്തെക്കുറിച്ച് തന്റെ വാദങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തണം ഇതായിരുന്നു മാര്‍പാപ്പയുടെ നിര്‍ദേശം.'രണ്ട്‌ മുഖ്യ പ്രപഞ്ച സംവിധാനങ്ങളെക്കുറിച്ചുള്ള സംവാദം' (Dialogue on the Two Chief World Systems) എന്ന ഗ്രന്ഥം ഗലീലിയോ പൂര്‍ത്തിയാക്കി. ടോളമിയുടെ മാതൃകയെ അനുകൂലിക്കുന്ന സിംപ്ലിസിയോ, കോപ്പര്‍നിക്കസിന്റെ പ്രപഞ്ചമാതൃക അനുകൂലിക്കുന്ന സാല്‍വിയാറ്റി, ഇവരുടെ ചര്‍ച്ചയില്‍ മധ്യസ്ഥനായി സാഗ്രെഡോ, ഇവര്‍ തമ്മിലുള്ള സംഭാഷണം എന്ന രീതിയിലാണ് പുസ്തകത്തിലെ വാദങ്ങള്‍ ക്രമീകരിച്ചിരുന്നത്.

മാര്‍പാപ്പയുടെ ഔദ്യോഗിക സെന്‍സറും ഒരു ഡൊമിനിക്കന്‍ പുരോഹിതനുമായ നിക്കോലോ റിക്കാര്‍ഡി പുസ്തകം പരിശോധിച്ച ശേഷം പ്രസിദ്ധീകരിക്കാന്‍ അനുവാദം കൊടുത്തു. പതിവുപോലെ ഈ പുസ്തകത്തിലും സൂര്യകളങ്കങ്ങളുടെ കണ്ടുപിടുത്തം സംബന്ധിച്ച് ജസ്യൂട്ട് പാതിരിയായ ക്രിസ്‌റ്റഫര്‍ ഷീനറുമായുള്ള പഴയ വിരോധം വച്ച് അദ്ദേഹത്തെ പരിഹസിച്ച് ജെസ്യൂട്ടുകളുടെ ശത്രുത വര്‍ദ്ധപ്പിച്ചു. പക്ഷേ ഇത്തവണ മറ്റൊരു വലിയ ശത്രുവിനെ കൂടെ ഗലീലിയോ ഉണ്ടാക്കി. സുഹൃത്തും സംരക്ഷകനുമായ മാര്‍പാപ്പയെതന്നെ. ഭൂകേന്ദ്രസിദ്ധാന്തത്തെക്കുറിച്ച് മാര്‍പാപ്പക്കുണ്ടായിരുന്ന വാദങ്ങള്‍ ഗലീലിയോ തന്റെ പുസ്തകത്തില്‍, ഗണിതശാസ്ത്രത്തിലൊന്നും വലിയ പിടിയില്ലാത്ത സിംപ്ലിസിയോ എന്ന കഥാപാത്രത്തിന്റെ വായിലാണ് തിരുകിയത്. ഇറ്റാലിയന്‍ ഭാഷയില്‍ സിംപ്ലിസിയോ എന്നാല്‍ വിഡ്ഢി എന്നാണര്‍ത്ഥം. കോപ്പര്‍നിക്കസ്‌ മാതൃക ഒരു അനുമാനം മാത്രമാണെന്ന്‌ പുസ്‌തകത്തില്‍ ചേര്‍ക്കാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നതും സിംപ്ലിസിയോ പറയുന്നതായാണ് ചേര്‍ത്തത്. തര്‍ക്കത്തിലെ മധ്യസ്ഥന്‍ പറയേണ്ടിയിരുന്ന കാര്യം ഭൂകേന്ദ്രസിദ്ധാന്തത്തെ അനുകൂലിക്കുന്ന ആള്‍ തന്നെ, അതും ഒരു വിഡ്ഢി പറയുന്നത് എങ്ങനെ ശരിയാകും? ഇതൊക്കെ മാര്‍പാപ്പക്ക് നീരസമുണ്ടാക്കി. ഇത് ഗലീലിയോ മനഃപ്പൂര്‍വ്വം ചെയ്താണെന്നും അല്ലെന്നും രണ്ടു പക്ഷമുണ്ട്. (ഒന്നും പറയാന്‍ പറ്റില്ല. വെറുതെയിരിക്കുന്നവന്റെ അണ്ണാക്കിലിട്ടു കുത്തി കടി മേടിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരം സ്വഭാവമാണല്ലോ.) പക്ഷേ ഗലീലിയോവിനെ വീണ്ടും വിചാരണ ചെയ്യാനുള്ള ഏറ്റവും പ്രധാന കാര്യം ഇതൊന്നുമല്ലായിരുന്നു എന്ന് പുതിയ ചരിത്രകാരന്മാര്‍ പറയുന്നു.

ഇവിടെ അക്കാലത്തെ വത്തിക്കാന്‍ രാഷ്ട്രീയം കൂടി പറയേണ്ടതുണ്ട്. പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിലുള്ള മുപ്പതു വര്‍ഷ യുദ്ധം (thirty years war) കൊടുമ്പിരി കൊണ്ട കാലമാണത്. പ്രൊട്ടസ്റ്റന്റ് പക്ഷമായ സ്വീഡന്‍ കത്തോലിക്കരായ ഫ്രാന്‍സിന്റെ സഹായത്തോടെ റോമന്‍ ചക്രവര്‍ത്തിയായ ഫെര്‍ഡിനാന്റ്  ഒന്നാമനെതിരെ തിരിഞ്ഞപ്പോളും മാര്‍പാപ്പ ഫ്രാന്‍സിനെ തുടന്നും പിന്തുണച്ചു. ഇത് സ്പെയിനിലെ കര്‍ദ്ദിനാള്‍മാര്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല. അവര്‍ മാര്‍പാപ്പക്കെതിരെ കലാപക്കൊടി ഉയര്‍ത്തി. മാര്‍പാപ്പ വിശ്വാസ ശത്രുക്കളുടെ പക്ഷത്താണ്. അദ്ദേഹത്തിന്  ക്രിസ്തുമതത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. സ്പാനിഷ് കര്‍ദ്ദിനാള്‍ ഗാസ്പര്‍ ഡി ബോര്‍ഗിയ കൌണ്‍സില്‍ വിളിച്ചുകൂട്ടി മാര്‍പ്പാപ്പക്ക് മതത്തെ സംരക്ഷിക്കാനുള്ള കഴിവും മനസ്സും ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. അര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പയുടെ അധികാരത്തിനും ജീവനും വരെ ഭീഷണി ഉയര്‍ന്ന ഈ സമയത്താണ് ഗലീലിയോയുടെ പുസ്തകം വരുന്നത്. ഗലീലിയോയുമായുള്ള സുഹൃത്ത് ബന്ധത്തേക്കാള്‍ പ്രധാനം സ്വന്തം ജീവനും അധികാരവുമായി.

മാര്‍പാപ്പ താന്‍ കത്തോലിക്കാ വിശ്വാസത്തിന്റെ സംരക്ഷകനാണ് എന്ന് പൊതുജന സമക്ഷം തെളിയിക്കാന്‍ നിര്‍ബന്ധിതനായി. അടിയന്തിരമായി ഒരു ബലിയാടിനെ വേണ്ടിയിരുന്നു. അതിന് ഗലീലിയോയെക്കാള്‍ മികച്ച ഒരാളെ കിട്ടാനില്ല. യൂറോപ്പിലെങ്ങും പ്രശസ്തന്‍, പിസ സര്‍വ്വകലാശാലയിലെ മുഖ്യഗണിതശാസ്‌ത്രജ്ഞന്‍, ടസ്കനിയിലെ ആസ്ഥാനശാസ്‌ത്രജ്ഞന്‍, പ്രസിദ്ധമായ ലൈസീന്‍ അക്കാഡമിയിലെ അംഗം, സര്‍വ്വോപരി തന്റെ ഉറ്റ സുഹൃത്തും ആശ്രിതനും. അത്തരമൊരു പ്രമാണിയെപോലും മതത്തിനു വേണ്ടി വിചാരണ ചെയ്യാനും, അതിന്റെ നന്മക്കായി കഠിനമായി ശിക്ഷിക്കാനും തനിക്ക് ഒരു മടിയുമില്ല എന്ന് എല്ലാവര്‍ക്കും കാണിച്ചുകൊടുക്കാനുള്ള സുവര്‍ണ്ണാവസരം. അങ്ങനെ ഗലീലിയോക്കെതിരെ1633 ല്‍ മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം രണ്ടാമത്തെ കുറ്റവിചാരണ നടക്കുന്നു.1616 ലെ വിചാരണയിലെ ഉത്തരവ് പുതിയ പുസ്തകം എഴുതുക വഴി അദ്ദേഹം ലംഘിച്ചു എന്നായിരുന്നു കുറ്റം.

വിചാരണക്കിടെ ചില ചതികള്‍ നടന്നതായാണ് സംശയിക്കപ്പെടുന്നത്.1616 ലെ ആദ്യ വിചാരണയില്‍ ഒരു ഹൈപ്പോതെസിസ് ആയി പോലും കോപ്പര്‍നിക്കന്‍ സിദ്ധാന്തം ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നായിരുന്നു വിധി എന്ന് കാണിക്കുന്ന ഒരു രേഖ സമര്‍പ്പിക്കപ്പെട്ടു. അന്നത്തെ വിചാരണയുടെ തലവനായിരുന്ന ബെല്ലാര്‍മ്മിന്റേയോ ഗലീലിയോയുടെയോ ഒപ്പോ സീലോ ഇല്ലാത്തത്. (അത് ശത്രുക്കള്‍ കൃത്രിമമായി സൃഷ്ടിച്ചതാണ് എന്നാണ് അനുമാനം.) അത്തരമൊരു രേഖ ഇല്ലായിരുന്നു എന്നും താന്‍ അത് കണ്ടിട്ടേയില്ല എന്നും ഗലീലിയോ ആണയിടുന്നു. ഹൈപ്പോതെസിസ് എന്ന രീതിയില്‍ കോപ്പര്‍നിക്കന്‍ സിദ്ധാന്തം പഠിപ്പിക്കാന്‍ തനിക്ക് അനുവാദം കിട്ടിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് അത് തെളിയിക്കുന്ന ബെല്ലാര്‍മ്മിന്റെ കത്തും ഗലീലിയോ ഹാജരാക്കുന്നു.

ബെല്ലാര്‍മ്മിന്റെ കത്തിന്റെ വെളിച്ചത്തിലും ആദ്യ വിചാരണയില്‍ നടപടിക്രമങ്ങളിലെ പാളിച്ചകള്‍ ബോധ്യപ്പെട്ടതുകൊണ്ടും (ബെല്ലാര്‍മ്മിന്റേയും ഗലീലിയോയുടെയും ഒപ്പില്ലാത്ത രേഖ) ഒരു ഒത്തുതീര്‍പ്പ് നിര്‍ദേശിക്കപ്പെടുന്നു. (ഇന്‍ക്വിസിഷന്‍ കമ്മിഷണര്‍ ഒരു ദിവസം നേരിട്ട് ഗലീലിയോയുമായി രഹസ്യമായി സംസാരിക്കുന്നു. ശരിക്കും ഒതുതീര്‍പ്പ് വ്യവസ്ഥകള്‍ എന്തായിരുന്നു എന്ന് ഒരിക്കലും ലോകം അറിയില്ല. ആ സംഭാഷണത്തേക്കുറിച്ച് ഒരു രേഖയുമില്ല.) ഗലീലിയോ താരതമ്യേന ലഘുവായ, കോപ്പര്‍നിക്കന്‍ ആശയത്തെ പിന്തുണച്ചു എന്ന കുറ്റം സമ്മതിച്ചാല്‍ മതകോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചു എന്ന കൂടുതല്‍ ഗൌരവമുള്ള കുറ്റം ഒഴിവാക്കാം.

ഏറ്റവും നിസ്സാരമായതും ഏറ്റവും ഗൌരവമുള്ളതുമായ മതദൂഷണങ്ങളുടെ ഇടയിലുള്ള ഒരു ഇടത്തരം കുറ്റമായ ''മതനിന്ദ ചെയ്തതായി ശക്തമായ സംശയം'' (vehement suspicion of heresy) ഗലീലിയോ ചെയ്തതായി മതകോടതി വിധിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും, ഭാവിയില്‍ എഴുതിയേക്കാവുന്നതടക്കം നിരോധിക്കുന്നു, ജീവപര്യന്തം തടവു ശിക്ഷയും വിധിക്കുന്നു. വിവാദ പുസ്തകം സെന്‍സര്‍ ചെയ്ത ഫാദര്‍ റിക്കാര്‍ഡിയെ സ്ഥാനത്തു നിന്ന് പുറത്താക്കുന്നു. ഗലീലിയോ താന്‍ മനഃപ്പൂര്‍വ്വമല്ലാതെ, വായനക്കാര്‍ക്ക് കോപ്പര്‍നിക്കന്‍ സിദ്ധാന്തം സത്യമാണ് (ഹൈപ്പോതെസിസ് അല്ല) എന്ന ധാരണയുണ്ടാകുന്ന വിധത്തില്‍ എഴുതാനിടയായി എന്ന് കുറ്റസമ്മതം നടത്തുന്നു. തെറ്റായ വിശ്വാസങ്ങള്‍ ഉപേക്ഷിക്കുന്നതായി വേദഗ്രന്ഥത്തില്‍ തൊട്ട് പ്രതിജ്ഞ (Abjuration) ചെയ്യുന്നു. ''എന്നാലും അത് ചലിക്കുന്നുണ്ട്'' (Eppur si muove) എന്ന് അദ്ദേഹം പതുക്കെ പറഞ്ഞതായി ഒരു കഥയുണ്ട്. (അതും ഒരു മിത്താണ്. എല്ലാ മതം v/s ശാസ്ത്രം മിത്തുകളെയും പോലെ ഈ കഥയും പതിനെട്ടാം നൂറ്റാണ്ടിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്.)

ഇന്‍ക്വിസിഷന്റെ വിധിയും ഗലീലിയോ സഭയോട് മാപ്പപേക്ഷിച്ചതും (Abjuration) യൂറോപ്പിലെങ്ങും ഇടവകകള്‍ തോറും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മാര്‍പ്പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു അത്. ഗലീലിയോ സംഭവം ക്രിസ്ത്യാനികള്‍ ആരും അറിയാതെ പോകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്ന പോലെ. എതിരാളി എത്ര ഉന്നതനായാലും തന്റെ സ്വന്തകാരനായാല്‍ പോലും ക്രൈസ്തവ വിശ്വാസത്തെ താന്‍ സംരക്ഷിക്കും എന്ന് അങ്ങനെ മാര്‍പാപ്പ ലോകത്തിനു കാണിച്ചു കൊടുത്തു. സൂത്രം വിജയിച്ചു എന്നു വേണം കരുതാന്‍. അര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പ പിന്നെയും പതിനൊന്നു വര്‍ഷം കൂടി അധികാരത്തിലിരുന്നു.

അങ്ങനെ ഗലീലിയോ കത്തോലിക്കാ സഭയുടെ തടവറയില്‍ കിടന്നു നരകിച്ചു. ഇതാണല്ലോ നമ്മള്‍ വിശ്വസിക്കുന്ന കഥ. എന്നാല്‍ കഥ കഴിഞ്ഞിട്ടില്ല. മാര്‍പാപ്പ ഗലീലിയോയെ കൈവിട്ടില്ല. ശിക്ഷിക്കപ്പെട്ടു എന്ന് ലോകം അറിയണമെന്നല്ലാതെ അദ്ദേഹം ശരിക്കും ശിക്ഷ അനുഭവിക്കണം എന്നൊന്നും മാര്‍പാപ്പക്ക് ഇല്ലായിരുന്നു. ഇക്വിസിഷന്‍ കൊട്ടാരത്തില്‍ അവര്‍ക്ക് തോന്നുന്നത്ര കാലം തടവു ശിക്ഷ എന്നാണ് വിധിയില്‍ പറയുന്നെതെങ്കിലും, (''We condemn you to formal imprisonment in this holy office at our pleasure.'') ശിക്ഷ വിധിച്ച് രണ്ട് ദിവസത്തിനു ശേഷം ഗലീലിയോവിനെ റോമിലെ മെഡിസിയുടെ കൊട്ടാരത്തിലേക്ക് മാറ്റി. ഒരാഴ്ചക്കുശേഷം സിയെന്നയില്‍ ഗലീലിയോവിന്റെ സുഹൃത്തായ ആര്‍ച്ച് ബിഷപ്പ് പിക്കോളോമിനിയുടെ ഔദ്യോഗിക വസതിയില്‍. അവിടെ ''വീട്ടുതടങ്കല്‍'' എന്നായിരുന്നു പുറമേ അറിഞ്ഞതെങ്കിലും കവികളും, ശാസ്ത്രജ്ഞരും, പാട്ടുകാരും മറ്റു സന്ദര്‍ശകരുമൊക്കെയായി സുഖജീവിതമായിരുന്നു. പിക്കോളോമിനി ഗലീലിയോക്ക് തന്റെ പഠനങ്ങള്‍ തുടരാന്‍ എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുത്തു.

ഫ്രഞ്ച് കവിയായ സൈന്റ്റ്‌ അമാന്റ്റ് അവിടെ ഗലീലിയോയെ സന്ദര്‍ശിച്ചപ്പോള്‍ പട്ടു നീരാളങ്ങള്‍ കൊണ്ട് അലങ്കരിച്ച് കൊത്തുപണികളാല്‍ അലംകൃതമായ ഫര്‍ണിച്ചറുകള്‍ നിറഞ്ഞ ഗലീലിയോയുടെ ആഡംഭര മുറിയില്‍ ആര്‍ച് ബിഷപ്പുമായി സംസാരിച്ചിരിക്കുന്ന ഗലീലിയോയെ വിവരിക്കുന്നുണ്ട്. ഒടുവില്‍ ഗലീലിയോയുടെ ഈ ഫൈവ് സ്റ്റാര്‍ തടവുജീവിതം പരാതിയായി. (പതിവുപോലെ ഇവിടെയും അദ്ദേഹത്തിന്റെ  കൈയ്യിലിരുപ്പും കാരണമായിട്ടുണ്ട്. അവിടെയും ചുമ്മാ ശത്രുക്കളെ ഉണ്ടാക്കി. പിക്കോളോമിനിയുടെ കൊട്ടാരത്തില്‍ വച്ച് ഫ്രാന്‍സിസ്കോ പെലാങ്കി എന്നൊരു പുരോഹിതനുമായി അരിസ്റ്റോട്ടിലിയന്‍ തത്വശാസ്ത്രത്തെക്കുറിച്ചു തര്‍ക്കിച്ചു ശണ്ഠയുണ്ടാക്കി. ബഹളം അവസാനിപ്പിക്കാന്‍ ആര്‍ച്ച് ബിഷപ്പ് പിക്കോളോമിനി ഇടപെട്ട് ഫാദര്‍ പെലാങ്കിയെ കൊട്ടരത്തില്‍നിന്നു വിലക്കി. ഇവരൊക്കെ പിന്നെ വെറുതെയിരിക്കുമോ?)

അങ്ങനെ അഞ്ച് മാസത്തിനു ശേഷം1642 ല്‍ മരണം വരെയുള്ള എട്ടു വര്‍ഷം ഫ്ലോറന്‍സിലെ സ്വന്തം വസതിയില്‍ തന്നെയായിരുന്നു ''വീട്ടുതടങ്കല്‍‍''. (ഇടയ്ക്കു് 1638ല്‍  സഭയുടെ അനുവാദത്തോടെ ഒരിക്കല്‍ പുറത്തു പോയിട്ടുണ്ട്. പുതിയ പുസ്തകമായ Discourses on two new sciences ന്റെ അച്ചടിയുമായി ബന്ധപ്പെട്ട്. ഇനി പുസ്തകമൊന്നും എഴുതരുത് എന്ന് ശിക്ഷാവിധിയില്‍ ഉണ്ടായിരുന്നെങ്കിലും പുസ്തകം എഴുതിയതോ, അത് രഹസ്യമായി അച്ചടിക്കാന്‍ ശ്രമിക്കുന്നതോ സഭ അറിഞ്ഞതായി നടിച്ചില്ല. കൈയെഴുത്തു പ്രതി രഹസ്യമായി അധികാരികള്‍ അറിയാതെ ഇറ്റലിക്കു പുറത്തു കടത്തി എന്നാണ് ഗലീലിയോ ഫാന്‍സ്‌ പ്രചരിപ്പിക്കുന്നത്. അധികാരികള്‍ അറിയാതെയാണെങ്കിലും, അതല്ല അറിഞ്ഞിട്ട് അത് കാര്യമാക്കാതിരുന്നതാണെങ്കിലും എത്ര അലസമായാണ് ആദേഹത്തിന്റെ വീട്ടുതടങ്കല്‍ അവര്‍ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാകും. പുസ്തകം പുറത്തു വന്ന ശേഷവും അതെക്കുറിച്ച് ചോദ്യങ്ങളൊന്നും ഉണ്ടായുമില്ല.)

സ്വവസതിയിലെ തടവില്‍ പേരിന് കാവല്‍ക്കാരന്‍ ഒക്കെ ഉണ്ടെങ്കിലും അതൊക്കെ ഒരു വകയായിരുന്നു. അല്പം അകലെയുള്ള കോണ്‍വെന്റില്‍ കന്യാസ്ത്രീയായ മകളെ ഇഷ്ട്ടപ്രകാരം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. വീട്ടില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതിനും കഴിഞ്ഞിരുന്നു. തത്വ ചിന്തകനായ തോമസ്‌ ഹോബ്സും കവിയായ ജോണ്‍ മില്‍ട്ടണും അങ്ങനെ തടവറയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച രണ്ടു പ്രശസ്തരാണ്. 1636 ഓടെ അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു തുടങ്ങി. രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും അന്ധനായി. ഹെര്‍ണിയ, ആര്‍ത്രൈറ്റിസ് മുതലായ രോഗങ്ങള്‍ വേറെയും. സഭ തന്നെ വിന്‍സെന്‍സിയോ വിവിയാനി എന്ന ശിഷ്യനെ സഹായത്തിന് ഏര്‍പ്പാടാക്കിക്കൊടുത്തിരുന്നു. ഒടുവില്‍ 1642 ല്‍ മരണം. 

അപ്പോള്‍ ഇതാണ് ഗലീലിയോ സഭയില്‍നിന്ന് അനുഭവിച്ചതായി പറയുന്ന പീഡനം. സ്വന്തം ആരോഗ്യസ്ഥിതിയുടെ പരിമിതിയല്ലാതെ ശിക്ഷ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ കാര്യമായൊന്നും ബാധിച്ചില്ല എന്നതാണ് സത്യം. രോഗപീഢയും അന്ധതയും മൂലം വിഷമിക്കുന്ന ഏതൊരു വൃദ്ധനേക്കാളും സുഖമായിട്ടായിരുന്നു ഗലീലിയോവിന്റെ തടവുജീവിതം.

കഥകളില്‍ പറഞ്ഞുകേള്‍ക്കുന്നപോലെ ഗലീലിയോ ഒരു ദിവസം പോലും തടവറയില്‍ കഴിഞ്ഞിട്ടില്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് വിചാരണവേളയിലെങ്കിലും തടവറയില്‍ കിടന്നിട്ടുണ്ടോ (അതാണ്‌ അക്കാലത്തെ സാധാരണ പതിവ്) അല്ലെങ്കില്‍ ശാരീരികമായി പീഢിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു നോക്കാം. അദ്ദേഹത്തിന്റെ വിചാരണ രേഖകളില്‍ ചോദ്യം ചെയ്തതിന്റെ വിശദംശങ്ങളുണ്ട്. ''Because we did not think you had said the whole truth about your intention, we deemed it necessary to proceed against you by a rigorous examination.'' എന്ന് കാണാം. ''rigorous examination'' എന്നാല്‍ മൂന്നാം മുറ എന്നുതന്നെയാണര്‍ത്ഥം. അപ്പോള്‍ അദ്ദേഹത്തിന് തടവ്‌ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടില്ലെങ്കിലും മൂന്നാം മുറ അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവും. അത്രയ്ക്ക് പീഢനമെങ്കിലും സഭ ചെയ്തിട്ടുണ്ടാകും. ഉവ്വോ?

1633 ഫെബ്രുവരി 13 നാണ് ഗലീലിയോ വിചാരണക്കായി റോമിലെത്തുന്നത്. ഏപ്രില്‍ 12 നാണ് അദ്ദേഹത്തെ ആദ്യമായി ചോദ്യം ചെയ്യുന്നത്. അതുവരെയുള്ള ദിവസങ്ങള്‍ അദ്ദേഹം ടസ്കന്‍ എംബസിയിലാണ് താമസിച്ചത് എന്നതിന് രേഖകളുണ്ട്. ഏപ്രില്‍ 12 മുതല്‍ തുടര്‍ന്നുള്ള പതിനെട്ടു ദിവസങ്ങള്‍ ഇന്‍ക്വിസിഷന്‍ കൊട്ടാരത്തില്‍ ചോദ്യം ചെയ്യലിനു വിധേയനായി കഴിയുമ്പോള്‍ പ്രോസിക്യൂട്ടറുടെ ഭവനത്തില്‍ തന്നെ ഒരു സഹായിയോടൊപ്പമാണ് താമസിച്ചത്. ഭക്ഷണം ടസ്കന്‍ എംബസിയില്‍നിന്നു കൊണ്ട് വരും. (സാധാരണ ഈ ദിവസങ്ങളിലൊക്കെ കുറ്റാരോപിതന്‍ തടവറയിലായിരിക്കും. ഗലീലിയോക്ക് അവിടെയും സ്പെഷല്‍ പരിഗണന ലഭിച്ചു.) ഏപ്രില്‍ 30 ന് രണ്ടാമത്തെ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം എംബസിയിലേക്ക് തിരിച്ചു പോയി അന്‍പത്തൊന്നു ദിവസം അവിടെ കഴിഞ്ഞു. ഇടയ്ക്കു മെയ്‌ പത്തിന് വീണ്ടും മൂന്നാമത്തെ ചോദ്യം ചെയ്യലിനെത്തി. ജൂണ്‍ ഇരുപതൊന്നിനാണ് കര്‍ശനമായ ചോദ്യം ചെയ്യല്‍ (''rigorous examination'') നടക്കുന്നത്. പിറ്റേ ദിവസം ജൂണ്‍ ഇരുപത്തിരണ്ടിനായിരുന്നു വിധി പ്രസ്താവവും അദ്ദേഹത്തിന്റെ  കുറ്റസമ്മത പ്രതിജ്ഞയും.

ഗലീലിയോ പീഡനത്തിന് (''rigorous examination'') വിധേയനായിട്ടില്ല എന്ന് കരുതാന്‍ കാരണങ്ങളുണ്ട്. വയസ്സന്മാരെയും ( ഗലീലിയോക്ക് അപ്പോള്‍ 69 വയസ്സ്.) രോഗികളെയും, കുട്ടികളെയും, ഗര്‍ഭിണികളായ സ്ത്രീകളെയും മൂന്നാം മുറയില്‍നിന്ന് ഇന്‍ക്വിസിഷന്‍ ഒഴിവാക്കാറുണ്ട്. പുരോഹിതരെയും പീഡനത്തില്‍നിന്നു ഒഴിവാക്കാറുണ്ട്. ഗലീലിയോ ചെറുപ്പത്തില്‍ പുരോഹിതനാകാന്‍ പഠിച്ചതാണ്. പുരോഹിതര്‍ക്കുള്ള ഒരു പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടി 1631ല്‍ അദ്ദേഹം പുരോഹിതരുടെ മുടിവെട്ട് (clerical tonsure) സ്വീകരിച്ചിരുന്നു. പിന്നെ അവസാനത്തെ ഭക്ഷണം കഴിഞ്ഞ് പത്തു മണിക്കൂര്‍ കഴിയാതെ മൂന്നാം മുറ പ്രയോഗിക്കാന്‍ പാടില്ല. ഗലീലിയോയുടെ കാര്യത്തില്‍ അങ്ങനെ ഒരു ടൈം ഗ്യാപ്പ് ഉണ്ടായിട്ടില്ല എന്ന് രേഖകള്‍ കാണിക്കുന്നു‍. ശാരീരിക ദണ്ഡനം ശിക്ഷയായി കൊടുക്കാവുന്ന ഗൌരവമുള്ള കുറ്റങ്ങള്‍ക്കല്ലാതെ മൂന്നാം മുറ പാടില്ല എന്നും നിയമമുണ്ട്. ഗലീലിയോക്ക് മേല്‍ ചുമത്തിയത് ശാരീരിക ദണ്ഡന കിട്ടാവുന്നത്ര ഗൌരവമുള്ള കുറ്റമല്ല.

അന്നത്തെ സാധാരണ പീഡനമുറ ''torture of the rope '' എന്നറിയപ്പെടുന്ന പരിപാടിയാണ്. കൈകള്‍ പുറകില്‍ കെട്ടി കയറുപയോഗിച്ചു മുകളിലേക്കു പൊക്കും. പരമാവധി ഒരു മണിക്കൂര്‍ മാത്രം എന്നാണ് കണക്ക്. (നമ്മുടെ പോലിസ് സ്റ്റേഷനിലെ ഗരുഡന്‍ തൂക്കം പോലെ. നമ്മുടെ സ്റ്റേഷനില്‍ അങ്ങനെ ഒരു മണിക്കൂര്‍ എന്ന കണക്കൊക്കെ ഉണ്ടോ എന്നറിയില്ല. ഇവര്‍ക്ക് എല്ലാത്തിനും കണക്കും കാര്യങ്ങളുമൊക്കെ ഉണ്ട്. പ്രതി ഉണ്ടാക്കുന്ന ഓരോ ശബ്ദവും ഞെരുക്കവും കരച്ചിലും വരെ രേഖപ്പെടുത്തണം എന്നാണു നിയമം.) ഗലീലിയോയുടെ കാര്യത്തില്‍ അങ്ങനെ രേഖകളൊന്നും ഇല്ല.

തീര്‍ച്ചയായും ഈ നിയമങ്ങള്‍ പാലിക്കാതിരിക്കാനും വളച്ചൊടിക്കാനും കഴിയുമെങ്കിലും അറുപത്തൊന്‍പതു വയസ്സുള്ള അദ്ദേഹത്തെ ഇങ്ങനെ തൂക്കിയിരുന്നെങ്കില്‍ ഒരു കുഴപ്പവുമില്ലാതെ പിറ്റേന്ന്   ഇന്‍ക്വിസിഷനു മുന്നില്‍ ഹാജരാകാന്‍ പറ്റില്ലല്ലോ. അദ്ദേഹത്തിന് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളതായി രേഖപ്പെടുത്തീട്ടുമില്ല. ഒരുപക്ഷേ മൂന്നാം മുറ പ്രയോഗിക്കും എന്ന് ഭീഷണിപ്പെടുത്തിയിരിക്കാം. (അതും കുറ്റം സമതിപ്പിക്കാനുള്ള അന്നത്തെ ഒരു അംഗീകൃത വഴിയാണ്. പീഡന ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുക, അത് പ്രയോഗിക്കാന്‍ പോകുന്നതായി ഭാവിക്കുക ഒക്കെ) അങ്ങനെയെങ്കില്‍ പരമാവധി വന്നാല്‍ മാനസിക പീഡനം മാത്രമേ സഭയുടെ പേരില്‍ ആരോപിക്കാനാവൂ.

കര്‍ശനമായി ചോദ്യം ചെയ്തു (''rigorous examination''), ജീവപര്യന്തം തടവിന് ശിക്ഷിച്ചു എന്നൊക്കെ രേഖയിലാക്കി പരസ്യപ്പെടുത്തിയത് നേരത്തെ കണ്ടപോലെ മാര്‍പാപ്പ സ്വന്തം മുഖം രക്ഷിക്കാന്‍ ചെയ്തതാണ് എന്ന് അനുമാനിക്കുകയാവും ശരി. ഗലീലിയോ സംഭവം മതവും ശാസ്ത്രവും തമ്മിലുള്ള ബലപരീക്ഷണം എന്നതിനേക്കാള്‍ അക്കാലത്തെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതിയില്‍  മാര്‍പാപ്പക്ക് സ്വന്തം ശക്തി തെളിയിക്കാന്‍ പ്രശസ്തനും, സ്വാധീനമുള്ളവനുമായ ഒരു ബലിയാടിനെ വേണ്ടിയിരുന്നതുകൊണ്ട് സംഭവിച്ചതാണ്. നിര്‍ഭാഗ്യവശാല്‍ ഗലീലിയോ എല്ലാംകൊണ്ടും അതിനു യോജിക്കുന്ന ആളുമായിരുന്നു. യൂറോപ്പിലെങ്ങും പ്രശസ്തന്‍, മാര്‍പ്പായുടെ അടുത്ത കൂട്ടുകാരന്‍. വഴക്കാളിയായതുകൊണ്ട് ശക്തരായ ധാരാളം ശത്രുക്കളെ  ഉണ്ടാക്കിയത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.

ഇതൊക്കെയായിട്ടും  നമ്മുടെ പോപ്പുലര്‍ കഥകളില്‍ പറയുന്നപോലെ കത്തോലിക്കാ സഭയില്‍നിന്ന് ശാരീരികപീഡനമോ ജയിലറയില്‍ കിടന്നു നരകിക്കലോ ഒന്നും ഗലീലിയോക്ക് അനുഭവിക്കേണ്ടി വന്നില്ല എന്ന് മാത്രമല്ല, വളരെ അനുഭാവപൂര്‍ണ്ണമായ പെരുമാറ്റമാണ് ലഭിച്ചത് എന്നുകൂടി പറയേണ്ടി വരും.

അപ്പോള്‍ ഗലീലിയോ സംഭവം ചുരുക്കത്തില്‍ ഇതാണ്.

-സഭക്ക്  ശാസ്തത്തോട് പൊതുവേയോ സൌരകേന്ദ്ര സിദ്ധാന്തത്തോട് വിശേഷിച്ചോ പ്രത്യേകിച്ച് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഗലീലിയോ സംഭവം ഒരു പ്രത്യേക സാഹചര്യത്തില്‍ നടന്ന ഒറ്റപ്പെട്ട സംഭവമാണ്.

-കോപ്പര്‍നിക്കസ്സോ ഗലീലിയോയോ സൌരകേന്ദ്ര സിദ്ധാന്തം തെളിയിച്ചിട്ടില്ല. അതിനുള്ള പ്രധാനപ്പെട്ട ചില തെളിവുകള്‍ ഉണ്ടാകുന്നത് നൂറുകണക്കിന് വര്‍ഷങ്ങള്‍ പോലും കഴിഞ്ഞാണ്. കേട്ടത് പാതി കേള്‍ക്കാത്ത പാതി അന്നത്തെ പണ്ഡിതര്‍ അത് പിന്താങ്ങാതിരുന്നത് അവര്‍ വിഡ്ഡികളായതുകൊണ്ടോ, മതം തലയ്ക്കു പിടിച്ച് അന്ധരായി പോയ്തുകൊണ്ടോ അല്ല.

-സൌരകേന്ദ്ര സിദ്ധാന്തത്തോട് എതിര്‍പ്പുണ്ടായിരുന്നവര്‍ പ്രധാനമായും അരിസ്റ്റോട്ടിലിയന്‍ ശാസ്ത്രജ്ഞരായിരുന്നു. പലരും ക്രിസ്തുമത വിശ്വാസികള്‍ തന്നെ ആയിരുന്നില്ല.

-1616 ല്‍  ഗലീലിയോക്ക് നേരെ ഉയര്‍ന്ന പരാതി ബൈബിളിന് സ്വന്തം വ്യാഖ്യാനം ഉണ്ടാക്കുന്നു എന്നായിരുന്നു.

-സഭ ഈ പരാതി അവഗണിച്ചതാണ്. ഈ വിഷയത്തില്‍ അതുവരെ പരസ്യമായ നിലപാടെടുക്കാതിരുന്ന സഭയെ  ഗലീലിയോ റോമില്‍ നേരിട്ട് ഹാജരായി പ്രസ്തുത വിഷയത്തില്‍ സഭയെകൊണ്ട് ഒരു നിലപാടെടുപ്പിക്കുകയായിരുന്നു.

-എന്നിട്ടും ഗലീലിയോക്ക് നീതി ലഭിച്ചു എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ നേരെ ഒരു ശിക്ഷാനടപടിയും ഉണ്ടായില്ല. അദ്ദേഹം അതില്‍ കക്ഷി പോലും ആയില്ല. നിലവില്‍ ഒരു ഹൈപ്പോതെസിസ് മാത്രമായ  സൌരകേന്ദ്ര സിദ്ധാന്തത്തെ ഹൈപ്പോതെസിസ് ആയി പഠിപ്പിക്കാന്‍ അനുവാദം ലഭിച്ചു.

-പിന്നീട് 1633 വരെ ഈ വിഷയത്തില്‍ സഭ ഇടപെട്ടില്ല. സൌരകേന്ദ്ര സിദ്ധാന്തത്തെകുറിച്ച് പുസ്തകം എഴുതാന്‍ അനുവാദം ചോദിച്ചപ്പോള്‍ അത് കൊടുത്തു. അത്  പ്രസിദ്ധീകരിക്കാന്‍ ഔദ്യോഗിക സെന്‍സറും അനുവദിച്ചു.

-1633 ല്‍ നടന്ന രണ്ടാമത്തെ കുറ്റവിചാരണ ശാസ്ത്രസംബന്ധി എന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. പിന്നെ ശാസ്ത്രജ്ഞര്‍ കൂടിയായ ചില പാതിരിമാര്‍ക്കുണ്ടായ അക്കാഡമിക്ക് അസൂയയും. കത്തോലിക്കര്‍-പ്രോട്ടസ്റ്റന്റ് പ്രശ്നത്തിനിടയില്‍ പെട്ടു പോയത് അദ്ദേഹത്തിന്റെ നിര്‍ഭാഗ്യം.

-എന്നിട്ടും വലിയ പരിക്കൊന്നും ഏല്‍ക്കാതെ ഗലീലിയോ രക്ഷപ്പെട്ടു. ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല. ഒരു തരം പീഡനവും അനുഭവിച്ചില്ല. കണ്ടമാനം ശാരീരിക വിഷമതകളുള്ള അന്ധനായ ഒരു വൃദ്ധന് അനുഭവപ്പെടാവുന്ന അസ്വാതന്ത്ര്യത്തിനപ്പുറമൊന്നും വീട്ടുതടങ്കല്‍ കൊണ്ടും ഉണ്ടായില്ല. അദ്ദേഹത്തിന് തടവിലും ശരീരസ്ഥിതി  അനുവദിക്കുന്നിടത്തോളം പഠനങ്ങള്‍ തുടരാന്‍ സാധിച്ചു, വീട്ടില്‍ അതിഥികളെ സ്വീകരിച്ചു, പുസ്തകം എഴുതരുത് എന്ന് വിലക്കുണ്ടായിരുന്നെങ്കിലും പുസ്തകം എഴുതി, അത് പ്രസിദ്ധീകരിച്ചു.

-സഭ തുടര്‍ന്നും ശാസ്ത്രത്തെ അതിന്റെ പാട്ടിനു തന്നെ വിട്ടു. പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായി. പലതും പതിവുപോലെ പാതിരിമാരാല്‍ തന്നെ. അവര്‍ക്കൊന്നും ഒരു പീഡനവും ഉണ്ടായില്ല.

ഭൂമി സൂര്യനെ ചുറ്റുന്നു എന്നതൊഴിച്ചാല്‍ ഗലീലിയോ ഇതുസംബന്ധമായി പറഞ്ഞ ബാക്കി കാര്യങ്ങളെല്ലാം പതിരായി പോയി. ടൈക്കോ ബ്രാഹിയും, ജോഹന്നാസ് കെപ്ലെറും, ഐസക്ക് ന്യൂട്ടണുമാണ് സൌരകേന്ദ്ര സിദ്ധാന്തം തെളിയിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടാവുന്നവര്‍. തീര്‍ച്ചയായും ഇവരാണ് അസ്ട്രോണമിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതും. എന്നിട്ടും ചരിത്രം എല്ലാകാലവും ഓര്‍ക്കുന്നത് ഗലീലിയോയെ ആയിരിക്കും. അതും ഇല്ലാത്ത ഒരു രക്തസാക്ഷിത്വത്തിന്റെ പേരില്‍. ഗലീലിയോയുടെ രക്തസാക്ഷിത്വം എന്ന മിത്ത് ഒരിക്കലും മരിക്കാന്‍ പോകുന്നില്ല.ഗലീലിയോ ഇല്ലാത്ത യുക്തിവാദം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്. (ഈ പോസ്റ്റ്‌ ഒക്കെ വെറുതെ എന്നര്‍ത്ഥം. :-))


അപ്പോള്‍ ഈ കഥകളൊക്കെ ഉണ്ടായത് എങ്ങനെയാണ്? ആരൊക്കെയാണ് ഇതിനു പിന്നില്‍? പോസ്റ്റ്‌ തുടരും.....


-

2015, ജൂലൈ 25, ശനിയാഴ്‌ച

ബുദ്ധ മതത്തിന്റെ അപചയം.........

ബുദ്ധമതം ക്ഷയിക്കാനുള്ള കാരണങ്ങള്‍ പലതാണ്. ബുദ്ധമതം കുറെ പണക്കാരായ കച്ചവടക്കാരുടെയും രാജാക്കന്മാരുടെയും സഹായം കൊണ്ട് നിലനിന്ന മതമാണ്‌. സാമാന്യ ജനത്തിന് അതില്‍ വലിയ പങ്കൊന്നും ഉണ്ടായിരുന്നില്ല. നമ്മുടെ ബുദ്ധി ജീവികള്‍ സങ്കല്‍പ്പിക്കുന്നപോലെ അധഃസ്ഥിതരുടേയും കീഴാളരുടേയും മതമൊന്നുമായിരുന്നില്ല അത്. അവര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമുള്ള ആശയങ്ങളുമായിരുന്നില്ല പലതും. ബുദ്ധന്‍ പോലും തന്റെ അധ്യാപനം പണ്ഡിതര്‍ക്കു മാത്രം മനസ്സിലാകുന്നതാണ് എന്നാണ് കരുതിയിരുന്നതും.

''This Dhamma that I have attained is profound, hard to see and hard to understand, peaceful and sublime, unattainable by mere reasoning, subtle, to be experienced by the wise.'' (Manjima Nikhaya 26:1)

''This Dhamma I have attained is deep,hard to see, hard to understand, peaceful, excellent, beyond the sphere of logic, profound, understandable (only) to the wise.'' (Mahavagga 1:5)

ഉദാഹരണത്തിന്, ബുദ്ധ മതത്തിന്റെ കേന്ദ്ര സങ്കല്‍പ്പമായ, ആത്മാവില്ലാതെ പുനര്‍ജ്ജന്മം എന്ന സങ്കല്പം. ബുദ്ധനൊഴിച്ച് അദ്ദേഹത്തിന്റെ അടുത്ത ശിഷ്യര്‍ക്ക് പോലും അത് ശരിക്ക് മനസ്സിലായിട്ടില്ല എന്ന് കാണാം. ബുദ്ധന്‍ നേരിട്ട് പഠിപ്പിച്ചവര്‍ പോലും ആ ആശയം തെറ്റിദ്ധരിച്ചു. അവര്‍ പോലും അനശ്വരമായ ആത്മാവ്‌ ഉണ്ട് എന്നാണ് മനസ്സിലാക്കിയത്. ഒരിക്കല്‍ ഒരു മുക്കുവന്റെ മകനായ സതി എന്ന ഭിക്ഷു അനശ്വരമായ ഒരു ആത്മാവ് ഉണ്ട് എന്ന് അര്‍ഥം വരുന്ന രീതിയില്‍ പഠിപ്പിച്ചു എന്നറിഞ്ഞ ബുദ്ധന്‍ കോപിച്ചു.

''From whom have you heard, you foolish man (moghapurisha) that I have explained the Dhamma in that way? Foolish man, have I not in many ways declared that consciousness is dependently arisen (and therefore perishing at death?).....You, foolish man, have not only misrepresented me by your wrong grasp, but have also done yourself (kammic) harm.'' (Manjjima nikhaya 38:1,258)

പൂര്‍വ്വാശ്രമത്തില്‍ കഴുകനെ പരിശീലിപ്പിക്കുന്ന ജോലി (വേട്ടയാടാനായിരിക്കണം) ചെയ്തിരുന്ന ആരിത എന്ന ഭിക്ഷുവിനെയും സമാനമായ കാരണങ്ങളാല്‍ ഒരിക്കല്‍ ബുദ്ധന്‍ വിഡ്ഢി എന്ന് വിളിച്ചു ശകാരിക്കുന്നുണ്ട്. (മഞ്ജിമ നിഖായ 22;1,132) ഇതുപോലെ വേറെയും സംഭവങ്ങളുണ്ട്. ഇപ്രകാരം ബുദ്ധതത്വങ്ങള്‍ തെറ്റായി മനസ്സിലാക്കിയത് ശകാരം കിട്ടുന്ന എല്ലാവരും സമൂഹത്തിലെ താഴെതട്ടിലുള്ളവരായിരുന്നു എന്നതും ശ്രദ്ധേയമാണ്. അവരുടെ വിദ്യാഭ്യാസക്കുറവായിരിക്കാം ഒരുപക്ഷേ കാരണം.

ബുദ്ധിസത്തിന്റെ അടിസ്ഥാന പ്രമാണമായ ആത്മാവില്ലാതെയുള്ള പുനര്‍ജന്മവും സ്വര്‍ഗ്ഗ നരകവാസമൊന്നും എനിക്കും മനസ്സിലായിട്ടില്ല. വളരെ മിനക്കെട്ട്  മിലിന്ദ പ്രശ്ന വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്‌ ഇങ്ങനെയാണ്. (ശരിയാണോ എന്നറിയില്ല.) ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നമ്മുടെ കര്‍മ്മഫലങ്ങള്‍ എഴുതിയ ഒരു ഫയല്‍ ഉണ്ടെന്നു കരുതുക. കര്‍മങ്ങള്‍ രേഖപ്പെടുത്തിയ കടലാസുകള്‍ നമ്മുടെ ആത്മാവും ഫയലിന്റെ പുറം ചട്ട നമ്മുടെ ശരീരവും ആണ് എന്ന് സങ്കല്‍പ്പിക്കുക. മരണം എന്നാല്‍ കടലാസുകള്‍ അവയുടെ പുറം ചട്ട ഉപേക്ഷിക്കുന്നു, പുനര്‍ജ്ജന്മം എന്നാല്‍ ഈ കടലാസുകള്‍ പുതിയൊരുഫയലില്‍ സൂക്ഷിക്കപ്പെടുന്നു. ഇതാണ് നമ്മള്‍ സാധാരണ മനസ്സിലാക്കുന്ന ആത്മാവ്‌/പുനര്‍ജ്ജന്മം കോണ്‍സെപ്റ്റ്. എന്നാല്‍ ബുദ്ധമതത്തില്‍ ഇങ്ങനെ ഒരു കടലാസ് /ഫയല്‍ ഇല്ല. കര്‍മ്മ ഫലം രേഖപ്പെടുത്തിയ ഒരു വേര്‍ഡ്‌ ഫയല്‍  ഒരു പെന്‍ഡ്രൈവില്‍നിന്നു മറ്റൊന്നിലേക്ക്  കട്ട്‌/പേസ്റ്റ് ചെയ്യുന്നപോലെ എന്ന് പറയാം. only the information gets transfered. Nothing tangiable like paper on which the information is written (immortal soul) gets transfered. വല്ലതും മനസ്സിലായോ? ഇങ്ങനെ വിശദീകരിക്കാനേ എനിക്ക് അറിയൂ. വെറും ഇന്‍ഫര്‍മേഷന്‍ എങ്ങിനെ പുനര്‍ജനിക്കുന്നു, നരകശിക്ഷ അനുഭവിക്കുന്നു എന്ന് എനിക്കും വ്യക്തമല്ല.

ബുദ്ധന്റെ ജീവിതകാലത്തുതന്നെ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായി അതിന്റെ പേരില്‍ അടിതുടങ്ങി ബുദ്ധന്റെ പരിനിര്‍വ്വാണം കഴിഞ്ഞു മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംഘം പലതായി പിരിഞ്ഞിരുന്നു. പാലി ഗ്രന്ഥങ്ങള്‍ പ്രമാണമായി കരുതിയ യാഥാസ്ഥിക വാദികള്‍ സ്ഥവിരന്മാര്‍ (ഥേരന്മാര്‍) എന്നും, ബ്രാഹ്മണ മതാശയങ്ങള്‍ കൂടി ബുദ്ധമതത്തില്‍ കലര്‍ത്തി സാമാന്യ ജനതയെ ആകര്‍ഷിച്ചവര്‍ മഹാസാംഘികര്‍ എന്നും അറിയപ്പെട്ടു. പിന്നീട് ഇത് രണ്ടു കലര്‍ന്ന് സര്‍വ്വാസ്ഥിവാദം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് അതിലൊരു ഭാഗം മഹായാനം എന്നറിയപ്പെട്ടു. അങ്ങനെയങ്ങനെ അശോകന്റെ കാലം എത്തുമ്പോഴേക്കും പതിനെട്ടു വിഭാഗങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടത്രെ. ഇവരോട് പരസ്പരം വഴക്കടിച്ച് പരിഹാസ്യരാകാതിരിക്കാന്‍ അശോകന്‍ അഭ്യര്‍ത്ഥിക്കുന്ന ശിലാശാസങ്ങളുണ്ട്.

രാജാക്കന്മാരുടെയും പണക്കാരുടെയും സഹായത്തോടെ നിലനിന്ന ബുദ്ധമതം (അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് താല്പര്യമുള്ളതൊന്നുമായിരുന്നില്ല 'ശരിയായ' ബുദ്ധമതം.) ബുദ്ധന്റെ കാലം കഴിഞ്ഞ് അശോകന്റെ കാലം വരെ മിക്കവാറും അവഗണിക്കപ്പെട്ടു. പിന്നെ അശോകന്റെ അശ്രാന്ത പരിശ്രമ ഫലമായി അത് ഇന്ത്യക്കകത്തും പുറത്തും വെന്നിക്കൊടി പാറിച്ചു. പിന്നെ വീണ്ടും കുറെ കാലം ഉണങ്ങിപ്പോയി. വീണ്ടും ഗ്രീക്ക് രാജാവായ മിനാന്‍ഡറുടെ കാലത്ത് (BC160-150) വീണ്ടും പുഷ്ട്ടിപ്പെട്ടു. വീണ്ടും തളര്‍ന്നു, പിന്നെ കനിഷ്കന്റെ കാലത്ത് പുഷ്ട്ടിപ്പെട്ടു. ഒരു രണ്ടാം അശോകനായിരുന്നു കനിഷ്കന്‍. മഹായാന ബുദ്ധിസമാണ് കനിഷ്കന്‍ വളര്‍ത്തിയത്‌. പിന്നീട് ഗുപ്തന്മാരുടെ കാലം വരെ വീണ്ടും ക്ഷീണം. ഗുപ്തന്മാര്‍ ഹിന്ദുമത സംരക്ഷകരായാണ് അറിയപ്പെടുന്നതെങ്കിലും ബുദ്ധമതത്തേയും കാര്യമായി സഹായിച്ചിരുന്നു.(അജന്തയിലെ ചിത്രങ്ങള്‍, നളന്ദ സര്‍വ്വകലാശാല ഒക്കെ ഗുപ്തകാലത്താണ്) പിന്നീട് ഹര്‍ഷന്റെ കാലത്ത് (Ad 606-647) വീണ്ടും ഉയര്‍ച്ച.

അപ്പോഴേക്കും ബുദ്ധമാര്‍ഗ്ഗത്തിന്റെ തനിമ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു. അതില്‍ അത്ഭുതമില്ല താനും. ബുദ്ധന്റെ ആശയങ്ങള്‍ ബുദ്ധന്റെ നേരിട്ടുള്ള ശിഷ്യന്മാര്‍ക്ക് പോലും മനസ്സിലാക്കാനും വിശദീകരിച്ചു കൊടുക്കാനും പറ്റീട്ടില്ല. അപ്പോപ്പിന്നെ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം വരുന്ന ശിഷ്യന്‍മാരുടെ, ശിഷ്യന്‍മാരുടെ, ശിഷ്യന്‍മാരുടെ കാര്യം പറയണോ?ഏ.ഡി എഴാം നൂറ്റാണ്ടോടു കൂടി മഹായാന ശാഖയില്‍നിന്ന് താന്ത്രിക ബുദ്ധമതം (വജ്രയാനം) ഉണ്ടാകുന്നു.  മന്ത്രതന്ത്രങ്ങളോടു കൂടിയ ബുദ്ധമതവും അക്കാലത്ത് ഉയര്‍ന്നു വരുന്ന ഹിന്ദുമതവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലാതായായി.

(ഹിന്ദുമതം ബുദ്ധമതത്തെ കീഴ്പ്പെടുത്തി എന്നു പറയുന്ന നമ്മുടെ ചരിത്രകാരന്മാര്‍ പോലും പരിഗണിക്കാതെ വിടുന്ന ഒരു കാര്യമുണ്ട്. ശങ്കരാചാര്യര്‍ കീഴ്പ്പെടുത്തി എന്ന് പറയപ്പെടുന്ന ആ ബുദ്ധമതം ഗൌതമ ബുദ്ധന്‍ ഉപദേശിച്ച ബുദ്ധമതമല്ല. അതുമായി വിദൂരമായ എന്തോ സാമ്യം മാത്രം ബാക്കിയുള്ള ഒന്നാണ്. കുറച്ചെങ്കിലും ബുദ്ധന്റെ ആശയങ്ങള്‍ ബാക്കിയുണ്ടായിരുന്നത് ഥേരവാദ എന്ന ഹീനയാന വിഭാഗത്തിലാണ്. അത് പേര് സൂചിപ്പിക്കുന്നപോലെ ന്യൂനപക്ഷവും ആയിപ്പോയി. അശോകനടക്കമുള്ള രാജാക്കന്മാരുടെ പ്രോത്സാഹനത്തില്‍ പില്‍കാലത്ത് വളര്‍ന്നത് 'ബുദ്ധമതം' മഹായാനമാണ്. അതില്‍ വിഗ്രഹാരാധനയൊക്കെ ഉണ്ട്. പിന്നെ അതും പിരിഞ്ഞാണ് മന്ത്രതന്ത്രങ്ങളും പൂജകളുമൊക്കെയുള്ള താന്ത്രിക ബുദ്ധമതം ഉണ്ടാകുന്നത്.

ഇതിനു ഒറിജിനല്‍ ബുദ്ധമതത്തേക്കാള്‍ അടുപ്പം ഹിന്ദുമതത്തോടാണ്. ശങ്കരന്റെ കാലത്തുള്ള ബുദ്ധമതത്തെ ബുദ്ധമതം എന്ന് വിളിക്കുന്നത്‌ മോഡേണ്‍ മെഡിസിനെ അലോപ്പതി എന്നു വിളിക്കുന്നതുപോലെയാണ്. ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റേത്, രണ്ടും ഒന്നാണ് എന്ന് വ്യാപകമായി കരുതപ്പെടുന്നുണ്ടെങ്കിലും രണ്ടും തമ്മില്‍ കാര്യമായ സാമ്യമൊന്നുമില്ല. (ചര്‍ച്ചകളില്‍ നമ്മുടെ സാധാ ബുദ്ധിജീവികള്‍ക്ക് ഈ വ്യത്യാസം അറിയാത്തത് മനസ്സിലാക്കാം. പക്ഷെ ശരിക്കുള്ള ചരിത്രകാരന്മാര്‍ ഈ വ്യത്യാസം അവഗണിക്കുന്നത് സംശയാസ്പദമാണ്. You can almost suspect they have 'ideological' axes to grind.)

നാസ്തികമതം അഥവാ ദൈവമില്ലാത്ത മതം എന്നാണ് ബുദ്ധമതം അറിയപ്പെടുന്നത്. അത് 'നാസ്തികത' എന്ന വാക്ക് തെറ്റിദ്ധരിച്ച് ഏതോ യുക്തിവാദി അങ്ങ് തീരുമാനിച്ചതാകാം. നാസ്തികത എന്നാല്‍ വേദങ്ങളുടെ അപ്രമാദിത്വം അംഗീകരിക്കാതിരിക്കല്‍ എന്നെ അര്‍ത്ഥമുള്ളൂ. തന്റെ മിക്ക സമകാലിക ചിന്തകരെയും പോലെത്തന്നെ ബുദ്ധനും ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നു. ബുദ്ധമതത്തില്‍ ആവശ്യത്തിനു ദൈവങ്ങളുണ്ട്‌. അതും വേദങ്ങളില്‍ പറയുന്ന ദൈവങ്ങള്‍ തന്നെ. വേദങ്ങളിലേപ്പോലെ മേരു പര്‍വ്വതത്തിന്റെ മുകളില്‍ വസിക്കുന്ന ദേവ രാജാവായ ഇന്ദ്രനും മുപ്പത്തി മൂന്ന് സഹദൈവങ്ങളും തന്നെയാണ്‌ ബുദ്ധമതത്തിലും. (മുപ്പത്തി മൂന്നു കോടി എന്നും ചിലയിടത്തുകാണാം. അഷ്ട വസുക്കള്‍ എട്ടു പേര്‍, പതിനൊന്ന് രുദ്രന്മാര്‍, പന്ത്രണ്ട് ആതിത്യന്മാര്‍, പിന്നെ രണ്ട് അശ്വിനി ദേവകള്‍. അങ്ങനെ മുപ്പത്തിമൂന്ന് ദേവന്മാര്‍. ഹിന്ദുമതം ആകട്ടെ ഈ വേദ ദൈവങ്ങളെ കൂടാതെ അവര്‍ണ്ണ ദൈവങ്ങളെയും ഈ പറഞ്ഞ ബുദ്ധനെപോലും ദൈവങ്ങളുടെ കൂട്ടത്തില്‍ സ്വീകരിക്കുകയും ചെയ്തു.

മനസ്സിലാക്കാന്‍ പ്രയാസമുള്ള 'ആത്മാവില്ലാത്ത പുനര്‍ജ്ജന്മം' കണ്‍സപ്റ്റ്  ആണ് ബുദ്ധമതത്തെ തകര്‍ത്തത് എന്നുപോലും ഞാന്‍ പറയും. ഹിന്ദുമതവുമായി ഉള്ള ഏക വ്യതാസം അതായിരുന്നു. രണ്ടിടത്തും പുനര്‍ജ്ജന്മം ഉണ്ടെങ്കിലും ഹിന്ദുമതത്തില്‍ പുനര്‍ജ്ജനിക്കാന്‍ ഒരു ആത്മാവുണ്ട്. ഇവിടെ അതില്ല. പിന്നെ എന്താണ് പുനര്‍ജ്ജനിക്കുന്നത് എന്ന് ഫലപ്രദമായി വിശദീകരിച്ചു കൊടുക്കാനും പറ്റുന്നില്ല. ബുദ്ധന്‍ നേരിട്ട് പഠിപ്പിച്ച ശിഷ്യന്‍മാര്‍ക്ക് പോലും പോലും വ്യക്തമായി മനസ്സിലാകാത്തതും മറ്റൊരാള്‍ക്ക് വിശ്വസനീയമായി പറഞ്ഞു കൊടുക്കാനും പറ്റാത്ത ഈ അടിസ്ഥാന പ്രമാണം പിന്നെ എങ്ങനെ അദ്വൈതത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാനാണ്? (ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ശങ്കരന്റെ അദ്വൈതം മനസ്സിലാക്കാന്‍ എത്ര സിമ്പിള്‍.) ഇങ്ങനെ ഒട്ടും ആശയ വ്യക്തതയില്ലാതെയും രാജാക്കന്‍മാരുടെയും പ്രമാണിമാരുടെയും സഹായമില്ലാതെയും ഉണങ്ങി നില്‍ക്കുന്ന ഒരു ബുദ്ധമതത്തെയാണ് അദ്വൈത വാദിയായ ശങ്കരാചാര്യര്‍ എതിരിടുന്നത്. ബുദ്ധിസ്റ്റ് താത്വികാചാര്യന്മാര്‍ തര്‍ക്കങ്ങളില്‍ തോറ്റു  തുന്നം പാടിയതില്‍ അത്ഭുതമില്ല.

ശങ്കരാചാര്യന്‍ സാധാരണക്കാര്‍ക്കായി ഭക്തിമാര്‍ഗം കൂടി അവതരിപ്പിച്ചതാണ്  ഹിന്ദുമതത്തിന്റെ വിജയം ഉറപ്പാക്കിയത്. (ഭജഗോവിന്ദം മൂഢമതെ...) അങ്ങനെ പണ്ഡിതര്‍ക്കായി അദ്വൈത സിദ്ധാന്തവും സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഭക്തിയും. ബുദ്ധമതത്തിന്റെ താത്വിക വശം (ആത്മാവില്ലാതെ പുനര്‍ജ്ജന്മം )അദ്വൈതവുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു. ആത്മാവില്ലാത്ത പുനര്‍ജന്മം എന്ന അവര്‍ക്കുതന്നെ മനസ്സിലാകാത്ത ഈ കണ്സെപ്റ്റ്  ബുദ്ധിസ്റ്റുകള്‍ തന്നെ പതുക്കെ പതുക്കെ ഉപേക്ഷിച്ചു, അങ്ങനെ ബുദ്ധമതവും ഹിന്ദുമതവും തമ്മില്‍ ഉള്ള ആ വ്യത്യാസവും ഇല്ലാതായി. ഭക്തി മാര്‍ഗ്ഗമാണെങ്കില്‍ ഹിന്ദു മതവും അപ്പോള്‍ നിലവിലുള്ള ബുദ്ധമതവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല താനും. ദൈവങ്ങള്‍ മിക്കവാറും എല്ലാം ഒന്നു തന്നെ. ചടങ്ങുകളും പ്രാര്‍ത്ഥനാ രീതികളും ഒക്കെ സെയിം സെയിം.  ഉദാഹരണത്തിന് ഗണപതി വിനായകന്‍ എന്ന പേരില്‍ ബുദ്ധിസത്തിലും ദൈവമാണ്. നൃത്തഗണപതി എന്ന കണ്‍സപ്റ്റ് ഹിന്ദു മതത്തിലും ബുദ്ധമതത്തിലും ഉണ്ട്. ഒരു ഗണപതി ഭക്തനെ സംബന്ധിച്ചിടത്തോളം ബുദ്ധിസവും ഹിന്ദൂയിസവും ഒരുപോലെയാണ്. ഒരു ശരാശരി ഭക്തന് അവലോകിതേശ്വരനും (പദ്മപാണി) വിഷ്ണുവും ഒന്നുതന്നെ. പ്രാര്‍ത്ഥിക്കുന്ന സ്ഥലം ബുദ്ധവിഹാരം അല്ലെങ്കില്‍ ഹിന്ദു അമ്പലം ആണോ എന്നൊക്കെ ആരു നോക്കുന്നു?

(പണ്ട് ബ്ലോഗില്‍ ഹിന്ദു ദൈവങ്ങളെ എട്ടുകാലി ദൈവം എന്നൊക്കെ വിളിച്ചു പരിഹസിക്കുന്ന ഒരു ഓണ്‍ലൈന്‍ ബുദ്ധഭക്തന്‍ ഉണ്ടായിരുന്നു. സരസ്വതിക്ക് നാല് കൈയ്യുണ്ടെങ്കില്‍ എത്ര മുലകളുണ്ടായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു മില്യണ്‍ ഡോളര്‍ സംശയം. (നാലും എട്ടും കൈകളുമൊക്കെയുള്ള 'എട്ടുകാലി ദൈവങ്ങള്‍' ബ്രാഹ്മണരുടേതാണ്. ഞങ്ങട ബുദ്ധമതത്തില്‍ അങ്ങനൊന്നുമില്ല എന്നാണ് പുള്ളിക്കാരന്റെ അബദ്ധധാരണ. അദ്ദേഹത്തിനുള്ളതാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ ആറു കൈയുള്ള ഈ അവലോകിതേശ്വരന്റേയും മുകളിലെ ഗണപതിയുടെയും ബുദ്ധിസ്റ്റ് ചിത്രങ്ങള്‍‍. :-) സത്യത്തില്‍ അനേകം കൈകളുള്ള ദൈവങ്ങള്‍ ബുദ്ധമതത്തിന്റെ തനതു സംഭാവനയാണ്. ഹിന്ദുമതം അതൊക്കെ സ്വീകരിക്കുന്നത് പിന്നീടാണ്.)

ഹിന്ദുമതത്തില്‍ ചേര്‍ത്തിട്ടുള്ള പരസ്പര വിരുദ്ധമായ അനേകം കള്‍ട്ടുകള്‍ തമ്മില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കൂടുതല്‍ സാമ്യം അവയ്ക്കും ബുദ്ധമതത്തിനും തമ്മില്‍ ഉണ്ട് എന്നതാണ് സത്യം. ബ്രാഹ്മണമതത്തിന്റെ തുടര്‍ച്ചയാണ് ഹിന്ദു മതം എന്നു പറയുന്നുണ്ടെങ്കിലും ബ്രാഹ്മണ മതത്തിന്റെ അംശങ്ങള്‍ ഹിന്ദുമതത്തേക്കാള്‍ കൂടുതല്‍ ഉള്ളത് ബുദ്ധമതത്തിലാണ്. ബ്രാഹ്മണമതത്തിലും ഹിന്ദു മതത്തിലും പുരോഹിതര്‍ ഒരേ കൂട്ടരാണ് എന്നതൊഴിച്ചാല്‍ സത്യത്തില്‍ വേറെ കാര്യമായ സാമ്യമൊന്നുമില്ല. വേദങ്ങളിലെ ദൈവങ്ങളെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും ആരാധിക്കുന്നില്ല. വേദങ്ങളെ തന്നെ ചുമ്മാ പൊക്കിപ്പറയുന്നതല്ലാതെ ആര്‍ക്കും വേദങ്ങളെക്കുറിച്ച് കാര്യമായി അറിയുകയുമില്ല. അതില്‍ പറയുന്ന ആരാധനവിധികളും യാഗങ്ങളും മിക്കവാറും ആരും അനുഷ്ഠിക്കാറുമില്ല. (ഫ്രിറ്റ്സ് സ്റ്റാള്‍  ഇല്ലായിരുന്നെങ്കില്‍ യാഗങ്ങള്‍ പോയ വഴി കാണില്ല.) ബ്രാഹ്മണ ദൈവങ്ങളായ ഇന്ദ്രനേയും വരുണനെയും ബ്രഹ്മാവിനെയുമൊക്കെ ആര് ആരാധിക്കുന്നു? എന്നാല്‍ വേദങ്ങളില്‍ കാണുന്ന ഈ ദൈവങ്ങളെല്ലാം ബുദ്ധമതത്തില്‍ (ചുരുങ്ങിയ പക്ഷം മഹായാന ബുദ്ധമതത്തിലെങ്കിലും) ആരാധിക്കപ്പെടുന്നുണ്ട്. ബൈബിളും ഖുറാനും പോലെയാണ് ഹിന്ദുമതവും ബുദ്ധമതവും എന്നു പറയാം. ഖുറാനില്‍ പറയുന്ന പല കാര്യങ്ങളും വ്യക്തമായി മനസിലാക്കാന്‍ ബൈബിള്‍, വിശേഷിച്ചും പഴയ നിയമം വായിക്കണം എന്ന പോലെ ബുദ്ധിസത്തിലെ പലേ കഥകളും വിശ്വാസങ്ങളും  മനസിലാക്കാന്‍ ബ്രാഹ്മണമതം അറിയണം. ശങ്കരന്‍ തകര്‍ത്തു എന്ന് പറയപ്പെടുന്ന ബുദ്ധമതത്തിന് 'ഹിന്ദുമതത്തില്‍' ഉള്‍പ്പെട്ടിട്ടുള്ള മറ്റു കള്‍ട്ടുകളില്‍ നിന്ന് കാര്യമായ പ്രത്യേകതയൊന്നും സത്യത്തില്‍ അവകാശപ്പെടാനില്ലായിരുന്നു. തകര്‍ക്കാന്‍ മാത്രം സവിശേഷമായി അതില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.

വേദവും വേദവിരുദ്ധമായതും രണ്ടും ഇന്ന് ഹിന്ദു മതത്തിന്റെ ഭാഗമാണ്. ഒരു കമ്പ്യൂട്ടര്‍ ഉപമ ഉപയോഗിച്ചാല്‍ പലരും പലകാലത്തായി ഉണ്ടാക്കിയ ആഡ്  ഓണുകളെല്ലാം (പലതിനും പരസ്പരം non compatibility issues ഉണ്ട് എന്ന് കൂടി പറയണം) വേദമതവുമായി കൂടിക്കലര്‍ന്ന് ഹിന്ദുമതം എന്ന പുതിയ പേരും സ്വീകരിച്ചു എന്ന് പറയാം. ഹിന്ദു മതത്തിന്റെ നിര്‍വചനത്തില്‍ അതില്‍  എന്തൊക്കെ ഉള്‍പ്പെടുന്നു എന്നല്ല, അതില്‍ എന്തൊക്കെയാണ് ഉള്‍പ്പെടാത്തത് എന്നാണ് നിര്‍വചിക്കുന്നത്. ക്രൈസ്തവ ഇസ്ലാം ജൂത മതങ്ങളെ മാറ്റിനിര്‍ത്തി ഇവിടെയുള്ള ബാക്കി 'പേഗന്‍' ആചാരങ്ങളെ എല്ലാം
ചേര്‍ത്തുള്ള പേരാണ് ഹിന്ദു മതം എന്നത്. 'അബ്രഹാമിക് മതം അല്ലാത്തത്' എന്നാണ് ഹിന്ദുമതം എന്ന വാക്കിന്  സായിപ്പ് കൊടുത്ത അര്‍ഥം. (നമ്മുടെ നിയമത്തിലെ ഹിന്ദു മാര്യേജ് ആക്ടിലെ (Hindu Marriage Act -1955) ഹിന്ദുവിന്റെ നിര്‍വ്വചനവും ഏതാണ്ട് ഇതുതന്നെയാണ്.) ഇന്ത്യയിലെ "ഹിന്ദുമതം" ഉണ്ടാക്കുമ്പോള്‍ ഇന്ത്യക്ക് പുറത്ത് സായിപ്പിന് നേരത്തെ പരിചയമുണ്ടായിരുന്ന കള്‍ട്ടുകളായിരുന്ന ജൈനമതത്തേയും ബുദ്ധമതത്തേയും ഹിന്ദുമതത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. ഇങ്ങനെ ഉണ്ടാക്കിയെടുക്കപ്പെട്ട ഹിന്ദുമതത്തിന് അംഗീകരിക്കപ്പെട്ട നിയമ പുസ്തകമം ഉണ്ടെന്നും അത് മനുസ്മൃതിയാണ് എന്ന് തീരുമാനിച്ചതും സായിപ്പാണ്‌.

(സായിപ്പിന് പകരം നമ്മളാണ് അവരെ കീഴടക്കിയിരുന്നതെങ്കില്‍ ഒരു പക്ഷേ അവിടെയുള്ള ജൂത, ക്രിസ്തു, ഇസ്ലാം മതങ്ങളെ 'അബ്രഹാമിക് മതം' എന്ന് പേരിട്ട് അത് ഒറ്റ മതമാണ് എന്ന് വിളിച്ചേനെ. ഒരേ ഉത്ഭവമാണെങ്കിലും പരസ്പരവിരുദ്ധമായ മൂന്നു മതങ്ങള്‍ക്കും കൂടി അബ്രഹാമിക് മതം എന്ന പേര് എത്രമാത്രം കൃത്രിമമാണോ  അത്രമാത്രം കൃത്രിമമാണ് അസംഖ്യം പരസ്പരവിരുദ്ധമായ കള്‍ട്ടുകള്‍ക്ക് ഒരുമിച്ച് ഹിന്ദുമതം എന്ന ഒറ്റ പേര്.)

പിന്നെ മതം മാറ്റം എന്ന കണ്‍സപ്റ്റിനെക്കുറിച്ച് നമ്മുടെ ഇപ്പോഴത്തെ ധാരണയും അന്നത്തേതില്‍നിന്നു വ്യത്യസ്തമാണ് എന്നും പറയേണ്ടി വരും. ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള മത പരിവര്‍ത്തനം, പഴയ വിശ്വാസങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചും പഴയ ദൈവങ്ങളെ തള്ളിപ്പറഞ്ഞും പുതിയ മതത്തിലേക്ക് പോകുക എന്ന പടിഞ്ഞാറന്‍ കണ്‍സപ്റ്റ് അബ്രഹാമിക് മതങ്ങളുടെ രീതിയാണ്. ഒന്നുകില്‍ പൂര്‍ണ്ണമായി അവിടെ, അല്ലെങ്കില്‍ ഇവിടെ. നമ്മള്‍ പണ്ട് മുതലേ സഹവര്‍ത്തിത്വത്തിന്റെ ആളുകളായിരുന്നു. നമ്മുടെ പ്രശസ്തമായ നാനാത്വത്തില്‍ ഏകത്വം. ആരും പഴയ ശീലങ്ങളൊന്നും മാറ്റാറില്ല‍. അങ്ങനെ മാറ്റാന്‍ മാത്രം വലിയ വ്യത്യാസങ്ങള്‍ ഈ ദൈവങ്ങളും അവരുടെ ആചാരങ്ങളും തമ്മിലില്ല താനും. അഥവാ പുതിയ ദൈവങ്ങള്‍ ഉണ്ടായാല്‍ പഴയതിന്റെ കൂടെ അവരെ കൂടി കൂട്ടും. (ഒരു ബുദ്ധമത വിശ്വാസിക്ക് ഹിന്ദുവായി തുടരാന്‍ ഒരു പ്രശ്നവുമില്ല. സഹോരന്‍ അയ്യപ്പന്‍ പണ്ട് ബുദ്ധമതം സ്വീകരിച്ചപ്പോള്‍ തുടര്‍ന്നും അദ്ദേഹം ഹിന്ദു തന്നെയായിരിക്കും എന്നാണ്  ഒരു കേസില്‍ അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. കോടതി ആ വാദം അംഗീകരിക്കുകയും ചെയ്തു.)

വിശ്വാസങ്ങള്‍ തമ്മിലുള്ള വൈരുധ്യമോ പുതിയ ചോദ്യങ്ങളോ ഉണ്ടായാല്‍ അതു വിശദീകരിക്കാനായി പുതിയ കഥകളും (back stories or new origin stories) ഉണ്ടാക്കും.  സ്വാഭാവികമായും ഈ കഥകളിലും പരസ്പര വൈരുധ്യം എമ്പാടും ഉണ്ടാകും. അതൊക്കെ അങ്ങ് കണ്ടില്ലെന്നു നടിക്കും. ( പണ്ടെവിടെയോ വായിച്ചതാണ്, കേരളത്തിലെവിടെയോ ഒരിടത്ത് അവിടത്തെ അമ്പലത്തിലെ ഭദ്രകാളിയും, ലോക്കല്‍ പള്ളിയിലെ കന്യാമറിയവും സഹോദരിമാരാണ് എന്നൊരു വിശ്വാസമുണ്ടത്രെ. ഈ കഥയിലുള്ളത്ര വൈരുധ്യം വാമനാവതാരം ചവുട്ടിതാഴ്തിയ മഹാബലി പിന്നീട് വന്ന പരശുരാമന്‍ സൃഷ്‌ടിച്ച കേരളം ഭരിച്ചിരുന്നു എന്ന കഥയിലോ, ത്രേതായുഗത്തില്‍ ജനിച്ച ഹരിഹരപുത്രന് മുസ്ലിമായ വാവര്‍ എന്നൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എന്ന കഥയിലോ പോലും കാണില്ല.) അതായത് നമുക്ക് ഒരു 'ഏകസത്യം' എന്നൊന്നില്ല. ബുദ്ധന്റെ കാലം മുതല്‍ തന്നെ അതായിരുന്നു രീതി. വിഗ്രഹഭഞ്ജനം നമ്മുടെ രീതിയായിരുന്നില്ല.

''A man has faith. If he says,''This ia my faith,'' so far he maintains the truth. But by that he cannot proceed to the absolute conclusion: this alone is the Truth, and everything else is false.'' (Canki Sutta)

എന്നാല്‍ ഇതിനു വിരുദ്ധമായി പഴയതിനെ മുഴുവന്‍ തച്ചു തകര്‍ത്താല്‍ മാത്രമെ ബുദ്ധമതത്തിലേക്ക് പ്രവേശനം കിട്ടൂ എന്ന പടിഞ്ഞാറന്‍ രീതി ഇവിടെ പ്രചരിപ്പിക്കാന്‍ നോക്കിയത് അംബേദ്ക്കറാണ്. ബുദ്ധമതത്തില്‍ ചേരുന്നവര്‍ക്കുള്ള പ്രതിജ്ഞയിലെ ഇരുപത്തിരണ്ടു ഇന നിര്‍ദേശങ്ങളില്‍ ചിലത് ഇതാണ്....

 "I am giving up my existing Hindu religion and adopting to Buddhism. I take the following vows on my own and nobody has influenced me in this regard.
-I shall have no faith in Brahma, Vishnu and Mahesh nor shall I worship them.
-I shall have no faith in Rama and Krishna who are believed to be incarnation of God nor shall I worship them.
-I shall have no faith in ‘Gauri’, Ganapati and other gods and goddesses of Hindus nor shall I worship them.
-I shall have no faith in Vithal Rukhamai nor shall I worship them. I do not believe in the incarnation of God. 
-I do not and shall not believe that Lord Buddha was the incarnation of Vishnu. I believe this to be sheer madness and false propaganda.
  
ഇതിലെ തമാശ എന്തെന്നാല്‍ അംബേദ്ക്കര്‍ ഉപേക്ഷിക്കാന്‍ പറയുന്ന ഈ ബ്രഹ്മാവൊക്കെ ഹിന്ദു മതത്തിനേക്കാള്‍ ബുദ്ധമതത്തിന്റെ ദൈവമാണ്. ബോധോദയം കിട്ടിയ ബുദ്ധന്‍ തന്റെ പുതിയ അറിവ് ജനങ്ങള്‍ക്ക്‌ മനസ്സിലാകുമോ എന്ന് സംശയിക്കുമ്പോള്‍ ബ്രഹ്മാവ് നേരിട്ട് വന്നു അപേക്ഷിച്ചാണ് ബുദ്ധന്റെ ഉത്തേജിപ്പിക്കുന്നത്. (മഹാവഗ്ഗ 1:5) ഉപേക്ഷിക്കാന്‍ പറയുന്ന മറ്റു ദൈവങ്ങളായ ഗണപതിയും, രാമനും (ദശരഥ ജാതക പ്രകാരം ശ്രീരാമന്‍ ബുദ്ധന്റെ ഒരു അവതാരമാണ്.) ഗൌരിയും (താരാദേവിയുടെ പല രൂപങ്ങള്‍) ബുദ്ധിസത്തില്‍ ദൈവങ്ങളാണ്. :-)

ബുദ്ധിജീവികളുടെ ഒരു പ്രീയപ്പെട്ട ചൊറിച്ചില്‍ (pet peeve) ആണ് കൊടുങ്ങല്ലൂര്‍ അമ്പലം ബുദ്ധവിഹാരമായിരുന്നു എന്നത്. അവിടത്തെ തെറി പാട്ടുകള്‍ ഇവിടെ താവളമാക്കിയ ബുദ്ധസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി തുടങ്ങിയതാണ്‌ എന്നാണ് അവരുടെ അംഗീകൃത തിയറി. എന്നാല്‍ ഇത് നോക്കൂ. ഇപ്പോഴും ഒരു ഭദ്രകാളി ക്ഷേത്രമാണ് കൊടുങ്ങല്ലൂരിലേത്. തന്ത്രിക ബുദ്ധമതത്തിലും ഭദ്രകാളിയുണ്ട്. താരാദേവിയുടെ അവതാരമായ ക്രോധകാളി.  (ചിത്രം...) ഹിന്ദുമതത്തിലെ അമ്മദൈവമായ കാളി തന്നെയാണ് താന്ത്രിക ബുദ്ധമതത്തിലെ വജ്രയോഗിനി. ഹിന്ദു മതത്തിലെ ശാക്തേയരുടെ പഞ്ചമകാരപൂജയും (മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര) താന്ത്രിക ബുദ്ധിസത്തില്‍ ഉള്ളതാണ്. താന്ത്രികാരാധനയുണ്ടായിരുന്ന ഒരു ബുദ്ധിസ്റ്റ് കാളിക്ഷേത്രം പില്‍കാലത്ത് താന്ത്രികരീതികള്‍ ക്ഷയിച്ചപ്പോള്‍ ‍( ബുദ്ധമതത്തിലും, ഹിന്ദു മതത്തിലും) മയപ്പെടുത്തിയ ഒരു ഭഗവതിക്ഷേത്രം ആയതാണ് കൊടുങ്ങല്ലൂരിലേത് എന്ന് അനുമാനിക്കുന്നതല്ലെ കൂടുതല്‍ ശരി? തെറിപ്പാട്ട്  താന്ത്രിക ബുദ്ധമതത്തിലും താന്ത്രിക ഹിന്ദുമതത്തിലും അംഗീകൃത പൂജാവിധിയായ പഞ്ചമകാരപൂജയുടെ പ്രതീകാത്മകമായ അനുഷ്ഠാനത്തിന്റെ അവശേഷിക്കുന്ന ഫോസ്സില്‍ ആണെന്നുവരാം. സാധുക്കളായ ബുദ്ധ സന്യാസിമാരെ തെറി പറഞ്ഞു ഓടിക്കുന്നതാണ് എന്നൊക്കെയുള്ള ഒരു അടിസ്ഥാനമില്ലാത്ത മനോവിലാസങ്ങള്‍ വേണോ?

ലജ്ജാഗൌരി എന്ന രൂപത്തില്‍ യോനി ആരാധനയും താന്ത്രിക ബുദ്ധമതത്തില്‍ ഉണ്ട്. തൃപ്പുത്താകുന്ന ചെങ്ങന്നൂര്‍ ഭഗവതി അത്തരം ഒന്നാകാന്‍ സാധ്യതയുണ്ട്. (ശബരിമലയും മറ്റും ബുദ്ധിസ്റ്റ് ആക്കാനുള്ള അത്ര ആവേശം ഇതിന് ചിലപ്പോള്‍ കാണില്ല. :-) നല്ലതുമാത്രം ബുദ്ധമതത്തിന്റെ അക്കൌണ്ടില്‍ മതി.)

ഇനിയും ബുദ്ധിജീവികളുടെ മറ്റൊരു പ്രീയപ്പെട്ട ഡിബേറ്റ് പോയിന്റാണ് ഒരു ബ്രാഹ്മണനായ പുഷ്യമിത്രന്‍ ബുദ്ധഭിക്ഷുക്കളെ കൂട്ടക്കൊല ചെയ്ത കഥ.

''ചന്ദ്രഗുപ്ത മൗര്യനും പുത്രന്‍ ബിംന്ദുസാരനും ജൈന മതക്കാരായിരുന്നു. ബിന്ദുസാരന്റെ പുത്രന്‍ അശോകന്‍ (ബി.സി.260-232)ബുദ്ധമതത്തില്‍ ചേരുക മാത്രമല്ല, ആ മതത്തിന്റെ ഏറ്റവും വലിയ പ്രചാരകന്‍ ആവുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗത്തേക്കും ബുദ്ധമതം പ്രചരിപ്പിക്കുന്നതിന് അദ്ദേഹം മിഷണറിമാരെ അയച്ചു. ഏഷ്യയുടെ എല്ലാ ഭാഗങ്ങളിലും ബുദ്ധമതം ഇക്കാലത്ത് പ്രചരിക്കപ്പെട്ടു. അശോകന്റെ ചരമത്തിനു ശേഷം ഏതാണ്ട് അര നൂറ്റാണ്ട് കാലം കൂടി മൗര്യ സാമ്രാജ്യം നിലനിന്നു. ബി.സി.185-ല്‍ അവസാനത്തെ മൗര്യ രാജാവായ ബ്രഹദ്രഥനെ കൊന്നിട്ട് അദ്ദേഹത്തിന്റെ സേനാനായകനും ബ്രാഹ്മണനുമായ പുഷ്യമിത്രന്‍ അധികാരം പിടിച്ചെടുത്തു. ബുദ്ധമതത്തിന് എതിരായി പുഷ്യമിത്രന്‍ വലിയ ആക്രമങ്ങള്‍ അഴിച്ചുവിട്ടു. എങ്കിലും ബുദ്ധമതത്തെ തകര്‍ക്കാന്‍ പുഷ്യമിത്രനു കഴിഞ്ഞില്ല.'' (ഇടമറുക്-മദ്ധ്യകാല ബുദ്ധമതം)

''How pitiless was the persecution of Buddhism by Pushyamitra can be gauged from the Proclamation which he issued against the Buddhist monks. By this proclamationPushyamitra set a price of 100 gold pieces on the head of every Buddhist monk. Dr. Haraprasad Shastri speaking about the persecution of Buddhists under Pushyamitra says, "The condition of the Buddhists under the imperial sway of the Sungas, orthodox and bigotted, can be more easily imagined than described. From Chinese authorities it is known that many Buddhists still do not pronounce the name of Pushyamitra without a curse."  (Revolution and counter revolution- Ambedker)
 

ഇതാണ് നമ്മള്‍ തലമുറ തലമുറ കൈമാറി വരുന്ന ചരിത്ര വിജ്ഞാനം. നമുക്ക് ഇതൊന്നു വിശദമായി പരിശോധിക്കാം. 'ബ്രാഹ്മണനായ പുഷ്യമിത്രന്‍ ബൌദ്ധരെ ക്രൂരമായി കൊന്ന' ചരിത്രം പ്രധാനമായും അശോകാവദന എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പാണര്‍ പാടിനടക്കുന്നത്‌. അശോകാവദനയിലെ  കഥാപശ്ചാത്തലം ഇങ്ങനെയാണ്. ക്രൂരനായ പുഷ്യമിത്രന്‍ എല്ലാ കാലത്തേക്കും പ്രശസ്തനാകാന്‍ എന്താണ് വഴി എന്നാലോചിക്കുന്നു. അദ്ദേഹത്തിന് കിട്ടുന്ന മറുപടി ഒന്നുകില്‍ ബുദ്ധമതത്തിന് അശോകന്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുക. അല്ലെങ്കില്‍ അതിനെ പാടെ നശിപ്പിക്കുക. പുഷ്യമിത്രന്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുന്നു. പുഷ്യമിത്രന്‍ ബുദ്ധഭിക്ഷുക്കളുടെ തല ഒന്നുക്ക് 100 സ്വര്‍ണ്ണ നാണയം ( ദിനാര) സമ്മാനമായി പ്രഖ്യാപിച്ചു എന്നാണ് ആധികാരികമായി നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ വരെ എഴുതി വച്ചിരിക്കുന്നത്.

ഈ കഥ അവിശ്വസനീയമാണ് എന്ന് കരുതാന്‍ പല കാരണങ്ങളുണ്ട്.

അശോകവാദന എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥമാണ് ഈ കഥയുടെ പ്രധാന ഉറവിടം. അശോകാവദാന ഹൈഗോഗ്രഹി (hagiography) എന്ന ഗണത്തില്‍ പെടുത്താവുന്ന ഒരു പുസ്തകമാണ്. അതായത് പുകഴ്ത്തല്‍ ചരിത്രം. സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ ഒക്കെ പോലെയുള്ള ഒരു പുസ്തകമാണ് ഇത്. മാര്‍ത്താണ്ഡവര്‍മ്മയില്‍ പറയുന്നത് ശരിക്കും തിരുവിതാംകൂര്‍ ചരിത്രമാണ് എന്ന് ആരെങ്കിലും പറയുമോ? അല്ലെങ്കില്‍ പഴശ്ശിരാജ സിനിമ കണ്ടിട്ട് അതാണ്‌ ചരിത്രം എന്ന് അംഗീകരിക്കുന്ന ആരെങ്കിലും ഉണ്ടാകുമോ? (ഉണ്ടാവുമായിരിക്കും. ചില പ്രത്യേക ഉത്തരങ്ങള്‍ തന്നെ വേണം എന്ന് ശാഠ്യമുള്ളവര്‍ അതും അംഗീകരിക്കും.) പിന്നെ അതില്‍ വിവരിക്കുന്ന സംഭവങ്ങള്‍ നടന്നു ഒരു മുന്നൂറു വര്‍ഷം കഴിഞ്ഞാണ് ഈ അശോകവാദന രചിക്കപ്പെടുന്നത്.  അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ മാത്രമേ നിഗമനങ്ങളിലെത്താവൂ എന്നുറപ്പിക്കാം.

(ഇവിടെ വേറൊരു തമാശയുണ്ട്. രാമായണവും മഹാഭാരതവും മിത്തല്ല ചരിത്രമാണ് എന്ന് പറഞ്ഞ സുദര്‍ശന്‍ രാവുവിനെ  Indian Council of Historical Research (ICHR) ചെയര്‍മാനാക്കിയേ എന്ന് നെലേം വിളീം കൂട്ടിയ ബുദ്ധിജീവികള്‍ തന്നെയാണ് അശോകാവദാന ചരിത്രരേഖയായി കണക്കാക്കുന്നത്. :-))

ഓരോ തലക്കും100 സ്വര്‍ണ്ണ നാണയം ( ദിനാര) എന്ന വിളംബരം കേട്ട് ഒരു ഭിക്ഷു മന്ത്രശക്തിയാല്‍ കൃത്രിമമായി തലകള്‍ ഉണ്ടാക്കി രാജാവിനെ പറ്റിച്ചു, ഭിക്ഷുക്കളെ രക്ഷിച്ചു എന്നാണ്  അശോകാവദാന പറയുന്നത്. പുഷ്യമിത്രന്റെ കാലത്ത് ദിനാര എന്ന നാണയം നടപ്പുണ്ടായിരുന്നോ എന്നത് ഒരു  ചോദ്യം. മിക്കാവാറും അത്തരമൊരു നാണയം അക്കാലത്ത് ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയില്ല എന്നുത്തരം. ഈ മാന്ത്രിക കഥയാണ് നമ്മള്‍ ചരിത്രം എന്ന് പറഞ്ഞു അവതരിപ്പിക്കുന്നത്‌.

ഇനി ഈ പുസ്തകപ്രകാരം പുഷ്യമിത്രന്‍ അശോകന്റെ നാലാം തലമുറയില്‍ പെട്ട ആളാണ്‌. അതായത് അശോകന്റെ തന്നെ കുടുംബക്കാരന്‍. (സാമ്രാജ്യം സ്ഥാപിച്ച ചന്ദ്രഗുപ്ത മൌര്യന്‍ ശൂദ്രനായിരുന്നു എന്ന കഥ വിശ്വസിക്കാമെങ്കില്‍ പുഷ്യമിത്രനും ശൂദ്രനാണ്.) ചരിത്രത്തിലെ പുഷ്യമിത്രന്‍ മൌര്യന്മാരുടെ സേനാനായകനായിരുന്ന ഒരു ബ്രാഹ്മണനാണ്. അതായത് പുഷ്യമിത്രന്‍ അശോകന്റെ കുടുംബക്കാരനേ അല്ല. (aside point...... മനുസ്മൃതി പ്രകാരമായിരുന്നു അക്കാലത്ത് കാര്യങ്ങള്‍ എങ്കില്‍ ഒരു ബ്രാഹ്മണന്‍ എങ്ങിനെ സേനാനായകനായി? പിന്നീട് രാജാവായി?)

അപ്പോള്‍ ഈ ചരിത്രകാരന്മാര്‍ പറയുന്ന, ബ്രാഹ്മണനായ പുഷ്യമിത്രന്‍ ബൌദ്ധരെ കൊന്നൊടുക്കി എന്ന കഥ വിചിത്രമായ ഒരു സങ്കര സൃഷ്ട്ടിയാണ്. നമ്മുടെ ചരിത്രകാരന്മാര്‍ ഈ വിചിത്ര കഥയുടെ അവര്‍ക്ക് വേണ്ടതു മാത്രം എടുത്ത് അതാണ്‌  ചരിത്രം എന്ന മട്ടില്‍ അവതരിപ്പിക്കുന്നു. അല്‍പ്പം ചരിത്രവും കൂടെ കെട്ടുകഥയും കൂട്ടിക്കുഴച്ച് അതുപോരാതെ കുറെ കൈയില്‍നിന്ന് ഇട്ടുമാണ് അവര്‍ ഈ പുഷ്യമിത്ര ചരിതം സൃഷ്ട്ടിച്ചിരിക്കുന്നത്. (ഈ കഥ പ്രകാരം പോലും പുഷ്യമിത്രന്‍ ആരെയും കൊന്നിട്ടില്ല. കൊല്ലാന്‍ ഉദ്ദേശിച്ചതേയുള്ളൂ. ഭിക്ഷുവിന്റെ മാജിക് കാരണം പരിപാടി ചീറ്റിപ്പോയല്ലോ.) പുഷ്യമിത്രന്‍ ബ്രാഹ്മണനാണ് എന്നത് ചരിത്രവും, ബൌദ്ധരെ കൊന്നു എന്നത് ചരിത്രത്തില്‍ ഒരു തെളിവും ഇല്ലാത്ത ഈ കഥയും. (ബൌദ്ധരെ കൊന്നു എന്ന കഥ സ്വീകരിക്കണമെങ്കില്‍ കൊന്ന ആ ആള്‍ അശോകന്റെ കുടുംബകാരനായിരുന്നു എന്നും അംഗീകരിക്കണ്ടെ? (അത് പറ്റൂലാ.... ബൌദ്ധരെ ആക്രമിച്ച പുഷ്യമിത്രന്‍ ബ്രാഹ്മണന്‍ തന്നെയാകണം. അതാ അതിന്റെ ഒരു ചേല്.)

(റോമിള ഥാപ്പറെ പോലുള്ള ചരിത്രകാരന്മാര്‍ പുഷ്യമിത്ര കഥ ഇപ്പോള്‍ തള്ളിക്കളയുന്നുണ്ട്. പക്ഷേ നമ്മുടെ ലോക്കല്‍ ബുദ്ധിജീവികള്‍ അവരുടെ പുസ്തകങ്ങളുടെ പഴയ എഡിഷനുകളും ഇടമറുകാദികളുടെ നാലണ ചരിത്ര പുസ്തകങ്ങളും ഉദ്ധരിച്ച്‌ ഇപ്പോഴും ഈ കഥ സത്യമാണ് എന്ന് പ്രചരിപ്പിക്കുന്നുമുണ്ട്.)

അപ്പോള്‍ ഈ പുഷ്യമിത്ര കഥയുടെ വാസ്തവം എന്തായിരിക്കും? ബുദ്ധ ഭിക്ഷുക്കള്‍ക്ക് പുഷ്യമിത്രനോട് ഇത്ര വിരോധം വരാന്‍ എന്തായിരിക്കും കാരണം? അതിന്റെ ചില സൂചനകളും നമുക്ക് അശോകാവദാനയില്‍നിന്നു തന്നെ കിട്ടും. അശോകന്റെ അവസാന കാലത്ത് അദ്ദേഹം ബുദ്ധസന്യാസിമാര്‍ക്ക് നൂറു കോടി സ്വര്‍ണ്ണ നാണയം വാഗ്ദാനം ചെയ്തത്ര. ഇതുവരെ ആരും ചെയ്യാത്തത്ര വലിയൊരു ദാനം ചെയ്യണം എന്നായിരുന്നു അശോകന്. എന്നാല്‍ രാജാവിന്റെ ഈ തോന്ന്യാസം അദ്ദേഹത്തിന്റെ മന്ത്രിമാര്‍ തടഞ്ഞു. അപ്പോള്‍ താന്‍ ഭക്ഷണം കഴിക്കുന്ന സ്വര്‍ണ്ണ പാത്രങ്ങള്‍ അദ്ദേഹം അവര്‍ക്ക് ദാനം ചെയ്തത്രെ. മന്ത്രിമാര്‍ അതും തടഞ്ഞപ്പോള്‍ മറ്റു വഴികള്‍. അങ്ങനെ തൊണ്ണൂറ്റാറു കോടി സ്വര്‍ണ്ണനാണയം അശോകന്‍ പലവഴിക്കായി അവര്‍ക്കു കൊടുത്തു. അവസാനം ചാവുമ്പോള്‍ രാജ്യവും ഭിക്ഷുക്കള്‍ക്ക് ദാനം ചെയ്തു എന്നാണ് അശോകാവദാന പറയുന്നത്. (അശോകന് രാജ്യം ഭിക്ഷുക്കള്‍ക്ക് ദാനം ചെയ്യല്‍ ഒരു സ്ഥിരം പരിപടിയായിരുന്നോ എന്ന് സംശയിക്കണം. ഫാഹിയാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇപ്രകാരമൊരു ലിഖിതം കണ്ടതായി പറയുന്നു.)

''On the surface of this pillar is an inscription to the following effect: ''King Ashoka presented the whole of Jambudvipa to the priests of the four quarters, and redeemed it again with money, and this he did three times.''

അപ്പോള്‍ അശോകന്റെ സാമ്രാജ്യത്തിന്റെ എത്രമാത്രം സമ്പത്ത് ഈ ഭിക്ഷുക്കള്‍ ഊറ്റിയെടുത്തിരിക്കണം എന്നാലോചിക്കുക. മഹാനായ അശോകന്റെ വിപുലമായ സാമ്രാജ്യത്തിന്റെ പ്രതാപം നമ്മുടെ ചരിത്രകാരന്മാര്‍ പറഞ്ഞു പരത്തിയ മറ്റൊരു നുണയാണ്. അശോകന്റെ കാലത്തുതന്നെ സാമ്രാജ്യം തകര്‍ന്നു തുടങ്ങിയിരുന്നു. (അതും ഇപ്പോള്‍ ചരിത്രകാരന്മാര്‍ ഏറെക്കുറെ സമ്മതിക്കുന്നുണ്ട്.) അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതുമാതിരിയല്ലേ ദുഷ്ചെലവ്. അശോകന് ശേഷം പുതിയ പിന്‍ഗാമിയെ വാഴിക്കാന്‍ നോക്കുമ്പോഴാണ് രാജ്യം തന്നെ ഇല്ല എന്നറിയുന്നത്. ഒടുവില്‍ അണ പൈ ബാക്കിയില്ലാതെ അശോകന്‍ വാഗ്ദാനം ചെയ്തതില്‍ ബാക്കിയുള്ള നാല് കോടി സ്വര്‍ണ്ണ നാണയം കൂടി തീര്‍ത്തു കൊടുത്ത് (ഭിക്ഷുക്കള്‍ പിടിച്ചു വാങ്ങി എന്നും വായിക്കാം) രാജ്യം തിരിച്ചു മേടിക്കുകയായിരുന്നു എന്ന് അശോകാവദാന അഭിമാനപുരസ്സരം പറയുന്നു.

ബുദ്ധിസ്ഥിരത നഷ്ട്ടപ്പെട്ട ഒരു രാജാവും, രാജ്യത്തിന്റെ ഭണ്ഡാരം ചോര്‍ത്തുന്നതില്‍ ഒരു തെറ്റും കാണാത്ത ആര്‍ത്തിപണ്ടാരങ്ങളായ കുറെ ഭിക്ഷുക്കളും, ഏതു വിധേനെയെങ്കിലും തകര്‍ച്ച തടയാന്‍ ശ്രമിക്കുന്ന ഉത്തരവാദിത്ത ബോധമുള്ള മന്ത്രിമാരും. ഇതാണ് അശോകന്റെ അവസാന കാലത്തെക്കുറിച്ച് അശോകാവദാനയില്‍ നിന്ന് കിട്ടുന്ന ചിത്രം. (നല്ലവനായ രാജാവിനെ ദാനം ചെയ്യാന്‍ അനുവദിക്കാത്ത ദുഷ്ട്ടന്മാരായ മന്ത്രിമാര്‍ എന്ന രീതിയിലാണ് അവര്‍ ഈ കഥ അവതരിപ്പിക്കുന്നതെങ്കിലും.) ശരിക്കും ബുദ്ധമതമാണ് അശോകന്റെ സാമ്രാജ്യം തകര്‍ത്തത് എന്ന് പറയാം.

അശോകന്റെ പിന്‍ഗാമികളും ഇതേപോലെ ഭിക്ഷുക്കളുടെ താളത്തിന് തുള്ളുന്നവരായിരുന്നിരിക്കാം. എനിക്ക് തോന്നുന്നത്, ഒടുവില്‍ സഹികെട്ടിട്ടായിരിക്കാം  സേനാനായകനായ പുഷ്യമിത്രന്‍ അധികാരം പിടിച്ചെടുത്തിരിക്കുക. അദ്ദേഹം അധികാരത്തിലെത്തിയപ്പോള്‍ അശോകന്റെ കാലം മുതല്‍ ഭിക്ഷുക്കള്‍ ഖജനാവില്‍നിന്ന് അന്യായമായി കടത്തികൊണ്ടുപോയ സ്വര്‍ണ്ണം മുഴുവന്‍ തിരിച്ചു കൊണ്ടുവരാന്‍ ഓര്‍ഡര്‍ ഇട്ടിരിക്കാം. മേലനങ്ങാതെ തിന്നുന്ന ഇവര്‍ ഓരോരുത്തരും പണിയെടുത്ത് നൂറു സ്വര്‍ണ്ണ നാണയം വീതം ഖജനാവിലടക്കാനും ഉത്തരവിട്ടിരിക്കാം. അതായിരിക്കാം ഒരു തലയ്ക്കു നൂറു സ്വര്‍ണ്ണ നാണയം, ബൌദ്ധ പീഡനം എന്നൊക്കെ പൊടിപ്പും തൊങ്ങലും വച്ച് കഥകളായത്‌. അശോകനെക്കാള്‍ വലിയ  ത്യാഗം ചെയ്തു പേരെടുക്കാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് പുഷ്യമിത്രന്‍ ബൌദ്ധരെ കൊല ചെയ്തു പേരെടുക്കാന്‍ തയ്യാറായത് എന്നാണ്  അവരുടെ ഭാഷ്യം. പുഷ്യമിത്രന് ബൌദ്ധരോട് പ്രത്യേകിച്ച്  വിരോധമൊന്നും ഉണ്ടായിരുന്നു എന്നതിനും ചരിത്രത്തില്‍ തെളിവില്ല. പുഷ്യമിത്രന്‍ തന്നെ ബൌദ്ധര്‍ക്ക് പണം നല്‍കിയതായി രേഖകളുണ്ട്. അപ്പോള്‍ ബൌദ്ധരോട് സ്ഥായിയായ വിരോധമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നും അനുമാനിക്കാം. ഏറെക്കുറെ നീതിപൂര്‍വ്വമാണ് പുഷ്യമിത്രന്‍ കാര്യങ്ങള്‍ നടത്തിയിരുന്നത് എന്ന് ന്യായമായും കരുതാം.

വേറൊരു കാര്യം കൂടി അശോകാവദാനയുമായി ബന്ധപ്പെട്ടു പറയാം.  പുഷ്യമിത്രന്‍ ചെയ്തതായി പറയുന്ന കൂട്ടകൊലക്ക് സമാനമായ മറ്റൊരു കൂട്ടക്കൊല ഇതേ പുസ്തകത്തില്‍ വിവരിക്കുന്നത്  ഞാന്‍ നേരത്തെ എഴുതിയിരുന്നു. ഒരു ജൈനവിശ്വാസി, ബുദ്ധനെ അപമാനിച്ചതില്‍ (ബുദ്ധന്‍ മഹാവീരന്റെ കാല്‍ക്കല്‍ നമസ്കരിക്കുന്നതായി പടം വരച്ചു.) കോപിച്ച അശോകന്‍18000 പേരുടെ തല വെട്ടി എന്ന് വളരെ അഭിമാനപൂര്‍വ്വമാണ് എഴുതിയിരിക്കുന്നത്....!!.. അതായത് കൊലപാതകം ഞങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ അത് നല്ലതും, ഞങ്ങള്‍ക്ക് എതിരെ ആണെങ്കില്‍ കടുത്ത അപരാധവും.  ഞങ്ങളിട്ടാല്‍ ബെര്‍മുഡ, നിങ്ങളിട്ടാല്‍ അണ്ടര്‍വെയര്‍ ന്യായം തന്നെ. (രാജാവ് ഒരു ഗ്രൂപ്പിന് വേണ്ടി എതിര്‍ ഗ്രൂപ്പുകാരെ കൂട്ടകൊല ചെയ്യുന്നത് ഒരു സ്റ്റോക്ക്‌ കഥയായിരിക്കാം. അതേ കഥ സൗകര്യം പോലെ കോപ്പി/പേസ്റ്റ് ചെയ്തു ഉപയോഗിച്ചതാകാം പുഷ്യമിത്ര കഥ. 'നമ്മുടെ' രാജാവിന്റെ പവറ് കാണിക്കാനും, എതിര്‍ ചേരിയിലുള്ള രാജാവിന്റെ ക്രൂരത കാണിക്കാനും ഒരേ കഥ തന്നെ.)

--

LinkWithin

Related Posts with Thumbnails