2009, ഫെബ്രുവരി 4, ബുധനാഴ്‌ച

ചിത്രകാരനായ രവിവര്‍മ്മയുടെ വക്കാലത്ത്

ചിത്രകാരന്‍ എന്ന ബ്ലോഗ്ഗര്‍ രവിവര്‍മ്മ യെ കുറിച്ചു ഇട്ട പോസ്ററുകള്‍ (1) (2) ക്ക് നല്ല ഒരു മറുപടി ആരും നല്‍കാത്തതുകൊണ്ട് ( ചിത്രകലയെ കുറിച്ചു ഒന്നും അറിയില്ല.എങ്കിലും രവിവര്‍മ്മ മോശം ചിത്രകാരന്‍ തന്നെ എന്ന് കമന്റെഴുതിയ വിദ്വാന്മാരുമുണ്ട്.) ഞാന്‍ രവിവര്‍മ്മയുടെ വക്കാലത്ത് എടുക്കുന്നു.

പോസ്റ്റില്‍ രവിവര്‍മ്മയുടേതായി ചിത്രകാരന്‍ അഞ്ചു ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്.വളരെ പരിഹാസ്യമായ കാര്യം കൂട്ടത്തിലെ രണ്ടാമത്തെ ചിത്രം(വിളക്കേന്തിയ സ്ത്രീയുടെ ചിത്രം ) രവി വര്‍മ്മയുടെതല്ല എന്നാണ്. അത് S. L. Haldankar എന്ന ചിത്രകാരന്റെ The Glow of Hope എന്ന ചിത്രമാണ്.(ഒറിജിനല്‍ ചിത്രം മൈസൂര്‍ കൊട്ടരത്തിലുണ്ട്.) ആ ചിത്രത്തിന്റെ സ്റ്റൈല്‍ രവി വര്‍മ്മയുടെതല്ല എന്ന് പോലും തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനു കലാവിമര്‍ശനം നടത്തി പരിഹസ്യനാകുന്നു ?ഇദ്ദേഹം എവിടെയും 'ഗവേഷിക്കാതെ '(ഗവേഷണത്തോടുള്ള ഈ പരിഹാസമാണ് കൂടുതല്‍ പരിഹാസ്യം.If a thing's worth doing, it's worth doing well) യാണ് അഭിപ്രായം രൂപികരിക്കുന്നത് ‌.'ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു വിളി തോന്നി' എന്ന പോലെ!! ('ഉണ്ടിരിക്കുന്ന നായര്‍ 'എന്ന പ്രയോഗം ജാതീയാധിക്ഷേപമാകുമോ എന്നൊരു 'നമ്പൂരി ശങ്ക' ഉണ്ട്.)

ചിത്രകാരന്റെ ആരോപണങ്ങള്‍ പ്രധാനമായും ഇവയാണ്.
(1)രവി വര്‍മ്മ കലണ്ടര്‍ ചിത്രകാരനാണ്.
(2)രവി വര്‍മ്മയുടെ ചിത്രീകരണരീതി ആധുനികമല്ല.അദേഹം വെറും പോര്‍ട്രൈറ്റ്‌ ചിത്രകാരനായിരുന്നു.

(1) ആരോപണം ശരിയാണ് . കാരണം രവിവര്‍മ്മ കലണ്ടര്‍ ചിത്രകാരന്‍ തന്നെയായിരുനു.പക്ഷേ ആതില്‍ പരിഹസിക്കപ്പെടേണ്ടതായി ഒന്നുമില്ല.കാരണം ഇന്ത്യയില്‍ കലണ്ടര്‍ ചിത്രം എന്ന ആശയം തന്നെ രവിവര്‍മ്മയുടേതാണ്. തന്റെ ചിത്രങ്ങളുടെ കോപ്പികള്‍ അച്ചടിക്കാന്‍ അദേഹം സ്വന്തമായി പ്രസ്സ് സ്ഥാപിച്ചിരുന്നു.അദേഹം പ്രശസ്തനായത് വിജയകരമായ ഈ മാര്‍ക്കററിംഗ് രീതി കൊണ്ടായിരുന്നു. പില്‍കാലത്തെ ചിത്രകാരന്മാരെയും,നാടകത്തേയും,ആദ്യകാല സിനിമയേയുമൊക്കെ അദ്ദേഹം സ്വാധീനിച്ചിരുന്നു.അദേഹം വരച്ചപോലെ പില്‍കാലത്ത് ചിത്രകാരന്മാര്‍ ദേവീദേവന്‍മാരെ വരച്ചെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ തെളിവാണ്.Imitation is the sincerest form of flattery.എഴുപതുകളില്‍ തുടങ്ങിയ അമര്‍ചിത്രകഥയുടെ കലാകാരന്‍മാര്‍ രവിവര്‍മ്മയെ അനുകരിച്ചെങ്കില്‍ അതിനുത്തരവാദി രവിവര്‍മ്മയാകുന്നതെങ്ങിനെ?ഒരു ഉദാഹരണം : സെര്‍ജി ഐസന്‍സ്ററീനിന്റെ ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ എന്ന ചിത്രത്തിലെ പ്രശസ്തമായ odessa steps sequence എത്രയോ സംവിധായകര്‍ അതേപോലെ അനുകരിച്ചിരിക്കുന്നു, വലിയവരും ചെറിയവരും. പെട്ടെന്ന് ഓര്‍മ്മവരുന്നത് ബ്രയാന്‍ ഡി പാമയുടെ ദ അണ്‍ടച്ചബിള്‍സ്. പിന്നെ നമ്മുടെ ഹിന്ദിയിലെ തേസാബും. 1987 ല്‍ ഇറങ്ങിയ ദ അണ്‍ടച്ചബിള്‍സ്സിലും 1988 ഇറങ്ങിയ തേസാബിലും odessa step sequence ഉപയോഗിച്ചിട്ടുണ്ട് എന്നതുകൊണ്ട് 1925 ല്‍ ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ എടുത്ത ഐസന്‍സ്ററീന്‍ മോശക്കാരനാണ് എന്ന് വാദിച്ചാല്‍ എന്തു ചെയ്യും?പില്ക്കാലചിത്രകാരന്മാര്‍ രവിവര്‍മ്മയെ വിടാതെ പിന്തുടരുന്നതില്‍ രവിവര്‍മ്മ എന്തു പിഴച്ചു?

(2)അതും ശരിയാണ്. ചിത്രകലയില്‍ റിയലിസത്തിന്റെ കാലം കഴിയുന്നത്‌ ഫോട്ടോഗ്രാഫിയുടെ വരവോടുകൂടിയാണ്.അതുവരെ റിയലിസത്തിനു ആവശ്യക്കാരും ആരാധകരും ഉണ്ടായിരുന്നു.ഫോട്ടോഗ്രാഫി പ്രയോഗികമാകുന്നത് ജോര്‍ജ്ജ് ഈസ്റ്റ്മാന്‍ 1901 ല്‍ അവതരിപ്പിച്ച കൊഡാക് ബ്രൌണി യിലൂടെയാണ്.കളര്‍ ഫോട്ടോഗ്രാഫി (autochrome)വരുന്നതു 1907 ലും.1906 ല്‍ മരിച്ചുപോയ രവിവര്‍മ്മ റിയലിസം ഉപേക്ഷിക്കാത്തത് വലിയ തെറ്റു തന്നെ. സംശയമില്ല.

ഇനി മോഡേണിസത്തെപ്പററി . 1910- ല്‍ ലണ്ടനില്‍ വാന്‍ഗോഗ്, പിക്കാസ്സോ മുതലായ പോസ്റ്റ് ഇമ്പ്രഷണിസ്ററുകളുടെ ഒരു എക്സിബിഷന്‍ നടന്നു.വിര്‍ജീനിയ വുള്‍ഫ് 1920 കളില്‍ ഇതേപറ്റി എഴുതിയത് ''In or about 1910 human character changed'' എന്നാണ്.മോഡേണിസത്തിന്റെ പിറവിയാണ് അവര്‍ ഉദ്ദേശിച്ചത്.സംഭവം നടന്നു പത്തുവര്‍ഷത്തോളം കഴിഞ്ഞാണ് ഇതിന്റെ പ്രയോക്താക്കള്‍ക്കുപോലും സംഭവം പിടികിട്ടുന്നത്‌.1906 ല്‍ മരിച്ചുപോയ രവിവര്‍മ്മ മോഡേണിസത്തെപ്പററി അറിയാതെ പോയത് വലിയ തെറ്റു തന്നെ.

ബ്രിട്ടീഷുകാരുടെ സ്വാധീനം നിമിത്തം പത്തൊന്‍പതാം നൂററാണ്ടിന്റെ പകുതിയോടുകൂടെ ഇന്ത്യയലെ പാരമ്പര്യകലകള്‍ക്ക് മാറ്റം സംഭവിച്ചുതുടങ്ങിയിരുന്നു. രവിവര്‍മ്മ പാരമ്പര്യ ചിത്രകലയ്ക്ക് ദോഷം ചെയ്തു എന്നൊരു ആരോപണവുമുണ്ട്.പാവം രവിവര്‍മ്മ!! ഒരുകൂട്ടര്‍ അദേഹം പഴമയെ തകര്‍ത്തു എന്ന് കുററപ്പെടുത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ അദേഹം പുതിയതായി ഒന്നും ചെയ്തില്ല എന്നും കുററപ്പെടുത്തുന്നു.രവിവര്‍മ്മ രണ്ടുവശത്തും തല്ലുവാങ്ങുന്ന ചെണ്ട പോലെയായി. ബുദ്ധിജീവിയാകാനെന്തു വഴീ, 'രവിവര്‍മ്മ ബാഷിങ്ങ്'. അതുതന്നെ വഴി!!

ഇന്ത്യയില്‍ മോഡേണ്‍ ആര്‍ട്ട് പ്രധാനമായും തുടങ്ങിയത് ബംഗാള്‍ സ്കൂള്‍ എന്നറിയപ്പെടുന്ന പ്രസ്ഥാനത്തോടെയാണ് (അബനീന്ദ്രനാഥ് ടാഗോറും സംഘവും) ഇവരുടെ പ്രധാന വിമര്‍ശനാപാത്രവും രവിവര്‍മ്മയായിരുന്നു.മാര്‍ക്സിസ്റ്റ്‌ ചിന്താരീതിയില്‍ ആഭിമുഖ്യമുള്ള മോഡേണിസത്തില്‍ സൌന്ദര്യം പോലും നിഷിദ്ദമായിരുന്നു.മോഡേണ്‍ ആര്‍ട്ടിന്റെ പുറകിലുള്ള ലക്ഷ്യം തന്നെ 'The desire to destroy beauty' എന്നാണ്Barnet Newman(abstract painter 1905-1970 )അഭിപ്രയപെടുന്നത്.വൈകൃതത്തെ ആഘോഷിക്കുന്ന മോഡേണ്‍ ആര്‍ട്ട് ജനമനസ്സില്‍ പച്ചപിടിച്ചില്ല.എന്നാല്‍ പിക്കാസ്സൊ പോലുള്ള യഥാര്‍ത്ഥ കലാകാരന്മാരുടെ വൈരുപ്യസ്രഷ്ടികള്‍ മനോഹരങ്ങളായിരുന്നു.(there is method in their madness)കാര്യമറിയാതെ ഇവരെ അന്ധമായി അനുകരിച്ച പരിമിത വിഭവന്മാരെ ജനം തള്ളി .അപ്പോള്‍ പിന്നെ മനോഹരചിത്രങ്ങള്‍ വരക്കുന്ന രവിവര്‍മ്മയെ എങ്ങിനെ എതിര്‍ക്കാതിരിക്കും?മാത്രമോ രവിവര്‍മ്മ അതിപ്രശസ്തന്‍ ,ഉന്നതകുലജാതന്‍,രാജക്കന്‍മാരുടെയും സാധാരണക്കാരുടെയും കണ്ണിലുണ്ണി. പ്രശ്നം പണ്ടു കുറുക്കന്‍ മുന്തിരി നോക്കി പറഞ്ഞതു തന്നെ. ബുര്‍ഷ്വാ സൌന്ദര്യാസ്വാദനരീതികളോടുള്ള കലഹം എന്ന രീതിയില്‍ തുടങ്ങിയ മോഡേണ്‍ ആര്‍ട്ട് സാധാരണജനങ്ങള്‍ ഒരുകാലത്തും അംഗീകരിച്ചില്ല എന്നതാണ് വാസ്തവം.അവരിന്നും രവിവര്‍മ്മയുടെ കലണ്ടര്‍ ചിത്രങ്ങളുടെ പ്രിന്റുകള്‍ കാശുകൊടുത്തു വാങ്ങുന്നു.പല ഒറിജിനല്‍ മോഡേണ്‍ ആര്‍ട്ടും വെറുതെ കൊടുത്താല്‍ പോലും ആര്‍ക്കും വേണ്ട.കേരളത്തിലെ ജനങ്ങള്‍ക്ക് കലാബോധമില്ല,ചിത്രകാരന്മാര്‍ക്ക് ജീവിക്കാനാവശ്യമായ വരുമാനം കിട്ടുന്നില്ല എന്നൊക്കെയാണ് ആക്ഷേപം. അധ്വാനിച്ചു കാശുണ്ടാക്കുന്ന ആരെങ്കിലും ഇവരുടെ വികലമായ തത്വശാസ്ത്രത്തില്‍ നിന്നും രൂപം കൊണ്ട ഈ 'കലാസ്രൃഷ്ടികള്‍' വാങ്ങുമോ?പലരുടെയും മഹത്തായ ആധുനിക ചിത്രങ്ങള്‍ വാങ്ങി വീട്ടില്‍വച്ചു ദിവസവും അതുതന്നെ കാണേണ്ടിവരുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ...ചിലരെങ്കിലും മോഡേണ്‍ ആര്‍ട്ട് വാങ്ങുന്നത് 'benign masochism' എന്ന് പറയാവുന്ന മനസികാവസ്ഥയോടെയാണ്.ഈ പീഡനം സഹിക്കാന്‍ കഴിവുള്ള (cultural machismo)തന്നെ മറ്റുള്ളവര്‍ ബുദ്ധിജീവിയായി പരിഗണിക്കും എന്ന വിശ്വാസത്തില്‍.അവര്‍ തന്നെ ആര്‍ട്ട് ഗ്യാലറി പ്രത്യേകം പണിതു അവിടെയാണ് ചിത്രം സൂക്ഷിക്കുന്നത്.അല്ലാതെ വീട്ടില്‍ സൂക്ഷിച്ചു കാണുകയും ആസ്വദിക്കുകയുമല്ല.ചുളുവില്‍ ബുദ്ധിജീവിയാകുന്നത് ഒരു തെറ്റല്ല. എമ്പ്രാന്റെ വെളക്കത്ത് വാര്യരുടെ അത്താഴം.(ജാതീയാധിക്ഷേപമാകുമോ എന്തൊ?)

താഴെ കാണുന്നചിത്രം കണ്ടിട്ട് എന്തു തോന്നുന്നു? ഈ ചിത്രം വാങ്ങാന്‍ നിങ്ങള്‍ എത്ര രൂപ കൊടുക്കും?25 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇതാ പുതിയ ഒരു നായർ മോൻ.

താഴെയുളള ഫൊട്ടോ കണ്ടിട്ട് ഒന്നു കുലുക്കാൻ തോന്നൂന്നു.

കാണാക്കുയില്‍ പറഞ്ഞു...

മുകളില്‍ കമന്റിയ അജ്ഞാത ആരന്ന് ആ ഭാഷ തന്നെ ("കുലുക്കാന്‍ തോന്നുന്നു") പറയുന്നു. ബ്ലോഗില്‍ മാനസ്സിക അസ്വാസ്ഥ്യം ഉള്ള പലരും എഴുതുന്നതിനാല്‍ എല്ലാവര്‍ക്കും എപ്പോഴും തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു പോകാന്‍ സാധിക്കില്ല. താങ്കളുടെ പോസ്റ്റ് വളരെ നല്ലതാണു. ഇത്തരം നല്ല കലാവിമര്‍ശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം ഒരു നാലു വയസ്സുകാരനു പോലും Paint Softwareല്‍ ഇന്നു ചെയ്യാവുന്നതേയുള്ളു.

പരാജിതന്‍ പറഞ്ഞു...

ബ്രൈറ്റേ, ചിത്രകാരന്‍ രവിവര്‍‌മ്മയുടെ ചിത്രങ്ങളെക്കുറിച്ചെഴുതിയതിനോട് പ്രതികരിക്കുന്നത് ന്യായം തന്നെ. ‘ഇന്ത്യന്‍ ചിത്രകലാചരിത്ര’ത്തില്‍ അവഗണിക്കാന്‍ പറ്റാത്ത സ്ഥാനമുണ്ട് രവിവര്‍‌മ്മയ്ക്ക്. എങ്കിലും ബ്രൈറ്റ് എഴുതിയതിനെപ്പറ്റി ചില കാര്യങ്ങള്‍ പറയാതെ വയ്യ.

ചിത്രകാരന്‍ ചിത്രകല അഭ്യസിച്ചയാള്‍, അതിന്റെ സൌന്ദര്യശാസ്ത്രത്തെക്കുറിച്ച് സ്വന്തമായി ഒരു വീക്ഷണം രൂപപ്പെടുത്തിയെടുത്തയാള്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിനു രവിവര്‍‌മ്മച്ചിത്രങ്ങളെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞു. അതിനോട് എതിരഭിപ്രായമുള്ളവരുണ്ടാകാം. പക്ഷേ താങ്കള്‍ യുക്തിപൂര്‍‌വ്വമെന്ന രീതിയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്താണ്?

യൂറോപ്യന്‍ ചിത്രകലയില്‍ രവിവര്‍‌മ്മയുടെ സമകാലികരായിരുന്ന കലാകാരന്മാരോളം പ്രതിഭയും ഭാവനയും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നു താങ്കള്‍ കരുതുന്നുണ്ടോ? ലണ്ടനില്‍ റോജര്‍ ഫ്രൈ 1910-ല്‍ ഫ്രാന്‍സില്‍ നിന്നുള്ള പോസ്റ്റ് ഇമ്പ്രഷനിസ്റ്റുകളുടെ പ്രദര്‍ശനം നടത്തിയെങ്കിലും അതിനും എത്രയോ മുമ്പ് യഥാതഥചിത്രീകരണശൈലിയില്‍ നിന്നു യൂറോപ്യന്‍ ചിത്രകല വഴിമാറിക്കഴിഞ്ഞിരുന്നു. (ലണ്ടനിലെ പോസ്റ്റ്-ഇം‌പ്രഷനിസ്റ്റ് എക്സിബിഷനില്‍ പികാസോയുടെ ചിത്രങ്ങള്‍ വന്നിരുന്നെങ്കിലും 1910-നും മുമ്പേ അവിഞ്ഞോന്‍ പെണ്‍‌കൊടികളും മറ്റും വരച്ച് ക്യൂബിസത്തില്‍ മുങ്ങിയ പികാസോയെ പോസ്റ്റ്-ഇം‌പ്രഷനിസ്റ്റ് എന്ന് കലാചരിത്രകാരന്മാര്‍ വിളിക്കാറില്ല.) പികാസോ ജനിക്കുന്നതിനു (1881) മുമ്പേ തന്നെ പോസ്റ്റ് ഇം‌പ്രഷനിസ്റ്റ് രചനാരീതി നിലവില്‍ വന്നു കഴിഞ്ഞിരുന്നു. ആ പേരു വീണതു പിന്നീടാണെന്നു മാത്രം. താരതമ്യം ചെയ്തു പറഞ്ഞാ‍ല്‍, പോസ്റ്റ് ഇം‌പ്രഷനിസ്റ്റ് ആചാര്യനായിരുന്ന പോള്‍ സെസാന്റെ നൂറിലൊന്നു പ്രതിഭയില്ല രവിവര്‍‌മ്മയ്ക്ക്. പോസ്റ്റ് ഇം‌പ്രഷനിസം പോട്ടെ, രവിവര്‍‌മ്മയ്ക്കും നാലുനൂറ്റാണ്ടു മുമ്പുണ്ടായിരുന്ന ഇറ്റാലിയന്‍ നവോത്ഥാനകലാകാരന്മാരുടെയും റെംബ്രാന്റ്, വെര്‍‌മീര്‍ തുടങ്ങിയവരുടെയുമൊക്കെ കലയ്ക്കും ഏറെ പിന്നിലായിരുന്നു രവിവര്‍‌മ്മച്ചിത്രങ്ങള്‍. ഇത് മനസ്സിലാക്കാന്‍ പ്രകാശവിന്യാസത്തിലുള്ള വ്യതിയാനങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. അപ്പോള്‍ ഫോട്ടോഗ്രാഫി കണ്ടുപിടുത്തം, റിയലിസം തുടങ്ങിയ കാര്യങ്ങള്‍ കണക്ട് ചെയ്ത് രവിവര്‍‌മ്മയെ മഹത്വവത്കരിക്കാന്‍ നോക്കുന്നതില്‍ ഒരു കാര്യവുമില്ല.

എങ്കിലും ഇന്ത്യന്‍ ചിത്രകലാപരിസരത്തില്‍ രവിവര്‍‌മ്മയ്ക്കും അദ്ദേഹത്തിന്റെ കലാസപര്യയ്ക്കും തീര്‍‌ച്ചയായും പ്രസക്തിയുണ്ട്. (അതുകൊണ്ടാവണം എ.രാമചന്ദ്രനെപ്പോലുള്ളവര്‍ രവിവര്‍‌മ്മച്ചിത്രങ്ങളെ വീണ്ടും കലാപ്രേമികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.) കലയ്ക്കു വേണ്ടി സ്വജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ച മഹാനായ ഒരു വ്യക്തിയെ ‘വെറും കലണ്ടര്‍ ചിത്രകാരന്‍’ എന്നു വിളിച്ചാക്ഷേപിക്കുന്നത് അന്യായമാണ്. വിശേഷിച്ചും കലണ്ടര്‍ ലൈന്‍ സെന്‍സിബിലിറ്റിയില്‍ നിന്നും ഇന്ത്യന്‍ ചിത്രകല ഏറെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ആ പറച്ചിലിനു എന്തു സാ‍ധ്യതയാണുള്ളത്?

പിന്നെ, കലണ്ടര്‍ ചിത്രം വാങ്ങുന്നതും ആധുനികചിത്രകലയുടെ കാര്യവുമൊക്കെ എഴുതിയിരിക്കുന്നത് വായിച്ചു ചിരിച്ചു പോയി. കലണ്ടര്‍ ചിത്രങ്ങള്‍ പത്തോ അമ്പതോ കൊടുത്തു വാങ്ങുന്നവരാണ് യഥാര്‍‌ത്ഥകലാസ്വാദകര്‍, അല്ലേ? ബാക്കിയൊക്കെ ആധുനിക കലാവിപണിയെപ്പറ്റി എന്തെങ്കിലും അന്വേഷിച്ചിട്ട് എഴുതിയതാണോ ആവോ! തൃശൂരുകാരനായ ഒരു യുവാവിന്റെ ഒരു ചിത്രം അടുത്തിടെ ഒന്നരക്കോടി രൂപയ്ക്കോ മറ്റോ ആണ് വിറ്റതെന്നു കേട്ടിരുന്നു.

bright പറഞ്ഞു...

പരാജിതന്,
ഞാന്‍ രവിവര്‍മ്മയുടെ ആരാധകനൊന്നുമല്ല.പോസ്റ്റില്‍ സൂചിപ്പിച്ചപോലെ രവിവര്‍മ്മയുടെ വെറും വക്കീല്‍ മാത്രം.ബുദ്ധിജീവിയാകാന്‍ 'രവിവര്‍മ്മ ബാഷിങ്ങ്' നടത്തുന്ന പലരെയും കണ്ടിട്ടുള്ളതുകൊണ്ട്‌ ,രവിവര്‍മ്മയുടെ ഭാഗത്തുനിന്നും ചില ന്യായങ്ങള്‍ ചൂണ്ടികാണിക്കുന്നു.അത് പൂര്‍ണമായും ചിത്രകാരനെ ഉദ്ദേശിച്ചുപോലുമല്ല. ഒരാളെ ചിലര്‍ ചേര്‍ന്ന് ന്യായമായ കാരണങ്ങള്‍ കാണിക്കാതെ (ന്യായമായ കാരണങ്ങളൊന്നുമില്ല എന്നര്‍ത്ഥമില്ല) തല്ലുന്നതു കണ്ടപ്പോള്‍ ഇടപെട്ടു, അത്ര മാത്രം. ചിത്രകാരനു വേണ്ടത്ര തെയ്യാറെടുപ്പോടെ കാര്യകാരണസഹിതം വിമര്‍ശനം നടത്താമായിരുന്നു.

എനിക്ക് കലയോടുള്ള ഏക അടുപ്പം oliver sacksന്റെയും v.s ramachandran ന്റെയും പുസ്തകങ്ങളില്‍ Neuroesthetics സംബന്ധിച്ച ചിലത് വായിച്ചതില്‍ നിന്നുള്ളതാണ്.എല്ലാ കലകളും എന്തുകൊണ്ട് ആഹ്ലാദകരമായി അനുഭവപ്പെടുന്നു എന്ന് ശാസ്ത്രീയമായി ഇപ്പോള്‍ പഠിക്കപ്പെടുന്നുണ്ട്.അതില്‍നിന്ന് മനസ്സിലാകുന്നത് ഈ മോഡേണും പോസ്റ്റ് മോഡേണുമായിട്ടുള്ള കലകളൊന്നും യഥാര്‍ത്ഥത്തില്‍ ആസ്വദിക്കപ്പെടുന്നില്ല എന്നാണ്.ഇവ ആസ്വദിക്കുന്നു എന്ന നാട്യം ഞാന്‍ സൂചിപ്പിച്ച പോലെ benign masochism തന്നെയാണ് .സാധാരണക്കാര്‍ രവിവര്‍മ്മയുടെതുപോലുള്ള റിയലിസ്ററിക്ക് ചിത്രങ്ങള്‍ക്കു പുറകേ പോകുന്നതിന് ശാസ്ത്രീയമായ കാരണമുണ്ട്.

പിന്നെ താങ്കള്‍ സൂചിപ്പിച്ച പെയ്ന്റിങ്ങിന്റെ വിലയുടെ കാര്യം.ആളുകള്‍ കലയില്‍ പണം നിക്ഷേപിക്കാറുണ്ട് .ഭൂമിയിലും സ്വര്‍ണ്ണത്തിലും ഷെയര്‍ മാര്‍ക്കററിലും നിക്ഷേപിക്കുന്നപ്പോലെ തന്നെ. പണം മുടക്കുന്നവന്‍ താന്‍ വാങ്ങിയ പെയ്ന്റിങ്ങിന്റെ വില ഉയര്‍ത്താന്‍ നോക്കും.അയാള്‍ മുന്‍കൈയെടുത്തു അത് വരച്ചയാളെ മാക്സിമം പ്രോമോട്ടു ചെയ്യും.അങ്ങനെ അയാള്‍ പ്രശസ്തനാകുമ്പോള്‍ ചിത്രം വില്‍ക്കും. അയാള്‍ ചിത്രം വാങ്ങുന്നത് ചിത്രം അസ്വദിക്കാനല്ല,മറിച്ചു വില കൂടുമ്പോള്‍ വില്‍ക്കാന്‍ തന്നെയാണ്. അത് തന്നെയാണ് ഞാനും പറഞ്ഞ്.ബുദ്ധിമാന്‍ ചെയ്യുന്നതുകണ്ട് മണ്ടന്മാര്‍ അനുകരിക്കും .അവര്‍ക്ക് ചിത്രം ആസ്വദിക്കാനുമാവില്ല,കാശും നഷ്ടം.

കലാസൃഷ്ടി ഒരു കറന്‍സി നോട്ടുപോലെയാണ്.നോട്ടിനു വിലയുണ്ടാകുന്നത് വാങ്ങുന്ന ആളും കൊടുക്കുന്ന ആളും അതിനു മൂല്യമുണ്ടെന്ന് സമ്മതിക്കുമ്പോഴാണ്.വാങ്ങുന്ന അള്‍ക്ക് അത് കള്ളനോട്ടാണെന്ന് തോന്നിയാല്‍ ആ നോട്ടിനു പിന്നെ കടലാസിന്റെ വില പോലുമുണ്ടാകില്ല. വിലപിടിച്ചതെന്നു കരുതുന്ന ചിത്രങ്ങള്‍ പിന്നീട് fake ആണന്നു കണ്ടെത്താറുണ്ട്.പിന്നെ ആ ചിത്രത്തിനു വെറും ക്യാന്‍വാസിന്റെ വിലപോലുമില്ല.ചിത്രകാരന്‍ പ്രശസ്തനല്ലെങ്കില്‍ കലാമൂല്യം പെട്ടെന്ന് ഇല്ലതായിപ്പോകുമോ?അതുപോലെ ആരും ശ്രദ്ധിക്കാതെ കിടന്ന ചിത്രങ്ങള്‍ ഏതെങ്കിലും ഒരു പ്രശസ്തന്റെയാണെന്ന് കണ്ടെത്തുമ്പോള്‍ അതിന്റെ വില ആകാശം മുട്ടെ ഉയരും. പെട്ടെന്ന് ചിത്രത്തിന്റെ കലാമൂല്യം ഉയരുന്നതുകൊണ്ടാന്നോ അത്? എം.എഫ് ഹുസ്സൈന്‍ ഭാവിയില്‍ വരക്കാനിരിക്കുന്ന ചിത്രങ്ങള്‍ക്ക് പോലും കോടികള്‍ കൊടുക്കാന്‍ ആളുണ്ട്.ഹുസ്സൈന്‍ പെയ്ന്റിങ്ങുകളുടെ fake കോപ്പികള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടത്രേ.ഇവിടെ പെയിന്റിംഗ് സ്റ്റാറ്റസ് സിംബലായാണ് ഉപയോഗിക്കപ്പെടുന്നത്.ഈ ചിത്രങ്ങള്‍ ഒറിജിനലാണെന്ന നാട്യത്തിലാണ് പ്രദര്‍ശിപ്പിക്കപ്പടുന്നത് .വരക്കാനറിയുന്നവര്‍ എന്തിനു ഹുസൈന്റെ പേരില്‍ വരച്ചു അവ വില്‍ക്കുന്നു? സ്വന്തം പേരില്‍ വരച്ചാല്‍ ആരും വാങ്ങില്ല. അതുതന്നെ കാരണം.

ചിത്രം ആസ്വദിക്കാനായി വാങ്ങുന്നവരെ മാത്രമേ കലാസ്വാദകരായി പരിഗണിക്കാന്‍ പററൂ. അവരാണ് ചിത്രം വാങ്ങി വീട്ടിലെ സ്വീകരണമുറിയിലും, കിടപ്പുമുറിയിലുമൊക്കെ സൂക്ഷിന്നതും അവ അസ്വദിക്കുന്നതും.അത് realistic ആയാലും abstract ആയാലും,original ആയാലും, print ആയാലും .താങ്കള്‍ കല ആസ്വദിക്കുന്നവരെയും കല കച്ചവടം ചെയ്യുന്നവരെയും ഒന്നായി കാണുന്നു. ഞാന്‍ ഇവരെ രണ്ടായിത്തന്നെ കാണുന്നു. രണ്ടു ഗ്രൂപ്പിലും പെടുന്നവര്‍ കുറവാണെന്നാണ് എനിക്ക് തോന്നുന്നത്.

താങ്കള്‍ക്ക് ചിരിക്കാന്‍ ചില കലാസൃഷ്ടികളെപ്പററി പറയാം.andres serrano എന്ന 'കലാകാരന്റെ' 'piss christ'(ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം കലാകാരന്റെ മൂത്രം നിറച്ച ഒരു കുപ്പിയില്‍ ഇട്ടിരിക്കുന്നു)അല്ലെങ്കില്‍ chris ofil എന്ന കലാകാരന്റെ വക ആനപിണ്ഡം തേച്ചു വൃത്തികേടാക്കിയ കന്യാമറിയത്തിന്റെ ചിത്രം.ഇതെല്ലാം കാണാനും 'അസ്വദിക്കാനും' കാശു മുടക്കാന്‍ ആളുണ്ട്.പിന്നെ ഇന്നലെ ഇന്‍റര്‍നെറ്റില്‍ കണ്ട ഒരു കലാസൃഷ്ടിയെ പറ്റിയുള്ള വാര്‍ത്ത http://www.havanatimes.org/?p=4007 (ഇവിടെ കലാപരമായ ഇടപെടല്‍ മനുഷ്യമലം ഉപയോഗിച്ചാണ്. ) മനുഷ്യന്റെ യഥാര്‍ത്ഥ അസ്വാദനബോധവുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം മോഡേണ്‍ ആര്‍ട്ടിനോടാണ് എന്റെ എതിര്‍പ്പ്.

Haree | ഹരീ പറഞ്ഞു...

:-) പോസ്റ്റ് ഇഷ്ടമായി. പിക്കാസോയുടെ ചിത്രങ്ങളേക്കാള്‍ എനിക്കിഷ്ടം വാന്‍‌ഗോവിന്റെ ചിത്രങ്ങളാണ്. അതുകൊണ്ട് പിക്കാസോയ്ക്ക് വാന്‍‌ഗോവിന്റെയത്രയും പ്രതിഭയില്ല എന്നു ഞാന്‍ പറഞ്ഞാല്‍ അത് മറ്റൊരാള്‍ക്ക് ശരിയായി തോന്നണമെന്നില്ല. ഇവരുടെയെല്ലാം മികച്ച പെയിന്റിങ്ങുകളെ പരിചയപ്പെടുത്തുന്ന ഒരു സീരീസ് പുസ്തകങ്ങള്‍ എന്റെ പക്കലുണ്ടായിരുന്നു. അതു വായിച്ചും, അവയിലെ ചിത്രങ്ങള്‍ കണ്ടുമുള്ള പരിചയമേ എനിക്കുള്ളൂ. Starry Night ഒക്കെ ഇങ്ങിനെ നോക്കിയിരിക്കുവാന്‍ തന്നെ എന്തു രസമാണ്. എന്നാലതില്‍ എന്താണുള്ളതെന്ന്‍ അറിയുകയുമില്ല. അത് റിയലിസ്റ്റിക്കല്ല, എങ്കിലും ആസ്വാദനം സാധ്യമാണ്.

ഒടുവിലെ ചിത്രത്തെക്കുറിച്ച്; ശരിയാണ്, ഇനിയിപ്പോള്‍ ആര്‍ക്കും അത് പെയിന്റിലോ, ഫോട്ടോഷോപ്പിലോ ഒക്കെ വരയ്ക്കാം. പക്ഷെ, അത് ആദ്യം മനസില്‍ കണ്ട് വരയ്ക്കുവാന്‍ പ്രതിഭ തന്നെ വേണം. ചില പ്രോജക്ടുകള്‍ക്ക് ബാക്ക്‍‌ഗ്രൌണ്ട് ഫോട്ടോഷോപ്പില്‍ വരച്ചുണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍ വല്ലാതെ വിഷമിക്കാറുണ്ട്. ഒരു വരയിടുന്നതു പോലും, ആസ്വാദ്യകരമായി ചെയ്യണമെങ്കില്‍ അതിന്റേതായ പ്രയാസമുണ്ട്.

കമന്റിലെ ലിങ്കില്‍, മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍ (മലം മാത്രമല്ല) ഉപയോഗിച്ചുള്ള പരീക്ഷണം രസകരമായി തോന്നുന്നു. ശരീരത്തില്‍ അണിയുന്ന ആഭരണങ്ങള്‍, ശരീരം പുറത്തുകളയുന്ന വസ്തുക്കളില്‍ നിന്നുമുണ്ടാക്കുന്നു. അവയ്ക്കുള്ള ആരോഗ്യപരമായ ദൂഷ്യങ്ങള്‍ ഒഴിവാക്കിയാവും ഉപയോഗിക്കുന്നതെന്നു കരുതാം. പണ്ടൊക്കെ അത്തപ്പൂക്കളമിടുന്നതിനു മുന്‍പ് (പലസ്ഥലങ്ങളിലും ഇപ്പോളും, എന്റെ വീട്ടിലും) ചാണകമുപയോഗിച്ച് തറമെഴുകുമായിരുന്നു. എന്തിന്, എന്റെ കുട്ടിക്കാലത്ത് ഇല്ലത്തിന്റെ തറ ചാണകമായിരുന്നു. ആ ലിങ്കില്‍ തന്ന പല വസ്തുക്കളും ക്രിയേറ്റീവ് ആയി തന്നെ തോന്നി.

@ പരാജിതന്‍,
"കലണ്ടര്‍ ചിത്രങ്ങള്‍ പത്തോ അമ്പതോ കൊടുത്തു വാങ്ങുന്നവരാണ് യഥാര്‍‌ത്ഥകലാസ്വാദകര്‍, അല്ലേ?" - അവര്‍ കലാസ്വാദകരല്ല എന്നു പറയുവാന്‍ കഴിയുമോ! അവരും കലാസ്വാദകര്‍ തന്നെ. ഒന്നരക്കോടി രൂപമുടക്കി ആരോ മേടിച്ച തൃശൂരുകാരനായ യുവാവിന്റെ ചിത്രം, മേടിച്ചയാള്‍ ആസ്വദിച്ചു നേടുന്ന ആനന്ദം തന്നെ; അമ്പതുരൂപയ്ക്ക് കലണ്ടര്‍ ചിത്രം മേടിച്ചയാള്‍ക്കും ലഭിക്കുന്നുണ്ടെങ്കിലോ?
--

പരാജിതന്‍ പറഞ്ഞു...

ബ്രൈറ്റ്,
വക്കീലിന്റെ വാദവും കേസും തള്ളിപ്പോകുകയേയുള്ളൂ. :)
കലയുമായി തനിക്കുള്ള ബന്ധം ഒലിവര്‍ സാക്സിന്റെയും രാമചന്ദ്രന്റെയും പുസ്തകങ്ങളിലെ പരാമര്‍‌ശങ്ങള്‍ വായിച്ചുള്ള അറിവു മാത്രമാണെന്നു ഏറ്റു പറയുന്ന ഒരാള്‍ ‘കലാവിമര്‍‌‌ശനം’ നടത്താന്‍ തുനിയുന്നിടത്തു തന്നെ കേസ് തള്ളി.

ശാസ്ത്രീയപഠനത്തെ ആസ്പദമാക്കിയല്ല, മറിച്ച് പോസ്റ്റ് ഇം‌പ്രഷനിസത്തെയും പികാസോയെയും മറ്റും പരാമര്‍‌ശിച്ചാണ് പോസ്റ്റില്‍ താങ്കള്‍ വാദങ്ങള്‍ നിരത്തിയത്. കൂട്ടത്തില്‍ സാധാരണക്കാര്‍‌ ഇഷ്ടപ്പെടുന്നതു മാത്രമാണ് ഉദാത്തമായ കല എന്നു വരുത്തിത്തീര്‍‌ക്കാനുള്ള ശ്രമവും. അതേപ്പറ്റി പറഞ്ഞു വന്നപ്പോള്‍ ശാസ്ത്രീയപഠനമായി പ്രശ്നം! ശാസ്ത്രീയപഠനക്കാര്‍ കലാസ്വാദാനത്തിലെ സെന്‍സിബിലിറ്റിയുടെ ക്രമാനുഗതമായ വളര്‍‌ച്ച, രചനകളിലെ മൌലികത തുടങ്ങിയവയെ എങ്ങനെ വിശകലനം ചെയ്യൂന്നുവെന്നു വിശദമായി ചര്‍‌ച്ച ചെയ്യൂ. താങ്കള്‍ പറയുന്നതില്‍ കാര്യമുണ്ടോയെന്നു നോക്കാം. അല്ല്ലാതെ മോഡേണ്‍, പോസ്റ്റ് മോഡേണ്‍ കലകളൊന്നും ആസ്വദിക്കപ്പെടുന്നില്ലെന്ന താങ്കളുടെ ‘മനസ്സിലാക്കല്‍’ മുഖവിലയ്ക്കെടുക്കണമെങ്കില്‍ ആധുനികകലയെപ്പറ്റി ആവേശവും ജിജ്ഞാസയുമൊക്കെയുള്ള എല്ലാ മനുഷ്യരും വിഡ്ഡികളായിരിക്കണം. ‘അങ്ങനെ തന്നെയാണ്’ എന്നൊരു വ്യാമോഹമാണ് മുന്നോട്ടു വയ്ക്കാനുദ്ദേശിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല്ല.

കലാവിപണിയെക്കുറിച്ചു പറയുകയാണെങ്കില്‍, മറ്റെല്ലാ മേഖലയിലുമുള്ള പോലെ സ്നോബ് വാല്യുവിന്റെ മേല്‍ നടക്കുന്ന ക്രയവിക്രയങ്ങള്‍ കലയുടെ കാര്യത്തിലുമുണ്ട്. പക്ഷേ അതു മാത്രം ഹൈലൈറ്റ് ചെയ്തു കാണിച്ചു ‘ഒക്കെയും പോക്കാണ്’ എന്നൊരു തീര്‍‌പ്പു കല്പിക്കല്‍ അസംബന്ധമാണ്. ഓരോ കലാകാരന്റെയും വിപണിയിലെ ബ്രാന്റ് വാല്യു അനുസരിച്ചാണ് രചനകളുടെ വില നിര്‍‌ണ്ണയിക്കപ്പെടുന്നതെന്ന് ആര്‍‌ക്കും മനസ്സിലാകും. ഇന്ത്യയില്‍ ഹുസൈന്‍, അഞ്ജോലി ഇളാമേനോന്‍, സതീഷ് ഗുജ്‌റാള്‍, യൂസഫ് അറയ്ക്കല്‍ തുടങ്ങി വിപണിമൂല്യമുള്ള മിക്ക കലാകാരന്മാരും തങ്ങളുടെ മൌലികതയും പ്രതിഭയും തെളിയിച്ചിട്ടുള്ളവരാണ്. പ്രശസ്തരല്ലാത്തവരായ കലാകാരന്മാരില്‍ പ്രോമിസിങ്ങായവരെ തിരിച്ചറിഞ്ഞ് അവരുടെ സൃഷ്ടികള്‍ വാങ്ങാന്‍ ആര്‍‌ട് കളക്ടേഴ്സ് കണ്‍‌സള്‍‌ട്ടന്റുകളെ ഉപയോഗിക്കുന്നുണ്ടല്ലോ. അവരുടെ നിഗമനങ്ങള്‍ ചിലപ്പോള്‍ തെറ്റാം, ചിലപ്പോള്‍ ശരിയാകാം. എന്തായാലും വിപണിയില്‍ പിടിപാടും വൈദഗ്ദ്ധ്യവുമുള്ള ആര്‍‌ട് ഡീലര്‍‌മാര്‍‌ക്ക് ചിത്രകലയെ നിലനിര്‍‌ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലുമൊക്കെ വലിയ പങ്കുണ്ട്. അവരുടെ പ്രവൃത്തികളെ സ്വാധീനിക്കുകയും തിരുത്തുകയുമൊക്കെ ചെയ്യാന്‍ സാമര്‍‌ത്ഥ്യമുള്ള കലാനിരൂപകരും ഉപഭോക്താക്കളുമുണ്ട്. ഇതൊക്കെ പരിഗണിക്കാതെ കലാവിപണിയെ അടച്ചങ്ങാക്ഷേപിക്കുന്നത് ഔചിത്യമുള്ള പ്രവൃത്തിയല്ല. (സ്നോബ് വാല്യുവിന്റെ കാര്യമെടുത്താല്‍,കാറോടിക്കാനറിയാത്ത ധനികന്‍ ഒരു ‘വെയിറ്റി’നു വേണ്ടി മെഴ്‌സിഡിസ് ബെന്‍സ് വാങ്ങി പോര്‍‌ച്ചില്‍ നിറുത്തിയിരിക്കുന്നുവെന്നാല്‍ അതിന്റെയര്‍‌ത്ഥം ബെന്‍സ് വെറും ‘പാട്ടക്കാറാ’ണെന്നാണോ?)

ഇനി, കലാസൃഷ്ടികളുടെ ‘സോ കാള്‍ഡ് വിപണന’ത്തിനെതിരായിരുന്ന ഒരു ഗ്രൂപ്പും കേരളത്തിലുണ്ടായിരുന്നു. പ്രമുഖശില്പിയായിരുന്ന കൃഷ്ണകുമാര്‍ നേതൃത്വം നല്‍കിയിരുന്ന ‘റാഡിക്കല്‍ പെയിന്റേഴ്സ് അസോസിയേഷന്‍’. ആ ഗ്രൂപ്പിലുള്ളവരും വരച്ചിരുന്നത് എല്ലാ‍ സാധാരണക്കാര്‍‌ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരം യഥാതഥരീതിയിലുള്ള ചിത്രങ്ങളായിരുന്നില്ല.

പികാസോ മികച്ച ചിത്രകാരനായിരുന്നുവെന്ന് താങ്കള്‍ സമ്മതിക്കുന്നു. അദ്ദേഹം പതിനഞ്ചാം വയസ്സില്‍ വരച്ച ‘ഫസ്റ്റ് കമ്മ്യൂണിയന്‍’ എന്ന ‘അക്കാദമിക്’ ചിത്രത്തില്‍ തെളിയുന്ന കരവിരുതിന്റെ മേന്മ പോലും രവിവര്‍‌മ്മച്ചിത്രങ്ങളില്‍ കണ്ടെടുക്കുക പ്രയാ‍സം. അപ്പോള്‍ നാചുറല്‍ ആയ പ്രകാശവിന്യാസം, അനാറ്റമിക്കല്‍ പ്രിസിഷന്‍, അനുപാതങ്ങള്‍ എന്നിവ ക്യാന്‍‌വാസില്‍ പുനര്‍‌നിര്‍‌മ്മിക്കാന്‍ കഴിവുണ്ടായിരുന്ന പികാസോ എന്ന കുട്ടി മുതിര്‍‌ന്നപ്പോള്‍ യാഥാര്‍‌ത്ഥ്യപ്രതീതിയില്‍ നിന്നും കാതങ്ങള്‍ അകലം പുലര്‍‌ത്തുന്ന ക്യൂബിസം പോലൊരു രചനാസങ്കേതത്തിലെത്തിച്ചേര്‍‌ന്നതെങ്ങിനെ? യാഥാര്‍‌ത്ഥ്യത്തിന്റെ കേവലപ്രതീതിക്ക് ഒരിക്കലും കലാകാരന്റെ (ആസ്വാദകന്റെയും) സര്‍‌ഗ്ഗപരമായ തൃഷ്ണയെ ശമിപ്പിക്കാന്‍ കഴിയാത്തതു കൊണ്ട് എന്നുത്തരം.

അക്ഷരമറിയാവുന്നവരെല്ലാം കവിത ആസ്വദിക്കാന്‍ കഴിവുള്ളവരല്ല. കാഴ്ചയുള്ളവരെല്ലാം മികച്ച കലാസ്വാദകരുമാവില്ല. ഇതൊരു ലളിതമായ തത്വമല്ലേ? പികാസോയെപ്പറ്റി പറഞ്ഞ സ്ഥിതിയ്ക്ക് മൂപ്പരുടെ തന്നെ ഒരു ഡയലോഗ് ഇരിക്കട്ടെ: “Only a few people understand anything about art, and a feeling for painting has not been given to everyone."

ഹരീ, താങ്കള്‍ പോസ്റ്റും കമന്റുമൊക്കെ ശ്രദ്ധിച്ചു വായിച്ചുവോ? ഞാന്‍ പറഞ്ഞത് ധനികനാണ് ശരിയായ ആസ്വാദകനെന്നാണോ? :) ഇവിടെ പരാമര്‍‌ശിക്കപ്പെട്ട, ആധുനികകലയിലും മറ്റും താല്പര്യമേതുമില്ലാത്ത ‘കലണ്ടര്‍ ചിത്രങ്ങള്‍ മാത്രം വാങ്ങി തൂക്കുന്ന’വരെപ്പറ്റിയായിരുന്നു എന്റെ കമന്റ്. അവരാണോ യഥാര്‍‌ത്ഥകലാസ്വാദകര്‍ എന്നായിരുന്നു ചോദ്യവും. അത് ആ സെന്‍സില്‍ തന്നെ മനസ്സിലാക്കിയിട്ടാണ് താങ്കള്‍ ചോദ്യമുന്നയിച്ചതെങ്കില്‍ ഉത്തരമിതാ. “അവരും കലാസ്വാദകര്‍ തന്നെ, തീര്‍ച്ചയായും. പത്തുരൂപയ്ക്ക് മനോരമ വാരിക മാത്രം വാങ്ങി വായിക്കുന്നവനും വാര്‍ ആന്റ് പീസ് വായിക്കുന്നവനും സാഹിത്യകുതുകികള്‍ തന്നെ. ബാറ്റണ്‍‌ബോസിനെയും ടോള്‍‌സ്റ്റോയിയെയും ഒരേ കുറ്റിയില്‍ കെട്ടുകയുമാവാം.”

t.k. formerly known as തൊമ്മന്‍ പറഞ്ഞു...

സാല്‍‌വദോര്‍ ദാലിയുടെയും പിക്കാസോയുടെയും രവിവര്‍മ്മയുടെ ചില പെയിന്റിങ്ങുകള്‍ കണ്ടിട്ട് നല്ലതാണെന്ന് തോന്നിയിട്ടുണ്ട്. അവരില്‍ ആരാണ് കേമന്‍, എന്തുകൊണ്ടാണ് അവ ഇഷ്ടപ്പെട്ടത് എന്നൊക്കെ ചോദ്യമുണ്ടായാല്‍ ആകെ പ്രശ്നമാകും. കാരണം അത്തരം വിശദീകണം കൊടുക്കല്‍ കലാസ്വാദനത്തിനപ്പുറത്തുള്ള ഒരുതരം ബൌദ്ധീകാഭ്യാ‍സമാണെന്ന് എനിക്ക് തോന്നുന്നു. ഒരു കലാപ്രേമിയെ സംബന്ധിച്ചിടത്തോളം, ഒരു കലാസൃഷ്ടി ആ വ്യക്തിക്ക് ആകര്‍ഷകമായി തോന്നിയോ എന്നത് മാത്രമാണല്ലോ പ്രധാനമായീട്ടുള്ളത്. അങ്ങനെ നോക്കിയാല്‍ ഉത്തമകല എന്നൊക്കെ പറയുന്നത് ആപേക്ഷികമാണെന്നു വരും.

കലാനിരൂപണരംഗത്തെ ബൌദ്ധീകാഭ്യാ‍സങ്ങള്‍ ചിലപ്പോള്‍ വെറും തട്ടിപ്പ് മാത്രം ആവാറുമുണ്ട്. ഉദാഹരണത്തിന് ഫാഷനബിള്‍ നോണ്‍‌സെന്‍സ് പരീക്ഷണം പ്രസിദ്ധമാണല്ലോ.

bright പറഞ്ഞു...

പരാജിതന്,
ഹരീ പറഞ്ഞതു ശ്രദ്ധിക്കുക..
''Starry Night ഒക്കെ ഇങ്ങിനെ നോക്കിയിരിക്കുവാന്‍ തന്നെ എന്തു രസമാണ്. എന്നാലതില്‍ എന്താണുള്ളതെന്ന്‍ അറിയുകയുമില്ല. അത് റിയലിസ്റ്റിക്കല്ല, എങ്കിലും ആസ്വാദനം സാധ്യമാണ്.''
എന്റെ ഒറിജിനല്‍ പോസ്റ്റില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചതും അതുതന്നെയാണ് There is a method in their madness.Genius artists know what they are doing.അവര്‍ റിയലിസത്തിന്റെ നിയമം ലംഘിക്കുന്നതുപോലും ചില നിയമങ്ങള്‍ക്കനുസരിച്ചാണ് .വളയത്തിലൂടെ ചാടിയശേഷമേ വളയമില്ലാതെ ചാടാന്‍ പാററൂ. താങ്കള്‍ പറഞ്ഞ പ്രോമിസിങ്ങായവര്‍ ഈ നിയമങ്ങള്‍ മനസ്സിലാക്കിയവരാണ്.

ഇനി പികാസ്സോ ചിത്രങ്ങളുടെ ആകര്‍ഷണീയതയെ പറ്റി.. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പലഭാഗങ്ങളും പല വീക്ഷണകോണില്‍(perspective) നിന്നുള്ളതാണ്. അവയെല്ലാം ഒരു ചിത്രത്തില്‍ വിദഗ്ധമായി സന്നിവേശിപ്പിരിച്ചിരിക്കുന്നു.നമ്മള്‍ സ്വപ്നം കാണുന്നതും,മനസ്സില്‍ സങ്കല്‍പ്പിക്കുന്നതും(mental imagery) ഇങ്ങനെ പല വീക്ഷണകോണില്‍ നിന്നാണ് .മികച്ച ലോകസിനിമകളുടെ ക്യാമറാവര്‍ക്കും എഡിററിങ്ങും ശ്രദ്ധിച്ചാല്‍അവരും പല വീക്ഷണകോണില്‍നിന്നുള്ള ദൃശ്യങ്ങള്‍ വളരേ ഹാര്‍മോണിയസ്സായി കൂടിച്ചേര്‍്തിരിക്കുന്നതു കാണാം.എഡിററിങ്ങിന്റെ താളം എന്ന് നമ്മള്‍ മനസ്സിലാക്കുന്നത് ഇതാണ്.(മികച്ച ചിത്രകാരന്മാര്‍ മികച്ച സിനിമാസംവിധായകരുമാകുന്നത് വെറുതേയല്ല.)ചെറിയകുട്ടികള്‍ ചിത്രം വരക്കുന്നതും ഇങ്ങനെതന്നെയാണ്.പക്ഷേ അവര്‍ക്ക് കലാപരമായി അത് ഒരുമിച്ചൂചേര്‍ക്കാന്‍ അറിയില്ല.അറിയുന്നവരെ നമ്മള്‍ ജീനിയസ്സ് എന്ന് വിളിക്കുന്നു.(നാലുവയസ്സില്‍ തന്നെ മരിച്ചുപോയ ക്ലിന്റ് ഉദാഹരണം ) ഇവിടെ ചിത്രകാരന്റെ ജീനിയസ്സ് പല ഭാഗങ്ങളില്‍നിന്നുള്ള നോട്ടങ്ങള്‍ ഒരു 2D പ്രഥലത്തില്‍ കാണിക്കുന്നു എന്നതാണ്.നമ്പൂതിരി ചിത്രങ്ങള്‍ക്കും ഈ പ്രത്യേകതയുണ്ട് .ശരീരം താഴെനിന്നു നോക്കുന്നപോലെയും മുഖം നമ്മുടെ മുഖത്തിനൊപ്പവും. മൈക്കിലാഞ്ചലോയുടെ ഡേവിഡിനും ഈ പ്രത്യേകതയുണ്ട്.അന്ധമായി അനുകരിക്കുന്നവര്‍ ഇത് മനസ്സിലാക്കാതെയാണ് ചെയ്യുന്നത്.ഭാഷ സംസാരിക്കുന്നവരും ഭാഷയുടെ ശബ്ദങ്ങള്‍ അനുകരിക്കുകയും ചെയ്യുന്നവരെപ്പോലെ.കേട്ടാല്‍ ഒരുപോലിരിക്കും,പക്ഷേ ആദ്യത്തേതിനേ അര്‍ത്ഥമുള്ളൂ. ആന വാ പൊളിക്കുന്നതുകണ്ട് അണ്ണാന്‍ വാ പൊളിക്കുന്നതാണ് പ്രശ്നം. കലാലോകത്ത് വളരെകുറച്ച് ആനകളും എണ്ണിയാലൊടുങ്ങാത്ത അണ്ണാന്മാരുമാണ് വിഹരിക്കുന്നത്.;)

ചുരുക്കത്തില്‍ അസ്വദിക്കാന്‍ പറ്റുന്ന ചിത്രങ്ങള്‍ ചില പെതു നിയമങ്ങള്‍ അനുസരിക്കുന്നുണ്ട്(ഭാഷക്ക് ഗ്രാമര്‍ എന്ന പോലെ). അതു അള്‍ട്ടാമിരയിലെ ഗുഹാചിത്രമായാലും,രവിവര്‍മ ചിത്രമായാലും,പോസ്റ്മോഡേണ്‍ ചിത്രമായാലും. ശാസ്ത്രീയമായ കലാസ്വാദനം (neuroaesthetics) പരമ്പരാഗതമായ കലാസ്വാദനത്തില്‍നിന്ന് വ്യത്യസ്തമാണ്.കലാവിഷയങ്ങളിലും ശാസ്ത്രം ആധിപത്യം സ്ഥാപിക്കുന്നതാണ് നാം കാണുന്നത്.തത്വചിന്തകരും കലനിരുപകരും ശ്രമിച്ചിട്ട് കിട്ടാത്ത ഉള്‍ക്കാഴ്ചയാണ് ശാസ്ത്രം നല്‍കുന്നത്. neuroaesthetics നെ പറ്റി ഭാവിയില്‍ ഒരു പോസ്ററിടാന്‍ പറ്റുമെന്ന് തോന്നുന്നു.താല്‍പര്യമുള്ളവര്‍ക്ക് ഈ ലിങ്കുകള്‍ നോക്കാം
http://www.neuroaesthetics.com/

http://brainethics.wordpress.com/2006/09/27/a-short-bibliographic-guide-to-the-emerging-field-of-bioaesthetics/

@ t.k. formerly known as തൊമ്മന്‍
എന്റെ കണ്ണ് തെളിയിച്ച പുസ്തകമാണ് fashionable nonsense.ബുദ്ധനു ബോധോദയം കിട്ടിയപോലെ. ഞാനിപ്പോ ബുദ്ധിജീവിയല്ല. 'soakal hoax'നെ പറ്റി കേരളത്തിലൊരാള്‍ പറയുന്നതു ആദ്യമായി കേള്‍ക്കുകയാണ്.കേരളത്തിലെ ബുദ്ധിജീവികള്‍ എന്തുകൊണ്ടോ ഈ വിഷയം ചര്‍ച്ച ചെയ്തു കേട്ടിട്ടില്ല.രാജാവ് മാത്രമല്ല തങ്ങളും നഗ്നരാണ് എന്ന തിരിച്ചറിവ് ഉള്‍കൊള്ളാന്‍ പററാത്തതാകുമോ കാരണം?

വിശാഖ് ശങ്കര്‍ പറഞ്ഞു...

ബ്രൈറ്റ്‌,
രവിവര്‍മ്മയ്ക്ക്‌ നമ്മുടെ ചിത്രകലാചരിത്രത്തിലുള്ള സ്ഥാനത്തെക്കുറിച്ചും,അയാളെ വെറും കലണ്ടര്‍ ചിത്രകാരനെന്ന് വിളിച്ച്‌ ആക്ഷെപിക്കുന്നതിലെ അനീതിയെക്കുറിച്ചുമൊന്നും തര്‍ക്കമില്ല.പ്രശ്നം ആധുനിക കലയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ടാണ്‌."മാര്‍ക്സിസ്റ്റ്‌ ചിന്താരീതിയില്‍ ആഭിമുഖ്യമുള്ള മോഡേണിസത്തില്‍ സൗന്ദര്യം പോലും നിഷിദ്ധമായിരുന്നു" എന്ന താങ്കളുടെ വാദം ന്യൂമന്റെ 'ദ ടിസയര്‍ ടു ഡിസ്ട്രോയ്‌ ബ്യൂട്ടി' എന്ന വാചകത്തെ അതിന്റെ സൂചിതാര്‍ത്ഥം പരിഗണിക്കാതെ കേവലാര്‍ത്ഥത്തില്‍ മാത്രം വായിച്ചതില്‍നിന്ന് ഉണ്ടായതാണെന്ന് തോന്നുന്നു.സൗന്ദര്യം എന്ന കോണ്‍സപ്റ്റ്‌ ഒരു സമൂഹത്തില്‍ ഉരുത്തിരിയുന്നതിനുപിന്നില്‍ സങ്കീര്‍ണ്ണവും, പലപ്പൊഴും പരോക്ഷവുമായ ഒരു പദ്ധതിയുണ്ട്‌.അത്‌ സോഷ്യോളജിക്കലായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്‌.അങ്ങനെ ചെയ്യുമ്പോള്‍ സൗന്ദര്യത്തിന്റെ പല മാനദണ്ഡങ്ങളും അറുപഴഞ്ചനും പിന്തിരിപ്പനുമാണെന്ന് കാണാനാവും.നിങ്ങളൊക്കെ അംഗീകരിക്കുന്ന വാന്‍ ഗോഗ്‌ ചിത്രങ്ങളിലേയ്ക്ക്‌ നിറം മങ്ങിയ തൊലിയും മുഷിഞ്ഞ വസ്ത്രങ്ങളുമായി കുറേ ഖാനിത്തൊഴിലാളികള്‍ കടന്നുകയറിയത്‌ സൗന്ദര്യത്തെക്കുറിച്ചുള്ള മാറിയ പരിപ്രേക്ഷ്യങ്ങളിലൂടെയായിരുന്നു.റംബ്രാന്റിന്റെയും മറ്റും കാലഘട്ടങ്ങളുടെ സൗന്ദര്യബോധത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണതെന്ന് തിരിച്ചറിയാന്‍ ഒരുപാട്‌ ശിക്ഷണമൊന്നും വേണ്ട.അതുകൊണ്ട്‌ മോഡേണ്‍ ആര്‍ട്ട്‌ എന്നത്‌ വൈകൃതങ്ങളുടെ ആഘോഷമായിരുന്നു എന്ന് പറഞ്ഞാല്‍, ഫ്യൂഡല്‍ സൗന്ദര്യബോധത്തിന്റെ തിരസ്കാരം എന്ന നിലയില്‍ അത്‌ ശരി തന്നെ.(തങ്ങളുടെ ഈസ്തെറ്റിക്സിനു പുറത്തുള്ളതൊക്കെ അവര്‍ക്ക്‌ വൈകൃതങ്ങളായിരുന്നല്ലൊ).

പിന്നെ മോഡേണ്‍ ആര്‍ട്ട്‌'വൈകൃതങ്ങളെ ആഘോഷി'ക്കുന്നവയായിരുന്നതുകൊണ്ട്‌ ജനമനസ്സില്‍ പച്ചപിടിച്ചില്ലെന്ന് പറയുന്നതിനു പിന്നിലെ ആധികാരികത മനസിലാവുന്നില്ല.ഏറിയും കുറഞ്ഞും ലക്ഷങ്ങള്‍ക്കും കോടികള്‍ക്കും വിറ്റുപോകുന്ന ആധുനിക ചിത്രങ്ങളെയും അവ വരച്ച കലാകാരന്മാരെയും നേരിട്ടറിയാം. പലരും പേരുപറഞ്ഞാല്‍ പെട്ടന്ന് തിരിച്ചറിയപ്പെടും വിധത്തില്‍ പ്രശസ്തരുമല്ല. അതൊക്കെ 'ബെനൈന്‍ മസോക്കിസ'ത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്നവയാണെന്ന് പറഞ്ഞാല്‍ അത്‌ തങ്ങളുടെ സൗന്ദര്യബോധത്തിനും ബുദ്ധിവൈഭവത്തിനും ചെന്നെത്താനാവാത്ത ഇടങ്ങളിലൊക്കെ വെറും അസംബന്ധം മാത്രമാണെന്ന് ശഠിക്കുന്ന ഉത്തരാധുനിക മധ്യവര്‍ഗ്ഗത്തിന്റെ ഈഗോയില്‍നിന്ന് വരുന്നതാണെന്ന് തിരിച്ചും വാദിക്കാം. പണ്ടൊരു ചങ്ങാതി പറഞ്ഞതുപോലെ എഴുത്ത്‌ എന്തൊരു പാടുള്ള പണിയാ, ആഖ്യ നോക്കണം ആഖ്യാതം നോക്കണം കുത്തും കോമയും കോളനുമൊക്കെ നോക്കണം, എന്നാ പെയിന്റിങ്ങ്‌ എത്ര എളുപ്പം, ചുമ്മാ ചായം കോരി അടിച്ചപ്പോരേ എന്ന ലൈനാണെങ്കില്‍ ഒന്നു ശ്രമിച്ചു നോക്കു, അപ്പൊ വിവരം അറിയും എന്നേ പറയാനുള്ളു.

ഇനി താങ്കളുടെ തന്നെ കമന്റുകളിലൂടെ മനസിലാവുന്നതുപോലെ കള്ളനാണയങ്ങളെക്കുറിച്ചാണ്‌ പറയുന്നതെങ്കില്‍ അത്‌ ആധുനിക കലയെ മുഴുവന്‍ ഒഴുക്കന്‍ മട്ടില്‍ അധിക്ഷേപിച്ചുകൊണ്ട്‌ ആകരുതായിരുന്നു.സ്പെസിഫിക്കായി ഇന്ന ഇന്ന ചിത്രകാരന്മാരുടെ വര്‍ക്ക്‌ ഫെയ്ക്കാണെന്ന് പറഞ്ഞിരുന്നെങ്കില്‍ അത്‌ ദിശാബോധമുള്ള ഒരു ചര്‍ച്ചയ്ക്ക്‌ വഴിവച്ചേനേ.

കൊള്ളാവുന്ന കലാകാരന്മാരുടെ കലഹങ്ങളിലും നിരാസങ്ങളിലുമൊക്കെ താങ്കള്‍ പറഞ്ഞ്തുപോലെ ഒരു മെതേഡ്‌ ഉണ്ട്‌.അതിലേയ്ക്ക്‌ എത്തിച്ചേരുവാന്‍ കൃത്യവും കേന്ദ്രീകൃതവുമായ ശിക്ഷണം വേണം.ശ്രീ തൊമ്മന്‍ പറയുന്നതുപോലെ ചിലതൊക്കെ എനിക്ക്‌ ഇഷ്ടമായി.ചിലത്‌ ഇഷ്ടമായില്ല. അതിന്റെ കാര്യകാരണങ്ങള്‍ അന്വേഷിച്ച്‌ പോകുന്നത്‌ വെറും ബൗദ്ധികാഭ്യാസമാണ്‌. എല്ലാം ആപേക്ഷികമാണ്‌ എന്നൊക്കെ പറഞ്ഞാല്‍ അത്‌ 'ഞാന്‍' എന്ന മഹാ പ്രതിഭാസത്തിനുചുറ്റും കിടന്ന് കറങ്ങും. അത്രമാത്രം. ഫാഷനബിള്‍ നോണ്‍സെന്‍സിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ അതിനെതിരേ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ കൂടി പരിഗണിക്കണ്ടേ...

ന്യൂറോ ഈസ്തെറ്റിക്സിനെക്കുറിച്ച്‌ വിശദമായ ഒരു പോസ്റ്റ്‌ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നു. ചിന്തോദ്ദീപകമായ ഈ പോസ്റ്റിന്‌ നന്ദി.

Inji Pennu പറഞ്ഞു...

ബ്രൈറ്റേ,
രവിവര്‍മ്മയെ എനിക്കിഷ്ടമാണ്. അതു വെച്ച് തന്നെ കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് തോന്നിയത് ഒരു പോസ്റ്റായി. പരാജി പറയുന്നതുപോലെയൊന്നും പറയാന്‍ അറിഞ്ഞൂട, അതോണ്ട് ഇങ്ങിനെ എഴുതി.

പരാജിതന്‍ പറഞ്ഞു...

ബ്രൈറ്റ്,

“കലാലോകത്ത് വളരെകുറച്ച് ആനകളും എണ്ണിയാലൊടുങ്ങാത്ത അണ്ണാന്മാരുമാണ് വിഹരിക്കുന്നത്.”

അതു ശരി. അപ്പോള്‍ കൊച്ചു കുട്ടികള്‍‌ പോലും പറയുന്ന “വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ല” എന്ന സിമ്പിള്‍ പഴമൊഴിയായിരുന്നോ ഈ പോസ്റ്റിന്റെ സാരം? :) അങ്ങനെയല്ലല്ലോ പോസ്റ്റ് വായിച്ചാല്‍ തോന്നുക. ‘പിക്കാസ്സൊ പോലുള്ള യഥാര്‍ത്ഥ കലാകാരന്മാരുടെ വൈരുപ്യസ്രഷ്ടികള്‍ (!) മനോഹരങ്ങളായിരുന്നു.‘ എന്നൊരു ഒഴുക്കന്‍ പ്രസ്താവന ഒഴിച്ചാല്‍ ‘ബുര്‍ഷ്വാ സൌന്ദര്യാസ്വാദനരീതികളോടുള്ള കലഹം എന്ന രീതിയില്‍ തുടങ്ങിയ മോഡേണ്‍ ആര്‍ട്ട് സാധാരണജനങ്ങള്‍ ഒരുകാലത്തും അംഗീകരിച്ചില്ല എന്നതാണ് വാസ്തവം.‘ എന്നും ആ ‘സാധാരണജനങ്ങളുടെ കലാസ്വാദനശേഷി’യാണ് യഥാര്‍‌ത്ഥമെന്നുമുള്ള ലൈനിലാണ് താങ്കളുടെ വാദമെന്നത് എനിക്കു മാത്രം തോന്നിയതെങ്ങാനുമാണോ?
“എല്ലാ കലകളും എന്തുകൊണ്ട് ആഹ്ലാദകരമായി അനുഭവപ്പെടുന്നു എന്ന് ശാസ്ത്രീയമായി ഇപ്പോള്‍ പഠിക്കപ്പെടുന്നുണ്ട്.അതില്‍നിന്ന് മനസ്സിലാകുന്നത് ഈ മോഡേണും പോസ്റ്റ് മോഡേണുമായിട്ടുള്ള കലകളൊന്നും യഥാര്‍ത്ഥത്തില്‍ ആസ്വദിക്കപ്പെടുന്നില്ല എന്നാണ്.“ എന്ന പ്രസ്താവന ന്യൂറോ ഏസ്തെറ്റിക്സ് പഠനത്തില്‍ നിന്നു തന്നെയല്ലേ താങ്കള്‍ കണ്ടെത്തിയത്? എന്നിട്ടിപ്പോള്‍ ആധുനികകലയിലെ കള്ളനാണയങ്ങളെക്കുറിച്ചു മാത്രമായിരുന്നു തന്റെ പോസ്റ്റെന്നു പറയുന്നയാള്‍‌ക്ക്, ‘ദാ’ന്നു പറയുന്നതിനു മുമ്പ് പ്ലേറ്റ് തിരിച്ചിട്ടയാള്‍‌ക്ക്, “ചിത്രകാരനു വേണ്ടത്ര തെയ്യാറെടുപ്പോടെ കാര്യകാരണസഹിതം വിമര്‍ശനം നടത്താമായിരുന്നു.“ എന്നു പറയാനുള്ള ധാര്‍‌മ്മികാവകാശം തീര്‍‌ച്ചയായുമുണ്ട്, ഉണ്ട്!

അതെന്തായാലും വാളിന്റെയും വെളിച്ചപ്പാടിന്റെയും കാര്യത്തിലേക്കു വരാം. മികച്ച കല ആസ്വദിക്കാന്‍ കഴിയുന്നവര്‍ തന്നെ കുറവാണെന്നിരിക്കെ അത്തരം കല നിര്‍‌മ്മിക്കാന്‍ കഴിയുന്നവര്‍ അതിലും വളരെ കുറവായിരിക്കുമെന്നതില്‍ എന്തു പുതുമയാണുള്ളത്? ഇതൊക്കെ സാമാന്യബുദ്ധിയുള്ള ആര്‍‌ക്കുമറിയാവുന്ന കാര്യമാണ്. ഒരു ആര്‍‌ട് സ്കൂളില്‍ നിന്നു ഒരു വര്‍‌ഷം പുറത്തിറങ്ങുന്ന നാല്പതോ അമ്പതോ പേരില്‍ നിന്നു തികഞ്ഞ മൌലികപ്രതിഭയെന്നു വിളിക്കാവുന്ന ഒരു കലാകാരനെങ്കിലും ഉയര്‍‌ന്നുവന്നാല്‍ ഭാഗ്യമെന്നു പറഞ്ഞാല്‍ മതി. (ആര്‍‌ട്ടിന്റെ കാര്യം പോട്ടെ, വൈദ്യപഠനം കഴിഞ്ഞിറങ്ങുന്നവരില്‍ ‘കൊള്ളാവുന്ന’ ഡോക്ടര്‍മാര്‍ എത്രയുണ്ടാവും?) എല്ലാവരും ‘ഗ്രേറ്റ്’ ആണെങ്കില്‍ ‘ഗ്രേറ്റ്‌നെസി’ന്റെ അര്‍‌ത്ഥം തന്നെ മാറ്റിയെഴുതേണ്ടി വരില്ലേ?

രണ്ടുമൂന്നു കൊല്ലം മുമ്പ് മദ്രാസിലെ ലളിതകലാ‍‌അക്കാഡമിയിലെ സ്റ്റുഡിയോയില്‍ വച്ച് ഒരു പ്രശസ്ത ചിത്രകാരിയോട് “ദക്ഷിണേന്ത്യന്‍ ചിത്രകല പത്തുപതിനഞ്ചു കൊല്ലം മുമ്പേ മരിച്ചുപോയി.” എന്നൊരു പ്രൊവോക്കിങ്ങ് സ്റ്റേറ്റ്‌മെന്റ് നടത്തിയതിന്റെ ഫലമായി ഒരു മണിക്കൂറോളം നീണ്ട സംവാദത്തിലേര്‍‌പ്പെടേണ്ടി വന്നിട്ടുണ്ട്, എനിക്ക്. മൌലികതയില്ലായ്മ, അവനവനെത്തന്നെ നിരന്തരമനുകരിക്കുകയെന്ന ദയനീയാവസ്ഥ എന്നിങ്ങനെ പലതിലും പെട്ടുഴലുന്നുണ്ട് പല ആര്‍‌ട്ടിസ്റ്റുകളും. ആ വിഷയം വേറെയാണ്. രവിവര്‍‌മ്മയുടെ ‘കേസ്’ വാദിച്ചു ജയിക്കാന്‍ വേണ്ടി മോഡേണ്‍ ആര്‍‌ട്ടിനെ ഒന്നടങ്കം കുറ്റം പറഞ്ഞു പോസ്റ്റിടുന്നതും മേല്‍‌പ്പറഞ്ഞതും തമ്മില്‍ പികാസോയുടേയും രവിവര്‍‌മ്മയുടേയും ചിത്രങ്ങള്‍ തമ്മിലുള്ളതിനേക്കാള്‍ വ്യത്യാസമുണ്ട്.

പിന്നെ, ഹരീടെ കമന്റില്‍ ശ്രദ്ധിക്കാനുള്ളത് എന്താണ്? വിശേഷിച്ചൊന്നും കണ്ടില്ല. സ്റ്റാറി നൈറ്റ് (ഒന്നും മനസ്സിലാക്കാതെ തന്നെ) ഇഷ്ടമായതിന്റെ പേരില്‍ മാത്രം ഒരാള്‍ മികച്ച കലാസ്വാദകണമെന്നില്ല. വാന്‍‌ഗോഗിനെ ഇഷ്ടമാകുന്ന ഒരാള്‍‌ക്ക് എഡ്വേര്‍ഡ് മൂങ്കിനെയോ ദെഷിരിക്കോയെയോ ഇഷ്ടപ്പെട്ടു കൊള്ളണമെന്നുമില്ല. (മഹാരാജപുരം സന്താനത്തിന്റെ ആലാപനം മിക്കവര്‍‌ക്കും ഇഷ്ടപ്പെടും. എം ഡി രാമനാഥന്റെ പാട്ട് ഇഷ്ടമാകുന്നവര്‍ കുറയും. അതിന്റെയര്‍‌ത്ഥം രാമനാഥനു പ്രതിഭ കുറവാണെന്നല്ല. ആസ്വാദകന്‍ അവന്റെ സെന്‍സിബിലിറ്റിയെ നവീകരിക്കേണ്ടതുണ്ടാകാമെന്നു പറയാം.) ചിത്രങ്ങളിലെ ലയാത്മകതയെ മാത്രം മുന്‍‌നിറുത്തിയല്ല ആസ്വാദനം നടക്കുന്നത്. കാഴ്ചക്കാരന്റെ അനുഭവപരിസരത്തിന്റെ റോളും പ്രധാ‍നമാണ്. പരിശീലനമാവശ്യപ്പെടുന്ന സംഗതി തന്നെയാണ് കലാസ്വാദനം. ആ പരിശീലനത്തിനു വിധേയനാവാനുള്ള സന്നദ്ധതയാണ് സത്യത്തില്‍ ആസ്വാദകനു കലയോടുള്ള ആഭിമുഖ്യത്തിന്റെ അളവുകോല്‍. വെറുതെ കണ്ടും വായിച്ചും രസിക്കുന്നതിനു പകരം നിരൂപകരുടെയും മറ്റും വാക്കുകള്‍ ശ്രദ്ധിക്കുക കൂടി ചെയ്യുന്ന ആസ്വാദകന്‍ ആ സന്നദ്ധതയാണ് പ്രകടിപ്പിക്കുന്നത്. ആ സന്നദ്ധതയില്ലാത്തവര്‍, “എല്ലാം ഈസിയായിട്ടിങ്ങു പോരട്ടെ”യെന്നു കരുതുന്നവര്‍, ഒരു വിഭാഗം കലയെ ഒട്ടാകെ തള്ളിപ്പറയും, നിരൂപകരെ ഒന്നടങ്കം ‘ബൌദ്ധികാഭ്യാസികള്‍’ എന്നാക്ഷേപിക്കും. ഇതൊക്കെ പണ്ടും നടന്നിട്ടുണ്ട്, ഇന്നും നടക്കുന്നു, ഇനിയും നടക്കും.

(മറ്റൊന്നുള്ളത്, വളയമില്ലാതെ ചാടാന്‍ ഒരു ആര്‍‌ട്ട് സ്കൂളും പഠിപ്പിക്കുന്നില്ലെന്നത് താങ്കള്‍‌ക്കറിയാത്തതല്ലല്ലോ, അല്ലേ? ലൈഫ് സ്റ്റഡിയടക്കമുള്ള ക്രമാനുഗതമായ പഠനസമ്പ്രദായമാണ് എല്ലായിടത്തുമുള്ളത്. പിന്നീട് പലരുടെയും ചാട്ടം പിഴച്ചു പോകുമെന്നു മാത്രം. അതു സ്വാഭാവികമാണു താനും.)

Ambi പറഞ്ഞു...

പരാജിതന്‍ പറഞ്ഞത് +

൧)റിയലസ്റ്റിക്കല്ലാത്ത കലാസ്വാദനം ബിനൈന്‍ മസോക്കിസമാണെന്നും മോഡേണും പോസ്റ്റ് മോഡേണുമായിട്ടുള്ള കലകളൊന്നും ആസ്വദിയ്ക്കപ്പെടുന്നില്ലയെന്നും ഏത് ന്യൂറോ എസ്തെസ്റ്റിസ് പഠനങ്ങളാണ് തെളിയിച്ചിരിയ്ക്കുന്നത് എന്നൊന്ന് വ്യക്തമാക്കാമോ?
ചുമ്മാ പറയരുത്:)

ന്യൂറോ എസ്തെസ്റ്റിക്സ് പഠനങ്ങള്‍ തെളിയിയ്ക്കുന്നത് താങ്കള്‍ പറഞ്ഞതിന്റെ നേരേ വിപരീതമാണെന്നാണ്, അതായത് അബ്സ്ടാക്റ്റ് കലകള്‍ കൂടുതല്‍ ആസ്വദിയ്ക്കപ്പെടുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. മനസ്സിലാക്കിയതിന്റെ കുഴപ്പങ്ങളാവാം.(അബ്സ്ട്രാക്റ്റ്, മോഡേണ്‍, പോസ്റ്റ്മോഡേണ്‍ എന്ന പദങ്ങളൊക്കെ ഒരുപോലെ ഉപയോഗിച്ചതിന്‍ ക്ഷമിയ്ക്കുക.(മൂന്നുമൊന്നല്ല എന്നറിയാം. പണ്ടേകണക്കിനറിവാന്‍ നിന്‍ കൃപയില്ലാതെയെന്താ ചെയ്യുക അല്ലേ. നാരായനായനമ:)

രാമേന്രനണ്ണന്‍ ദാണ്ടേ
http://www.youtube.com/watch?v=qlAr1xy5dII&feature=related

(മോഡേണ്‍/പോസ്റ്റ്മോഡേണ്‍ കല എന്നു പറയുമ്പോള്‍ മോഡേണ്‍/പോസ്റ്റ്മോഡേണ്‍ ചിത്രകല മാത്രമാണോ ഉദ്ദേശിയ്ക്കുന്നത്, അതോ മറ്റുകലകളായ സംഗീതം സാഹിത്യം ഒക്കെ വരുമോ)

൨)ആധുനികത അബ്സ്ട്രാക്ടാണെന്ന് പറഞ്ഞാലും അബ്സ്ട്റാക്ടായതെല്ലാം ആധുനികമെന്ന് ആരാണ്‍ പറഞ്ഞത്.

൩)സൗന്ദര്യം എന്നു പറഞ്ഞാലെന്താണ്? ഉദാഹരണമായി മനുഷ്യനും മലം സൗന്ദര്യമല്ല. പട്ടിയ്ക്ക് വളരെ സുന്ദരമായ ഒരു വസ്തുവാണത്. മനുഷ്യന്റെ ശവശരീരം ഏറ്റവും അറപ്പുള്ളയൊന്നാണ് മനുഷ്യന്‍.ഒരു കോഴിയുടെ ശവശരീരം വളരെ ആകര്‍ഷകമായതും.(മരണത്തെ ദ്യോതിപ്പിയ്ക്കുന്ന യാതൊന്നും അതിലില്ലെങ്കില്‍.:) . പരിണാമപരമായ അതിജീവനത്തിന്റെ ഭാഗമായാണ് ഇത്തരം സൗന്ദര്യസങ്കല്പ്പങ്ങളൊക്കെ ഉണ്ടാകുന്നതെന്നിരിയ്ക്കേ ചില മനുഷ്യര്‍ അതിനെ മറികടക്കാന്‍ നടത്തിയ ധീരമായ ശ്രമമായാണ്‍ The desire to destroy beauty എന്നൊക്കെ പറയുന്നതിനെ കാണേണ്ടത് എന്നണെന്റെ വിശ്വാസം.താന്ത്രികന്മാരായ അഖോരന്മാരൊക്കെ ഗംഗയിലൊഴുകിവരുന്ന മനുഷ്യശവം ഭക്ഷിയ്ക്കുകയും അതിന്മേലൊക്കെയിരുന്ന് ധ്യാനിയ്ക്കുകയും ചെയ്യുമത്രേ. അതും ഒരുതരം പരിണാമപരമായി ആര്‍ജിച്ച സങ്കല്പ്പങ്ങളെ അതിജീവിയ്ക്കല്‍ തന്നെ.അറിഞ്ഞോ അറിയാതേയോ.സൗന്ദര്യം ഒരു കേവല സങ്കല്പമാകേണ്ടത് പരിണാമപരമായ ആവശ്യമാണ്‍.

൩)ബുദ്ധിപരമായി എന്തെങ്കിലും ആസ്വദിച്ചാല്‍(ബുദ്ധിപരമായി എന്നു വച്ചാല്‍ മാത്തമാറ്റിക്കലായി എന്ന് കരുതുക. ന്യൂറോ എസ്തെറ്റിക്സിന്റെ കണക്കില്‍) എന്താണ്‍ കുഴപ്പം.അത് ആസ്വാദനമാകുന്നില്ലന്നുണ്ടോ? ഉദാഹരണമായി ഞാന്‍ കേദാരമോ മാല്‍കൗന്‍സോ ആസ്വദിയ്ക്കുന്നത് പൂര്‍ണ്ണമായും സൗന്ദര്യാത്മകമായാണ്.(reason: ignorance) എന്റെ സുഹൃത്ത് ആസ്വദിയ്ക്കുന്നത് അതിലെ മാത്തമാറ്റിക്സാണ്‍.(He knows how to appreciate that)(neuroesthetics ലെ അഞ്ചിനെ ചുവപ്പായി കാണുന്ന മാത്തമാറ്റിക്സ് അല്ല.സംഗീതത്തിലെ ക്രമാനുഗതികങ്ങളഅയ സ്വരസ്ഥാനങ്ങളിലെ വളരെ കോമ്പ്ളക്സായ കണക്കുകൂട്ടലുകളെ ധ്യാനിയ്ക്കുന്ന ഒരു കൂട്ടുകാരന്‍ എനിയ്ക്കുണ്ട്.) പെറ്റ് സ്കാനിങ്ങോ എഫ് എം ആര്‍ ഐ ഓ ഒക്കെ എടുത്താല്‍ രണ്ട്പേരുടേയും തലച്ചോറിലെ തികച്ചും വ്യത്യസ്തമായ രണ്ട് കേന്ദ്രങ്ങളാവും കാണുക. ഞാന്‍ കേട്ടപ്പോള്‍ സുഖകേന്ദ്രവും എന്റെ സുഹൃത്ത് നാലും മൂന്നും തമ്മില്‍ കൂട്ടുമ്പോള്‍ ഉപയോഗിയ്ക്കുന്ന തലച്ചോര്‍ കേന്ദ്രവുമാണ്‍ ഹരിപ്രസാദ് ചൗരസ്യയുടെ മാല്‍കൗന്‍സ് കേട്ടപ്പോള്‍ ഉപയോഗിച്ചതെന്ന് കണ്ടാല്‍ അയാള്‍ ബിനൈന്‍ മസോക്കിസ്റ്റാണെന്ന് വിധി പ്രഖ്യാപിയ്ക്കുമോ?

ആധുനികരെ മാര്‍ക്സിസ്റ്റുകാരെന്നോ....എന്റെ പള്ളിയം മഹാദേവരേ....

ഉബുണ്ടൂന് ഇന്റര്‍നെറ്റ് കൊടുത്തു. ഇനി മലയാളം പഠിപ്പിയ്ക്കാനുള്ള ശ്രമത്തിലാണീ മണ്ടന്‍ ഞാന്‍. അക്ഷരത്തെറ്റുകള്‍ ക്ഷമിയ്ക്കുക.

t.k. formerly known as തൊമ്മന്‍ പറഞ്ഞു...

പള്‍പ്പ് വായനക്കാരും ബുദ്ധിപരമായി കലാസൃഷ്ടിയെ ആസ്വദിക്കുന്നവരും ഒക്കെ ഒരേ വകുപ്പില്‍ പെട്ടവരാണെന്നാണ്‌ എന്റെ പക്ഷം. ആദ്യത്തെ ആള്‍ക്കാര്‍ അതിലെ സെക്സും സസ്പെന്‍സും ആസ്വദിക്കുന്നു; രണ്ടാമത്തെ കൂട്ടര്‍ പസിലും ചെസ്സും ഒക്കെ വിനോദത്തിന്റെ ഭാഗമെന്നതുപോലെ കലാസൃഷ്ടിയെയും കാണുന്നു. ഒന്ന് മനസ്സിനെ ഇക്കിളിപ്പെടുത്തുന്നത്; മറ്റേത് ബുദ്ധിയെ ഇക്കിളിപ്പെടുത്തുന്നത്. കലയുടെ സൌന്ദര്യാത്മകത ആസ്വാദനത്തിന്റെ ഭാഗമാകാത്തതാണ് ഇവരുടെ ആസ്വാദനരീതികള്‍‍ തമ്മിലുള്ള സാമ്യം. ഇതില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഏതു രീതിയിലെങ്കിലും സന്തോഷം കണ്ടെത്തുകയാണല്ലോ വേണ്ടത്. പക്ഷേ, ഒരു കലാസൃഷ്ടി ആസ്വദിക്കുന്നതിന്ന്, സാമാന്യ ലോകവിവരത്തിനപ്പുറമുള്ള, കലാരൂപവുമായി ബന്ധപ്പെട്ട പരിശീലനവും തയ്യാറെടുപ്പുമൊക്കെ വേണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്.

കാണാക്കുയില്‍ പറഞ്ഞു...

രവിവര്‍മ്മ ചിത്രങ്ങള്‍ എന്തുകൊണ്ട് ഇന്നും ചര്‍ച്ച ചെയ്യുന്നു. അതു എന്തുകൊണ്ട് ഇന്നും പോപ്പുലാര്‍ ആയി. ശൈലീപരമായി എത്ര പോരായ്മകള്‍ ആരോപിച്ചാലും തികച്ചും വിപ്ലവകരമായ ഒരു കാര്യം അദ്ദേഹം ചെയ്തത് ചിത്രകലയെ ജനകീയവല്‍ക്കരിച്ച കലാകാരനാണു. ആധുനിക ഇന്ത്യയിലെ ഒരു ചിത്രകാരനും രവിവര്‍മ്മയോളം ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാ, സാധിച്ചിട്ടില്ലാ. ഇന്ത്യയിലെ കോടിക്കണക്കിനു ഭവനങ്ങളില്‍ ചിത്രകലയോടുള്ള അഭിനിവേശമല്ലങ്കില്‍ പോലും അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ഒരു പകര്‍പ്പ് എത്തിക്കുവാന്‍ സാധിച്ചു.

ഇന്നത്തെ കലാവിപണി- കച്ചവടതന്ത്രങ്ങളുടെ ലോകമാണു. ജുന്‍ ജുന്‍ വാല ഓഹരി വിപണിയില്‍ ഉണ്ടാക്കുന്നതുപോലെ മോഹന്‍ലാലിനെപ്പോലുള്ള ചിത്രകലാ കളക്ടര്‍ കേരള വിപണിയില്‍ ലാഭം ഉണ്ടാക്കുമായിരിക്കം. എന്നു ഓഹരിയില്‍ നിക്ഷേപിച്ചാലും നഷ്ടമ്മാത്രം അനുഭവത്തിലുള്ള ഞാന്‍ കലാവിപണിയില്‍ നിക്ഷേപിക്കുന്ന കാര്യം എത്ര ഉചിതമായിരിക്കും. ഇതു ചിത്രകാരനും, ചിത്രകലാവിമര്‍ശകനും, വന്‍നിക്ഷേപകരും തമ്മിലുള്ള വിശുദ്ധകൂട്ടുകെട്ടിന്റെ ഫലമാണു. അതുകോണ്ടുള്ള ഗുണഫലം ഇന്നത്തെ അധികം പ്രസിദ്ധനല്ലാത്ത ചിത്രകാരനുപോലും അന്തസ്സോടുകൂടി ജീവിക്കാം.

പ്രദര്‍ശിപ്പിക്കാന്‍ ചിത്രം വാങ്ങുന്നവരില്‍ 90% അവര്‍ക്ക് ആവശ്യമുള്ള സൈസില്‍ (പുതിയ വീടു വയ്ക്കുന്നവരാണു അധികവും) അവര്‍ നിശ്ചയിക്കുന്ന ആശയത്തില്‍ വിലപേശി വരപ്പിക്കറോ പ്രിന്റ് എടിപ്പിക്കറോ ആണു. അതില്‍ നല്ലോരുഭാഗത്തിനും 2വര്‍ഷം മുതല്‍ അടുത്ത വീട് പെയിന്റിങ് വരെ മാത്രമാണു ആയുസ്സ്. ഇത്തരം കലാസ്ര്ഷ്ടിയുടെ വില അവരില്‍ പ്പലര്‍ക്കും അറിയത്തില്ലാ.ഈ മേഖലയിലെ ചെറിയ ചില പ്രായോഗിക പരിഞ്ജാനം ഇവിടെ ക്കുറിക്കുന്നു. അത്രമാത്രം കഴിഞ്ഞ് 5 വര്‍ഷക്കാലത്തെ കലാവിപണിയുടെ വളര്‍ച്ച ദൂരെനിന്നു കണ്ടതെയുള്ളു.

നല്ലൊരു ചര്‍ച്ചയ്ക്മ മുന്‍പ് ഒരു ചോറിച്ചില്‍ കണ്ടപ്പോള്‍ ആതരിപ്പ് തീര്‍ത്തതാണു ഇതിലെ രണ്ടാമത്തെ കമെന്റു, അതില്‍ ക്ഷമചോദിക്കുന്നു. മാധ്യമത്തിലും സങ്കേതത്തിലും ഉണ്ടാകുന്ന മാറ്റം ചിലപ്പോള്‍ ഉദാത്ത്മെന്നു ഒരിക്കല്‍ തോന്നിപ്പിക്കുന്നതിനെ നിസ്സാരവല്‍ക്കരിച്ചു കളയും അതുകൂടി സൂചിപ്പിച്ചെന്നുമാത്രം.

ദസ്തക്കിര്‍ പറഞ്ഞു...

എന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്! കെ.പി.എസ് മേനോന്‍,വിശ്വനാഥന്‍, യൂസഫ് അറക്കല്‍, തുടങ്ങിയ ഒട്ടനവധി ചിത്രകാരന്മാര്‍ നമുക്കുണ്ടായിരുന്നിട്ടും ചിത്രകലയെക്കുറിച്ചുള്ള ചര്ച്ചകള്‍ ഇപ്പോഴും രവിവര്‍മ്മയില്‍ കിടന്നുകറങ്ങുന്നത് കലാസ്വാദനത്തില്‍ നമ്മുടെ നിലവാരം വെളിപ്പെടുത്തുന്നു. എനിക്കു പറയാനുള്ളത് ഏറെക്കുറേ പരാജിതന്‍ പറഞ്ഞുകഴിഞ്ഞു. മോര്‍ഡണ്‍ ആര്‍ട്ട്, അബ്സ്സ്ട്രാക്റ്റ് ആര്‍ട്ട് എന്നിവയൊക്കെ വളരെ വിശാലമായ ചില വാക്കുകളാണ്.ചിത്രകല എന്നത് വാന്‍ ഗോഗ്, പിക്കാസോ, ഇംപ്രഷനിസം, പോസ്റ്റ് ഇംപ്രഷനിസം ഇതൊക്കെ വിട്ട് കുറേയേറെ മുന്നോട്ട് പോയിക്കഴിഞ്ഞു മിസ്റ്റര്‍ ബ്രൈറ്റ്. പെരിസ്ട്റോയിക്കന്‍ ആര്‍ട്ടിനെക്കുറിച്ചൊക്കെയാണ് ഇപ്പോള്‍ ആളുകള്‍ ചര്‍ച്ചചെയ്യുന്നത്.ലോകം ഹൈപ്പര്‍ റിയലിസത്തിലൊക്കെ എത്തി നില്‍കുമ്പോഴും നമുക്ക് ചര്‍ച്ചിക്കാന്‍ ഒരു രവിവര്‍മ്മ മാത്രം!
ഭാസ്കരനും ദേവപ്രകാശും, ഷെരീഫും ഒക്കെ ഉണ്ടായാലും നാം ഇപ്പോഴും നമ്പൂതിരിയുടെ വരയെക്കുറിച്ച് മാത്രമേ സംസാരിക്കൂ എന്നതു വളരെ കഷ്ടമാണ്. കോട്ടയം ആര്‍ട്ടിലപ്പുറം ആസ്വദിക്കാന്‍ അറിയാത്തതുകൊണ്ടാവണം ഷെരീഫിന് നേരെ വരക്കാനറിഞ്ഞുകൂടേ എന്നു പലരും ചോദിക്കുന്നതു കേള്‍ക്കേണ്ടി വരുന്നത്.

എഴുത്തച്ഛന്റെ കാലത്തെ ആസ്വാദന നിലവാരം വെച്ച് സാഹിത്യത്തിലെ ആസ്വാദനത്തെക്കുറിച്ചായിരുന്നു താങ്കളുടെ ഈ പോസ്റ്റെങ്കില്‍? എഴുത്തച്ഛനെയും എ. അയ്യപ്പനെയും താരതമ്യം ചെയ്ത് ഒരു പോസ്റ്റിട്ടു നോക്കൂ. എന്നിട്ട് ന്യൂറോ സയന്‍സിനെ പിടിച്ച് ഇതുപോലെ ഒന്നു ന്യായീകരിക്കാന്‍ ശ്രമിക്കൂ. സ്വന്തം ആസ്വാദന നിലവാരം ഉയര്‍ന്നിട്ടില്ലെങ്കില്‍ അതില്‍ മറ്റുള്ളവര്‍ എന്തു പിഴച്ചു സുഹൃത്തേ?

ദസ്തക്കിര്‍ പറഞ്ഞു...

രവിവര്‍മ്മ ചിത്രങ്ങളിലെ റിയലിസവും ഫോട്ടോഗ്രാഫിയും പലപ്പോഴും താരതമ്യം ചെയ്തു കേള്‍ക്കാറുണ്ട്. 1844 ല്‍ എടുത്ത ഒരു ഫോട്ടോഗ്രാഫ് നോക്കൂ. അക്കാലത്തെ ഫോട്ടോഗ്രാഫി പോലും റിയലിസമൊക്കെ വിട്ട് കുറേ മുന്നോട്ടു പോയിരുന്നു.
http://cybermuse.gallery.ca/cybermuse/search/artwork_e.jsp?mkey=29173
മറ്റൊന്ന്
http://memory.loc.gov/ammem/cwphtml/cwpcam/cwcam3b.html

നമതു വാഴ്വും കാലം പറഞ്ഞു...

പരാജിതന്‍ പറഞ്ഞതിനു താഴെ ഒരൊപ്പ്. സന്ദര്‍ഭം വിശദമാക്കി ആശയം വ്യക്തമാക്കിയ അംബിയുടെ വാക്കുകള്‍ക്ക് ഒരു ചിയേഴ്സ്. ദസ്തക്കിര്‍ കെസിഎസ് പണിക്കെര മറന്നു. അക്കിത്തം നാരായണന്‍, കാക്കനാടന്‍ (അങ്ങനേം ഒരു കാക്കു), ധനപാലപ്പണിക്കര്‍, പത്മിനി ഇവരാരും മോശക്കാരല്ല. പിന്നെ രവി വര്‍മ്മ ചെയ്ത ഒരു കാര്യം ഭക്തര്‍ പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങള്‍ക്ക് റിക്കളക്ട് ചെയ്യാന്‍ എളുപ്പമുള്ള മുഖങ്ങള്‍ ഉണ്ടാക്കിക്കൊടുത്തുവെന്നതാണ്. ചുമര്‍ചിത്രശൈലിയിലും ഗുഹാചിത്രസങ്കേതത്തിലും ശില്‍പ്പത്തിലുമൊക്കെയായി നാനാത്വത്തില്‍ ഏകത്വമായി കിടന്ന സംഭവത്തിന് ഒരു രൂപമുണ്ടാക്കുകയും അത് ലിതോപ്രസ്സില്‍ അടിച്ചിറക്കി പ്രചരിപ്പിക്കുകയും ചെയ്തു. പൈങ്കിളിനോവലുകള്‍ ജനപ്രിയമാക്കി സര്‍ക്കുലേഷന്‍ ലക്ഷങ്ങള്‍ കടത്തിയ ജനപ്രിയസാഹിത്യകാരന്‍റെ റോളാണ് ഭാരതീയ ചിത്രകലയിലാണെങ്കിലും കേരളീയ ചിത്രകലയിലാണെങ്കിലും രവിവര്‍മ്മ വഹിച്ചത്. ആ യുക്തിയില്‍ ബാറ്റണ്‍ബോസ് കോനന്‍ഡോയലാകണം. ആള്‍ക്കാരു കാല്‍നടയായിപ്പോകുന്ന കാലത്ത് ആദ്യമായി സൈക്കിളില്‍ പോയ ആ ഒരു ഗമ! പ്രതിഭ മാത്രമല്ല കലാസ്വാദനവും ശിക്ഷണം ആവശ്യപ്പെടുന്ന ഒന്നാണ്.
ചിന്തിപ്പിച്ച പോസ്റ്റിനു നന്ദി

നമതു വാഴ്വും കാലം പറഞ്ഞു...

tracking

പരാജിതന്‍ പറഞ്ഞു...

നമതേ, ജയപാലപ്പണിക്കരെ (ഞങ്ങള്‍ കൊല്ലക്കാര്‍ സ്നേഹക്കൂടുതല്‍ കാരണം ‘ജലപാ‍നപ്പണിക്കര്‍’ എന്നു പറയും.) ധനപാലപ്പണിക്കരാക്കിയല്ലേ? :)
ധനപാലനത്തെപ്പറ്റി പണിക്കരു ചേട്ടന്‍ ഒരിക്കല്‍ പറഞ്ഞത്: “സ്വന്തമായി ഒന്നും സമ്പാദിച്ചില്ല (എല്ലാം തെറിപ്പിച്ചെന്ന്.:)) കുടുംബത്തീന്നു കിട്ടിയതൊന്നും നശിപ്പിച്ചുമില്ല.”

ബ്രൈറ്റേ, ഓഫിനു മാപ്പ്.

ദസ്തക്കിര്‍ പറഞ്ഞു...

സോറി നമതേ, മറന്നതല്ല, അക്ഷര പിശാച്.
പരാജിതനെപ്പോലെ പറയാന്‍ എനിക്കും അറിഞ്ഞുകൂടാ :) എന്നു വെച്ച് പറയാനുള്ളതു പറയാതിരിക്കാന്‍ പറ്റുമോ? ദാ ഇവിടെ http://lemondesign.blogspot.com/2009/02/blog-post.html

bright പറഞ്ഞു...

ചര്‍ച്ച വളരെ മാന്യമായി മുന്നോട്ടുപോകുന്നതില്‍ സന്തോഷം. ഈ പോസ്റ്റില്‍ ആദ്യം കമന്റിട്ട 'അജ്ഞാത' ജീവിയോടുള്ള എന്റെ പ്രതികരണം അടുത്ത പോസ്ററായി ഇട്ടിരിക്കുനു;-)ഈ തരം കമന്റുകള്‍ കാണുമ്പോഴാണ് സാര്‍വത്രിക വിദ്യാഭ്യാസം കൊണ്ട് ചില ദോഷങ്ങളുണ്ടെന്നും മനസ്സിലാകുന്നത് .You get people educated beyond their level of intelligence;-) 'പഠിച്ച മുട്ടാള്‍' എന്ന് തമിഴ്.

Ashly A K പറഞ്ഞു...

Wonderful post, and great writing. Even the comments are of good quality.
The author as well as the people who comments have deep knowledge in subject, looking forward for these kind of debate in other places too

Ambi പറഞ്ഞു...

സന്തോഷത്തിനു വളരെ ടാങ്ക്സ്. ഇയാടെ ബ്ലൊഗില്‍ ചര്‍ച്ചിച്ച് രതിമൂര്‍ച്ഛയുണ്ടാക്കാനല്ല മനുഷ്യന്മാരു ബ്ലോഗ് വായിയ്ക്കുന്നത്.

നമതു വാഴ്വും കാലം പറഞ്ഞു...

ഹഹ. പരാജിതാ. എനിക്കിതു തന്നെ വേണം. പ്രശ്നം കമന്‍റിട്ട സമയമാണ്. സന്ധ്യയും സോമമുഹൂര്‍ത്തവും കഴിഞ്ഞ്.

മറ്റേ കൊല്ലംകാരന്‍റെ പുസ്തകങ്ങള്‍ ഹിമാലയന്‍ വിവരണം ഈ യാത്രയില്‍ തപ്പിയെടുത്തു.

ലിങ്കിനു നന്ദി ദസ്തക്കിര്‍. ഇങ്ങനെ ആളുകള്‍ സഹായിക്കുന്നതു കൊണ്ടാണ് പലതും കാണുന്നത്.

പരാജിതന്‍ പറഞ്ഞു...

നമതേ, സമയത്തിന്റെ പ്രശ്നം ഗെസ് ചെയ്തിരുന്നു :)
‘ഹിമവാന്റെ മുകള്‍‌ത്തട്ടില്‍’ രസികന്‍ പുസ്തകം തന്നെ. ചിത്രം വരയും എസ്തപ്പാനിലെ അഭിനയവും യാത്രയും കൂടാതെ രസകരമായ ചില കഥകളും എഴുതിയിരുന്നു ‘എ റിയല്‍ ജീനിയസ്’ എന്നു എം. മുകുന്ദന്‍ വിശേഷിപ്പിച്ച രാജന്‍ കാക്കനാടന്‍. കടം വാങ്ങുന്നവന്റെ അനുഭവത്തെയും മനോനിലയെയുമൊക്കെ കുറിച്ചുള്ള ഒരു കഥയാണ് പെട്ടെന്നു ഓര്‍‌മ്മ വരുന്നത്. ‘ഒരു അധമര്‍‌ണ്ണന്റെ ഓര്‍‌മ്മക്കുറിപ്പുകള്‍ ‘ എന്നോ‍ മറ്റോ ആയിരുന്നെന്നു തോന്നുന്നു ടൈറ്റില്‍.

LinkWithin

Related Posts with Thumbnails