2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ഈ വെള്ളത്തിനെന്താ പ്രത്യേകത?

ഇപ്പോഴത്തെ ഹോട്ട് ന്യൂസ്‌ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണല്ലോ.അന്യ ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും വെള്ളത്തിന്റെ സാന്നിദ്ധ്യവും ചര്‍ച്ചയില്‍ കടന്നുവരാറുണ്ട്.Why this obsession with water?ഈ വെള്ളത്തിനെന്താ പ്രത്യേകത?

വെള്ളത്തിന് മറ്റു രാസവസ്തുക്കള്‍ക്കില്ലാത്ത ചില പ്രത്യേകതകളുണ്ട്.അതുകൊണ്ടാണ് അതുള്ളിടത്ത് ജീവനുണ്ടാകും എന്ന് അനുമാനിക്കുന്നത്.തീര്‍ച്ചയായും എല്ലാവര്‍ക്കും അറിയുന്നതുപോലെ ഒരു ഓക്സിജനും രണ്ടു ഹൈഡ്രജനും ചേര്‍ന്നതാണ് വെള്ളം.ഹൈഡ്രജന്‍ ആറ്റങ്ങള്‍ വളരെ ചെറുതാണ്.ഒരു പോസറ്റീവ് ചാര്‍ജുള്ള പ്രോട്ടോണ്‍ ന്യൂക്ളിയസ്സിലും ഒരു നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണ്‍ പുറത്തും.തീര്‍ന്നു...ഈ വലുപ്പകുറവുകൊണ്ടുള്ള ഒരു ഗുണം ഹൈഡ്രജന്റെ ന്യൂക്ളിയസ്സിന് (പ്രോട്ടോണ്‍)മറ്റു വലിയ ആറ്റങ്ങളുടെ ഇലക്ട്രോണിന് വളരെ അടുത്ത് വരെ പോകാനും ഇലക്ട്രോണുകളെ ആകര്‍ഷിക്കാനും കഴിയും എന്നതാണ്.വലിയ ആറ്റങ്ങള്‍ക്കു സാധിക്കാത്തത് ചെറിയ ഹൈഡ്രജന് സാധിക്കും.(ഓ.ടി : ഉത്സവസ്ഥലങ്ങളില്‍നിന്നു വാങ്ങുന്ന ഹൈഡ്രജന്‍ ബലൂണുകള്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ ചുരുങ്ങിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?ചെറിയ ഹൈഡ്രജന്‍ ആറ്റങ്ങള്‍ ബലൂണിന്റെ റബ്ബര്‍ തന്മാത്രകളുടെ ഇടയിലൂടെ ചോര്‍ന്നു പോകുന്നതാണ്.)

ഇനി ഓക്സിജന്റെ കാര്യം.ഓക്സിജന്‍ ഹൈഡ്രജനേക്കാള്‍ വലുതാണെങ്കിലും വളരെ വലുതൊന്നുമല്ല.ഓക്സിജന്റെ ന്യൂക്ളിയസ്സിനു വളരെ ശക്തമായ പോസിറ്റീവ് ചാര്‍ജ്ജുള്ളതുകൊണ്ട് മറ്റു ആറ്റങ്ങളുടെ ഇലക്ട്രോണുകളെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്.

ഓക്സിജന്‍ രണ്ടു ഹൈഡ്രജന്‍ ആറ്റങ്ങളുമായി ബോണ്ടുചെയ്യുമ്പോഴാണ് വെള്ളമുണ്ടാകുന്നത്.വെള്ളത്തിന്റെ തന്മാത്ര 'V'ആകൃതിയിലാണ്.കൂര്‍ത്ത ഭാഗത്ത് ഓക്സിജനും രണ്ടറ്റങ്ങളിലും ഓരോ ഹൈഡ്രജന്‍ വീതവും.(It is an angular open V shaped molecule,with the oxygen atom at the apex of the V.)ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.നടുവിലുള്ള ഓക്സിജന്‍ രണ്ടു ഹൈഡ്രജന്റേയും ഇലക്ട്രോണുകളേയും തന്നിലേക്ക് വലിച്ചടുപ്പിച്ച് ഓക്സിജന്‍ -ഹൈഡ്രജന്‍ ലിങ്കുകളുണ്ടാക്കുന്നു.The oxygen atom becomes electron rich and the hydrogen atoms become electron poor.ഇതുകൊണ്ടു എന്ത് സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ ഓക്സിജന്‍ ഭാഗത്തിന് ചെറിയ നെഗറ്റീവ് ചാര്‍ജും,(ഹൈഡ്രജന്റെ ഇലക്ട്രോണ്‍ പിടിച്ചു പറിച്ചതില്‍ നിന്നും)ഹൈഡ്രജന് പോസിറ്റീവ് ചാര്‍ജും (ഇലക്ട്രോണ്‍ നഷ്ടപ്പെട്ടതുകൊണ്ട് ന്യൂക്ളിയസ്സിന്റെ പോസിറ്റീവ് ചാര്‍ജ്ജ് ബാലന്‍സ് ചെയ്യുന്നില്ല)ഉണ്ടാകുന്നു.Thus Water can be described as a polar liquid.This electric charge also allows the water molecule to "wiggle" its way between certain atoms in salts. This allows the atoms of the salt to manifest their "Ionic Potential" and it's the atomic ionic potential in solutions that creates the possibility for biological life on Earth.

വെള്ളത്തിന്റെ ചില അസാധാരണ ഗുണങ്ങളുടെ കാരണം ഇതാണ്.പിരിയോഡിക്ക് ടേബിളില്‍ ഓക്സിജന്റെ അയല്‍ക്കാരായ നൈട്രജന്‍ ,ഫോസ്ഫറസ്സ്,സള്‍ഫര്‍,ക്ളോറിന്‍ തുടങ്ങിയവരെല്ലാം ഹൈഡ്രജനുമായി ചേര്‍ന്നാല്‍ വാതകമാണുണ്ടാവുക.ജലം മാത്രമാണ് അതിനൊരു അപവാദം.ജീവന്‍ ഉണ്ടായതിലും അതു നിലനില്‍ക്കുന്നതിലും ഒരു പ്രധാന പങ്ക് ദ്രാവകരൂപത്തിലുള്ള ജലത്തിനുണ്ട്.ഭൂമിയില്‍ നിലവിലുള്ള താപനിലയില്‍ ഖര,ദ്രാവക, വാതകാവസ്ഥയില്‍ കാണപ്പെടുന്ന വസ്തുവും വെള്ളമാണ്.

എല്ലാവര്‍ക്കും അറിയുന്നതുപോലെ വിപരീത ചാര്‍ജുകള്‍ ആകര്‍ഷിക്കപ്പെടും.ഇങ്ങനെ ഒരു ജല തന്മാത്രയിലെ ഓക്സിജന്‍ മറ്റൊരു ജലതന്മാത്രയിലെ ഹൈഡ്രജനെ ആകര്‍ഷിക്കുന്നതാണ് പ്രസിദ്ധമായ ഹൈഡ്രജന്‍ ബോണ്ട്‌.ഉവ്വ്, ഇതൊക്കെ സ്കൂളില്‍ പഠിച്ചതു തന്നെയാണ്.പക്ഷേ എത്രപേര്‍ക്ക് ഇതിന്റെ പ്രാധാന്യം അറിയാം?നമ്മുടെ DNA (ഡബിള്‍ ഹെലിക്സ് കൂട്ടിപ്പിടിപ്പിച്ചിരിക്കുന്നത് ഹൈഡ്രജന്‍ ബോണ്ട് കൊണ്ടാണ്.) മുതല്‍ നിങ്ങളിരിക്കുന്ന മരകസേര വരെ(സെല്ലുലോസ് നാരുകള്‍ക്ക് ബലം കൊടുക്കുന്നതും ഇതേ ഹൈഡ്രജന്‍ ബോണ്ട് തന്നെ) ഹൈഡ്രജന്‍ ബോണ്ടിന്റെ സൃഷ്ടിയാണ്.വെള്ളത്തിന്റെ തിളനില (boiling point) ഉയര്‍ന്നിരിക്കുന്നതിനു കാരണവും ഇതേ ഹൈഡ്രജന്‍ ബോണ്ടു തന്നെ.വെള്ളത്തിന്റെ ഉയന്ന 'സര്‍ഫസ് ടെന്‍ഷനു' കാരണവും ഹൈഡ്രജന്‍ ബോണ്ടാണ്.Water's high surface tension,( In other words, water is sticky and elastic, and tends to clump together in drops rather than spread out in a thin film) is responsible for capillary action, which allows water (and its dissolved substances) to move through the roots of plants and through the tiny blood vessels in our bodies.

ജല തന്മാത്രകള്‍ തമ്മില്‍ ഹൈഡ്രജന്‍ ബോണ്ട്‌ ഉണ്ടായിരുന്നില്ലെങ്കില്‍ ജലം വാതക രൂപത്തില്‍ മാത്രമെ കാണപ്പെടുമായിരുന്നുള്ളൂ.(ഓര്‍ക്കുക,ജലം വളരെ ഭാരം കുറഞ്ഞ തന്മാത്രയാണ്.)എങ്കില്‍ നമ്മളിന്നു അറിയുന്ന തരത്തിലുള്ള ജീവന്‍ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. ഇതേ ഹൈഡ്രജന്‍ ബോണ്ട് തന്നെയാണ് താപനില അല്പം താഴുമ്പോള്‍ തന്നെ വെള്ളത്തെ ഐസാക്കി മാറ്റുന്നത്.താപനില കുറയുമ്പോള്‍ ജല തന്മാത്രകളുടെ ചലനം കുറയുകയും,ഹൈഡ്രജന്‍ ബോണ്ടുകള്‍ പൊട്ടാതെ നില്‍ക്കുകയും,അങ്ങിനെ ഐസ്സുണ്ടാകുകയും ചെയ്യുന്നു. ഇനിയാണ് നേരത്തെ പറഞ്ഞ 'V' ആകൃതിയുടെ പ്രാധാന്യം.ഒരു ഓക്സിജന്‍ ആറ്റത്തിന് രണ്ടു ഹൈഡ്രജന്‍ ബോണ്ടുകള്‍ വീതം നിര്‍മിക്കാന്‍ കഴിയും.ഓരോ ഓക്സിജന്‍ ആറ്റവും മൊത്തം നാലു ബോണ്ടുകള്‍ വീതം നിര്‍മ്മിക്കും.രണ്ടു ഹൈഡ്രജന്‍ ബോണ്ടുകളും രണ്ടു സാധാരണ ഹൈഡ്രജന്‍ -ഓക്സിജന്‍ ബോണ്ടുകളും.ഈ നാലു ബോണ്ടുകളും ചേര്‍ന്ന് ഒരു tetrahedron (നാലു ത്രികോണങ്ങള്‍ ചേര്‍ന്ന രൂപം-triangular pyramid )രൂപമാണ് ഉണ്ടാകുന്നത്.ജല തന്മാത്രകള്‍ ഒരേ സമയം പരസ്പരം അകന്നു നില്‍ക്കുകയും പരസ്പരം ബന്ധിപ്പിക്കപ്പെട്ടു നില്‍ക്കുകയും ചെയ്യുന്ന ഈ അവസ്ഥ കാരണം ഐസിനു ജലത്തേക്കാള്‍ സാന്ദ്രത കുറവാണ്.(more volume means less density.) അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും.മറ്റൊരു വസ്തുവിനും ഈ പ്രത്യേകതയില്ല.

ജലത്തിന്റെ ഈ പ്രത്യേകത കാരണം ജലാശയങ്ങളിലെ വെള്ളം തണുത്തു കട്ടയായാല്‍ അത് മുകളിലേക്ക് ഉയരുകയും ദ്രാവകരൂപത്തിലുള്ള ജലം അടിയില്‍ നിലനില്‍ക്കുകയും ചെയ്യും.വെള്ളത്തില്‍ ജീവിക്കുന്ന എല്ലാ ജീവികളും അതു വഴി ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ജലത്തിന്റെ ഈ പ്രത്യേകതയോട് കടപ്പെട്ടിരിക്കുന്നു.(കട്ടിയാകുമ്പോള്‍ വികസിക്കുന്ന ജലത്തിന്റെ ഈ പ്രത്യേകതക്ക് വൈദ്യശാസ്ത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്. അവയവമാറ്റ ശസ്ത്രക്രിയകള്‍ അഭിമുഖീകരി്കുന്ന ഒരു പ്രശ്നം അവയവങ്ങള്‍ കൂടുതല്‍ നേരം തണുപ്പിച്ചു സൂക്ഷിച്ചു വയ്ക്കാന്‍ പറ്റില്ല എന്നതാണ്.കോശങ്ങളിലെ ജലം ഐസ്സായി വികസിച്ചു കോശങ്ങള്‍ക്കു കേടു വരുത്തും.)

ബഹിരാകാശത്തുനിന്നു നോക്കുമ്പോള്‍ കാണുന്ന ഭൂമി നീലനിറമായി കാണുന്നതിനു കാരണം ഈ ഹൈഡ്രജന്‍ ബോണ്ടാണ്.(യഥാര്‍ഥത്തില്‍ വെള്ളതിന് ഇളം നീലനിറമാണ്.)വെള്ളത്തിന്റെ താപം സ്വീകരിക്കാനുള്ള കഴിവിന്റെ കാരണവും ഇതേ ഹൈഡ്രജന്‍ ബോണ്ടു തന്നെ.(ഇനി വണ്ടിയുടെ റേഡിയേറ്ററില്‍ വെള്ളമൊഴിക്കുമ്പോള്‍,അല്ലെങ്കില്‍ ചൂടുള്ള റേഡിയേറ്ററില്‍ തട്ടി കൈ പൊള്ളി ഓടിപ്പോയി വെള്ളത്തില്‍ കൈമുക്കുമ്പോള്‍ വെള്ളത്തിന്റെ ഈ പ്രത്യേകത ഓര്‍ക്കുക:-))

ഇനി വെള്ളത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത,ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനും,ഇനി മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ജീവനുണ്ടെങ്കില്‍ അവിടേയും ജലം പ്രധാനപ്പെട്ടതായിരിക്കും എന്നു ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നതിനു കാരണമായ ആ പ്രത്യേകത വളരെയധികം രാസവസ്തുക്കളെ വളരെ കൂടിയ അളവില്‍ ലയിപ്പിക്കാനുള്ള കഴിവാണ്.

ഈ കഴിവിനു കാരണം നേരത്തെ പറഞ്ഞ,ഹൈഡ്രജന്‍ ,ഓക്സിജന്‍ ആറ്റങ്ങളുടെ ചാര്‍ജ്ജുമായി ബന്ധപ്പെട്ടതാണ്.പല രാസവസ്തുക്കളും അയോണുകളായി (ഇലക്ട്രിക്‌ ചാര്‍ജുള്ള ആറ്റങ്ങള്‍)നിലനില്‍ക്കുന്നവയാണ്. ഒരു ഉദാഹരണം നമ്മുടെ ഉപ്പ്‌,sodium Chloride (NaCl)തന്നെ.ഖരാവസ്ഥയില്‍ ഓരോ പോസിറ്റീവ് സോഡിയം അയോണിനു ചുറ്റും നെഗറ്റീവ് ക്ലോറൈഡ് അയോണും,ഓരോ നെഗറ്റീവ് അയോണിനു ചുറ്റും പോസിറ്റീവ് അയോണും എന്ന രീതിയിലാണു കാണുക.വെള്ളത്തിന്റെ തന്മാത്രകള്‍ക്ക് നമ്മള്‍ കണ്ടതുപോലെ ഒരു ഭാഗത്ത് പോസിറ്റീവും മറുഭാഗത്ത് നെഗറ്റീവ് ചാര്‍ജും ഉള്ളതുകൊണ്ട്,ഒരേ സമയം രണ്ടു കൂട്ടരേയും തൃപ്തിപെടുത്താന്‍ കഴിയും.ഉപ്പ്‌ വെള്ളത്തിലിട്ടാല്‍ പോസിറ്റീവ് സോഡിയം അയോണിനെ നെഗറ്റീവ് ചാര്‍ജുള്ള ഓക്സിജന്‍ ഭാഗം വലയം ചെയ്യുകയും,(ക്ലോറൈഡ് അയോണായി 'അഭിനയിക്കുന്നു')പോസിറ്റീവ് ചാര്‍ജുള്ള ഹൈഡ്രജന്‍ ഭാഗം നെഗറ്റീവ് ചാര്‍ജുള്ള ക്ലോറൈഡ് അയോണിനെ വലയം ചെയ്യുകയും ചെയ്യുന്നു.(സോഡിയം അയോണായി 'അഭിനയിക്കുന്നു'.) രണ്ടു കൂട്ടര്‍ക്കും പരാതിയില്ല.അതുകൊണ്ടാണ് ജലം വളരെ നല്ല ഒരു ലായകമാകുന്നത്.(പലപ്പോഴും വസ്തുക്കളെ ദ്രവിപ്പികുന്നതും.ഉദാഹരണം:ജലത്തിന്റെ സാനിധ്യത്തില്‍ ഇരുമ്പ് തുരുമ്പാകുന്നത്.)കുളിക്കുമ്പോള്‍ ശരീരം വൃത്തിയാക്കുന്നതും,ശരീരത്തിലെ വിഷാംശങ്ങള്‍ വൃക്കയിലൂടെ അരിച്ചു മൂത്രമായി പുറത്തു കളയുന്നതും വെള്ളത്തിന്റെ ഈ കഴിവാണ്.എല്ലാതരം രാസമാലിന്യങ്ങളും കലര്‍ന്ന് നമ്മുടെ നദികള്‍ നശിക്കുന്നതിനു കാരണവും എല്ലാം അലിയിക്കാനുള്ള ഈ കഴിവു തന്നെ.(പണക്കാരനാകണോ...കടല്‍വെള്ളത്തില്‍ ഏകദേശം ഒന്‍പതു മില്യണ്‍ ടണ്ണോളം സ്വര്‍ണം അലിഞ്ഞു ചേര്‍ന്നി്ടുണ്ട്.ലോകത്തുള്ള മുഴുവന്‍ സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ വരും അത്:-))


വെള്ളത്തിന്റെ ഈ പ്രത്യേക കഴിവാണ് പാറകളെ പൊടിച്ച് മണ്ണാക്കുന്നത്.മണ്ണിലെ ധാതു ലവണങ്ങളെ ചെടികള്‍ക്ക് എത്തിക്കുന്നത്.എന്തിനധികം, എല്ലാ ജീവജാലങ്ങളുടേയും എല്ലാ രാസപ്രവര്‍ത്തനങ്ങളും നടക്കുന്നത് ജലത്തിന്റെ മധ്യസ്ഥതയിലാണ്.(അഥവാ ഹൈഡ്രജന്‍ ബോണ്ടിന്റെ സഹായത്തോടേയാണ്)That is why water is called a universal solvent.Water dissolves almost anything sooner or later.അതുകൊണ്ടുതന്നെ 'ശുദ്ധമായ' ജലം (H2O) ഉണ്ടാവുക ഏറെക്കുറെ അസധ്യമാണ്.(ഇതില്‍ നിന്ന് ഹോമിയോപ്പതി ശുദ്ധ അസംബന്ധമാണെന്ന് ന്യായമായും അനുമാനിക്കാം.'ശുദ്ധമായ' ഹോമിയോ മരുന്ന് ഉണ്ടാക്കുക അസാദ്ധ്യമാണ്.വെള്ളത്തിന്റെ ഓര്‍മ്മശക്തിയേക്കുറിച്ച്(Water memory) 'ഗവേഷണം' നടത്തുന്ന ഹോമിയോ 'ശാസ്ത്രജ്ഞന്‍മാര്‍' വെള്ളം എന്തുകൊണ്ട് അവരുടെ ഹോമിയോ മരുന്ന് മാത്രം ഓര്‍മ്മിക്കുന്നു എന്നു വിശദീകരിക്കേണ്ടി വരും.)


About 70 to 90 percent of all organic matter is water. The chemical reactions in all plants and animals that support life take place in a water medium. Water not only provides the medium to make these life sustaining reactions possible, but water itself is often an important reactant or product of these reactions. In short, the chemistry of life is water chemistry.

ശാസ്ത്രജ്ഞന്‍മാര്‍ക്ക് വെള്ളത്തോടുള്ള താല്പര്യത്തിന്റെ കാരണം ഇപ്പോള്‍ മനസ്സിലായല്ലോ..വെള്ളമുള്ള ഗ്രഹം എന്നാല്‍ വളരെയേറെ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഗ്രഹം എന്നര്‍ത്ഥം. ജീവനുണ്ടെങ്കില്‍ അവിടെ വെള്ളമുണ്ടാകാന്‍ സാധ്യതയുണ്ട്.അഥവാ വെള്ളമുണ്ടെങ്കില്‍ അവിടെ ജീവനുണ്ടാകാനും സാധ്യതയുണ്ട്.It probably will not be a dead planet .

14 അഭിപ്രായങ്ങൾ:

Melethil പറഞ്ഞു...

ഇപ്പറഞ്ഞതില്‍ ഏറിയ പങ്കും അറിയില്ലായിരുന്നു. നന്ദി.

Manoj മനോജ് പറഞ്ഞു...

നല്ല പോസ്റ്റ്. വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

എങ്കിലും ചില സംശയങ്ങള്‍ നിലനില്‍ക്കുന്നു.

"അതുകൊണ്ടുതന്നെ 'ശുദ്ധമായ' ജലം (H2O) ഉണ്ടാവുക ഏറെക്കുറെ അസധ്യമാണ്."

പക്ഷേ ഉണ്ടാക്കുവാന്‍ എളുപ്പമല്ലേ!!!

“വെള്ളത്തിന്റെ ഈ പ്രത്യേക കഴിവാണ് പാറകളെ പൊടിച്ച് മണ്ണാക്കുന്നത്.”

വെള്ളത്തില്‍ ഒരു കഷണം കരിങ്കല്ലിട്ട് വെച്ചാല്‍ മണ്ണാകുമെന്ന് ഉറപ്പാണോ?

“എല്ലാതരം രാസമാലിന്യങ്ങളും കലര്‍ന്ന് നമ്മുടെ നദികള്‍ നശിക്കുന്നതിനു കാരണവും എല്ലാം അലിയിക്കാനുള്ള ഈ കഴിവു തന്നെ.”

വെള്ളത്തില്‍ ലയിക്കാത്ത രാസവസ്തുക്കള്‍ ധാരാളമുണ്ട്. അപ്പോള്‍ അവ എങ്ങിനെയായിരിക്കാം നദികളെ നശീപ്പിക്കുക?

ഈ പോസ്റ്റില്‍ സോള്‍ട്ടുകളെ (അയോണീകരിക്കപ്പെടുവാന്‍ എളുപ്പമായവ) കുറിച്ചാണ് കൂടുതലും പറഞ്ഞിട്ടുള്ളത്. എന്നാല്‍ അയോണീകരിക്കപ്പെടുവാന്‍ പ്രയാസമുള്ള ഓര്‍ഗാനിക്ക് വസ്തുക്കള്‍ ജലത്തില്‍ ലയിക്കുമോ?

ഹൈഡ്രജന്‍ ബോണ്ടിങ് ഇല്ലായിരുന്നുവെങ്കില്‍ ജീവന്‍ എന്ന ഒന്ന് ഇല്ലാതെയാകുമായിരുന്നു.

മറ്റൊന്ന് കൂടി ജലത്തിന്റെ രാസഘടന ഇന്നും പുതുക്കി കൊണ്ടിരിക്കുന്നു. ടെട്രാഹെഡ്രണ്‍ ഒക്കെ പഴയതായില്ലേ!

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഹോ കെമിസ്ട്രി :)

ഇൻഫർമേറ്റീവ്...

Captain Haddock പറഞ്ഞു...

നമിച്ചു.

സി.കെ.ബാബു പറഞ്ഞു...

എന്നിട്ടു് ചന്ദ്രനിൽ ശരിക്കും വെള്ളം ഉണ്ടോ ഇല്ലയോ? അതറിഞ്ഞിട്ടു് വേണം ഞങ്ങടെ പൊത്തകം അതിനൊപ്പിച്ചൊന്നു് വ്യാഖ്യാനിക്കാൻ! :)

"തീര്‍ച്ചയായും എല്ലാവര്‍ക്കും അറിയുന്നതുപോലെ ഒരു ഹൈഡ്രജനും രണ്ടു ഓക്സിജനും ചേര്‍ന്നതാണ് വെള്ളം."

അക്ഷരത്തെറ്റാണെന്നറിയാം. കാരണം,
താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ.

"വെള്ളത്തിന്റെ തന്മാത്ര 'V'ആകൃതിയിലാണ്.കൂര്‍ത്ത ഭാഗത്ത് ഓക്സിജനും രണ്ടറ്റങ്ങളിലും ഓരോ ഹൈഡ്രജന്‍ വീതവും."

എന്നാലും ശാസ്ത്രവുമായി ബന്ധപ്പെട്ടതായതിനാൽ തിരുത്തുന്നതു് നന്നായിരിക്കുമെന്നു് തോന്നുന്നു. :)

bright പറഞ്ഞു...

@ സി.കെ.ബാബു,
നന്ദി, തിരുത്തിട്ടുണ്ട്.

യൂനുസ് വെളളികുളങ്ങര പറഞ്ഞു...

:)

പാഞ്ചാലി :: Panchali പറഞ്ഞു...

പലയിടത്തും വായിക്കണമെന്ന് വിചാരിച്ച് മടിച്ചിരുന്ന കാര്യം വളരെ സിമ്പിളായി മനസ്സിലാക്കാന്‍ പറ്റി. നന്ദി!

ranji പറഞ്ഞു...

വളരെ വിജ്ഞാനപ്രദം!
ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു..
ജലത്തിന് നീലനിറം എന്ന് പറഞ്ഞത് വിശദീകരിക്കാമോ?
മുകളില്‍ നിന്ന് നോക്കുമ്പോള്‍ അങ്ങനെ തോന്നുന്നത് മീഡിയം കാരണം ലൈറ്റ് സ്പെക്ട്രത്തിനുണ്ടാകുന്ന scattering കാരണമല്ലേ?

bright പറഞ്ഞു...

നിറം എന്നതിന്റെ നിര്‍വ്വചനം തന്നെ ലൈറ്റ് സ്പെക്ട്രത്തിനുണ്ടാകുന്ന scattering എന്നല്ലെ?scatter ചെയ്തു വരുന്ന ഫോട്ടോണുകള്‍ നമ്മുടെ കണ്ണിന്റെ റെറ്റിനയിലുണ്ടാക്കുന്ന മാറ്റമാണല്ലോ നിറമായി അനുഭവപ്പെടുന്നത്.നല്ല തെളിഞ്ഞ വെള്ളമുള്ള കിണറിന്റെ അടിത്തട്ടില്‍ കിടക്കുന്ന ഒരു വെളുത്ത വസ്തു ഇളം നീലനിറത്തിലാണ് കാണപ്പെടുക.

mercury spheres പറഞ്ഞു...

chemistry was my worst subject in highschool and higher secondary. your writing makes it much more tolerable. :)

kharaaksharangal പറഞ്ഞു...

വിജ്ഞാനപ്രതം.

Anoop Technologist (അനൂപ് തിരുവല്ല) പറഞ്ഞു...

പതിവുപോലെ മനോഹരമായി എഴുതിയിരിക്കുന്നു.

jiju atheena പറഞ്ഞു...

Nalla post . Thank u

LinkWithin

Related Posts with Thumbnails