2011, ഫെബ്രുവരി 26, ശനിയാഴ്‌ച

സിയാറ്റില്‍ മൂപ്പന്റെ 'ഹരിതപ്രസംഗം'....

പരിസ്ഥിതി പ്രവര്‍ത്തകരുടെ 'മാഗ്നാകാര്‍ട്ട' എന്ന് വിശേഷിപ്പിക്കാവുന്ന സിയാറ്റില്‍ മൂപ്പന്റെ (chief Seattle) 'പച്ചയായ' പ്രസംഗത്തേക്കുറിച്ച് അറിയാത്തവരുണ്ടാകില്ല.(പ്രസംഗത്തിന്റെ ഒരു മലയാള പരിഭാഷ ഇവിടെ.) പരിസ്ഥിതി സംബന്ധിച്ച എന്ത് പരിപാടിയുണ്ടെങ്കിലും മൂപ്പന്റെ മാനവിക പരിസ്ഥിതി ദര്‍ശനത്തേയും ഭൂമിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെയും, താനടക്കമുള്ള ആധുനികമനുഷ്യര്‍ക്ക്ഭൂമിയോടും,പരിസ്ഥിതിയോടും, പച്ചപ്പിനോടൊക്കെയുള്ള സ്നേഹമില്ലായ്മയേയും കുറിച്ചുള്ള കുമ്പസാരവുമൊക്കെയായി പരിസ്ഥിതിസ്നേഹികള്‍ അരങ്ങു തകര്‍ക്കും. ചിലര്‍ ഈ പ്രസംഗം (ചിലപ്പോള്‍ അത് പ്രസംഗമല്ല, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന് (Franklin Pierce) മൂപ്പന്‍ എഴുതിയ കത്തായി മാറും.) മുഴുവനോടെയോ അല്ലെങ്കില്‍ അതിലെ ഏതാനും വരികളോ ചുവരിലൊട്ടിച്ചോ,ടീഷര്‍ട്ടില്‍ എഴുതിയോ ഏറ്റവും വലിയ പ്രകൃതിസ്നേഹിയായി ഞെളിയും.ഏതു കുട്ടിയോട് ചോദിച്ചാലും സിയാറ്റില്‍ മൂപ്പന്റെ ഭൂമിയെക്കുറിച്ചുള്ള മഹത്തായ ദീര്‍ഘവീക്ഷണത്തെയും താനടക്കമുള്ള ആധുനിക മനുഷ്യന്റെ നികൃഷ്ടതയെയും കുറിച്ച് തത്ത പറയുന്നപോലെ ചില വാചകങ്ങള്‍ പറയും.അത്രമാത്രം പ്രശസ്തമായ പ്രസംഗം.ദോഷം പറയരുതല്ലോ പ്രസംഗം അതിമനോഹരമാണ്.മനസ്സിനെ പിടിച്ചുകുലുക്കുന്ന മനോഹരമായ ഭാഷ.ഒരു ഗദ്യ കവിത തന്നെ.അത് വായിച്ചാല്‍ ഏതൊരാള്‍ക്കും അല്പനേരത്തേക്കെങ്കിലും തന്നോടുതന്നെ വെറുപ്പുതോന്നുന്ന,വല്ല മരവുരിയും ഉടുത്ത് വല്ല ഗുഹയിലോമറ്റോ പോയി ഇനിയുള്ള കാലം'പ്രകൃതിയോടിണങ്ങി' ജീവിക്കാന്‍ തോന്നിപ്പിക്കുന്നത്ര മനോഹരം.പക്ഷേ ഈ പ്രസംഗത്തിന് ഒരൊറ്റ കുഴപ്പമേ ഉള്ളൂ.സിയാറ്റില്‍ മൂപ്പന്‍ ഇങ്ങനെ ഒരു 'പച്ചയായ' പ്രസംഗം നടത്തീട്ടേയില്ല.നടത്തിയിരിക്കാനുള്ള സാധ്യതയുമില്ല.ഞെട്ടിയോ?:-)

-------------------------------------------------------------------------------------------------------------------------

സിയാറ്റില്‍ മൂപ്പന്റെ പ്രസംഗത്തിന്റെ ചരിത്രം....
സിയാറ്റില്‍ മൂപ്പന്‍ ചെയ്തതായി പറയപ്പെടുന്ന ഈ പ്രസംഗത്തിന്റെ പല വെര്‍ഷനുകള്‍ നിലവിലുണ്ട്.1854 ല്‍ Isaac Stevens (Pacific Northwest Commissioner of Indian Affairs) ന്റെ മുന്നിലാണ്  സിയാറ്റില്‍ മൂപ്പന്റെ ഒറിജിനല്‍ പ്രസംഗം.ആ പ്രസംഗം ആരും ആ സമയത്ത് രേഖപ്പെടുത്തീട്ടില്ല.എന്തായാലും മൂപ്പന്‍ ഇംഗ്ളീഷിലല്ല പ്രസംഗിച്ചത്.അദ്ദേഹത്തിന്റെ ഭാഷയായ Lushotseed ലാണ്.എന്നാല്‍ ആ യോഗത്തില്‍ ഉണ്ടായിരുന്ന ഒരു ഡോ.ഹെന്റി സ്മിത്ത്, അദ്ദേഹം ആ സമയത്ത് തയ്യാറാക്കിയിരുന്ന കുറിപ്പുകളുടെ സഹായത്തോടെ 1887 ല്‍ അതായത് മുപ്പത്തിമൂന്നു വര്‍ഷത്തിനു ശേഷം പ്രസിദ്ധീകരിച്ചതാണ് മൂപ്പന്റെ പ്രസംഗത്തിന്റെ ലഭ്യമായ ആദ്യ വെര്‍ഷന്‍.ഹെന്റി സ്മിത്തിന് മൂപ്പന്റെ ഭാഷയൊക്കെ മനസ്സിലാകുമായിരുന്നോ എന്ന ചോദ്യമുണ്ടെങ്കിലും( പ്രസംഗം നടക്കുമ്പോള്‍ സ്മിത്ത്‌ അമേരിക്കയിലെത്തീട്ട് വെറും ഒരു വര്‍ഷമേ ആയിരുന്നുള്ളു.പിന്നെ ഹെന്റി സ്മിത്ത്‌ ഒരു ചെറുകിട സാഹിത്യകാരനൊക്കെയായിരുന്നു.മൂപ്പന്റെ പ്രസംഗത്തിലെ പല കാര്യങ്ങളും ഹെന്റി സ്മിത്ത്‌ 'കൈയ്യില്‍നിന്ന് ഇട്ടതാണ്' എന്ന് സംശയിക്കാന്‍ ന്യായമായ കാരണങ്ങളുണ്ട്.) എങ്കിലും മൂപ്പന്‍ പറഞ്ഞത് ഈ വെര്‍ഷനിലുള്ളതായിരുന്നു എന്ന് കരുതുകയേ തല്‍കാലം നിവര്‍ത്തിയുള്ളൂ.

പ്രസംഗം കാര്യമായി ആരും ശ്രദ്ധിക്കാതെ വര്‍ഷങ്ങള്‍ കടന്നുപോകുന്നു.1960കളില്‍ Professor William Arrow smith ഈ പ്രസംഗത്തിന്റെ പൊടിപ്പും തൊങ്ങലുമുള്ള വിക്ടോറിയന്‍ ശൈലിയിലുള്ള  ഭാഷ മാറ്റി ആധുനിക ഇംഗ്ളീഷിലാക്കുന്നു.'the dense patina of 19th century literary diction and syntax' എന്ന് ആരോസ്മിത്ത്.ഇതാണ് വേര്‍ഷന്‍ രണ്ട്.വേര്‍ഷന്‍ ഒന്നും രണ്ടും തമ്മില്‍ ഭാഷാപ്രയോഗത്തിലല്ലാതെ ഉള്ളടക്കത്തില്‍ കാര്യമായ മാറ്റമൊന്നുമില്ല.ആരോസ്മിത്ത് ഈ പ്രസംഗം ഒരു പരിസ്ഥിതി യോഗത്തില്‍ വായിക്കുന്നു.(1970)

ഈ പ്രസംഗം Ted Perry എന്നൊരു തിരക്കഥാകൃത്ത് കേള്‍ക്കാനിടയാകുന്നു.അദേഹം ഒരു മതസംഘടനയുടെ (Southern Baptist Television Commission) ഒരു പരിസ്ഥിതിവാദ ഡോക്യുമെന്ററിക്ക് തിരക്കഥ എഴുതുന്ന സമയം.സിയാറ്റില്‍ മൂപ്പനെ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നത് ആധുനികമനുഷ്യന്റെ ആര്‍ത്തിയെയും പ്രകൃതിയെ സ്നേഹിച്ചിരുന്ന ആ പഴയ തലമുറയെയും കൂടുതല്‍ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയും എന്ന് അദ്ദേഹം കരുതുന്നു.ഡോക്യുമെന്ററിയില്‍ മൂപ്പന്റെ പ്രസംഗം അമേരിക്കന്‍ പ്രസിഡന്റിനു എഴുതുന്ന കത്തായി മാറുന്നു.ടെഡ്‌ പെറി സ്വന്തം ഭാവനയെ കെട്ടഴിച്ചു വിടുന്നു.അങ്ങിനെ സിനിമയിലെ സിയാറ്റില്‍ മൂപ്പന്റെ വളരെ നാടകീയമായി ഉള്ളില്‍ത്തട്ടുന്ന വിധത്തിലുള്ള,നമ്മുടെയോരോരുത്തരുടേയും ഉള്ളിലെ മസോക്കിസ്റ്റിനെ ആനന്ദിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗം/കത്ത് ജനിക്കുന്നു.അതാണ് വെര്‍ഷന്‍ മൂന്ന്.അതാണ് നമ്മളൊക്കെ ആഘോഷിച്ചുകൊണ്ട് നടക്കുന്ന മൂപ്പന്റെ 'പച്ചയായ' പ്രസംഗം.നമ്മളൊക്കെ വായിച്ചു വികാരവിവശരാകുകയും കുറ്റബോധത്തില്‍ മുങ്ങി ആത്മനിന്ദയുടെ സുഖകരമായ ആ വേദന അനുഭവിക്കുകയും ചെയ്യുന്ന ചരിത്രപരമായ ആ പ്രസംഗം സത്യത്തില്‍ ടെഡ്‌ പെറി എഴുതിയ സ്ക്രിപ്റ്റാണ്..!!!...അല്ലാതെ മൂപ്പന്‍ നടത്തിയ പ്രസംഗമല്ല.!!.ഹെന്റി സ്മിത്ത്‌ റിപ്പോര്‍ട്ടു ചെയ്ത മൂപ്പന്റെ പ്രസംഗവുമായി ഇതിന് കാര്യമായ ഒരു സാമ്യവുമില്ല താനും.

ഏറ്റവും വലിയ ചതി നടക്കുന്നത് ഇനിയാണ്.ചിത്രത്തില്‍ 'written by Ted Perry' എന്നതിന് പകരം 'researched by Ted Perry' എന്നാണ് നിര്‍മ്മാതാക്കളായ മതസംഘടന ഡോക്യുമെന്ററിയില്‍ ചേര്‍ക്കുന്നത്.(പ്രസംഗം മൂപ്പന്റേതുതന്നെ എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി).കൂടാതെ ടെഡ്‌ പെറിയുടെ സ്ക്രിപ്റ്റില്‍ അല്പം കൂടുതല്‍ ക്രൈസ്തവ വീക്ഷണവും അവര്‍ കൈയ്യില്‍നിന്ന് ഇടുന്നു.'Home' എന്ന പേരില്‍ സിനിമ ടീവിയില്‍ സംപ്രേഷണം ചെയ്തതോടുകൂടി ആയിരക്കണക്കിനു ആളുകള്‍ക്കാണ് സിയാറ്റില്‍ മൂപ്പന്റെ 'പ്രസംഗത്തിന്റെ' കോപ്പി സംഘടന അയച്ചുകൊടുത്തത്.ഡോക്യുമെന്ററി വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും മൂപ്പന്റെ ഭൂമിയെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണവും കരുതലും ഹിറ്റായി.എഴുപതുകളിലെ അമേരിക്കന്‍ യുവത്വത്തിനെ ക്കുറിച്ചാലോചിച്ചാല്‍ ഇതില്‍ ഒട്ടും അത്ഭുതമില്ല താനും.വിയറ്റ്നാം യുദ്ധത്തോടും അതുവഴി ശാസ്ത്രത്തോടും ആധുനികതയോടും അധികാരസ്ഥാനങ്ങളോടുമൊക്കെയുള്ള എതിര്‍പ്പ്, ഹിപ്പിയിസം,മയക്കുമരുന്നിന്റെ മായലോകത്തോടുള്ള അഭിനിവേശം,അസ്തിത്വദുഃഖം... മൊത്തത്തില്‍ ആത്മനിന്ദ (self hate) വില്‍ക്കാന്‍ പറ്റിയ സാഹചര്യം.It just panders to that little masochist inside you.(എഴുപതുകളിലെ യുവത്വത്തിന് പക്ഷേ ആധുനികതയോടുള്ള എതിര്‍പ്പ് (technophobia) ചില കാര്യങ്ങളില്‍ മാത്രമായിരുന്നു.ചെവി പൊളിക്കുന്ന സംഗീതം സൃഷ്ടിക്കാന്‍ യുവത്വം ആധുനിക ടെക്നോളജി ഉപയോഗിച്ചിരുന്നു.:-))
-------------------------------------------------------------------------------------------------------------

സത്യത്തില്‍ മൂപ്പന്‍ പറഞ്ഞതെന്ത്?

മൂപ്പന്‍ 1854ല്‍ നടത്തിയതും ഹെന്റി സ്മിത്ത്‌ രേഖപ്പെടുത്തിയതുമായ പ്രസംഗം ഇവിടെ വായിക്കാം.ആ പ്രസംഗം വായിച്ചാലറിയാം അതില്‍ ആദിമവാസികളുടേയോ മൂപ്പന്റേയോ പാരിസ്ഥിതിക ആശങ്കകളേയോ,'മാനവിക സംസ്കാരത്തിലൂന്നിയ പരിസ്ഥിതി ദര്‍ശനത്തേയോ', ദീര്‍ഘവീക്ഷണത്തേയോ കുറിച്ച് സൂചനകളൊന്നുമില്ല‍.'ഭൂമി നമ്മുടെ മാതാവാണ്' എന്ന മാതിരിയുള്ള വമ്പന്‍ വാചകങ്ങളും മൂപ്പന്‍ പറഞ്ഞിട്ടില്ല.ഈ ഉടമ്പടി നടക്കുന്നകാലത്ത് മൂപ്പന്റെ ആളുകളില്‍ ഭൂരിഭാഗവും വസൂരി വന്നു മരിച്ചുപോയിരുന്നു.ആരെയും കുറ്റപ്പെടുത്താതെ വളരെ ഡിപ്ലോമാറ്റിക്കായാണ് മൂപ്പന്റെ പ്രസംഗം. തന്റെ വംശത്തിന്റെ നല്ലകാലം കഴിഞ്ഞു എന്ന വിലാപവും വെളുത്തവന്റേയും ചുവന്നവന്റേയും മതവിശ്വാസങ്ങള്‍ തമ്മിലുള്ള വ്യത്യാസവുമാണ് പ്രസംഗത്തിന്റെ വിഷയം.അല്ലാതെ പരിസ്ഥിതി പ്രണയത്തേക്കുറിച്ചൊന്നുമല്ല. ചുവന്നവന്റെ ദൈവം വെളുത്തവന്റെ ദൈവത്തെക്കാള്‍ ശക്തി കുറഞ്ഞതാണ് എന്നും മൂപ്പന്‍ സമ്മതിക്കുന്നുണ്ട്. വെളുത്തവന്റെ ദൈവം ചുവന്നവരെ സഹായിക്കുമോ എന്നും മൂപ്പന്‍ സംശയിക്കുന്നുണ്ട്.

"Your God seems to us to be partial. He came to the white man. We never saw Him, never even heard His voice. He gave the white man laws but He had not word for His red children whose teeming millions filled this vast continent as the stars fill the firmament. No, we are two distinct races and must ever remain so.''(ഒറിജിനല്‍ പ്രസംഗത്തില്‍ നിന്ന്.)

ടെഡ്‌ പെറിയുടെ സ്ക്രിപ്റ്റില്‍ മൂപ്പന്‍ കൈയ്യടി കിട്ടാന്‍ പാകത്തില്‍ പറയുന്നത് ഇതിനു നേരെ വിപരീതമാണ്...

"One thing we know, which the white man may one day discover -- our God is the same God. You may think now that you own Him as you wish to own our land, but you cannot. He is the God of man, and His compassion is equal for red man and the white."

കൂട്ടത്തില്‍ പറയട്ടെ,മൂപ്പന്‍ താന്‍ ജനിച്ചുവളര്‍ന്ന വിശ്വാസം ഉപേക്ഷിച്ചു റോമന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിരുന്നു,ഈ സംഭവം നടക്കുന്നതിനു വളരെ മുന്‍പ് തന്നെ.ഒറിജിനല്‍ പ്രസംഗത്തില്‍ മൂപ്പന്‍ പൂര്‍ണ്ണമനസ്സോടെയാണ് ഭൂമി കൈമാറാന്‍ സമ്മതിക്കുന്നത്.ന്യായമായ വ്യവസ്ഥകളോടെയാണ് കൈമാറ്റം എന്നും പ്രസംഗത്തില്‍ സൂചനയുണ്ട്.ഒറിജിനല്‍ പ്രസംഗത്തില്‍ നിന്ന്....

''The great, and I presume — good, White Chief sends us word that he wishes to buy our land but is willing to allow us enough to live comfortably.This indeed appears just, even generous, for the Red Man no longer has rights that he need respect, and the offer may be wise, also, as we are no longer in need of an extensive country.''

ടെഡ്‌ പെറിയുടെ ഭാഷ്യം ഇതിനു നേരെ വിപരീതമാണ്.മൂപ്പന്‍ വളച്ചുകെട്ടൊന്നുമില്ലാതെ ഭൂമി കൈമാറാന്‍ സമ്മതമാണെന്നു പറയുന്ന കാര്യമാണ് ടെഡ്‌ പെറി ഇങ്ങനെയാക്കിയത്.....

"How can you buy or sell the sky, the warmth of the land? The idea is strange to us. If we do not own the freshness of the air and the sparkle of the water, how can you buy them?

മൂപ്പന്റെ പ്രസംഗം ദുഃഖ ഛായയുള്ളതാണ്.ഒരാള്‍ നിവര്‍ത്തിയില്ലാതെ ജനിച്ചുവളര്‍ന്ന വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവിക വികാരം.ഏതോ സിനിമയില്‍ മോഹന്‍ലാല്‍ തന്റെ വീടും സ്ഥലവും ജപ്തി ചെയ്യുമ്പോള്‍ പറമ്പിലെ മൂലയില്‍ അച്ഛനെ ദഹിപ്പിച്ച സ്ഥലം കിളക്കരുത് എന്ന് ആവശ്യപ്പെടുന്നുണ്ട്.മൂപ്പനും തന്റെ പൂര്‍വികരുടെ ശ്മശാനഭൂമിയേക്കുറിച്ച് അതുപോലുള്ള കാര്യങ്ങളാണ് പറയുന്നത്.അതിന് 'The earth is our mother' എന്നോ 'We are a part of the earth and it is part of us' എന്നൊക്കെയോ അര്‍ത്ഥം കല്‍പ്പിച്ചാലോ?മൂപ്പന് മണ്ണ് പവിത്രമാകുന്നത് അത് തന്റെ പൂര്‍വികരുടെ ശ്മശാനമായതുകൊണ്ടാണ്,അല്ലാതെ ആ സ്ഥലത്തിന് മറ്റെന്തെങ്കിലും പ്രാധാന്യമുള്ളതുകൊണ്ടല്ല.(മൂപ്പന്‍ ക്രിസ്ത്യാനിയായെങ്കിലും പൂര്‍ണമായും സ്വന്തം മതം വിട്ടിട്ടില്ല.) മൊത്തം ഭൂമിയുടെ സൌഖ്യമൊന്നും മൂപ്പന്റെ ചിന്തയില്‍ വരുന്നേയില്ല.മൂപ്പന്‍ 'land' എന്ന് പറയുന്നത് 'earth' എന്നാണ് ഉദ്ദേശിക്കുന്നത് എന്നത് ദുര്‍വ്യാഖ്യാനമാണ്. ചില വിശ്വാസികള്‍ അവരുടെ വേദപുസ്തകത്തില്‍ ബ്ലാക്ക്‌ ഹോളും മറ്റും കാണുന്നപോലെ പരിഹാസ്യമായ ഒന്ന്.

മൂപ്പനെക്കുറിച്ച് മറ്റുചില കാര്യങ്ങള്‍ .അദേഹം വളരെ ധീരനായ പോരാളിയായിരുന്നു.ആയ കാലത്ത് മറ്റു റെഡ് ഇന്ത്യന്‍ ഗോത്രങ്ങളുമായി ധാരാളം യുദ്ധം ചെയ്യുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.യുദ്ധത്തില്‍ പിടിച്ചെടുത്ത എട്ടുപേര്‍ സ്വന്തം അടിമകളായി ഉണ്ടായിരുന്നു.മറ്റൊന്ന്,മൂപ്പന് ഒരു വെള്ളക്കാരനുമായി ചേര്‍ന്ന് സാല്‍മണ്‍ മല്‍സ്യം വന്‍തോതില്‍ ഉണക്കി കയറ്റിയയക്കുന്ന ബിസിനസ്‌ ഉണ്ടായിരുന്നു.മീന്‍ പിടിക്കാനുള്ള അവകാശത്തെച്ചൊല്ലി പരിസരത്തെ മറ്റു ഗോത്രങ്ങളുമായി തര്‍ക്കങ്ങളുമുണ്ടായിരുന്നു.(ഇവിടെയൊന്നും മൂപ്പന്റേയും കൂട്ടരുടെയും പരിസ്ഥിതി സ്നേഹം കാണാനില്ല.) സ്വന്തം ആളുകളെ തോല്പിക്കാന്‍ സഹായത്തിന് വെള്ളക്കാരുടെ പട്ടാളം ആവശ്യമായിരുന്നു.വെള്ളക്കാരെ പ്രീതിപ്പെടുത്തുന്നതില്‍ ചില ബിസിനസ്സ്‌ താല്‍പര്യങ്ങളും ഉണ്ടായിരുന്നു എന്നര്‍ത്ഥം.(തനിക്ക് ഗുണമുണ്ട് എന്ന് തോന്നിയപ്പോള്‍ വെള്ളക്കാരോട് ചേരുകയും പിന്നീട് അവരുമായി തെറ്റിയപ്പോള്‍ 'ധീരദേശാഭിമാനി'യായി മാറിയ പഴശ്ശിരാജയെ ഓര്‍മ്മ വരുന്നുണ്ടോ ആര്‍ക്കെങ്കിലും?)  മൂപ്പന്‍ ഉടമ്പടിക്ക് സമ്മതിക്കുന്നതിന്റെ ഒരു കാര്യം,ശുഷ്കമായിപ്പോയ തന്റെ ഗോത്രത്തെ മറ്റു ശത്രു ഗോത്രങ്ങളുടെ ആക്രമണത്തില്‍നിന്നു വെളുത്തവരുടെ നേതാവ് സംരക്ഷിക്കും എന്ന വിശ്വാസമാണ്.

''His brave warriors will be to us a bristling wall of strength, and his wonderful ships of war will fill our harbors, so that our ancient enemies far to the northward — the Haidas and Tsimshians — will cease to frighten our women, children, and old men.''(ഒറിജിനല്‍ പ്രസംഗത്തില്‍നിന്ന്.)

പിന്നെ ആ പ്രദേശത്തിന് തന്റെ പേരായ സിയാറ്റില്‍ എന്ന് നാമകരണം ചെയ്യാന്‍ മൂപ്പന്‍ 'നഷ്ടപരിഹാരം' വാങ്ങിയിരുന്നു.ആളുകള്‍ കൂടെകൂടെ തന്റെ പേര്‍ ഉച്ചരിച്ച് തന്റെ ആത്മാവിന് വരുത്തിയേക്കാവുന്ന ദോഷത്തിന് പകരമായി.:-) ചുരുക്കത്തില്‍ അസാധാരണമായ എന്തെങ്കിലും സ്വഭാവ വൈശിഷ്ട്യമോ ദീര്‍ഘ വീക്ഷണമോ ഒന്നും മൂപ്പന് ഉണ്ടായിരുന്നതായി കാണുന്നില്ല. ചില ഹ്രസ്വകാല നേട്ടങ്ങള്‍ മാത്രം പരിഗണിക്കുന്ന,അതിനനുസരിച്ചു പ്രവര്‍ത്തിച്ച ഒരു സാധാരണ മനുഷ്യന്‍.ഇതില്‍നിന്നൊക്കെ മൂപ്പന്റെ പ്രകൃതി സ്നേഹം വായിച്ചെടുത്ത ടെഡ്‌ പെറിയെ സമ്മതിക്കണം.(ടെഡ്‌ പെറിയെ പൂര്‍ണമായും കുറ്റപ്പെടുത്തുന്നില്ല.ഒരു plot device ആയി തുടങ്ങിയ കാര്യം കൈവിട്ടുപോയത് നിര്‍മ്മാതാക്കളായ ക്രിസ്തീയ സംഘടനയുടെ പ്രവര്‍ത്തി മൂലമാണല്ലോ. തന്റെ സാങ്കല്‍പ്പിക പ്രസംഗം ഒരു ചരിത്രപുരുഷന്റേത് എന്ന് തെറ്റിദ്ധരിക്കത്തക്ക രീതിയില്‍ എഴുതിയത് തനിക്കു പറ്റിയ ഒരു അബദ്ധമായിരുന്നെന്ന് പിന്നീട് ടെഡ് പെറി പറഞ്ഞിരുന്നു.) 
-------------------------------------------------------------------------------------------------------------------

സിയാറ്റില്‍ മൂപ്പന്റെ 'പച്ചയായ' പ്രസംഗം എന്ന ഈ മിത്തിന്റെ സത്യാവസ്ഥ എന്തുകൊണ്ട് ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നു?വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇതൊരു മിത്താണെന്ന് തെളിഞ്ഞതാണ്.1992 ല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ മുന്‍പേജില്‍ത്തന്നെ ഈ മിത്ത് പൊളിച്ചുകാണിച്ചിരുന്നു.എങ്കില്‍പ്പിന്നെ എന്തു കൊണ്ട് ഇപ്പോഴും ഭൂരിഭാഗം പേരും ഇപ്പോഴും സിയാറ്റില്‍ മൂപ്പന്‍ എന്ന ക്രാന്തദര്‍ശിയായ ഒരു 'പരിസ്ഥിതി പ്രവാചകനില്‍ 'വിശ്വസിക്കുന്നു?It is a case of the lie going a thousand miles while the truth is just putting on its boots. ഞാനീ വിവരം പറഞ്ഞവരാരും ഈ വാര്‍ത്ത‍ കേട്ട് ഒരു തെറ്റിദ്ധാരണ മാറിയതായി പറഞ്ഞ് സന്തോഷിക്കുന്നത് കണ്ടിട്ടില്ല.ചിലരെങ്കിലും എന്നെ തല്ലിയില്ലെന്നേ ഉള്ളൂ. സുഖകരമായ ഒരു സ്വപ്നത്തില്‍നിന്ന് ഉണര്‍ത്തിയതിന്റെ വെറുപ്പ്‌ അവരുടെ മുഖത്ത്‌ പ്രകടമായിരുന്നു.മൂപ്പന്റെ 'വസുധൈവ കുടുംബകം' ഒരു തെറ്റിദ്ധാരണയാണ് എന്ന സത്യം പലര്‍ക്കും താങ്ങവുന്നതിനപ്പുറമാണ്.(തങ്ങളുടെ മതപ്രവാചകനെ അപമാനിച്ചു എന്ന പേരില്‍ കൈവെട്ടിയവരുടെ മാനസികാവസ്ഥ ഇപ്പോള്‍ എനിക്ക് മനസ്സിലാക്കാനാകുന്നുണ്ട്,...and the similarities between religious and secular superstitions.)

എന്റെ അറിവില്‍ സത്യം മനസ്സിലാക്കിയ ഒരൊറ്റ പരിസ്ഥിതിവാദിയും മൂപ്പനേക്കുറിച്ചുള്ള തന്റെ അഭിപ്രായം മാറ്റിയിട്ടില്ല. അവരൊക്കെ കഴിയുമെങ്കില്‍ ഈ മിത്ത് വീണ്ടും വളര്‍ത്താനാണ് ശ്രമിക്കുന്നത്,സത്യം ഒളിക്കാനും.എന്തുകൊണ്ട്?

സത്യം അറിയുന്നവരുടെ മറ്റൊരു തരികിടയാണ് അസഹനീയം.പ്രസംഗത്തിന് ഹെന്‍ട്രി സ്മിത്തിന്റെയും ടെഡ്‌ പെറിയുടെയും രണ്ടു ഭാഷ്യങ്ങളുണ്ടെന്നു സമ്മതിക്കുന്നതോടൊപ്പം അതൊരു അപ്രധാന കാര്യമാണെന്നും രണ്ടു ഭാഷ്യങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത് എന്ന് ഭാവിക്കുകയും ചെയ്യുക...and hope that nobody will notice.(ഉദാഹരണം.ശ്രീ സക്കറിയ വിവര്‍ത്തനം ചെയ്ത് ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ച 'ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍ 'എന്ന പുസ്തകം.) യഥാര്‍ത്ഥത്തില്‍ നേരത്തെ സൂചിപ്പിച്ചപോലെ മൂപ്പന്റെ പ്രസംഗവും(ഹെന്‍ട്രി സ്മിത്ത്‌) ടെഡ്‌ പെറിയുടെ ഭാഷ്യവും തമ്മില്‍ ഒരു സാമ്യവുമില്ല.രണ്ടും ഏതാണ്ട് പൂര്‍ണമായും വിപരീതാശയങ്ങളാണ് പറയുന്നത്.

മറ്റൊരു വിദ്യ മൂപ്പന്‍ പരിസ്ഥിതി പ്രേമിയായിരുന്നു എന്നതിന് തെളിവുകളില്ല എന്ന് മനസ്സില്ലമാനസോടെ സമ്മതിച്ച ശേഷം എല്ലാ ആദിമവാസികളും പക്ഷേ ശരിക്കും പരിസ്ഥിതി പ്രേമികള്‍ തന്നെയായിരുന്നു എന്ന് ചുമ്മാ വാദിക്കുക.അതിന് തെളിവായി പ്രകൃതി/പൂര്‍വിക ആരാധനക്കാരായിരുന്ന ഇവരുടെ പ്രാര്‍ത്ഥനകളിലും പൂര്‍വ്വപിതാക്കന്മാരെക്കുറിച്ചുള്ള ഗാനങ്ങളിലും മറ്റും കാണുന്ന കാര്യങ്ങള്‍ വ്യാഖ്യാനിച്ച് ഉദ്ദേശിക്കുന്ന അര്‍ത്ഥം കൊടുക്കുക. നേരത്തെ കണ്ടപോലെ പൂര്‍വികരുടെ ശ്മശാനഭുമിയെ ബഹുമാനിക്കുന്നത് മൊത്തം ഭൂമിയെ ബഹുമാനിക്കലാണ് എന്ന രീതിയില്‍ ‍. ചുരുക്കത്തില്‍ യൂറോപ്യന്‍മാര്‍ മാത്രമാണ് ദുര മൂത്ത,ഭൂമി എന്ന അമ്മയെ പരിരക്ഷിക്കാത്ത ദ്രോഹികള്‍ .ബാക്കിയുള്ള ആദിമവാസികളെല്ലാം ഭൂമിയെ അമ്മയെപോലെ സ്നേഹിച്ചിരുന്നവരും.ഈ വാദത്തിന്റെ മുനയൊടിക്കുന്ന വിവരങ്ങള്‍ തുടര്‍ന്നു ചേര്‍ത്തിട്ടുണ്ട്.

It seems these people form a group around some supposedly sacred values,which then evolve into a tribal-moral community.They’ll embrace truth whenever it supports their sacred values, but will ditch it or distort it as soon as it threatens their sacred value. ആരെങ്കിലും തങ്ങളുടെ ദൈവങ്ങളേയും രാഷ്ട്രീയ ആരാധനാമൂർത്തികളേയും തൊടുമ്പോൾ കാണിക്കുന്ന അതേ ആവേശം ഈ വിഷയത്തിലും അവര്‍ കാണിക്കും.അല്ലെങ്കില്‍ ഈ പോസ്റ്റിനു വരാന്‍ പോകുന്ന കമന്റുകള്‍ നോക്കിക്കോ:-) ഈ മിത്ത് മരിക്കാത്തതിന്റെ കാരണം എനിക്ക് തോന്നുന്നത്,...modern environmental movement is mostly concerned with feeling good than with facts.Can't let some ugly facts mar a good story.
 

പലയിടത്തും ഭൂമിയുടെ ഇന്നത്തെ സ്‌ഥിതിയെ ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ദീര്‍ഘദര്‍ശനം ചെയ്‌ത സിയാറ്റില്‍ മൂപ്പന്റേത് എന്ന നിലയില്‍ ടെഡ് പെറിയുടെ സ്ക്രിപ്റ്റ്‌ ഇപ്പോഴും എപ്പോഴും  ഉദ്ധരിക്കപ്പെടുന്നു. നാസയും നാഷണല്‍ ജ്യോഗ്രഫിക്കും വരെ ഈ വ്യാജപ്രസംഗം ഉദ്ധരിച്ചിട്ടുണ്ട്.അമേരിക്കയിലെ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍  ഏജന്‍സിയുടെ (Environmental Protection Agency) വെബ്‌സൈറ്റിലും സിയാറ്റില്‍ മൂപ്പന്റെ പ്രസംഗത്തില്‍ നിന്നുള്ള ഒരു ഉദ്ധരണി കാണാം.അല്‍ ഗോറിന്റെ Earth in the Balance: Ecology and the Human Spirit എന്ന പുസ്തകത്തില്‍ 'മൂപ്പന്റെ പ്രസംഗം' ആധികാരികമെന്ന രീതിയില്‍  അവതരിപ്പിച്ചിട്ടുണ്ട്.അല്‍ഗോറിനു സത്യം അറിയില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം.ഈ കഥ അങ്ങിനെ ഉപേക്ഷിക്കാനൊരു മടി പോലെ.Almost like they hope that the end will justify means. മലയാളത്തിലും പുസ്തകങ്ങളിലും ബ്ലോഗിലുമായി പരിസ്ഥിതി സ്വപ്നജീവികളുടെ ഈ നിര്‍മ്മിക്കപ്പെട്ട പ്രവാചകന്റെ (manufactured prophet) സുവിശേഷത്തേക്കുറിച്ചുള്ള വാഴ്ത്തുമൊഴികള്‍ ധാരാളമാണ്.'മണ്ണിനും വെള്ളത്തിനും വായുവിനും അധികാരം കൽ‌പ്പിക്കാത്ത, പ്രക്യതിബോധത്തിലധിഷ്ഠിതമായ ആവാസവ്യവസ്ഥയെക്കുറിച്ച്' നമ്മെ ഉദ്ബോധിപ്പിക്കുന്ന,ഭൂതകാലത്തില്‍നിന്നുള്ള ആ 'ചുവന്ന' ആദിവാസിയുടെ വനരോദനം സത്യത്തില്‍ ഒരു 'വെളുത്ത' ആധുനിക മനുഷ്യന്റെ ഭാവനയാണ് എന്ന് സമ്മതിക്കാന്‍ നമുക്കെന്താണ് വിഷമം?

''There are so many of us who want so badly to be jolted out of our humdrum lives, to rekindle that sense of wonder we remember from childhood, and also, for a few of the stories, to be able, really and truly, to believe in Someone older, smarter, and wiser who is looking out for us.''CARL SAGAN.
-------------------------------------------------------------------------------------------------------------------------------

മരിക്കാത്ത മിത്തിന്റെ സാമൂഹ്യമനഃശാസ്ത്രം..

ഈ പ്രസംഗത്തിന്റെ ലക്ഷകണക്കിന് കോപ്പികളാണ് എല്ലാ ഭാഷകളിലുമായി ലോകമെമ്പാടും പ്രചരിക്കുന്നത്.ഇതിന് ഒരു കാരണം ഈ പ്രസംഗം ക്രിസ്തുമതത്തിന്റെ parable ആണെന്നതാണ്. പറുദീസയില്‍ പണ്ടുകാലത്ത് സുഖമായി കഴിഞ്ഞിരുന്ന മനുഷ്യന്റെ അനുസരണക്കേടും ദാര്‍ഷ്ട്യവും മൂലം ആ മഹത്വത്തില്‍ നിന്നു വീഴ്ച സംഭവിച്ച വര്‍ത്തമാനകാലവും അതിനെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയയും ദുഃഖവും.ഈ പോയിന്റ്‌ ഞാന്‍ മുന്‍പൊരു പോസ്റ്റിലും പറഞ്ഞിട്ടുണ്ട്.ഇത് ക്രിസ്തുമതത്തിന്റെ മാത്രം കാര്യമല്ല.എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും, അത് മതപരമോ രഷ്ട്രീയമോ സാമൂഹ്യപരമോ എന്തായാലും അതിന്റെയൊക്കെ പുറകില്‍ പൊതുവായി കാണാവുന്നത് കുറ്റബോധവും ആത്മനിന്ദയുമായിരിക്കും.(Real or imagined.)എല്ലാത്തിന്റെയും അടിസ്ഥാനം ഇതാണ്.വളരെ സുഖമായി സ്വര്‍ഗ്ഗീയമായ ജിവിതം നയിച്ചിരുന്ന ഒരു ഭൂതകാലം.വളരെ നികൃഷ്ടമായ ഒരു വര്‍ത്തമാനകാലം.(Real or imagined.) നഷ്ടപ്പെട്ടുപോയ നല്ലകാലത്തേക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയയും അതൊക്കെ ഭാവിയില്‍ തിരിച്ചുകിട്ടനുള്ള ശ്രമവും.ഇതാണ് എല്ലാ ഇസങ്ങളുടേയും കാതല്‍ ‍.

“The humour of blaming the present, and admiring the past, is strongly rooted in human nature,and has an influence even on persons endued with the profoundest judgment and most extensive learning.'' David Hume

അബ്രഹാമിക് മതങ്ങളുടെ അടിസ്ഥാനമാണെങ്കില്‍ നഷ്ടപ്പെട്ടുപോയ പറുദീസയെക്കുറിച്ചുള്ള സങ്കടവും ദൈവത്തിന്റെ പ്രീതി തിരിച്ചുപിടിക്കാനുമുള്ള ശ്രമവുമാണ്.ഹിന്ദുമതത്തിനാണെങ്കില്‍ കഴിഞ്ഞു പോയി എന്ന് കരുതുന്ന ഒരു  സത്യയുഗം എന്ന നല്ല കാലത്തിന്റെ ഓര്‍മ്മകളും ഇപ്പോഴത്തെ ചീത്ത കലിയുഗതില്‍നിന്നു രക്ഷപ്പെടാനുള്ള പരിശ്രമവുമാണ്.(ഓ.ടി :ചെറുപ്പത്തില്‍ സന്ധ്യാസമയത്ത്,'ഈ നരകത്തീന്നെന്നെ കരകേറ്റീടേണം തിരുവൈക്കം വാഴും ശിവശംഭോ'.. എന്നുറക്കെ ഒച്ചവയ്ക്കുന്നതിന് അച്ഛന്‍ ശകരിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നത് ഓര്‍മ്മ വരുന്നു.സ്വയം വെറുക്കാതിരിക്കാന്‍ പഠിപ്പിച്ച അച്ഛന് നന്ദി.)

കമ്യൂണിസത്തിന് ഇത് പ്രാകൃത കമ്മ്യൂണിസം എന്ന ആ നല്ല കാലത്തേക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയയും കുത്തക മുതലാളിത്തം എന്ന വര്‍ത്തമാനകാല ഭീകരനെക്കുറിച്ചുള്ള ആശങ്കകളുമാണ്.അന്തിമലക്ഷ്യം തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന നല്ലകാലവും.For environmentalism we have the concept of ‘noble savage’,our present state as sinners, or wasters of resources, and the ultimate bliss state to aim for is ‘sustainability’.Just like religions that speak of a time before sin, a pure state before the fall, I think there is also this secular desire that is hard wired in the brain.We keep on reinventing this basic principle of religion.Funny thing is even atheists and progressives have their own secular beliefs similar to religious beliefs.

"When people stop believing in God, they don't believe in nothing — they believe in anything." G.K. Chesterton

(ഓ.ടി:ഇപ്പോള്‍ സെല്‍ഫ്‌ ഹെയ്റ്റിന്റെ മറ്റൊരു സീസണാണെന്നു തോന്നുന്നു.ട്രെയിനില്‍വച്ചു ക്രൂരമായി പീഢിപ്പിക്കപ്പെട്ട സൌമ്യയാണ്‌ ഈ ഏറ്റവും പുതിയ സ്വയം നിന്ദയുടെ ഹേതു.'നമ്മള്‍ ആ പെണ്‍കുട്ടിയെ കൊന്നുകളഞ്ഞിരിക്കുന്നു' എന്ന് സുഗതകുമാരി.ബ്ലോഗിലും ബസ്സിലും സ്വയംനിന്ദക്കാരുടെ അയ്യരുകളിയാണ്.ചിലര്‍ പെണ്‍കുട്ടിയെ കൊന്നത് താനാണെന്ന് നിലവിളിക്കുന്നു. ചിലര്‍ പുരുഷന്മാര്‍ക്ക് ഉപയോഗിക്കാന്‍ അവിടെവിടെ പിവിസി പൈപ്പും റബ്ബര്‍ പാവകളും സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുന്നു,മിക്കവരും അതൊക്കെ കൈയടിച്ചു പാസാക്കുന്നു.പ്രതി തമിഴനാണെങ്കിലും കുറ്റം മൊത്തം മലയാളികളുടേതുമാണ് എന്നാണ് ഈ ആത്മപീഢകരുടെ നിലപാട്.(താനടങ്ങുന്ന മലയാളികളെ സ്വയം കുറ്റപ്പെടുത്തുമ്പോള്‍ കിട്ടുന്ന ആ മസോക്കിസ്റ്റ്‌ സുഖം തമിഴന്മാരെ കുറ്റപ്പെടുത്തിയാല്‍ കിട്ടില്ലല്ലോ.അതുകൊണ്ട് ആരും തമിഴന്മാരെ അടച്ചാക്ഷേപിക്കുന്നത് കണ്ടില്ല.മാത്രമല്ല ഏതെങ്കിലും ഒരു ഗ്രൂപ്പിനെ അടച്ചാക്ഷേപിക്കുന്നത് 'പൊളിറ്റിക്കലി കറക്റ്റ്' അല്ല. ചില അപവാദങ്ങള്‍ ഉള്ളതില്‍ ഒന്ന് പുരുഷന്മാരെ മൊത്തം ആക്ഷേപിക്കുന്നതാണ്.അത് പുരോഗമന ലക്ഷണത്തില്‍ പെടും.:-))
---------------------------------------------------------------------------------------------------------------

അല്പമെങ്കിലും ബയോളജിയോ ആന്ത്രോപോളജിയോ ആര്‍ക്കിയോളജിയോ അറിയുന്നവര്‍ക്ക് ഇതുപോലുള്ള 'നല്ലവനായ അപരിഷ്കൃതന്‍ '(noble savage) കഥകളില്‍ സംശയം തോന്നേണ്ടതാണ് എന്നെനിക്ക് തോന്നുന്നു.മനുഷ്യനടക്കം എല്ലാ ജീവജാലങ്ങളും അവരവരുടെ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടാണ് ജീവിക്കുന്നത്.ഒരു ജീവിയും പ്രകൃതിയുടേയോ മൊത്തം ഭൂമിയുടെയോ ക്ഷേമം മുന്നില്‍കണ്ട് ജീവിക്കുന്നില്ല.എല്ലാ ജീവികളും അവരവര്‍ക്ക് സാധ്യമായ രീതിയില്‍ നശീകരണവും മറ്റു ജീവികളുടെ വംശനാശവും നടത്തുന്നുമുണ്ട്.(Just a statement of fact.That doesn't imply we humans should continue doing it.) നമ്മുടെ ആനയുടെ കാര്യംതന്നെ നോക്കൂ.കാട്ടാന അതിന്റെ ഭക്ഷണത്തിന് വേണ്ടതില്‍ കൂടുതല്‍ സസ്യങ്ങള്‍ നശിപ്പിച്ചുകൊണ്ടാണ് തീറ്റയെടുക്കുന്നത്. 'കരിമ്പിന്‍ തോട്ടത്തില്‍ ആന കയറിയ പോലെ' എന്ന പ്രയോഗം കേട്ടിട്ടില്ലെ?സാധാരണ ആനയുടെ നശീകരണശേഷി വനത്തിന്റെ പുനരുത്പാദനശേഷിയേക്കാള്‍ കുറവായതുകൊണ്ട് അതൊരു പ്രശ്നമാകുന്നില്ല എന്നുമാത്രം.അതുപോലെ ബീവറുകളുടെ പ്രശസ്തമായ ബീവര്‍ ഡാം നിര്‍മ്മാണം.ഇവ ഡാം നിര്‍മ്മിക്കാന്‍ കണ്ടമാനം മരങ്ങള്‍ നശിപ്പിക്കാറുണ്ട്.Generally these animals live in balance with nature,not because they are benevolent,but because their destructive power is limited.That is because every living thing is in competition with every body else and an equilibrium ensues.

എന്നാല്‍ ജീവികള്‍ അവ സ്വാഭാവികമായി പരിണമിച്ചതല്ലാത്ത പ്രദേശങ്ങളില്‍ എത്തിപ്പെട്ടാല്‍ ചിലപ്പോള്‍ മറ്റു ജീവികളുടെ സര്‍വ്വനാശം വരുത്താറുണ്ട്.അവിടെ അവക്ക് സ്വാഭാവിക ശത്രുക്കളില്ലാത്തതുകൊണ്ട് ഈ തുലനം നടപ്പാവില്ല.ഒന്നുകില്‍ പുതുമുഖങ്ങള്‍ കണക്കില്ലാതെ പെറ്റുപെരുകി പരിസ്ഥിതിനാശം വരുത്തി സ്വന്തം ശവകുഴി തോണ്ടും.ഉദാഹരണം...ഹവായ് ദീപിലേക്ക് മനുഷ്യന്‍ കയറ്റിവിട്ട മുയലുകള്‍ പത്തുവര്‍ഷം കൊണ്ട് ദ്വീപ് മൊത്തം തരിശാക്കി. താമസിയാതെ മുയലുകളും ചത്തൊടുങ്ങി.അല്ലെങ്കില്‍ പുതുമുഖങ്ങള്‍ ഒറിജിനല്‍ താമസക്കാര്‍ക്ക് ശവക്കുഴി തീര്‍ത്ത് ഒരു pest ആയി പിടിച്ചുനില്‍ക്കും.ഓസ്ട്രേലിയയിലേക്ക് വെള്ളക്കാര്‍ കൊണ്ടുവന്ന മുയല്‍ ‍, കേരളത്തിലെ നദികളില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന ആഫ്രിക്കന്‍ മുഷി എന്ന മത്സ്യം, നമ്മുടെ നദികളിലെ ആഫ്രിക്കന്‍ പായല്‍ ‍,കുളവാഴ etc...etc..അങ്ങിനെ ഉദാഹരണങ്ങള്‍ അത്ര വേണമെങ്കിലുമുണ്ട്.ഒന്ന് ചീഞ്ഞാല്‍ വേറൊന്നിനു വളം അതാണ് പ്രകൃതിയുടെ രീതി.

മനുഷ്യന്റെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല.ഹോമോ സാപിയന്‍സ് നിയാണ്ടര്‍ത്താലുകളെ ഉന്മൂലനം ചെയ്താണ് ഇപ്പോഴത്തെ പദവിയിലെത്തിയത് എന്നതിന് സൂചനകളുണ്ട്.ഏകദേശം 11000 വര്‍ഷങ്ങള്‍ക്കുമുന്‍പ് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പല വലിയ സസ്തനികളും നാമാവശേഷമായി.ആ സമയത്തുതന്നെയാണ് നമ്മുടെ 'ഹരിതപ്രസംഗിയായ' മൂപ്പന്റെ പൂര്‍വികര്‍ ,അമേരിക്കന്‍ ഇന്ത്യക്കാര്‍ അവിടെയെത്തിയതിന് തെളിവുകളുള്ളത്.സ്വാഭാവികമായും അവര്‍ക്ക് ഈ വംശനാശത്തില്‍ പങ്കുണ്ടായിരുന്നു എന്ന്  സംശയിക്കാം.ചിത്രം നോക്കുക...

എല്ലായിടത്തും മനുഷ്യന്‍ ചെല്ലുന്നതോടുകൂടി വമ്പന്‍ ജൈവനാശമാണ് സംഭവിക്കുന്നത്.ഇത് തീര്‍ത്തും യാദൃശ്ചികമാണ് എന്നാണോ?ആദിമവാസികളുടെ ജൈവ നശീകരണത്തിന് ഒരു ഉദാഹരണമായി ഈസ്റ്റര്‍ ദ്വീപിന്റെ കഥ നോക്കാം.നൂറുകണക്കായ പടുകൂറ്റന്‍ കരിങ്കല്‍ ശില്പങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം.1772 ല്‍ ഡച്ചുകാരനായ Jakob Roggeveen ഈ ദ്വീപ് കണ്ടെത്തുമ്പോള്‍ ദ്വീപും അതിലെ പ്രതിമകളും ഏറെക്കുറെ ഉപേക്ഷിച്ച നിലയിലായിരുന്നു. ദ്വീപിലെ ചുരുക്കം താമസക്കാര്‍ പ്രതിമാനിര്‍മ്മാണം പണ്ടേ നിര്‍ത്തിയിരുന്നു.പൂര്‍ത്തിയാകാത്ത ധാരാളം പ്രതിമകള്‍ ചിതറി കിടക്കുന്നു.എല്ലാവരും പെട്ടെന്ന് പണി നിര്‍ത്തിപ്പോയ പ്രതീതി. എന്താണ് ഇവിടെ സംഭവിച്ചത്?

ദ്വീപില്‍ ജനവാസം തുടങ്ങുന്നത് AD 400 ലാണ്.ആ സമയത്ത് ഇടതൂര്‍ന്ന കാടുകളുള്ള പ്രദേശമായിരുന്നു ഇത് എന്നതിനു തെളിവുകളുണ്ട്.ഈ മരങ്ങള്‍ വെട്ടിയാണ് അവര്‍ പ്രതിമ നിര്‍മാണത്തിനുള്ള കല്ലുകള്‍ മൈലുകള്‍ക്കകലെനിന്നു പോലും കൊണ്ടുവരാന്‍ റോളറുകളായി ഉപയോഗിച്ചത്.AD 900 ത്തോടു കൂടി കാടു കുറഞ്ഞുവരുന്നതിന്റെ സൂചനകള്‍ കാണാം.AD 1500 എത്തുമ്പോള്‍ ഏകദേശം ആയിരത്തോളം കൂറ്റന്‍ പ്രതിമകള്‍ അവര്‍ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും ദ്വീപ് കാടു പോയി മരുപ്പറമ്പായി കഴിഞ്ഞിരുന്നു.വനനശീകരണം മൂലമുള്ള മണ്ണൊലിപ്പുമൂലം കൃഷി പരാജയപ്പെട്ടുതുടങ്ങി.തടി ലഭ്യമല്ലാതായതോടുകൂടി തോണികളുടെ നിര്‍മാണവും മീന്‍ പിടുത്തവും നിലച്ചു.ഫലം പട്ടിണി.താമസിയാതെ ദ്വീപു നിവാസികള്‍ യുദ്ധം തുടങ്ങി പരസ്പരം വെട്ടിമരിച്ചു.പ്രതിമാനിര്‍മാണമൊക്കെ മുന്നേ ഉപേക്ഷിക്കപ്പെട്ടിരുന്നു.ഡച്ചുകാര്‍ കാണുന്ന ഈസ്റ്റര്‍ ദ്വീപ് 'പ്രകൃതിയോടിണങ്ങി ജീവിച്ച കുറെ ആദിമ വാസികള്‍ ' ബാക്കിയാക്കിയ മരുപ്പറമ്പാണ്.

മിക്കവാറും എല്ലാ പ്രാചീന സംസ്കാരങ്ങളും നശിച്ചത് പരിസ്ഥിതി നാശത്തിലൂടെയാണ് എന്നതിന് സൂചനകളുണ്ട്.ഈജിപ്തിലെ മരുഭൂമിയുടെ നടുവില്‍ കുറെ പിരമിഡുകള്‍ എങ്ങിനെ വന്നു എന്നലോചിച്ചിട്ടുണ്ടോ?പിരമിഡുകള്‍ പണിയുന്ന കാലത്ത് വലിയ കല്ലുകള്‍ ഉരുട്ടികയറ്റാന്‍ റാംപുകള്‍ ഉണ്ടാക്കാനുള്ള തടി വെട്ടിയെടുക്കാന്‍ പാകത്തിന് ധാരാളം വനവും ആയിരകണക്കിന് വരുന്ന പണിക്കര്‍ക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള ആവശ്യമായ കൃഷിസ്ഥലവും ചുറ്റും ഉണ്ടായിരുന്നു. അമിത ചൂഷണം നിമിത്തം അത് നശിച്ചപ്പോള്‍ പിരമിഡ്‌ നിര്‍മാണവും നിന്നു.പിരമിഡ്‌ മരുഭൂമിയില്‍ നിര്‍മ്മിച്ചതല്ല.നല്ല ഭൂമിയില്‍ പിരമിഡുകള്‍ നിര്‍മ്മിച്ചതിന്റെ ഫലമായി ചുറ്റും മരുഭൂമിയായതാണ്.ജോര്‍ദാനിലെ പെട്രയും കംബോഡിയയിലെ അങ്കോര്‍ വാട്ടും മറ്റും ഉപേക്ഷിക്കപ്പെട്ടതും ആ കൂറ്റന്‍ നിര്‍മ്മിതികള്‍ ഉണ്ടാക്കിയ പരിസ്ഥിതി അത്യാഹിതം(eco-disaster) മൂലമായിരുന്നു.സിന്ധുനദീതട സംസ്കാരം അസ്തമിച്ചതിനു പുറകിലും ഇതുപോലുള്ള അന്തം വിട്ട പ്രകൃതി ചൂഷണത്തിന്റെ സൂചനകളുണ്ട്.ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിദ്യ ആധുനിക മനുഷ്യന്റെ (വെളുത്ത യൂറോപ്യന്‍മാരുടെ) കുത്തകയൊന്നുമായിരുന്നില്ല എന്നര്‍ത്ഥം.History of mankind is a relentless process of adaptations to the world that always generate new problems (in the form of disease, famine, climate change, migration enviormental destruction etc.) that call for further adaptations and tinkering.

So in reality all human societies,from hunter gathers and stone age farmers have been undermining their own subsistence by exterminating species and damaging environments for thousands of years.So it's not news.The only difference is modern man does it with far more intensity. അതായത് വെറും ചൂഷണം മാത്രമല്ല പ്രശ്നം,മറിച്ച് ആധുനിക മനുഷ്യന്‍ പ്രകൃതിയുടെ പുനരുല്പാദന ശേഷിയെ കവച്ചുവയ്ക്കുന്ന തരത്തിലുള്ള ചൂഷണമാണ് ചെയ്യുന്നത്.നമ്മുടെ പൂര്‍വികര്‍ തീര്‍ച്ചയായും വിഡ്ഢികളൊന്നു മായിരുന്നില്ല.അതേസമയം അവരൊന്നും അസാമാന്യമായ ദീര്‍ഘവീക്ഷണ മുള്ളവരും ആയിരുന്നില്ല.ഇപ്പോഴത്തെ ആളുകളേപ്പോലെ തന്നെ.എല്ലാവരും നല്ലതെന്നും ബുദ്ധിപൂര്‍വം എന്നും അവരവര്‍ കരുതുന്ന കാര്യങ്ങള്‍ തന്നെയേ ചെയ്തിട്ടുള്ളൂ.പലതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അബദ്ധമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്.(with perfect 20-20 hind sight.) ഇത് മനസ്സിലാക്കാനും നമുക്ക് ഒരു ആദിവാസിയുടെ വാക്കുകള്‍ വളച്ചൊടിച്ചുണ്ടാക്കിയ ഒരു കള്ളക്കഥയുടെ പിന്‍ബലം ആവശ്യമുണ്ടോ?'രേഖയുള്ള'(card carrying) പരിസ്ഥിതിവാദിയാകാന്‍ മൂപ്പന്റെ ദീര്‍ഘവീക്ഷണം എന്ന ഈ നുണ അണ്ണാക്കുതൊടാതെ വിഴുങ്ങണമെന്നത് നിര്‍ബന്ധമാണോ?Should we be satisfied with propaganda that are simplistic,childish narratives and cliches that ignite our pseudo-religious feelings of euphoria? നമുക്ക് സ്വയം വെറുക്കാതെ,നിന്ദിക്കാതെ അല്പം കൂടി അച്ചടക്കത്തോടെ പ്രകൃതിയെ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നുണ്ടോ?

അവസാനവാക്ക് ഈ പ്രസംഗത്തിന്റെ യഥാര്‍ത്ഥ കര്‍ത്താവായ ടെഡ്‌ പെറിയുടേതാകട്ടെ.....

“Why are we so willing to accept a text like this if it’s attributed to a Native American? It’s another case of placing Native Americans up on a pedestal and not taking responsibility for our own actions.”
--------------------------------------------------------------------------------------------------------------------------

''when the people (by “the people” I mean the broad population in a democracy) have lost the ability to set their own agendas, or even to knowledgeably question those who do set the agendas; when there is no practice in questioning those in authority;........ our critical faculties in steep decline, unable to distinguish between what’s true and what feels good, we slide, almost without noticing, into superstition and darkness.That worries me.''CARL SAGAN

(ഒരു അനുബന്ധം:എനിക്ക് ഇത്രയും കാലത്തെ വായനയില്‍നിന്നു മനസ്സിലായ ഒരു സാമാന്യ നിയമന്മുണ്ട്,ഒരു rule of thumb.വിശ്വസനീയമായ അറിവ് എങ്ങിനെ കണ്ടെത്തും എന്നതിനെക്കുറിച്ച് ഞാന്‍ പണ്ട് എഴുതിയ രണ്ടു നെടുങ്കന്‍ പോസ്റ്റുകളുടെ എസ്സന്‍സ് ഈ ഒരൊറ്റ വരിയില്‍ ഒതുക്കാം.''If something appears too good to be true,it probably is..!!..''ബുദ്ധന് ബോധോദയം പോലെ എനിക്ക് കിട്ടിയ ഒരു വെളിപാടായിരുന്നു ഈ നിയമം.'വാനമ്പാടിയുടെ ഏകാന്തവിലാപവും രാത്രികാലത്ത് കുളക്കരയിലെ തവളകളുടെ കരച്ചിലും'സ്വപ്നം കാണുന്ന, ഒരു കെട്ടുകഥയിലെ ആദിമവാസിയുടെ വാക്കുകളേക്കാള്‍ നമുക്ക് ഉപകരിക്കുക,ഒരുപക്ഷേ ഇതായിരിക്കും.നമ്മുടെ കുട്ടികള്‍ കാള്‍ സാഗന്‍ പറയുന്നപോലെ സത്യവും കേള്‍ക്കാന്‍ സുഖമുള്ള കാര്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത സ്വപ്നജീവികളായി വളരണോ?എനിക്ക് മനസ്സിലായ ഈ നിയമം ഞാന്‍ ആദ്യം പരീക്ഷിച്ചു നോക്കുന്നത് സിയാറ്റില്‍ മൂപ്പന്റെ കാര്യത്തിലാണ്.കാരണം ഈ കഥ അതിശയോക്തിയാണെന്ന് എനിക്ക് പണ്ടേ തോന്നിയിരുന്നു.അല്ലാതെ മൂപ്പന്റെ പ്രസംഗം ഒരു തട്ടിപ്പാണ് എന്ന് ഒരാളും പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല.എവിടെയും വായിച്ചിരുന്നുമില്ല.മൂപ്പന്റെ പ്രസംഗം...it's just too good to be true.അങ്ങനെയൊരു പഠനത്തിന്റെ ഫലമാണ്‌ ഈ പോസ്റ്റ്‌.)

കൂടുതല്‍ വായനക്ക്....

- ANSWERING CHIEF SEATTLE by Albert Furtwangler (കഴിഞ്ഞ പോസ്റ്റിലെ ടെഡ്ഢി കരടിയുടെ പരിണാമം പോലെ സീയാറ്റില്‍ മൂപ്പന്റെ പ്രസംഗത്തിന്റെ പരിണാമവും രസകരമാണ്.ടെഡ് പെറിയുടെ വേര്‍ഷനില്‍ പുറകെ വന്ന പരിസ്ഥിതി സ്വപ്നജീവികള്‍ അവരുടെ വക കൂടുതല്‍ അസംബന്ധങ്ങള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.താല്പര്യമുള്ളവര്‍ക്ക് ഈ പുസ്തകം വായിക്കാം.)

ലിങ്കുകള്‍ ‍....

-മൂപ്പന്റെ പ്രസംഗത്തിന്റെ ഹെന്റി സ്മിത്ത്‌ വേര്‍ഷന്‍.

-ടെഡ്‌ പെറിയുടെ സൃഷ്ടിയുടെ ഒരു മലയാള വിവര്‍ത്തനം.

'തങ്ങള്‍ക്ക് കീഴടങ്ങി, ഭൂമി കൈമാറണം എന്ന് വെള്ളക്കാരുടെ ഗവര്‍ണര്‍ ഐസക് സ്റ്റീവന്‍സ് പറഞ്ഞപ്പോള്‍ '‍....... എന്നാണ് വിവര്‍ത്തകന്‍ ആമുഖമായി 'കൈയ്യില്‍നിന്ന് ചേര്‍ത്തിരിക്കുന്നത്', പ്രതിഫലമൊന്നും നല്‍കാതെ ബലമായാണ് ഭൂമി പിടിച്ചെടുത്തത് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി.വെള്ളക്കാരന്റെ നികൃഷ്ടത എല്ലാവര്‍ക്കും ബോധ്യമാവട്ടെ.(ഓ.ടി:മാതൃഭൂമി ബുക്സിന്റെ സൈറ്റാണ് ഇത്.അപ്പോള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകത്തില്‍നിന്നായിരിക്കും ഇത് എന്ന് കരുതുന്നു.എന്റെ കഴിഞ്ഞ പോസ്റ്റ് മാതൃഭൂമി ബ്ലോഗനയില്‍ പബ്ലിഷ് ചെയ്തപോലെ ഈ പോസ്റ്റും അവര്‍ ബ്ലോഗനയില്‍ അച്ചടിക്കുമോ?:-))

-1992 ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ ഈ മിത്തിനേക്കുറിച്ച്  വന്ന ലേഖനം.

-ഹ്യൂമണ്‍ ഇക്കോളജി റിവ്യൂവില്‍ വന്ന ഒരു ലേഖനം.

-The Skeptical Inquirer (March/April-1999)ല്‍ വന്ന ലേഖനം.

-1994 മെയ്‌ മാസത്തില്‍ റീഡേഴ്സ് ഡൈജസ്റ്റ്‌ മാസികയില്‍ വന്ന ലേഖനം.

---

19 അഭിപ്രായങ്ങൾ:

vrajesh പറഞ്ഞു...

മൂപ്പന്റെ പ്രസംഗം ഒരു വലിയ നുണയാണെന്ന് മുമ്പേ തോന്നിയിട്ടുണ്ട്.പക്ഷെ,അത് ഒരാള്‍ എഴുതുന്നത് ആദ്യമായി കാണുകയാണ്.
ചില നുണകള്‍ വിശ്വസിക്കുന്നത് ഒരു രസമാണ്,അച്യുതാനന്ദന്‍ ആദര്‍ശത്തിന്റെ ആള്‍‌രൂപമാണെന്നൊക്കെ നാം കരുതുന്നതു പോലെ..

അരുണ്‍/arun പറഞ്ഞു...

:(

പാരസിറ്റമോള്‍ പറഞ്ഞു...

bright
പതിവ് പോലെ വിജ്ഞാനപ്രദമായ ലേഖനം.. പുതിയ അറിവുകള്‍ക്ക് നന്ദി.

മൌഗ്ലി പറഞ്ഞു...

ബുദ്ധന്റെ പരാമര്‍ശം ഇഷ്ടമായി :)

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

വായിച്ചു!

പാമരന്‍ പറഞ്ഞു...

thnx!

യാത്രികന്‍ പറഞ്ഞു...

ഇത് ഞാന്‍ ആദ്യമായി ആണ് വായിക്കുന്നത്. താങ്ക്സ് for the information.

ഇനി എന്റെ വക "


നഷ്ടപ്പെട്ടുപോയ പറുദീസയെക്കുറിച്ചുള്ള സങ്കടം." എന്റെ ചെറുപ്പ കാലത്ത് ഈ ലോകം എത്ര നല്ലതായിരുന്നു. എനിക്ക് ഏതു ഭക്ഷണവും ഒരു കുഴപ്പവും ഇല്ലാതെ കഴിക്കാമായിരുന്നു. കാശിനൊന്നും ഒരു പഞ്ഞവും ഇല്ലായിരുന്നു (എല്ലാം അപ്പന്‍ തരുന്നതല്ലേ?). ചുറ്റും എത്ര എത്ര സുന്ദരികള്‍ ആണ് ഉണ്ടായിരുന്നത് (class ല്‍ പഠിക്കുന്ന കുട്ടികള്‍ ആണേ). ഈ വയസ്സാം കാലത്ത് ജീവിതം ആകെ പൂപ്പല്‍ പിടിച്ചു. കഴിഞ്ഞു പോയ ആ നല്ല കാലം ഇനി എന്നെങ്കിലും തിരികെ വരുമോ?

SONY.M.M. പറഞ്ഞു...

:)നന്ദി ഈ അന്വഷനതിനും പങ്കുവയ്ക്കലിനും

sanchari പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
bright പറഞ്ഞു...

@ shameless moron sanchari,

I have already told you once,not to use my blog for pasting your irrelevant links.

ranji പറഞ്ഞു...

ഹ്മം..ചെറുതായി ഞെട്ടി. സത്യം പറഞ്ഞാല്‍ അങ്ങനെ ഒന്നുണ്ടാവുമോ എന്ന് ഗൌരവമായി ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഇനിയും അങ്ങനെയൊന്നു ഉണ്ടായിരുന്നില്ല എന്ന് ഗൌരവമായി ചിന്തിക്കാനും ഇഷ്ടമില്ല. :)

നന്ദന പറഞ്ഞു...

പുതിയ അറിവുകൾക്ക് നന്ദി, ബ്രൈറ്റ് ഞാൻ ചോദിക്കാ‍ൻ പോകുന്നത് വിഷയത്തിൽ നിന്നും പുറത്ത് പോകുമോയെന്ന് ഭയപ്പെടുന്നു എന്നാലും ചോദിക്കട്ടെ! എല്ലാ മതങ്ങളും നഷ്ട സ്വർഗ്ഗത്തെക്കുറിച്ച് വിലപിക്കുകയും ഇന്നത്തെ ജീവിതത്തെ അറിയാതെ പഴിക്കുകയും ചെയ്യുന്നു, അതിൽനിന്നും വലിയ വ്യത്യാസം കമ്മ്യൂണിസം പോലുള്ള പുതിയ പ്രത്യയ ശാസ്ത്രങ്ങൾക്കും താങ്കൾ കൽ‌പ്പിക്കുന്നില്ല. ഇതിൽ നിന്നും താങ്കൾ പറഞ്ഞ് വരുത് ഇന്നത്തെ മനുഷ്യന്റെ ജീവിതം ഇതൊന്നുമായും പൊരുത്തപ്പെടില്ലയെന്നാണോ?. ഇതൊന്നും മനുഷ്യ നന്മക്കല്ലയെന്നാണോ?

bright പറഞ്ഞു...

നന്ദന ചോദിച്ച രണ്ടു ചോദ്യങ്ങളും,(ഇന്നത്തെ മനുഷ്യന്റെ ജീവിതം ഇതൊന്നുമായും പൊരുത്തപ്പെടില്ലയെന്നാണോ?. ഇതൊന്നും മനുഷ്യ നന്മക്കല്ലയെന്നാണോ?) actually these questions itself are framed in a misleading way,എങ്കിലും എന്റെ പ്രതികരണം ...may be,maybe not, but why should it matter?എന്നായിരിക്കും.അതായത് ഉത്തരം എന്തായാലും മനുഷ്യനന്മയുടെ പ്രശ്നത്തില്‍ അതിനു വലിയ പ്രസക്തിയില്ല എന്നാണ് എനിക്ക് തോന്നുന്നത്.


ഇവിടെ പ്രശ്നം വളരെ വ്യാപകമായി കാണുന്ന ഒരു തെറ്റിദ്ധാരണയാണ്. 'ഒരു കാര്യം ഇപ്രകാരമാണ്' എന്ന പ്രസ്താവന 'ഒരു കാര്യം ഇപ്രകാരമായിരിക്കണം' എന്ന് മനസ്സിലാക്കുന്നതാണ് പ്രശ്നം.ഫിലോസോഫിയില്‍ 'Is–ought problem' എന്നു പറയും.According to David Hume,(philosopher) there is a difference between descriptive statements (about what
is) and prescriptive statements (about what ought to be), and you cannot assume 'ought to' from 'is' statements. (സംഭവം ഫിലോസോഫിയില്‍ കാലങ്ങളായി ചര്‍ച്ച
ചെയ്യപ്പെടുന്നതാണ്.Google it if you want to know more.) എന്റെ പല മുന്‍പോസ്റ്റുകളിലും അസഹ്യത പ്രകടിപ്പിച്ചവര്‍ക്കും ഈ വ്യത്യാസം പിടികിട്ടിയിട്ടില്ല.


So for the record,എന്റെ എല്ലാ
പോസ്റ്റുകളും കാര്യങ്ങള്‍ എപ്രകാരമാണ് എന്നതിനെക്കുറിച്ചാണ്.അല്ലാതെ എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചല്ല.

Faizal Kondotty പറഞ്ഞു...

Thanks for this post..!

Thommy പറഞ്ഞു...

Gods Must Be Crazy

നന്ദന പറഞ്ഞു...

നന്ദി ബ്രൈറ്റ്

'ഒരു കാര്യം ഇപ്രകാരമാണ്' എന്ന പ്രസ്താവന 'ഒരു കാര്യം ഇപ്രകാരമായിരിക്കണം' എന്ന് മനസ്സിലാക്കുന്നതായിരിക്കും എന്റേയും പ്രശ്നം

"മനുഷ്യനന്മയുടെ പ്രശ്നത്തില്‍ അതിനു വലിയ പ്രസക്തിയില്ല" ഈ പ്രസ്ഥാവനയോടേ എന്റെ എല്ലാ സംശയങ്ങളും തീർന്നു.

bright പറഞ്ഞു...

Guess I didn't make my point clear.I will try once more...


''How many legs does a dog have if you call the tail a leg? Four. Calling a tail a leg doesn't make it a leg.''Abraham Lincoln


May be a tail 'ought' to be called a leg.You may have plenty of valid reasons for such a naming.Maybe it will make the life of dogs a lot better.But that still doesn't make a tail a leg.You can imagine an ideology/religion 'ought' to be good/bad,but that needn't necessarily mean it 'is' good/bad.


My moral compass is working all right without any help from them.I don't need to go back and refer every now and then to religion/ideology to know what is good for me or people out there.If it agrees with religion/ideology,..well and good.If not,I am least bit bothered.Actually,'good' or 'bad' doesn't fit into anyone single category.


Haven't you heard,''What's in a name? that which we call a rose by any other name would smell as sweet.'':-)

salil പറഞ്ഞു...

ഇതിൽ ഞെട്ടാനൊന്നുമില്ല.
സക്കറിയ രണ്ടു പ്രസംഗരൂപങ്ങളും ഇക്കാര്യം വിശദമാക്കിത്തന്നെ വിവർത്തനം ചെയ്ത് മലയാളത്തിൽ മുന്നേ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യാഥാർത്ഥ്യ അയഥാർത്ഥ്യ ചിന്തകൾക്കുപരി ആ വാക്കുകൾ വായിക്കുന്ന ഇന്നത്തെ ഒരാൾക്ക് പരിസ്ഥിതിയുടെ കാര്യത്തിൽ എന്തെങ്കിലും ഒരു നനവ് തോന്നുമോ എന്നതു മാത്രമാണ് ഇന്നു പ്രധാനം. അതു തോന്നും എന്നാണ് വായിച്ചവരുടെ അനുഭവം.
ഇത്തരം പോസ്റ്റുമോർട്ടങ്ങൾ അധരവ്യയാമത്തിന്റെ വേറൊരു രൂപം എന്നതിൽ കവിഞ്ഞ് യാതൊരു പ്രാധാന്യവുമില്ലാത്തതാണ്.
ഇനി സിയാറ്റിൽ മൂപ്പൻ എന്നൊരാൾ ഇല്ലെങ്കിൽ തന്നെ എന്താണ്?
മുത്തച്ഛന്റെ മുത്തച്ഛൻ എല്ലാവർക്കും ഒരു മിത്താണ്. അതിലപ്പുറമൊന്നും ഇതിലുണ്ടെന്നു തോന്നുന്നില്ല.

jeevanism പറഞ്ഞു...

ഈ പ്രസംഗം കെട്ടി ചമച്ചതാനെങ്കിലും അതിന്റെ ഉള്ളടക്കം വളരെ കാലിക പ്രസക്തം ആണു.. ഒരു സംശയം. ഈ സിയാറ്റില്‍ മൂപ്പന്‍ തന്നെ ആണോ സിറ്റിംഗ് ബുല്‍ (sitting bull) ?

LinkWithin

Related Posts with Thumbnails