2012, ജനുവരി 5, വ്യാഴാഴ്‌ച

തെസ്യൂസിന്റെ കപ്പല്‍


തെസ്യൂസിന്റെ കപ്പലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?ഏതന്‍സിന്റെ സ്ഥാപക രാജാവായിരുന്ന പ്രതാപിയായ തെസ്യൂസിന്റെ കപ്പല്‍ (ഓ:ടി:ഹോളിവുഡ് ചിത്രമായ Immortals തെസ്യൂസിന്റെ സാഹസികതകളുടെ കഥയാണ്.) അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം കേടുപറ്റുന്ന പലകകള്‍ അപ്പപ്പോള്‍ മാറ്റി സ്ഥാപിച്ച് റിപ്പയര്‍ ചെയ്ത് ഏതെന്‍സുകാര്‍ നൂറ്റാണ്ടുകളോളം സഞ്ചാരയോഗ്യമായ വിധത്തില്‍ സൂക്ഷിച്ചിരുന്നതായി ചരിത്രകാരനായ പ്ലൂട്ടാര്‍ക്ക് എഴുതുന്നു.

''The ship wherein Theseus and the youth of Athens returned [from Crete] had thirty oars, and was preserved by the Athenians down even to the time of Demetrius Phalereus, for they  took away the old planks as they decayed, putting in new and stronger timber in their place, insomuch that this ship became a standing example among the philosophers, for the logical  question of things that grow; one side holding that the ship remained the same, and the other contending that it was not the same."(Plutarch- Life of Theseus)

അപ്പോള്‍ ചോദ്യം .....ഒറിജിനല്‍ കപ്പലിന്റെ എല്ലാ പലകകളും ഓരോന്നായി മാറ്റി പുതിയതാക്കിയാല്‍ പിന്നെ അതിനെ തെസ്യൂസിന്റെ കപ്പല്‍ എന്ന് വിളിക്കാമോ?തെസ്യൂസിന്റെ കപ്പലിന്റെ ഒന്നും അതില്‍ ശേഷിക്കുന്നില്ലെങ്കില്‍ പിന്നെ അതെങ്ങിനെ തെസ്യൂസിന്റെ കപ്പലാകും?ഇനി ഒറിജിനല്‍ കപ്പലിലെ ഉപേക്ഷിക്കപ്പെട്ട ഭാഗങ്ങള്‍ ഉപയോഗിച്ച് ഒരാശാരി മറ്റൊരു കപ്പല്‍ ഉണ്ടാക്കി എന്നു  കരുതുക.ഏതാണ് ശരിക്കുള്ള തെസ്യൂസിന്റെ കപ്പല്‍ ?‍ആദ്യത്തേതോ അതോ രണ്ടാമത്തേതോ?

ഇതാണ് Theseus paradox എന്നറിയപ്പെടുന്നത്.തത്ത്വചിന്തകര്‍ കാലങ്ങളായി തല പുകക്കുന്ന ഒരു സമസ്യ.ഹെരാക്ലിറ്റസ്‌ ഒരു നദിയില്‍ ഒരാള്‍ക്ക് രണ്ടു തവണ ഇറങ്ങാനാവില്ല എന്ന പ്രസിദ്ധമായ   പ്രഖ്യാപനത്തിലൂടെയാണ് ഈ സമസ്യയെ നേരിട്ടത്.ഓരോ നിമിഷവും നദിയുടെ ഐഡന്‍റിറ്റി മാറിക്കൊണ്ടിരിക്കുകയാണ്.''No man ever steps into the same river twice,for it's not the same river and he's not the same man.''(Heraclitus)

ജോണ്‍ ലോകെയുടെ (17th-century English philosopher) Locke’s Socks ഇതിന് സമാനമാണ്. ലോക്കെയുടെ സോക്സിന് ഒരു തുളയുണ്ട്.ആ തുള ഒരു കഷ്ണം തുണിയുപയോഗിച്ച് അടച്ചാലും അത്  അതെ സാധനം തന്നെയാണ്,ലോക്കെയുടെ സോക്സ്.ഇനി രണ്ടാമതോ മൂന്നാമതോ ഉണ്ടാകുന്ന തുളകള്‍ അടച്ചാലും അത് 'ലോകെയുടെ സോക്സ്' തന്നെയാണ്.അല്ലെ?ഇനി വര്‍ഷങ്ങള്‍ക്കു ശേഷം  അനേകം റിപ്പയറുകള്‍ക്ക് ശേഷം ഒറിജിനല്‍ സോക്സിന്റെ ഒരു ഭാഗവും അവശേക്കുന്നില്ലെങ്കിലും അത് 'ലോകെയുടെ സോക്സ്' തന്നെയന്നോ?മമ്മദ് കാക്കാന്റെ കണ്ടം ബച്ച കോട്ട് തയ്യല്‍ക്കാരന്‍  തയ്ച്ചു ചേര്‍ത്ത കണ്ടങ്ങള്‍ കൊണ്ടു നിറഞ്ഞ് അവസാനം ഒറിജിനല്‍ കോട്ടിന്റെ ഒന്നും അവശേഷിക്കാതായാലും ആ കോട്ടിന്റെ identity മമ്മദ് കാക്കാന്റെ കോട്ട് എന്നുതന്നെയാണോ?

ഈ സമസ്യകളുടേയൊക്കെ പുറകില്‍ വസ്തുക്കള്‍ക്ക് ഐഡന്റിറ്റി നിശ്ചയിക്കുന്നത് അതിന്റെ 'എസ്സെന്‍സ്' ആണ് എന്ന സങ്കല്‍പ്പമാണ്.(കഴിഞ്ഞ രണ്ടു പോസ്റ്റുകളില്‍ നാം ചര്‍ച്ച ചെയ്തത്  തന്നെ.(വായിക്കാത്തവര്‍ക്കും ഓര്‍മ്മ പുതുക്കേണ്ടവര്‍ക്കും ലിങ്ക്......(1) അനുകരണ മാന്ത്രികവിദ്യ (Imitative magic), (2) മനോമാലിന്യം (psychological contagion) ബാഹ്യമായ എന്തൊക്കെ മാറ്റങ്ങളുണ്ടെങ്കിലും സാധാരണ ഗതിയില്‍ തെസ്യൂസിന്റെ കപ്പലില്‍ /ലോക്കെയുടെ സോക്സില്‍ മാറാത്ത എന്തോ ഉണ്ട്.'എന്റെ'ശരീരത്തിന് ഒരു ആത്മാവുള്ളതുപോലെ,എന്നാല്‍ 'ഞാന്‍' ആ ശരീരം അല്ലാത്തതുപോലെ(പത്തു വയസുള്ള ഞാനും വൃദ്ധനായ ഞാനും ബാഹ്യമായ യാതൊരു സാമ്യവുമില്ലെങ്കിലും  ഒരാള്‍ തന്നെയാണല്ലോ.) കപ്പലിനും മാറ്റമില്ലാത്ത ഒരു ഐഡന്റിറ്റി ഉണ്ട്.

തെസ്യൂസിന്റെ കപ്പലിന്റെ ബഹ്യരൂപമല്ല ശരിക്കും തെസ്യൂസിന്റെ കപ്പല്‍ .നിരന്തരമായ ചെറിയ മാറ്റങ്ങളുടെ  ആകെത്തുകയല്ലാതെ ഒറ്റയടിക്ക് വലിയൊരു മാറ്റം വരുത്തിയാല്‍ പക്ഷേ ഈ ഐഡന്റിറ്റി ക്രൈസിസ്സ്  ഉണ്ടാവുകയുമില്ല.അത് തീര്‍ച്ചയായും പുതിയൊരു ഐഡന്റിറ്റി ഉള്ള വസ്തുവായാണ് കണക്കാക്കുക എന്നത് വിചിത്രമല്ലേ?കൂടുതല്‍ ആലോചിക്കാന്‍ പോയാല്‍ ഈ പാരഡോക്സ് വെളിവാകുകയും ചെയ്യും.(ഒരു പണിയുമില്ലാത്ത തത്വചിന്തകരാണ് ഇതൊക്കെ ആലോചിച്ചു കൂട്ടുന്നത്.:-))

മാറ്റങ്ങള്‍ സംഭവിക്കുന്നത് സാവധാനത്തിലാണ് എന്നതുകൊണ്ടുമാത്രം പഴയതിന്റെ തുടര്‍ച്ചയായി മാറ്റമില്ലാതെ തുടരുന്നതായി നമ്മള്‍ കണക്കാക്കുന്ന ധാരാളം കാര്യങ്ങളുണ്ട്.ഉദാഹരണം:...... വളരെ പ്രശസ്തമായ കോളേജുകള്‍ യൂണിവേഴ്സിറ്റികള്‍ മുതലായവ.അവയുടെ സ്ഥാപകരോ അവ പ്രവര്‍ത്തിച്ച കെട്ടിടങ്ങള്‍ പോലുമോ ഇപ്പോള്‍ നിലവിലില്ലെങ്കിലും നാം നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കലാലയം എന്നൊക്കെ പറയാറില്ലെ?ഐസക് ന്യൂട്ടന്റെ കേംബ്രിഡ്ജും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ കേംബ്രിഡ്ജും ഒന്നാണോ?അതുപോലെ ഗാന്ധിജിയുടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌,ഏകെജിയുടേയും, കൃഷ്ണപിള്ളയുടെയും കമ്യൂണിസ്റ്റു പാര്‍ട്ടി ഇതൊക്കെ ഇപ്പോഴുമുണ്ട്. ഏതര്‍ത്ഥത്തിലാണ് ഇവയെല്ലാം മാറ്റമില്ലാത്ത സ്ഥാപനങ്ങളായി  നില നില്‍ക്കുന്നതെന്ന് ആര്‍ക്കും അറിയുകയുമില്ല.പശു ചത്തു കഴിഞ്ഞാല്‍പോലും മോരിന്റെ പുളി പോകില്ല എന്നര്‍ത്ഥം.

ഒരു പരീക്ഷണമുണ്ട്.കുറെ കുട്ടികളെയും മുതിന്നവരെയും സാമിന്റെ 'ക്വിഗ്ഗിള്‍ '('quiggle' is a nonsense object created for the purpose of the study) എന്നൊരു വിചിത്ര വസ്തുവിന്റെ ചിത്രം കാണിക്കുന്നു. സാം അല്പകാലം നാടുവിട്ടു പോകുന്നു.ആ സമയത്ത് ഈ വസ്തുവിന് സാവധാനം ചില മാറ്റങ്ങള്‍ സംഭവിക്കുന്നു.ഓരോ ആഴ്ചയിലും വരുന്ന മാറ്റങ്ങള്‍ കാണിക്കുന്ന ചിത്രങ്ങള്‍ ഇവരെ  കാണിക്കുന്നു.അവസാനം രണ്ടു ചിത്രങ്ങള്‍ കാണിക്കും.ഒന്ന് സവധാനം മാറ്റം സംഭവിച്ച,ഒറിജിനല്‍ ക്വിഗ്ഗിളുമായി ഒരു സാമ്യവുമില്ലാത്ത ഒരു പുതിയ ക്വിഗ്ഗിള്‍ .രണ്ടാമത്തെ ചിത്രം ഒറിജിനല്‍ ക്വിഗ്ഗിളില്‍നിന്നു മാറ്റിയഭാഗങ്ങള്‍ ചേര്‍ത്തുവച്ചു നിര്‍മ്മിച്ച,ഒറിജിനല്‍ ക്വിഗ്ഗിള്‍ പോലെത്തന്നെ തോന്നുന്ന ഒന്നും.ചോദ്യം ഇതാണ്.സാം തിരിച്ചുവരുമ്പോള്‍ ഏതാണ് സാമിന്റെ ക്വിഗ്ഗിള്‍ ‍?ഭൂരിഭാഗം  കുട്ടികളും മുതിര്‍ന്നവരും സവധാനം മാറ്റം വന്ന,എന്നാല്‍ ഒറിജിനലുമായി ഒരു സാമ്യവുമില്ലാത്ത വസ്തുവാണ് സാമിന്റെത് എന്നാണ് അഭിപ്രയപ്പെട്ടത്‌.. കാഴ്ചയില്‍ സാമ്യമുണ്ടെങ്കിലും രണ്ടാമത്തേത് സാമിന്റെ  ക്വിഗ്ഗിളല്ല എന്നാണ് കൂടുതല്‍ പേരും അഭിപ്രയപ്പെട്ടത്‌..

ഒരു ജീവിയെ സങ്കല്‍പ്പിക്കുക.ക്വിഗ്ഗിളിനെ സാവധാനം മാറ്റുന്നപോലെ വളരെ ചെറിയ മാറ്റങ്ങള്‍ ഈ ജീവിയുടെ ഓരോ തലമുറക്കും സംഭവിക്കുന്നതായി സങ്കല്‍പ്പിക്കുക.ഒരു ലക്ഷം തലമുറക്ക്‌ ശേഷം ആ ജീവിയുടെ ഐഡന്റിറ്റി അതു തന്നെയാണോ?ഞാന്‍ പറഞ്ഞു വരുന്ന പോയിന്റ്‌ പിടി കിട്ടിയോ?പരിണാമ സിദ്ധാന്തം മനസ്സിലാക്കാനുള്ള പ്രയാസം നമ്മുടെ ഈ എസ്സെന്‍സ്  ചിന്താരീതിയാണ്.തെസ്യൂസിന്റെ കപ്പല്‍ ബാഹ്യമായ എന്തൊക്കെ മാറ്റം വന്നാലും അതേ കപ്പലായി നിലനില്‍ക്കുന്ന പോലെ കാലം എത്ര കഴിഞ്ഞാലും നമ്മുടെ പൂര്‍വികന്‍ നമ്മെപോലുള്ള ഒരു ജീവി തന്നെയായിരിക്കും,മറ്റൊരു വ്യതസ്ത ജീവിയാവില്ല എന്ന വിശ്വാസം.എസ്സെന്‍സ് ഒരിക്കലും മാറില്ല എന്ന വിശ്വാസം.

ഒരു സ്പീഷീസ്‌ കാലക്രമേണ മാറി മറ്റൊരു സ്പീഷീസ് ആവും എന്ന് വിശ്വസിക്കാനാവില്ല എന്ന് സൃഷ്ടിവാദികള്‍ .പ്രശ്നം സ്പീഷീസ്‌ എന്നാല്‍ എന്ത് എന്ന് നാം മനസ്സിലാക്കുന്നതിലാണ്. മുകളിലെ  'ക്വിഗ്ഗിള്‍ 'പരീക്ഷണത്തില്‍ ആദ്യത്തെ ക്വിഗ്ഗിളല്ല സാമിന്റേത് എന്നു പറയുന്നവര്‍ക്കു പോലും ഇതു ഘട്ടത്തിലാണ് ആ മാറ്റം സംഭവിച്ചത് എന്ന് പറയാനാവില്ല.സാമിന്റെ ക്വിഗ്ഗിള്‍ മാറ്റത്തിന്റെ ഏതു  ഘട്ടത്തിലാണ് സാമിന്റേതല്ലാത്തകുന്നത് എന്നത് വ്യക്തമല്ലാത്തപോലെ ഒരു സ്പീഷീസ്‌ എപ്പോഴണ് മറ്റൊരു സ്പീഷീസ് ആകുന്നത്‌ എന്നത്  വ്യക്തമാവില്ല.നമ്മള്‍ സ്പീഷീസ് എന്ന്  മനസ്സിലാക്കുന്നത്‌ മാറ്റമില്ലാതെ നിലനില്‍ക്കുന്ന ജീവരൂപങ്ങള്‍ എന്നാണ്.എന്നാല്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോള്‍ സ്പീഷീസിന്റെ നിര്‍വ്വവചനം കൃത്യമായ അതിരുകളില്ലാത്തതാണ് (species  boundaries are actually very vague) എന്ന് പിടികിട്ടാത്തതാണ് പലരും സ്പീഷീസ് എന്ന വാക്കില്‍ തൂങ്ങി കസര്‍ത്തു നടത്തുന്നതിന്റെ ശരിയായ കാരണം.പുറമെ മാറ്റം കാണാതെതന്നെ ജീവികളില്‍ നിരന്തരമായ മാറ്റങ്ങള്‍ നടക്കുന്നുണ്ടന്നും ഈ മാറ്റങ്ങള്‍ കാലാന്തരത്തില്‍ പ്രകടമായ വ്യതിയാനങ്ങളുള്ള ജീവിവര്‍ഗങ്ങളുടെ രൂപീകരണത്തിലേക്കു നയിക്കും എന്ന ഡാര്‍വിന്റെ തത്വം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് നമ്മുടെ ചിന്താരീതിയുടെ പരിമിതിയാണ് കാണിക്കുന്നത്.അല്ലാതെ ഡാര്‍വിന്‍ തെറ്റാണ് എന്നല്ല.

ശാസ്ത്ര തത്വങ്ങള്‍ക്കും തെസ്യൂസിന്റെ കപ്പല്‍ ബാധകമാണ്.1859ലെ പരിണാമാസിദ്ധാന്തവും രണ്ടായിരത്തി പന്ത്രണ്ടിലെ പരിണാമസിദ്ധാന്തവും ഒന്നാണെന്ന് ഇപ്പോഴും അത്മാര്‍ത്ഥമായി വിശ്വസിക്കുന്ന, അതങ്ങിനെയല്ല എന്ന് എത്ര പറഞ്ഞാലും മനസ്സിലാകാത്ത കൂട്ടരാണ് നമ്മുടെ സൃഷ്ടിവാദികള്‍ .(ഡാര്‍വിന്‍ ഇപ്പോള്‍ പുനര്‍ജ്ജനിച്ചുവന്നാല്‍ തന്റെ പേരിലുള്ള തിയറിയുടെ എത്രഭാഗം,'ഇത് ഞാന്‍ പണ്ട് പറഞ്ഞതാണല്ലോ 'എന്ന് മനസ്സിലാകും?ഒരു അഞ്ഞൂറു വര്‍ഷത്തിനു ശേഷം വന്നാല്‍ ?അപ്പോഴും തിയറിയുടെ പേര് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്ന് തന്നെയായിരിക്കും.)

ആളുകള്‍ ക്ലോണിങ്ങിനെയും ജനിതകമാറ്റം വരുത്തിയ വിളകളെയും എതിര്‍ക്കുന്നതും ഇതേ തെറ്റിദ്ധാരണയുടെ പേരിലാണ്.രണ്ടായിരത്തോളം വഴുതിനങ്ങ വര്‍ഗ്ഗങ്ങള്‍ നാച്ചുറല്‍ സെലക്ഷന്‍വഴിയോ ആര്‍ടിഫിഷ്യല്‍ സെലക്ഷന്‍ വഴിയോ ഉണ്ടാകാമെങ്കില്‍ ഒരു ബി.ടി വഴുതിനങ്ങ കൂടി ഉണ്ടായാല്‍ എന്താണ് കുഴപ്പം? ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് സ്വാഭാവികമായുണ്ടാകാവുന്ന,അല്ലെങ്കില്‍ ബ്രീഡിംഗ് വഴിയോ ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്‍ വഴിയോ ഉണ്ടാകാവുന്ന മാറ്റമാണ് ശാസ്ത്രം ഇവിടെ ഒറ്റയടിക്ക് നടത്തുന്നത്.(ജനിതകവിളകളില്‍ ഒരു അന്യ ജീവിയുടെ ജീന്‍ ഉപയോഗിക്കുന്നു എന്നാണ് പ്രശ്നമെങ്കില്‍ നമ്മള്‍ തെസ്യൂസിന്റെ കപ്പലില്‍നിന്നു പിടിവിട്ടിട്ടില്ല എന്ന് പറയേണ്ടിവരും.ഓരോ ജീവിക്കും സ്വന്തമായി പ്രത്യേകം പ്രത്യേകം ജീനുകളുണ്ട് അഥവാ സ്വന്തമായ,ഒരിക്കലും മാറാത്ത ഒരു ഐഡന്റിറ്റി അഥവാ എസ്സെന്‍സ് ഉണ്ട് എന്ന വാദത്തില്‍ത്തന്നെയാണ് നില്‍ക്കുന്നത്‌ എന്നോര്‍ക്കുക. ജീനുകളെന്നാല്‍ പ്രോട്ടീനുകള്‍ നിര്‍മ്മിക്കാന്‍ കോശങ്ങള്‍ക്കുള്ള നിര്‍ദദേശങ്ങള്‍ മാത്രമാണ്. അത് ഏതെങ്കിലും ജീവിയുടെ സ്വന്തമല്ല.നേന്ത്രപ്പഴത്തിന്റേയും മനുഷ്യന്റേയും ജീനകളില്‍ അമ്പതു ശതമാനമെങ്കിലും പൊതുവാണ്. എന്നുകരുതി നേന്ത്രപ്പഴം അമ്പതു ശതമാനം മനുഷ്യനാകുമോ?

ബയോടെക്നോളജി വഴി ഉണ്ടാകുന്ന പുതിയജീവി ആ പഴയ ജീവിയുടെ തുടര്‍ച്ചയാണ് എന്ന് അംഗീകരിക്കാന്‍ നമ്മുടെ 'ബുദ്ധി' സമ്മതിക്കില്ല.എന്നാല്‍ ബ്രീഡിംഗ് വഴി അതേ മാറ്റം വരുത്തിയാല്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ല താനും.ഒരു വന്‍ മാറ്റം ഒറ്റയടിക്ക് നടത്തിയാല്‍ തെസ്യൂസിന്റെ കപ്പല്‍ അതല്ലാതാവുകയും അനേകം ചെറിയ മാറ്റങ്ങള്‍ വളരെ കാലമെടുത്തു നടത്തിയാല്‍ അത് തെസ്യൂസിന്റെ കപ്പലായിത്തന്നെ നിലനില്‍ക്കും എന്നയാണല്ലോ നമ്മുടെ സാമാന്യ ബുദ്ധി.പക്ഷേ ശരിക്കും കാര്യം മനസ്സിലാക്കണമെങ്കില്‍ (we call it science) ഈ ഡിഫോള്‍ട്ട് പ്രോഗ്രാമൊന്നും പോര.ഈ വ്യത്യാസം, natural thinking v/s scientific thinking (the former don't really care about truth  and all it want is some answer on which to base it's actions, and the later is all about truth/reality out there.) മനസ്സിലാക്കാതെ ഡിഫോള്‍ട്ട് പ്രോഗ്രാം ഉപയോഗിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് ധരിക്കുന്നതാണ് പ്രശ്നം.

---------------------------------------------------------------------------------------------------

ഇനി സമകാലിക പ്രാധാന്യമുള്ള ഒരു വിഷയം.ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് മറ്റൊരു തെസ്യൂസ് കപ്പലാണ്.നമ്മുടെ മുല്ലപെരിയാര്‍ ഡാം.നൂറ്റിപ്പതിനാറു വര്‍ഷം മുന്‍പ് സായിപ്പു  പണിത,തെസ്യൂസിന്റെ കപ്പല്‍ പോലെ പിന്നീട് പലതവണ പുതുക്കിപ്പണിഞ്ഞ് ഇപ്പോഴും ഉപയോഗത്തിലുള്ള അത് ഇപ്പോഴും 'സായിപ്പു പണിത ഡാം' തന്നെയാണോ?ഈ തെസ്യുസ് കപ്പലിന്റെ  ശരിക്കുള്ള പഴക്കം എത്രയാണ്?നൂറ്റിപ്പതിനാറ് വര്‍ഷം തന്നെ?ഡാം പണിത എഞ്ചിനീയരുടെ അമ്പതു വര്‍ഷം എന്ന ഗ്യാരണ്ടി കൂടെകൂടെ റിപ്പയര്‍ ചെയ്യപ്പെടുന്ന ഈ ഡാമിനു ബാധകമാണോ?

ഡാം ശരിക്കും ബലക്ഷയം നേരിടുന്നുണ്ടാകാം,പക്ഷേ ഇപ്പോള്‍ കേരളം പറയുന്ന കാരണങ്ങള്‍116 വര്‍ഷത്തെ പഴക്കം,50 വര്‍ഷത്തെ ഗ്യാരണ്ടി ഇത് രണ്ടും നിലനില്‍ക്കുന്നതല്ല.(ഈ അമ്പതു  വര്‍ഷം ഗ്യാരണ്ടി എന്ന കണക്ക് എവിടെനിന്നു വന്നു എന്നറിയില്ല,അത് ഡാം പണിത കാലത്തെ കണക്കണോ അതോ ബ്രിട്ടീഷുകാര്‍ തന്നെ 1933 ല്‍ നടത്തിയ ഒരു മേജര്‍ റിപ്പയറിനു  ശേഷമുള്ളതാണോ?പിന്നീട് നടത്തിയ കോണ്‍ക്രീറ്റ് ക്യാപ്പിംഗ്,കേബിള്‍ ആങ്കറിംഗ് ഇവക്ക് ശേഷമുള്ള ഗ്യാരണ്ടി എത്രയാണ്?)ഡാം മാറ്റിപ്പണിയാന്‍ വേറെന്തൊക്കെ ന്യായീകരണങ്ങളുണ്ടെങ്കിലും നമ്മള്‍ ഇപ്പോള്‍ പറയുന്ന കാരണങ്ങള്‍ സില്ലിയാണ്.

തമിഴ് നാട് പുതിയ ഡാമിനെ എതിര്‍ക്കുന്നത് ഈ തെസ്യൂസ് സമസ്യയെക്കുറിച്ച് ധാരണയുള്ളതുകൊണ്ടാണ്.കേരളം പുതിയ ഡാം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും അതേ കാരണം  കൊണ്ടുതന്നെ.(തെസ്യൂസ് സമസ്യ എന്ന പേരോ അതിന്റെ തത്വശാസ്ത്ര മാനങ്ങളോ മനസ്സിലാക്കി എന്ന അര്‍ത്ഥത്തിലല്ല,മറിച്ച് ഒരു വസ്തുവിന്റെ ഐഡന്റിറ്റിയെക്കുറിച്ചുള്ള സഹജമായ ഒരു തോന്നല്‍ മാത്രം.) ഇപ്പോളുള്ള ഡാം സത്യത്തില്‍ എത്രകാലം വേണമെങ്കിലും റിപ്പയര്‍ ചെയ്ത് ഉപയോഗയോഗ്യമായി നിലനിര്‍ത്താം.അതിനൊക്കെയുള്ള സങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്.999  വര്‍ഷത്തേക്കുപോലും ഈ ഡാം ഉപയോഗിക്കാം.

അന്നേക്ക് പക്ഷേ ഒറിജിനല്‍ അണക്കെട്ടിന്റെ ഒരു കല്ലോ സുര്‍ക്കിയുടെ ഒരംശമോ അതില്‍ അവശേഷിക്കുന്നില്ലെങ്കില്‍ കൂടി അത് 'മുല്ലപെരിയാര്‍  അണക്കെട്ട്' തന്നെയായിരിക്കും.ഈ ഡാം ഉപയോഗത്തിലിരിക്കെ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി അവസാനം ഡിസൈന്‍ തന്നെ മാറി ഒരൊറ്റ ഒറിജിനല്‍ കല്ലുപോലും ശേഷിക്കാതെ വന്നാലും  'സായിപ്പു പണിത ചുണ്ണാമ്പ് സുര്‍ക്കി ഡാം' എന്ന വാദം നമ്മുക്കും ഉപേക്ഷിക്കാന്‍ പറ്റില്ല.തമിഴ്നാടിന് 'മുല്ലപെരിയാര്‍ ഡാമും' അതില്‍നിന്നു വെള്ളം ലഭിക്കാനുള്ള ലാഭകരമായ വ്യവസ്ഥകളും  നിലനില്‍ക്കണം.കേരളത്തിന്‌ ഗുണകരമായ വ്യവസ്ഥകള്‍ ഉണ്ടാകണമെങ്കില്‍ 'മുല്ലപെരിയാര്‍ ഡാം' പോയെ തീരൂ.രണ്ട് കൂട്ടരുടെയും കടുംപിടുത്തത്തിനു പിന്നില്‍ തെസ്യൂസിന്റെ കപ്പലിനെക്കുറിച്ചുള്ള  ആ സഹജബോധം (intutive idea) തന്നെ.(പുതിയ ഡാം പണിയാതെ പ്രശ്നം തീര്‍ക്കാം എന്നു പറഞ്ഞ മുല്ലപ്പെരിയാര്‍ സമര സമിതി ചെയര്‍മാന് കേരളത്തില്‍നിന്ന് കണക്കിന് കിട്ടുകയും ചെയ്തു.)

പുതിയ സ്ഥലത്ത് പുതിയ ഡാം പണിയാന്‍ തമിഴ്നാട് സമ്മതിച്ചില്ലെങ്കില്‍ കേരളം ഒറ്റയടിക്ക് നിലവിലുള്ള ഡാമില്‍ വളരെ വലിയൊരു മാറ്റം വരുത്തി അതിന്റെ പേര് 'ന്യൂ മുല്ലപെരിയാര്‍ ഡാം' എന്നോ  മറ്റോ ആക്കിയാലും മതി.കേരളത്തിന്റെ ഉദ്ദേശം നടക്കും.(ചുരുങ്ങിയ കാലയളവില്‍ വലിയ മാറ്റം വരുത്തിയാല്‍ ആ വസ്തു പുതിയതാകും.അതിന്റെ ഐഡന്റിറ്റി മാറും.Atleast so goes our intutive  thinking.
-

14 അഭിപ്രായങ്ങൾ:

മനു - Manu പറഞ്ഞു...

Informative as usual.

Tracking.

പാമരന്‍ പറഞ്ഞു...

trckng

aneez പറഞ്ഞു...

രണ്ടായിരത്തോളം വഴുതിനങ്ങ വര്ഗ്ഗറങ്ങള്‍ നാച്ചുറല്‍ സെലക്ഷന്വ്ഴിയോ ആര്ടിഫഫിഷ്യല്‍ സെലക്ഷന്‍ വഴിയോ ഉണ്ടാകാമെങ്കില്‍ ഒരു ബി.ടി വഴുതിനങ്ങ കൂടി ഉണ്ടായാല്‍ എന്താണ് കുഴപ്പം? ലക്ഷക്കണക്കിന് വര്ഷവങ്ങള്‍ കൊണ്ട് സ്വാഭാവികമായുണ്ടാകാവുന്ന,അല്ലെങ്കില്‍ ബ്രീഡിംഗ് വഴിയോ ആര്ട്ടിിഫിഷ്യല്‍ സെലക്ഷന്‍ വഴിയോ ഉണ്ടാകാവുന്ന മാറ്റമാണ് ശാസ്ത്രം ഇവിടെ ഒറ്റയടിക്ക് നടത്തുന്നത്.

@ bright ഒരു സംശയം.

ഇവിടെ ലക്ഷക്കണക്കിനു വര്ഷങള്‍ കൊണ്ടുണ്ടാകുന്ന ഒരു റിഫൈനിങ് പ്രസക്തമല്ലെ. അതായതു, ലക്ഷക്കണക്കിനു വര്ഷങള്‍ nature തന്നെ ആവര്തിച്ച റിഫൈനിങ് വഴി ഉണ്ടാക്കുന്ന/ ഉണ്ടാകുന്ന ബി. ടി. വഴുതനങ്ങയും ആര്ട്ടിുഫിഷ്യല്‍ സെലക്ഷന്‍ വഴി ഒറ്റയടിക്കുണ്ടാകുന്നതുമായി ഇതല്ലാതെ മറ്റു വ്യത്യാസങ്ങള്‍ ഒന്നുമില്ലേ? അത്രയും വര്ഷമങ്ങള്‍ പ്രകൃതിയില്‍ കൊണ്ടും കൊടുത്തും നിലനിന്നു വരുമ്പോള്‍ അതില്‍ നിലവിലെ ആവാസവ്യവസ്ഥയ്ക്ക് യോജിക്കാത്തതോ ഭീഷണിയാവുന്നതോ ആയിട്ടുള്ള ഇനങ്ങള്‍ മേല്പ്പാറഞ്ഞ റിഫൈനിംഗ് പ്രക്രിയ വഴി ഒഴിവാക്കപ്പെടുന്നില്ലേ? ഉദാഹരണത്തിന് ഇന്ഫെക്ഷന് എളുപ്പത്തില്‍ വിധേയമാകുന്നതോ ഭക്ഷിക്കുന്ന ജീവികളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവയോ ആണെങ്കില്‍ അത് നിലനില്ക്കാനന്‍ സാധ്യത കുറവാണല്ലോ. പക്ഷേ, ഒറ്റയടിക്ക് നടത്തപ്പെടുന്ന ആര്ട്ടിപഫിഷ്യല്‍ പ്രക്രിയയില്‍ ഇത്തരം റിഫൈനിംഗ് നടക്കുവാന്‍ വഴിയുണ്ടോ?

Captain Haddock പറഞ്ഞു...

:) താങ്ക്സ്

Captain Haddock പറഞ്ഞു...

ട്രാക്ക്‌

bright പറഞ്ഞു...

@ aneez

സ്വഭാവികമായുണ്ടാകുന്നതോ മനുഷ്യന്‍ അനേക വര്‍ഷത്തെ പരിശ്രമം കൊണ്ട് ബ്രീഡുചെയ്തുണ്ടാക്കുന്നതോ ആയ വിളകള്‍ ആവാസവ്യവസ്ഥയ്ക്ക് യോജിക്കുന്നതാണോ?കൃഷി എന്നാല്‍ അതിന്റെ നിര്‍വ്വചനത്തില്‍തന്നെ 'പ്രകൃതിവിരുദ്ധ'മാണ്.പ്രകൃതികൃഷി എന്നൊന്നില്ല.(മനുഷ്യന് താല്പര്യമുള്ള ചില ഗുണങ്ങള്‍ മാത്രമുള്ള ചെടികളെ കൂട്ടമായി ഒരേ സ്ഥലത്ത് തുടര്‍ച്ചയായി വളര്‍ത്തുക.ഇതാണല്ലോ കൃഷി.) മനുഷ്യന്‍ കൃഷി ചെയ്യുന്ന എല്ലാ ചെടികളും (ഇണക്കി വളര്‍ത്തുന്ന മൃഗങ്ങളും) മനുഷ്യന്റെ മാത്രം താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഗുണങ്ങള്‍ മാത്രമുള്ളതാണ്.ഇവയൊന്നും പ്രകൃതിയില്‍ സ്വന്തം
നിലയില്‍ മനുഷ്യസഹായമില്ലതെ നിലനില്‍ക്കില്ല.മനുഷ്യന്‍ കൃഷി ചൈയ്യുന്ന എല്ലാം തന്നെ പരമാവധി സ്വാദും പരമാവധി വിളവും മാത്രം തരാന്‍ തിരഞ്ഞെടുക്കപ്പെട്ടതാണ്. സ്വാഭാവികമായും കീടങ്ങള്‍ക്കും താല്പര്യം ഇതെ ഗുണങ്ങള്‍ തന്നെയായതുകൊണ്ടാണ് ആധുനിക വിളകള്‍ക്ക് കീടബാധ കൂടുന്നതും കീടനാശിനികളില്ലതെ കൃഷി ലാഭകരമല്ലാതാകുന്നത്.നമ്മുടെ ഇപ്പോഴത്തെ വിളകള്‍ക്ക് കാര്യമായ രോഗപ്രതിരോധ ശേഷിയൊന്നുമില്ല.സത്യത്തില്‍ ജി.എം വിളകളുടെ ഉദ്ദേശം തന്നെ വിളവ് കോംപ്രമൈസ് ചെയ്യാതെ പ്രതിരോധ ശേഷി കൂട്ടി കീടനാശിനികളുടെ ഉപയോഗം കുറക്കുക എന്നതാണ്.

ഇനി ജി.എം വിളകള്‍ നിലവിലെ ആവാസവ്യവസ്ഥയ്ക്ക് യോജിക്കാത്തതോ ഭീഷണിയാവുന്നതോ ആണെന്ന് ആരു പറഞ്ഞു?സാധ്യമായ എല്ലാ രീതിയിലും പരീക്ഷിച്ചിട്ടാണല്ലോ അത് മാര്‍ക്കറ്റിലിറക്കുന്നത്.(പ്രകൃതി സ്നേഹം കൊണ്ടല്ല മറിച്ച് വെറും ലഭേച്ഛ കൊണ്ടാണ് ബി.ടി വിള പറയുന്നപോലെ പ്രവര്‍ത്തിക്കും എന്നുറപ്പാക്കുന്നത് എന്ന് സമ്മതിക്കാം.ആളുകള്‍ ജി.എം വിളകളെ എതിര്‍ക്കുന്നത് ആവാസവ്യവസ്ഥയ്ക്ക് അത് യോജിക്കാത്തതാണെന്നു തെളിവുള്ളതുകൊണ്ടല്ലല്ല്ല്ലോ.അതിനെന്തോ കുഴപ്പമുണ്ട് എന്നൊരു gut feeling.പിന്നീട് അതിന് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുന്നു.ജി.എം പരീക്ഷണങ്ങളെ തടസ്സപ്പെടുത്തുകയും എന്നിട്ട് അതിന് ദോഷമല്ല എന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് പറയുകയും ചെയ്യുന്നതില്‍നിന്നുതന്നെ നിഗമനത്തിലെത്തിയത് യുക്തിപൂര്‍വമല്ല എന്ന് മനസ്സിലാക്കാം.പഴയ ടെക്ക്നോളജിക്ക് വേഗം കുറവായിരുന്നു.ജനിതക വിദ്യ അതിന്റെ വേഗം കൂട്ടി.അത്രമാത്രം.അതില്‍കൂടുതല്‍ മാര്‍ഗ്ഗത്തെ കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല.ജി.എം വിളകളായാലും സ്വഭാവികമായുണ്ടാകുന്നതായാലും നിലനില്‍ക്കാന്‍ സാധിക്കുന്നത് നിലനില്‍ക്കും അല്ലാത്തത് നശിക്കും.അത്രതന്നെ.

ജി.എം വിളകള്‍ നല്ലതോ ചീത്തയോ ആകാം.But it should be determined on its own merits and not based on the verdict of some obsolete alogorithm in our brain.

യാത്രികന്‍ പറഞ്ഞു...

"ആളുകള്‍ ക്ലോണിങ്ങിനെയും ജനിതകമാറ്റം വരുത്തിയ വിളകളെയും എതിര്‍ക്കുന്നതും ഇതേ തെറ്റിദ്ധാരണയുടെ പേരിലാണ്.രണ്ടായിരത്തോളം വഴുതിനങ്ങ വര്‍ഗ്ഗങ്ങള്‍ നാച്ചുറല്‍ സെലക്ഷന്‍വഴിയോ ആര്‍ടിഫിഷ്യല്‍ സെലക്ഷന്‍ വഴിയോ ഉണ്ടാകാമെങ്കില്‍ ഒരു ബി.ടി വഴുതിനങ്ങ കൂടി ഉണ്ടായാല്‍ എന്താണ് കുഴപ്പം?"

ഒരു കുഴപ്പവും ഇല്ല. അങ്ങിനെ ഒരു കുഴപ്പവും ഇല്ലാത്ത BT വഴുതനങ്ങയെ toxicity test നടത്താന്‍ Monsanto ക്കു എന്താണ് ഇത്ര മടി? They have a patent on this thing, indicating that this is a unique and new product. If it is a new product, this needs to be tested thoroughly and should be labelled accordingly. അങ്ങിനെ അല്ല, BT വഴുതനങ്ങ സാധാരണ വഴുതനങ്ങ ആണെങ്കില്‍പ്പിന്നെ അവര്‍ക്ക് ഇതിന് പേറ്റന്‍റ് എന്തിനാണ്? കര്‍ഷകന്‍ സ്വന്തം വിത്ത് വീണ്ടും ഉപയോഗിക്കുന്നതിനും പ്രശ്നം ഇല്ലല്ലോ? എന്തേ Monsanto അത് അനുവദിക്കാത്തത്?

So BT crops issue is essentially a political and commercial issue, not a scientific issue.

പിന്നെ Gene ന്റ്റെ effects നെ പ്പറ്റി ഒരു study ഇവിടെക്കാണാം.
http://www.theatlantic.com/health/archive/2012/01/the-very-real-danger-of-genetically-modified-foods/251051/

bright പറഞ്ഞു...

ബിടി വഴുതിനക്ക് പേറ്റന്റ്‌ നേടുന്നത് അവരുടെ വ്യാപാര ആവശ്യമാണ്.കണ്ടമാനം പണവും അധ്വാനവും ചെലവാക്കിയത് ലാഭം ഉണ്ടാക്കാനാണല്ലോ അല്ലെ?Per se nothing wrong there.അവര്‍ ടോക്സിസിറ്റി ടെസ്റ്റ്‌ നടത്താന്‍ മടിക്കുന്നത് (I assume what you stated is correct) ഒരുപക്ഷേ വീണ്ടും സാമ്പത്തിക ചിലവ് പേടിച്ചിട്ടായിരിക്കാം.ടെക്നോളജിയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പ്രോഡക്റ്റ് പുറത്തിറക്കാതിരിക്കാനാണു സാധ്യത,അല്ലാതെ തിരക്കുപിടിച്ചു പുറത്തിറക്കാനല്ല.അതും ലാഭനഷ്ടത്തിന്റെ ബിസിനസ്സ് കണ്ണിലൂടെ കണ്ടാല്‍ മതി.കാരണം ഭാവിയില്‍ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാല്‍ നഷ്ട പരിഹാരം കൊടുത്തു കമ്പനി പൂട്ടിപ്പോകും.അവരതിനു നില്‍ക്കില്ല.(ചുരുങ്ങിയ പക്ഷം ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെങ്കിലുംഅങ്ങനെയാണ്.ഫലപ്രദമാകാവുന്ന ധാരാളം പുതിയ മരുന്നുകള്‍ സ്വപ്നജീവികളായ ചില ആക്ടിവിസ്റ്റുകളുടെ നൂറു ശതമാനം സുരക്ഷിതമായ മരുന്ന് മാത്രം എന്ന ഡിമാന്റ് ഉറപ്പ് വരുത്താനാകാത്തതുകൊണ്ട് കോള്‍ഡ്‌ സ്റ്റോറേജിലാക്കി നിലവിലുള്ള മരുന്നുകളുടെ ഘടനയില്‍ ചെറിയ മാറ്റം മാത്രം (പേറെന്റില്‍നിന്നു രക്ഷപ്പെടാന്‍) 'me too' മരുന്നുകള്‍ മാര്‍ക്കറ്റിലിറക്കുന്നത്.)

പിന്നെ നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത് സാദാ ജനത്തിന് എന്തുകൊണ്ട് ബിടി അസ്വാഭാവികമായി തോന്നുന്നു എന്നാണല്ലോ. അതൊന്നും പേറെന്റിനെ കുറിച്ചുള്ള ആശങ്കകളല്ല താനും.കര്‍ഷകന്‍ സ്വന്തം വിത്ത് വീണ്ടും ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ ബിടി വിളകളോടുള്ള സാദാ ജനത്തിന്റെ അകല്‍ച്ച മാറുമെന്ന് കരുതുന്നുണ്ടോ?ഏതൊക്കെയോ ജന്തുക്കളുടെയൊക്കെ ജീനുകള്‍ (അതെന്താണെന്ന് വലിയ പിടിയൊന്നുമില്ലെങ്കിലും) കൂട്ടിക്കലര്‍ത്തിയ സാധനം എന്ന ചിന്ത മാറില്ല.മന്തുരോഗിയുടെ സീറം കുത്തിവച്ചാല്‍ മന്തുവന്നപോലെ കോഴി വീര്‍ക്കുമെന്നു ആളുകള്‍ ധരിക്കുന്നതും(കോഴി വില്പന അമ്പത് ശതമനതോളം കുറഞ്ഞത്രെ.) ഈ ചിന്താ രീതി പുലര്‍ത്തുന്നതുകൊണ്ടാണ്.A superficial plausiblity of mixing of 'essences' or fear of psychological contagion is what drives our thought process.

പിന്നെ താങ്കളുടെ ലിങ്ക്... ഈ microRNA കൊണ്ടുള്ള പ്രശ്നം പരമ്പരാഗത രീതിയില്‍ സൃഷ്ടിക്കുന്ന വിളകള്‍ക്കും ബാധകമല്ലേ?അത് ബിടിയുടെ മാത്രം പ്രശ്നമല്ലല്ല്ലോ.അത് ഈ ആയുര്‍വേദവും മോഡേണ്‍ മെഡിസിനും തമ്മിലുള്ള വ്യതാസം പോലെയാണ്.ആയുര്‍വേദം പണ്ടേ ഉള്ളതുകൊണ്ട് അതിന് ടോക്സിസിറ്റിയൊ മരുന്ന് ഫലപ്രദമാണോ എന്നുപോലും തെളിയിക്കേണ്ട
ബാധ്യതയില്ല.അതൊക്കെ മോഡേണ്‍ മെഡിസിന് മാത്രം മതി എന്ന പോലെ.ലോകമെമ്പാടുമുള്ള പലതരം സസ്യ വര്‍ഗ്ഗങ്ങളെ നൂറ്റാണ്ടുകളോളം പല രീതിയിലും കൂട്ടിക്കലര്‍ത്തി പുതിയ വിളകളുണ്ടാക്കി അവയൊക്കെ തിന്നുന്ന മനുഷ്യന് ഇപ്പോളുള്ള microRNA പ്രശ്നത്തേക്കാള്‍ കൂടുതലൊന്നും ബിടി കൊണ്ടുണ്ടാകാന്‍ സാധ്യതയില്ല.

മുകളിലെ എന്റെ കമന്റില്‍ പറഞ്ഞ പോലെ.... ജി.എം വിളകള്‍ നല്ലതോ ചീത്തയോ ആകാം.But it should be determined on its own merits and not based on the verdict of some obsolete
alogorithm in our brain.

യാത്രികന്‍ പറഞ്ഞു...

"But it should be determined on its own merits and not based on the verdict of some obsolete
alogorithm in our brain."

That I also agree 100%. The one thing I wanted to add to your comment is that, "Nor should it be decided based on the money or lobbying power of big corporations."

യാത്രികന്‍ പറഞ്ഞു...

Also I am not opposing that they wanted to patent their invention. All I am saying is that, if they patent their product, they should be forced label their product as well.

bright പറഞ്ഞു...

..........[[[[[All I am saying is that, if they patent their product, they should be forced label their product as well.]]]]].............

Maybe,but why?Anyway I think the point can be debated.Especially if there are no discernible difference that matter as far as an ordinary consumer is concerned,betwen Bt and other
'naturally created'products?Isn't it discrimination?Just because they are multinational or rich or use more sophisticated technology is not reason for discrinmination against them.You need some better arguments.

ബി.ടി. മോശമാണെങ്കില്‍ അത് വില്‍ക്കാന്‍ സമ്മതിക്കരുത്.അതല്ല അത് ഭക്ഷ്യ യോഗ്യമാണെങ്കില്‍ ആളുകള്‍ അത് വാങ്ങി ഉപയോഗിച്ചോട്ടെ.അല്ലാതെ സംഭവം അത്ര
നല്ലതൊന്നുമല്ല എന്നാലും സ്വന്തം വേണമെങ്കില്‍ ഉത്തരവാദിത്വത്തില്‍ ഉപയോഗിച്ചോ എന്ന് പറയുന്നപോലെയല്ലേ ഈ ലേബലിംഗ്?ബി.ടി എന്തോ നികൃഷ്ട വസ്തുവാണ് എന്ന് തെളിവൊന്നും ഇല്ലാതെ തന്നെ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരുടെ (Frankenfood എന്നൊക്കെയുള്ള അവരുടെ പ്രയോഗങ്ങള്‍ നോക്കുക.) ഇടയില്‍ അപ്രകാരമുള്ള ഒരു ലേബലുമായി മാത്രം കച്ചവടം നടത്തിയാല്‍ മതി
എന്നത് ശരിയാണോ? ചില മനുഷ്യ ജാതികള്‍ നികൃഷ്ടരാണ് എന്നു കരുതുന്നവരുടെ ഇടയില്‍ അതേ ആളുകള്‍ അവരെ തിരിച്ചറിയാന്‍ പാകത്തിനുള്ള വേഷവിധാനത്തോടെ നടക്കണം എന്നൊക്കെ പറയുന്നതിലെ ഒരു വിവേചനം ഇതിലില്ലെ?

The point is,if the information is of no use to the public/if it does'nt do any harm to the public/if the complexity of the scientific data can't be properly understood by public,then it needn't be presented to them in all its details. Off course it shouldn't be a secret information but needn't be such a public knowledge either.

യാത്രികന്‍ പറഞ്ഞു...

"സംഭവം അത്ര നല്ലതൊന്നുമല്ല എന്നാലും സ്വന്തം വേണമെങ്കില്‍ ഉത്തരവാദിത്വത്തില്‍ ഉപയോഗിച്ചോ എന്ന് പറയുന്നപോലെയല്ലേ ഈ ലേബലിംഗ്?"

ലേബലിങ്ങിന് അങ്ങിനെ ഒരു effect ഉണ്ടെന്നുള്ളത് സത്യം തന്നെ. അതിപ്പോ ഏതു തരത്തിലുള്ള ലേബലിങ്ങിനെയും അങ്ങിനെ വ്യാഖ്യാനിക്കാമല്ലോ. കുറച്ചു മുന്‍പ് FDA has mandated labeling of Trans-fat percentages on foods after studies indicated that trans-fats are worse than saturated fats, which they were essentially trying to replace. Trans-fats ലേബലിങ്ങും മേടിക്കുന്നവന് ഒരു warning അല്ലേ നല്‍കുന്നുള്ളൂ. Trans-fats അത്ര നല്ലതല്ല. പിന്നെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉപയോഗിച്ചോളൂ എന്നല്ലേ ലേബളിങ് കൊണ്ട് ഉദ്യേശിക്കുന്നുള്ളൂ? സിഗറേറ്റ് പാക്കേറ്റിന്റെ പുറത്ത് എഴുതിയിരിക്കുന്ന വാണിങ്ങും അങ്ങിനെ തന്നെ. പുകയില ചീത്ത ആണെന്ന് എല്ലാവര്‍ക്കും അറിയാം. അതു പിന്നെ ഒരു വാണിങ്ങില്‍ നിര്‍ത്താതെ സാധനം അങ്ങു നിരോധിച്ചാല്‍ പോരേ?

"ചില മനുഷ്യ ജാതികള്‍ നികൃഷ്ടരാണ് എന്നു കരുതുന്നവരുടെ ഇടയില്‍ അതേ ആളുകള്‍ അവരെ തിരിച്ചറിയാന്‍ പാകത്തിനുള്ള വേഷവിധാനത്തോടെ നടക്കണം എന്നൊക്കെ പറയുന്നതിലെ ഒരു വിവേചനം ഇതിലില്ലെ?"

മനുഷ്യനെയും ജി‌എം ചോളത്തെയും ഒരേ നുകത്തില്‍ കെട്ടേണ്ട കാര്യമില്ല. ചില ജാതി മനുഷ്യര്‍ക്ക് ആരും പേറ്റന്‍റ് എടുക്കാറില്ലല്ലോ.

I think there are two reasons for labeling.
1. Labeling helps further study of GM foods in large populations over longer periods of time. Such studies are essential to learn about the long term effects of foods.

2. You have patented some thing; now you have to label it. If you do not want to label it, please do not patent it. The quiggle example is very apt here. If you are a company making small changes to the existing quiggle, which version of the quiggle do you want to patent it and call it your own quiggle? If you want to patent a specific version of the quiggle, you have to label it accordingly. Here, do not look for a scientific answer, since patent has nothing to do with science. Patenting is a commercial activity and this should be controlled by appropriate labeling. The central idea is that the patent holder will get appropriate monetary benefits but also will be liable for any damages caused by their new invention.

ഏതായാലും labeling of GM foods is getting slowly resolved in the United States. Many states in the US are considering mandatory labeling of GM products. അമേരിക്ക വീണാല്‍ പിന്നെ ഇന്ത്യ പിടിച്ചു നില്‍ക്കുമോ? (GM foods ന്റ്റെ കാര്യത്തില്‍ മാത്രമാണെ, എന്നെ തല്ലല്ലേ)

http://www.theatlantic.com/health/archive/2012/02/isnt-it-about-time-to-start-labeling-genetically-modified-foods/252210/

rkw പറഞ്ഞു...

>>>(ജനിതകവിളകളില്‍ ഒരു അന്യ ജീവിയുടെ ജീന്‍ ഉപയോഗിക്കുന്നു എന്നാണ് പ്രശ്നമെങ്കില്‍ നമ്മള്‍ തെസ്യൂസിന്റെ കപ്പലില്‍നിന്നു പിടിവിട്ടിട്ടില്ല എന്ന് പറയേണ്ടിവരും.ഓരോ ജീവിക്കും സ്വന്തമായി പ്രത്യേകം പ്രത്യേകം ജീനുകളുണ്ട് അഥവാ സ്വന്തമായ,ഒരിക്കലും മാറാത്ത ഒരു ഐഡന്റിറ്റി അഥവാ എസ്സെന്‍സ് ഉണ്ട് എന്ന വാദത്തില്‍ത്തന്നെയാണ് നില്‍ക്കുന്നത്‌ എന്നോര്‍ക്കുക. ജീനുകളെന്നാല്‍ പ്രോട്ടീനുകള്‍ നിര്‍മ്മിക്കാന്‍ കോശങ്ങള്‍ക്കുള്ള നിര്‍ദദേശങ്ങള്‍ മാത്രമാണ്. അത് ഏതെങ്കിലും ജീവിയുടെ സ്വന്തമല്ല.നേന്ത്രപ്പഴത്തിന്റേയും മനുഷ്യന്റേയും ജീനകളില്‍ അമ്പതു ശതമാനമെങ്കിലും പൊതുവാണ്. എന്നുകരുതി നേന്ത്രപ്പഴം അമ്പതു ശതമാനം മനുഷ്യനാകുമോ?<<<


ശക്തമായി വിയോജിക്കുന്നു

ഒരുദാഹരണം ഈ മിന്നാമിനുങ്ങിന്റെ ജീന്‍ എടുത്തു മീനിന്റെ dna യില്‍ ചേര്‍ത്താല്‍ മിന്നുന്ന മീനുകള്‍ (glow fish) ഉണ്ടാക്കാം (ഈ പറയുമ്പോലെ എളുപ്പമല്ല , still ) ..

ഈ പുതിയ മീനിനെ തിന്നുന്ന ജീവികള്‍ക്ക് പുതിയ രാസ വസ്തു ദഹിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ / അവയ്ക്ക് വിഷം ആണെങ്കില്‍ അതോടെ അവ ചതോടുങ്ങില്ലേ ?? ജീവശാസ്ത്രപരമായി പുതിയൊരു മീന്‍ അല്ലാതിരിക്കാം , പക്ഷെ അത് ഭക്ഷണപരമായി ആണ് എന്ന് വരും ..

അതുപോലെ പുതിയ വഴുതന ജീവശാസ്ത്ര പരമായി വഴുതന തന്നെ ആയിരിക്കാം പക്ഷെ ആഹാരപരമായി ആകണമെന്നില്ല ... പിന്നെ തൊണ്ണൂറ്റി ഒന്‍പതു ശതമാനം ജീനുകളും ഒരുപോലെയുണ്ട് എന്നത് കൊണ്ട് രണ്ടു ജീവിവര്‍ഗങ്ങള്‍ ഒരുപോലെയല്ല ..

നമ്മള്‍ വിചാരിക്കുന്ന സാധാരണ വഴുതനക്ക് ഒരു 'എസ്സെന്‍സ്' ഉണ്ട് , അതൊരു യാഥാര്‍ത്ഥ്യം മാത്രം .. ആ സ്വാദും മണവും നിറവും എല്ലാം ബ്രീദ് ചെയ്തുണ്ടാക്കിയതാണ് എന്ന് വെച്ചാല്‍ കാലങ്ങളായി നല്ല ഇനങ്ങളെ പര്പോഷിപ്പിച്ചും കൊള്ളേണ്ടതിനെ കൊണ്ടും ഉണ്ടാക്കിയ ഒന്നു ആണ് ..

അതത്ര സ്വാഭാവികമായ പരിണാമം അല്ല , പക്ഷെ ഏതാണ്ട് ഒരേ ഇനത്തിലുള്ള രണ്ടു ചെടികള്‍ തമ്മില്‍ സങ്കരിപ്പിക്കുമ്പോള്‍ അതെ സ്വഭാവങ്ങള്‍ ഏറെ കുറെ നില നില്‍ക്കും എന്ന്
ഉറപ്പിക്കാം ..

(വിഷമുള്ള ഒരു വഴുതന സ്പീഷീസ് ഉണ്ടെങ്കില്‍ അതുമായുള്ള നല്ല വഴുതനയുടെ സങ്കരത്തെ പോലും ആള്‍ക്കാര്‍ സംശയത്തോടെ നോക്കില്ലേ ??)

ഇവിടെ സ്വാഭാവികമായ പരിണാമത്തില്‍ ഉണ്ടാകുന്ന ഒന്നല്ല BT വഴുതന , മനുഷ്യന്‍ നടത്തുന്ന ജനിതക കൂട്ടിചേര്‍ക്കലുകള്‍ കൊണ്ട് മാത്രം ഉണ്ടാകുന്ന ഒന്നാണ് അത് ..

പിന്നെ തലമുറകളായി നടക്കുന്ന പരിണാമത്തിലൂടെ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന വഴുതന സ്പീഷീസ് , നമ്മള്‍ അറിയുന്ന , നമുക്ക് കഴിക്കാന്‍ പറ്റുന്ന ഒന്നാകണം എന്നില്ല.. അപ്പൊ പ്രകൃതിയില്‍ കാണുന്ന വഴുതനയില്‍ ഒരിക്കലും എത്താന്‍ സാധ്യത ഇല്ലാത്ത ബാക്ടീരിയത്തിന്റെ ജീന്‍ ചേര്‍കുന്നതോടെ അത് നമ്മള്‍ അറിയുന്ന വഴുതന അല്ലാതെ ആകുന്നു .. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ആദ്യം മുതലേ പഠിക്കേണ്ടിയിരിക്കുന്നു .. പക്ഷെ നമ്മള്‍ ഇന്നുപയോഗിക്കുന്ന പല ഭക്ഷ്യ വസ്തുക്കളുടെയും സൈഡ് എഫ്ഫെക്ടുകള്‍ ഒരുപാടു കാലത്തിനു ശേഷമാണ് മനസിലാക്കിയത് എന്ന് വരുമ്പോള്‍ ഇത്തരം ടെസ്റ്റുകള്‍ എത്രമാത്രം വിശ്വസിക്കാം ??

നാണയ വിളകളില്‍ പോലെയല്ല ഭാഷ്യ വിലകളിലെ BT അതിഭീകര റിസ്കാണതു !!!

bright പറഞ്ഞു...

@ rkw

താങ്കള്‍ പറയുന്ന കാര്യങ്ങളെല്ലാം വാലിഡ് ആണെങ്കിലും 99% വരുന്ന സാധാണക്കാര്‍ ജിഎം ടെക്നോളജിയെ എതിര്‍ക്കുന്നത് അതുകൊണ്ടൊന്നുമല്ലല്ല്ലോ.അവര്‍ ശാസ്ത്രീയ വിശകലനം നടത്തിയിട്ടൊന്നുമല്ല തീരുമാനത്തിലെത്തുന്നത്.കേള്‍ക്കുമ്പോള്‍തന്നെ ഒരു ശരികേട്‌. പിന്നീട് അതിനൊരു ന്യായീകരണം കണ്ടെത്തുന്നു.ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായത്തില്‍ കഴമ്പുണ്ടാകാം എന്നുമാത്രം. Opposition to GM may have valid scientific reasons,but popular opposition is not based on that.Here it maybe a case of getting it right for the wrong reasons.ഇനി താങ്കള്‍ പറയുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിയാലും ജിഎം ടെക്നോളജിയുടെ പോപ്പുലാരിറ്റി കൂടാനും പോകുന്നില്ല.കൂടുതല്‍ ഗവേഷണം നടത്തി ഭാവിയില്‍ ഈ ടെക്നോളജി കുറ്റമറ്റതായാല്‍പോലും അത് ആളുകളുടെ
അംഗീകാരം വര്‍ധിപ്പിക്കില്ല. മിക്കവാറും സംഭവിക്കുക,എല്ലാ എതിര്‍പ്പുകളേയും വളഞ്ഞ വഴികളിലൂടെപോലും നിയമങ്ങള്‍ വളച്ചൊടിച്ചുപോലും ജിഎം പോപ്പുലറായാല്‍ ആളുകളുടെ നിയോഫോബിയ(neophobia-fear of something new or unfamiliar) മാറി അവര്‍ അത് പതുക്കെ അംഗീകരിച്ചേക്കാം.Scientific merit is irrelevent.

LinkWithin

Related Posts with Thumbnails