2012, നവംബർ 24, ശനിയാഴ്‌ച

അസത്യവല്കരണവും വേസണ്‍ നിര്‍ദ്ധാരണവും............

ആദ്യം പീറ്റര്‍ വേസണ്‍ എന്ന മനഃശാസ്ത്രജ്ഞന്റെ  Wason selection task (വേസണ്‍ നിദ്ധാരണ കൃത്യം) എന്താണെന്ന് പഠിക്കാം.ഒരു പക്ഷേ യുക്തിയുടെ മനഃശാസ്ത്രത്തെക്കുറിച്ച്  ഏറ്റവും അധികം പഠനം നടന്നിട്ടുള്ളത് ഈ വേസണ്‍ നിര്‍ദ്ധാരണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം. The Wason Selection Task is one of the most intensively researched single problem about the psychology of reasoning.

ഇതിന്റെ പല വേര്‍ഷനുകള്‍ നിലവിലുണ്ടെങ്കിലും പൊതുവായി സംഭവം ഇതാണ്....ഒരു വശത്ത്  ഒരു അക്കവും മറുവശത്ത് ഒരു അക്ഷരവും പ്രിന്റ്‌ ചെയ്ത കുറെ കാര്‍ഡുകളുണ്ട്‍.നിങ്ങള്‍ കാണുന്ന വിധം രണ്ടു കാര്‍ഡുകള്‍ അക്കങ്ങള്‍ എഴുതിയ വശവും രണ്ടു കാര്‍ഡുകള്‍ അക്ഷരങ്ങള്‍ കാണാവുന്ന വിധവും അങ്ങിനെ നാല് കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചിത്രം നോക്കുക.നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...ഏറ്റവും ചുരുങ്ങിയത് ഏതൊക്കെ കാര്‍ഡുകള്‍ മറിച്ചുനോക്കി ഇനി പറയുന്ന നിയമം ശരിയാണോ എന്ന് തീരുമാനിക്കണം..''കാര്‍ഡില്‍ ഒരു വശത്ത് D എന്നെഴുതിയിട്ടുണ്ടെങ്കില്‍ മറുവശത്ത് 3 എന്നുണ്ടാകും. If a card has a D on one side,then it has a 3 on the other side.''

ശ്രമിച്ചു നോക്കുന്നോ?ഒരു കാര്യം ഞാന്‍ ആദ്യമേ പറയാം.ഭൂരിഭാഗം പേരും തോറ്റുപോകും. ശരിയുത്തരം പറയുന്നവര്‍ ഒരു പത്തു ശതമാനത്തിന്റെ അടുത്തെ ഉണ്ടാകൂ.കണക്കും ലോജിക്കുമെല്ലാം അരച്ചു കലക്കി പഠിച്ചവര്‍ പോലും ഉത്തരം ശരിയാക്കുന്നത് ഒരു ഇരുപത്തഞ്ചു ശതമാനത്തില്‍ കുറവായിരിക്കും.മിക്കവാറുംആളുകള്‍ D കാര്‍ഡ് മാത്രം പരിശോധിച്ച് മറുപുറത്ത് 3 എന്നെഴുതിയിട്ടുണ്ടോ എന്ന് നോക്കി തൃപ്തിപ്പെടും.കുറച്ചു പേര്‍ D കാര്‍ഡ് കൂടാതെ 3 കാര്‍ഡും കൂടി മറിച്ചു നോക്കും.ഉത്തരം ഉറപ്പാക്കും.അത് പോരെ?തീര്‍ച്ചയായും പോരാ എന്നുത്തരം.

''I never make exceptions. An exception disproves the rule.''-The Sign of the Four

''കാര്‍ഡില്‍ ഒരു വശത്ത് D എന്നെഴുതിയിട്ടുണ്ടെങ്കില്‍ ഉറപ്പായും മറുവശത്ത് 3 എന്നുണ്ടാകും'' എന്നത് പരിശോധിക്കാന്‍ D കാര്‍ഡ് നോക്കുന്നത് ശരി.പക്ഷേ 3 കാര്‍ഡ് നോക്കേണ്ട ആവശ്യം? ആദ്യത്തെ കാര്‍ഡില്‍നിന്ന് മനസ്സിലായതില്‍ കൂടുതലൊന്നും 3 കാര്‍ഡില്‍നിന്ന് കിട്ടുന്നില്ല.(നമ്മുടെ ചോദ്യം D യുടെ മറുവശത്ത് 3 ഉണ്ടാകും എന്ന് തെളിയിക്കാനായിരുന്നു,3 ന്റെ മറുവശത്ത് എന്താണ് എന്നത് ഇവിടെ പ്രസക്തമല്ല.)ശരിക്കും നോക്കേണ്ടിയിരുന്നത് D കാര്‍ഡും 5 കാര്‍ഡുമായിരുന്നു.ആ 5 എന്നെഴുതിയ കാര്‍ഡിന്റെ മറുവശത്തും D എന്നായിരുന്നെങ്കില്‍ അവിടെ തീരില്ലെ നമ്മുടെ ''ഒരു വശത്ത് D എന്നെഴുതിയിട്ടുണ്ടെങ്കില്‍ മറുവശത്ത് 3 എന്നുണ്ടാകും''നിയമം.  

ഇതുപോലെ അബ്സ്റ്റ്രാക്റ്റ് രീതിയില്‍ ഈ പ്രശ്നം അവതരിപ്പിച്ചാല്‍ ശരിയുത്തരം പറയുന്നവര്‍ തുലോം കുറവായിരിക്കും എന്ന് പറഞ്ഞല്ലോ. അതില്‍ ഒട്ടും അത്ഭുതവുമില്ല.It's so counter intuitive. ഇതേ കാര്യം മറ്റൊരു രീതിയില്‍ അവതരിപ്പിക്കാം.നിങ്ങള്‍ ഒരു ബാറിലെ പണിക്കാരനാണ്. ഇരുപത്തൊന്നു വയസിനു മുകളിലുള്ളവരേ മദ്യപിക്കാവൂ എന്ന നിയമം നടപ്പിലാക്കാനാണ് നിങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.''If you drink beer,then you should be above 21'' എന്നാണ് നമ്മുടെ നിയമം.ഈ കാര്‍ഡുകള്‍ നോക്കൂ.....നിങ്ങള്‍ ഏതൊക്കെ കാര്‍ഡുകളാണ് പരിശോധിക്കുക? തൊണ്ണൂറു ശതമാനം പേരും ഇപ്പോള്‍ ശരിയുത്തരം പറയും.(നേരത്തെ കണ്ട അബ്സ്റ്റ്രാക്റ്റ് ചോദ്യത്തോളം പ്രയാസമില്ലെങ്കിലും ഇതും തെറ്റിക്കുന്നവരുണ്ട്.)

ബിയര്‍ കുടിക്കുന്നവരുടെ വയസ്സും പതിനേഴു വയസ്സുകാര്‍ എന്താണ് കുടിക്കുന്നത് എന്നുമാണ് നോക്കേണ്ടത്.അതായത് beer,17 എന്നീ കാര്‍ഡുകള്‍.25 എന്ന കാര്‍ഡ് പരിശോധിക്കേണ്ട കാര്യമില്ല.അയാള്‍ എന്ത് കുടിക്കുന്നു എന്നത് വിഷയമല്ല.(നേരത്തെ അതിനു തുല്യമായ 3 കാര്‍ഡും നോക്കിയവരാണ് ഭൂരിഭാഗം പേരും.) കാരണം 25 കാര്‍ഡിന്റെ പുറകില്‍ എന്തായാലും ബിയര്‍ കുടിക്കുന്നവര്‍ ഇരുപത്തൊന്നു വയസ്സില്‍ മേലെയായിരിക്കണം എന്നല്ലാതെ ഇരുപത്തൊന്നു വയസ്സിനു മുകളിലുള്ളവരെല്ലാം ബിയര്‍ കുടിക്കണം എന്ന് നിയമം പറയുന്നില്ല.(വെറും അബ്സ്ട്രാക്റ്റ് രീതിയിലല്ലാതെ സാമൂഹ്യ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വേസണ്‍ പരീക്ഷണം നടത്തിയാല്‍ കൂടുതല്‍ പേര്‍ ശരിയുത്തരം പറയുന്നതിനെക്കുരിച്ചു ഇവലൂഷണറി സൈക്കോളജിയില്‍ ചില ഹൈപ്പോതെസിസ്സുകളുണ്ട്.സാമൂഹ്യ ജീവിയായ മനുഷ്യന് വഞ്ചന(മറ്റുള്ളവരുടെ ചെലവില്‍ പാരസൈറ്റായി ജീവിക്കുന്നവരെ) കണ്ടെത്താന്‍ മസ്തിഷ്ക്കത്തില്‍ പ്രത്യേക മോഡ്യൂള്‍ ഉണ്ടാകാമത്രെ.അതുകൊണ്ടാണത്രെ നിയമം പാലിക്കാതെ ബീയറിടിക്കുന്നവരെ എളുപ്പം കണ്ടെത്താന്‍ സാധിക്കുന്നത്.തല്‍കാലം ഇവലൂഷണറി സൈക്കോളജി വശം പിന്നീട് ചര്‍ച്ച ചെയ്യാം.)

''When a fact appears to be opposed to a long train of deductions, it invariably proves to be capable of bearing some other interpretation''-A Study in Scarlet

ഇനി ഈ വേസണ്‍ നിര്‍ദ്ധാരണം ഒരു ലോജിക്കല്‍ സ്റ്റേറ്റ്മെന്റ് ആക്കിനോക്കാം.If P then Q എന്ന രീതിയില്‍ ഇത് എഴുതിയാല്‍ നമ്മുടെ കാര്‍ഡുകള്‍ ഇപ്രകാരമായിരിക്കും. നിയമം എല്ലായ്പ്പോഴും സത്യമായിരിക്കണമെങ്കില്‍ Q കാര്‍ഡിന്റെ മറുവശത്തല്ലാതെ P ഉണ്ടാകാന്‍ പാടില്ല.അതുകൊണ്ട് not Q കാര്‍ഡിന്റെ മറുവശത്ത് P കാണുന്നുണ്ടോ എന്നാണ്  നമ്മള്‍ പരിശോധിക്കേണ്ടത്.അതായത് if P then Q എന്ന രൂപത്തിലുള്ള ഒരു പ്രസ്താവനയുടെ സത്യം അറിയാന്‍ ചുരുങ്ങിയത് P അവസ്ഥയും not Q അവസ്ഥയുമാണ് പരിശോധിക്കേണ്ടത്. (അല്ലാതെ Q അല്ല.Things that are not-P and things that are Q are irrelevant for our rule.)

ഒരു കാര്യത്തില്‍ അഭിപ്രായം രൂപീകരിക്കാന്‍ വേണ്ട തെളിവുകള്‍ രണ്ടു തരമുണ്ട്.(1) ആവശ്യമായ തെളിവ് - necessary evidence.(2) മതിയായ തെളിവ് -sufficient evidence.ഇവിടെ Pകാര്‍ഡ് മാത്രം പരിശോധിക്കുന്നത് ആവശ്യമായ തെളിവ് മാത്രമെ ആകുന്നുള്ളൂ. മതിയായ തെളിവ് ആകണമെങ്കില്‍ not Q കാര്‍ഡ് കൂടി അറിയണം.ചുരുക്കത്തില്‍ ഒരു 'എങ്കില്‍' പ്രസ്താവനയുടെ (if-then statement) സത്യാവസ്ഥ അറിയാന്‍ അത് ശരിയാണോ എന്നുമാത്രം നോക്കിയാല്‍ പോരെ അത് തെറ്റല്ല എന്നുകൂടി തെളിയിക്കണം എന്നര്‍ത്ഥം.

If D then 3 എന്ന പ്രസ്താവന ശരിയാണോ എന്ന് പരിശോധിക്കാന്‍,അത് സംശയാതീതമായി തെളിയിക്കാന്‍ If D then not 3 സംഭവിക്കുന്നുണ്ടോ എന്നാണു നോക്കേണ്ടത്.അതായത് D and 7(not 3)കാര്‍ഡുകളാണ് പരിശോധിക്കേണ്ടത്.(P,not Q) ഭൂരിഭാഗം പേരും if P then Q എന്നുതെളിയിക്കാന്‍ Q കാര്‍ഡാണ് പരിശോധിക്കുക.If Q then P എന്ന് തെളിയിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. Confirmation bias എന്നറിയപ്പെടുന്ന വളരെ സര്‍വ്വസാധാരണമായ ഒരു യുക്തിഭംഗമാണ് 3 കാര്‍ഡ് (അതായത് Q കാര്‍ഡ്) നോക്കുക എന്നത്.

''There is nothing more deceptive than an obvious fact.''-The Bascombe Valley Mystery

നിങ്ങള്‍ Pകാര്‍ഡും Q കാര്‍ഡും മാത്രം ലോകാവസാനം വരെ മാറിമാറി പരിശോധിച്ചാലും If P then Q എന്ന പ്രസ്താവനയുടെ സത്യാവസ്ഥ അറിയാനാകില്ല.അതിനു not Q കാര്‍ഡാണ് പരിശോധിക്കേണ്ടത്.ചുരുക്കത്തില്‍ ശാസ്ത്രം എന്നാല്‍ ഈ not Q കാര്‍ഡ് പരിശോധിക്കലാണ്. നിയന്ത്രിത പരീക്ഷണങ്ങളുടെ (Controlled experiment) അടിസ്ഥാനവും ഇതാണ്.ഒരു നിഗമനം ശരിയാകണമെങ്കില്‍ അത് തെറ്റല്ല എന്നുകൂടി തെളിയണം.ഇപ്പോള്‍ നമ്മള്‍ ശാസ്ത്ര നിരീക്ഷണത്തിന്റെ ഏറ്റവും അടിസ്ഥാന നിയമത്തിലെത്തി.കാള്‍ പോപ്പറിലൂടെ പ്രശസ്തമായ ആ നിയമം.FALSIFICATION.Everybody repeat it after me.... Falsification....:-) അസത്യവല്‍ക്കരണം എന്ന് മലയാളം.

ഈ അസത്യവല്‍ക്കരണം അഥവാ not Q കാര്‍ഡ് പരിശോധിക്കല്‍ നമുക്ക് സ്വാഭാവികമായി വരുന്നതല്ല.സത്യാന്വേഷണം അത്ര എളുപ്പമൊന്നുമല്ല.It is a counter intuitive way of thinking.That is why science is 'unnatural'.ശാസ്ത്രീയ ചിന്താരീതി മനസ്സിലാകാണോ എല്ലായ്പ്പോഴും ആ രീതി ഉപയോഗിക്കാനോ വലിയ പ്രയാസം തന്നെയാണ്. കാരണം നമ്മുടെ തലച്ചോര്‍ ഒരു മടിയനാണ്. ആവശ്യമില്ലാതെ എനര്‍ജി ചെലവാക്കാന്‍ അതിനു മടിയാണ്.സ്പിനോസ പതിനേഴാം നൂറ്റാണ്ടില്‍ത്തന്നെ ഇത് പറഞ്ഞിട്ടുണ്ട്.(Spinoza's conjecture-''Mere comprehension of a statement entails the tacit acceptance of its being true, whereas disbelief requires a subsequent process of rejection.'')

"They say that genius is an infinite capacity for taking pains," he remarked with a smile. "It's a very bad definition, but it does apply to detective work."-A Study in Scarlet

തലച്ചോറിനെ മെനക്കെടുത്താനുള്ള മനഃസ്ഥിതി ശാസ്ത്രീയാന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. സാം ഹാരീസും കൂട്ടരും നടത്തിയ ഒരു പഠനമുണ്ട്.ശരിയായതും തെറ്റായതും ശരിയോ തെറ്റോ എന്ന് കൃത്യമായി അറിയാത്തതുമായ പ്രസ്താവനകളോട് ആളുകളുടെ പ്രതികരണത്തിന്റെ വേഗതയാണ് പഠന വിഷയം.They found that we tend to process known information very quickly while we process false or uncertain statements more slowly. ഉത്തരം അറിഞ്ഞുകൂടാത്ത പ്രസ്താവനകളില്‍ തീരുമാനമെടുക്കുന്ന പ്രോസ്സസ് നടക്കുന്നത് തലച്ചോറില്‍ അറപ്പും വേദനയും പ്രോസ്സസ് ചെയ്യുന്ന ഭാഗങ്ങളിലാണെന്നും കണ്ടു (left inferior frontal gyrus, anterior insula, and dorsal anterior cingulate).ഒരു കാര്യത്തേക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടിവരുന്നത്‌ നല്ല വേദനിപ്പിക്കുന്ന അനുഭവമാണെന്ന്. !!.. 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന കവിവക്യത്തിന് ഒരു ന്യൂറോസയന്‍സ് വ്യാഖ്യാനം.:-) ചുമ്മാ വിശ്വസിക്കലാണ് സുഖമുള്ള കാര്യം.Ignorance is bliss എന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതെയല്ല.

''The emotional qualities are atagonistic to clear reasoning.''-The Sign of Four
---------------------------------------------------------------------------------

നമ്മുടെ ശ്രീ ശ്രീ രവിശങ്കര്‍ കുറെ ഐ.ഐ.ടി പിള്ളേരുടെ മുന്നില്‍ കാണിച്ച ആ അത്ഭുത വിദ്യ (എണ്ണ പുരട്ടി ശക്തി വര്‍ദ്ധിപ്പിക്കുന്ന വിദ്യ.) നെറ്റില്‍ പ്രശസ്തമാണല്ലോ.അതിനെ വിമര്‍ശിച്ച എത്ര പേര്‍ക്ക് പക്ഷേ രവിശങ്കറിന്റെ അവകാശ വാദം ശരിക്കും എന്തുകൊണ്ട് തെറ്റാണ് എന്നു പറയാന്‍ കഴിയും?അത് എങ്ങിനെ പരീക്ഷിക്കാന്‍ കഴിയും എന്ന് പറയാന്‍ കഴിയും? ( രവിശങ്കര്‍ അവിശ്വാസികളുടെ അവിശ്വാസം പോലും വെറും വിശ്വാസം മാത്രമാണ്.അത് സാധൂകരിക്കാനുള്ള logical tools അവന്റെ കൈവശമില്ല,ഉണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ അറിയുകയുമില്ല.)

ഒരു അത്ഭുത എണ്ണ ഉപയോഗിച്ചാല്‍ പേശീബലം കൂടും എന്നാണ് രവിശങ്കര്‍ ക്യാമ്പിന്റെ അവകാശ വാദം.If you use ''magic oil'' then your muscle power will increase.ഒരു ടിപിക്കല്‍ 'എങ്കില്‍' പ്രസ്താവന (if-then statement).ശരി നമ്മുടെ കാര്‍ഡുകള്‍ നിരത്താം.ഏതൊക്കെ കാര്‍ഡുകളാണ് പരിശോധിക്കേണ്ടത്? സ്റ്റേജില്‍ ചില ഐ.ഐ.ടി കുട്ടന്മാര്‍ ചെയ്തതുപോലെ അവര്‍ തന്നെ പരസ്പരം എണ്ണ തേച്ചുനോക്കിയാല്‍ മതിയോ?അതായത് എണ്ണ എന്ന കാര്‍ഡ് മാത്രം നോക്കിയാല്‍ മതിയോ?അത്ഭുത എണ്ണ ഉപയോഗിച്ചാല്‍ പേശീബലം കൂടും എന്നാണ് അവകാശവാദം.അതാണ്‌ പരിശോധിക്കേണ്ടത്. പിള്ളേര് രവിശങ്കറിനെ ഒഴിവാക്കുക മാത്രമാണ് ചെയ്തത് (അതായത് രവിശങ്കര്‍ കള്ളത്തരം കാട്ടുന്നുണ്ടോ എന്നുമാത്രമേ അതില്‍നിന്ന് വ്യക്തമാകൂ.)എണ്ണയില്ലാതെയും പേശിബലം കൂടുമോ എന്നാണ് ഏറ്റവും ചുരുങ്ങിയ പക്ഷം പരിശോധിക്കേണ്ടിയിരുന്നത്. Not Q കാര്‍ഡ് നോക്കാന്‍,അതായത്,ആ എണ്ണയില്ലാതെ തന്നെ പേശീബലം കൂടുമോ എന്നുനോക്കാന്‍ അവന്മാര്‍ക്ക് തോന്നാഞ്ഞതെന്തെ?

''Let us hear the suspicions.I will look after the proofs.''-The Adventure of the Three Students

ഫേസ്ബുക്കിലും മറ്റും രവിശങ്കര്‍ വിമര്‍ശനങ്ങള്‍ ലൈക്കിയും ഷെയറിയും രവിശങ്കര്‍ വധം ആഘോഷിച്ചവരില്‍ നല്ലൊരു ഭാഗം പക്ഷേ ഇതേപോലെ തന്നെ പരിഹാസ്യമായ ഹോമിയോപ്പതി മരുന്നിലും ആദിവാസി മരുന്നിലും യോഗയിലുമൊക്കെ വിശ്വസിക്കുന്നവരാണ്. ആവക വിശ്വാസങ്ങളും ഇതുപോലെ പരിശോധിക്കാന്‍ ഇവര്‍ തയ്യാറാകുമോ?ഹോമിയോയില്‍ ക്യാന്‍സറിനു മരുന്നുണ്ട്,ഹോമിയോ ഉപയോഗിച്ചാല്‍ രോഗം മാറും എന്ന ഒരു ടിപിക്കല്‍ 'എങ്കില്‍' പ്രസ്താവന (if-then statement)നോക്കാം.നമ്മള്‍ ഇതെങ്ങിനെ പരീക്ഷിക്കും?

കുറെ രോഗികളെ നാല് ഗ്രൂപ്പുകളായി തിരിക്കാം.അവരെ പ്രതിനിധീകരിക്കുന്ന ആ നാല് കാര്‍ഡുകള്‍ ഇവയാണ്.(1) homeo (2) no homeo (3) cure (4) no cure.ഇതിന്റെ സത്യമറിയാന്‍ ഏതൊക്കെ കാര്‍ഡുകള്‍ പരിശോധിക്കണം?മിക്കവാറും എല്ലാവരും ചെയ്യുന്ന പോലെ ഹോമിയോ മരുന്ന് ഉപയോഗിച്ചവരുടെ ക്യാന്‍സര്‍ മാറിയോ എന്നുമാത്രം നോക്കിയാല്‍ മതിയോ?നമ്മുടെ നിയമം ഓര്‍ക്കുക.P,not Q കാര്‍ഡുകളാണ് നമ്മള്‍ പരിശോധിക്കേണ്ടത്.ഏറ്റവും ചുരുങ്ങിയത് ക്യാന്‍സര്‍ മാറാത്തവരും ഹോമിയോ ഉപയോഗിച്ചിരുന്നോ,അല്ലെങ്കില്‍ ഹോമിയോ മരുന്ന് ഉപയോഗിച്ചിട്ടും ക്യാന്‍സര്‍ മാറാത്തവരുണ്ടോ എന്നെങ്കിലും പരിശോധിക്കണം.

''We balance probabilities and choose the most likely.It is the scientific use of the imagination.''-The Hound of the Baskervilles

ഇത് നമുക്ക് കള്ളികള്‍ വരച്ചു വിവിധ സാധ്യതകള്‍ പരിശോധിക്കാം.കോളം A മാത്രം അറിഞ്ഞതുകൊണ്ട്‌ ഒരു കാര്യവുമില്ല.കോളം D കൂടി കിട്ടിയാലും പോര.ആ നാല് കോളങ്ങളിലേയും ഡാറ്റ കിട്ടിയാലെ ഒക്കൂ.നമുക്ക് ശരിക്ക് അറിയേണ്ടത് B,C കോളങ്ങളെക്കുറിച്ചാണ്.നമ്മള്‍ താരതമ്യം ചെയ്യേണ്ടത് A/A+B യും C/C+D യുമാണ്‌.ആനുപാതികമായി ഏതാണ് കൂടുതല്‍ എന്നാണു അറിയേണ്ടത്.A കോളവും D കോളവും ബന്ധപ്പെട്ടിരിക്കുന്നു അഥവാ ഒന്നിന്റെ സത്യാവസ്ഥ മറ്റേതിന്റെ സത്യാവസ്ഥ സൂചിപ്പിക്കുന്നു എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്.If P then Q എന്ന് പറയുമ്പോള്‍ if,not P then, not Q എന്ന് അതില്‍നിന്നു അനുമാനിക്കാനാകില്ല.അതിനെ എഴുതാപ്പുറം വായിക്കുക എന്ന് നാടന്‍ ഭാഷയില്‍ പറയാം.

അതാണ്‌ നമ്മുടെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്,"നീ വലിയവനാണ് എന്നു കരുതി ഞാന്‍ ചെറിയവനാകണമെന്നില്ല".:-) കാര്‍ഡുകള്‍ നോക്കുക....(1) നീ (2) ഞാന്‍ (3) വലിയവന്‍ (4) ചെറിയവന്‍.''നീ'' കാര്‍ഡിന്റെ പുറകില്‍ എന്തായായാലും ''ഞാന്‍'' കാര്‍ഡിന്റെ അവസ്ഥ അതില്‍നിന്നു മനസ്സിലാക്കാനാവില്ല.(അയാളത് അറിഞ്ഞിട്ടു പറയുന്നതാണോ എന്നറിയില്ല പക്ഷേ അയാളുടെ പല ഡയലോഗുകളിലും അസാധാരണമായ യുക്തിയുണ്ട്.ഒരു കോഴിയുടെ നിറം കറുപ്പണെന്ന് കരുതി അത് ഇടുന്ന മുട്ടയുടെ  നിറം കറുപ്പാണെന്ന് തെറ്റിദ്ധരികരുത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.അതിന്റെ ലോജിക്കല്‍ മാനങ്ങള്‍ സ്വയം ആലോചിച്ചു നോക്കുക.He is cautioning us against committing the 'fallacy of composition'.:-))

''Education never ends Watson. It is a series of lessons with the greatest for the last.''-The Red Circle

(പിന്‍വാതിലിലൂടെ  ഹോമിയോയെയും മറ്റും ശാസ്ത്രമായി സ്ഥാനകയറ്റം നല്‍കി അകത്തുകടത്താന്‍ ശ്രമിക്കുന്നവര്‍ സ്ഥിരം ഉന്നയിക്കുന്ന ഒരു വാദമുണ്ട്.100 % ഫലം ആര്‍ക്കു നല്‍കാന്‍ പറ്റും....? മോഡേണ്‍ മെഡിസിന്‍ ആയാലും നൂറു ശതമാനം ഫലപ്രാപ്തിയൊന്നും ഉണ്ടാകാറില്ലല്ലോ എന്ന്.നൂറു ശതമാനമൊന്നും ആരും ആവശ്യപ്പെടുന്നില്ല.അങ്ങനെ ഒരു ആവശ്യം നിലവിലുണ്ട് എന്ന് നടിക്കുന്നത് ഒരു വൈക്കോല്‍ മനുഷ്യ വാദമാണ്-strawman argument.നൂറല്ലെങ്കിലും എത്ര ശതമാനമാണ് വിജയമായി കണക്കാക്കുക എന്നൊരു തീരുമാനം വേണ്ടെ?അതാണ്‌ ഈ  A/A+B യും C/C+Dയും.)

''To let the brain work without sufficient material is like racing an engine. It racks itself to pieces.''-The Adventure of the Devil's Foot

''ലവണതൈലം ഉപയോഗിച്ചാല്‍ വണ്ണം കുറയും'' എന്ന ഒരു ടിപിക്കല്‍ 'എങ്കില്‍' പ്രസ്താവനയുടെ സത്യമറിയാന്‍ ഏതൊക്കെ കാര്‍ഡുകള്‍ പരിശോധിക്കണം?നാല് കാര്‍ഡുകള്‍...(1) ലവണതൈലം (2)ലവണതൈലം ഇല്ല (3) വണ്ണം കുറഞ്ഞവര്‍ (4) വണ്ണം കുറയാത്തവര്‍. മിക്കവാറും ലവണതൈല വിശ്വാസികള്‍  ചെയ്യുന്ന പോലെ ലവണതൈലം ഉപയോഗിച്ച് വണ്ണം കുറഞ്ഞോ എന്നുമാത്രം നോക്കിയാല്‍ മതിയോ?നമ്മുടെ നിയമം ഓര്‍ക്കുക.If P implies Q,then check P and not Q. ലവണതൈലം ഉപയോഗിച്ചിട്ടും വണ്ണം കുറയാത്തവരുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അവരെക്കുറിച്ചുള്ള വിവരമാണ് പ്രധാനം.

ലവണതൈലം 'മോഡേണ്‍' ആയുര്‍വേദമായതുകൊണ്ടായിരിക്കാം അത് അശാസ്ത്രീയമാണെന്ന് ഒരു വേസണ്‍ സായിപ്പിന്റെയും സഹായമില്ലാതെ വിശ്വസിക്കുന്നവര്‍ പോലും താളിയോലയിലെ ആയുര്‍വേദവും,പ്രകൃതി ചികിത്സയും,ഹോമിയോയും ഒക്കെ ശാസ്ത്രീയമാണെന്ന് കരുതുന്നവരാണ്. തനിക്ക് പ്രീയപ്പെട്ട വിശ്വാസങ്ങളുടെ കാര്യം വരുമ്പോള്‍ സ്വാനുഭവങ്ങള്‍ ശാസ്ത്രത്തിനു ഒപ്പം നില്‍ക്കുന്നതാണ് എന്നാണു വാദം.ഒരു തെളിവും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട.എന്റെ വിശ്വാസങ്ങളെല്ലാം ശാസ്ത്രം.നിന്റേത് വെറും അന്ധവിശ്വാസങ്ങള്‍ അശാസ്ത്രീയം.അതാണ്‌ ചില യുക്തിവാദികളുടെ പോലും രീതി.:-)

''There should be no combination of events for which the wit of man cannot conceive an explanation.''-The Valley of Fear

പലപ്പോഴും P കാര്‍ഡ് നോക്കുന്നതോടുകൂടി not Q കാര്‍ഡ് നോക്കാനുള്ള അവസരവും ഇല്ലാതാകും എന്നൊരു പ്രശ്നം കൂടിയുണ്ട്. വ്യക്തിപരമായ അനുഭവങ്ങള്‍ സത്യമായി ശാസ്ത്രം പരിഗണിക്കാത്തതിന്റെ കാരണം ഇതാണ്.'അനുഭവം ഗുരു' എന്നത് ശാസ്ത്രീയ നിലപാടല്ല.'Data' is not the plural of 'anecdote.' :-) ഉദാഹരണത്തിന് യോഗ ചെയ്താല്‍ പ്രമേഹം ശമിക്കും എന്ന് വ്യക്തിപരമായ അനുഭവത്തിലൂടെ മാത്രം ഒരാള്‍ക്ക് തെളിയിക്കാന്‍ സാധ്യമല്ല.അത് തെളിയിക്കാന്‍ ഒരാള്‍ യോഗ ചെയ്തു സ്വയം ടെസ്റ്റ്‌ ചെയ്യുന്നു എന്ന് കരുതുക.യോഗ ചെയ്യുന്നതോടു കൂടി അത് ചെയ്യാതിരുന്നാലും(all other things being equal) പ്രമേഹം ശമിക്കുമോ (not Q) എന്ന് പരീക്ഷിക്കാനുള്ള അവസരം ഇല്ലാതാകുകയാണ് ചെയ്യുന്നത്.നിങ്ങള്‍ക്ക് ഒരേ സമയം P യും not Q യും പരിശോധിക്കാന്‍ സാധ്യമല്ല.ഒരു തരം uncertainty principle.അതിനാല്‍തന്നെ സ്വാനുഭവം ഒരിക്കലും ശാസ്ത്രീയ തെളിവാകാനും സാധ്യമല്ല.ശാസ്ത്രീയമായ തെളിവാകണമെങ്കില്‍ യോഗ ചെയ്യാഞ്ഞിട്ടും പ്രമേഹം മാറിയവരുടെ അനുഭവം കൂടി കണക്കാക്കണം.സത്യത്തില്‍ അതൊരു നിസ്സാര കാര്യമല്ല.ഈ not Q കാര്‍ഡ് ഇല്ലാതെ നിങ്ങളുടെ പഠനം ഒന്നുമല്ല.

"It has long been an axiom of mine that the little things are infinitely the most important."-A Case of Identity

നാല്‍പതു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ഒരു പരാജയമാണെന്ന്  മൂവായിരത്തിലേറെ ഹൃദ്രോഗികളെ കണ്ടു പരിചയമുള്ള ഒരു കാര്‍ഡിയോളജിസ്റ്റ് പറയുന്നു. അതെങ്ങനെ അദ്ദേഹത്തിന് മനസ്സിലായി?ഒരു രോഗിക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു കഴിഞ്ഞാല്‍ അയാള്‍ക്ക്‌ മറ്റൊരു ചികിത്സയായിരുന്നു കൂടുതല്‍ ഫലപ്രദമാകുമായിരുന്നത് എന്ന് എങ്ങിനെ അറിയും?അഥവാ ആന്‍ജിയോപ്ലാസ്റ്റി ചികിത്സ100% പരാജയമാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ പോലും മറ്റൊരു ചികിത്സ ഗുണകരമായിരിക്കും എന്ന് സ്വാനുഭവത്തില്‍ നിന്ന് അനുമാനിക്കാന്‍ കഴിയില്ല.സ്വാനുഭവങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള ഒരു ഉപാധിയല്ല. അതിനു കാരണം not Q കാര്‍ഡ് നോക്കാനുള്ള അവസരം അതോടെ ഇല്ലാതാകുന്നു.അത്രതന്നെ.

"The world is full of obvious things which nobody by any chance ever observes."-The Hound of the Baskervilles

P കാര്‍ഡ് നോക്കല്‍ ഒട്ടും അധ്വാനം വേണ്ട പണിയല്ല എന്നതുകൊണ്ട്‌ പലരുടെയും 'സത്യാന്വേഷണം' P കാര്‍ഡ് നോക്കുന്നതില്‍ തീരും.സത്യം അറിയുക എന്നതിനേക്കാള്‍ എളുപ്പമുള്ളതു ചെയ്യുക എന്ന രീതി.ഇതിനെ ഞാന്‍ Mulla's gold coin fallacy എന്ന് വിളിക്കും.ഒരു മുള്ളാ നസറുദ്ദീന്‍ കഥയുണ്ട്....ഒരു രാത്രി മുള്ള ഒരു തെരുവുവിളക്കിന്റെ താഴെ കുത്തിയിരുന്ന് എന്തോ തെരയുകയാണ്.കുറെ കഴിഞ്ഞപ്പോളേക്കും ആളുകള്‍ ചുറ്റും കൂടി.അന്വേഷിച്ചപ്പോള്‍ മുള്ളയുടെ ഒരു സ്വര്‍ണ്ണ നാണയം കളഞ്ഞു പോയിരിക്കുന്നു.അവരും തെരയാന്‍ കൂടി.സമയം ഏറെ കഴിഞ്ഞിട്ടും നാണയം കിട്ടുന്നില്ല.ഒടുവില്‍ ഒരാള്‍ ചോദിച്ചു,''ഇവിടെത്തന്നെയാണോ നാണയം കളഞ്ഞു പോയത്''?മുള്ള പറഞ്ഞു,''ഇവിടെയല്ല,കുറച്ചപ്പുറത്താണ് നാണയം പോയത്.'' ആളുകള്‍ക്ക് കലി കയറി.''പിന്നെന്തിനാണ് ഇവിടെ തെരയുന്നത്''?അവര്‍ ചോദിച്ചു.മുള്ള ശാന്തനായി പറഞ്ഞു, ''ഇവിടെ നല്ല വെളിച്ചമുണ്ട്.തെരയാന്‍ എളുപ്പമാണല്ലോ എന്ന് കരുതിയാണ്''.ഇതാണ്  Mulla's gold coin fallacy.ഉത്തരം ഉണ്ടാകാന്‍ സാധ്യതയുള്ള, പ്രയാസമുള്ളിടത്ത് തെരയുന്നതിനു പകരം തെരയാന്‍ സൌകര്യമുള്ളിടത്ത് തെരയുക.

"I have already explained to you that what is out of the common is usually a guide rather" than a hindrance."-A Study in Scarlet
---------------------------------------------------------------------------------

ഇനി നമുക്ക് വേസണ്‍ സെലക്ഷന്‍ പ്രയോഗിക്കാവുന്ന  കുപ്രസിദ്ധമായ ഒട്ടും 'പൊളിറ്റിക്കലി കകറക്റ്റ്' അല്ലാത്ത ഒരു പ്രസ്താവന നോക്കാം.''എല്ലാ മുസ്ലിംകളും തീവ്രവാദികള്‍ അല്ലെങ്കിലും എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണ്.''ഒരു പ്രതേക സമുദായത്തിലെ പിറന്നത് കാരണം ആരും തീവ്രവാദി ആയി മുദ്രകുത്തപ്പെടരുത് എന്ന സുപ്രീം കോടതിയും പറയുന്നുണ്ട്.ഒരാള്‍ തീവ്രവാദിയാണെങ്കില്‍ അയാള്‍ മുസ്ലീം ആയിരിക്കും എന്ന ആ പ്രസ്താവന ഒന്ന് വിശകലനം ചെയ്തുനോക്കാം.നമ്മുടെ കാര്‍ഡുകള്‍....(1) TERRORIST (2) NON TERRORIST(3) MUSLIM (4) NON MUSLIM. പിടിക്കപ്പെടുന്ന തീവ്രവാദികളെല്ലാം മുസ്ലീങ്ങളാണോ എന്നുമാത്രം നോക്കിയാല്‍ മതിയോ?എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണ് എന്ന പ്രസ്താവനയുടെ സത്യാവസ്ഥ അറിയാന്‍ നമുക്ക് വേണ്ടത് പിടിക്കപ്പെടുന്ന തീവ്രവാദികളില്‍ എത്ര മുസ്ലിങ്ങള്‍ ഉണ്ട് എന്നതു മാത്രമല്ല മുസ്ലീങ്ങളല്ലാത്ത തീവ്രവാദികളുടെയും കണക്കാണ്.യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ കണക്കു പ്രകാരം ലോകത്തുള്ള തീവ്രവാദ സംഘടനകളുടെ പേരുവിവരങ്ങള്‍ ഇവിടെ ഉണ്ട്.Foreign Terrorist Organizations. ബാക്കി നിങ്ങള്‍ കണ്ടുപിടിച്ചുകൊള്ളുക.

"It is of the highest importance in the art of detection to be able to recognize, out of a number of facts, which are incidental and which vital. Otherwise your energy and attention must be dissipated instead of being concentrated."-The Reigate Puzzle

ഈയിടെ ''ശ്രീകൃഷ്ണന്റെ ജന്മാഷ്ടമിയോടനുബന്ധിച്ച് നടന്നുവരുന്ന ശോഭായാത്രകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഭാവിയില്‍ തീവ്രവാദികളായി മാറും.''എന്ന് ഒരു മന്ത്രി ഒരു  വിവാദ പ്രസ്താവന നടത്തിയിരുന്നു.നമ്മുടെ കാര്‍ഡുകള്‍.......(1) ശോഭായാത്രയില്‍ പങ്കെടുക്കുന്നവര്‍ (2) പങ്കെടുക്കാത്തവര്‍ (3) തീവ്രവാദികളായി മാറുന്നവര്‍ (4) മാറാത്തവര്‍. നമുക്ക് അറിയേണ്ടത് ശോഭായാത്രയില്‍ പങ്കെടുക്കുന്ന എത്രപേര്‍ പിന്നീട് തീവ്രവാദിയായി എന്ന് മാത്രമല്ല,പങ്കെടുത്തിട്ടും തീവ്രവാദിയാകാത്തവരുടെ കണക്കും അറിയണം.ഇതാ ഈ ചിത്രം നോക്കുക.വലിയ വൃത്തം ശോഭായാത്രയില്‍ പങ്കെടുക്കുന്നവരും ചെറിയ വൃത്തം പിന്നീട് തീവ്രവാദികളാകാന്‍ സാധ്യതയുള്ളവരും.ശോഭായാത്രയില്‍ പങ്കെടുക്കുന്നബഹുഭൂരിപക്ഷവും തീവ്രവാദികളൊന്നും ആകുന്നില്ല.രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധം ശരിക്കും ഉണ്ടെങ്കില്‍ അത് തിരിച്ചറിയാന്‍ അല്‍പ്പം കണക്ക് ഉപയോഗിക്കണം.ചുമ്മാ ബന്ധമുണ്ടെന്ന് തോന്നിയാല്‍ പോരാ.It will not be immediately obvious.It will need more sophisticated mathematical tools.

''It is a capital mistake to theorise in advance of the facts.''- The Adventure of the Second Stain

ഇതിനു സമാനമായ മറ്റൊരു നല്ല ഉദാഹരണം പുകവലിയും ക്യാന്‍സറും തമ്മിലുള്ള ബന്ധമാണ്. പുക വലിക്കുന്നവര്‍ പിന്നീട് ശ്വാസകോശഅര്‍ബ്ബുദ രോഗികളാകും എന്ന നിഗമനത്തിലെത്താന്‍ ചുമ്മാ നിരീക്ഷിച്ചാല്‍ ഒന്നും അറിയാന്‍ പറ്റില്ല.പുക വലിക്കുന്ന ഭൂരിഭാഗം പേരും ക്യാന്‍സര്‍ രോഗികളാകുന്നില്ല എന്നത് തന്നെ കാരണം.(പുകവലി ക്യാന്‍സര്‍ ബന്ധം വിശ്വസിക്കാന്‍ ആഗ്രഹിക്കാത്ത പുകവലി വിശ്വാസികള്‍ സ്ഥിരം ഉന്നയിക്കുന്ന ഒരു വാദവും ഇതാണ്.) അത്തരമൊരു ബന്ധം തെളിയിക്കാന്‍ കൂടുതല്‍ പഠനം വേണ്ടിവരും.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലത്തിടത്തോളം മദ്രസ്സയില്‍ പോകുന്നവരെല്ലാം തീവ്രവാദികളാകും എന്ന് പറയുന്ന പോലുള്ള ഒരു അസംബന്ധമായേ ഈ 'ജന്മാഷ്ടമി തീവ്രവാദ ബന്ധം' കരുതാനാകൂ.
---------------------------------------------------------------------------

''It is a capital mistake to theorize before one has data.Insensibly one begins to twist facts to suit theories, instead of theories to suit facts.''- A Scandal in Bohemia

ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് വളരെ പ്രധാനപ്പെട്ട ഒരു വിശുദ്ധ പശുവിനെക്കൂടി കൊന്ന് ബീഫ് ഫ്രൈ ആക്കാം. :-) നമ്മുടെ എന്‍ഡോസള്‍ഫാന്‍ തന്നെ.നമ്മുടെ മാനവിക വാദികള്‍ക്ക് കേള്‍ക്കുമ്പോള്‍ ചോര തിളയ്ക്കുന്ന വിഷയം.എന്‍ഡോസള്‍ഫാന്‍ നമ്മുടെയിടയില്‍ 'പോളണ്ട്' പോലെയാണ്.അതെക്കുറിച്ച് ആരും അങ്ങനെ ഒന്നും പറയാന്‍ പാടില്ല. അംഗീകരിക്കപ്പെട്ട പ്രതികരണമുണ്ട്.അത് മാത്രമേ പാടൂ.ഇതുവരെ ഈ പോസ്റ്റില്‍ പറയുന്നതെല്ലാം തല കുലുക്കി സമ്മതിച്ചവര്‍ പലരും ഇവിടം മുതല്‍ കാലുമാറും.ഈ വേസണ്‍ സായിപ്പിന്റെ പരിപാടി അങ്ങനെ വിശ്വാസത്തിലെടുക്കണോ?:-)) കാസര്‍കോട്ടെ ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തന്നെയാണ് എന്നത് സര്‍വ്വരും മറുചോദ്യമില്ലാതെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.

''എന്‍ഡോസള്‍ഫാന്‍ തളിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും''.''If you spray endosufan,people will have health problems'' എന്ന ഈ 'എങ്കില്‍' പ്രസ്താവന (if-then statement) നോക്കാം.If P,then Q ഫോര്‍മാറ്റിലുള്ള ഒരു പ്രസ്താവന.നിലവിലുള്ള തെളിവുകള്‍ വച്ച് ഈ അനുമാനം അംഗീകരിക്കാമോ?ശരി,...നമ്മള്‍ ഇത് പഠിക്കാന്‍ തീരുമാനിക്കുന്നു.നാല് പ്രദേശങ്ങള്‍ തിരഞ്ഞെടുക്കുന്നു.ആ നാല് സ്ഥലങ്ങളെ പ്രതിനിധീകരിക്കുന്ന നമ്മുടെ കാര്‍ഡുകള്‍ ഇതാണ്......(1) unhealth (2) health (3) endosulfan (4) no endosulfan.സത്യമറിയാന്‍ ഏതൊക്കെ കാര്‍ഡുകള്‍ പരിശോധിക്കണം?ആരോഗ്യപ്രശ്നങ്ങളുള്ളിടത്ത് എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നോ (കാര്‍ഡ് P)എന്നുമാത്രം അറിഞ്ഞാല്‍ മതിയോ?അതോ എന്‍ഡോസള്‍ഫാന്‍ തളിച്ചിടത്ത് രോഗമുണ്ടോ (കാര്‍ഡ് Q)എന്ന് നോക്കിയാലും അന്വേഷണം മുഴുവനായോ?നമ്മുടെ not Q കാര്‍ഡ് എന്ത് പറയുന്നു എന്നറിയണ്ടെ?

വേസണ്‍ സായിപ്പിന്റെ കാര്‍ഡുകളേക്കുറിച്ചും അസത്യവല്‍ക്കരണത്തേക്കുറിച്ചും നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ not Q കാര്‍ഡ് അറിയണമെന്ന് നിര്‍ബന്ധം പിടിക്കും.അതായത് എന്‍ഡോസള്‍ഫാന്‍ ഇല്ലാത്ത സ്ഥലങ്ങളിലും ഇതേ അളവില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടോ?അതൊരു പത്തുലക്ഷം പണത്തിന്റെ ചോദ്യമാണ്...a million dollar question.എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത സമാനമായ സ്ഥലങ്ങളിലും ഇതേ അളവില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ തീര്‍ന്നില്ലെ നമ്മുടെ 'എങ്കില്‍' പ്രസ്താവനയുടെ സത്യമൂല്യം?(truth value)

''It is a capital mistake to theorize before you have all the evidence. It biases the judgment.''-A Study in Scarlet

നേരത്തെപ്പോലെ നമുക്ക് അത് ഇങ്ങനെ കള്ളികള്‍ വരച്ചു നോക്കാം.ചിത്രം നോക്കുക.എല്ലാവരും എന്‍ഡോസള്‍ഫാനെ പ്രതിയാക്കികൊണ്ടുള്ള പഠനങ്ങളില്‍ (അത് നാട്ടിന്‍പ്പുറത്തെ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബുകള്‍ മുതല്‍ കേന്ദ്ര ഗവേര്‍മെന്റ്റ് ഏജന്‍സികള്‍ വരെ ഇരകളുടെ വീട് കയറി കണക്കെടുത്തിട്ടുണ്ട്. പൊതുജനത്തിനു എല്ലാം 'ശാസ്ത്രീയ പഠനം'തന്നെ.) A കോളം നോക്കിയിട്ടുണ്ട്.ചിലര്‍ പരമാവധി D കോളം കൂടി നോക്കുമായിരിക്കും. ഏതൊക്കെ പഠനങ്ങളിലാണ് നമ്മുടെ not Q കാര്‍ഡ് പരിശോധിച്ചിട്ടുള്ളത്? A കോളത്തോളം തന്നെ പ്രാധാന്യം മറ്റു രണ്ടു കോളങ്ങള്‍ക്കുമുണ്ട്(കോളം B,C) അതായത് എന്‍ഡോസള്‍ഫാന്‍ തളിച്ചിടത്തെ ആരോഗ്യമുള്ളവരുടെയും എന്‍ഡോസള്‍ഫാന്‍ ഇല്ലാത്തിടത്തെ രോഗികളുടെയും കണക്കും.നമ്മള്‍ താരതമ്യം ചെയ്യേണ്ടത് A/A+B യും C/C+Dയുമാണ്‌.

''One should always look for a possible alternative, and provide against it. It is the first rule of criminal investigation.''-The Adventure of Black Peter

ഷെര്‍ലക് ഹോംസ് പറയുന്ന ഈ തത്വം കുറ്റാന്വേഷണത്തിന്റെ മാത്രമല്ല എല്ലാ സത്യാന്വേഷണത്തിന്റേയും നിയമമാണ്.ആ പ്രദേശത്ത് ഒരാള്‍ക്ക്‌ ശ്വാസം മുട്ടലോ ക്യാന്‍സറോ ഒക്കെ ഉണ്ടെന്നു കരുതുക.ഇതാണ് എന്‍ഡോസള്‍ഫാനെ പ്രതിയാക്കാനുള്ള നമ്മുടെ തെളിവ്. പക്ഷേ ഈ വക അസുഖങ്ങള്‍ ഉണ്ടാകാന്‍ തെളിയിക്കപ്പെട്ട മറ്റനേകം കാരണങ്ങളുണ്ട്. ഉദാഹരണം...പുകവലി.അപ്പോള്‍ സര്‍വ്വസാധാരണമായ ആ കാരണം കൊണ്ടല്ല ഈ കേസില്‍ അസുഖം വന്നത് എന്നാണ് തെളിയിക്കേണ്ടത്.സമാനമായ മറ്റു പ്രദേശങ്ങളിലും ഈ വക അസുഖങ്ങളുടെ വ്യാപകത്വം (prevalence) തുല്യമാണ് എങ്കില്‍ പുതുതായി വിശദീകരണം വേണ്ട ഒന്നും അവിടെയില്ല എന്നനുമാനിക്കാം.ആ പ്രദേശത്ത് കാണുന്ന അസുഖങ്ങള്‍,അത് ഇതിനേക്കാള്‍ കൂടുതല്‍ സാധാരണമാണോ എന്നാണ് അറിയേണ്ടത്.When you hear hoof beats behind you, don't expect a zebra,but a horse എന്ന്  ഡോക്ടര്‍മാരുടെ ഇടയില്‍ പ്രചാരമുള്ള ഒരു ചൊല്ലുണ്ട്.അസാധാരണവും അപൂര്‍വ്വവുമായതിനേക്കാള്‍ സാധ്യത സാധാരണ സംഭവങ്ങള്‍ക്കാണ്.

"I had," he said, "come to an entirely erroneous conclusion, my dear Watson, how dangerous it always is to reason from insufficient data."-The Adventure of the Speckled Band

എന്‍ഡോസള്‍ഫാന്‍ ഇല്ലാത്ത സ്ഥലങ്ങളിലും ഇതേ രോഗങ്ങളുണ്ടോ എന്നത് ആ വക അസുഖങ്ങളുടെ prior probability യാണ്. ഈ വക അസുഖങ്ങളുടെ വ്യാപകത്വം (prevalence) നമുക്ക് നിര്‍ബന്ധമായി അറിഞ്ഞേ ഒക്കൂ.സത്യത്തില്‍ ഈ base rate അറിയാതെ ഒരടി മുന്നോട്ട് പോകാനാവില്ല.ആദ്യം ശരിക്കും അങ്ങനൊരു പ്രശ്നമുണ്ടോ എന്ന് ഉറപ്പാക്കണ്ടെ?എന്നിട്ടല്ലേ അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പറ്റൂ.''Before we try to explain something,we should be sure it actually happened.'' Hyman's maxum എന്നറിയപ്പെടുന്ന ഇതിന്റെ മലയാളം....കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കരുത്.സാമൂഹ്യ പ്രതിബദ്ധത കാട്ടാനുള്ള രീതി അതൊന്നുമല്ല. സിറ്റിസണ്‍ ജേര്‍ണലിസ്റ്റാകാനും കാസര്‍കോട്ടേക്ക് ഒരു ഡിസാസ്റ്റര്‍ ടൂറിസ്റ്റായി പദയാത്ര നടത്തി ഐക്യദാര്‍ഢ്യം കാണിക്കാനും,വികാരം കൊള്ളാനുമൊന്നും വേസണ്‍ സായിപ്പിന്റെ കാര്‍ഡുകളേക്കുറിച്ച് ആലോചിക്കണ്ട.എന്നാല്‍ സത്യം അറിയണമെങ്കില്‍ അത് വേണംതാനും. Once you label something ‘as 'truth' you lock off all inquiry into something that could have been more reasonable.And learn to live with the fact that 'reasonable' need not always be to your liking and your psychological need for identifying a super villain behind all ills.

''I never guess. It is a shocking habit — destructive to the logical faculty.''-The Sign of the Four

എന്‍ഡോസള്‍ഫാന്റെ കഥ തുടങ്ങുന്നത് പ്രദേശത്തെ ഒരു ഡോക്ടര്‍ക്ക് തന്റെ അടുത്ത് വരുന്ന രോഗികളുടെ രോഗത്തിന് കാരണം ഈ എന്‍ഡോസല്ഫാനാണ് എന്നൊരു തോന്നലില്‍ നിന്നാണ്.ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.കൂടുതല്‍ ചോദ്യവും ഉത്തരവും ഒന്നും ഇല്ല.പ്രതി എന്‍ഡോസള്‍ഫാന്‍ തന്നെ.അദ്ദേഹം ചെയ്യേണ്ടിയിരുന്നത് മുകളില്‍ കണ്ടപോലെ ഒരു A/A+B യും C/C+D താരതമ്യമായിരുന്നു.നിലവില്‍ നമ്മുടെ ആക്ടിവിസ്റ്റുകളും ആദ്യം ചെയ്യേണ്ടത് സത്യത്തില്‍ അത്തരമൊരു പ്രശ്നം ആ പ്രദേശത്തുണ്ടോ എന്ന് അറിയുകയാണ്.അല്ലാത്തത് base rate fallacy എന്നറിയപ്പെടുന്ന യുക്തിയാഭാസമാണ്.കാളയുടെ പേറെടുക്കാനുള്ള ശ്രമമാണ്.അവിടെ അസാധാരണമായി എന്തെങ്കിലും ഉണ്ട് എന്ന് ശാസ്ത്രീയമായ തെളിവ് കിട്ടുന്നതുവരെ സമാനമായ സ്ഥലങ്ങളില്‍ കാണുന്നത്ര വൈകല്യങ്ങളും അസുഖങ്ങളും മാത്രമേ അവിടെയും ഉണ്ടാകൂ എന്ന null hypothesis വിശ്വാസിക്കുന്നതാണ് ശരി. ചുരുക്കത്തില്‍ ആ ആരോപണം അസത്യവല്കരണം എന്ന പരീക്ഷയില്‍ പങ്കെടുത്തു അഗ്നിശുദ്ധി തെളിയിച്ചിട്ടില്ല.

"Let me run over the principal steps.We approached the case, you remember, with an absolutely blank mind, which is always an advantage.We had formed no theories. We were simply there to observe and to draw inferences from our observations."-The Adventure of the Cardboard Box

'ഇരകളുടെ' ഫോട്ടോ പ്രദര്‍ശനമൊക്കെ കണ്ടു വികാരം കൊള്ളുന്നവര്‍ ഓര്‍ക്കുക.അത് മുള്ള സ്വര്‍ണ്ണ നാണയം തിരഞ്ഞ പോലെ തെരയാന്‍ സൌകര്യമുള്ളിടത്ത് തെരയുന്ന ''Mulla's gold coin fallacy''യാണ്.അതൊന്നും ശാസ്ത്രത്തിന്റെ അസത്യവല്‍കരണം എന്ന നിയമത്തിന് പകരമല്ല. ഇരകളുടെ എത്ര ഫോട്ടോ ഉണ്ടെങ്കിലും അത് നമ്മുടെ P കാര്‍ഡ് മാത്രമെ ആകുന്നുള്ളൂ.നിങ്ങളുടെ not Q കാര്‍ഡ് എവിടെ? വാദം ഉന്നയിക്കുന്നവര്‍ക്കാണ് തെളിവ് ഹാജരാക്കേണ്ട ബാധ്യതയും. മറിച്ചുള്ളത് Appeal to ignorance എന്ന യുക്തിയാഭാസമാണ്.The claim that whatever has not been proved false must be true.Carl Sagan calls it 'impatience with ambiguity.'(പ്രതിസ്ഥാനത്ത് കീടനാശിനി കമ്പനിയായതുകൊണ്ട്‌ അത്ര തെളിവൊക്കെ മതി,അവരല്ല ഉത്തരവാദികള്‍ എന്ന് അവര്‍ക്ക് വേണമെങ്കില്‍ അവര്‍ തെളിയിക്കട്ടെ എന്നാണെങ്കില്‍ ഒന്നും പറയാനില്ല.)

"Data! Data! Data!" he cried impatiently."I can't make bricks without clay."-The Adventure of the Copper Beeches

എന്‍ഡോസള്‍ഫാന്‍ എതിരാളികളുടെ രസകരമായ ഒരു വാദം ലോകത്ത് പല രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്.ഒരു കാരണവുമില്ലാതെ ഈ രാജ്യങ്ങള്‍ അങ്ങനെ ചെയ്യുമോ എന്നാണു ചോദ്യം.പക്ഷേ സൂക്ഷമായി പരിശോധിച്ചാല്‍ ഈ രാജ്യങ്ങളെല്ലാം ആധാരമാകുന്നത് കാസര്‍കോട്ടെ പ്രശ്നവും.ഇതും മറ്റൊരു ഫാലസിയാണ്.മറ്റൊരു മുള്ളാ നസറുദ്ദീന്‍ ഫാലസി. ഒരിക്കല്‍ ചന്തയിലെ പിള്ളേര്‍ ബഹളം കൂട്ടി മുള്ളാ നസറുദ്ദീനെ ഉപദ്രവിക്കുകയാണ്. ശല്യം ഒഴിവാക്കാന്‍ മുള്ള പറഞ്ഞു...''അമീറിന്റെ വീട്ടില്‍ ഇന്ന് ബിരിയാണി കൊടുക്കുന്നുണ്ട്.'' താമസിയാതെ പിള്ളേര്‍ വഴി വാര്‍ത്ത പരന്നു.ഉറങ്ങിപ്പോയ മുള്ള അല്‍പ്പം കഴിഞ്ഞു നോക്കുമ്പോള്‍ ചന്തയില്‍ നല്ല ബഹളം.എല്ലാവരും അമീറിന്റെ വീട്ടിലേക്ക്‌ പായുകയാണ്. ബിരിയാണി സദ്യയുടെ കാര്യം താന്‍തന്നെ പറഞ്ഞ നുണയാണെങ്കിലും മുള്ളക്കൊരു സംശയം..ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടോ?ഒരു കാരണവുമില്ലാതെ ഇത്രയധികം ആളുകള്‍ ഇങ്ങനെ പരക്കം പായുമോ? തീയില്ലാതെ പുകയുണ്ടാകുമോ? അപ്പൊ ബിരിയാണി കൊടുക്കുന്നുണ്ട് എന്നത് സത്യമായിരിക്കും. ഇതാണ് മുള്ളാ നസറുദ്ദീന്‍ ഫാലസി.താന്‍ തന്നെ തുടങ്ങിവച്ച അടിസ്ഥാനരഹിതമായ ഒരു ആശയം മറ്റുള്ളവര്‍ വിശ്വസിക്കുന്നു എന്ന ന്യായം കൊണ്ട് സ്വയം വിശ്വസിക്കുക.Band wagon fallacy അഥവാ Argumentum ad populum എന്ന യുക്തിയാഭാസത്തിന്റെ മറ്റൊരു രൂപമാണ് ഇത്.

If you find that all your knowledge agrees with what you prefer to be true,....stop,.....take a deep breath,....and think again.It is possible that your are only looking P card.Ask yourself...Where is that 'not Q' card?

പോസ്റ്റ്‌ സ്ക്രിപ്റ്റ്:......എന്‍ഡോസള്‍ഫാനെക്കുറിച്ച് സമാനമായ അഭിപ്രായം (കീടനാശിനി തളിച്ച പ്രദേശത്തും തളിക്കാത്ത പ്രദേശത്തും രോഗാതുരത സമമാണ്.) പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു പേപ്പര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ രണ്ടു പേര്‍ സ്വദേശി ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു എന്ന് ഏഴാം തീയതിയിലെ മാതൃഭൂമിയില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു.രസകരമായ കാര്യം അവരുടെ ഇലക്ട്രോണിക് പത്രത്തില്‍ ഈ വാര്‍ത്ത കാണാനില്ല എന്നതാണ്.ഏതെങ്കിലും സബ് എഡിറ്ററുടെ അശ്രദ്ധകൊണ്ട് പേപ്പറില്‍ വന്നുപോയ വാര്‍ത്ത പിന്നീട് മുക്കിയതായിരിക്കുമോ? 'അംഗീകൃത സത്യ'ത്തിനെതിരായുള്ള വാര്‍ത്തകളെല്ലാം മറച്ചുവയ്ക്കാനുള്ള ശ്രമാണോ ഇത്?എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണ് എന്നത് ശാസ്ത്രത്തിന്റെ ഏകാഭിപ്രായമാണ് എല്ലാം സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞു എന്ന് വരുത്താന്‍?(കോണ്‍സ്പിരസി തിയറികള്‍ ആരുടെയും കുത്തകയൊന്നുമല്ലല്ലോ?:-))

ഇതാ ഇപ്പോള്‍ നമ്മുടെ കൃഷിമന്ത്രിയുടെ ഒരു പ്രസ്താവന കാണുന്നു.....ആ പേപ്പര്‍ അവതരിപ്പിച്ച കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ആ രണ്ടു അധ്യാപകരെ ശിക്ഷിക്കുമെന്ന്...!!!..അവര്‍ക്ക് ബുദ്ധി കൂടിപോയതിന്റെ തകരാറാണത്രെ.ശരിക്കും അതൊരു കുറ്റമാണോ?അവര്‍ പറഞ്ഞത് ശരിയോ തെറ്റോ ആകട്ടെ.അവര്‍ കാര്യകാരണ സഹിതമാണ് അവരുടെ ബോധ്യം അവതരിപ്പിച്ചത്.അതായത് ശാസ്ത്രത്തിനു നിരക്കുന്ന തരത്തില്‍.വേണ്ടിടത്തും വേണ്ടാത്തിടത്തും കത്തോലിക്കാ സഭ ഗലീലിയോവിനെ പീഡിപ്പിച്ചതും ബ്രൂണോയെ ചുട്ടുകൊന്നതും വിളമ്പുന്ന പുരോഗമന യുക്തിവാദികള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും 'അംഗീകൃത സത്യ'മല്ലാത്തത് പറയുന്നവരെ ശിക്ഷിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു?സയന്‍സിന്റെ സംസ്കാരം,ശാസ്തീയരീതി (scientific method) അതിന്റെ കണിശത ഒക്കെ നമുക്കിന്നും അന്യമാണ് എന്നതാണ് സത്യം.

"Detection is, or ought to be, an exact science, and should be treated in the same cold and unemotional manner."-The Sign of Four

ഈ പോസ്റ്റിന്റെ ഇടയില്‍ പുട്ടിനു തേങ്ങ പോലെ കാണപ്പെടുന്ന ഉദ്ധരണികളെല്ലാം കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകളില്‍നിന്ന്.വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കാലത്ത് കാണാപ്പാഠമായിരുന്ന ഹോംസ് കഥകള്‍ വീണ്ടും വായിച്ചു.തന്റെ സൃഷ്ടിയായ ഹോംസിന്റെ അത്ര ബുദ്ധിവൈഭവം സൃഷ്ടാവായ കോനന്‍ ഡോയലിനില്ല എന്നത് കൌതുകകരമായിതോന്നി. ആത്മാവിലും അതീന്ത്രിയ ശക്തികളിലുമൊക്ക തെളിവ് സഹിതം വിശ്വസിച്ചിരുന്ന കോനന്‍ ഡോയല്‍ താന്‍ ഹോംസിന്റെ വായില്‍ തിരുകുന്ന ഡയലോഗുകള്‍ സ്വന്തം ചിന്താരീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.

നിങ്ങള്‍ക്ക് വേസണ്‍ സെലക്ഷന്‍ ടാസ്ക് മനസ്സിലായോ എന്നറിയാന്‍ ഹോം വര്‍ക്ക്‌......;-)

-#- മതവിശ്വാസമാണ് ധാര്‍മ്മികതയുടെ അടിസ്ഥാനം,മതമുണ്ടെങ്കിലേ ധാര്‍മ്മികതയുണ്ടാകൂ എന്ന വിശ്വാസികളുടെ if -then പ്രസ്താവനയുടെ സത്യസ്ഥിതി അറിയാന്‍ നിങ്ങള്‍ ഏതൊക്കെ കാര്‍ഡുകള്‍ നോക്കണം?നമ്മുടെ കാര്‍ഡുകള്‍.....(1) ethical behavior (2) unethical behavior (3) religion (4) no religion.

-#- ഇനി മതമില്ലായ്മയില്‍ നിന്നാണ് അധാര്‍മ്മികതയുണ്ടാകുന്നത് എന്ന വിശ്വാസികളുടെ പ്രസ്താവനയുടെ സത്യസ്ഥിതി അറിയാന്‍ ഏതൊക്കെ കാര്‍ഡുകള്‍ നോക്കണം?

-#- പപ്പായയുടെ നീര് കഴിച്ചാല്‍ ഡെങ്കിപ്പനി സുഖപ്പെടും എന്ന അവകാശവാദം തെളിയിക്കാന്‍ നോക്കേണ്ട not Q കാര്‍ഡ് ഏത്? പപ്പായയുടെ നീര് കഴിച്ചു ഡെങ്കിപ്പനി സുഖപ്പെട്ടു എന്ന സ്വയം പ്രഖ്യാപനം മതിയായ തെളിവാണോ?അതോ പപ്പായയുടെ നീര് കഴിക്കാതെ തന്നെ ഡെങ്കിപ്പനി മാറിയവരുടെ കണക്ക് അഥവാ സാധാരണ ഗതിയിലുള്ള ഡെങ്കിപ്പനിയുടെ സൌഖ്യത്തിന്റെ ബേസ് റേറ്റ് അറിയേണ്ടത് അത്യാവശ്യമാണ് എന്ന് കരുതുന്നുണ്ടോ?(For those curious to know,with modern treatment the cure rate is close to 99%)
-------------------------------------------------------------------

സമാനമായ വിഷയത്തില്‍ (how to know adequate knowledge from inadequate knowledge) പണ്ട് രണ്ടു പോസ്റ്റുകള്‍ എഴുതിയിരുന്നു.അതിന്റെ ലിങ്ക്.......

-രാമഭദ്രന്‍ ഒരു ആണാണെന്നുള്ള വിശ്വാസവും മറ്റു ചില വിശ്വാസങ്ങളും.... 

-സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം

-

15 അഭിപ്രായങ്ങൾ:

രവിചന്ദ്രന്‍ സി പറഞ്ഞു...

പകുതിയിലധികം വായിച്ചു. നല്ല ലേഖനം. Congrats. ട്രെയിനിലാണ്, തിരൂരേക്ക്. ബാക്കി പിന്നെ. പിന്നെ, ഈ ചെങ്ങന്നൂര്‍ എം.എല്‍.എ വിഷ്ണുനാഥ് മന്ത്രിയായോ യെപ്പം? :)

രവിചന്ദ്രന്‍ സി പറഞ്ഞു...

The final part even better.

എന്‍ഡോസള്‍ഫാന്‍ എതിരാളികളുടെ രസകരമായ ഒരു വാദം ലോകത്ത് പല രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്.ഒരു കാരണവുമില്ലാതെ ഈ രാജ്യങ്ങള്‍ അങ്ങനെ ചെയ്യുമോ എന്നാണു ചോദ്യം.പക്ഷേ സൂക്ഷമായി പരിശോധിച്ചാല്‍ ഈ രാജ്യങ്ങളെല്ലാം ആധാരമാകുന്നത് കാസര്‍കോട്ടെ പ്രശ്നവും.... bit more baking required

ജഗദീശ് എസ്സ് പറഞ്ഞു...

എന്‍ഡോസള്‍ഫാനാണല്ലോ ഇവിടെ പ്രധാന പ്രശ്നം. ഇത് സൈദ്ധാന്തികമായി മനശാസ്ത്രപരമായി വിശകലനം ചെയ്യാനുള്ള കഴിവൊന്നുമില്ല. എന്നാലും ചില പ്രായോഗിക കാര്യങ്ങള്‍ മനസില്‍ തോന്നുന്നത് പറയട്ടേ.

ഒരു പ്രദേശത്ത് കുറച്ചാളുകളില്‍ ഒരു രോഗം കാണപ്പെട്ടു. കുറച്ചുപേര്‍ പറയുന്നു അതിന് കാരണം ഒരു രാസവസ്തുവാണെന്ന്. രോഗത്തിന്റെ കാരണം 100% കൃത്യമായി അറിയാതെ നമുക്ക് ആ രാസവസ്തു ആണോ അല്ലയോ ഈ രോഗത്തിന് കാരണം എന്ന് പറയാനാവില്ല. പിന്നെ എന്ത് ചെയ്യും?

എന്നാല്‍ ഇതിനെ വേറൊരു രീതിയില്‍ നോക്കാം. ഉടനേ ആപ്രദേശത്ത് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആരോപണ വിധേയമായ രാസവസ്തുവിനെ അടുത്ത 100 കൊല്ലത്തേക്ക് നിരോധിക്കുക. പിന്നീട് രോഗത്തിന്റെ തോത് പരിശോധിക്കുക. അപ്പോഴും രോഗം പഴയതുപോലെ കാണപ്പെടുന്നുണ്ടെങ്കില്‍ ആ രാസവസ്തു കുഴപ്പമില്ലാത്തതാണ്. മറിച്ചാണെങ്കില്‍ അവനാണ് പ്രശ്നം. അത് മാത്രമേ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നുള്ളു.

വേറൊരു പരീക്ഷണം. ഈ രാസവസ്തു ചെറു ജീവികളില്‍ കുത്തിവെക്കുക. അവയുടെ ആരോഗ്യം പരീക്ഷിക്കുക. രോഗമോ അടുത്ത തലമുറകളിില്‍ ജന്മവൈകല്യം ഉണ്ടോ എന്ന് പരിശോധിക്കുക.

അതിന് ഇത്രയും ഗോക്രി എഴുത്തിന്റെ കാര്യമുണ്ടോ?

ആ രാസവസ്തു പ്രകൃതിദത്തമാണെങ്കില്‍ നമുക്കൊന്നും ചെയ്യാനാവില്ല. ഉദാഹരണത്തിന് ഭൂമി പിളര്‍ന്ന് ആ രാസവസ്തു ഒഴുകുന്നെങ്കില്‍ നമുക്ക് മാറി താമസിച്ച് നോക്കാം. പക്ഷേ മനുഷ്യന്‍ തന്നെ ഉത്പാദിപ്പിക്കുന്നതാണെങ്കിലോ? തീര്‍ച്ചയായും നിരോധിക്കാം. നഷ്ടം ഉണ്ടാകുന്നത് മുതലാളിക്ക് മാത്രം. അയാള്‍ ഈ രാസവസ്തു മാത്രം ഉത്പാദിപ്പിക്കാന്‍ ദൈവം വിധിച്ചതാണോ? വേറെന്തിലും പണി അയാള്‍ കണ്ടെത്തിക്കോളും.

പിന്നെ വ്യാവസായിക കൃഷി എന്നത് അടുത്ത തലമുറയെ പട്ടിണിക്കിടാനുള്ള വഴിയാണ്. externize cost എന്നതാണ് വ്യാവസായിക കൃഷിയെ വിജയിപ്പിച്ചത്.

Salim PM പറഞ്ഞു...

ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ജലദോഷത്തിന്‍റെ ആരംഭ ലക്ഷണങ്ങള്‍ കണ്ടു. ഒരു ഹോമിയോ വിശ്വാസിയായ ഞാന്‍ ലക്ഷണങ്ങള്‍ ഒന്നൊന്നായി വിശകലനം ചെയ്ത് ഒരു ഹോമിയോ മരുന്നു കഴിക്കാനുള്ള തീരുമാനത്തിലെത്തി. പക്ഷേ തിരക്കിനിടയില്‍ സംഗതി മറന്നുപോയി; മരുന്നു കഴിച്ചില്ല. വൈകുന്നേരമായപ്പോള്‍ ജലദോഷത്തിന്‍റെ പൊടിപോലുമില്ല. ഞാന്‍ ആ മരുന്നു കഴിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കരുതുമായിരുന്നു ആ മരുന്നിന്‍റെ പ്രവര്‍ത്തനഫലമായാണ് എന്‍റെ ജലദോഷം മാറിയത് എന്ന്.

വേസണ്‍ സായിപ്പിന്റെ കാര്‍ഡുകളേക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല, നമ്മള്‍ പഠിച്ച പോളിറ്റെക്നിക്കില്‍ ആ സിലബസ് ഇല്ലായിരുന്നു. എങ്കിലും സമാന രീതിയിലുള്ള ചിന്ത പലപ്പോഴും മനസ്സില്‍ കയറിവരാറുണ്ട്. മുകളില്‍ വിവരിച്ച സംഭവം ഉണ്ടായപ്പോഴും ഇതേ അനുഭവമാണുണ്ടായത്.

ഈ ഹോമിയോ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഹോമിയോമരുന്നുകള്‍ ഫലപ്രദമല്ല എന്നാരെങ്കിലും കരുതാന്‍ ഇടവരുന്നുവെങ്കില്‍ അതെന്‍റെ കുറ്റമല്ലേ...

angel renu പറഞ്ഞു...

an excerpt from an old blog. just thought this will fit here. "ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത എല്ലാ കാര്യവും നിരീശ്വരവാദികള്‍ നിരാകരിക്കണമെന്നില്ല " എന്ന അദ്ദേഹത്തിന്റെ തന്നെ സമ്മതപ്രകാരം ഇങ്ങനെയൊരു സംശയത്തിന് പ്രസക്തിയുണ്ട്: "ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത"ത് എന്ന കാരണത്താല്‍ എന്തുകൊണ്ട് അദ്ദേഹം ദൈവത്തെ നിരാകരിക്കുന്നു? സാമാന്യമായ ഒരു സംശയം ചോദിച്ചെന്നേയുള്ളൂ. (by mr. hussain) :)

മനു പറഞ്ഞു...

an excerpt from an old blog. just thought this will fit here. "ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത എല്ലാ കാര്യവും നിരീശ്വരവാദികള്‍ നിരാകരിക്കണമെന്നില്ല " എന്ന അദ്ദേഹത്തിന്റെ തന്നെ സമ്മതപ്രകാരം ഇങ്ങനെയൊരു സംശയത്തിന് പ്രസക്തിയുണ്ട്: "ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത"ത് എന്ന കാരണത്താല്‍ എന്തുകൊണ്ട് അദ്ദേഹം ദൈവത്തെ നിരാകരിക്കുന്നു? സാമാന്യമായ ഒരു സംശയം ചോദിച്ചെന്നേയുള്ളൂ "

എല്ലാ കാര്യങ്ങള്‍ക്കും ശാസ്ത്രിയമായ തെളിവ് ആവശ്യം ഇല്ല , ശരി ആണോ എന്ന് സംശയം വരുന്നത് വരെ .

യാത്രികന്‍ പറഞ്ഞു...

"എണ്ണയില്ലാതെ തന്നെ പേശീബലം കൂടുമോ എന്നുനോക്കാന്‍ അവന്മാര്‍ക്ക് തോന്നാഞ്ഞതെന്തെ?" എണ്ണയില്ലാതെ തന്നെ പേശീ ബലം കൂടുമെന്ന് തന്നെ അല്ലായിരുന്നോ അവന്മാര്‍ പറഞ്ഞു വെച്ചത്? According to this link http://nirmukta.com/2012/08/06/pseudoscience-unchallenged-at-iit-kanpur/ "After applying his snake oil, Mr. Ravishankar either changes the pivot, or momentarily hesitates in the follow through (not discounting the change in grip) – giving time and a much needed stimulus to the arm muscles to provide greater resistance."

അതായത് വെറും വെളിച്ചെണ്ണ തേച്ചിട്ടായാലും, രവി ശങ്കര്‍ ചെയ്തത് പോലെ ചെയ്‌താല്‍ ബലം കൂടുമെന്ന്.

യോഗക്കെന്താ കുഴപ്പം? യോഗ ചെയ്‌താല്‍ ഒരു പ്രയോജനവും ഇല്ല എന്നാണോ Bright പറയുന്നത്? പല studies ഉം യോഗ effective ആണെന്ന് തെളിയിക്കുന്നുണ്ടല്ലോ? http://nccam.nih.gov/health/yoga.

Firefly Talks പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Firefly Talks പറഞ്ഞു...

തുടക്കത്തില്‍ ചെറിയ കണ്‍ഫ്യൂഷന്‍ അനുഭവപ്പെട്ടു. കാരണം if P then Q എന്നതും if and only if P then Q എന്നതും വ്യത്യാസമുണ്ടല്ലോ. അത് കൊണ്ട് തന്നെ കാര്‍ഡില്‍ ഒരു വശത്ത് D എന്നെഴുതിയിട്ടുണ്ടെങ്കില്‍ ഉറപ്പായും മറുവശത്ത് 3 എന്നുണ്ടാകും എന്ന് പറയുമ്പോള്‍ 3 അല്ലാത്തതിനു പുറകിലൊന്നും P കാണാന്‍ പാടില്ല എന്നാ നിയമം ഇല്ലല്ലോ(ഉണ്ടോ? അതോ എനിക്ക് മനസ്സിലാവാതെ പോയതാണോ?). അങ്ങനെ വരുമ്പോള്‍ 5 പൊക്കി നോക്കേണ്ട കാര്യമില്ല. If a card has a D on one side,then it has a 3 on the other side എന്ന് പറയുന്നിടത്ത് ഒരു കാര്യത്തിലെ നിര്‍ബന്ധമുള്ളൂ D ഉള്ളതിന്റെ പുറകില്‍ 3 കാണണം. മരിച്ചു 3 അല്ലാത്തതിന്റെ പുറകില്‍ D കാണരുത് എന്ന് പറയുന്നില്ല. എന്നാല്‍ രണ്ടാമത്തെ statement "If you drink beer,then you 'should' be above 21" രണ്ടു കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട് 1) 17 കഴിഞ്ഞാലെ ബിയര്‍ കുടിക്കാവൂ. 2) ബിയര്‍ കുടിക്കുന്നവര്‍ 17 കഴിഞ്ഞവരാകണം. അപ്പോള്‍ ആദ്യത്തെ കേസില്‍ ആളുകള്‍ കന്ഫുഷനില്‍ ആകുന്നതു ആ സ്റ്റെമെന്റില്‍ന്റെ വ്യത്യാസം കൊണ്ടാണോ എന്നൊരു സംശയം

Firefly Talks പറഞ്ഞു...

എന്റെ കന്ഫുഷന്‍ തീര്‍ന്നു ...ക്ഷമയോടെ വായിക്കാത്തതിന്റെ കുഴപ്പം :)) . പക്ഷെ മുന്‍ കമന്റു ഡിലീറ്റ് ചെയ്യുന്നില്ല. മണ്ടത്തരം ഇങ്ങനെയും ആകാം എന്ന് എല്ലാവരും അറിയട്ടെ :))))

Babu Kalyanam പറഞ്ഞു...

"എണ്ണയില്ലാതെയും പേശിബലം കൂടുമോ എന്നാണ് ഏറ്റവും ചുരുങ്ങിയ പക്ഷം പരിശോധിക്കേണ്ടിയിരുന്നത്. Not Q കാര്‍ഡ് നോക്കാന്‍,അതായത്,ആ എണ്ണയില്ലാതെ തന്നെ പേശീബലം കൂടുമോ എന്നുനോക്കാന്‍ അവന്മാര്‍ക്ക് തോന്നാഞ്ഞതെന്തെ?"

ഇവിടെ താങ്കള്‍ക്കും തെറ്റി...

if P then Q. P is applying oil. Q is the resulting muscle strength.

if "Not Q" has P, then only we can disprove it. ( similar to 5 which is "Not 3" having D disproving your original example).

"എണ്ണയില്ലാതെ തന്നെ പേശീബലം കൂടുമോ" is "Not P" having Q - which has no relevance.

This comes from commonsense also, exercise + protein diet would improve muscle strength. How is it going to disprove Sri Sri's claim.
(how can you say it has no effect without using it)

ചെക്ക്‌ ചെയ്യേണ്ടി ഇരുന്നത്, പേശീ ബലം കൂടിയില്ല (not Q)...പക്ഷെ ഓയില്‍ തേച്ചു ആണ് (but P)

Babu Kalyanam പറഞ്ഞു...

"നിങ്ങള്‍ not Q കാര്‍ഡ് അറിയണമെന്ന് നിര്‍ബന്ധം പിടിക്കും.അതായത് എന്‍ഡോസള്‍ഫാന്‍ ഇല്ലാത്ത സ്ഥലങ്ങളിലും ഇതേ അളവില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടോ?"

ഇവിടെയും അതെ തെറ്റ് ആവര്‍ത്തിച്ചിരിക്കുന്നു.

if endosulfan, then health problems.
Q is health problems, not endosulfan.

യാത്രികന്‍ പറഞ്ഞു...

എന്‍ഡോസള്‍ഫാനെപ്പറ്റിയുള്ള Bright ന്റെ അഭിപ്രായത്തില്‍ ഒരു തെറ്റ് വന്നിട്ടില്ലേ? ഇക്കാര്യത്തില്‍ താങ്കള്‍ പറയുന്നതല്ല positive statement. endosulfan സുരക്ഷിതം ആണെന്നുള്ളതാണ് positive statement. ഈ statement സംശയ രഹിതമായി endosulfan ഉണ്ടാക്കുന്നവര്‍ തെളിയിച്ചു കഴിഞ്ഞാല്‍ മാത്രമേ അത് ഉപയോഗിക്കാന്‍ പാടുള്ളൂ. medicinal sustances ന്റെ clinical trials ന്റെ കാതല്‍ അതാണല്ലോ. Lipitor കാര്യമായ side effects ഉണ്ടാക്കുന്നു എന്ന് അത് കഴിക്കുന്നവരല്ലോ തെളിയിക്കേണ്ടത്. Lipitor സുരക്ഷിതം ആണെന്ന് തെളിയിക്കേണ്ട ബാധ്യത Pfizer കമ്പനിക്കാരനാണ് . Lipitor ന്റെ സുരക്ഷിതതെക്കുറിച്ച് ചെറിയ ഒരു സംശയം തോന്നിയാലും (കാര്യമായി തെളിവൊന്നും ഇല്ലാതെ തന്നെ) ,FDA ആ medicine മാര്‍കെറ്റില്‍ നിന്നും പിന്‍ വലിച്ച് , കൂടുതല്‍ study നടത്താന്‍ Pfizer നോട് ആവശ്യപ്പെടും.

എന്റൊസള്‍ഫാന്റെ കാര്യത്തില്‍ അതാണ്‌ വേണ്ടത്. Endosulfaan കേരളത്തിന്റെ സാഹചര്യത്തില്‍ (കാലാവസ്ഥ, ജന സാന്ദ്രത തുടങ്ങിയവ ) 100% സുരക്ഷിതം ആണെന്ന് അതുണ്ടാക്കുന്ന company ആദ്യം തെളിയിക്കട്ടെ. അത് കഴിഞ്ഞു endosoulfan കേരളത്തില്‍ ഉപയോഗിച്ചാല്‍ മതി. അതല്ലേ ഒരു scientific രീതി?

note: പലപ്പോഴും ഏതാണ് positive statement എന്ന കാര്യത്തില്‍ നമുക്ക് confusion ഉണ്ട്.

Babu Kalyanam പറഞ്ഞു...

Again:

"അതോ പപ്പായയുടെ നീര് കഴിക്കാതെ തന്നെ ഡെങ്കിപ്പനി മാറിയവരുടെ കണക്ക് അഥവാ സാധാരണ ഗതിയിലുള്ള ഡെങ്കിപ്പനിയുടെ സൌഖ്യത്തിന്റെ ബേസ് റേറ്റ് അറിയേണ്ടത് അത്യാവശ്യമാണ് എന്ന് കരുതുന്നുണ്ടോ"

പപ്പായ നീര് കഴിച്ചിട്ടും ഡെങ്കി മാറാത്ത കേസ് ഉണ്ടോ എന്നാണ് നോക്കേണ്ടത്. പപ്പായ നീര് കഴിക്കുന്നത് P. ഡെങ്കി മാറുന്നത്
Q. അല്ലാതെ തിരിച്ചല്ല

manaatha പറഞ്ഞു...

brite,
താങ്കള്‍ ഉദ്ദേശിച്ച ആശയം മനസിലായി. എന്നാലും ആ ടേബിള്‍ മനസിലായില്ല. മൂന്നാമത്തെ ,ഹൊമിയോ,എന്ടോസള്‍ഫാന്‍ ടേബിള്‍ മനസിലായില്ല. അതുമാത്രേ കണ്‍ഫ്യൂഷന്‍ ആക്കിയുള്ളൂ.

LinkWithin

Related Posts with Thumbnails