2013, ജൂലൈ 18, വ്യാഴാഴ്‌ച

വിളംബിത സംതൃപ്തി (delayed gratification)

അല്‍പ സുഖത്തെ ഉപേക്ഷിച്ചാല്‍ അധിക സുഖം കിട്ടുമെങ്കില്‍ പണ്ഡിതന്‍ അനല്‍പ്പസുഖത്തിനു വേണ്ടി അല്‍പസുഖത്തെ ത്യജിക്കണം. ധര്‍മ്മപദം 21:1

 പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തിലാണ് യിസ്ഹാക്കിന്റെ പുത്രന്മാരായ ഏശാവിന്റെയും യാക്കോബിന്റെയും കഥയുള്ളത്.മൂത്തവനായ ഏശാവ് തന്റെ ജ്യേഷ്ഠാവകാശം അല്‍പ്പം പായസത്തിനു വേണ്ടി (പായസം എന്ന് മലയാളം ബൈബിളില്‍ കാണുന്നതാണ്.സത്യത്തില്‍ അത് ചുവന്ന പയര്‍ കൊണ്ടുള്ള ഒരുതരം സൂപ്പായിരുന്നു.Pottage എന്ന് ഇംഗ്ലീഷ്) അനുജനായ യാക്കോബിന് വിട്ടുകൊടുക്കുന്നു. ഈ കഥയുടെ അടിസ്ഥാനത്തില്‍ ഇംഗ്ലീഷില്‍ ഒരു പ്രയോഗമുണ്ട്, mess of pottage (Jacob's pottage).ഉടനെ കിട്ടുന്ന നിസ്സാരലാഭത്തിനു വേണ്ടി ഭാവിയില്‍ കിട്ടാനുള്ള വലിയൊരു നേട്ടത്തെ പാഴക്കിക്കളയുക എന്നാണ് അതിന്റെ അര്‍ത്ഥം.....(''compelled by social conditions, to sell the whole of his active life, his very capacity for labour, in return for the price of his customary means of subsistence, to sell his birthright for a mess of pottage."എന്ന് കാറല്‍ മാര്‍ക്സ്.)

ഈ പോസ്റ്റ്‌ തല്‍ക്കാലത്തെ ചെറിയ ലാഭം വേണ്ടെന്ന് വച്ച് ഭാവിയിലെ വലിയ ലാഭത്തിന് കാത്തിരിക്കാനുള്ള മനഃസ്ഥിതിയെക്കുറിച്ചാണ്.അതാണ്‌ വിളംബിത സംതൃപ്തി അഥവാ delayed gratification.1972ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ വാള്‍ട്ടര്‍ മിഷേല്‍ എന്ന സൈക്കോളജിസ്റ്റ് പില്‍ക്കാലത്ത്‌ Stanford marshmallow experiment എന്ന് വളരെ പ്രശസ്തമായ ഒരു പഠനം നടത്തിയിരുന്നു.(marshmallow എന്നാല്‍ കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരുതരം പഞ്ഞി മുട്ടായിയാണ്.) പരീക്ഷണം ഇതാണ്....കുറെ നാലുവയസ്സുകാരായ കുട്ടികളുടെ മുന്നില്‍ അവര്‍ക്ക് കഴിക്കാന്‍ വളരെ ഇഷ്ടമുള്ള ഒരു പഞ്ഞിമുട്ടായി (marshmallow) ഇരിപ്പുണ്ട്.അവര്‍ക്ക് അത് അപ്പോള്‍ത്തന്നെ വേണമെങ്കില്‍ തിന്നാം.പക്ഷേ പരീക്ഷകന്‍ അവരുടെ മുന്നില്‍ ഒരു ഓഫര്‍ വയ്ക്കുന്നു.താന്‍ പുറത്തുപോയി അല്പം കഴിഞ്ഞു മടങ്ങിവരുന്നതുവരെ അത് തിന്നാതിരിക്കാമെങ്കില്‍ ഒന്നിന് പകരം രണ്ട് മുട്ടായികള്‍ കിട്ടും.

നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ കുറെ കുട്ടികള്‍ ഒട്ടും കാത്തുനില്‍ക്കാതെ മുട്ടായി ശാപ്പിട്ടു.എന്നാല്‍ കുറെ കുട്ടികള്‍ രണ്ടാമതൊരു മിട്ടായി കൂടി കിട്ടാന്‍ വെയിറ്റ് ചെയ്തു.ചിലര്‍ പതിനഞ്ച്  മിനിട്ടു വരെയൊക്കെ പിടിച്ചുനിന്നത്രെ.(നാലുവയസ്സുകാരെ അറിയുന്നവര്‍ക്കറിയാം,അതൊരു അത്ഭുതമാണ്.) ഇതാണ് വിളംബിത സംതൃപ്തി അഥവാ delayed gratification.അതായത് തന്റെ ആഗ്രഹ നിവര്‍ത്തിക്കുവേണ്ടി കാത്തുനില്‍ക്കാനുള്ള ക്ഷമ എന്നര്‍ത്ഥം.Will power,self control എന്നൊക്കെ പറയുമ്പോള്‍ അര്‍ത്ഥമാകുന്നതും ഇതാണ്. മിട്ടായിയെ ഉടന്‍ ശാപ്പിടുക വഴി കിട്ടുന്ന തല്‍ക്ഷണസംതൃപ്തിയെ അടക്കി കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ ചില കുട്ടികള്‍ക്ക് കഴിഞ്ഞു.

''ക്ഷമാവാനേവ സര്‍വം സാധയതി'' - ക്ഷമയുള്ളവനാണ് എല്ലാം നേടിയെടുക്കുന്നത് (ചാണക്യസൂത്രം)

കുറെ നാലുവയസ്സുകാര്‍ അല്പം സ്വയംനിയന്ത്രണം കാണിച്ചു എന്നതല്ല ഈ പരീക്ഷണത്തെ പ്രശസ്തമാക്കിയത്,ഇതിന്റെ തുടര്‍പഠനങ്ങളാണ്.പത്തുവര്‍ഷത്തിനു ശേഷം നോക്കുമ്പോള്‍ അന്നത്തെ വിളംബിത സംതൃപ്തിക്കാരെ ‍ (ആദ്യത്തെ മിട്ടായി തിന്നാതെ ക്ഷമയോടെ കാത്തിരുന്ന് രണ്ടാമതൊരെണ്ണം കൂടി വാങ്ങിച്ചവര്‍‍) കൂടുതല്‍ സമര്‍ത്ഥരും കാര്യപ്രാപ്തിയുള്ളവരുമായി രക്ഷിതാക്കളും അധ്യാപകരും വിലയിരുത്തുന്നതായി കണ്ടു.1990 ല്‍ വീണ്ടും പരിശോധിച്ചപ്പോഴും ഈ കുട്ടികളുടെ SAT സ്കോറുകളും (SAT is a standardized test for college admissions in the United States.) അവരുടെ നാലുവയസ്സിലെ വിളംബിത സംതൃപ്തിയും തമ്മില്‍ ബന്ധമുള്ളതായി കണ്ടു.വീണ്ടും 2011 ടെസ്റ്റ്‌ ചെയ്യുമ്പോഴും ഈ എഫ്ഫക്റ്റ്‌ നിലനില്‍ക്കുന്നുണ്ടായിരുന്നു.ഈ കുട്ടികളിലെ നാലുവയസ്സിലെ മനോനിയന്ത്രണം നാല്‍പതു വര്‍ഷത്തിനു ശേഷവും അവരുടെ ജീവിതവിജയവുമായി ബന്ധപ്പെട്ടു കാണുന്നു.ഇത് അപ്രതീക്ഷിതമായ ഒരു അനുഭവമായിരുന്നു.

ഈ വിളംബിത സംതൃപ്തരുടെ ഇടയില്‍ അമിതവണ്ണം, അഡിക്ഷനുകള്‍,വിവാഹമോചനം എന്നിവയിക്കെ കുറവാണ് എന്നും കണ്ടിരുന്നു.സ്ഥിരമായി വ്യായായാമം ചെയ്യുന്നതിനോ കൃത്യമായി ഡയറ്റ് സൂക്ഷിക്കുന്നതിനോ ഹ്രസ്വകാലനേട്ടങ്ങളെ അവഗണിച്ചു പ്രവര്‍ത്തിക്കേണ്ടി വരും. അതുപോലെ അഡിക്ഷനും തല്‍ക്ഷണ സംതൃപ്തിയാണല്ലോ ലക്‌ഷ്യം വയ്ക്കുന്നത്.ദീര്‍ഘമായ വിവാഹബന്ധത്തിനും തല്‍കാല പ്രലോഭനങ്ങളെ അതിജീവിച്ച് ബന്ധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌.തല്‍ക്ഷണ സംതൃപ്തിക്കാര്‍ നിസ്സാര സുഖത്തിനുവേണ്ടി (വിവാഹേതര ബന്ധങ്ങള്‍ ഉദാഹരണം) വിവാഹബന്ധം കളഞ്ഞിട്ടുപോകുമ്പോള്‍ വിളംബിത സംതൃപ്തര്‍ ബന്ധം പരിപോഷിപ്പിക്കാന്‍ കൂടുതല്‍ ശ്രമിക്കുന്നു എന്ന് കരുതാവുന്നതാണ്.വിവാഹബന്ധം തകര്‍ക്കുന്നതില്‍ മദ്യപാനം വലിയൊരു പങ്കു വഹിക്കുന്നതായി പഠനങ്ങളില്‍ കാണാറുണ്ട്‌. എന്നാല്‍ മദ്യപാനമാണ് വിവാഹം തകര്‍ക്കുന്നത് എന്നതിനേക്കാള്‍ മദ്യപാനവും ബന്ധങ്ങളുടെ തകര്‍ച്ചയും,രണ്ടും ഒരേ പ്രശ്നത്തിന്റെ (വിളംബിത സംതൃപ്തിയുടെ അഭാവം അഥവാ താല്‍ക്കാലിക സുഖങ്ങളോടുള്ള ആഭിമുഖ്യം) രണ്ടു മുഖങ്ങളായിരിക്കാം.

ഹ്രസ്വകാല നേട്ടങ്ങളോടുള്ള ആഭിമുഖ്യത്തിന് ബിഹേവിയര്‍ ഇക്കണോമിസ്റ്റുകള്‍ present bias അല്ലെങ്കില്‍ delay discounting എന്നാണ് പറയുന്നത്.ഈ present bias അഥവാ തല്‍ക്ഷണ സംതൃപ്തി സഹജമായി യുക്തിരഹിതമായ ഒരു നിലപാടല്ല.ഇന്നത്തെ എന്റെ കൈയ്യിലുള്ള നൂറു രൂപക്ക് നാളെ കൈയ്യിലുണ്ടാകുന്ന നൂറു രൂപയേക്കാള്‍ മൂല്യമുണ്ട്.കാരണം എനിക്ക് ഇന്നത്‌ ഉപയോഗിക്കാം.നാളെ ഒരു പക്ഷേ ഞാനുണ്ടായില്ലെങ്കിലോ?നാളെയെക്കുറിച്ച് ഒരു ഉറപ്പുമില്ലാത്തവന് ബൈബിളിലെപ്പോലെ,''നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ''(യെശയ്യാ-22-:13) എന്നത് നല്ല ചിന്താരീതിയാണ്.നമ്മുടെ പരിണാമത്തിലെ 99% ഇതേ അവസ്ഥയിലായിരുന്നു എന്നത് കൊണ്ട് അധികം ഭാവിയെക്കുറിച്ച് ചിന്തിക്കാതിരിക്കുക എന്നതാണ് നമ്മുടെ ഡിഫാള്‍ട്ട് സെറ്റിംഗ് എന്ന് പറയാം.എന്തിന് മൃഗങ്ങളില്‍ പോലും ഈ present bias കണ്ടിട്ടുണ്ട്.(Present bias കീഴടക്കിയ ഒരു കുട്ടിയുടെ രസകരമായ ഒരു കഥ.ചിത്രം നോക്കുക...:-))

ബിഹേവിയര്‍ ഇക്കണോമിസ്റ്റുകള്‍ myopic discounting എന്നൊരു പ്രതിഭാസത്തെക്കുറിച്ച് പറയുന്നുണ്ട്. Present bias/തല്‍ക്ഷണ സംതൃപ്തിയുടെ മറ്റൊരു രൂപമാണ് ഈ myopic discounting.ഭാവിയില്‍ കിട്ടാനിടയുള്ള ഒരു ചെറിയ നേട്ടവും വലിയ നേട്ടവും മുന്നിലുണ്ടെങ്കില്‍ എല്ലാവരും വലിയ നേട്ടം തന്നെ തിരഞ്ഞെടുക്കും.എന്നാല്‍ ആ സമയമായാല്‍ പക്ഷേ ചോയ്സ് മാറും.ചെറിയ നേട്ടമാകും അപ്പോള്‍ കൂടുതല്‍ ആകര്‍ഷകമായി തോന്നുക.ഏഴ് ദിവസത്തിന് ശേഷം നൂറു രൂപ വേണോ അതോ എട്ടു ദിവസത്തിനുശേഷം നൂറ്റിപ്പത്ത് രൂപ വേണോ എന്ന് ചോദിച്ചാല്‍ മിക്കവരും എട്ടു ദിവസത്തിന് ശേഷം നൂറ്റിപ്പത്ത് രൂപ മതി എന്ന് പറയും.എന്നാല്‍ ഏഴാമത്തെ ദിവസമാകുമ്പോള്‍ കഥ മാറും.അപ്പോള്‍ ഉടനെ നൂറു രൂപ വേണോ അതോ നാളെ നൂറ്റിപ്പത്ത് മതിയോ എന്ന് തീരുമാനിക്കേണ്ട അവസ്ഥയില്‍ കുറെ പേര്‍ ചോയ്സ് മാറ്റി ഉടനെ നൂറു രൂപ മതി എന്ന് പറയും.അതുപോലെ അടുത്ത മാസം മുതല്‍ സിഗരെറ്റു വലി നിര്‍ത്താന്‍ ഇപ്പോള്‍ തീരുമാനിക്കാന്‍ എളുപ്പമാണ്.എന്നാല്‍ ആ സമയമാകുമ്പോള്‍ തീരുമാനത്തില്‍ നിന്ന് പുറകോട്ടു പോകും.നാളെ ചുമ്മാ കിടന്നുറങ്ങാതെ വെളുപ്പിനെഴുന്നേറ്റ് പഠിച്ചേക്കാം എന്ന്  ഇന്ന് തീരുമാനിക്കാന്‍ ഒരു വിഷമവുമില്ല.അലാറമൊക്കെ വച്ച് റെഡിയാകും.എന്നാല്‍ ആ സമയമാകുമ്പോള്‍ പഠിക്കുന്നതിനേക്കാള്‍ സുഖം ഉറങ്ങാനാണ് എന്നാവും തീരുമാനം.നാളെ മുതല്‍ കുടി നിര്‍ത്തും എന്ന് പലവട്ടം തീരുമാനിക്കാത്തവരും എന്നാല്‍ ശരിക്കും കുടി നിര്‍ത്തിയവരുമായ കുടിയന്മാരെ കണ്ടിട്ടുണ്ടോ ആരെങ്കിലും? അതാണ്‌ myopic discounting.മറ്റു സ്പീഷീസുകളിലും ഈ മയോപിക്ക് ഡിസ്കൌണ്ടിംഗ് കണ്ടിട്ടുണ്ട്.

''Heights by great men reached and kept
Were not obtained by sudden flight but,
While their companions slept,
They were toiling upward in the night.'' H.W.Longfellow

വിളംബിത സംതൃപ്തിയെ നമ്മുടെ ഇമോഷണല്‍ ഇന്റലിജന്‍സിന്റെ ഭാഗമായി കണക്കാക്കാം. ജീവിതവിജയത്തിന് ബുദ്ധിശക്തി എന്ന ഐ.ക്യു മാത്രമല്ല കാര്യം എന്നര്‍ത്ഥം.(പക്ഷേ ഐ.ക്യു കൂടുതലുള്ളവര്‍ക്ക്  ഈ വിളംബിത സംതൃപ്തിയും കൂടുതലുണ്ടാകാം എന്നും പഠനങ്ങളില്‍ കണ്ടിട്ടുണ്ട്.) വാള്‍ട്ടര്‍ മിഷേലിന്റെ അഭിപ്രായത്തില്‍ ബുദ്ധിശക്തി പോലും കുറെയൊക്കെ ആത്മനിയന്ത്രണത്തിന്റെ വരുതിയിലാണ്.എത്ര വലിയ ജീനിയസ്സായാലും കഠിനാധ്വാനം ചെയ്താലേ കാര്യമുള്ളൂ.(Malcolm Gladwell അദ്ദേഹത്തിന്റെ Outliers എന്ന പുസ്തകത്തിലൂടെ പ്രശസ്തമാക്കിയതാണ് 10,000-hour rule.വിജയിക്കാന്‍ ജന്മസിദ്ധമായ കഴിവ് മാത്രം പോരെ പതിനായിരത്തിനടുത്ത് മണിക്കൂര്‍ ആ വിഷയത്തില്‍ കഠിന പരിശീലനവും വേണം എന്നതാണ് ചുരുക്കത്തില്‍ ഈ നിയമം പറയുന്നത്.) ഇതിന് താല്‍ക്കാലിക സുഖങ്ങളെ അവഗണിക്കാനുള്ള മനോഭാവം ആവശ്യമാണ് താനും.

ഉസ്താദ് സാക്കിര്‍ ഹുസൈന്റെ ഒരു അഭിമുഖത്തില്‍ തനിക്ക് ആദ്യം തബലയില്‍ ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ പിതാവ് ദിവസവും മണിക്കൂറുകളോളം തബല പരിശീലിക്കാന്‍ തന്നെ നിര്‍ബന്ധിക്കാറുണ്ടായിരുന്നെന്നും പറഞ്ഞ് കണ്ടിട്ടുണ്ട്.സ്വയം തിരിച്ചറിയാതിരുന്ന ജന്മസിദ്ധമായ ആ കഴിവ് മിനുക്കിയെടുത്തത് മടുപ്പിക്കുന്ന പരിശീലനത്തിലൂടെയാണ്. കാര്‍ണഗി ഹാളിലേക്ക് വഴി ചോദിക്കുന്ന പഴയൊരു തമാശ കേട്ടിട്ടില്ലെ?''How can I get to Carnigie Hall? ''Practice,young man, practice.''തമാശ മനസ്സിലാകാത്തവര്‍ക്ക്.... കാര്‍ണഗി ഹാള്‍ അതിപ്രശസ്തമായ ഒരു കണ്‍സേര്‍ട്ട് ഹാള്‍ ആണ്. അവിടെ പരിപാടി അവതരിപ്പിക്കാന്‍ സാമാന്യം കഴിവൊന്നും പോര.) ജീനിയസ്സുകള്‍,അത് ഐന്‍സ്റ്റീന്‍ ആയാലും സാക്കിര്‍ ഹുസൈന്‍ ആയാലും നമ്മുടെ യേശുദാസ് ആയാലും ഉണ്ടാകുന്നത് വെറും ജന്മവാസന മാത്രം ആശ്രയിച്ചല്ല,താല്‍ക്കാലിക സുഖങ്ങളെ/ ഇഷ്ട്ടങ്ങളെ അവഗണിക്കാനുള്ള വില്‍പവര്‍ കൊണ്ട് കൂടിയാണ്.


ഈസോപ്പിന്റെ പ്രശസ്തമായ ഒരു കഥയുണ്ട്.ഒരു ഉറുമ്പിന്റെയും പുല്‍ച്ചാടിയുടേതും.പുല്‍ച്ചാടി പാട്ടും പാടി തല്‍കാല സുഖത്തില്‍ അഭിരമിച്ചപ്പോള്‍ ഉറുമ്പ് ആ സമയം അധ്വാനിച്ച്  ഭക്ഷണം ശേഖരിക്കുകയായിരുന്നു.തണുപ്പുകാലം വന്ന് പുല്‍ച്ചാടി വിശപ്പുകൊണ്ട് വലഞ്ഞപ്പോള്‍ ഉറുമ്പ്‌ തന്റെ അധ്വാനത്തിന്റെ ഫലം ആസ്വദിച്ചു സുഖമായി ജീവിച്ചു.ബൈബിളിലും ഈ കഥ സൂചിപ്പിക്കുന്നുണ്ട്.''മടിയാ,ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.അതിന്നു നായകനും മേല്‍വിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും. വേനല്‍ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു;കൊയ്ത്തുകാലത്തു തന്റെ തീന്‍ ശേഖരിക്കുന്നു.'' (സദൃശ്യവാക്യങ്ങള്‍-6:6-8) പുല്‍ച്ചാടിയെ തല്‍ക്ഷണ സംതൃപ്തരുടേയും,ഉറുമ്പിനെ വിളംബിത സംതൃപ്തരുടേയും പ്രതിനിധിയായി കണക്കാക്കാം.

''ദിവസേനൈവ തത് കുര്യാദ്യേന രാത്രൌ സുഖം വസേത്
അഷ്ടമാസേന തത് കുര്യാദ്യേന വര്‍ഷാസുഖം വസേത്
പുര്‍വ്വേ വയസി തത് കുര്യാദേന വൃദ്ധഃ സുഖം വസേത്
യാവജ്ജീവേന തത് കുര്യാദേന പ്രേത്യ സുഖം വസേത്''. (മഹാഭാരതം)

പകല്‍ പ്രയത്നിച്ചാല്‍ രാത്രി സുഖമായി കഴിയാം.എട്ടു മാസം പ്രവര്‍ത്തിച്ചാല്‍ വര്‍ഷക്കാലം സുഖമായി കഴിയാം.യൗവനത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ വയസ്സ്കാലത്ത് സുഖമായി കഴിയാം. ജീവിത കാലം മുഴുവന്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മരിച്ചതിനുശേഷം സുഖമായി കഴിയാം.ആ അവസാന വരി ഒഴിവാക്കിയാലും ബാക്കി മൂന്നും നല്ല ഉപദേശമാണ് എന്നാണു എന്റെ അഭിപ്രായം.

പഴയ ഒരു കഥ.

ഒരു കച്ചവടക്കാരന്‍ തന്റെ യാത്രയ്ക്കിടയില്‍ ഒരു മരച്ചുവട്ടില്‍ കിടന്നുറങ്ങുന്ന ഒരു സന്യാസിയെ കണ്ടു. അദ്ദേഹം സന്യാസിയെ വിളിച്ചുണര്‍ത്തി.
" ഹേയ്‌ താങ്കള്‍ക്ക് ഇങ്ങനെ വെറുതെ കിടന്നുറങ്ങാതെ പല്ല പണിയും ചെയ്തുകൂടെ?"
സന്യാസി: അതെന്തിന്‌"?
കച്ചവടക്കാരന്‍: നല്ല പോലെ പണിചെയ്താല്‍ നല്ല പോലെ കാശുണ്ടാക്കാം.
സന്യാസി‍: എന്നിട്ട്‌?
കച്ചവടക്കാരന്‍:അതുപയോഗിച്ചു പിന്നെയും കാശുണ്ടാക്കാം.
സന്യാസി‍: പിന്നെയും ഒരുപാട്‌ കാശുണ്ടാക്കിയിട്ട്‌?
കച്ചവടക്കാരന്‍: പിന്നീട് സുഖമായി കിടന്നുറങ്ങാം,അല്ലാതെ ഈ കാട്ടില്‍ കിടക്കണൊ?
സന്യാസി: അതു തന്നെ അല്ലേ ഈ ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ഞാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്‌?

ഈ കഥയിലെ സന്യാസി മഹത്തായ എന്തോ സത്യം പറഞ്ഞപോലെയാണ് സാധാരണ ഈ കഥ അവതരിപ്പിക്കുക പതിവ്.താല്‍ക്കാലിക സുഖം അടക്കി നന്നായി അധ്വാനിക്കുന്ന കച്ചവടക്കാരന്‍ മോശക്കാരനും.

----------------------------------------------------------------------------------------

മുട്ടായി പരീക്ഷണത്തില്‍ കുട്ടികള്‍ക്ക് രണ്ടു മിട്ടായി വേണ്ടായ്കയല്ല അവരില്‍ ചിലര്‍ ആദ്യത്തെ മിട്ടായി തന്നെ തിന്നതിന് കാരണം.എല്ലാവര്‍ക്കും രണ്ടു മിട്ടായി കിട്ടണം എന്നു തന്നെയായിരുന്നു ആഗ്രഹം.അപ്പോള്‍ എന്തുകൊണ്ട് ചിലര്‍ക്ക് മാത്രം കൂടുതല്‍ നിയന്ത്രണം കാണിച്ചു? തല്‍ക്കാലത്തേക്കെങ്കിലും ഹ്രസ്വകാലനേട്ടങ്ങളെ അവഗണിച്ച് ദീര്‍ഘകാല നേട്ടങ്ങളില്‍ ശ്രദ്ധ വയ്ക്കാനുള്ള കഴിവ്. ഇതാണ് ഈ മുട്ടായി പരീക്ഷണത്തിലൂടെ അളക്കുന്നതും.ഈ കഴിവാണ് വിളംബിത സംതൃപ്തരുടെ ഭാവിയിലെ ജീവിതവിജയത്തിനു കാരണവും.(തല്‍ക്ഷണ സുഖത്തെ മഹത്വവല്‍ക്കരിക്കുന്നതാണ് നമ്മള്‍ ഓരോ നിമിഷവും ചുറ്റും കാണുന്നത്.ജീവിതത്തില്‍ ഓരോ നിമിഷവും നമ്മള്‍ മുട്ടായി പരീക്ഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറയാം. ഉടനെയുള്ള സുഖം വേണോ അതോ തല്‍ക്കാലം ബുദ്ധിമുട്ടി കുറെക്കഴിഞ്ഞ് കൂടുതല്‍ വലിയ സുഖം വേണോ?മുകളിലെ കാര്‍ട്ടൂണില്‍ നമ്മുടെ കാല്‍വിന്‍ അനുഭവിക്കുന്ന ധര്‍മ്മസങ്കടം തന്നെ.താന്‍ ചെയ്യേണ്ടതും,ചെയ്യാന്‍ ആഗ്രഹിക്കുന്നതും തമ്മിലുള്ള പൊരുത്തമില്ലായ്മ. കടം വാങ്ങിയായാലും നിങ്ങളുടെ ഹ്രസ്വകാല സന്തോഷത്തെ ഉത്തേജിപ്പിക്കുക,അത് വഴി മുന്‍പിന്‍ നോക്കാതെ വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടുക.അതിനായി എങ്ങനെ തിരിച്ചടക്കും എന്ന് പോലും ഓര്‍ക്കാതെ കടം വാങ്ങുക.ഇതാണ് പരസ്യങ്ങളും നമ്മോട് നിരന്തരംആവശ്യപ്പെടുന്നത്.)

(ട്രിവിയ:ആദ്യമായി ഈ വിളംബിത സംതൃപ്തി പരീക്ഷണം നടത്തിയത് യാഹോവയാണ്. ആദത്തിന്റെയും ഹവ്വയുടെയും മേല്‍.അവര്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.അവരെ യഹോവ  പറുദീസയില്‍നിന്ന് പുറത്താക്കിയത് വിളംബിത സംതൃപ്തി ശീലിക്കാനായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. :-) മനുഷ്യനെ തല്‍ക്ഷണ സംതൃപ്തിക്കാരാകാന്‍ പ്രേരിപ്പിക്കലാണ് ചെകുത്താന്റെ ജോലി.വിശ്വാസി ഡെയിലി പ്രാര്‍ത്ഥിക്കുന്നതും എന്നെ പരീക്ഷണങ്ങളില്‍ പെടുത്തരുതേ എന്നും.ആഗ്രഹങ്ങളുടെ സ്വയം നിഷേധം (self denial) വിശ്വാസിയുടെ ഏറ്റവും പരമമായ ആരാധനയുമാകുന്നു.)

വാള്‍ട്ടര്‍ മിഷേലിന്റെ മുട്ടായി പരീക്ഷണത്തില്‍ വിജയിച്ചവര്‍ പ്രലോഭനത്തെ നേരിട്ട രീതിയാണ് രസകരം.തല്‍ക്ഷണ സംതൃപ്തിക്കാര്‍ ഉടനെ മുട്ടായി ശാപ്പിട്ടപ്പോള്‍ വിളംബിത സംതൃപ്തിക്കാരില്‍  ചിലര്‍ കണ്ണടച്ചുപിടിച്ചും,മുട്ടായിക്ക് പുറം തിരിഞ്ഞിരുന്നും മുട്ടായിയെ കാണാതിരിക്കാന്‍ ശ്രമിച്ചും, തന്നത്താന്‍ പാട്ടുപാടിയും,മേശമേല്‍ താളം പിടിച്ചും മനഃപ്പൂര്‍വ്വം ശ്രദ്ധ വ്യതിചലിപ്പിച്ച് താല്‍ക്കാലിക നേട്ടം എന്ന പ്രലോഭനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ചിലര്‍ ഒരു സ്വപ്നത്തിലെന്നപോലെ ധ്യാനാവസ്ഥയിലായി.മനഃപ്പൂര്‍വ്വമുള്ള ഈ അശ്രദ്ധ (out of sight,out of mind) വഴി പ്രലോഭനത്തില്‍നിന്ന് രക്ഷപ്പെടാനുള്ള നല്ലൊരു വഴിയാണ്.തീര്‍ച്ചയായും ഈ ലോകവും അതിന്റെ പ്രലോഭനങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല, പക്ഷേ ആ പ്രലോഭനങ്ങളെക്കുറിച്ച് താന്‍ എങ്ങിനെ ചിന്തിക്കണം എന്നത് നമ്മുടെ നിയന്ത്രണത്തിലാണ്. ജര്‍മ്മന്‍ തത്വചിന്തകനായ ഷോപ്പനോവര്‍ പറയുന്നപോലെ,''One can choose what to do,but not what to want.''

''The highest possible stage in moral culture is when we recognize that we ought to control our thoughts.'' Charles Darwin-The descent of man.

ശ്രദ്ധയുടെ തന്ത്രപ്രധാനമായ വിന്യാസം (strategic allocation of attention) എന്നാണു വാള്‍ട്ടര്‍ മിഷേല്‍ ഇതിനെ വിളിക്കുന്നത്‌.ചില കാര്യങ്ങള്‍ തല്‍ക്കാലം ശ്രദ്ധിക്കാതിരിക്കുക അല്ലെങ്കില്‍ അതിനെ 'മറക്കുക.' ശ്രദ്ധയുടെ സ്പോട്ട് ലൈറ്റ് തനിക്ക് വേണ്ടിടത്തേക്കു മാത്രം ഫോക്കസ് ചെയ്യാനുള്ള കഴിവ് എന്ന് വേണമെങ്കില്‍ പറയാം.'മനസ്സ് വയ്ക്കുക','ശ്രദ്ധ കേന്ദ്രീകരിക്കുക','staying focused' എന്നൊക്കെയാണല്ലോ ഭാഷയിലെ പ്രയോഗങ്ങള്‍ തന്നെ. ശ്രദ്ധയുടെ തന്ത്രപ്രധാനമായ വിന്യാസത്തെക്കുറിച്ച് മഹാഭാരതത്തിലെ ഒരു കഥ പറയാം :

ഒരു ദിവസം ദ്രോണാചാര്യര്‍ തന്റെ ശിഷ്യരെ എല്ലാവരെയും ഒന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു.ദൂരെ ഉള്ള മരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു യന്ത്ര കിളിയെ അമ്പെയ്ത് വീഴ്ത്താന്‍ പറഞ്ഞു. ഓരോരുത്തരായി വന്ന് വില്ല് കുലക്കുമ്പോള്‍ അവരോടു ചോദിക്കും,നിങ്ങള്‍ എന്താണ് കാണുന്നതെന്ന്. എല്ലാവരും തങ്ങള്‍ മരം,ഇലകള്‍,ആകാശം,പക്ഷി ഒക്കെ കാണുന്നുണ്ട് എന്ന് പറഞ്ഞു.ദ്രോണാചാര്യര്‍ അവരെയൊക്കെ മാറ്റി നിര്‍ത്തി. അവസാനം അര്‍ജ്ജുനനോടും ഇതേ ചോദ്യം ചോദിച്ചു. അര്‍ജ്ജുനന്‍ പറഞ്ഞു,'ഞാന്‍ ഒരു പക്ഷിയുടെ കണ്ണ് മാത്രമെ കാണുന്നുള്ളു'.അര്‍ജ്ജുനന്‍ അസ്ത്രമയച്ചു.അസ്ത്രം ലക്‌ഷ്യം കാണുകയും ചെയ്തു.

പത്തൊന്‍പതു മാസം പ്രായമുള്ള ശിശുക്കളില്‍വരെ വാള്‍ട്ടര്‍ മിഷേലിന്റെ  ശ്രദ്ധയുടെ തന്ത്രപ്രധാനമായ വിന്യാസം (strategic allocation of attention) പ്രവര്‍ത്തിക്കുന്നതായി കണ്ടിട്ടുണ്ട്. ചെറിയ കുട്ടികളെ അവരുടെ അമ്മയില്‍നിന്നു വേര്‍പ്പെടുത്തിയാല്‍ കുട്ടികള്‍ കരഞ്ഞ് ബഹളമുണ്ടാക്കും.എന്നാല്‍ ചില കുട്ടികള്‍ ഒട്ടും സന്തോഷത്തോടെയല്ലെങ്കിലും അത് മറന്ന് വേഗം കരച്ചില്‍ നിര്‍ത്തി കളികളില്‍ വ്യാപ്രൃതരാകും. അവര്‍ക്ക് ഇഷ്ട്ടാനുസരണം അപ്രിയ കാര്യങ്ങളെ 'മറക്കാന്‍' കഴിയുന്നു.ഇങ്ങനെ 'ശ്രദ്ധയുടെ തന്ത്രപ്രധാനമായ വിന്യാസം' വശമുള്ള ഈ കുട്ടികള്‍ പിന്നീട് മുട്ടായി പരീക്ഷണത്തില്‍ വിജയിക്കുന്നതായി കണ്ടിട്ടുണ്ട്. ഈ തരം കുട്ടികള്‍ വെറുതെ കളിച്ചു നടക്കാതെ ഇരുന്നു പഠിക്കും.കൂടുതല്‍ ജീവിത വിജയം നേടും.അവര്‍ ജോലിസമയത്ത് ബ്ലോഗിലും ഫേസ്ബൂക്കിലും സമയം കളയാതെ പണിയെടുക്കും. വല്ലതും പഠിച്ച് അടുത്ത പ്രോമോഷനും നേടും. :-) കിട്ടുന്ന പണം ധൂര്‍ത്തടിച്ചു കളയാതെ സൂക്ഷിച്ചു വയ്ക്കും.നമ്മുടെ ഈസോപ്പിന്റെ കഥയിലെ ഉറുമ്പിനെപ്പോലെ.വിളംബിത സംതൃപ്തി ജീവിത വിജയത്തിലേക്ക് നയിക്കുന്നത് അങ്ങനെയാണ്.(ഞങ്ങള്‍ മക്കള്‍ ആരും തന്നെ കുട്ടിക്കാലത്ത് ഒട്ടും വാശി കാണിക്കാത്തവരായിരുന്നു,വളര്‍ത്താന്‍ വളരെ എളുപ്പമായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.)

ഇത്ര നേരത്തെ ഈ കഴിവിനുള്ള സൂചനകള്‍ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് വിളംബിത സംതൃപ്തി ജൈവികമായിരിക്കാം എന്ന് കരുതാം.അതൊരു സ്ഥിരഗുണമാണ് (stable trait) എന്ന് കരുതാന്‍ കാരണങ്ങളുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ മസ്തിഷ്ക്കത്തിലെ ലിംബിക് സിസ്റ്റമാണ്. ഡോപ്പമിനെ നിയന്ത്രിക്കുന്ന തൃപ്തി മണ്ഡലങ്ങള്‍(pleasure circuits) ഉള്‍കൊള്ളുന്ന സ്ട്രയേഷ്യവും ഈ ലിംബിക് സിസ്റ്റത്തിന്റെ ഭാഗമാണ്. ഇത് തലച്ചോറിന്റെ പ്രീഫ്രോണ്ടല്‍ ലോബുമായി ബന്ധപ്പെടുന്നുണ്ട്.അതായത് ലിംബിക് സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെ ക്രമീകരിക്കാന്‍ ഫ്രോണ്ടല്‍ ലോബിനാകും.ഒരു വണ്ടിയുടെ ആക്സിലേറ്ററും ബ്രേക്കും പോലെ നമ്മുടെ മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു പെഡലുകളുണ്ടെന്ന് കരുതുക.ആക്സിലേറ്റര്‍ വെന്‍ട്രല്‍ സ്ട്രയേഷ്യവും, ബ്രേക്ക് പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സുമാണെന്ന് സങ്കല്‍പ്പിക്കാം.പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കാനും,സംഭവങ്ങളുടെ കാര്യകാരണബന്ധങ്ങള്‍ ഉള്‍ക്കൊള്ളാനും, ആത്മനിയന്ത്രണം പാലിക്കാനും, കാര്യങ്ങള്‍ നന്നായി ആസൂത്രണം ചെയ്യാനുമൊക്കെ നമ്മെ പ്രാപ്തരാക്കുന്നത് തലച്ചോറിലെ ഈ ഭാഗങ്ങളുടെ യോജിച്ച പ്രവര്‍ത്തനമാണ്.ഫേസ് ബുക്കില്‍ സമയം കളയാനോ,ഇന്‍സെന്റീവ് കിട്ടിയ പണം മുഴുവന്‍ ചെലവാക്കി പുതിയ ഐഫോണ്‍ വാങ്ങാനൊക്കെയാണ്  നിങ്ങളുടെ തൃപ്തി മണ്ഡലങ്ങള്‍ (pleasure circuits) നിങ്ങളെ പ്രേരിപ്പിക്കുന്നത്. താല്‍ക്കാലിക നേട്ടമോ ആഹ്ലാദമോ ഒക്കെയാണ് അത് ലക്‌ഷ്യം വയ്ക്കുന്നത്.പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സിന്റെ പ്രവര്‍ത്തനമാണ് നിങ്ങളെക്കൊണ്ട് അത് മാറ്റി വച്ച് വല്ല പണിയും ചെയ്യാനോ ആ പണം ഭാവിയിലേക്ക് നിക്ഷേപിക്കാനോ ഒക്കെ പ്രേരിപ്പിക്കുന്നത്.

വിളംബിത സംതൃപ്തരുടെ തലച്ചോറിന്റെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സ്,വെന്‍ട്രല്‍ സ്ട്രയേഷ്യം എന്നീ ഭാഗങ്ങളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ചില വ്യത്യാസങ്ങളുള്ളതായി പഠനങ്ങള്‍ പറയുന്നു. വിളംബിത സംതൃപ്തരുടെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സും തല്‍ക്ഷണ സംതൃപ്തരുടെ വെന്‍ട്രല്‍ സ്ട്രയേഷ്യവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നു.ഈ വെന്‍ട്രല്‍ സ്ട്രയേഷ്യത്തിന്റെ പ്രവര്‍ത്തനവും അഡിക്ഷനും തമ്മില്‍ ബന്ധമുള്ളതായും കണ്ടിട്ടുണ്ട്. സൈക്കോപ്പതുകളിലും ആവേശ കൊലപാതകികളിലും(impulsive murderers) തലച്ചോറിന്റെ ഫ്രോണ്ടല്‍ ഭാഗങ്ങള്‍ ചെറുതോ പ്രതികരണം കുറഞ്ഞതോ ആണ് എന്നും കണ്ടിട്ടുണ്ട്.പ്രീ ഫ്രോന്ടല്‍ ലോബുകളില്‍ ചില ഇമ്പ്ലാന്റുകള്‍ ഘടിപ്പിച്ചു ആ ഭാഗങ്ങളെ വരുതിയിലാക്കിയാല്‍ ആത്മ നിയന്ത്രണം സാധ്യമാണ് എന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. വിളംബിത സംതൃപ്തക്കാരില്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സിന്റെ വളര്‍ച്ച അല്‍പ്പം നേരത്തെ പൂര്‍ത്തിയാകുന്നുണ്ടാകാം.

വിളംബിത സംതൃപ്തിയുടെ അഭാവം മൂലമുള്ള ഒരു പെരുമാറ്റ വ്യതിയാനം കുട്ടികളില്‍ കാണാറുണ്ട്‌. അമിതമായ അശ്രദ്ധയും ഒരിടത്തും അടങ്ങിയിരിക്കായ്കയും അനിയന്ത്രിതമായ പെരുമാറ്റങ്ങളും മറ്റുമുള്ള ഈ പെരുമാറ്റ വ്യതിയാനത്തെ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍ (ADHD) എന്ന് വിളിക്കുന്നു.അക്ഷമയും,വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള പെരുമാറ്റങ്ങളും എടുത്തുചാട്ടവും  ഇത്തരം കുട്ടികളില്‍ കാണാം.സ്കൂള്‍പ്രായത്തിലുള്ള കുട്ടികളുടെ മൂന്നു മുതല്‍ ഏഴു വരെ ശതമാനത്തെ ഈ അസുഖം ബാധിച്ചേക്കാം എന്ന് കണക്കുകള്‍ കാണിക്കുന്നു.ഇത്തരം കുട്ടികളിലും തലച്ചോറിലെ ഫ്രോണ്ടല്‍ ഭാഗങ്ങള്‍ മറ്റു കുട്ടികളെക്കാള്‍ താരതമ്യേന ചെറുതാണെന്ന് കണ്ടിട്ടുണ്ട് എന്നത് പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിന് തലച്ചോറിലെ ഈ ഭാഗങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഫേസ്ബുക്കില്‍ കണ്ട ഒരു ചിത്രം.....ഇതില്‍ പറയുന്ന പോലെ ലാലേട്ടന്റേതുപോലുള്ള വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍ ആരാധനയോടെ കാണുന്ന,ലൈക്‌ ചെയ്യുന്ന മാനസികാവസ്ഥയുള്ള കൌമാരക്കാര്‍ ഒരു പത്തുവര്‍ഷത്തിനു ശേഷം നോക്കിയാല്‍ ജീവിതത്തില്‍ പരാജയപ്പെടാന്‍ കൂടുതല്‍ സാധ്യതയുണ്ടോ? (ചുമ്മാ ഒരു ചിന്ത....)

ആളുകള്‍ അവനവനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തലച്ചോറിന്റെ വെന്‍റോമീഡിയല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സ്( ventromedial prefrontal cortex (VMPFC) കൂടുതല്‍ പ്രവര്‍ത്തിക്കുന്നതായി നിരീക്ഷണമുണ്ട്.അത് തൃപ്തി മണ്ഡലങ്ങളെ(pleasure circuits) ഉത്തേജിപ്പിക്കുന്നതായും കണ്ടിട്ടുണ്ട്.(അവനവനെക്കുറിച്ച് ദിവാസ്വപ്നം കാണുന്നത് ആഹ്ലാദം തരുന്ന സംഗതിയാണ് എന്നറിയാന്‍ ഒരു പഠനവും വേണ്ട അല്ലെ? :-)) എന്നാല്‍ വേറൊരാളെക്കുറിച്ചാണ് ചിന്ത എങ്കില്‍ ആ ഭാഗത്തെ പ്രവര്‍ത്തനം കുറവായിരിക്കും.ആളുകളോട് ഭാവിയിലെ അവരെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് അവരുടെ VMPFC യുടെ പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ ഹ്രസ്വകാല നേട്ടങ്ങളോടുള്ള ആഭിമുഖ്യമുള്ളവരെന്ന് മുന്‍പ് കണ്ടിട്ടുള്ളവരില്‍  VMPFC യുടെ പ്രവര്‍ത്തനത്തില്‍ മന്ദതയുള്ളതായി കണ്ടിട്ടുണ്ട്.അത്തരക്കാര്‍ ഭാവിയിലെ തങ്ങളെ ഒരു അപരിചിതനായാണ് കാണുന്നത് എന്ന് ന്യായമായും അനുമാനിക്കാം.അതായത് അത്തരക്കാര്‍ക്ക് ഭാവിയിലെ തനിക്കുതന്നെ വേണ്ടി ചെയ്യുന്ന ഒരു ത്യാഗം(വിളംബിത സംതൃപ്തി) ഒരു അപരിചിതന് വേണ്ടി ഒരു കാര്യവുമില്ലാതെ നഷ്ടം സഹിക്കുന്ന പോലെയാണ് തോന്നുക.അവനവനെക്കുറിച്ചുള്ള ദിവാസ്വപ്നങ്ങളില്‍നിന്ന് ഇത്തരക്കാര്‍ക്ക് അത്ര 'കിക്ക്' കിട്ടുന്നുണ്ടാകില്ല എന്നും അനുമാനിക്കാം.

തന്റെ തന്നെ പ്രായമായ അവസ്ഥ കാണിക്കുന്ന കൃത്രിമ ചിത്രം കാണിച്ചാല്‍ കൂടുതല്‍ വിളംബിത സംതൃപ്തി പ്രകടിപ്പിക്കാനും ഇവര്‍ക്ക് കഴിയുന്നതായി പഠനങ്ങള്‍ പറയുന്നു.(റിട്ടയര്‍മെന്റ്റ് ഫണ്ടിലേക്ക് കൂടുതല്‍ തുക മാറ്റിവയ്ക്കുക പോലുള്ളവ.) ചില ഇന്‍ഷുറന്‍സ് കമ്പനി പരസ്യങ്ങളില്‍ ഈ സൂത്രം ഉപയോഗിച്ചു കാണാറുണ്ട്.ഒരു ചെറുപ്പക്കാരനും അയാള്‍ തന്നെ വയസ്സനായിട്ടുള്ള അവസ്ഥയും.പരസ്യത്തിലെ ചെറുപ്പക്കാരനുമായി ഐഡന്റിഫൈ ചെയ്യാന്‍ കഴിയുന്നവര്‍ വയസ്സനെയും ഭാവിയിലെ താനായി ഐഡന്റിഫൈ ചെയ്യും. ഫലം,അവര്‍ ഭാവിയെക്കുറിച്ച് കൂടുതല്‍ കരുതല്‍ കാണിക്കും.)

നോബല്‍ ജേതാവായ ബിഹേവിയര്‍ ഇക്കണോമിസ്റ്റ് ഡാനിയേല്‍ ഖനിമാന്‍ അദ്ദേഹത്തിന്റെ Thinking fast and slow എന്ന പുസ്തകത്തില്‍ പറയുന്നപോലെ ഒരു കാര്യം ചെയ്യുന്ന ഞാനും ഭാവിയില്‍ അതിന്റെ ഫലം അനുഭവിക്കേണ്ട ഞാനും രണ്ടായാണ് നാം കാണുന്നതാണ് present biasനു കാരണം.കുപ്രസിദ്ധമായ ഡല്‍ഹി റേപ്പ് കേസിലെ പ്രതികകളെ ദരിദ്രരായ കുറ്റവാളികള്‍ (criminal poor) എന്നാണ് അരുന്ധതി റോയ് പറയുന്നത്.എന്തുകൊണ്ട് ദരിദ്രര്‍ ഇത്തരം impulsive crimes ചെയ്യുന്നു?ജെയിലിലെ അന്തേവാസികളില്‍ അധികവും ഇത്തരം കുറ്റം ചെയ്ത ദരിദ്രരാണ്.) ഈ ബുദ്ധിജീവികള്‍ അവകാശപ്പെടുന്നപോലെ ഇത് ദരിദ്രരോടുള്ള എന്തെങ്കിലും വിവേചനമാണോ? അവര്‍ ദരിദ്രരായതുകൊണ്ട് കുറ്റം ചെയ്യുന്നതാണോ അതോ അവരുടെ ദാരിദ്ര്യവും കുറ്റവാസനയും, രണ്ടും അവരുടെ ഭാവിയെക്കുറിച്ചുള്ള ദൂരകാഴ്ച ഇല്ലായ്മയുടെ ഫലമാണോ? 'അല്പലാഭം പെരും ചേതം'എന്നത് അവര്‍ക്ക് മനസ്സിലാകാത്തതാണോ?

ഡണ്ണിംഗ് ക്രൂഗര്‍ എഫക്റ്റ് എന്നൊരു അവസ്ഥയുണ്ട്.അറിവുള്ളവര്‍ക്ക് തങ്ങള്‍ക്ക് അറിവുണ്ട് എന്ന അറിവും ഉണ്ടായിരിക്കും.അതേപോലെ അറിവ് കുറഞ്ഞവര്‍ക്ക് തങ്ങള്‍ അറിവ് കുറഞ്ഞവരാണ് എന്ന് തിരിച്ചറിയാനുള്ള അറിവും കമ്മിയായിരിക്കും.ഇതാണ് ചുരുക്കത്തില്‍ ഡണ്ണിംഗ് ക്രൂഗര്‍ എഫക്റ്റ്. ഈ എഫക്റ്റിനു നല്ലൊരു ഉദാഹരണം നമ്മുടെ സന്തോഷ്‌ പണ്ഡിറ്റാണ്.Stupidity keeps him from an awareness of his own stupidity.(''ബുദ്ധിയോടെ പ്രതിവാദിപ്പാന്‍ പ്രാപ്തിയുള്ള ഏഴു പേരിലും താന്‍ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു''എന്ന് പഴയ നിയമത്തിലെ സദൃശ്യവാക്യങ്ങള്‍ 26:16) ഒരു കാളയുടെ വളഞ്ഞ കൊമ്പുകള്‍ക്കിടയില്‍ തലയിട്ട നമ്പൂരിയുടെ കഥ കേട്ടിട്ടില്ലെ?താന്‍ വളരെ ആലോചിച്ച ശേഷമാണ് അത് ചെയ്തതെന്നു നമ്പൂതിരി. :-) ഇത്തക്കാര്‍ ആലോചിട്ട് ഒരു പ്രയോജനവുമില്ല.

ഹിംസാപരമായ കുറ്റകൃത്യങ്ങള്‍ (violent crimes) ചെയ്യുന്നവര്‍ താരതമ്യേന IQ കുറഞ്ഞവരായിരിക്കും എന്നത് ഇതിനെ പിന്‍താങ്ങുന്ന തെളിവാണ്.(IQ വും വിളംബിത സംതൃപ്തിയും തമ്മിലുള്ള കോറിലേഷനും ഓര്‍ക്കുക.) അല്‍പ്പമെങ്കിലും വീണ്ടുവിചാരമുള്ള ആരെങ്കിലും ഡല്‍ഹി റേപ്പ് പോലുള്ള ഒരു കൃത്യം ചെയ്യുമോ?ഞാനുദ്ദേശിക്കുന്നത് ഒരു കുറ്റം ചെയ്തു എന്നതല്ല.ഒട്ടും പ്ലാന്‍ ചെയ്യാതെ, വീണ്ടുവിചാരമില്ലാതെ കുറ്റം ചെയ്തു എന്നതാണ്.ഇത്തരം കുറ്റവാളികള്‍ അവസരവാദികളാണ് (opportunists). തൊട്ടു മുന്‍പുള്ള നിമിഷം വരെ കുറ്റകൃത്യത്തെക്കുറിച്ച് അവര്‍ ആലോചിക്കുക പോലും ചെയ്തിട്ടുണ്ടാവില്ല‍.എന്നാല്‍ ഒരൊറ്റ നിമിഷം കൊണ്ട് മുന്നിലുള്ളത് നല്ലൊരു അവസരമാണ് എന്ന് അവര്‍ക്ക് തോന്നുന്നു‍.വിളംബിത സംതൃപ്തി അവരില്‍ പ്രബലമല്ല. കണ്മുന്നിലുള്ള ഹ്രസ്വകാല നേട്ടത്തെ മാത്രമേ അവര്‍ക്ക് കാണാന്‍ പറ്റുന്നുള്ളൂ.ധാരാളം തെളിവുകള്‍ അവശേഷിക്കുന്ന ഇതുപോലുള്ള കുറ്റങ്ങളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടി വീഴും എന്ന് ഒന്നാലോചിച്ചാല്‍ അറിയാവുന്നതാണ്.എന്നിട്ട് ഒളിച്ചു താമസിക്കുന്നതോ,പരിചയക്കാരുടെയും ബന്ധുക്കളുടെയും വീട്ടില്‍.പോലിസ് ആദ്യം എത്തുന്നത്‌ അവിടെയായിരിക്കും എന്നിവര്‍ക്ക് അലോചിക്കാന്‍ പറ്റുന്നില്ലെ?

അല്ലെങ്കില്‍ അടുത്ത് വായിച്ച മറ്റൊരു സംഭവം...അടുത്ത വീട്ടിലെ കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്ന് മൃതദേഹം സ്വന്തം വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിക്കുന്ന ഒരു കുറ്റവാളിയുടെ മനസ്സിലെന്തായിരിക്കാം? ആരും തന്നെ സംശയിക്കില്ലെന്നോ?അല്ലെങ്കില്‍ പണം തട്ടാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പിന്നീട് എന്ത് ചെയ്യണം എന്നറിയാതെ കുട്ടിയെ കൊന്നുകളഞ്ഞ സംഭവങ്ങളുണ്ട്.കക്കാന്‍ മാത്രമെ അറിയൂ.നില്‍ക്കാന്‍ അറിയില്ല.ശേഷം എന്ത് എന്നതിനെക്കുറിച്ച് അവര്‍ ആലോചിച്ചിട്ടേയില്ല എന്ന് വ്യക്തം.Plan B എന്നൊരു കണ്‍സപ്റ്റ് അവര്‍ കേട്ടിട്ടേ ഉണ്ടാകില്ല.(Plan A തന്നെ ശരിക്കില്ല.പിന്നല്ലെ Plan B. ''There are no perfect crimes''.''കുറ്റവാളി ഒരു തെളിവെങ്കിലും ശേഷിപ്പിക്കും'' എന്നൊക്കെ പറയുന്നത് ഇത്തരം ഒരു ബോധവുമില്ലാത്ത കുറ്റവാളികളെക്കുറിച്ചാണ്.അതുകൊണ്ടാണ് അവര്‍ പിടിക്കപ്പെടുന്നത്.(ഭൂരിപക്ഷവും അത്തരക്കാരാണ് എന്നത് നമ്മുടെയും പോലീസിന്റെയും ഭാഗ്യം.)

കുറ്റം ചെയ്യുന്നത് താനാണെങ്കിലും പിടിക്കപ്പെടാന്‍ പോകുന്ന ആ ആള്‍ ശരിക്കും താനല്ല എന്നായിരിക്കുമോ അവരുടെ മനസ്സില്‍?ഭാവിയിലെ അവരെക്കുറിച്ച് അവര്‍ക്ക് ഒരു രൂപവുമില്ല എന്ന്  വരുമോ?അവരുടെ തലച്ചോറിന്റെ വെന്‍റോമീഡിയല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സിന്( ventromedial prefrontal cortex (VMPFC) മന്ദതയുണ്ട് എന്നുവരുമോ?ഇത് ശരിയാണെങ്കില്‍ ഭാവിയെക്കുറിച്ച് ഒരു സങ്കല്‍പ്പവും ഇല്ലാത്ത ഇത്തരക്കാര്‍ക്ക് കിട്ടാനിടയുള്ള ശിക്ഷയെയും പേടിയുണ്ടാകില്ല.ഒരു മാനസാന്തരത്തിനുള്ള സാധ്യതയും കുറവായിരിക്കും.

ആവേശ കുറ്റവാളികളിലെന്നപോലെ (impulsive crimes) അഡിക്റ്റുകളിലും അവരുടെ ഭാവിയെക്കുറിച്ചുള്ള ഉദാസീനത കാണുന്നുണ്ട്.ഹെറോയിന്‍ അഡിക്റ്റുകളിലും സമാനമായ സാധാരണക്കാരിലും നടത്തിയ ഒരു പരീക്ഷണമുണ്ട്.ഒരു കഥ പറച്ചിലാണ്.ഒരു സെനോറിയോ കൊടുക്കുന്നു.ഒരെണ്ണം ഇങ്ങനെയാണ്....(1) ജോ ഒരു റെസ്റ്റൊറെന്റില്‍ ചായ കുടിച്ചു കൊണ്ട് ഇനിയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ്.........കഥയുടെ ബാക്കി  സ്വന്തം ഭാവനക്കനുസരിച്ച് ഏതു രീതിയിലും പൂര്‍ത്തിയാക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.മറ്റൊരു സെനോറിയോ ഇങ്ങനെയാണ്.... (2)കാലത്ത് ഉണര്‍ന്നെഴുന്നേറ്റ ശേഷം ബില്‍ അവന്റെ ഭാവിയെക്കുറിച്ച് ആലോചിച്ചു.അവന്‍ പ്രതീക്ഷിക്കുന്നത്........ആദ്യത്തെ കഥയില്‍ കണ്ട്രോള്‍ ഗ്രൂപ്പ് അവരുടെ സമീപ ഭാവി ഒരാഴ്ചത്തേക്ക് സങ്കല്‍പ്പിക്കുമ്പോള്‍ അഡിക്റ്റുകള്‍ക്ക് അവരുടെ കഥയിലെ ഭാവികാലം ഒരു മണിക്കൂര്‍ മാത്രമാണ്. രണ്ടാമത്തെ കഥയിലെ 'ഭാവി' കണ്ട്രോള്‍ ഗ്രൂപ്പിലുള്ളവര്‍ക്ക് ശരാശരി നാലരവര്‍ഷക്കാലത്തെ പ്രൊമോഷന്‍,വിവാഹം പോലുള്ള കാര്യങ്ങളാണെങ്കില്‍ അഡിക്റ്റുകള്‍ക്ക് ഒന്‍പത് ദിവസമാണ് അവരുടെ 'ഭാവികാലം'.അതിനപ്പുറത്തേക്ക് അവരുടെ ആലോചന പോകുന്നേ ഇല്ല.

നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ അഡിക്റ്റുകള്‍ മാത്രമല്ല പുകവലിക്കാരും മദ്യപാനികളും ഇതുപോലെ തങ്ങളുടെ ഭാവി കുറച്ചു കാണുന്നവരാണ്.അവര്‍ ഹ്രസ്വകാല നേട്ടങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നവരാണ്.ദീര്‍ഘവീക്ഷണമില്ലായ്മ നിങ്ങളെ അഡിക്റ്റ് ആക്കാം,അഡിക്ഷന്‍ നിങ്ങളെ ഹ്രസ്വകാല സന്തോഷങ്ങളില്‍ മാത്രം അഭിരമിക്കുന്നവനുമാക്കാം.അതൊരു ചാക്രിക പ്രവര്‍ത്തനമാണ്.പുകവലിക്കാരിലും അഡിക്ടുകളിലും തനിക്ക് എപ്പോള്‍ വേണമെങ്കിലും ഇത് നിര്‍ത്താന്‍ സാധിക്കും എന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവര്‍ പരാജയപ്പെടാനാണ് കൂടുതല്‍ സാധ്യത എന്ന് പഠനങ്ങളില്‍ കാണുന്നു.

പുകവലിയൊക്കെ അനേകം തവണ നിഷ്പ്രയാസം നിര്‍ത്തിയ ആളുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടല്ലോ. സെല്‍ഫ് കണ്‍ട്രോള്‍ കുറഞ്ഞവര്‍ക്ക് ഭാവിയില്‍ തനിക്ക് എപ്പോള്‍ എവിടെവച്ച് ആത്മനിയന്ത്രണം നഷ്ട്ടപ്പെടും എന്ന് അറിയാനാവില്ല.അതുകൊണ്ടുതന്നെ പ്രലോഭനങ്ങള്‍ അവര്‍ക്ക്  ഒഴിവാക്കാനാകാതെയും വരും.നേരത്തെ കണ്ട ഡണ്ണിംഗ് ക്രൂഗര്‍ എഫക്റ്റിനു സമാനമായ ഒരവസ്ഥയാണിത്.(ആല്‍ക്കഹോളിക്ക് അനോണിമസ് പോലുള്ള കൂട്ടായ്മകളില്‍ തങ്ങള്‍ സഹായം കൂടാതെ അഡിക്ഷന്‍ നിര്‍ത്താന്‍ നിസ്സഹായരാണ് എന്ന് സ്വയം അംഗീകരിപ്പിക്കുക എന്നത് ചികിത്സയുടെ ആദ്യ പടിയാണ്.)

''All men dream: but not equally. Those who dream in the dark recesses of the night awake in the day to find all was vanity. But the dreamers of day are dangerous men, for they may act their dreams with open eyes, and make it possible.'' T.E. Lawrence aka Lawrence of Arabia.

ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ച് സങ്കല്‍പ്പങ്ങളുള്ളവര്‍ (പഠിച്ചു വല്യ ആളാകണം,ബംഗ്ലാവ് പണിയണം, വിമാനം വാങ്ങണം,ലോകസുന്ദരിയെ കെട്ടണം) കൂടുതല്‍ പഠനമികവ് കാണിക്കും എന്ന് കണ്ടിട്ടുണ്ട്.ഇത്തരം സ്വപ്നം കാണുന്നതില്‍ ഉദാസീനതയുള്ളവര്‍ പഠനത്തിലും പുറകോട്ടായിരിക്കും.(Dare to dream എന്നത് ഒരു മോശം ഉപദേശമല്ല.)കാണുന്ന സ്വപ്നം എന്താണ് എന്നതല്ല സ്വപ്നം കാണാനുള്ള മനോഭാവമാണ് പ്രാധാനം.ദൂരെയുള്ള ലക്‌ഷ്യം ഒരു വഴികാട്ടി മാത്രമാണ്. അവിടെത്തന്നെ എത്തിയില്ലെങ്കിലും കൊള്ളാവുന്ന എവിടെയെങ്കിലും എത്തും.Aim for the stars and you will reach the sky എന്ന് കേട്ടിട്ടില്ലെ?

ചെറുപ്പത്തില്‍ ക്ലാസ് ടീച്ചര്‍ ഭാവിയില്‍ ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ച അനുഭവം എല്ലാവര്‍ക്കും ഉണ്ടാകാം. ഡോക്ടര്‍, എഞ്ചിനീയര്‍ മുതല്‍ ആനപ്പാപ്പാന്‍, ബസ്സിലെ കിളി വരെ അപ്പോഴത്തെ ഹീറോ സങ്കല്പം അനുസരിച്ച് മറുപടി പറഞ്ഞിട്ടുമുണ്ടാകും.എന്നാല്‍ അന്ന് അന്തംവിട്ട് ഒരു മറുപടിയും പറയാതെ മിഴിച്ചു നിന്ന ചിലരുമുണ്ടായിരുന്നു നമ്മുടെ കൂട്ടത്തില്‍.എന്റെ ഊഹം അവര്‍ക്ക് അവരുടെ ഭാവി സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നാണ്.ഭാവിയെക്കുറിച്ചുള്ള എന്തെങ്കിലും ഇമേജ് ഉള്ളവര്‍,അതെത്ര സില്ലിയായാലും ഒരു ഇമേജും ഇല്ലാത്തവരേക്കാള്‍ കൂടുതല്‍ ജീവിതവിജയം നേടാന്‍ സാധ്യതയുണ്ടോ? ഭാവിയെക്കുറിച്ച് ഒരു ഇമേജും ഇല്ലാത്തവര്‍ ഭാവിയില്‍ കൂടുതല്‍ ഏടാകൂടങ്ങളില്‍ ചെന്ന് ചാടാനുള്ള സാധ്യതയുണ്ടോ?

സെക്രട്ടേറിയറ്റിനു മുന്നില്‍ കിടന്ന് മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കാന്‍ പോലീസിന്റെ തല്ലു കൊള്ളുന്നവന്‍ ജനാധിപത്യത്തിന്റെ അപജയത്തേക്കുറിച്ച് വ്യാകുലപ്പെടുന്നതുകൊണ്ടാണോ അതോ അവന് ശരിക്കും ബോധം കുറവാണോ?എന്റെ വോട്ട് രണ്ടാമത്തേതിനാണ്. ബസ്സിനു കല്ലെറിഞ്ഞും ബഹളം കൂട്ടിയും വര്‍ത്തമാനകാലത്ത് ആഹ്ലാദം അനുഭവിക്കുന്ന 'ഞാനും' ഭാവിയില്‍ തല്ലു വാങ്ങാനിടയുള്ള 'ഞാനും' ഒരാളല്ല എന്നായിരിക്കുമോ അവരുടെ മനസ്സില്‍? വിവേകലോപമുള്ള ഇത്തരക്കാരില്‍നിന്ന് നേതാക്കളുണ്ടാകില്ല. ആവേശ കുറ്റവാളികളായ (impulsive criminals) സാമൂഹ്യവിരുദ്ധരെ ഉണ്ടാകൂ.അതുപോലെ ഹെല്‍മെറ്റില്ലാതെയും മദ്യപിച്ചും വണ്ടിയോടിക്കുന്നവനും വര്‍ത്തമാനകാലത്ത് മദ്യത്തിന്റെയും,ബൈക്കില്‍ ചീറിപ്പാഞ്ഞു പോകുമ്പോള്‍ കാറ്റ് മുടിയിഴകളെ തുഴുകുന്നതിന്റേയും സുഖമനുഭവിക്കുന്ന ഈ  'ഞാനും' ഭാവിയില്‍ അപകടം സംഭവിക്കാന്‍ പോകുന്ന ആ 'ഞാനും' ഒരാളല്ല എന്ന തോന്നലുള്ളവരാണോ?ഒരു അഡിക്റ്റിനെപ്പോലെ തന്നെ ഇത്തരക്കാര്‍ താല്‍ക്കാലികമായ 'അഡ്രിനാലിന്‍ റഷ്' ദീര്‍ഘകാല നേട്ടങ്ങളേക്കാള്‍ ആസ്വാദ്യമായി കരുതുന്നുണ്ടാകാം.ആരെങ്കിലും ഒരു പഠനം നടത്താനുള്ള സ്കോപ്പുണ്ട്.

''ന വ്യസന പരസ്യ കാര്യവ്യാപ്തിഃ വ്യസനങ്ങളില്‍ പെട്ടവന് കാര്യസാധ്യം ഉണ്ടാകില്ല.'' (ചാണക്യ സൂത്രം)

സപ്തവ്യസനങ്ങള്‍ എന്ന് കേട്ടിട്ടില്ലെ?ജീവിതവിജയം ആഗ്രഹിക്കുന്നവര്‍ വര്‍ജ്ജിക്കേണ്ട ഏഴ് കാര്യങ്ങളാണവ.സ്ത്രീസേവ,ചൂത്,നായാട്ട്,മദ്യപാനം,വാക്പാരുഷ്യം (ക്രൂരമായ വാക്കുകള്‍ അനാവശ്യമായ വഴക്കിടല്‍),ദണ്ഡപാരുഷ്യം (അനാവശ്യമായ ശാരീരിക പീഡനം, ശിക്ഷ), അര്‍ത്ഥദൂഷണം (സമ്പത്തിന്റെ ദുര്‍വിനിയോഗം) എന്നിവയാണ് സപ്തവ്യസനങ്ങള്‍. അതുപോലെതന്നെ കാമം,ക്രോധം,ലോഭം,മോഹം,മദം,മാത്സര്യം എന്നീ ആറ്‌ വികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടവന്‍ സ്വയം നശിച്ചുപോകുന്നു എന്നും പറയുന്നുണ്ട്.മദ്യവും,ചൂതും ഭാഗ്യപരീക്ഷണവും ഖുറാനും വിലക്കീട്ടുള്ളതാണ്.(ഖുര്‍ആന്‍-5:90) കൃസ്ത്യാനികളുടെ ഏഴ് പാപങ്ങളുടെ ലിസ്റ്റിലും സ്ത്രീസേവ(lust),അര്‍ത്ഥദൂഷണം(gluttony),വാക്പാരുഷ്യം,ദണ്ഡപാരുഷ്യം(wrath) ഇവ കാണാം. ''കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും;നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.'' (സദൃശ്യവാക്യങ്ങള്‍ -23 :21) സദൃശ്യവാക്യങ്ങളില്‍ തുടര്‍ന്ന് ഇങ്ങനെ കാണാം... ''ആര്‍ക്കു കഷ്ടം, ആര്‍ക്കു സങ്കടം, ആര്‍ക്കു കലഹം? ആര്‍ക്കു ആവലാതി, ആര്‍ക്കു അനാവശ്യമായ മുറിവുകള്‍, ആര്‍ക്കു കണ്‍ചുവപ്പു?വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നേ.വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.ഒടുക്കം അതു സര്‍പ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.നീ നടുക്കടലില്‍ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ ഉറങ്ങുന്നവനെപ്പോലെയും ആകും.''

മൊത്തത്തില്‍ എല്ലാ മതങ്ങളും ചില കാര്യങ്ങള്‍ വിലക്കീട്ടുണ്ട്. അതിന്റെ ഒരു സമ്പൂര്‍ണ്ണ ലിസ്റ്റാണ് സപ്തവ്യസനങ്ങള്‍ എന്ന് പറയാം. ഈ സപ്തവ്യസനങ്ങള്‍ക്കൊക്കെ പൊതുവായ ഒരു പ്രത്യേകതയുണ്ട്.എല്ലാം തന്നെ ആത്മനിയന്ത്രണത്തിന്റെ അഭാവം അഥവാ ദൂരകാഴ്ച ഇല്ലായ്മ മൂലം അപകടമാകാവുന്ന ശീലങ്ങളാണ്.പെരുമാറ്റ ആസക്തികളായ (behavior addiction‍) hyper sexuality എന്ന സ്ത്രീസേവ,gambling എന്ന ചൂതാട്ടം,compulsive spending എന്ന അര്‍ത്ഥദൂഷണം എന്നിവയും  മദ്യം,മയക്കുമരുന്ന് ആസക്തിയും (drug addiction) തലച്ചോറിനെ സംബന്ധിച്ച് ഒരു വ്യത്യാസവുമില്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. എല്ലായിടത്തും നോട്ടപ്പുള്ളിയാകുന്നത് നമ്മള്‍ മുന്‍പ് കണ്ട പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സും വെന്‍ട്രല്‍ സ്ട്രയേഷ്യവുമാണ്.ഇവകളുടെ പ്രവര്‍ത്തന വൈകല്യം ഈ ആസക്തികളുടെ ഒക്കെ പുറകില്‍ കാണാം.(സപ്തവ്യസനങ്ങള്‍ പോലുള്ള കണ്‍സപ്റ്റുകള്‍ നമ്മുടെ മുനിമാരുടെ നിരീക്ഷണ പാടവത്തെയാണ് കാണിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്‍. പുരാണത്തില്‍ ആറ്റം ബോംബും,വിമാനവും,ബിഗ്‌ ബാങ്ങും കാണുന്ന പോലുള്ള അതിവായനയല്ല ഇത്.)

''ഇന്ദ്രിയ വശവര്‍ത്തിനോ നാസ്തി കാര്യവ്യാപ്തിഃ ഇന്ദ്രിയങ്ങള്‍ക്കു വശപ്പെട്ടു പ്രവര്‍ത്തിക്കുന്നവന് കാര്യസാധ്യം ഉണ്ടാകില്ല.''(ചാണക്യ സൂത്രം)

ഏതാണ്ടെല്ലാ പ്രശ്നങ്ങളുടെയും,അത് വ്യക്തിപരമോ സാമൂഹ്യപരമോ ആകട്ടെ പുറകില്‍ ആത്മനിയന്ത്രണത്തിന്റെ അഭാവം കാണാം.കുട്ടികളിലെ മോശം പഠനനിലവാരം,കടക്കെണി (സപ്തവ്യസനങ്ങളില്‍പ്പെട്ട അര്‍ത്ഥദൂഷണം) കുറ്റകൃത്യങ്ങള്‍, ആവേശ കൊലപാതകങ്ങള്‍ (പലപ്പോഴും സപ്തവ്യസനങ്ങളില്‍പ്പെട്ട ദണ്ഡപാരുഷ്യമാണ് നരഹത്യയിലെത്തുന്നത്.) മടി, അലസത,മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ദുരുപയോഗം,വ്യായാമമില്ലായ്മ,പൊണ്ണത്തടി,(മൊത്തത്തില്‍ പൊതുവായ ആരോഗ്യസ്ഥിതി-വര്‍ഷത്തില്‍ മുന്നൂറ്ററുപതത്തഞ്ചു ദിവസവും മുടങ്ങാതെ രണ്ടു നേരം പല്ല് ബ്രഷ് ചെയ്യുന്ന ശീലത്തിനു പോലും നല്ല ആത്മനിയന്ത്രണം വേണം.) വിവാഹമോചനം (ഏതാണ്ട് എല്ലാ സപ്തവ്യസനങ്ങളും വിവാഹമോചനത്തിന് കാരണമാകാം.) ഒക്കെ ആത്മനിയന്ത്രണമില്ലായ്മ/ ഹ്രസ്വകാലനേട്ടങ്ങളോടുള്ള ആഭിമുഖ്യം ഇവയുമായി ബന്ധപ്പെട്ടു കാണുന്നു.

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ കേസില്‍ ജസ്റ്റിസ്‌ ബസന്ത് എഴുതിയ ഈ വരി ശ്രദ്ധേയമാണ് ....''Her evidence deserves careful scrutiny, because of her past conduct of squandering the amount given by her parents for remitting hostel fees and even daring, admittedly,to pledge her ornaments on 1.1.1996. Certain other aspects were also brought to our notice to elucidate this contention.''(ഇത് ആ പെണ്‍കുട്ടിയുടെ പ്രവര്‍ത്തികളുടെയോ,ആ വിധിയുടെയോ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യാനല്ല,മറിച്ച് വീണ്ടു വിചാരം ഇല്ലായ്മ എന്ന അടിസ്ഥാന പ്രശ്നത്തിന്റെ ഒരു ഉദാഹരണം കാണിക്കാന്‍ മാത്രമാണ്.)

മറ്റൊരു നല്ല ഉദാഹരണം നമ്മുടെ ക്രിക്കറ്റര്‍ ശ്രീശാന്താണ്. ശ്രീശാന്തും (കുടുംബവും) അപക്വമായ പെരുമാറ്റം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയവരാണ് എന്ന് പറയാം.അയാള്‍ സ്വന്തം ജീവിതം തൊലച്ചത് ആത്മനിയന്ത്രണമില്ലായ്മ കൊണ്ടാണെന്ന് കാണാം. മുന്‍പ് തല്ലു വാങ്ങിയതും സഹകളിക്കാരെയും കളി കാണുന്ന നാടുകാരെയും വെറുപ്പിച്ചതും ഈ നിയന്ത്രണമില്ലായ്മ കൊണ്ടാണ്. ഇപ്പോള്‍ ഇതാ ഹ്രസ്വകാല നേട്ടത്തിനുവേണ്ടി ഭാവിയിലെ വലിയ നേട്ടങ്ങള്‍ ബലികൊടുത്തു.ഒരുതരം പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലല്‍ തന്നെ.മികച്ച കഴിവുണ്ടായിട്ടും അത് ശരിയായ രീതിയില്‍ വിനിയോഗിക്കാതെ പാഴാക്കിയ ഒരാള്‍ എന്നായിരിക്കും ഇയാള്‍ അറിയപ്പെടുക. ഡാന്‍സ് കളിച്ച് കുത്തഴിഞ്ഞ് നടക്കുകയായിരുന്നു അയാള്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ പോലും പറഞ്ഞത്.നമ്മുടെ ഈസോപ്പ് കഥയിലെ പുല്‍ച്ചാടിയെപ്പോലെ. തന്റെ ആത്മനിയന്ത്രണമില്ലായ്മയെപറ്റി ശ്രീശാന്തിനും ധാരണയുണ്ടായിരുന്നു എന്ന് കരുതാം. പത്രവാര്‍ത്ത പ്രകാരം അങ്ങേരുടെ പിടിച്ചെടുത്ത ഡയറിയിലെ കുറിപ്പുകള്‍ അതാണ്‌ സൂചിപ്പിക്കുന്നത്.(മറ്റൊരു ക്രിക്കറ്റ് ഉദാഹരണം വേണമെങ്കില്‍ വിനോദ് കംബ്ലിയെ എടുക്കാം.ഒരു സംഭവം....One day while batting with Tendulkar he noticed a kite in the air above the ground. Kambli stopped the bowler as he was about to deliver the ball, grabbed the dangling strings and flew the kite.ഫോക്കസ് ഇല്ലായ്മക്ക് ഇതിലും നല്ലൊരു ഉദാഹരണം വേണോ?)

''അവ്യവസായിനമലസം ദൈവപരം സാഹസാച്ച പരിഹീനം
പ്രമദേവ ഹി വൃദ്ധപതിം നേച്ഛത്യുപഗുഹിതും ലക്ഷ്മീഃ''  പ്രവര്‍ത്തന ശുന്യനും, അലസനും, സകലതും വിധിയാണെന്നു കരുതുന്നവനും,സാഹസമില്ലാത്തവനുമായ മനുഷ്യനെ ലക്ഷ്മി, യുവതിയായ ഭാര്യ വയസ്സനായ ഭര്‍ത്താവിനെയെന്നപോലെ ആശ്ലേഷിക്കാന്‍ ആഗ്രഹിക്കുകയില്ല. (സുഭാഷിതഭണ്ഡാഗാരം)

ഈ ചിത്രത്തിലെ ഡിഷ്‌ ആന്റിനകള്‍ പിടിപ്പിച്ച ചെറ്റ കുടിലുകള്‍ നോക്കുക.ഒരുതരത്തിലുള്ള value judgement നും ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ഡിഷ്‌ ആന്റിന വയ്ക്കാനുള്ള അവകാശമില്ല എന്നോ കുഞ്ചന്‍ നമ്പ്യാരുടെ 'അരിമണിയൊന്നു കൊറിക്കാനില്ല,തരിവളയിട്ടു കിലുക്കാന്‍ മോഹം' എന്ന മട്ടിലുള്ള പരിഹാസമോ അല്ല.ഒരു കാര്യം പറയാം, ഞാനായിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ ഒരു ഡിഷ്‌ അന്റിനയൊക്കെ എന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഏറ്റവും അവസാനത്തേതായിരിക്കും.അവിടുത്തെ താമസക്കാരുടെ തല്‍ക്ഷണ സംതൃപ്തിയുടുള്ള പ്രതിപത്തിയാണ് ഇവിടെ കാണിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം.ഡിഷ്‌ ആന്റിന പോലുള്ളവക്കുള്ള നിക്ഷേപം ഭാവി തലമുറയുടെ വിദ്യാഭ്യാസത്തിനോ അവരുടെ ആരോഗ്യകാര്യത്തിനോ ചിലവഴക്കാനുള്ള മനോഭാവമുള്ളവര്‍ പണ്ടേ ഒരുപക്ഷേ ഈ അവസ്ഥയില്‍നിന്നു രക്ഷപ്പെട്ടിരിക്കും.

ഇന്ത്യയില്‍ കക്കൂസുകളേക്കാള്‍ കൂടുതല്‍ മൊബൈല്‍ ഫോണുകളുണ്ട് എന്ന് വാര്‍ത്ത. കക്കൂസില്ലാത്തവര്‍ അതിനേക്കാള്‍ പ്രധാനം മൊബൈല്‍ ഫോണാണ് എന്ന് തീരുമാനിക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥ പ്രശ്നം ചിലരുടെ മുന്‍ഗണനാക്രമമാണ്. നാളെ നന്നായി ജീവിക്കാം എന്ന് കരുതി ഇന്ന് വയറു മുറുക്കി ഉടുത്തവവരുടെ പിന്‍തലമുറയെങ്കിലും നന്നായി ജീവിക്കും.(അങ്ങനെ രക്ഷപ്പെട്ടവരുടെ അന്തരതലമുറയെ ഇപ്പോഴും അവിടെത്തന്നെ കിടക്കുന്നവര്‍ ബൂര്‍ഷ്വാ എന്ന് വിളിക്കും.) മുന്‍പ് സൂചിപ്പിച്ച ജോ,ബില്‍ എന്നിവരെക്കുറിച്ച് കഥയുണ്ടാക്കുന്ന തരം പഠനനത്തില്‍ (ഹെറോയിന്‍ അഡിക്റ്റുകളെക്കുറിച്ചുള്ളത്) ഉയര്‍ന്ന വരുമാനക്കാര്‍ താഴ്ന്ന വരുമാനക്കാരേക്കാള്‍ കൂടുതല്‍ ഭാവിയെക്കുറിച്ച് പ്ലാന്‍ ചെയ്യുന്നതായി കണ്ടിട്ടുണ്ട്.തീര്‍ച്ചയായും ജീവന്‍ കിടക്കാന്‍ ഇന്നെന്തു കഴിക്കും എന്നോര്‍ത്ത് വ്യാകുലപ്പെടുന്നവന് അടുത്തവര്‍ഷത്തെ പരിപാടികള്‍ ആലോചിക്കാന്‍ നേരം കാണില്ല എന്നിരിക്കിലും താഴ്ന്ന വരുമാനക്കാര്‍ അത്തരമൊരു അവസ്ഥയിലെത്തിയത്/ആ അവസ്ഥയില്‍ നില്‍ക്കുന്നത്,ഇതേ ദീര്‍ഘവീക്ഷണം ഇല്ലായ്മ കൊണ്ട് കൂടിയായിരിക്കാം എന്നും അനുമാനിക്കാം.

(നമ്മുടെ സിനിമകളുടെ ഒരു സ്ഥിരം തീം ഉണ്ട്.ദാരിദ്ര്യം കാരണം പഠിപ്പുനിര്‍ത്തുന്ന ചേട്ടന്‍ വീടും സ്ഥലവും വിറ്റ് സഹോദരിമാരെ നല്ല സ്ത്രീധനം കൊടുത്തു വിവാഹം ചെയ്യിപ്പിക്കുന്നു.അതാണ്‌ ത്യാഗം.എന്നാല്‍ ചേട്ടന്‍ വീടും സ്ഥലവും വിറ്റ് ആ കാശ് കൊണ്ട്  കഷ്ട്ടപ്പെട്ട് പഠിച്ചു നല്ല നിലയിലെത്തി സഹോദരിമാരെയും രക്ഷപ്പെടുത്തുന്ന കഥകള്‍ കാണാറുമില്ല.എന്തുകൊണ്ട് ചേട്ടന്‍ കഷ്ട്ടപ്പെട്ടു പഠിക്കുന്നത് കാണിക്കാതെ,ഒക്കെ വിറ്റുതുലക്കുന്നത് കാണിക്കുന്നു?മുന്‍നിരയിലിരുന്ന് കൈയ്യടിക്കുന്ന കാണികള്‍ക്ക് ഐഡന്റിഫൈ ചെയ്യാന്‍ കഴിയുന്നത് അതാണ് എന്നതു കൊണ്ടായിരിക്കുമോ? രജനികാന്ത് സിനിമകളില്‍ കണ്ടിട്ടില്ലെ,നായകന്‍ താന്‍ പഠിപ്പില്ലാത്തവനാണ് എന്ന് ഏറ്റുപറയുന്നിടത്ത് വന്‍ കൈയ്യടിയാണ്.അതുപോലെ നായകന് ഭാഗ്യം കൊണ്ടല്ലാതെ(കള്ളക്കടത്തുകാരന്റെ പണം വീണു കിട്ടുക അല്ലെങ്കില്‍ കള്ളക്കടത്തുകാരന്റെ ജീവന്‍ രക്ഷിക്കുക,പണക്കാരിയുടെ കാമുകനാകുക.) സ്വന്തം കഠിനാധ്വാനം കൊണ്ട് പതുക്കെ പതുക്കെ ഉയര്‍ച്ചയുണ്ടാകുന്നത് ഇത്തരം സിനിമകളില്‍ അപൂര്‍വ്വമാണ്.)

''വിത്തമെന്തിനു മര്‍ത്ത്യനു വിദ്യ കൈവശമാവുകില്‍
വെണ്ണയുണ്ടെങ്കില്‍ നറു നെയ് വേറിട്ടു കരുതേണമോ?'' ഉള്ളൂര്‍

പട്ടിണിയായ മനുഷ്യാ നീ,പുസ്തകം കൈയിലെടുത്തോളു...എന്ന പരിഷത്ത് മുദ്രാവാക്യം കേട്ടിട്ടില്ലെ?പഠിക്കാന്‍ വിട്ട സമയം ബസ്സിനു കല്ലെറിയാനും സിനിമ കാണാനും പോകുന്നത് കൂടുതല്‍ ആകര്‍ഷകമായി തോന്നുന്നവര്‍ ദരിദ്രരായി തുടര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.(ഇന്നത്തെ കാലത്ത് പ്രാഥമിക വിദ്യാഭാസമെങ്കിലും ഒരാള്‍ക്ക് പൂര്‍ത്തിയാകാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന്റെ കാരണം മിക്കവാറും ദാരിദ്ര്യമായിരിക്കില്ല പഠിക്കാനുള്ള താല്പര്യക്കുറവായിരിക്കും.'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം'എന്ന് കോപ്പിയെഴുതിയത് ശരിക്കും ഉള്‍കൊണ്ടിട്ടില്ല എന്നര്‍ത്ഥം.)ലക്ഷ്യബോധമുള്ളവര്‍, ഭാവിയെക്കുറിച്ച് ധാരണയുള്ളവര്‍ കുറ്റകൃത്യങ്ങളില്‍ പെടാതെയും അല്‍പ്പം പട്ടിണിയും പരിവട്ടവും സഹിച്ചിട്ടായാലും ഭാവിയെ ലക്‌ഷ്യം വച്ച് ജീവിക്കും.തെരുവുവിളക്ക് എല്ലായിടത്തുമുണ്ടെങ്കിലും അതിനു താഴെയിരുന്നു പഠിക്കാന്‍ എല്ലാവര്‍ക്കും തോന്നാറില്ലല്ലൊ.

''I have never known a man who was too idle to attend to his affairs and accounts, who did not get into difficulties;and he who habitually is in money difficulties,very rarely keeps scrupulously honorable,and God forbid that this should ever be your fate.''—Charles Darwin (in a letter to his son with a check to pay off his debts.)

ദിവസവും അഞ്ഞൂറ് രൂപക്കുമേല്‍ കൂലി കിട്ടുന്നവന്‍ ഒരു രൂപക്കുള്ള ഗവെര്‍മെന്റിന്റെ അരിയും വാങ്ങി ബാക്കിക്ക് ചാരായവും ഒറ്റ നമ്പര്‍ ലോട്ടറിയുമായി നടന്നാല്‍ ഗതി പിടിക്കില്ല.ലോകത്ത് നിശ്ചിത അളവ് ധനമേ ഉള്ളൂ എന്നും ധനമുള്ളവന്‍ അല്ലെങ്കില്‍ അവന്റെ പൂര്‍വ്വികന്‍ ചിലരില്‍നിന്ന് അത് പിടിച്ചു പറിച്ചത് കൊണ്ടാണ് അവര്‍ ഇല്ലാത്തവരായതെന്നും എല്ലാര്‍ക്കും തുല്യമായി ധനം പങ്കുവയ്ച്ചാല്‍ പ്രശ്നം തീരുമെന്നും ഘോഷിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ പറഞ്ഞത് പിടിക്കില്ല എന്നറിയാം.ഇനി അഥവാ അങ്ങനെ ധനം തുല്യമായി പങ്കുവയ്ച്ചു എന്ന് കരുതുക.കൂട്ടത്തിലെ കൂടുതല്‍ നിയന്ത്രണവും ദൂരക്കാഴ്ചയും ഉള്ളവര്‍ അധികം താമസിയാതെ കൂടുതല്‍ ധനികരാകും.Scrooge McDuck (ഡൊണാള്‍ഡ് ഡക്കിന്റെ അമ്മാവന്‍,ലോകത്തിലെ ഏറ്റവും ധനികനായ ഡക്ക്.) മുന്‍പേ പറഞ്ഞിട്ടുണ്ട് അത്.(എട്ടു മണിക്കൂര്‍ ജോലി,എട്ടു മണിക്കൂര്‍ വിശ്രമം,എട്ടു മണിക്കൂര്‍ ഉറക്കം എന്ന നിയമം അനുസരിക്കാതെ വിശ്രമ സമയത്തും ഉറക്ക സമയത്തും ഒക്കെ ജോലി ചെയ്തു കാശുണ്ടാക്കുന്ന ഡോക്ടര്‍മാരെ കുറ്റവാളികളെപ്പോലെ ഒളിക്യാമറ വച്ച് പിടിക്കുന്നതാണ് നമ്മുടെ ഒരു രീതി.)

''So you think that money is the root of all evil. Have you ever asked what is the root of all money?''-Ayn Rand

സ്വയം സംരഭകത്തിന്റെ (entrepreneurship) കാര്യത്തില്‍ വിളംബിത സംതൃപ്തി ഒരു പ്രധാനപെട്ട സ്വഭാവ വിശേഷമാണ്. എല്ലാറ്റിന്റെയും തുടക്കം ഒരാള്‍ തന്റെ താല്‍ക്കാലിക സുഖങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതാണ്.ഈ ത്യാഗമാണ് ശരിക്കും ആദ്യത്തെ മൂലധനം. മനസ്സുണ്ടെങ്കില്‍ ഒരു ചത്ത എലിപോലും പണമുണ്ടാക്കാന്‍ പറ്റുന്ന മൂലധനമാണ് എന്ന് കാണിക്കുന്ന പ്രസിദ്ധമായ ഒരു ജാതക കഥയുണ്ട്. അതുപോലെ പഞ്ചതന്ത്രത്തിലെ മലര്‍പ്പൊടിക്കാരനായ ബ്രാഹ്മണന്റെ കഥ പ്രസിദ്ധമാണ്. താല്‍കാലിക നേട്ടത്തെ അടക്കി കിട്ടിയ മലര്‍പ്പൊടി സൂക്ഷിച്ചു വച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അയാള്‍ സ്വപ്നം കാണുന്നു.അയാളുടെ ബിസിനസ്സ് ഐഡിയ നൂറു ശതമാനവും ശരിയായിരുന്നു. ചെറിയൊരു നിര്‍ഭാഗ്യം കൊണ്ട് മൂലധനമായ മലര്‍പ്പൊടി നഷ്ടപ്പെപ്പെട്ടു എന്ന് മാത്രം.സത്യത്തില്‍ ബഹുമാനിക്കപ്പെടേണ്ട ഈ മലര്‍പ്പൊടിക്കാരന്‍ നമുക്കൊക്കെ പരിഹാസപാത്രമാണ്.

(ട്രിവിയ:പഞ്ചതന്ത്രം എഴുതിയത് ഒരു ബ്രഹ്മണനാണ് എന്നാണ് പറയപ്പെടുന്നതെങ്കിലും അതിലെ മിക്ക കഥകളിലും ബ്രാഹ്മണര്‍ പരിഹാസപാത്രങ്ങളാണ്.വൈശ്യ വൃത്തി ‍(കച്ചവടം‍) മിക്ക കഥകളിലും പുകഴ്തപ്പെടുന്നുണ്ട്.ഈ കഥയിലും ഒരു ബ്രാഹ്മണന്‍ തന്റെ കുലവൃത്തി ചെയ്യാതെ കച്ചവടക്കാരനാകാന്‍ തീരുമാനിക്കുന്നത് അപമാനകരമാണ് എന്ന സൂചനയുമില്ല. പഞ്ചതന്ത്രത്തിലെ കഥകളെ അടിസ്ഥാനപ്പെടുത്തി അതെഴുതിയ കാലത്തെ വര്‍ണ്ണവിഭജനത്തെക്കുറിച്ച് ഒരു പഠനം രസകരമായിരിക്കും.പക്ഷേ 'പ്രതീക്ഷിക്കുന്ന' ഉത്തരങ്ങള്‍ തന്നെ കിട്ടിക്കൊള്ളണമെന്നില്ല.;-))

സ്വയം സംരഭകത്തില്‍ നമ്മുടെ കുടിയേറ്റക്കാരായ അച്ചായന്മാരുടെ മനോഭാവം കൂടി നോക്കാം. നാട്ടില്‍ പട്ടിണിയും പരിവട്ടവുമായി നില്‍ക്കകള്ളിയില്ലാതായപ്പോഴാണല്ലോ പലരും പ്രവചനാതീതമായ ഒരു ഭാവി മാത്രം മുന്നില്‍ കണ്ട്, ഒക്കെ വിറ്റു പെറുക്കി,മലമ്പനിയെയും കാട്ടുപന്നിയെയും നേരിടാനുറച്ച് ഇറങ്ങിപ്പുറപ്പെട്ടത്.കാട് വെട്ടിത്തെളിച്ച് വിളവിറിക്കി അതില്‍ കാട്ടുപന്നി വല്ലതും ബാക്കിവച്ചത്‌ കിട്ടുന്നതുവരെ കുറച്ചു ഉണക്കക്കപ്പയും,പഴംകഞ്ഞിയും ബാക്കി പട്ടിണിയുമായി ജീവിതം തള്ളിനീക്കാനുള്ള തീരുമാനത്തെ വിളംബിത സംതൃപ്തി എന്നല്ലാതെ എന്താണ് പറയുക?അവസാന പിടി നെല്ല് കുത്തി ഉണ്ട് ഇന്നത്തെ വിശപ്പ്‌ മാറ്റണോ അതോ അത് വിതച്ച്,കൊയ്ത് പിന്നീട് സമൃദ്ധമായി ഊണ് കഴിക്കണോ?വിജയിക്കാന്‍ വേണ്ട ഏറ്റവും വലിയ ഗുണം കരുംപട്ടിണിയാണെങ്കിലും വിത്ത് കുത്തി ഉണ്ണാതിരിക്കാനുള്ള വില്‍പവറാണ്.

ചെമ്മീന്‍ സിനിമയിലെ കൊട്ടാരക്കര അവതരിപ്പിച്ച ചെമ്പന്‍ കുഞ്ഞും എസ്.പി.പിള്ളയുടെ അച്ചക്കുഞ്ഞും തമ്മിലുള്ള ഒരു താരതമ്യം രസകരമാണ്.അരിഷ്ടിച്ച് ചെലവു കഴിച്ചും പരീകുട്ടിയെ വഞ്ചിച്ചും അയാള്‍ പണം നേടുന്നത് വള്ളവും വലയും വാങ്ങാനാണ്.നാളെ സുഖിക്കാന്‍ ഇന്ന് ബുദ്ധിമുട്ടാന്‍ അയാള്‍ തയ്യാറാണ്.മകളുടെ കല്യാണം നടത്തുക മുതലായ സാമ്പ്രദായിക മുന്‍ഗണനകളൊന്നുമല്ല അയാള്‍ക്ക്‌ മുഖ്യം.എന്നാല്‍ അച്ചകുഞ്ഞ് നമ്മള്‍ നേരത്തെ കണ്ട myopic discounting ന്റെ ആശാനാണ്.താനും പൈസ മിച്ചം പിടിക്കാന്‍ പലവട്ടം പ്രതിജ്ഞ ചെയ്യുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. ഈസോപ്പിന്റെ പുല്‍ച്ചാടിയുടെയും ഉറുമ്പിന്റെയും മറ്റൊരു വേര്‍ഷന്‍.(ഇതേപോലൊരു താരതമ്യം മറ്റൊരു 'കടല്‍' ചിത്രമായ അമരത്തിലുമുണ്ട്.മമ്മൂട്ടിയുടെ അച്ചൂട്ടിയും, മറ്റ് അരയന്മാരും പ്രത്യേകിച്ച് കുതിരവട്ടം പപ്പുവിന്റെ രാമന്‍കുട്ടിയും. എല്ലാകാലത്തേക്കും വേണ്ടതൊക്കെ അന്നന്ന് കടലമ്മ തരും,നാളേക്ക് ഒന്നും കരുതി വയ്ക്കണ്ട എന്നതാണ് അവരുടെ ഫിലോസഫി.

(ട്രിവിയ: അമരം സിനിമയുടെ കഥ ഉണ്ടാകാനുള്ള സാഹചര്യം ലോഹിതതാസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മീനുമായി വരുന്നവര്‍ വള്ളത്തിലെ മീനുകള്‍ കൊട്ടകളിലാക്കുമ്പോള്‍ കുറച്ചു മീനുകളൊക്കെ താഴേ പോകും. അത് പെറുക്കാന്‍ കുട്ടികള്‍ ഉണ്ടാകും. അത് അവരുടെ കച്ചോടം. അവര്‍ പോക്കറ്റ് മണി ഉണ്ടാക്കുന്നത് അങ്ങനെയാണ്. ഒരിക്കല്‍ ബീച്ചില്‍ നടക്കാനിറങ്ങിയ ലോഹിത ദാസ് വള്ളത്തില്‍ നിന്നും ഇറങ്ങിയ ഒരു മീന്‍ പിടുത്തക്കാരന്‍ മീന്‍ പെറുക്കാന്‍ വന്ന തന്റെ കുട്ടിയെക്കാണ്ട്, പിടിച്ചു രണ്ടടിയും കൊടുത്ത് "കടപ്പൊറം നെരങ്ങാതെ പോയി നാലക്ഷരം പഠിക്ക് " എന്ന് പറഞ്ഞു ഓടിച്ചു വിടുന്നത് കണ്ടത്രെ.ആ സംഭവത്തില്‍ നിന്നാണ് അമരം എന്ന സിനിമയുടെ ജനനം. അന്ന് ആ തല്ല് കൊണ്ട കുട്ടി ഇന്ന് എവിടെയായിരിക്കും?)  മീനും പെറുക്കി 'കടപ്പുറം നെരങ്ങി'യ കൂടെയുണ്ടായിരുന്നവരോ?) All things being equal, ജീവിതത്തില്‍ വിജയിച്ചിരിക്കാന്‍ സാധ്യത കൂടുതല്‍ ആരായിരിക്കും?

''അര്‍ത്ഥമുണ്ടായാലതും
തങ്ങളേ യത്നം ചെയ്തു വര്‍ദ്ധിതമാക്കീടേണം.
മുന്നമേ ലഭിക്കാതുള്ളര്‍ത്ഥങ്ങള്‍ ലഭിക്കേണം
പിന്നെയും ലഭിച്ചതു സാദരം രക്ഷിക്കേണം
രക്ഷിതധനം പിന്നെസ്സന്തതം വര്‍ദ്ധിപ്പിച്ചു.
തത്ക്ഷണം സല്പാത്രങ്ങള്‍ക്കര്‍പ്പണം ചെയ്തീടേണം''. (കുഞ്ചന്‍ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ട്)

പിശുക്കന്മാര്‍ പൊതുവേ നമ്മുടെ പരിഹാസ പാത്രങ്ങളാണ്. ചാവുമ്പോള്‍ ഇതൊന്നും കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോകാന്‍ പറ്റില്ലല്ലോ,എന്നാണ് സാധാരണക്കാരുടെ പരിഹാസം.ഈ പരിഹസിക്കപ്പെടുന്നത് മിക്കപ്പോഴും മിതവ്യയം എന്ന ശീലമാണ് എന്നതാണ് വാസ്തവം.മിതവ്യയം വിളംബിത സംതൃപ്തിയുടെ മറ്റൊരു രൂപമാണ്.ചെലവിനനുസരിച്ചു വരവ് കൂട്ടുന്നതിലും നല്ലത് ചെലവ് കുറയ്ക്കുന്നതാണ്.ലോകത്തിലെ പണക്കാരുടെ പട്ടികകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?ചില സെലെബ്രറ്റികള്‍ ഒഴിച്ചാല്‍ ഭൂരിഭാഗം പേരും അറിയപ്പെടാത്തവരാണ്.മിക്കവര്‍ക്കും വലിയ ബംഗ്ളാവില്ല,ഏറ്റവും വിലകൂടിയ കാറില്ല,സ്വന്തം വിമാനമില്ല.ഒരുതരം ആര്‍ഭാടവും കാണിക്കാതെ എന്നാല്‍ സുഖമായി ജീവിക്കുന്നു.പണം ചിലവാക്കുന്നതില്‍ അവര്‍ ഒരു സന്തോഷവും കാണുന്നില്ല.

ന്യുറോ ഇക്കണോമിസ്റ്റുകള്‍ (neuroeconomists) എന്നൊരു കൂട്ടരുണ്ട്.ആളുകള്‍ പണം ചിലവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന്റെ fMRI(functional MRI) സ്കാന്‍ എടുക്കലാണ് പണി.അറപ്പോ വെറുപ്പോ തൊന്നുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ തലച്ചോറിലെ ഇന്‍സുല എന്ന ഭാഗം കൂടുതല്‍ പ്രവര്‍ത്തനനിരതമാകും.അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത പിശുക്കന്മാരുടെയും ധാരാളികളുടേയും ഇന്‍സുല നിരീക്ഷിച്ചാലാണ് രസം.പിശുക്കന്മാര്‍ക്ക് പണം ചെലവാക്കുന്നത് ആലോചിക്കുന്നതുതന്നെ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന സംഗതിയാണ്. ധാരാളിയുടെ ഇന്‍സുല ഒരു മാറ്റവും കാണിക്കില്ല.

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?ഇന്നുവരെ ലോട്ടറിയടിച്ച് ഏതാണ്ട് ആരുംതന്നെ പണക്കാരായിട്ടില്ല. മിക്കവാറും കിട്ടിയ പണം ദൂര്‍ത്തടിച്ച് അധികം താമസിയാതെ പഴയതുപോലെതന്നെ ദരിദ്രവാസിയാകും.ലക്ഷങ്ങളുടെ തട്ടിപ്പും മോഷണവുമൊക്കെ നടത്തിയവരും വന്‍തുക കൈയില്‍ വന്നിട്ടുപോലും ആ പണി നിര്‍ത്തി കിട്ടിയ പണമുപയോഗിച്ച് നല്ല രീതിയില്‍ ബിസിനസ്സൊ മറ്റോ നടത്തി പണക്കാരായ ചരിത്രവുമില്ല. പിടിക്കപ്പെടുമ്പോള്‍ അവര്‍ മിക്കവരും ദരിദ്രവാസികള്‍ തന്നെയാണ്.അവര്‍ക്ക് കൈയ്യില്‍ വന്ന ധനം എന്തുകൊണ്ട് ദീര്‍ഘവീക്ഷണത്തോടെ ഉപയോഗിക്കാന്‍ കഴിയുന്നില്ല?ഇത് നമ്മുടെ സപ്തവ്യസനങ്ങളില്‍പ്പെട്ട അര്‍ത്ഥദൂഷണമാണ്. ഹ്രസ്വകാല നേട്ടത്തോടുള്ള ആഭിമുഖ്യം.സ്വന്തം മൂക്കിനപ്പുറത്തേക്ക് കാണാനുള്ള കഴിവില്ലായ്മ. ലോട്ടറിയായാലും (സപ്തവ്യസനങ്ങളിലെ ചൂത്) തട്ടിപ്പിലൂടെ ധനവാനാകാനുള്ള ശ്രമമാണെങ്കിലും അത് ഹ്രസ്വകാല നേട്ടത്തോടുള്ള അഭിമുഖ്യമാണ് കാണിക്കുന്നത്. ഇത്തരക്കാര്‍ക്ക് പണം കിട്ടിയാലും അത് ബുദ്ധിപൂര്‍വ്വം വിനിയോഗിക്കാന്‍ അറിയില്ല.

അതേപോലെതന്നെ പെട്ടെന്ന് പണക്കാരാകുന്ന പല സെലെബ്രറ്റികള്‍ക്കും ‍ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കാനുള്ള പണം കൈയില്‍ വരുമെങ്കിലും മിക്കവാറും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒക്കെ പൊളിഞ്ഞു പാപ്പരാകുന്നതും ശ്രദ്ധിച്ചിട്ടുണ്ടോ?നമ്മുടെ സിനിമയിലെ പഴയ മുടിചൂടാമന്നന്മാര്‍ക്ക് 'അമ്മ'യുടെ കൈനീട്ടം കാത്തിരിക്കേണ്ടി വരുന്നത് എന്ത് കൊണ്ട്?(എന്റെ ഒരു തിയറിയുണ്ട്, മുന്‍പ് വേറാരെങ്കിലും പറഞ്ഞതാണോ അതോ എനിക്ക് സ്വയം തോന്നിയതാണോ എന്നറിയില്ല,വരുമാനത്തിന്റെ അമ്പതു ശതമാനം കൊണ്ട് മാത്രം ജീവിക്കാന്‍ ശീലിക്കുക. ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും.ട്രിവിയ:എന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും നാലുകൊല്ലം മുന്‍പ് ആയിരത്തഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ ഡിസ്പ്ലേ നാശമായ ഒന്നാണ്. :-) അത് വേറെ വാങ്ങാന്‍ നിവര്‍ത്തിയില്ലാത്തതുകൊണ്ടല്ല.എന്റെ ആവശ്യങ്ങള്‍ നടക്കാന്‍ അത് മതി.)

''Some boys try and some boys lie but
I don't let them play
Only boys who save their pennies
Make my rainy day, 'cause they are
Living in a material world
Living in a material world.''-from the song 'material girl' by Madonna

----------------------------------------------------------------------------------------------------------

''In the fiercely consumerist society that we live in, a young girl child is also exposed to so many temptations that it is difficult for the child which has not been groomed in proper atmosphere with a proper value system inculcated in it, to resist such temptations.Such children can be termed deviants but cannot be merely condemned and left to their fate.They too deserve the sympathy of the system as it is no crime of theirs that they are born and forced to grow up in such atmosphere. It is the duty of the secular state to give the requisite education to instil a proper value system in such future citizens.'' (ജസ്റ്റിസ് ബസന്തിന്റെ വിവാദമായ വിധിയില്‍ നിന്ന്...)

ഇതൊക്കെയാണെങ്കിലും ആത്മ നിയന്ത്രണത്തിനുള്ള കഴിവ് പൂര്‍ണ്ണമായും ജനിതകമാണ് എന്നും പറയാനാവില്ല.വാള്‍ട്ടര്‍ മിഷേല്‍ തന്നെ നടത്തിയ ഒരു പരീക്ഷണത്തില്‍ ദരിദ്ര സാഹചര്യങ്ങളില്‍നിന്ന് വരുന്ന കുട്ടികള്‍ കൂടുതല്‍ തല്‍ക്ഷണ സംതൃപ്തരായാണ് കണ്ടത്.ദരിദ്ര സാഹചര്യങ്ങളില്‍നിന്ന് വരുന്നവര്‍ ഹ്രസ്വകാല നേട്ടങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കും എന്നത് അത്ര അപ്രതീക്ഷിതമൊന്നുമല്ല.മാര്‍ട്ടിന്‍ ഡാലി,മാര്‍ഗോ വില്‍‌സണ്‍ എന്നി മനഃശാസ്ത്രജ്ഞര്‍ ഒരു ഹൈപോതെസിസ് മുന്നോട്ട് വയ്ക്കുന്നുണ്ട്.നമ്മുടെ ഉള്ളില്‍ നമ്മുടെ പ്രവര്‍ത്തികളുടെ ചിലവും അതിന്റെ പലിശയും കൂട്ടുപലിശയുമൊക്കെ കണക്കുകൂട്ടുന്ന ഒരു സംവിധാനമുണ്ട്.നിലവിലെ സാഹചര്യത്തില്‍ തനിക്ക് എത്രവര്‍ഷം ആയുസ്സുണ്ട് എന്നതിനനുസരിച്ച് അത് പെരുമാറ്റത്തിന്റെ ലാഭനഷ്ടങ്ങള്‍ കണക്കാക്കും.നാളെയെക്കുറിച്ച് ഒരു ഉറപ്പുമില്ലാത്തവന്‍ നാളെയെപറ്റി ചിന്തിക്കില്ല.അങ്ങനെ ചിന്തിച്ച് ഇന്നുപയോഗിക്കേണ്ട മുതല്‍ നാളേക്ക് സൂക്ഷിക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല.നഗരപ്രാന്തങ്ങളിലെ ദരിദ്രപ്രദേശങ്ങളില്‍ നടത്തിയ പഠനങ്ങള്‍ ഈ ഹൈപോതെസിസ് ശരി വയ്ക്കുന്നുണ്ട്.അക്രമം കൊണ്ടല്ലാതെതന്നെ പ്രതീക്ഷിക്കുന്ന ആയുസ്സ് കുറയും തോറും അവരുടെ ഇടയില്‍ ഹിംസാത്മകമായ കുറ്റകൃത്യങ്ങള്‍ (violent crimes) കൂടും.

''Create enough hunger and everyone becomes a criminal.'' (Ra's al Ghul- Batman Begins)

ജീവിച്ചുതീര്‍ക്കാനുള്ള വര്‍ഷങ്ങള്‍ കുറയുംതോറും പെരുമാറ്റം കൂടുതല്‍ വീണ്ടുവിചാരമില്ലാത്തതാകും (reckless behavior).നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന് 'കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി' എന്ന മനോഭാവം ശരിയായ നടപടി തന്നെയാണ്.ഭാവിയെക്കുറിച്ച് കുറഞ്ഞ പ്രതീക്ഷ മാത്രമുള്ളവന്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കും.അത് വീണ്ടും ഭാവിയെ ബാധിക്കും.അത് കൂടുതല്‍ വീണ്ടുവിചാരമില്ലായ്മയിലേക്ക് നയിക്കും.അതങ്ങനെ ചാക്രികമായി മുന്നോട്ട് പോകും.സ്‌ട്രെസ് ഹോര്‍മോണുകളുടെ സാനിദ്ധ്യം ഫ്രോണ്ടല്‍ കോര്‍ട്ടെക്സിലെ ന്യുറോണുകളെ നശിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്.ഏറ്റവും വലിയ സ്‌ട്രെസ് ദാരിദ്ര്യം തന്നെയാണ്.കടുത്ത ദാരിദ്ര്യത്തില്‍ വളരുന്ന കുട്ടികളുടെയും ഫ്രോണ്ടല്‍ കോര്‍ട്ടെക്സിന്റെ വളര്‍ച്ച മുരടിക്കാം.(ജീവിതവിജയത്തിന് ഫ്രോണ്ടല്‍ കോര്‍ടെക്സിന്റെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണെന്ന് നാം കണ്ടതാണ്.)

ദാരിദ്ര്യം അല്ലെങ്കില്‍ പട്ടിണി മറ്റൊരു തരത്തിലും പെരുമാറ്റവൈകല്യമുണ്ടാക്കാം.ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതും വില്‍ പവര്‍ കുറയ്ക്കും.(തലച്ചോറിനു പ്രവര്‍ത്തിക്കാന്‍ ഇന്ധനം വേണം എന്നത് അത്ഭുതമൊന്നുമല്ല.) സെല്‍ഫ് കണ്‍ട്രോളും ഗ്ലൂക്കോസും തമ്മിലുള്ള ബന്ധം ഹൈപ്പോഗ്ലൈസീമിയ വ്യക്തികളില്‍ പഠിച്ചിട്ടുണ്ട്.ഒരു പഠനത്തില്‍ ബാലകുറ്റവാളികളില്‍(juvenile delinquents) തൊണ്ണൂറു ശതമാനത്തിലും ഗ്ലൂക്കോസ് ലെവല്‍ ശരാശരിയിലും താഴെയായിരുന്നു എന്ന് കണ്ടിട്ടുണ്ട്.എല്ലാതരം impulsive കുറ്റകൃത്യങ്ങളിലും ഹൈപ്പോഗ്ലൈസീമിയ ഒരു പൊതു സാനിധ്യമായി കണ്ടിട്ടുള്ള ധാരാളം പഠനങ്ങളുണ്ട്. (ഹൈപ്പോഗ്ലൈസീമിയയും ക്രൂരമായ കുറ്റകൃത്യങ്ങളും (violent crimes) തമ്മില്‍ ബന്ധം നല്ല ഭാവനാസമ്പന്നരായ വക്കീലന്മാര്‍ തങ്ങളുടെ കക്ഷികളെ രക്ഷിക്കാന്‍ ഇതുപയോഗിച്ച് ശ്രമിച്ചിട്ടുമുണ്ട്.''his hypoglycemia made him do it,my lord..!!..'')

ഫിന്‍ലാന്റിലെ ഒരു ജയിലില്‍ നടന്ന പഠനത്തില്‍ ശിക്ഷ കഴിഞ്ഞു പുറത്തുപോകുന്ന പുള്ളികളുടെ ഗ്ലൂക്കോസ് ടോളറന്‍സ് അളന്നിരുന്നു.ഗ്ലൂക്കോസ് ടോളറന്‍സ് കുറഞ്ഞവര്‍ (impaired glucose tolerance- രക്തത്തില്‍ ഗ്ലൂക്കോസ് ഉണ്ടെങ്കിലും കോശങ്ങള്‍ക്ക് അത് ഉപയോഗിക്കാന്‍ സാധിക്കായ്ക. പ്രമേഹപൂര്‍വ്വ അവസ്ഥ-prediabetic condition.) ഭാവിയില്‍ ക്രൂരമായ കുറ്റകൃത്യങ്ങള്‍ (violent crimes) ചെയ്യാനുള്ള സാധ്യത എണ്‍പത് ശതമാനം വരെ കൃത്യതയോടെ പ്രവചിക്കാന്‍ അതില്‍നിന്ന് സാധിച്ചിരുന്നു.(പ്രമേഹ രോഗികളൊക്കെ കുറ്റവാളികളാകും എന്നൊന്നും വായിക്കണ്ട.)എങ്കിലും പ്രമേഹ രോഗികള്‍ മറ്റുള്ളവരേക്കാള്‍ എടുത്തുചാട്ടക്കാരായിരിക്കും എന്ന് കണ്ടിട്ടുണ്ട്. അശ്രദ്ധ,അമിത മദ്യപാനം ഒക്കെ അവരില്‍ കൂടുതലായിരിക്കും.ഡയബെറ്റിക് രോഗികളുടെ ചില നേരത്തെ ചൊറിയന്‍ സ്വഭാവവും എടുത്തുചാട്ടവും എല്ലാവര്‍ക്കും പരിചയമുള്ളതായിരിക്കും. വിശന്നിരിക്കുമ്പോള്‍ സ്വയം വലിയ വില്‍പവറൊന്നും അനുഭവപ്പെടാറില്ല എന്നതും മിക്കവര്‍ക്കും അനുഭവമാണ്.'വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാകും' എന്ന Snikers പരസ്യ വാചകം കേട്ടിട്ടില്ലെ?

(റംസാന്‍ മാസക്കാലത്ത് ആളുകളില്‍ വീണ്ടുവിചാരമില്ലാത്ത പെരുമാറ്റം(reckless behavior) കൂടുന്നതായി അറബി നാടുകളില്‍നിന്നുതന്നെ റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്‌.നോമ്പ് മനസ്സും ശരീരവും ശുദ്ധമാക്കുമെങ്കില്‍ ഹിംസാത്മകമായ കുറ്റകൃത്യങ്ങള്‍ (violent crimes) ശരിക്കും കുറയുകയല്ലെ ചെയ്യേണ്ടത്?നോമ്പ് മുന്നോട്ടു പോകും തോറും ഈ reckless behavior കൂടിവരുന്നതായും പറഞ്ഞുകേട്ടിട്ടുണ്ട്.)

''യഥാശ്രുതം തഥാ ബുദ്ധിഃ കേട്ടുപഠിച്ചത് എങ്ങിനെയാണോ അങ്ങിനെയിരിക്കും ബുദ്ധിയും.'' (ചാണക്യസൂത്രം)

അപ്പോള്‍ ജനിതകം കൂടാതെ ജനിതക ബാഹ്യമായ കാരണങ്ങളോ (epigenetic-ജനിച്ചു വീഴുന്ന ചുറ്റുപാടുകള്‍ക്കനുസരിച്ച് ജനിതകത്തില്‍ മാറ്റം വരുന്നത്.ഒരു തരത്തില്‍ ആര്‍ജ്ജിത കഴിവുകളുടെ കൈമാറ്റം),ജനിച്ച വളരുന്ന ഉപസംസ്കാരമോ,(subculture- കിട്ടുന്ന കൂലി മുഴുവന്‍ കുടിച്ചു തീര്‍ത്ത് നാലുകാലില്‍ വീട്ടില്‍ വന്ന്,''ഇന്ന് കഴിഞ്ഞല്ലേ നാളെ''എന്ന് തത്വശാസ്ത്രം പറയുന്നവന്റെ മക്കള്‍ വലിയ വിളംബിത സംതൃപ്തിയൊന്നും കാണിച്ചേക്കില്ല.അമരം സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം രാമന്‍കുട്ടി പറയുന്നുണ്ട്,'മീന്‍കൊട്ട ചൊമക്കാന്‍ പരൂഷ പാസാവണ്ട'എന്ന്. അത്തരമൊരാളുടെ മക്കള്‍ മീന്‍കൊട്ട ചുമക്കുന്നതിനപ്പുറം എന്തെങ്കിലും ആയാലാണ് അത്ഭുതം.) പട്ടിണിയോ ഒരു വ്യക്തിയുടെ സവിശേഷമായ ജീവിത അനുഭവങ്ങളോ ഒക്കെ ആത്മ നിയന്ത്രണത്തിനെ സ്വാധീനിക്കാം.(മറ്റൊരു മുട്ടായി പരീക്ഷണത്തില്‍ പരീക്ഷകന്‍ വിളംബിത സംതൃപ്തി കാണിച്ച കുട്ടികള്‍ക്ക് രണ്ടു മുട്ടായി കൊടുക്കാതെ വാഗ്ദാന ലംഘനം നടത്തിയപ്പോള്‍ അടുത്തതവണ കുട്ടികള്‍ കാത്തുനില്‍ക്കാന്‍ തയാറായില്ല.ഇയാളുടെ വാക്കും കീറിയ ചാക്കും ഒരു പോലെയാണ് എന്ന് മനസ്സിലാക്കി എന്നാണ് അനുമാനം.)

''Educate your children to self-control, to the habit of holding passion and prejudice and evil tendencies subject to an upright and reasoning will, and you have done much to abolish misery from their future and crimes from society.''Benjamin Franklin

തീര്‍ന്നിട്ടില്ല.ഈ വിഷയം അടുത്ത പോസ്റ്റില്‍ തുടരും.....


-

25 അഭിപ്രായങ്ങൾ:

Mridhul Sivadas പറഞ്ഞു...

ഗുഡ് പോസ്റ്റ്‌...,.. ട്രാക്ക്ടറിംഗ്

pramod charuvil പറഞ്ഞു...

tracking....

Captain Haddock പറഞ്ഞു...

പാതി വരെ എത്തിയില്ല, വായന. ബാക്കി നാളെ.

Captain Haddock പറഞ്ഞു...

പാതി വരെ എത്തിയില്ല, വായന. ബാക്കി നാളെ.

സംഷി പറഞ്ഞു...

ഗുഡ് പോസ്റ്റ്‌...

യാത്രികന്‍ പറഞ്ഞു...

കിടു പോസ്റ്റ്‌... - Great effort.

If you put a space after a comma/full stop, readability would increase.

Satheesh Kumar പറഞ്ഞു...

Super and informative. I shared it in facebook

മയൂഖന്‍ പറഞ്ഞു...

ഒരു തവണ വായിച്ചു. very informative

charuthan പറഞ്ഞു...

മൊത്തം കൂടി ഒരുമിച്ചു വായിച്ചു തീര്ക്കാൻ ആഗ്രഹം എന്നാൽ വിളംബിത സംതൃപ്തി എന്നാ ആശയം മനസ്സിലായി തുടങ്ങിയപ്പോൾ ബാക്കി നാളത്തേക്ക് മാറ്റി വച്ചു .....................

charuthan പറഞ്ഞു...

മൊത്തം കൂടി ഒരുമിച്ചു വായിച്ചു തീര്ക്കാൻ ആഗ്രഹം എന്നാൽ വിളംബിത സംതൃപ്തി എന്നാ ആശയം മനസ്സിലായി തുടങ്ങിയപ്പോൾ ബാക്കി നാളത്തേക്ക് മാറ്റി വച്ചു .....................

Nasthikan പറഞ്ഞു...

great article waiting for the rest

പ്രൊമിത്യുസ് പറഞ്ഞു...

ഇതു വായിചു കയിഞപ്പൊ എനിക്ക് ഓര്മ വന്നത്:

കടുത്ത വിശ്വാസികൾ-ചെറുപ്പത്തിലെ ഒരു ലക്‌ഷ്യം സെറ്റ് ചെയ്യപ്പെട്ടവർ-അതി സമര്തർ ആകാൻ സാധ്യത ഉണ്ട്.

ഭാവിയിലെ ആ വല്യ ലക്ഷ്യത്തിനു വേണ്ടി ഇന്ന് പലതും കണ്ടില്ല കേട്ടില്ല എന്ന് നടക്കുന്നു.
ഉദ:പല യുക്തി വാദികളും കിണഞ്ഞു ശ്രമിച്ചിട്ടും ചില കാര്യങ്ങൾ 'എടുക്കാത്ത' എത്ര വിശ്വാസികളുണ്ട്.

ലോകത്തെ നശിപ്പിച്ചു കളയണം* എന്ന് ചിന്തിക്കുന്നവര്ക്ക് അതുപൊലൂല്ല മാര്ഗം ഉണ്ടാക്കി എടുക്കാൻ പറ്റുന്നുണ്ട്,അത് പോലെ അത്തരക്കാരെ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചവര്ക്കും(പൊതുവിൽ നമ്മൾ നന്മ ഉള്ളവർ എന്ന് പറയുന്നവർ)അവർക്കെതിഅരായിട്ടുല്ല മാര്ഗങ്ങളും.

ഒരു 'സീസൊ'ഗെയിം.


arun bhaskaran പറഞ്ഞു...

ശാശ്വതമായ പരലോകസുഖത്തിനു വേണ്ടി (അതില്‍ വിശ്വസിക്കുന്നവര്‍) നശ്വരമായ ഇഹലോകസുഖങ്ങള്‍ വേണ്ടെന്നുവെയ്ക്കുന്നതും ഈ വിളംബിതസംതൃപ്തിക്ക് ഉദാഹരണം ആണെന്ന് തോന്നുന്നു.

arun bhaskaran പറഞ്ഞു...

ശാശ്വതമായ പരലോകസുഖത്തിനു വേണ്ടി (അതില്‍ വിശ്വസിക്കുന്നവര്‍) നശ്വരമായ ഇഹലോകസുഖങ്ങള്‍ വേണ്ടെന്നുവെയ്ക്കുന്നതും ഈ വിളംബിതസംതൃപ്തിക്ക് ഉദാഹരണം ആണെന്ന് തോന്നുന്നു.

സുശീല്‍ കുമാര്‍ പറഞ്ഞു...


പോസ്റ്റ് മുഴുവൻ വായിച്ചു. നമുക്ക് അറിയുന്നതാണ് വിഷയം എന്ന് തോന്നുമെങ്കിലും അത് പ്രത്യേകമായി അവതരിപ്പിക്കുമ്പോൾ പല പുതിയ അറിവുകളും ലഭ്യമാകുന്നുണ്ട്. ബാക്കി ഭാഗം വായിക്കാൻ കാത്തിരിക്കുന്നു........... എങ്കിലും ചില അമിതമായ സാമാന്യവൽക്കരണങ്ങൾ പറയാതിരിക്കാനാകില്ല. ഉദാ‍ഹരണം- “നാളെ നന്നായി ജീവിക്കാം എന്ന് കരുതി ഇന്ന് വയറു മുറുക്കി ഉടുത്തവവരുടെ പിന്‍തലമുറയെങ്കിലും നന്നായി ജീവിക്കും.(അങ്ങനെ രക്ഷപ്പെട്ടവരുടെ അന്തരതലമുറയെ ഇപ്പോഴും അവിടെത്തന്നെ കിടക്കുന്നവര്‍ ബൂര്‍ഷ്വാ എന്ന് വിളിക്കും.)“ ഇത്തരമൊരു പരാമർശം നടത്തുമ്പോൾ ചരിത്രത്തിനുനേരെ കണ്ണടക്കുന്നോ എന്ന് സംശയം തോന്നുന്നു. അടിമത്തത്തിനും ജാതി-വർണ വ്യവസ്ഥയ്ക്കും ഇതുവെച്ച് ന്യായീകരണങ്ങൾ കാണാമെന്നും മറക്കരുത്. അമേരിക്ക വെട്ടിപ്പിടിക്കുന്നത്രയും ധനം ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും വെട്ടിപ്പിടിക്കാൻ തുടങ്ങിയാൽ ഈ ഭൂമി ഒന്ന് മതിയാകില്ലെന്ന് പറഞ്ഞതുപോലെ, ചരിത്രത്തിലെ എല്ലാ വെട്ടിപ്പിടുത്തങ്ങളെയും വിളംഭിത സംതൃപ്തിയാൽ ന്യായീകരിക്കാമെന്നുവന്നാൽ അത് പ്രതിലോമകരമായ ആശയമായി മാറും. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും മറ്റവന്റെ ചട്ടിയിൽ കയ്യിട്ടുവാരാത്തവിധത്തിലും സംതൃപ്തിയെ ക്രമപ്പെടുത്തിയാലേ സമൂഹത്തിൽ സുഗമമായ ക്രമവ്യവസ്ഥയുണ്ടാകൂ എന്നൊരഭിപ്രായം പങ്കുവെക്കുന്നു.

bass പറഞ്ഞു...

അല്പം വിളംബിതത്തില്‍ വായിക്കാം :)

ammuse പറഞ്ഞു...

ഒരു ദേശത്തിന്റെ കഥയിൽ, ഒരു കെട്ട് പുത്തൻ വെറ്റില വാങ്ങിയ നമ്പൂരിയുടെ കഥ പറയുന്നുണ്ട്.നമ്പൂരി നോക്കിയപ്പോൾ കെട്ടിന്റെ എറ്റവും അടിയിലെ വെറ്റില കുറച്ചു പഴുത്തിരിക്കുന്നതായി കണ്ടു , മൂപ്പർ വിചാരിച്ചു , ഇന്ന് ആ കേടായ വെറ്റില തിന്നുകളയാം ,നാളെ മുതൽ നല്ലത് തിന്നാം . പക്ഷെ പിറ്റെന്നും എറ്റവും അടിയിലെ വെറ്റില പഴുത്തിരുന്നു, അന്നും അയാൾ കേടായത് തന്നെ തിന്നു..ഒരു വെറ്റിലക്കെട്ടിന്റെ എറ്റവും അടിയിലെ വെറ്റില ഇപ്പോഴും കുറേശ്ശെ മഞ്ഞനിറത്തിൽഇരിക്കും എന്നറിയാതെ നമ്പൂരി , ആ മാസം മുഴുവൻ പഴുത്ത വെറ്റില തന്നെ തിന്നു !

# കുറെ കഥകൾ പറഞ്ഞതുകൊണ്ട്.. :)

ammuse പറഞ്ഞു...

ഒരു ദേശത്തിന്റെ കഥയിൽ, ഒരു കെട്ട് പുത്തൻ വെറ്റില വാങ്ങിയ നമ്പൂരിയുടെ കഥ പറയുന്നുണ്ട്.നമ്പൂരി നോക്കിയപ്പോൾ കെട്ടിന്റെ എറ്റവും അടിയിലെ വെറ്റില കുറച്ചു പഴുത്തിരിക്കുന്നതായി കണ്ടു , മൂപ്പർ വിചാരിച്ചു , ഇന്ന് ആ കേടായ വെറ്റില തിന്നുകളയാം ,നാളെ മുതൽ നല്ലത് തിന്നാം . പക്ഷെ പിറ്റെന്നും എറ്റവും അടിയിലെ വെറ്റില പഴുത്തിരുന്നു, അന്നും അയാൾ കേടായത് തന്നെ തിന്നു..ഒരു വെറ്റിലക്കെട്ടിന്റെ എറ്റവും അടിയിലെ വെറ്റില ഇപ്പോഴും കുറേശ്ശെ മഞ്ഞനിറത്തിൽഇരിക്കും എന്നറിയാതെ നമ്പൂരി , ആ മാസം മുഴുവൻ പഴുത്ത വെറ്റില തന്നെ തിന്നു !

# കുറെ കഥകൾ പറഞ്ഞതുകൊണ്ട്.. :)

bright പറഞ്ഞു...

ഈ കഥ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നു. എഴുതണം എന്ന് വിചാരിച്ചതുമാണ്.പുസ്തകം കൈയിലില്ലാത്തതുകൊണ്ട് വിട്ടതാണ്.എഴുതുമ്പോള്‍ 100% കൃത്യതയും റഫറന്‍സും വേണം എന്നത് എന്റെ ഒരു ഒബ്സഷനാണ്.

സജി പറഞ്ഞു...

ഇവിടെ അഭിപ്രായം പോസ്റ്റു ചെയ്ത പലർക്കും വിളംബിത സംതൃപ്തിയില്ലെന്നു തോന്നുന്നു. അല്പം കാത്തിരുന്നു കമെന്റ് വരുന്നുണ്ടോ എന്നു നോക്കാതെ ഉടനെ വീണ്ടും പൂശുന്നതുകൊണ്ടല്ലേ രണ്ടു ക്മെന്റ്കൾ കകാണുന്നത് ഡാക്കിട്ടർ?

bright പറഞ്ഞു...

മിടുക്കാ....മിടുമിടുക്കാ....പോസ്റ്റ്‌ ശരിയായി ഉള്‍ക്കൊണ്ടു മനസ്സിലാക്കി അല്ലെ?

bijuneYYan പറഞ്ഞു...

ഇപ്പോഴത്തെ സംതൃപ്തിക്കു വേണ്ടി ഈ പോസ്റ്റ്‌ വായിച്ചു രസിച്ചു. :)

തമാശിച്ചതാണ്, ചിന്തകൾ ഭാവിയിൽ ഉപകരിക്കുമെന്ന് തീർച്ച)

സുവീഷ് ഏങ്ങണ്ടിയൂര്‍ പറഞ്ഞു...

വായിച്ചു, അഭിപ്രായം ബാക്കി ഭാഗത്തിനു ശേഷം..

Rare Rose പറഞ്ഞു...

നല്ല സുന്ദരമായി എഴുതിയിരിക്കുന്ന ലേഖനം.. ചില കാര്യങ്ങളിൽ തൽക്ഷണ സംതൃപ്തിക്കാരിയായ എന്നെ തന്നെ റെഫറൻസായി എടുത്തു നോക്കുമ്പോൾ, പല നിരീക്ഷണങ്ങളും കിറു കൃത്യമായി തന്നെ തോന്നുന്നുണ്ട് :)
ഈ ഭാവിയിലെ "എന്നെ" അത്ര വ്യക്തതയില്ലാതെ കാണുന്നതോണ്ടാണ് എനിക്കീ കുഴി മടിയെന്നിപ്പോ മനസ്സിലായ് !
നിങ്ങൾ എന്താഗ്രഹിക്കുന്നുവോ ..അതിനെ അത്രയും തീവ്രമായി, മിഴിവൊത്ത് മനസ്സിൽ കാണൂ..കണ്ടു കൊണ്ടേയിരിക്കൂ..എന്നു മന:ശാസ്ത്ര ലേഖനങ്ങളിൽ കണ്ടിട്ടുണ്ട്.. അതിനു പിറകിലെ ടെക്നിക്ക് ഇതാവണം..അങ്ങനെ ഭാവി നേട്ടങ്ങൾ ചിന്തിപ്പിച്ച് ചിന്തിപ്പിച്ച് പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിന് ഒരു ഉന്ത് കൊടുക്കാൻ..
പോസ്റ്റിന്റെ ബാക്കി പിന്നെ കണ്ടില്ല :( ആകാക്ഷയോടെ ബാക്കിക്കായി കാത്തിരിക്കുന്നു..

bright പറഞ്ഞു...

ബാക്കിഎഴുതി വിട്ടിട്ടു കാലമെത്രയായി?കഷ്ട്ടണ്ട്.ഇപ്പ്ലേ വായിക്കുന്നുള്ളൂ? It was a 4 part series. You can see the links to those posts at the right hand side.

LinkWithin

Related Posts with Thumbnails