2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

വിളംബിത സംതൃപ്തി (രണ്ടാം ഭാഗം)

വിളംബിത സംതൃപ്തി (delayed gratification) എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഇത്.ആദ്യഭാഗം വായിച്ച ശേഷം തുടരുക.

വില്‍ പവര്‍ എന്നാല്‍ ലിംബിക് സിസ്റ്റവും ഫ്രോണ്ടല്‍ ലോബുമായുള്ള ഒരു വടം വലിയാണ് എന്ന് നമ്മള്‍ കണ്ടു. ഈ വില്‍ പവര്‍ എന്നാല്‍ തലച്ചോറിന്റെ നിര്‍വാഹക ചുമതലകള്‍ (executive functions) ശരിയായി നിര്‍വഹിക്കുന്നതിന്റെ മറ്റൊരു പേരാണ്. ഈ നിര്‍വാഹക ചുമതലകള്‍ക്ക് ഫ്രോണ്ടല്‍ ലോബിന്റെ,വിശേഷിച്ച് dorsal lateral prefrontal cortex (DLPC) എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കണം.ഈ നിര്‍വാഹക ചുമതലകള്‍ (executive functions) പ്രധാനമായും നാലാണ്.

''A man has to have goals - for a day, for a lifetime.''

(1) വര്‍ക്കിംഗ്‌ മെമ്മറി-അതായത് തല്‍ക്കാലത്തേക്ക് ഉപയോഗിച്ച് ഉടനെ മറന്നു കളയുന്ന തരം ഓര്‍മ്മ.തല്‍ക്കാലം മറക്കേണ്ടത്‌ ഏത്, ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് ഏത് എന്നൊക്കെ അറിയാന്‍ വര്‍ക്കിങ്ങ് മെമ്മറി വേണം.ഒന്നില്‍കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനോ ഇപ്പോള്‍ ചെയ്യുന്ന പണി തല്‍കാലം തടസ്സപ്പെട്ടാല്‍ പിന്നീട് നേരത്തെ അവസാനിപ്പിച്ചിടത്തുനിന്ന് വീണ്ടും തുടങ്ങാനുമൊക്കെ സഹായിക്കുന്നത് വര്‍ക്കിങ്ങ് മെമ്മറിയാണ്.വര്‍ക്കിങ്ങ്  മെമ്മറി ഇല്ലെങ്കില്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് മറന്നു പോകാം. പെരുമാറ്റത്തെ നിയന്ത്രിക്കണമെങ്കില്‍ ലക്ഷ്യവും (goal) മാര്‍ഗവും (process) രണ്ടും ഓര്‍മ്മയില്‍ സൂക്ഷിക്കണം.ഇടക്കുവച്ച് ലക്‌ഷ്യം മറന്നുപോയാല്‍ കാര്യമില്ല.പഴംചൊല്ലിലെ അരണയുടെ കാര്യം പറഞ്ഞ പോലെയാകും.

(2) ആസൂത്രണം (planning) -ഈ പ്ലാനിംഗ് ഉള്ളത് കൊണ്ടാണ് നിങ്ങള്‍ ലക്ഷ്യത്തിലെത്തുന്നത്. ഭാവിയിലെ ലക്ഷ്യങ്ങള്‍ മനസ്സില്‍ കാണാനും അതനുസരിച്ച് ഇപ്പോഴത്തെ പ്രവര്‍ത്തികള്‍ മുന്നോട്ടു നീക്കാനുമുള്ള കഴിവ്.പഴയൊരു കടംകഥ അറിയില്ലെ? ഒരാള്‍ ഒരു കോഴിയും, കുറുക്കനും ഒരു ചാക്ക് നെല്ലുമായി പുഴ കടക്കാന്‍ നില്‍ക്കുന്നു.ഒരേ സമയം ഒരു സാധനം മാത്രമെ തോണിയില്‍ കൂടെ കൊണ്ട് പോകാന്‍ പറ്റൂ. ആള്‍ കൂടെയില്ലെങ്കില്‍ കുറുക്കന്‍ കോഴിയെ തിന്നും, കോഴി നെല്ല് തിന്നും.ഇയാള്‍ എങ്ങിനെ പുഴ കടക്കും? ഈ കടംകഥ സോള്‍വ്‌ ചെയ്യാന്‍ ഓരോ വ്യത്യസ്ത സെനേറിയോവും മുന്‍കൂട്ടി മനസ്സില്‍ കാണാന്‍ കഴിയണം. അതാണ്‌ പ്ലാനിംഗ്.

(3) നിരോധം (inhibition) -ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതും, ഗുണകരമാല്ലാത്തതും, അനാവശ്യവുമായ ഡാറ്റകളും, ചിന്തകളും, പ്രവര്‍ത്തികളും തടയാനുള്ള കഴിവ്.പണ്ട് മറ്റൊരു പോസ്റ്റില്‍ ഞാന്‍ 'ലിന്‍ഡ പ്രോബ്ലം'(from Amos Tversky and Daniel Kahneman) എന്ന ഒരു കടംകഥ അവതരിപ്പിച്ചിരുന്നു.

''ലിന്‍ഡ അവിവാഹിതയായ,എന്തും വെട്ടിത്തുറന്നു പറയുന്ന ശീലമുള്ള,വളരെ ബുദ്ധിമതിയായ ഒരു യുവതിയാണ്.അവര്‍ക്ക് ഫിലോസഫിയില്‍ ഉന്നത ബിരുദമുണ്ട്.വിദ്യാഭ്യാസകാലത്ത് അവര്‍ ആണവവിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുക്കുകയും,സാമൂഹ്യനീതിക്കു വേണ്ടിയും വിവേചനങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിച്ചിട്ടുണ്ട്.''

ഇനി താഴെ പറയുന്ന രണ്ടു പ്രസ്താവനകളില്‍ കൂടുതല്‍ ശരിയാകാന്‍ സാധ്യതയുള്ളത് ഏതാണ്?

(a) ലിന്‍ഡ ഒരു ബാങ്കുദ്യോഗസ്ഥയാണ്.
(b) ലിന്‍ഡ ഒരു ബാങ്കുദ്യോഗസ്ഥയായ ഫെമിനിസ്റ്റാണ്.

ഏതാണ്ട് എണ്‍പത്തഞ്ചു ശതമാനം പേരും രണ്ടാമത്തെ ഉത്തരമാണ് പറയുക.ആ ഉത്തരം തെറ്റുമാണ്. (കാരണം ആ പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.ഇവിടെ വിഷയം അതല്ല.)ശരിയുത്തരം പറയുന്നവര്‍ പോലും സ്വാഭാവികമായി മനസ്സില്‍ വരുന്ന തെറ്റായ ഉത്തരം (ലിന്‍ഡ ഒരു ബാങ്കുദ്യോഗസ്ഥയായ ഫെമിനിസ്റ്റാണ്.)  അവഗണിക്കണം എന്നര്‍ത്ഥം.ശരിയുത്തരം പറയുന്നവരുടെ മസ്തിഷ്കം പരിശോധിച്ചാല്‍ അവരുടെ dorsal lateral prefrontal cortex (DLPC) കൂടുതല്‍ പ്രവര്‍ത്തനനിരതമായി കാണാം. അവര്‍ 'ഡിഫോള്‍ട്ട്' ശരിയുത്തരം അവഗണിക്കുന്നു. മറ്റൊരു ഉദാഹരണത്തിന് ജാതീയതയും മറ്റും ആത്മാര്‍ത്ഥമായി എതിര്‍ക്കുന്നവരുടെ,താന്‍ അത്തരം വിവേചനങ്ങളെയെല്ലാം കീഴടക്കി എന്ന് കരുതുന്നവരുടെ മനസ്സില്‍ പോലും ജാതീയത അങ്ങ് ഇല്ലാതാകുകയല്ല മറിച്ച് അത് പുറത്തു വരാതെ അമര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്.നമ്മുടെ അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും (തലച്ചോറിന്റെ  'ഡിഫോള്‍ട്ട്' നിലപാടുകള്‍) ഒരിക്കലും മനസ്സില്‍നിന്ന് ഇല്ലാതാകുന്നില്ല.അവ പുറത്തുവരുന്നത്‌ തടയുകയാണ് മസ്തിഷ്കം ചെയ്യുന്നത്.

(പ്രായമാകുമ്പോള്‍ പല യുക്തിവാദികളും വിശ്വാസികളാകുന്നു എന്ന ആ മിസ്റ്ററിക്ക്  കാരണം ഇതായിരിക്കാം എന്ന് സൂചനകളുണ്ട്. പ്രായമാകുംതോറും തലച്ചോറിന് അതിന്റെ നിര്‍വാഹക ചുമതലകള്‍ (executive functions) നിര്‍വഹിക്കുന്നതിന് മാന്ദ്യം നേരിടുന്നു. മസ്തിഷ്കത്തിന്റെ 'ഡിഫോള്‍ട്ട്' നിലപാടുകള്‍ കെട്ട് പൊട്ടിച്ച് പുറത്തു ചാടുന്നു. ബാലബുദ്ധിയില്‍ ശരിയായി തോന്നുന്ന ആ നിലപാടുകളാണ് ശരിക്കും ശരി എന്ന് തോന്നുന്നു. എഴുപതുകളില്‍ കോവൂരിന്റെ ദിവ്യാത്ഭുത അനാവരണ പരിപാടികള്‍ക്ക് കൈയ്യടിച്ച അന്നത്തെ പുരോഗമന ക്ഷുഭിതയൌവനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അമൃതാനന്ദമയിയുടെ കാല്‍ക്കല്‍ വീഴുന്ന ഭക്തജനം എന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ആത്മഗതം: ഞാനൊക്കെ കുറേക്കൂടി വയസ്സാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടുമോ.ആവൊ?പരിണാമാസിദ്ധാന്തം ശരിയല്ല, ഇടക്കണ്ണികള്‍ എവിടെ?കുരങ്ങ് പരിണമിച്ച് മനുഷ്യനാകുന്നത് കാണാത്തതെന്ത് എന്നൊക്കെ ചോദിച്ച് ഞാന്‍ ബ്ലൊഗെഴുതുമായിരിക്കും. :-))

(4) വിലയിരുത്തല്‍ (evaluation)- മുന്‍കാലപ്രവര്‍ത്തികളെ വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ വര്‍ത്തമാനകാല പ്രവര്‍ത്തികളില്‍ കൊണ്ടുവരാനുള്ള കഴിവ്.മുന്‍കാല വിജയങ്ങളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും പാഠം പഠിക്കാനുള്ള കഴിവ്.ഈ നാല് നിര്‍വാഹക ചുമതലകളെയുമാണ്‌ (executive functions) നമ്മള്‍ പൊതുവായി വില്‍പവര്‍ എന്ന് പറയുന്നത്.മുട്ടായി ഉപയോഗിച്ച് കുട്ടികളില്‍ അളന്ന വിളംബിത സംതൃപ്തി ഈ വില്‍പവറിന്റെ ഒരു 'പ്രോക്സി' ആണെന്ന് പറയാം.

ഇനി ഈ വില്‍പവറിനെ നിയന്ത്രിക്കാനും പരിശീലിക്കാനുമുള്ള മാര്‍ഗ്ഗങ്ങളാണ്.പക്ഷേ അതിലേക്കു കടക്കുന്നതിനു മുന്‍പ് ഒരു കാര്യം കൂടി ചര്‍ച്ച ചെയ്യാനുണ്ട്.മുതിര്‍ന്നവരില്‍ ഈ ആത്മനിയന്ത്രണം എങ്ങിനെ അളക്കും? ഈ മുതുക്കന്മാര്‍ക്ക് കുട്ടികളെപ്പോലെ പഞ്ഞി മിട്ടായി കൊടുത്തു നോക്കാന്‍ പറ്റില്ലല്ലോ?അപ്പോള്‍ നേരിട്ടല്ലാതെ ആത്മനിയന്ത്രണം അഥവാ നിര്‍വാഹക ചുമതലകളെ (executive functions) അളക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വേണം.

ലിംബിക് സിസ്റ്റം വഴിയുള്ള ഉള്‍പ്രരണ (impulse) ഫ്രോണ്ടല്‍ ഭാഗങ്ങള്‍ക്ക് നിയന്ത്രിക്കാനായാല്‍ അത് ശ്രദ്ധയുടെ തന്ത്രപ്രധാനമായ വിന്യാസത്തിലേക്കും (strategic allocation of attention) വിളംബിത സംതൃപ്തിയിലേക്കും നയിക്കുമെങ്കില്‍,നിര്‍വാഹക ചുമതലകളുടെ (executive functions) മേല്‍ കൂടുതല്‍ നിയന്ത്രണം ഉള്ളവര്‍ വിജയിക്കും എന്ന് അനുമാനിക്കാം.പ്രത്യേകിച്ച് കൂടുതല്‍ നിരോധം (inhibition) ഉള്ളവര്‍.അതുപോലെ പ്രലോഭനത്തെ നിയന്ത്രിക്കാന്‍ കഴിയണമെങ്കില്‍ തല്‍ക്കാലം വേണ്ടാത്ത ഓര്‍മ്മകളെ ആവശ്യാനുസരണം വര്‍ക്കിംഗ്‌ മെമ്മറിയുടെ മുന്‍നിരയില്‍നിന്നു മാറ്റണം.അതാണ്‌ മിഷേല്‍ പറയുന്ന strategic allocation of attention.വര്‍ക്കിംഗ്‌ മെമ്മറി വലുതാണെങ്കില്‍ ഈ പുനഃക്രമീകരണം എളുപ്പമാണ്.

ഈ അനുമാനം ശരിയാണെങ്കില്‍ സ്ട്രൂപ്പ് ടെസ്റ്റ്‌ (Stroop test) പോലുള്ള ഒരു suppression task കൊണ്ട് ഇത് പരീക്ഷിക്കാം.(സ്ട്രൂപ്പ് ടെസ്റ്റ്‌ ലളിതമായി പറഞ്ഞാല്‍ ഇതാണ്.പല നിറത്തില്‍ ചില നിറങ്ങളുടെ പേരുകള്‍ അച്ചടിച്ച കാര്‍ഡുകള്‍ കാണിക്കുന്നു. ഉദാഹരണം.... പച്ച  മഞ്ഞ നീല ചുവപ്പ്. അവയുടെ നിറം പറയണം. വളരെ എളുപ്പം ആര്‍ക്കും കഴിയുന്ന കാര്യം. ഇനി മറ്റൊരു സെറ്റ് കാര്‍ഡുകള്‍ കാണിക്കും. ഇവിടെ നിറങ്ങളുടെ പേരും അവ അച്ചടിച്ചിരിക്കുന്ന നിറവും വ്യത്യസ്തമായിരിക്കും. ഉദാഹരണം.....പച്ച  മഞ്ഞ നീല ചുവപ്പ്. ഈ രണ്ടാമത്തെ സെറ്റ് കാര്‍ഡുകളിലെ അച്ചടി നിറം പറയാന്‍ കൂടുതല്‍ സമയമെടുക്കും. കൂടുതല്‍ തെറ്റുകളും വരുത്തും. കാരണം വായന നമുക്ക് സ്വാഭാവികമായി വരുന്നതാണ്. പച്ച നിറത്തില്‍ ചുവപ്പ് എന്ന് എഴുതിയത് ചുവപ്പ് എന്ന് വായിക്കാതെ പച്ച എന്ന് മറുപടി പറയണം.അതായത് ആദ്യം മനസ്സില്‍ വരുന്ന ഉത്തരം തടയണം. ഈ തടയല്‍ ഫ്രോണ്ടല്‍ ലോബിന്റെ പ്രവര്‍ത്തനമാണ്. സ്വാഭാവികമായി ആദ്യം മനസ്സില്‍ ആദ്യം വരുന്ന ഉത്തരങ്ങളെ അടിച്ചമര്‍ത്തുകയോ അവഗണിക്കുകയോ ചെയ്യുക. കൂടുതല്‍ ആത്മനിയന്ത്രണം ഉള്ളവര്‍ക്ക് ഈ ടെസ്റ്റ്‌ കുറേക്കൂടി എളുപ്പമായിരിക്കും എന്ന് കണ്ടിട്ടുണ്ട്.

(ട്രിവിയ:സ്ട്രൂപ്പ് ടെസ്റ്റ്‌ കോള്‍ഡ് വാര്‍ സമയത്ത് ചാരന്മാരെ തിരിച്ചറിയാന്‍ ഉപയോഗിച്ചിരുന്നു. തനിക്ക് റഷ്യന്‍ അറിഞ്ഞുകൂടാ എന്ന് പറയുന്ന ആള്‍ക്ക് റഷ്യന്‍ ഭാഷയിലുള്ള സ്ട്രൂപ്പ് ടെസ്റ്റ്‌ നടത്തിയാല്‍ കള്ളി പൊളിയും.റഷ്യന്‍ ഭാഷ വായിക്കാനറിയുന്നവരുടെ പ്രതികരണത്തിന് കൂടുതല്‍ സമയമെടുക്കും.)

സ്ട്രൂപ്പ് ടെസ്റ്റ്‌ അല്ലാതെ suppression task കള്‍ വേറേയുമുണ്ട്.കുറെ വാക്കുകള്‍ ഒരു സ്ക്രീനില്‍ കാണിച്ച് അതില്‍ ചിലവ ഓര്‍മ്മിക്കാതിരിക്കാന്‍ ആവശ്യപ്പെടുക.പിന്നീട് സ്ക്രീനില്‍ തെളിയുന്ന വാക്കുകളില്‍ ഓര്‍മ്മിക്കാനാവശ്യപ്പെട്ട വാക്കുകള്‍ എത്ര വേഗത്തില്‍ തിരിച്ചറിയുന്നു എന്ന് പരീക്ഷിക്കാം.(ഈ പരീക്ഷണത്തില്‍ വിജയിക്കണമെങ്കില്‍ ഓര്‍മ്മിക്കാതിരിക്കാന്‍ ആവശ്യപ്പെട്ട വാക്കുകള്‍ വര്‍ക്കിംഗ്‌ മെമ്മറിയില്‍ തന്നെ പ്രത്യേകമായി സൂക്ഷിക്കുകയും എന്നാല്‍ അത് ഉത്തരത്തെ സ്വാധീനിക്കാതിരിക്കാനും ശ്രദ്ധിക്കണം. നിര്‍വാഹക ചുമതലകളില്‍ (executive functions) പ്പെട്ട നിരോധം അഥവാ  inhibition.

ഇനി വേറൊരു suppression task കൂടി നോക്കാം. ഒരു സ്ക്രീനില്‍ കുറെ മുഖങ്ങള്‍ കാണിക്കും.ചിരിക്കുന്ന മുഖം കാണുമ്പോള്‍ ഒരു ബട്ടണ്‍ അമര്‍ത്താന്‍ നിര്‍ദേശിക്കും.ഇത് നമുക്ക് എളുപ്പവും സ്വാഭാവികവുമായ പ്രവര്‍ത്തിയാണ്. കാരണം ചിരിക്കുന്ന ഒരു മുഖം മനുഷ്യന്റെ 'approach behavior' ല്‍ പെട്ടതാണ്.കുറച്ചു സമയം ഇത് ചെയ്ത ശേഷം ദേഷ്യപ്പെടുന്ന മുഖങ്ങള്‍ വരുമ്പോള്‍ ബട്ടന്‍ അമര്‍ത്താന്‍ ആവശ്യപ്പെടും. ഇവിടെയും നേരത്തെ ശീലിച്ചതും നമുക്ക് സ്വാഭാവികമായി വരുന്നതുമായ ഒരു ഉള്‍പ്രേരണ അടിച്ചമര്‍ത്തേണ്ടിവരും. ഇവിടെയും നിര്‍വാഹക ചുമതലകളുടേയും അതുവഴി ഫ്രോണ്ടല്‍ ലോബിന്റേയും പ്രവര്‍ത്തനമാണ് അളക്കുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ അവനവനെത്തന്നെ നിരീക്ഷിക്കാനുള്ള കഴിവാണ് ഈ Suppression task അളക്കുന്നത്.

''ഇന്ദ്രിയാണാം ഹിചരണാം
യന്മാനോഽനു വിധീയതേ
തദസ്യഹരതി പ്രജ്ഞാം
വായുര്‍ന്നാവമിവാംഭസി'' ഇന്ദ്രിയങ്ങള്‍ക്ക് ഏതൊരാളുടെ മനസ്സ് കീഴ്പ്പെടുന്നുവോ,ആ മനസ്സ് കാറ്റത്തുലയുന്ന വഞ്ചി പോലെയാണ്. (ഭഗവത്ഗീത-2:67)

ഒരു പരീക്ഷണം പറയാം. (Loewenstein and Dan Ariely) ചില മുതിര്‍ന്ന പുരുഷന്മാരോട് അവര്‍ ചില സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ചോദിച്ചു.(1) ആകര്‍ഷണം തോന്നുന്ന ഒരു സ്ത്രീയോടും മറ്റൊരു പുരുഷനോടും കൂടി ഒരു മൂന്നാള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാണോ?(2) മധ്യവയസ്കയുമായി ബന്ധപ്പെടാന്‍ താല്പര്യമുണ്ടോ?(3) ഒരു പന്ത്രണ്ടു വയസ്സുകാരി പെണ്‍കുട്ടി?(4) ഒരു സ്ത്രീയുമായി ലൈംഗിക ബന്ധം സാധ്യമാക്കാന്‍ അവരോടു സ്നേഹിക്കുന്നു എന്ന് നുണ പറയാനോ,ബലം പ്രയോഗിക്കാണോ,അതിനായി മദ്യമോ മയക്കുമരുന്നോ കൊടുക്കാനോ തയ്യാറാണോ?സാധാരണ അവസ്ഥയില്‍ നോ എന്ന് മറുപടി പറയുന്നവര്‍ പോലും അവര്‍ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെട്ട അവസ്ഥയില്‍ ഇവക്കെല്ലാം സാധ്യതയുണ്ട് എന്നാണ് പറഞ്ഞത്. തീരെ സാധ്യതയില്ലാത്ത കാര്യങ്ങള്‍ മാറിയ സാഹചര്യത്തില്‍ സാധ്യത കൂടുതലുള്ള കാര്യങ്ങളായി മാറി.

(Aside comment:സ്ത്രീകളുടെ വസ്ത്രധാരണമാണ് ആണുങ്ങളെക്കൊണ്ട് വേണ്ടാത്തത് ചെയ്യിക്കുന്നത് എന്നതില്‍ ഭാഗിക സത്യമുണ്ടായെക്കാം, അങ്ങനെ പറയുന്നത് പൊളിറ്റിക്കലി കറക്റ്റ് അല്ലെങ്കിലും. രസമെന്താണെന്നുവച്ചാല്‍ പരസ്യങ്ങളുടെയും മറ്റും സ്ത്രീശരീരത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഇതേ ബുദ്ധിജീവികള്‍ വാചാലരാകും.എന്നാല്‍ സ്ത്രീ ശരീരം പുരുഷനെ സ്വാധീനിക്കുന്ന ഈയൊരു ഉദാഹരണം അവര്‍ക്ക് പിടിക്കില്ല. പിഞ്ചു കുഞ്ഞുങ്ങളെയും വൃദ്ധകളെയും ഉപദ്രവിക്കുന്നത് വസ്ത്രധാരണം കൊണ്ടാണോ എന്ന ചോദ്യം സത്യത്തില്‍ അര്‍ത്ഥമില്ലാത്തതാണ്. ഉത്തേജനം ഉണ്ടാകുന്നു എന്നല്ലാതെ ഉത്തേജിപ്പിക്കുന്നവരെതന്നെയാണ് ആക്രമണത്തിന് ഇരയാക്കുക എന്നില്ല. Anyway.....ഇവിടെ വിഷയം അതല്ല.)

വഴിയെ പോകുന്ന ഒരു പെണ്‍കുട്ടിയെ (അല്പവസ്ത്രധാരണി തന്നെ ആയിക്കോട്ടെ) കയറിപ്പിടിക്കാന്‍ തോന്നുന്നതും ശരിക്കും കയറിപ്പിടിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.തോന്നലുകള്‍ ആര്‍ക്കും ഉണ്ടാകാം. അവയെല്ലാം പ്രവര്‍ത്തിയില്‍ വരാതെ നോക്കണം.അതാണ്‌ വില്‍ പവര്‍.നിര്‍വാഹക ചുമതലകളുടെ (executive functions) ഭാഗമായ നിരോധം (inhibition). വില്‍പവര്‍ എന്ന വാക്കുതന്നെ ഉള്ളിലെ രണ്ടു ശക്തികള്‍ തമ്മിലുള്ള മല്പിടുത്തമാണ് എന്നതില്‍ ഭാഷയില്‍ത്തന്നെ സൂചനയുണ്ട്. ''ഇച്ഛാശക്തി'',''മനസ്സിന്റെ ശക്തി'',''ആത്മനിയന്ത്രണം'',''force of will'',''strength of will'' എന്നീ വാക്കുകള്‍ നോക്കുക.ഫ്രൊയ്ഡിന്റെ ഈദും ഈഗോയും തമ്മിലുള്ള മല്‍പ്പിടുത്തം മുതല്‍ തെറ്റ് ചെയ്യുന്നത്‌ ചെകുത്താന്‍ മനസ്സില്‍ ആധിപത്യം സ്ഥപിക്കുമ്പോളാണ് എന്ന സെമെറ്റിക് മതപാഠവും (കാര്‍ട്ടൂണ്‍ ചിത്രങ്ങളില്‍ പോലും കഥാപാത്രത്തിന്റെ ചിന്താകുഴപ്പം ചിത്രീകരിക്കുന്നത് ഒരു തോളില്‍ ചെകുത്താനും മറ്റെ തോളില്‍ ഒരു മാലാഖയെയും കാണിച്ചാണ്) ഇന്ദ്രിയങ്ങളെ കുതിരകളായും മനസ്സിനെ കടിഞ്ഞാണായും സങ്കല്‍പ്പിക്കുന്ന ഭാരതീയ ചിന്തയും ഒക്കെ ഈ രണ്ടു മനസ്സ് സൂചിപ്പിക്കുന്നുണ്ട്.

''ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഗ്രഹമേവ ച'' ആത്മാവിനെ രഥി (തേരില്‍ യാത്ര ചെയ്യുന്ന പ്രധാന പുരുഷന്‍) എന്ന് അറിയുക. ശരീരത്തെ രഥം തന്നെയാണെന്ന് അറിയുക. ബുദ്ധിയാകട്ടെ സാരഥി (തേര്‍ തെളിക്കുന്നവന്‍) എന്നും മനസ്സിനെ (അന്തഃകരണത്തെ) കടിഞ്ഞാണ്‍ എന്നും അറിയുക. (കഠോപനിഷത്ത് )

നേരത്തെ കണ്ടപോലെ വില്‍പവര്‍ എന്നാല്‍ ലിംബിക് സിസ്റ്റവും ഫ്രോണ്ടല്‍ ലോബുമായുള്ള ഒരു വടം വലിയാണ്.നമുക്ക് രണ്ടു മനസ്സുള്ളപോലെയാണ് നമ്മുടെ പെരുമാറ്റം.എല്ലാവര്‍ക്കും നല്ലത് തിരിച്ചറിയാം. കൂടുതല്‍ നേട്ടം വേണമെന്നുതന്നെയാണ് ആഗ്രഹവും.പക്ഷേ പലപ്പോഴും മറ്റൊരു 'ഞാന്‍' എന്റെ നിയന്ത്രണം കൈയ്യടക്കും.നേരത്തെ കണ്ട myopic discounting. (Myopic discounting നെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു.Recap:.....ഭാവിയില്‍ കിട്ടാനിടയുള്ള ഒരു ചെറിയ നേട്ടവും വലിയ നേട്ടവും തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ എല്ലാവരും വലിയ നേട്ടം തന്നെ തിരഞ്ഞെടുക്കും. എന്നാല്‍ ആ സമയമായാല്‍ പക്ഷേ ചോയ്സ് മാറും.ചെറിയ നേട്ടമാകും അപ്പോള്‍ കൂടുതല്‍ ആകര്‍ഷകമായി തോന്നുക.വിശപ്പില്ലാത്തപ്പോള്‍ ഡയറ്റ് ചെയ്യാന്‍ തീരുമാനിക്കാന്‍ ഒരു  പ്രയാസവുമില്ല. എന്നാല്‍ ഭക്ഷണസമയമാകുമ്പോള്‍ ഡയറ്റിന്റെ പേരില്‍ സ്വയം ഭക്ഷണം നിഷേധിക്കാന്‍ എളുപ്പമല്ല.ആ സമയം ഭക്ഷണം ഡയറ്റിനേക്കാള്‍ ആകര്‍ഷകമായി തോന്നും.)

''വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന
ബഹുശാഖാ ഹൃനന്താശ്ച ബുദ്ധയോഽവ്യവസായിനാം'' സമചിത്തനായ യോഗി തന്റെ ലക്ഷ്യത്തില്‍ ഏകാഗ്രമനസ്ക്കനാണ്.സമചിത്തതയില്ലാത്തവരുടെ ബുദ്ധി ഒന്നും നിശ്ചയിക്കാന്‍ കഴിയാതെ പല വിഷയങ്ങളില്‍ അനന്തമായി വ്യാപാരിക്കും. (ഭവഗത് ഗീത- 2:41)

Myopic discounting എന്ന  ഈ ബലഹീനത,അഥവാ പരസ്പരം മത്സരിക്കുന്ന തന്റെതന്നെ രണ്ടു മനസ്സുകളെക്കുറിച്ച് ബോധ്യമുള്ള സമര്‍ത്ഥര്‍ 'ഒഡീസിയസ്സിന്റെ മാര്‍ഗ്ഗം'സ്വീകരിക്കും.(ഹോമറിന്റെ ഒഡീസിയിലുള്ള ഒരു കഥയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഇത്.അതിമനോഹരമായി പാടാന്‍ കഴിവുള്ള കടല്‍ ജീവികളാണ് സൈറനുകള്‍.ഇവരുടെ പാട്ട് കേട്ട് മയങ്ങി കടല്‍ യാത്രക്കാര്‍ കപ്പല്‍ പാറക്കെട്ടിലേക്ക് ഇടിച്ചുകയറ്റി അപകടത്തില്‍പ്പെട്ട് കപ്പല്‍ തകന്നു മരിക്കാറുണ്ട്.ഇത് അറിയുന്ന ഒഡീസിയസ് തങ്ങള്‍ക്ക് ആ മനോഹര ഗാനം കേള്‍ക്കാനിടവന്നാല്‍ അതിനെ അതിജീവിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കി തന്റെ കൂടെയുള്ളവരെ കപ്പലില്‍ കെട്ടിയിടുന്നു. കൂടാതെ അവരുടെയും തന്റെ തന്നെയും ചെവികള്‍ മെഴുകു കൊണ്ട് അടക്കുകയും ചെയ്യുന്നു. അങ്ങനെ സൈറനുകളുടെ പാട്ട് കേള്‍ക്കാതെ രക്ഷപ്പെടുന്നു.ഇങ്ങനെ അറിഞ്ഞുകൊണ്ട് ഭാവിയിലെ വലിയ നേട്ടത്തിനുവേണ്ടി സ്വയം അസൌകര്യപ്പെടുത്തുക എന്നതാണ്  'ഒഡീസിയസ്സിന്റെ മാര്‍ഗ്ഗം'.) 'നല്ല' ഞാന്‍ 'ചീത്ത' എനിക്ക് നിയന്ത്രണം കിട്ടാനിടയുള്ള അവസരങ്ങള്‍ മനസ്സിലാക്കി അത് നിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കുന്നു.

വെളുപ്പിന് എഴുന്നേറ്റ് പഠിക്കാന്‍ അലാറം വയ്ച്ചാലും താന്‍ അത് ഓഫ്‌ ചെയ്തു കിടന്നുറങ്ങാന്‍ സാധ്യതയുണ്ട് എന്നറിയുന്നവര്‍ അലാറം കൈയെത്താത്ത ദൂരത്തു വയ്ക്കും.അങ്ങനെ എഴുന്നേല്‍ക്കാന്‍ സ്വയം നിര്‍ബന്ധിതനാക്കും.അല്ലെങ്കില്‍ തന്നെ എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിക്കാന്‍ വേറൊരാളെ ഏര്‍പ്പാടാക്കും.ഇപ്പോള്‍ അലാറമടിച്ചശേഷം ഓടിക്കളയുന്ന തരം ക്ലോക്കുമുണ്ട്. അലാറം നിര്‍ത്താന്‍ ക്ലോക്കിന്റെ പുറകെ ഓടി അതിനെ പിടികൂടേണ്ടിവരും.Clocky.... (2005 ലെ Ig Nobel സമ്മാനമടിച്ച കണ്ടുപിടുത്തമാണ്.) ഫേസ്ബൂക്ക് ഉപയോഗിക്കാതിരിക്കാനാവില്ല എന്ന് തിരിച്ചറിയുന്നവന്‍ അക്കൌണ്ട് തന്നെ ഡിലീറ്റ് ചെയ്യും. സിഗരെറ്റ് കണ്ടാല്‍ വലിച്ചു പോകും എന്ന് ഉറപ്പുള്ളവര്‍ സിഗരെറ്റ് വാങ്ങി സൂക്ഷിക്കില്ല.കമ്പനി കൂടിയാല്‍ മദ്യപിക്കാതിരിക്കാനാവില്ല എന്ന് ഉറപ്പുള്ളയാള്‍ അത്തരം കൂട്ടുകാരെ ഒഴിവാക്കും. പണം കൈയ്യിലിരിക്കില്ല എന്ന് അറിയുന്നവര്‍ കിട്ടുന്ന പണം അപ്പാടെ ഭാര്യയെ ഏല്‍പ്പിക്കും,അല്ലെങ്കില്‍ ചിട്ടിയില്‍ ചേരും. പണം കൃത്യസമയത്ത് കളക്റ്റ് ചെയ്യാന്‍ ചിട്ടിക്കാരനെ ഏല്‍പ്പിക്കും. ശമ്പളത്തില്‍നിന്നുതന്നെ പെന്‍ഷന്‍ ഫണ്ടിലേക്ക് നേരിട്ട് പണം അടക്കാന്‍ ഏര്‍പ്പാടാക്കും.

ചിലര്‍ തങ്ങളെ നിയന്ത്രിക്കാന്‍ ട്വിറ്റെര്‍ പോലുള്ള സോഷ്യല്‍ സൈറ്റുകളെ ഏര്‍പ്പാടാക്കും.ഒരാള്‍ സ്വന്തം ഭാരം എല്ലാ ദിവസവും ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തു തൂക്കം കുറച്ചു.ട്വിറ്റര്‍ സുഹൃത്തുക്കളുടെ മുന്നില്‍ അപമാനിക്കപ്പെടാന്‍ സ്വയം അവസരം ഉണ്ടാക്കി ലക്‌ഷ്യം നേടി.(Public Humiliation Diet എന്ന് സെര്‍ച്ച്‌ ചെയ്യുക.) നിങ്ങളെ  സ്വയം അപമാനിക്കാന്‍ സഹായിക്കുന്ന സൈറ്റുകള്‍ പോലുമുണ്ട്. stickK.com.സ്വന്തം തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ നിങ്ങളെ ശിക്ഷിക്കാന്‍ അവരെ ഏര്‍പ്പാടാക്കാം.ശിക്ഷ നിങ്ങളുടെ പരിചയക്കാര്‍ക്ക് ഇ മെയില്‍ അയക്കുന്നത് മുതല്‍ നിങ്ങളുടെ അക്കൌണ്ടിലെ പണം ഏതെങ്കിലും ചാരിറ്റി സംഘടനക്ക് കൊടുക്കുന്നതുവരെയാകാം.ശിക്ഷ കൂടുതല്‍ വേദനിപ്പിക്കുന്നതാക്കാന്‍ വേണമെങ്കില്‍ നിങ്ങള്‍ വെറുക്കുന്ന ഒരു സംഘടനക്ക് തന്നെ പണം കൊടുക്കാന്‍ ഏര്‍പ്പാടാക്കാം.അങ്ങനെ പലരീതിയിലും myopic discounting എന്ന ബലഹീനതയെ നേരിടാനാകും.

ഈ ബലഹീനത സ്വയം തിരിച്ചറിയാന്‍ കഴിയാത്തവരെ അല്പം നിര്‍ബന്ധിച്ചാലും തരക്കേടില്ല എന്നാണ് എന്റെ അഭിപ്രായം.myopic discounting നെക്കുറിച്ച് നമുക്ക് ധാരണയുണ്ടെങ്കില്‍ റേഷന്‍ കടകളില്‍ കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് ഇപ്പോഴുള്ളപോലെ സബ്സിഡി കൊടുക്കണോ അതോ ഗുണഭോക്താക്കള്‍ക്ക് പണമായി അക്കൗണ്ടില്‍ ഇടണമോ എന്ന ചോദ്യത്തിനു ഉത്തരം ലഭിക്കും. ഈ ഗുണഭോക്താക്കള്‍ ഏതാണ്ട് എല്ലാവരും തന്നെ ജന്മനാലേയോ സാഹചര്യം കൊണ്ടോ myopic discounting ആരാധകരായതുകൊണ്ട് (ദാരിദ്ര്യത്തിന്റെ മുഖ്യ കാരണം പണം കൈയ്യില്‍ വരാത്തതല്ല അതിന്റെ തെറ്റായ വിനിമയമാണ്‌ -സപ്തവ്യസനങ്ങളിലെ അര്‍ത്ഥദൂഷണം. ബുദ്ധിജീവികള്‍ സമ്മതിക്കില്ല എന്നറിയാം.രാഹുല്‍ ഗാന്ധി ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണ് പറഞ്ഞപ്പോലുള്ള വിവാദം നോക്കുക.) പണം പിന്നീടേ കിട്ടൂ എന്ന രീതി അവര്‍ക്ക് സത്യത്തില്‍ ഗുണമാണ് ചെയ്യുക.കള്ളുഷാപ്പില്‍ കൊടുക്കേണ്ട പണം കൊണ്ട് റേഷന്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകും. ദീര്‍ഘവീക്ഷണം കുറവായതുകൊണ്ട് ഏതോ കാലത്ത് അക്കൌണ്ടില്‍ വരാവുന്ന ആ പണത്തെ കണക്കില്‍ പെടുത്താതിരിക്കുകയും ഒരു അത്യാവശ്യം വരുമ്പോള്‍ അത് ഉപകരിക്കുകയും ചെയ്യും.(പണ്ട് സ്കൂളുകളില്‍ ഉണ്ടായിരുന്ന, കുട്ടികളെ നിര്‍ബന്ധമായും സമ്പാദ്യശീലവും മിതവ്യയവും ശീലിപ്പിക്കുന്ന സഞ്ചയിക പോലുള്ളവ പോലും ഇപ്പോള്‍ ഇല്ലെന്നു തോന്നുന്നു.)

അതുപോലെതന്നെ വേറൊന്നുണ്ട്‌.അക്ഷയ തൃതീയ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ബുദ്ധിജീവികള്‍ക്ക് ഒരു എളക്കമാണ്.എന്നാല്‍ പാവങ്ങള്‍ക്ക് ഗുണമല്ലാതെ ദോഷമൊന്നും ഉണ്ടാക്കാത്ത ഒരു അന്ധവിശ്വാസമാണ് ഈ അക്ഷയ തൃതീയ എന്നാണ് എന്റെ അഭിപ്രായം. ഈയൊരു ആചാരം ഉള്ളതുകൊണ്ടുമാത്രം നാനാവിധമായിപ്പോകുന്ന പണം സ്വര്‍ണ്ണമായി സൂക്ഷിക്കുന്നു.അത് ആഭരണമായി ഭാര്യയുടെയോ മക്കളുടെയോ കസ്റ്റഡിയിലാകുന്നതുകൊണ്ട് ദൂര്‍ത്തനായ കുടുംബനാഥന് അത് തൊടാന്‍ കിട്ടില്ല,ഒരു അത്യാവശ്യത്തിനല്ലാതെ. സത്യത്തില്‍ നമ്മുടെ ബുദ്ധിജീവികള്‍ക്കില്ലാത്ത പ്രായോഗികബുദ്ധി ഈ സാധാരണക്കാര്‍ക്കുണ്ട് എന്നതിന്റെ തെളിവാണ് അക്ഷയ തൃതീയ എന്ന ഈ ആചാരത്തിനു കിട്ടിയ പ്രചാരം. എനിക്കറിയാവുന്ന ഏതാണ്ട് എല്ലാ അക്ഷയത്രിതീയ 'വിശ്വാസികളും' സ്വര്‍ണ്ണം വാങ്ങുന്നത് അത് നല്ലത് വരുത്തും എന്ന് വിശ്വസിച്ചിട്ടോ അതിന്റെ പുറകിലുള്ള പുരാണ കഥ അറിഞ്ഞിട്ടോ സ്വര്‍ണ്ണ കച്ചവടക്കാരുടെ പ്രചരണങ്ങളില്‍ കുടുങ്ങീട്ടോ ഒന്നുമല്ല. ഭാവിയിലേക്ക് വല്ലതും കരുതിവയ്ക്കാക്കാന്‍, അവനവനെതന്നെ നല്ല മാര്‍ഗ്ഗത്തില്‍ നടത്താന്‍,അവനവനോടുതന്നെ ഒരു ന്യായീകരണം നടത്താന്‍ ഒരു കാരണം കിട്ടുന്നു. ഒഡീസിയസ് എന്ന് ജന്മത്ത്  കേള്‍ക്കാത്തവര്‍ അറിയാതെ തന്നെ 'ചീത്ത' തങ്ങളെ നിയന്ത്രിക്കാന്‍ 'നല്ല' തങ്ങളെ ചട്ടം കെട്ടുന്ന 'ഒഡീസിയസ്സിന്റെ മാര്‍ഗ്ഗം' ഉപയോഗിക്കുന്നു. നുള്ളിപ്പെറുക്കിയും കൈവായ്പ വാങ്ങിയും 'ജ്വല്ലറിക്കാരുടെ പ്രചാരണത്തില്‍ കുടുങ്ങിയും' സ്വര്‍ണം വാങ്ങുന്ന 'വിഡ്ഢിയായ' അന്ധവിശ്വാസിക്ക് അതുകൊണ്ട് ഇന്നുവരെ അഞ്ചു പൈസ പോലും നഷ്ടം വന്നിട്ടില്ല.

''തരവോഹ്യപി ജീവന്തി
ജീവന്തി മൃഗപക്ഷിണഃ
സജീവതി മനോയസ്യ
മനനേന ഹി ജീവതി.'' പക്ഷിമൃഗാദികളും വൃക്ഷലലാദികളും ജീവിക്കുന്നു.മനുഷ്യനാകട്ടെ വിശേഷബുദ്ധിയുണ്ട്.മനനം കൊണ്ടുള്ള ജീവിതമാണ് യഥാര്‍ത്ഥ ജീവിതം.ഇതാണ് ബുദ്ധിമാന്റെ വൈശിഷ്ട്യം. (വാസിഷ്ഠം)

മനനം ചെയ്യുന്നവനാണ് മനുഷ്യന്‍ എന്ന് നമ്മുടെ ഭാരതീയ ചിന്ത.അഹംബോധമാണ് (self knowledge) ആത്മനിയന്ത്രണത്തിന്റെ അടിസ്ഥാനം.അതായത് തന്റെ തന്നെ ചിന്തയെക്കുറിച്ചുള്ള ചിന്ത. Metacognition എന്ന് കോഗ്നിറ്റീവ് സയന്‍സില്‍ പറയും. ഒരു കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കാണുന്നവര്‍ കൂടുതല്‍ നന്നായി പെരുമാറും എന്ന് കണ്ടിട്ടുണ്ട്.ഒരാളെ ഷോക്കടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ മുറിയില്‍ ഒരു വലിയ കണ്ണാടി ഉണ്ടെങ്കില്‍ അവര്‍ ഷോക്കടിപ്പിക്കാന്‍ മടിക്കും.വേറാരും കാണുന്നില്ലെങ്കിലും താന്‍ തന്നെ അത് കാണുന്നുണ്ട് എന്നത് പെരുമാറ്റത്തില്‍ നിയന്ത്രണം വരുത്തും. മനസ്സാക്ഷി എന്ന് മതങ്ങളില്‍ പറയും. ഫ്രോണ്ടല്‍ ലോബിന്റെ നിയന്ത്രണത്തിലുള്ള നിര്‍വാഹക ചുമതലകളുടെ (executive functions) മറ്റൊരു പേര്. കൂട്ടത്തില്‍ പറയട്ടെ, മദ്യപാനികള്‍ക്ക് self awareness കുറവാണ് എന്നും കണ്ടിട്ടുണ്ട്.(അതാര്‍ക്കും പുതിയൊരു അറിവായിരിക്കില്ല.) മദ്യപാനിയുടെ സ്വയംബോധം കുറയുന്നതോടുകൂടി സെല്‍ഫ് കണ്ട്രോളും കുറയുന്നു.ദീര്‍ഘകാലനേട്ടങ്ങള്‍ അപ്രസക്തമായി തോന്നുന്നു.അവനവനെതന്നെ മാറിനിന്നു നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കഴിവാണ് സത്യത്തില്‍ വിളംബിത സംതൃപ്തി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

''യോഗശ്ചിത്തവൃത്തിനിരോധഃ'' യോഗം എന്നാല്‍ മനസ്സിന്റെ നാനാവൃത്തിരൂപേണയുള്ള പ്രവര്‍ത്തികളെ നിരോധിക്കുക എന്നതാകുന്നു.- (പതഞ്‌ജലി യോഗസൂത്രം.)

ചിന്തയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഭാരതീയ തത്വശാസ്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണ്. പഞ്ചതന്ത്രതിലെ അഞ്ച് തന്ത്രങ്ങളും പ്രത്യേകിച്ച് അതിലെ അഞ്ചാമത്തെ തന്ത്രമായ 'അപരീക്ഷിതകാരിതം' വേണ്ടത്ര ചിന്തിക്കാതെ എടുത്തുചാടി പ്രവര്‍ത്തിക്കുന്നതിന്റെ അപകടങ്ങളക്കുറിച്ചാണ്.ധ്യാനത്തിനും യോഗക്കും അവയുടെ ആചാര്യന്മാര്‍ പറയുന്ന ഗുണങ്ങളൊന്നുമില്ലെങ്കിലും തുടര്‍ച്ചയായ അഭ്യാസം ആത്മനിയന്ത്രണത്തിനും ത്യാജ്യഗ്രാഹ്യ ബോധത്തിനും അതുവഴി ജീവിത വിജയത്തിനും സഹായിച്ചേക്കാം.വിപാസന പോലുള്ള ബുദ്ധിസ്റ്റ് ധ്യാനരീതികള്‍ തലച്ചോറില്‍ മാറ്റങ്ങളുണ്ടാക്കുന്നതായി പഠനങ്ങളുണ്ട്.

ഈ വില്‍പവര്‍ എന്നത് ശരീരപേശികളെപ്പോലെ ഉപയോഗം കൊണ്ട് ക്ഷീണിക്കുന്നതാണ് എന്ന് പഠനങ്ങളില്‍ കണ്ടിട്ടുണ്ട് (ego depletion).ഒരു പ്രത്യേക കാര്യത്തിന് വില്‍പവര്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഉടനെ മറ്റൊരു ആവശ്യത്തിന് വേണ്ടത്ര വില്‍പവര്‍ ഉണ്ടാകില്ല (മുനിമാര്‍ക്ക്‌ ആത്മ നിയന്ത്രണം നഷ്ട്ടപ്പെട്ടു പെരുമാറിയാല്‍ അവരുടെ തപശ്ശക്തി കുറയും എന്നപോലെ). പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ കൂടുതല്‍ 'ചൊറിയന്‍' സ്വഭാവം കാണിക്കുന്നത് വിത്ത്ഡ്രോവല്‍ മാത്രമല്ല, വലിനിര്‍ത്താന്‍ കൂടുതല്‍ വില്‍പവര്‍ ഉപയോഗിക്കുന്നതുകൊണ്ട് മറ്റു കാര്യങ്ങള്‍ക്ക് വില്‍പവര്‍ ബാക്കിയില്ലാതാകുന്നതാണ് എന്നും വേണമെങ്കില്‍ അനുമാനിക്കാം. കുറ്റവാളികള്‍ക്ക് പരോള്‍ അനുവദിക്കുന്ന ജുറിമാര്‍  ദിവസത്തില്‍ അവസാനം വരുന്ന പുള്ളികള്‍ക്ക് പരോള്‍ കൊടുക്കാതിരിക്കാനാണ് കൂടുതല്‍ സാധ്യത എന്ന് കണ്ടിട്ടുണ്ട്,(കുറ്റങ്ങളെല്ലാം ഏറെക്കുറെ സമാന സ്വഭാവമുള്ളതാണെങ്കിലും). വിധി പ്രസ്താവിക്കാന്‍ ഓരോ തവണയും തീരുമാനമെടുക്കുമ്പോഴും വില്‍പവറിന്റെ സ്റോക്ക് കുറയുന്നതോടെ അവര്‍ അവസാനമെത്തുമ്പോള്‍ റിസ്ക്‌ കുറഞ്ഞ തീരുമാനമെടുക്കുന്നു,സ്റ്റാറ്റസ് കോ നിലനിര്‍ത്തുന്നു എന്ന് കരുതാം. അതായത് പ്രതികള്‍ ജയിലില്‍ തന്നെ കിടക്കുന്നു.

 ''അഭ്യാസവൈരാഗ്യാഭ്യാം തന്നിരോധഃ'' അഭ്യാസം വൈരാഗ്യം എന്നിവകൊണ്ട് ചിത്തവൃത്തികളുടെ നിരോധം സംഭവിക്കുന്നു. - (പതഞ്‌ജലി യോഗസൂത്രം.)

വില്‍പവര്‍ ഒരു മാംസപേശി പോലെയാണ് എന്ന മെറ്റാഫറിന് അനാവശ്യ വ്യാപ്തി കൊടുക്കേണ്ടതില്ലെങ്കിലും കാര്യം മനസ്സിലാക്കാന്‍ വളരെ ഉപയോഗപ്രദമാണ്.വില്‍പവര്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മംസപേശികളെപ്പോലെതന്നെ കൂടുതല്‍ ഗ്ലൂക്കോസ് ഉപയോഗിക്കും,അഥവാ ഗ്ലൂക്കോസ് കുറഞ്ഞാല്‍ വില്‍പവര്‍ കുറയും എന്ന് നേരത്തെ കണ്ടതാണ്.നേരത്തെ കണ്ട supression task പോലുള്ളവയില്‍, (ഉദാഹരണത്തിന്,രണ്ടു ഗ്രൂപ്പ് ആളുകളെ ഒരു വീഡിയോ കാണിക്കുന്നു.ഒരു ഗ്രൂപ്പിനോട് സ്ക്രീനിന്റെ അടിയില്‍ എഴുതികാണിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കരുത് പറയുന്നു. രണ്ടാമത്തെ ഗ്രൂപ്പിന് പ്രത്യേകം നിര്‍ദ്ദേശങ്ങളൊന്നുമില്ല. വാക്കുകള്‍ ശ്രദ്ധിക്കതിരിക്കാന്‍ ശ്രദ്ധിച്ചവരുടെ ഗ്ലൂക്കോസ് ലെവല്‍ താഴ്നതായി കണ്ടു.വാക്കുകള്‍ വായിക്കാതിരിക്കാന്‍ മനസ്സിരുത്തിയവര്‍ അതിനായി കൂടുതല്‍ ഇന്ധനം ഉപയോഗിക്കേണ്ടിവന്നു എന്നും അനുമാനിക്കാം. (മരുന്ന് കഴിക്കുമ്പോള്‍ കരടിയെക്കുറിച്ച് ഓര്‍ക്കരുത് എന്ന് നിര്‍ദ്ദേശിച്ച ആ പഴയ വൈദ്യന്‍ പ്രമേഹത്തിനാണോ ചികിത്സിച്ചത്?) സ്ട്രൂപ്പ് ടെസ്റ്റില്‍ പങ്കെടുക്കുന്നവരുടെയും ഗ്ലൂക്കോസ് ലെവല്‍ കുറയുന്നതായി കണ്ടിട്ടുണ്ട്.

(ആത്മനിയന്ത്രണത്തിനായി കൂടുതല്‍ ഗ്ലുക്കോസ് ചിലവാക്കേണ്ടി വരുന്നവര്‍ മധുരത്തോട് കൂടുതല്‍ ആര്‍ത്തി കാണിക്കും എന്നതും സ്വാഭാവികമാണ്.പലരുടെയും ഡയറ്റിംഗ് പരാജയപ്പെടുന്നതിനു ഒരു കാരണം ഇതാകാം.കൂടുതല്‍ പരിശ്രമിക്കും തോറും ഗ്ലുക്കോസിന്റെ അളവ് കുറയും.അതോടൊപ്പം ഭക്ഷണത്തോടുള്ള ആര്‍ത്തിയും കൂടും.ആര്‍ത്തി തടയാന്‍ ശ്രമിക്കുംതോറും വീണ്ടും ആര്‍ത്തി കൂടും. നിത്യജീവിതത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദംഅനുഭവിക്കുന്നവര്‍ വില്‍പവര്‍ കൂടുതല്‍ ഉപയോഗിക്കും, അവര്‍ ജങ്ക് ഫുഡിന്റെ ആരാധകരായി മാറുന്നതിന്റെ കാരണവും ഇതായിരിക്കാം. നോമ്പ് ക്കാലത്ത് ആളുകളില്‍ വീണ്ടുവിചാരമില്ലാത്ത പെരുമാറ്റം(reckless behavior) കൂടുന്നതായി അറബി നാടുകളില്‍നിന്നുതന്നെ റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്‌.നോമ്പ് നിലനിര്‍ത്താന്‍ കൂടുതല്‍ വില്‍പവര്‍ ഉപയോഗിക്കേണ്ടിവരുന്നതും നോമ്പ് മൂലം ശരീരത്തില്‍ ഗ്ലുക്കോസിന്റെ അളവ് കുറയുന്നതും രണ്ടും ആത്മ നിയന്ത്രണമില്ലായ്മയിലേക്കാണ് നയിക്കുക,അല്ലാതെ നോമ്പ് മൂലം നിയന്ത്രണം കൂടുകയല്ല ചെയ്യുക.നോമ്പ് മുന്നോട്ടു പോകും തോറും reckless behaviour കൂടിവരുന്നതായും അനുഭവമാണ്.)

''അസംശയം മഹാബാഹോ മനോ ദുര്‍നിഗ്രഹം ചലം
അഭ്യാസേന തു കൌന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ'' നിസംശയമായും മനസ്സ് നിയന്ത്രിക്കാന്‍ വിഷമമുള്ളതും ചഞ്ചലവുമാണ്. എന്നാല്‍ കുന്തീപുത്രാ,അഭ്യാസം കൊണ്ടും,വൈരാഗ്യം കൊണ്ടും അത് നിയന്ത്രണവിധേയമാക്കപ്പെടുന്നു. (ഭവഗത് ഗീത- 6:35)

ഇനി നല്ല വാര്‍ത്ത എന്തെന്നാല്‍ മാംസപേശികളെ പോലെതന്നെ വില്‍പവറിനെ വ്യായാമം കൊണ്ട് ബലപ്പെടുത്താനും പറ്റും എന്നാണ്.അതായത് വിളംബിത സംതൃപ്തി വേണമെങ്കില്‍ പരിശീലനം കൊണ്ട് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.നമ്മുടെ പഴയ ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന ടി.എന്‍.ശേഷന്റെ ഒരു ഇന്റര്‍വ്യൂ പണ്ട് കണ്ടത് ഓര്‍മ്മ വരുന്നു.അതില്‍ അങ്ങേരുടെ വിചിത്രമായ ചില ശീലങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.അദ്ദേഹം തന്റെ ഒരു ആഗ്രഹവും അത് തോന്നുന്ന ഉടനെ ചെയ്യില്ല.ഉദാഹരണത്തിന് ഒരു ചായ കുടിക്കാന്‍ ഇപ്പോള്‍ തോന്നിയാല്‍ ഒരു അരമണിക്കൂറെങ്കിലും കാത്തു നിന്നിട്ടെ കുടിക്കൂ.അന്ന് ഇതുകേട്ടപ്പോള്‍ എനിക്ക് ഈ അരവട്ടന്‍ വിഡ്ഢിത്തം പറയുന്നു എന്ന പരിഹാസമായിരുന്നു തോന്നിയത്.(രാഷ്ട്രപതി തെരിരഞ്ഞെടുപ്പിന്റെ കാലമായിരുന്നു അത് എന്ന് തോന്നുന്നു.ശേഷന്റെ എതിര്‍സ്ഥാനാര്‍ഥി കെ.ആര്‍ നാരായണനും. 'ശേഷന്‍ ബാഷിംഗ്' ആയിരുന്നു അന്ന് പൊളിറ്റിക്കലി കറക്റ്റ് നിലപാട്. :-)) എന്നാല്‍ പിന്നീട് വിളംബിത സംതൃപ്തി പരിശീലിക്കാമെന്നും ജീവിതവിജയത്തിന് അതിനുള്ള പ്രാധാന്യവും അറിഞ്ഞപ്പോള്‍ he may have been on to something എന്ന് തോന്നുന്നു. എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാം സ്ഥാനം നേടാന്‍,രാഷ്ട്രപതി സ്ഥാനത്തിന് അടുത്ത് വരെ എത്താന്‍ കഴിഞ്ഞതിനു പിന്നിലൊക്കെ ഈ വില്‍പവര്‍ വ്യായാമത്തിന് പങ്കുണ്ടാകാം.

''ദിവസവും ഇരുപതു മിനിട്ട് നേരം ധ്യാനിക്കുക,നിങ്ങള്‍ തിരക്കിലല്ലെങ്കില്‍. അഥവാ നിങ്ങള്‍ തിരക്കിലാണെങ്കില്‍ ഒരു മണിക്കൂര്‍ ധ്യാനിക്കുക.'' ഒരു സെന്‍ പാഠം.

അപ്പോള്‍ വില്‍പവര്‍ പരിശീലിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.നേരത്തെ സ്ട്രൂപ്പ് ടെസ്റ്റില്‍ കണ്ടപോലെ സ്വാഭാവികമായി വരുന്ന ചിന്തകളും പ്രവര്‍ത്തികളും നിരോധിക്കുന്നത് നല്ലൊരു പരിശീലനമാണ്. പതഞ്ജലിയുടെ യോഗസൂത്രത്തില്‍ പറയുന്നതുതന്നെ. യോഗശ്ചിത്തവൃത്തിനിരോധഃ -ചിത്തത്തിന്റെ വൃത്തികളുടെ നിരോധമാണ്‌ യോഗം. (ആത്മഗതം: ചിലര്‍ എന്നെ ഇപ്പോതന്നെ സംഘി ആയി മുദ്രയടിച്ച് കഴിഞ്ഞിട്ടുണ്ടാകും. :-)) അവരുടെ സമാധാനത്തിനു വേണ്ടി...അതിന് യോഗതന്നെ വേണമെന്നൊന്നുമില്ല. ചെയ്തു ശീലമുള്ള രീതിയിലല്ലാതെ കാര്യങ്ങള്‍ ചെയ്യുക.Roy.F.Baumeister നടത്തിയ ചില പഠനങ്ങളില്‍ ഇത് വെളിവാകുന്നുണ്ട്‌.

ഉദാഹരണത്തിന് വലംകൈയ്യന്‍മാര്‍ അവരുടെ വലംകൈ കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ക്ക്  ഇടംകൈ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പല്ലുതേക്കുക,വാതില്‍ തുറക്കുക,ചായ കുടിക്കാന്‍ കപ്പ് എടുക്കുക മുതല്‍ കമ്പ്യൂട്ടര്‍ മൗസ് ഉപയോഗിക്കുന്നത് വരെ ഇടംകൈ കൊണ്ട് ചെയ്യുക. അസ്ഥാനത്തുള്ള അനിയന്ത്രിതമായ കോപം കൊണ്ട് വലയുന്നവര്‍ വെറും രണ്ടാഴ്ചത്തെ ഇടംകൈ ഉപയോഗം കൊണ്ട് വളരെ ശ്രദ്ധേയമായ രീതിയില്‍ കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞതായി പഠനം കാണിക്കുന്നു (Thomas F. Denson- University of New South Wales).

(ട്രിവിയ:അമേരിക്കന്‍ പ്രസിഡെന്റുമാരില്‍ നാല്‍പ്പത്തിമൂന്നില്‍ എട്ടു പേരും ഇടംകൈയ്യന്മാരാണ്. പൊതു സമൂഹത്തില്‍ ഇടം കൈയ്യന്മാര്‍ പത്തു ശതമാനത്തോളം മാത്രമാണ് എന്നോര്‍ക്കുക. ഒബാമയുടെ മുന്‍ എതിരാളികളായിരുന്ന മക്കൈനും അല്‍ഗോറും ഇടം കൈയ്യന്മാരാണ്. അലക്സാണ്ടറും ജൂലിയസ് സീസറും മുതല്‍ ഫിഡല്‍ കാസ്ട്രോയും നെതെന്യാഹുവും ഒക്കെ ഇടം കൈയ്യന്മാരാണ്.വലംകൈയ്യന്മാര്‍ അവരുടെ സൌകര്യത്തിന് ഉണ്ടാക്കിയ ഈ ലോകത്ത് ഇടംകൈയ്യിനു പകരം അവരുടെ സ്വാധീനം കുറവുള്ള വലംകൈ ഉപയോഗിക്കാന്‍ സദാ ഓാര്‍മ്മിക്കേണ്ടി വരുന്നത് (ഒരു ഷര്‍ട്ടിന്റെ ബട്ടന്‍ ഇടാനോ ഒരു താക്കോല്‍ ഉപയോഗിക്കാനോ പോലും കൂടുതല്‍ ശ്രദ്ധ കൊടുക്കാതെ ചെയ്യാന്‍ കഴിയില്ല.) ഇവരുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും സ്വാധീനിച്ചിരിക്കുമോ? ഇവരെ നേതാക്കന്മാരാകാന്‍ സഹായിച്ചിരിക്കുമോ? A wild thought.)

''All techniques are,in the long run,nothing but tools.Then it's up to you to apply the teachings for your own individual use.'' Bruce Lee.

ഇതുപോലെ തന്നെ ഫലപ്രദമായ വേറെയും മാര്‍ഗ്ഗങ്ങളുമുണ്ട്. നടത്തത്തിന്റെ സ്റ്റൈല്‍ മാറ്റുക,സംസാര രീതി മാറ്റുക (മുഴുവന്‍ വാചകങ്ങളും വാക്കുകളും പറയാന്‍ ശ്രദ്ധിക്കുക. 'yeah','yup','nope' മൂളല്‍,തലയാട്ടല്‍ മുതലായ ഓട്ടോമാറ്റിക് പ്രതികരണങ്ങള്‍ ഒഴിവാക്കി yes അല്ലെങ്കില്‍ no എന്ന് തന്നെ ഉപയോഗിക്കുക). സാധാരണ ഓര്‍ക്കാതെ ഉപയോഗിച്ചുപോകുന്ന തെറിവാക്കുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക,പുതിയൊരു ഭാഷ പഠിക്കുക, വലിയ ശീലമില്ലാത്ത ആ ഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കുക ഒക്കെ ഫലപ്രദമായി കണ്ടിട്ടുണ്ട്. (പ്രൈമറി ക്ലാസ് മുതല്‍ ഇംഗ്ലീഷില്‍ മാത്രം സംസാരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഞങ്ങള്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് അത് മറ്റൊരുതരത്തില്‍ ഗുണകരമായാണോ ഭവിച്ചത്? അങ്ങനെ നിര്‍ബന്ധിച്ചത് ഭാഷാ സ്വാധീനം കൂടാതെ കൂടുതല്‍ ആത്മനിയന്ത്രണത്തിനും സഹായിച്ചിരിക്കുമോ?) ഓത്ത് പഠിക്കുന്ന ബ്രാഹ്മണകുട്ടികള്‍ ഭക്ഷണം കഴിക്കുന്ന നേരത്ത് സംസ്കൃതത്തിലെ  സംസാരിക്കാവൂ എന്നുണ്ടത്രെ. തോലകവിയുടെ 'പനസി ദശായാം പാശി' പോലുള്ള വികൃത വാക്യങ്ങളായാലും അത് തലച്ചോറിനെ ഓട്ടോമാറ്റിക്കായ വികാര പ്രകടനത്തില്‍നിന്നു തടയുന്നു എന്നതാണ് കാര്യം. മാതൃഭാഷ കൂടാതെ ഇംഗ്ളീഷായാലും ഹിന്ദിയായാലും സംസ്കൃതമായാലും പ്രൈമറി ക്ളാസുകള്‍ മുതലേ ഉപയോഗിക്കാന്‍ ശീലിക്കുന്നത് ഭാഷാസ്വാധീനത്തിന് പുറമെയും ഗുണങ്ങളുണ്ട് എന്ന് പറയേണ്ടിവരും. (ഫേസ് ബുക്കിലൊക്കെ ചിലര്‍ എഴുതുന്ന 'മംഗ്ലീഷ്' ഞാന്‍ വായിക്കാനേ മെനക്കെടാറില്ല. ഇനി മംഗ്ലീഷ് വായിക്കാന്‍ ശ്രമിക്കുന്നതും ഇതേ ഗുണമുണ്ടാക്കുമോ? പരീക്ഷിക്കാവുന്ന കാര്യമാണ്.)

''രാജയോഗശാസ്ത്രം ഒന്നാമതായി ഉദ്ദേശിക്കുന്നത്,മനുഷ്യനു തന്റെ അന്തരംഗാവസ്ഥകളെ നിരീക്ഷിപ്പാനുള്ള ഉപായങ്ങളെ കാട്ടിക്കൊടുക്കുന്നതിനാകുന്നു.ഉപകരണം സാക്ഷാല്‍ മനസ്സുതന്നെ.മനസ്സിന്റെ ഏകാഗ്രതാശക്തിയെ വേണ്ടുംവണ്ണം നിയന്ത്രിക്കുകയും,ഉള്ളിലെ ലോകത്തിലേക്ക്‌ തിരിച്ചുവിടുകയും ചെയ്താല്‍ അത് മനസ്സിനെ പിരുത്തുനോക്കുകയും,നമുക്ക് തത്വങ്ങളെ വെളിപ്പെടുത്തിതരികയും ചെയ്യും.'' (സ്വാമി വിവേകാനന്ദന്റെ രാജയോഗം-കുമാരനാശാന്റെ വിവര്‍ത്തനം.)

ചുരുക്കത്തില്‍ അവനവനെ നിരീക്ഷിക്കല്‍ സഹജശീലമാക്കുക(second nature). Think before you speak or act. വളഞ്ഞുകുത്തി ഇരിക്കുകയും നടക്കുകയും ചെയ്യുന്നത്(slouching) നമുക്ക് സ്വാഭാവികമായതുകൊണ്ട് എപ്പോഴും നിവര്‍ന്നു നടക്കാനും ഇരിക്കാനും ശ്രദ്ധിക്കുക ഒക്കെ അത്ഭുതകരമായ ഫലം തരുന്നതായി കണ്ടിട്ടുണ്ട്.(പണ്ട് ക്ലാസ് ടീച്ചര്‍ ഇടയ്ക്ക് നിവര്‍ന്നിരിക്കാന്‍ പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നോ? പിന്നെ ആസനം യോഗയുടെ ആഷ്ഠാംഗങ്ങളില്‍ പെട്ടതുമാണെന്നും ഓര്‍ക്കുക.) സദാസമയവും അവനവനെതന്നെ നിരീക്ഷിക്കുക അത്ര എളുപ്പമല്ല.അധികം താമസിയാതെ ക്ഷീണിച്ചു പോകും.ഓര്‍ക്കുക,വില്‍പവര്‍ മാംസ പേശി പോലെതന്നെ ക്ഷീണിക്കുന്നതാണ്. പക്ഷേ അതുപോലെതന്നെ വ്യായാമം മാംസപേശികളുടെ ശക്തി കൂട്ടുന്നപോലെ മാനസികശക്തിയും കൂട്ടും. ഇത്തരം മാനസിക വ്യായാമങ്ങള്‍ ചെയ്യുന്നവര്‍ മദ്യപാനം പുകവലി മുതലായ ശീലങ്ങളുടെ മേലും കൂടുതല്‍ നിയന്ത്രണം കാണിക്കുന്നതായി കണ്ടിട്ടുണ്ട്. 

ഒരു സെന്‍ കഥ.....പ്രശസ്ത സെന്‍ ഗുരുവായ നാന്‍-ഇന്നിന്റെ ശിഷ്യനായിരുന്നു ടെന്നോ. പത്തു വര്‍ഷത്തെ അഭ്യാസത്തിനു ശേഷം ടെന്നോ താന്‍ ഒരു സെന്‍ അധ്യാപകന്റെ പദവി കൈവരിച്ചു എന്ന് കരുതി. മഴയുള്ള ഒരു ദിവസം ടെന്നോ നാന്‍-ഇന്നിനെ കാണാന്‍ പോയി.വീടിനുള്ളില്‍ കടന്ന ഉടന്‍ നാന്‍-ഇന്‍ ടെന്നോവിനോട് ചോദിച്ചു,''താങ്കളുടെ ചെരിപ്പും കുടയും പൂമുഖത്തല്ലെ വച്ചത്? ''അതേ'' ടെന്നോ മറുപടി നെല്കി. നാന്‍-ഇന്‍ ചോദിച്ചു,''താങ്കള്‍ കുട വച്ചത് താങ്കളുടെ ചെരുപ്പിന്റെ ഇടതു വശത്തോ വലതു വശത്തോ?'' ടെന്നോക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. താന്‍ വേണ്ടത്ര ജാഗ്രതയോടെ സ്വയം നിരീക്ഷിക്കുന്നില്ല,താന്‍ ഇനിയും പൂര്‍ണ്ണ അവബോധം നേടിയിട്ടില്ല എന്ന് ടെന്നോ തിരിച്ചറിഞ്ഞു നാന്‍-ഇന്നിന്റെ കീഴില്‍ വീണ്ടും പത്തു വര്‍ഷം കൂടി പരിശീലനം നേടി.

(ഒരു ഭ്രാന്തന്‍ ചിന്ത:ഇരുപത്തിനാല് മണിക്കൂറും തങ്ങള്‍ നിരീക്ഷണത്തിലാണ് എന്നറിഞ്ഞ് പെരുമാറ്റത്തെ നിയന്ത്രിക്കേണ്ടി വരുന്ന മലയാളി ഹൌസ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പരിപാടി തീരുമ്പോഴേക്കും കൂടുതല്‍ ആത്മനിയന്ത്രണം നേടീട്ടുണ്ടാക്കുമോ? ഒരു പഠനത്തിനുള്ള സ്കോപ്പുണ്ട്.)

യോഗ എന്ന പേരില്‍ വല്ല കാക്കയുടെയും കോഴിയുടെയും ഒക്കെ പേരിലുള്ള ചില വിചിത്ര പോസുകള്‍ അനുകരിച്ചാല്‍ എന്ത് പ്രയോജനം എന്ന് തോന്നാം. എന്നാല്‍  അതിന് ന്യൂറോബയോളജിയില്‍ ഉത്തരമുണ്ട്. ശാരീരിക മാനസിക നിലകള്‍ ന്യൂറോണുകളുടെ firing pattern സ്വധീനിക്കാം എന്നത് ഒരു വാര്‍ത്തയല്ല. വിചിത്രമായ പോസുകളില്‍ വളഞ്ഞുകുത്തി നിന്ന് ശ്വാസഗതി നിയന്ത്രിക്കാന്‍ മനസ്സുവയ്ക്കുന്നത് അവനവനെ നിരീക്ഷിക്കല്‍ തന്നെയാണ്.നമ്മുടെ കുക്കുടാസനമായാലും ഒരു സിംഹത്തെ കണ്ട് പേടിച്ചോടുന്നതായാലും ശരീരത്തിന്റെ പ്രതികരണം ഒരുപോലെയാണ്.ഹൃദയമിടിപ്പും ശ്വാസ ഗതിയും കൂട്ടുക,മംസപേശികളുടെ മുറുക്കം കൂട്ടുക,സ്‌ട്രെസ് ഹോര്‍മോണുകള്‍ പുറത്തുവിടുക. ഈ അവസ്ഥയില്‍ ശ്വാസഗതിയെ നിയന്ത്രിക്കാന്‍ മനഃപൂര്‍വ്വം ശീലിക്കുക.സ്വയം നിരീക്ഷണത്തിന്റെ മറ്റൊരു രൂപം.യോഗ (ഏത് ശാരീരികാധ്വാനവും) മാംസപേശികളുടെ സ്ട്രെസ് കൂട്ടുകയാണ് ചെയ്യുന്നത്. യോഗയുടെ അസ്വാഭാവികമായ ശാരീരിക നിലകളില്‍ ശരീരം ബാലന്‍സ് ചെയ്തു നില്‍ക്കാനൊക്കെ കൂടുതല്‍ വില്‍പവര്‍ ഉപയോഗിക്കേണ്ടിവരും. അത് കാലക്രമത്തില്‍ വില്‍പവര്‍ ശക്തമാക്കുകയും ചെയ്യും. ഒരു മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കുന്നത് ഉയര്‍ന്ന ശാരീരികക്ഷമത മാത്രമല്ല കാരണം. ശരീരത്തിലെ ഓരോ മാംസപേശികളും ഇനി ഒരടി മുന്നോട്ട് പോകാനാവില്ല എന്ന് അലറുമ്പോഴും ശരീരത്തെ മുന്നോട്ട് നീക്കുന്നത് വില്‍പവറാണ്. പണ്ട് ആരോ പറഞ്ഞപോലെ "A hero is one who knows how to hang on one minute longer". പല യോഗ പോസുകളുടെയും കാര്യത്തിലും ഇത് സത്യമാണ്.

''ശ്രേയോ ഹി ജ്ഞാനമഭ്യാസാജ്ജ്ഞാനാദ്ധ്യാനം വിശിഷ്യതേ
ധ്യാനാത്കര്‍മഫലത്യാഗസ്ത്യാഗാച്ഛാന്തിരന്തരം'' അഭ്യാസത്തേക്കാള്‍ ജ്ഞാനം ശ്രേഷ്ഠമാകുന്നു. ജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠമായത് ധ്യാനമാണ്.ധ്യാനത്തേക്കാളും വിശിഷ്ഠമാണ് കര്‍മ്മഫല ത്യാഗം. ത്യാഗത്തില്‍ നിന്ന് ഉടനെ ശാന്തിയുണ്ടാകുന്നു. (ഭവഗത് ഗീത- 12:12)

വാള്‍ട്ടര്‍ മിഷേലിന്റെ മുട്ടായി പരീക്ഷണത്തില്‍ മുന്നിലിരിക്കുന്ന മുട്ടായി വെറുമൊരു ചിത്രമാണ് എന്നോ അത് സ്വാദില്ലാത്തതാണ് എന്നോ സങ്കല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കുട്ടികള്‍ കൂടുതല്‍ നിയന്ത്രണം കാണിച്ചതായി മിഷേല്‍ പറയുന്നു.പ്രതീക്ഷ കുറച്ചാല്‍ പ്രലോഭനത്തെ അതിജീവിക്കാന്‍ എളുപ്പമാണ്. അധികം ആഗ്രഹങ്ങള്‍ ഇല്ലാതിരിക്കുക.നമ്മുടെ ശ്രീ ബുദ്ധന്‍ പറയുന്ന രണ്ടാമത്തെ ശ്രേഷ്ഠമായ സത്യം.ആഗ്രഹമാണ് എല്ലാ ദുഃഖങ്ങങ്ങള്‍ക്കും കാരണം. ''കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ''(പ്രതിഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യുക) എന്ന്  ഗീതയില്‍ ഉപദേശിച്ചതും ഇതുതന്നെ. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധയുള്ളവര്‍ പ്രലോഭനങ്ങളെ അനാകര്‍ഷകമായി കാണാന്‍ കഴിയുന്നവരായിരിക്കും.'ഇദം ന മമ' (ഇതൊന്നുംഎന്റേതല്ല, എനിക്ക് വേണ്ടിയല്ല) എന്ന പ്രാര്‍ത്ഥന പ്രസിദ്ധമാണ്. പണ്ട് 'മുന്തിരിക്ക് പുളിയാണ്' എന്ന ന്യായം പറഞ്ഞ് തന്റെ പാട്ടിനു പോയ ഈസോപ്പ് കഥയിലെ കുറുക്കന്‍ ഇതുപോലെ കണ്ണടച്ച് ഇരുട്ടാക്കിയാണ് നിരാശയില്‍നിന്നു രക്ഷപ്പെട്ടത്. ചില സാഹചര്യങ്ങളില്‍ തല്‍ക്കാലത്തേക്ക് മുന്തിരിക്ക് പുളിയാണ് എന്ന് സങ്കല്‍പ്പിക്കുന്നത് ഗുണകരമാണ്.)

സോയല്‍ ഷാകൂ എന്ന സെന്‍ ഗുരു പറയുന്നു......
-നിങ്ങള്‍ ഒറ്റക്കിരിക്കുന്ന ഭാവത്തോടെ അതിഥിയെ സ്വീകരിക്കുക.ഒറ്റയ്ക്കാവുമ്പോള്‍ നിങ്ങള്‍ അതിഥിയെ സ്വീകരിക്കുന്ന മനോഭാവത്തോടെ നിലകൊള്ളുക.
-നിങ്ങള്‍ എന്ത് പറയുന്നു എന്ന് ജാഗ്രതയോടെ നിരീക്ഷിക്കുക.എന്തുതന്നെയായാലും അതൊരു ശീലമാക്കുക.
-ഒരവസരം കടന്നു വരുമ്പോള്‍ അത് നിങ്ങളെ കടന്നുപോകാന്‍ അനുവദിക്കരുത്.എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് രണ്ടു വട്ടം ചിന്തിക്കണം.
-കഴിഞ്ഞ കാലത്തേക്ക് നോക്കരുത്. ഭാവിയിലേക്ക് നോക്കുക.
-ഉറങ്ങുമ്പോള്‍ അവസാനത്തെ ഉറക്കമാണെന്ന് കരുതി അതിലേക്കു കടക്കുക.ഉണരുമ്പോള്‍ ഒരു കപ്പല്‍ ഛേദത്തില്‍നിന്ന് ഒരു ജോഡി പഴയ ചെരുപ്പുമായി രക്ഷപ്പെട്ടപോലെ ഞൊടിയിടയില്‍ കിടക്ക പുറകില്‍ ഉപേക്ഷിക്കുക.

യുക്തിവാദികള്‍ എന്ത് പറഞ്ഞാലും മതത്തിന് ആത്മനിയന്ത്രണത്തില്‍ പ്രസക്തിയുണ്ട്.മതം തന്നെ ഭൂമിയിലെ ജീവിതം എങ്ങനേലും ജീവിച്ചു തീര്‍ത്തു പരലോകത്ത് പോയി അവിടെ സ്ഥിരതാമാസത്തിനുള്ളതാണല്ലോ. ഇഷ്ട്ടമുള്ളതെല്ലാം ത്യജിച്ച്  ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. ആഗ്രഹങ്ങളുടെ സ്വയം നിഷേധം (self denial) വിശ്വാസിയുടെ ഏറ്റവും പരമമായ ആരാധനയുമാകുന്നു. വിശ്വാസി ഡെയിലി പ്രാര്‍ത്ഥിക്കുന്നതും തന്നെ പരീക്ഷണങ്ങളില്‍ പെടുത്തരുതേ എന്നും.

ഏതു മതത്തിലുള്ള വിശ്വാസമായാലും അത് ആയുസ്സ് കൂട്ടുമെന്ന് സൈക്കോളജിസ്റ്റായ Michael McCullough (പേടിക്കണ്ട,ആള് മതവിശ്വാസിയല്ല. :-)) ഇതുതന്നെ മറ്റു പഠനങ്ങളും ശരി വച്ചിട്ടുണ്ട്. അവരവരുടെ വിശ്വാസത്തിലുള്ള ആ ദൈവം കേറി ഇടപെട്ട് ദീര്‍ഘായുസ്സ് നല്‍കുന്നു എന്നതല്ല ഇതിന്റെ ശാസ്ത്രീയ വിശദീകരണം. വിശ്വാസികള്‍ (മതാചാരപ്രകാരം ജീവിക്കുന്നവര്‍) പൊതുവേ അച്ചടക്കമുള്ള ജീവിതരീതി അനുവര്‍ത്തിക്കുന്നു എന്നതാണ്.അവര്‍ നിയമങ്ങളും കീഴ്വഴക്കങ്ങളും അനുസരിക്കാന്‍ സാധ്യത കൂടുതലായിരിക്കും.(സീറ്റ്ബെല്‍ട്ടും ഹെല്‍മെറ്റും ധരികുന്നവരില്‍ പോലും വിശ്വാസികള്‍ കൂടുതലാണ്.) പരസ്പരവിരുദ്ധമായ ജീവിത ലക്ഷ്യങ്ങള്‍ മതവിശ്വാസിക്ക് കുറവായിരിക്കും. അതുകൊണ്ടുതന്നെ പ്രലോഭനങ്ങള്‍ കുറവായിരിക്കും, സെല്‍ഫ് കണ്‍ട്രോളിന്റെ സ്റ്റോക്ക്‌ കൂടുതലുണ്ടായിരിക്കുകയും ചെയ്യും. നല്ലഗുണങ്ങള്‍ പൊതുവേ മതങ്ങളുമായി ബന്ധപ്പെട്ടതാക കൊണ്ട് ജീവിതത്തിലെ മുന്‍ഗണനകള്‍ അവര്‍ക്ക് കൂടുതല്‍ കൂടുതല്‍ വ്യക്തമായിരിക്കും എന്നും കരുതാം.പ്രധാനപ്പെട്ട മറ്റൊരു കാര്യം മതവിശ്വാസം സ്വയം നിരീക്ഷണത്തിന് പ്രേരിപ്പിക്കുന്നു എന്നതാണ്.സ്വയം നിരീക്ഷണം ആത്മനിയന്ത്രണം കൂട്ടും എന്ന് നമ്മള്‍ കണ്ടതുമാണ്.

''യഥാ ദീപോ നിവാതസ്ഥോ നേംഗതേ സോപമാ സ്മൃതാ
യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മനഃ'' കാറ്റില്ലാത്തിടത്ത്  സ്ഥിതിചെയ്യുന്ന ദീപത്തിന്റെ നിശ്ചലാവസ്ഥയാണ് ആത്മയോഗം അഭ്യസിക്കുന്ന മനോനിയന്ത്രണമുള്ള യോഗിയുടെ ഉപമയായി സ്മരിക്കപ്പെടുന്നത്. (ഭവഗത് ഗീത- 6:19)

മതത്തിന്റെ ചടങ്ങുകളെല്ലാം സ്വയം നിരീക്ഷണത്തിന് പ്രേരിപ്പിക്കുന്നവയാണ്. ധ്യാനത്തിന്റെ സെന്‍ രീതി ശ്വാസോച്ഛാസം നിരീക്ഷിക്കലുംമറ്റുമാണ്.മനസ്സിനെ നിയന്ത്രണം വിട്ട് അലയാന്‍ വിടാതെ ശ്വാസോച്ഛാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പരിശീലനം കൊണ്ട് മനസ്സ് നിയന്ത്രണ വിധേയമാകുന്നത് ആര്‍ക്കും പരീക്ഷിക്കാവുന്നതാണ്. കൊന്ത ചൊല്ലലും ആവര്‍ത്തിച്ചുള്ള മന്ത്രോച്ചാരണവും ഒക്കെ മനസ്സിന്റെ അച്ചടക്കത്തിന് ഉപകരിക്കും.Thich Quang Duc എന്ന ബുദ്ധ സന്യാസിയുടെ പ്രകടനം കവച്ചുവയ്ക്കാന്‍ ആര്‍ക്കാകും?1963 ജൂണ്‍ 11ന്  സൈഗോണില്‍ സൌത്ത് വിയറ്റനാമിലെ റോമന്‍ കത്തോലിക്ക അനുകൂല ഗവര്‍മെന്റിന്റെ ബുദ്ധമതപീഢനത്തില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മാഹൂതി ചെയ്ത മഹായാന ബുദ്ധസന്യാസിയാണ് Thich Quang Duc. ധ്യാനത്തിലിരുന്ന് സ്വയം തീകൊളുത്തി കരിഞ്ഞു തീരുന്നതുവരെ അദ്ദേഹം അനങ്ങുകയോ ഒരു ശബ്ദം പോലും പുറപ്പെടുവിക്കുകയോ ചെയ്തില്ലത്രെ. ''As he burned he never moved a muscle, never uttered a sound, his outward composure in sharp contrast to the wailing people around him.''എന്ന് സംഭവം റിപ്പോര്‍ട്ട്‌ ചെയ്ത ജേര്‍ണലിസ്റ്റ് David Halberstam പറയുന്നു. ഇതിലപ്പുറം എന്ത് ആത്മനിയന്ത്രണമാണ് ഒരാള്‍ക്ക്‌ വേണ്ടത്?

''അഭ്യാസം കഴിഞ്ഞല്ലാതെ ആഹാരം കഴിക്കയില്ലെന്നു ഒരു നിശ്ചയമായി വച്ചുകൊള്ളണം. അങ്ങിനെ ചെയ്യുമെങ്കില്‍ വിശപ്പിന്റെ ശക്തി തന്നെ അലസതയെ ഭക്ഷിച്ചു കളയും. ഇന്ത്യയില്‍ ജനങ്ങള്‍ നിഷ്ഠയും പൂജയും കഴിഞ്ഞല്ലാതെ ഭക്ഷിക്കരുതെന്നു കുട്ടികളെ പഠിപ്പിക്കുന്നു.അതുകൊണ്ട് കുറെ കഴിയുമ്പോള്‍ അതവര്‍ക്ക് ശീലമായി തീരുന്നു.'' (സ്വാമി വിവേകാനന്ദന്റെ രാജയോഗം-കുമാരനാശാന്റെ വിവര്‍ത്തനം.)

പൊതുവേ പറഞ്ഞാല്‍ നമ്മുടെ സാധാരണ മിഡില്‍ക്ലാസ് അച്ചടക്കമാണ് ഏറ്റവും ഗുണകരം എന്ന് കാണാം. മിഡില്‍ ക്ലാസ് വാല്യു എന്ന് പറയുന്നത് വിളംബിത സംതൃപ്തിയിലും മിതവ്യയത്തിലും അധിഷ്ഠിതമാണ്. ഊണ് കഴിക്കുമ്പോള്‍ ഒരു വറ്റ് പോലും വെറുതെ കളയാന്‍ സമ്മതിക്കില്ല. എല്ലാറ്റിനും കൃത്യ സമയവും നിഷ്ഠയും. ഉത്സവത്തിനോ മറ്റോ പോകുമ്പോള്‍ പുറമേനിന്നു വാങ്ങിത്തരുന്ന പലഹാരങ്ങള്‍ ഒരിക്കലും അവിടെ നിന്നുതന്നെ സ്വാദ് നോക്കാന്‍ അനുവാദമില്ല. വീട്ടില്‍ കൊണ്ടുപോയി എല്ലാവരുമായി പങ്കു വച്ചേ കഴിക്കാവൂ.പലഹാരപ്പൊതിയുടെ മണത്താല്‍ പ്രലോഭിതനായി കാത്തിരിക്കുന്നതിനപ്പുറം  ആത്മനിയന്ത്രണത്തിനും വിളംബിത സംതൃപ്തിക്കും വേറെ പരിശീലനം വേണോ? ശാസ്തീയ പഠനമൊന്നുമല്ലെങ്കിലും അധ്യാപകരുടെ മക്കള്‍ കൂടുതല്‍ ജീവിതവിജയം നേടുന്നതായി കണ്ടിട്ടുണ്ട്. ഈ മിഡില്‍ക്ലാസ് അച്ചടക്കം തന്നെയായിരിക്കും കാരണം എന്നാണു എന്റെ അനുമാനം. (എന്ന് കരുതി കടുവ ചാക്കോ മാഷുടെ സ്റ്റൈല്‍ അല്ല താനും.അച്ചടക്കം ഒരു പീഢനമാകാതെ കുട്ടിയെ പരിശീലിപ്പിക്കുക എന്നതാണ് കാര്യം.) ഏതാണ്ട് എല്ലാ ആഗ്രഹനിവൃത്തിക്കുവേണ്ടിയും കാത്തിരിപ്പ് വേണ്ടിവരുന്ന സാധാരണക്കാരന്റെ കുട്ടിയും,ഒരിക്കലും കാത്തിരിക്കേണ്ടി വരാത്ത പണക്കാരന്റെ കുട്ടിയും,കാത്തിരുന്നിട്ടും പ്രയോജനമൊന്നും കിട്ടാത്ത പാവപ്പെട്ടവന്റെ കുട്ടിയും,ആര് കൂടുതല്‍ ജീവിതവിജയം നേടും എന്നാണു നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? ചോംസ്കി പറയുന്ന ഈ disciplinarian culture അത്ര മോശമാണോ?

"Do not say, "When I am free I will study, for perhaps you will not become free." (Rabbi Hillel-100 B.c.e.)

ഓര്‍മ്മക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്നതായിരുന്നു നമ്മുടെ പഴയ വിദ്യാഭ്യാസ രീതിയോടുള്ള ഒരു വിമര്‍ശനം.ഒന്നും കാണാതെ പഠിക്കേണ്ടാത്ത പരീക്ഷകളില്ലാത്ത രീതിയാണ് ശിശു സൌഹാര്‍ദ്ദപരം എന്നാണു വയ്പ്പ്.അതെത്രമാത്രം ശരിയാണ്?ഓര്‍മ്മ ശക്തി കൂട്ടുന്നത്‌ ഒരു അപരാധമാകുന്നതെങ്ങിനെ? (സ്പെഷല്‍ കോച്ചിങ്ങ് കൊണ്ടാണ് എന്ട്രന്‍സ് കിട്ടിയത് എന്നത് ഒരു കുറവായി കാണുന്ന ലോകമാണ്.) നേട്ടം കൊയ്യാനുള്ള ത്വരയും കഠിനാധ്വാനത്തിനുള്ള മനോഭാവവും ഒരു തെറ്റല്ല.പഠനം ലളിതമാക്കാം,പഠനം പാല്‍പ്പായസമാക്കാം എന്നൊക്കെ പറഞ്ഞു വരുന്ന സോ കോള്‍ഡ് വിദ്യാഭ്യാസവിദഗ്ധര്‍ സത്യത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.ശരിയായ പഠനം ഒരിക്കലും പാല്‍പ്പായസമല്ല.ആസ്വാദ്യവുമല്ല, ചുരുങ്ങിയത് വിഷയം ഏകദേശമെങ്കിലും പിടികിട്ടുന്ന വരെയെങ്കിലും.കുറെയേറെ ബോറടിപ്പിക്കുന്ന കാര്യങ്ങള്‍ കാണാതെ പഠിച്ച ശേഷമാണ് വിഷയം രസകരമാകാന്‍ തുടങ്ങുന്നത്.നമ്മള്‍ കണ്ട വിളംബിത സംതൃപതി ഇല്ലാത്തവര്‍ക്ക് പഠനത്തിന്റെ ഈ സ്റ്റേജ് അതിജീവിക്കാന്‍ കഴിയില്ല.

''ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തു ശത്രുത്വേ വര്‍തേതാത്മൈവശത്രുവത്'' യാതൊരുവന്‍ സ്വയം തന്നെ ജയിച്ചിരിക്കുന്നുവോ അവന് താന്‍ തന്നെ തന്റെ ബന്ധുവാണ്.തന്റെ മേല്‍ നിയന്ത്രണമില്ലാത്തവന് താന്‍ തന്നെ ശത്രുവിനേപ്പോലെ ശത്രുത്വത്തില്‍ വര്‍ത്തിക്കുന്നു. (ഭവഗത് ഗീത- 6:6)

വിദ്യാഭ്യാസം കുറവുള്ളവരില്‍ കോപം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് കൂടുതലായി കാണുന്നു എന്ന ഒരു പഠനം ഇതുമായി ചേര്‍ത്ത് വായിക്കാം.കൃത്യമായി ക്ലാസില്‍ വരാനും അച്ചടക്കത്തോടെ പഠിക്കാനും ക്ലാസ് കട്ട് ചെയ്തു സിനിമ കാണുക,വല്ലവന്റെയും പറമ്പിലെ മാങ്ങക്ക് കല്ലെറിയുക തുടങ്ങി താല്‍ക്കാലിക ആഹ്ലാദം തരുന്ന പ്രലോഭനങ്ങളെ അതിജീവിക്കാനുമൊക്കെ ആത്മനിയന്ത്രണം ഉള്ളവര്‍ക്ക് കോപവും കൂടുതല്‍ വരുതിയിലാകുന്നതായിരിക്കാം. കഴിഞ്ഞ പോസ്റ്റിലെ criminal poor ആളുകളെക്കുറിച്ചുള്ള ഭാഗം നോക്കുക.വിദ്യാഭ്യാസത്തിന്റെ കുറവും കോപവും രണ്ടും ആത്മനിയന്ത്രണത്തിന്റെ കുറവായിരിക്കാം കാണിക്കുന്നത്. (ആധുനിക കാലത്ത് വിദ്യാഭ്യാസത്തിന്റെ കുറവിന് കാരണം മിക്കവാറും അവസരം ഇല്ലായ്മയല്ല.) ആത്മനിയന്ത്രണം ഉള്ളവര്‍ കൂടുതല്‍ വിദ്യാഭ്യാസം നേടും,കൂടുതല്‍ വിദ്യാഭ്യാസം ഉള്ളവര്‍ കൂടുതല്‍ ആത്മനിയന്ത്രണം കാണിക്കും. പെട്ടെന്ന് പ്രകോപിതരാകുന്ന ആളുകളെ ഒരു MRI സ്കാനറിനകത്താക്കിയ ശേഷം അവരെ ദേഷ്യം പിടിപ്പിച്ചാല്‍ അവരുടെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സസ് ഉത്തേജിപ്പിക്കപ്പെടുന്നത് കാണാം. ഇരുട്ട് എന്നത് വെളിച്ചത്തിന്റെ അഭാവമാണ് എന്ന് പറയുന്നപോലെ കോപം എന്നത് ആത്മനിയന്ത്രണത്തിന്റെ അഭാവമാണ്. മസ്തിഷ്ക്കത്തിന്റെ നിര്‍വാഹക ചുമതലകളുടെ  (executive functions) പരാജയമാണ്. അല്ലാതെ കോപം എന്ന വികാരം ചിലരില്‍ കൂടുതലാകുന്നതല്ല.

വിദ്യാഭ്യാസമില്ലാത്ത അച്ഛനമ്മമാര്‍ തങ്ങളുടെ സാമ്പത്തിക പരിമിതി കണക്കിലെടുക്കാതെ മക്കളെ പെറ്റു കൂട്ടുകയാണ് എന്ന്  നടി പ്രവീണയുടെ ഈയിടെയുള്ള പ്രസ്താവന വിവാദമായല്ലോ. വിദ്യാഭ്യാസം കൂടുതലുള്ളവര്‍ക്ക് സന്തതികള്‍ കുറവാണ് എന്നത് ഒരു സത്യം മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ കുറവും, ഈ കുട്ടികളെ പെറ്റ് കൂട്ടലും ദാരിദ്ര്യവും ഒക്കെ ഭാവി കാണാനുള്ള കഴിവില്ലായ്മയുടെ വ്യത്യസ്ത മുഖങ്ങളായിരിക്കാം. അതായത് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന തല്‍ക്ഷണ സംതൃപ്തിയോടുള്ള ആരാധന.(ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരു ഹൈപ്പോത്തസിസ് പോലെ അവതരിപ്പിക്കുന്നതുപോലും ഒരു തോട്ട് ക്രൈമാണ്.:-))

വിദേശത്തെ ഇന്ത്യന്‍ കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതാണ്. കുടിയേറ്റക്കാരായ ഏഷ്യന്‍ കുട്ടികള്‍ അവിടെത്തെ കുട്ടികളെ പാഠ്യ പാഠ്യേതര രംഗങ്ങളില്‍  പിന്‍തള്ളുന്നത് സ്ഥിരം വാര്‍ത്തയാണ്. കുട്ടികളെ അച്ചടക്കത്തോടെ വളര്‍ത്തുന്ന ഏഷ്യന്‍ വംശജരെ പ്രത്യേകിച്ച് അമ്മമാരെ Tiger parent അല്ലെങ്കില്‍  tiger mom എന്നാണ് അവിടത്തുകാര്‍ വിളിക്കുന്നത്‌. പഠനവും  അച്ചടക്കവും ഏഷ്യന്‍ വംശകര്‍ക്ക്  ഏറ്റവും പ്രധാനമാണ്.അവര്‍ കുട്ടികളില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ നടന്നുകാണാന്‍ കുട്ടിയെ നിര്‍ബന്ധിക്കുന്നു. Do your own thing എന്ന പാശ്ചാത്യ ശൈലിയുമായി ഇത് വ്യതസ്തമാണ്.

ഇന്ത്യന്‍ അല്ലെങ്കില്‍ ഏഷ്യന്‍ കള്‍ച്ചര്‍ സമൂഹം തങ്ങള്‍ക്ക് കല്പ്പിച്ചുതരുന്ന സ്ഥാനത്തിനനുസരിച്ചു പെരുമാറുക എന്നതാണ്. ഉദാഹരണത്തിന് മൂത്ത മകന്‍ എന്ന സ്ഥാനത്തിനു വ്യക്തമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ട്.വ്യക്തിപരമായ ഇഷ്ട്ടം എന്തായാലും സമൂഹം നല്‍കുന്ന റോള്‍ മൂത്തമകന്‍ ഏറ്റെടുത്ത് ഫലിപ്പിച്ചേ പറ്റൂ. (സമൂഹത്തിലെ വര്‍ണ്ണ വിഭജനത്തിന്റെ മറ്റൊരു വേര്‍ഷന്‍.) ഭഗവത് ഗീത തന്നെ ഇങ്ങനെ വ്യക്തിപരമായ അനിഷ്ട്ടം ഉണ്ടെങ്കിലും നല്‍കപ്പെട്ട കര്‍മ്മം അനുസരിക്കുന്നതിനെക്കുറിചാണല്ലോ. Richard Nisbett എന്ന മനഃശാസ്ത്രജ്ഞന്‍ അദ്ദേഹത്തിന്റെ The Geography of Thought എന്ന പുസ്തകത്തില്‍ പാശ്ചാത്യരും പൌരസ്ത്യരുമായ ജനങ്ങളുടെ ചിന്താരീതികളുടെ വ്യത്യാസം വിവരിക്കുന്നുണ്ട്.അതില്‍ അരിസ്റ്റോട്ടില്‍ പ്രതിനിധീകരിക്കുന്ന പാശ്ചാത്യ ചിന്തയും, കണ്‍ഫ്യൂഷ്യസ് പ്രതിനിധീകരിക്കുന്ന പൌരസ്ത്യ ചിന്തയും തമ്മിലുള്ള വ്യത്യാസം പറയുന്നുണ്ട്. വ്യക്തികള്‍ ആ സമൂഹം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള റോള്‍ ആടിത്തീര്‍ക്കുക എന്നതാണ് പൌരസ്ത്യ രീതി. കൂടുതല്‍ സെല്‍ഫ് കണ്‍ട്രോള്‍ വേണ്ട പ്രവര്‍ത്തിയാണത്.

മുന്‍പൊരിക്കല്‍ ഒരു പോസ്റ്റില്‍ collectivism,individualism എന്നീ മനോഭാവങ്ങളെക്കുറിച്ചും പാരസൈറ്റുകള്‍ കൂടുതലുള്ള പ്രദേശത്ത് ആളുകള്‍ വ്യക്തിപരമായ ഇഷ്ട്ടങ്ങളേക്കാള്‍ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന collectivism കാണിക്കുന്നു എന്നും,പാരസൈറ്റുകള്‍ കുറഞ്ഞ ഇടങ്ങളില്‍ വ്യക്തികളുടെ ഇഷ്ട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന individualism കാണിക്കുന്നു എന്നും പറഞ്ഞിരുന്നു (parasite stress theory).കളക്ടിവിസം കാണിക്കുന്ന സമൂഹങ്ങള്‍ അവനവനു വേണ്ടി ജീവിക്കുന്നതിനേക്കാള്‍ സമൂഹത്തിനുവേണ്ടി ജീവിക്കുന്നത് കൊണ്ട് ആളുകളുമായി സ്വതന്ത്രമായി ഇടപഴകുന്നത് കുറവായിരിക്കും എന്നും അവരുടെ ഈ asocial പെരുമാറ്റമായിരിക്കാം തൊട്ടുകൂടായ്മക്ക് കാരണം എന്നും പറഞ്ഞിരുന്നു. (ഈ parasite stress theory എന്റെ എന്തോ ബുദ്ധിഭ്രമമാണെന്ന് തെറ്റിദ്ധരിച്ച് അന്ന് ബുദ്ധിജീവികള്‍ ചാടിവീണിരുന്നു.:-))  

സെല്‍ഫ് കണ്‍ട്രോള്‍ അവനവനെ നിരീക്ഷിക്കലാണ് എന്ന് പറഞ്ഞല്ലോ. വര്‍ക്കിംഗ് മെമ്മറി കൂടുതല്‍ ഉള്ളവര്‍ക്ക് അത് എളുപ്പമായിരിക്കും എന്നും കണ്ടു.കൂടുതല്‍ വര്‍ക്കിംഗ് മെമ്മറി ഉള്ളവര്‍ എല്ലാ രംഗങ്ങളിലും കൂടുതല്‍ മികവു പുലര്‍ത്തുന്നതായി കണ്ടിട്ടുണ്ട്. അവര്‍ കൂടുതല്‍ വരുമാനമുണ്ടാക്കുന്നു എന്നും കണ്ടിട്ടുണ്ട്. തീര്‍ച്ചയായും വിളംബിത സംതൃപ്തിയുടെ 'പ്രോക്സി' ആണ് വര്‍ക്കിംഗ് മെമ്മറി എന്നതിന്റെ സൂചന കൂടിയാണ് ഇത്. ഐ.ക്യു പോലെ ഒരാളുടെ ജീവിതകാലത്ത് മാറ്റമില്ലാതെ തുടരുന്നതാണ് ഈ വര്‍ക്കിംഗ് മെമ്മറി എന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും അതും പരിശീലനത്തിലൂടെ വര്‍ദ്ധിപ്പിക്കാന്‍ പറ്റുന്നതാണ് എന്ന് കണ്ടിട്ടുണ്ട്. അപ്പോള്‍ വര്‍ക്കിംഗ് മെമ്മറി വര്‍ദ്ധിപ്പിക്കാനുള്ള വിദ്യകളും നേരിട്ടല്ലാതെ ആത്മനിയന്ത്രണത്തിന് സഹായിച്ചേക്കാം. ഗ്രേ മാറ്ററിന്റെ അളവ്,ഫ്രോണ്ടല്‍ ഭാഗങ്ങളിലെ ഡോപ്പമിന്‍ റിസപ്റ്ററുകളുടെ എണ്ണം ഒക്കെ ഈ വര്‍ക്കിംഗ് മെമ്മറി ട്രെയിനിംഗ് കൊണ്ട് കൂടുന്നതായി കണ്ടിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് പരിശീലിക്കാന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുണ്ട്.ഒന്ന് ഇവിടെ....വരുവിന്‍ പരിശീലിക്കുവിന്‍... ജീവിതവിജയം നേടുവിന്‍....

കമ്പ്യൂട്ടറിലെ സ്ട്രാറ്റജി ഗെയിമുകളും ഇതുപോലെ വര്‍ക്കിംഗ് മെമ്മറിയെ സഹായിച്ചേക്കാം. തലച്ചോറിന് പ്രായം കൊണ്ടുണ്ടാകുന്ന നിര്‍വാഹക ജോലികളുടെ മാന്ദ്യം പരിഹരിക്കാന്‍ കംമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കാകും എന്ന് ചില സൂചനകളുണ്ട്.Gaming improves multitasking skills. എന്തായാലും അനേകം കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും എല്ലാ സാധ്യതകളും അവയുടെ വ്യത്യസ്ത മിശ്രണങ്ങളും മനസ്സില്‍ കാണാനും കൂടിയ വര്‍ക്കിംഗ് മെമ്മറി സഹായിക്കും. നാം സ്മാര്‍ട്ട്‌ തിങ്കിംഗ് എന്ന് പറയുന്നതും ഇതുതന്നെയാണ്. നമ്മുടെ ചെസ്സ്‌ ആയാലും (അനേകം സാധ്യതകള്‍ ഒരേ സമയം വിശകലനം ചെയ്യാനുള്ള കഴിവ് കൂടാതെ ചുമ്മാ മുന്നില്‍ വെട്ടാന്‍ പാകത്തിന് വച്ചുതരുന്ന കരുക്കളെ വെട്ടാനുള്ള സ്വാഭാവികമായ ത്വരയെ കീഴടക്കുകയും വരണം. ചെസ്സ്‌ പഠിക്കുന്നവര്‍ ആദ്യം കീഴടക്കേണ്ടത് ഈ ത്വരയാണ്.ആ താല്‍ക്കാലിക ലാഭത്തെ അവഗണിച്ചു അത് എതിരാളിയുടെ ഒരു ട്രാപ് ആണെന്ന് മനസ്സിലാക്കുക.) അക്ഷരശ്ലോകമോ,വൃത്തവും പ്രാസവുമൊക്കെ ഒപ്പിച്ചുള്ള കവിത ഉണ്ടാക്കലായാലും മനക്കണക്ക് ചെയ്യലോ ആയാലും ഒക്കെ ഈ വര്‍ക്കിംഗ് മെമ്മറിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

(നമ്മുടെ സ്മാര്‍ട്ട്ഫോണുകള്‍ സത്യത്തില്‍ ഈ രീതിയില്‍ ഒരു ദോഷം ഉണ്ടാക്കുന്നുണ്ടോ? എനിക്ക് എന്റെ ഒരൊറ്റ പരിചയക്കാരുടെ ഫോണ്‍ നമ്പര്‍ ഓര്‍മ്മയിലില്ല.) എന്തായാലും മോബൈലുകളും ലാപ്പ്ടോപ്പുകളും ക്ഷമയില്ലാത്ത മര്യാദകെട്ട തലമുറയെ സൃഷ്ടിക്കുന്നു എന്ന പരാതി വന്നു കഴിഞ്ഞു. How mobiles have created a generation without manners.

ഒരു കാര്യം ഉറപ്പാണ്, ഈ വിഷയം വിളംബിത സംതൃപ്തി (delayed gratification) ഈ ബ്ലോഗിലെ മറ്റനേകം വിഷയങ്ങളെപ്പോലെ ഭാവിയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും. എല്ലായ്പ്പോഴും ഓര്‍ക്കുക,ഈ മാതിരി വിഷയങ്ങള്‍ മലയാളത്തില്‍ ആദ്യം ചര്‍ച്ച ചെയ്തത് ഈ ബ്ലോഗാണ്. :-D

-

6 അഭിപ്രായങ്ങൾ:

മനു - Manu പറഞ്ഞു...

വിജ്ഞാനപ്രദം! ഭാഷയിൽ ദുർലഭ്യം!! നന്ദി, ഭാവുകങ്ങൾ

നന്ദന പറഞ്ഞു...

ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. അറിവ്‌ കുറഞ്ഞവര്‍ക്ക് സ്വയം നിയന്ത്രണം കുറഞ്ഞതായി, കുറയുന്നതായി കണ്ടിട്ടുണ്ട്.

nilamburan പറഞ്ഞു...

നല്ല ലേഖനം.
വളരെ ശരിയാണ്, ആദ്യമായാണ് ഇത്തരം വിഷയങ്ങള്‍ വായിക്കുന്നത്.

യാത്രികന്‍ പറഞ്ഞു...

good

Anand Raj പറഞ്ഞു...

Good one....got a very different perspective..nice effort...

Rare Rose പറഞ്ഞു...

വിളംബിത സംതൃപ്തി ബാക്കി ഭാഗങ്ങൾ ഇപ്പോഴാണ് കണ്ടത്.. വളരെ നന്നായി ഉദാഹരണ സഹിതം എഴുതിയിരിക്കുന്നു..നന്ദി..

LinkWithin

Related Posts with Thumbnails