2015, മാർച്ച് 19, വ്യാഴാഴ്‌ച

ബുദ്ധനെ കല്ലെറിയുന്നു.......

കുറെ കാലത്തിനു ശേഷം വീണ്ടും ബ്ലോഗില്‍........ ബുദ്ധനെക്കുറിച്ചുള്ള ഈ പോസ്റ്റ്‌ ഒരു അഞ്ചാറു ഭാഗങ്ങളായി പ്രസിദ്ധീകരിക്കാം എന്ന് വിചാരിക്കുന്നു. 'യുക്തിവാദികളുടെ അന്ധ വിശ്വാസങ്ങള്‍' എന്ന പേരില്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന വലിയൊരു സീരിസിലെ ആദ്യ വിഷയമാണ് ഇത്. (അതൊക്കെ എഴുതിയാല്‍ എഴുതീന്ന് പറയാം. തല്‍ക്കാലം അത്രെ പറയാന്‍ പറ്റൂ. :-))

അഹിംസാവാദി, ബ്രാഹ്മണവിരോധി, ക്രൂരമായ ജാതിവിവേചനത്തില്‍നിന്നും സവര്‍ണ്ണ ബ്രാഹ്മണ മേധാവിത്വത്തില്‍ നിന്നും അവര്‍ണ്ണരെയും പാവപ്പെട്ടവരെയും രക്ഷിച്ചവന്‍ എന്നൊക്കെയാണ് നമ്മുടെയിടയില്‍ ബുദ്ധന്റെ ഇമേജ്. നമ്മുടെ യുക്തിവാദികള്‍ക്കു പോലും ബുദ്ധനോട് ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട്. എല്ലാ മതങ്ങളെക്കുറിച്ചും വിമര്‍ശന പഠനങ്ങള്‍ ഇടമറുക് പോലുള്ള യുക്തിവാദികളുടേതായി ഉണ്ടെങ്കിലും 'ബുദ്ധിസം ഒരു വിമര്‍ശന പഠനം' ആരെങ്കിലും കണ്ടിട്ടുണ്ടോ?ബുദ്ധമതത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന പുസ്തകങ്ങളോ ലേഖനങ്ങളോ ഇല്ല എന്നത് അത്ഭുതമാണ്. മലയാളത്തില്‍ എന്തായാലും ഇല്ല. ബുദ്ധിസം ''നമ്മടെ'' സാധനമാണ്, അത് നാസ്തികമാണ് എന്നാണ് യുക്തിവാദികളുടെ ഇടയിലെ വിശ്വാസം. അതുകൊണ്ട് യുക്തിവാദികളും പുരോഗമനക്കാരും ബുദ്ധനോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മക്കള്‍ക്ക്‌ രാഹുല്‍, ഗൌതം, സിദ്ധാര്‍ത്ഥന്‍, മൈത്രേയന്‍ (ഇനി വരാനുള്ള ബുദ്ധന്റെ അവതാരം) എന്നൊക്കെയാണ് പേരിടുക. (വീടിനും ചിലര്‍ ഗയ എന്നൊക്കെ പേരിടും ;-))

നമ്മള്‍ ബുദ്ധനേയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളേയും അറിയുന്നത് പ്രധാനമായും രണ്ടു സ്രോതസ്സുകളില്‍ നിന്നാണ്. ബുദ്ധിജീവികളൊക്കെ അംബേദ്ക്കര്‍ ബുദ്ധനെക്കുറിച്ച് എഴുതിയത് വായിച്ചും, സാധാരണക്കാര്‍ ഓഷോ, ചില സെല്‍ഫ് ഹെല്പ് പുസ്തകങ്ങള്‍ എന്നിവകളില്‍ കൂടിയുമാണ് ബുദ്ധനെ അറിയുന്നത്. പിന്നെ യുക്തിവാദിയായ സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍ ‍(ചണ്ഡാല ഭിക്ഷുകി, കരുണ മുതലായ കാവ്യങ്ങള്‍) ഇവരെയും നമ്മുടെ സ്രോതസ്സുകളില്‍ പെടുത്താം. എന്നാല്‍ ഇങ്ങനെ ലഭിച്ച ബുദ്ധന്റെ ഈ ഇമേജില്‍ എത്രത്തോളം വാസ്തവമുണ്ട്?ശരിക്കും ഹിന്ദുമതവും ബുദ്ധമതവും തമ്മില്‍ അത്ര വ്യത്യാസമുണ്ടോ?

കഴിഞ്ഞ നൂറ്റാണ്ടില്‍ ആദ്യമായി ബുദ്ധിസ്റ്റ് കൃതികള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തത ഇംഗ്ലീഷുകാര്‍ അവര്‍ക്ക് പരിചയമുള്ള  ക്രിസ്തുമതം പോലൊന്ന് എന്ന ഇമേജാണ്  ബുദ്ധമതത്തിനു നല്കിയത്. ഒരു പക്ഷേ ക്രിസ്തുമത പ്രചാരണവും അതിന്റെ പുറകിലുണ്ടാകാം. ഇന്ത്യയില്‍ നിലവിലുള്ള ഹിന്ദു മതത്തിനു പരമാവധി വിരുദ്ധമായതും ക്രിസ്തുമതത്തിനോടു വളരെ സാമ്യമുള്ളതുമാണ് ബുദ്ധമതം എന്ന് വരുത്തുക. എങ്കില്‍ ഹിന്ദു മതതില്‍നിന്നു മാറണമെന്ന് തോന്നുന്നവര്‍ക്ക്, ബുദ്ധമതം ഇപ്പോള്‍ നശിച്ചു പോയതുകൊണ്ട് അടുത്ത മെച്ചമായ ഓപ്ഷന്‍ ക്രിസ്തുമതമാണ് എന്ന് തോന്നിപ്പിക്കുക. (ബുദ്ധ മതത്തിന്റെ പുനര്‍ജീവനത്തിനു സഹായിച്ച അന്നത്തെ വളരെ പ്രചാരമുള്ള ഒരു പുസ്തകമായിരുന്നു പോള്‍ കോറസ്സിന്റെ The gospel of Buddha (1909). (കുമാരനാശാന്‍ കരുണ എഴുതാന്‍ ആധാരമാക്കിയത് ഈ പുസ്തകമായിരുന്നു.) ആ പേര് തന്നെ നോക്കുക. അക്കാലത്തെ മറ്റു പല പുസ്തകങ്ങളും, The Buddhist catechism, A Buddhist bible, The creed of Buddha ഒക്കെ ഒരു ക്രിസ്ത്യന്‍ ഛായയാണ് ബുദ്ധമതത്തിനു നല്‍കുന്നത്. അക്കാലത്തെ പ്രശസ്തമായ മറ്റൊരു പുസ്തകമായിരുന്നു  ലക്ഷ്മി നരശുവിന്റെ The essence of Buddhism. (കുമാരനാശാന്‍ ചണ്ഡാല ഭിക്ഷുകിയുടെ കഥ സ്വീകരിക്കുന്നത് ഈ പുസ്തകത്തില്‍ നിന്നാണ്.))

അംബദ്ക്കര്‍ക്കും ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കും വേണ്ടിയിരുന്നതും ബുദ്ധമതത്തിന്റെ ഇതേ ''ആന്റി ഹിന്ദു'' മുഖം തന്നെയായിരുന്നു. എല്ലാവര്‍ക്കും  അവരുടെതായ രാഷ്ട്രീയ കോടാലികള്‍ മൂര്‍ച്ചപ്പെടുത്താനുണ്ടായിരുന്നു. All had their own political axes to grind. (അത് നമുക്ക് മനസ്സിലാക്കാം. പക്ഷേ ഈ യുക്തിവാദികള്‍ ബുദ്ധനെ പൊക്കിക്കൊണ്ട് നടക്കുന്നതെന്തിനാണ്? അതിലും കഷ്ട്ടം ബുദ്ധനെക്കുറിച്ച് അംബദ്ക്കര്‍ പോലും പറയാത്ത വാഴ്ത്തുമൊഴികള്‍ ആധുനിക അംബേദ്ക്കറിസ്റ്റുകള്‍ പറഞ്ഞു നടക്കുന്നതാണ്.) ബുദ്ധന്‍ തന്നെ പറഞ്ഞ ഉപമയിലെ പോലെ അന്ധന്‍ അന്ധനെ നയിക്കുന്ന അവസ്ഥയിലാണ് നമ്മുടെ ബുദ്ധമത പണ്ഡിതരും ചരിത്രകാരന്മാരും‍.(ഓഫ്‌ ടോപ്പിക്ക്: വളരെ പഴയൊരു ഉപമയാണിത്. കഠോപനിഷത്തിലും ഈ ഉപമയുണ്ട്. ബൈബിളില്‍ മത്തായിയുടെ സുവിശേഷം 15:14 ലും ഈ അന്ധന്‍ അന്ധനെ നയിക്കുന്ന പ്രയോഗം കാണാം.) ആരൊക്കെയോ പറഞ്ഞത് ആവര്‍ത്തിക്കുന്നു എന്നല്ലാതെ ആരും ബുദ്ധിസത്തിന്റെ ഒറിജിനല്‍ സോഴ്സ് പഠിക്കുന്നില്ല. (വിശ്വസിക്കാന്‍ ഇഷ്ട്ടമല്ലാത്തത് വല്ലതും കണ്ടു പോയാലോ എന്ന പേടിയും ഉണ്ടാകാം.)

ഈ പോസ്റ്റിന്റെ സംഗ്രഹം ഇങ്ങനെ പറയാം. ഇന്ന് നാം അറിയുന്ന ബുദ്ധന്‍/ബുദ്ധിസം എന്നത്  ബൌധ സാഹിത്യം പുറം ലോകത്തിനു പരിചയപ്പെടുത്തിയ ഇംഗ്ലീഷുകാരും, അംബേദ്ക്കറും, ഇടതുപക്ഷ ചരിത്രകാരന്മാരും ഒക്കെ ചേര്‍ന്ന് അവരരുടെ ആഗ്രഹത്തിനനുസരിച്ചു രൂപപ്പെടുത്തിയതാണ്. മറ്റേതു മതത്തെയും പോലെ പിന്തിരിപ്പനാണ്‌ ബുദ്ധമതവും. ശരിക്കും ഹിന്ദുമതങ്ങളില്‍ പെട്ട മറ്റൊരു ശാഖ മാത്രമാണ് ബുദ്ധമതം. രണ്ടും സഹോദര ചിന്താധാരകളാണ് എന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ അറിയുന്ന ബുദ്ധമതവും ഹിന്ദുമതവും പരസ്പരമുള്ള സാമ്യം പരമാവധി ന്യൂനീകരിച്ചുകൊണ്ടും പരസ്പരമുള്ള വ്യത്യാസങ്ങള്‍ പരമാവധി പര്‍വ്വതീകരിച്ചുകൊണ്ടും രണ്ടു കാരിക്കേച്ചറുകള്‍ പോലെയാണ്.

താന്‍ പുതുതായി എന്തെങ്കിലും കണ്ടു പിടിച്ചു എന്ന് ബുദ്ധന്‍ പോലും അവകാശപ്പെടുന്നില്ല. (അതൊക്കെ ഈ ബുദ്ധിജീവികളുടെ അവകാശവാദമാണ്.) മുന്‍പേ ഉണ്ടായിരുന്ന, നഷ്ടപ്പെട്ടു പോയ അറിവ് താന്‍ തിരിച്ചു കൊണ്ടുവന്നു എന്നു മാത്രമാണ് ബുദ്ധന്റെ വാദം. ഒരാള്‍ കാടുമൂടിയ ഒരു വഴിത്താര കണ്ട് അതു പിന്തുടര്‍ന്ന് കാടിന് നടുവില്‍ പണ്ടേ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നശിച്ചു പോയ  ഒരു പട്ടണം കണ്ടെത്തുകയും രാജാവിന്റെ സഹായത്തോടെ ആ പഴയ പട്ടണം അതിന്റെ എല്ലാ പ്രൌഢിയോടും കൂടി പുനര്‍നിര്‍മ്മിക്കുന്ന പോലെയാണ് തന്റെ പ്രവര്‍ത്തിയെന്ന് സംയുക്തനിഖായയിലെ നഗരസുത്തയില്‍ ബുദ്ധന്‍ പറയുന്നത്.

"It is just as if a man, traveling along a wilderness track, were to see an ancient path, an ancient road, traveled by people of former times. He would follow it. Following it, he would see an ancient city, complete with parks, groves, and ponds, walled, delightful.He would go to address the king or the king's minister, saying, 'Sire, you should know that while traveling along a wilderness track I saw an ancient path....... Sire, rebuild that city!' The king or king's minister would rebuild the city, so that at a later date the city would become powerful, rich, and well-populated, fully grown and prosperous.

"In the same way I saw an ancient path, an ancient road, traveled by the Rightly Self-awakened Ones of former times. (Samyuktha Nikhaya 12.65 Nagara sutta)


ബുദ്ധിസത്തില്‍ ആകൃഷ്ടരായി പാവപെട്ടവരും അധഃസ്ഥിതരും ബുദ്ധമതത്തിലേക്ക് തള്ളിക്കയറുകയായിരുന്നു എന്നതൊക്കെയുള്ളതും നമ്മുടെ ബുദ്ധിജീവികള്‍ ചുമ്മാ തള്ളിവിടുന്നതാണ്. ഈ അധഃസ്ഥിതര്‍ക്കൊന്നും ബുദ്ധമതത്തില്‍ കാര്യമായ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. ശരിക്കും ബുദ്ധമതം ജാതീയമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉന്നതരായവരുടെ ഒരു എക്സ്ക്ലൂസീവ് ക്ലബ് പോലെയായിരുന്നു. (അതൊക്കെ പുറകെ വിശദീകരിക്കുന്നുണ്ട്.) ബുദ്ധന്‍ പോലും തന്റെ അധ്യാപനം പണ്ഡിതര്‍ക്കു മാത്രം മനസ്സിലാകുന്നതാണ് എന്നാണ് കരുതിയിരുന്നതും.

''This Dhamma that I have attained is profound, hard to see and hard to understand, peaceful and sublime, unattainable by mere reasoning, subtle, to be experienced by the wise.'' (Manjima Nikhaya 26:1)

മിക്കവാറും അര്‍ദ്ധസത്യങ്ങളും പൂര്‍ണ്ണ അസത്യങ്ങളും കൊണ്ടുണ്ടാക്കിയതാണ് ബുദ്ധന്റെ/ ബുദ്ധമതത്തിന്റെ ഇപ്പോഴത്തെ ഇമേജ് എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അത് തെളിയിക്കാനാണ് ഞാന്‍ മെനക്കെടുന്നതും. സത്യം പറഞ്ഞാല്‍ കുറച്ചെന്തെങ്കിലുമേ വിമര്‍ശിക്കാന്‍ കാണൂ എന്നായിരുന്നു ഇതിനു തുനിഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ പോലും വിചാരിച്ചിരുന്നത്. കൂടുതല്‍ വായിച്ചു വന്നപ്പോളല്ലേ മനസ്സിലായത്‌ പിടിച്ചതിലും വലുത് അളയിലുണ്ടെന്ന്. :-) ഈ സീരീസിന്റെ പ്രകോപനം ബുദ്ധന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത 'പുരോഗമന' മുദ്രാവാക്യങ്ങള്‍ ബുദ്ധന്റെ പേരില്‍ ആരോപിക്കുന്നത് കാണുന്നതുകൊണ്ടാണ്. ഈ ഇമേജിന്  ഒരു മറുപുറവും ഉണ്ട് എന്ന് ആരെങ്കിലും പറയണ്ടെ? നമ്മള്‍ കാണുന്ന ബുദ്ധമതം ശരിക്കും ഒരു ഛായാചിത്രമല്ല, മറിച്ച് വളരെ വക്രീകരിക്കപ്പെട്ട ഒരു കാരിക്കേച്ചര്‍ ആണെന്ന്?

ഒരു ചെറിയ ഉദാഹരണം പറയാം. ബുദ്ധന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്ന ഒന്നാണ് ഈ കാണുന്നത്. ബുദ്ധന്‍ ശാസ്ത്രവാദിയായിരുന്നു എന്ന് കാണിക്കാനാണ് ഇത്. ഫേസ്ബുക്കില്‍ കാണുന്ന ഇതിന്റെ വിവിധ വേര്‍ഷനുകള്‍ ഉള്ള പോസ്റ്ററുകള്‍  ശേഖരിക്കുക ഇപ്പൊ എന്റെ ഒരു ഹോബിയാണ്. ഇംഗ്ലീഷും മലയാളവുമായി മുപ്പതിനടുത്തു പോസ്റ്ററുകള്‍ ഇപ്പൊ ഉണ്ട്. എല്ലാം യുക്തിവാദികള്‍ ഉണ്ടാക്കി വിടുന്നതും ഷെയര്‍ ചെയ്യുന്നതും. (വന്നു വന്നു ഇത് ലൈക്കോ ഷെയറോ ചെയ്യാത്തവരും ഈ വാചകങ്ങള്‍ ഒരിക്കലെങ്കിലും പ്രൊഫൈല്‍ പിക് ആക്കാത്തവരും യുക്തിവാദിയല്ല എന്ന മട്ടായിട്ടുണ്ട്. :-) ചെലരോക്കെ ''കൈയ്യീന്ന്'' ചേര്‍ത്ത് പോസ്റ്റര്‍ കൂടുതല്‍ ''ശാസ്ത്രീയമാക്കും.'' (ഈ പോസ്റ്ററില്‍ കണ്ടില്ലെ, ''ഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞതായാലും''... ആ കാലത്തു എവിടെ ഗ്രന്ഥമിരിക്കുന്നു? ആര്‍ക്കൊക്കെ എഴുത്തും വായനയും അറിയാം? )

(ഓഫ്‌ ടോപ്പിക്ക്: ....എഴുത്തും വായനയും അക്കാലത്ത് അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നില്ല. ബുദ്ധനു പോലും എഴുത്തും വായനയും അറിയാമായിരുന്നോ എന്ന് സംശയമാണ്. എഴുത്ത് അക്കാലത്ത് മറ്റു പല പണികളും പോലെ ഒരു തൊഴില്‍ മാത്രമായിരുന്നു എന്നാണ് ബൌദ്ധ കൃതികളല്‍നിന്ന് മനസ്സിലാകുന്നത്‌. താരതമ്യേനെ അപ്രധാനമായ രേഖകള്‍ക്കേ എഴുത്ത് ഉപയോഗിച്ചിരുന്നുള്ളൂ. ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ച് ശിഷ്യന്‍മാര്‍ക്ക് കൈമാറുകയായിരുന്നു പതിവ്.)

 ചെറിപിക്കിംഗിന്റെ ഏറ്റവും മനോഹരമായ ഒരു ഉദാഹരണമാണ് ബുദ്ധന്റെ ഈ ഉദ്ധരണി. (അതിന്റെ വേറൊരു യുക്തിവാദി വേര്‍ഷന്‍ കൊടുക്കുന്നു.Btw, ഇത് ബുദ്ധന്റെ അവസാനത്തെ ഉപദേശമല്ല.) ബുദ്ധന്‍ ശരിക്ക് പറഞ്ഞത് ഇതല്ല എന്നു മാത്രമല്ല ഇതിനു നേര്‍ വിപരീതം പോലുമാണ്. ഇത് കലമസുത്തയില്‍ (അംഗുത്തര നിഖായ 3.65) ഉള്ള ഭാഗമാണ് ഇത്. പല ഗുരുക്കന്മാരും പലതും പഠിപ്പിക്കുന്നുണ്ട്. പലതും പരസ്പര വിരുദ്ധവും. ഞങ്ങള്‍ ഏതു വിശ്വസിക്കണം എന്ന് കലമക്കാര്‍ ചോദിക്കുമ്പോള്‍ ബുദ്ധന്‍ പറയുന്ന മറുപടിയാണ് ഇത്. അല്ലാതെ ചര്‍ച്ച ശാസ്ത്രീയമായ ചിന്താരീതിയെക്കുറിച്ചല്ല. അത് ഒന്നാമത്തെ കാര്യം. ആ ഭാഗത്തിന്റെ കൂടുതല്‍ ശരിയായ വിവര്‍ത്തനം ഇതാണ്.

''Now, Kalamas, don't go by reports, by legends, by traditions, by scripture, by logical conjecture, by inference, by analogies, by agreement through pondering views, by probability, or by the thought, ''This contemplative is our teacher.’''When you know for yourselves that, ''These qualities are skillful; these qualities are blameless; these qualities are praised by the wise; these qualities, when adopted & carried out, lead to welfare & to happiness’''— then you should enter & remain in them.''

അത് ശരിക്ക് വായിച്ചു നോക്കുക. പലപ്പോഴും ''by logical conjecture, by inference, by analogies, by agreement through pondering views, by probability'' എന്ന ഭാഗം നമ്മുടെ യുക്തിവാദികള്‍ അങ്ങ് വിഴുങ്ങിക്കളയും. ബുദ്ധന്‍ ശരിക്കും പറയുന്നത് യുക്തിയും നിരീക്ഷണവും ഒന്നും സത്യം കണ്ടെത്താന്‍ പോര എന്നാണ്....!!!.. (അതായത് യുക്തിവാദികള്‍ പൊക്കിപ്പിടിക്കുന്ന സയന്റിഫിക് മെത്തേഡ് അല്ല സത്യം കണ്ടെത്താനുള്ള മാര്‍ഗ്ഗം, എന്നാണ് ബുദ്ധന്‍ പറയുന്നത്. ) തനിക്ക് എന്ത് ശരിയായി തോന്നുന്നോ അതാണ്‌ സ്വീകരിക്കേണ്ടത്. അതായത് വ്യക്തി അനുഭവവും പിന്നെ പ്രമാണിമാരുടെ സര്‍ട്ടിഫിക്കറ്റിനും  (praised by the wise- ഈ wise ആരാണെന്ന് ബാക്കി വായിക്കുമ്പോള്‍ മനസ്സിലാകും. താനും തന്റെ ശിഷ്യന്‍മാരും തന്നെ.) ആണ് ഏറ്റവും പരിഗണന കൊടുക്കേണ്ടത്. ബുദ്ധന്‍ നേരിട്ടുള്ള അനുഭവത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്. അതായത് ശാസ്ത്രീയ ചിന്താരീതിക്ക് നേര്‍ വിപരീതം...!!!... ബുദ്ധന്‍ ഈ വലിച്ചു നീട്ടി പറഞ്ഞത് ഇത്രേ ഉള്ളൂ. അനുഭവം ഗുരു. എന്നാല്‍ അനുഭവം ഗുരുവല്ല എന്ന് മനസ്സിലാക്കുന്നതാണ് ശാസ്ത്ര ചിന്ത. (ഇത് പ്രകാരം മൂത്ര ചികിത്സ ശരിയാണോ എന്നറിയാന്‍ മെഡിക്കല്‍ പുസ്തകങ്ങളേയോ ഡോക്ടര്‍മാരേയോ ഗവേഷകരേയോ അല്ല പ്രമാണമായി കരുതേണ്ടത്. അത് ശരിയാണെന്ന് സ്വയം അത്തരം ഒരു അനുഭവമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മൂത്ര ചികിത്സയില്‍ വിശ്വസിക്കാം. അനുഭവം ഉണ്ടെങ്കില്‍ ജ്യോതിഷത്തില്‍ വിശ്വസിക്കാം. നിക്ക്...അനുഭവണ്ടേയ്..... വേറെ തെളിവൊന്നും വേണ്ട.)
----------------------------------------------------

ബുദ്ധന്റെ ഇപ്പോള്‍ നമ്മള്‍ കാണുന്ന ഈ ഇമേജ് മിക്കവാറും അംബേദ്ക്കര്‍ ഉണ്ടാക്കിയെടുത്തതാണ്. ഹിന്ദു മതത്തിന് പറ്റിയ ഒരു ബദലാണ് ബുദ്ധമതം എന്ന് ആദ്യമേ തീരുമാനിച്ചു. എന്നിട്ട് തന്റെ  ആഗ്രഹമനുസരിച്ചുള്ള കാര്യങ്ങളൊക്കെ അതില്‍ ആരോപിച്ചു. അംബേദ്ക്കറുടെ ആ ഡ്യൂപ്ലിക്കേറ്റ് ബുദ്ധമതവും ശരിക്കുള്ള ബുദ്ധമതവുമായി കാര്യമായ സാമ്യമൊന്നുമില്ല എന്നതാണ് സത്യം. ഹിന്ദുവായി മരിക്കാതിരിക്കുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി ബുദ്ധന്റെ പേരില്‍ ഒരു ഫാന്റസി മതമുണ്ടാക്കി അതിലേക്കു ചാടി. ഈ ചാട്ടം വറചട്ടിയില്‍നിന്ന് അടുപ്പിലേക്ക്, ചുരുങ്ങിയ പക്ഷം മറ്റൊരു വറചട്ടിയിലേക്കായിരുന്നോ? (പരമ്പരാഗത ബുദ്ധമതത്തില്‍ ചേര്‍ന്നു എന്നാണ് പരസ്യമായി പറഞ്ഞെങ്കിലും തന്റേത് ബുദ്ധമതത്തിന്റെ പുതിയൊരു ശാഖയായ നവ്യയാനം ആണ് എന്നാണ്  ഒരിക്കല്‍ അംബേദ്ക്കര്‍ പറഞ്ഞത്. പണ്ട് ധര്‍മ്മപുത്രര്‍ ഒരു ആനക്ക് അശ്വത്ഥാമാവ്‌ എന്ന് പേരിട്ട പോലേ ഉള്ളൂ അത്. ചെറിയൊരു കണ്ണില്‍ പൊടിയിടല്‍.)

കല്ലേറ് തുടങ്ങുന്നതിനു മുന്‍പ് ഒരു കാര്യം കൂടി..... ഈ സീരീസിനായി ഉപയോഗിച്ച റഫറന്‍സ് പുസ്തകങ്ങളെക്കുറിച്ചാണ്. പുസ്തകങ്ങളുടെ സാമാന്യം നീണ്ട ഒരു ലിസ്റ്റ് അദ്യമേ കൊടുക്കുന്നുണ്ട്. അതായത് ഞാന്‍ ഒന്നും ചുമ്മാ തള്ളി വിടുന്നതല്ല എന്ന് കാണിക്കാന്‍. So please don't bring a knife to the gun fight. :-) ഇവയില്‍ മിക്കതും നെറ്റില്‍ ലഭ്യമാണ്. വേണ്ടവര്‍ക്ക് പരിശോധിക്കാം. എന്റെ ബ്ലോഗുകള്‍ നേരത്തെ വായിച്ചിട്ടുള്ളവര്‍ക്കറിയാം, എന്റെ ബ്ലോഗിന്റെ വിശ്വാസ്യത. എന്നുവച്ചാല്‍, വെറുതെ എന്തെങ്കിലും എഴുതിവിടുന്ന ആളല്ല ഞാന്‍ എന്ന ഒരു റെപ്യുട്ടേഷന്‍ എനിക്കുണ്ട്. എന്നെ അറിയാത്ത പുതിയ വായനക്കാര്‍ വെറുതെ 'കണകുണ' പറഞ്ഞ് എന്റെ സമയം കളയാതിരിക്കാനാണ് ഇത് ആദ്യമേ പറയുന്നത്. :-)

റഫറന്‍സുകള്‍.....

(1) ത്രിപിടകങ്ങള്‍ എന്നറിയപ്പെടുന്ന പാലി പ്രമാണങ്ങള്‍. മൂന്ന് കൂടകള്‍ അഥവാ മൂന്നു ഭാഗങ്ങളായി ഇവ തിരിച്ചിരിക്കുന്നു. ഭിക്ഷുക്കളും ഭിക്ഷുണികളും അനുസരിക്കേണ്ടുന്ന നിയമങ്ങള്‍ പ്രതിപാദിക്കുന്ന വിനയപിടകം, തത്വചിന്താപരമായ വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഭിധര്‍മ്മ പിടകം, ബുദ്ധന്റെ അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂത്രപിടകം. ഇതുതന്നെ അഞ്ചു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ബുദ്ധന്‍ ജീവിതകാലത്ത് എണ്‍പത്തിനാലായിരം പ്രഭാഷണങ്ങള്‍ ശിഷ്യര്‍ക്കായി നടത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. അതൊക്കെ അദ്ദേഹത്തിന്റെ ശിഷ്യര്‍ മനഃപ്പാഠമാക്കി അടുത്ത തലമുറയ്ക്ക് കൈമാറുകയായിരുന്നു പതിവ്. അത് പില്‍കാലത്ത് പാലി ഭാഷയില്‍ എഴുതി സൂക്ഷിക്കുകയായിരുന്നു. ഈ പാലി പ്രമാണങ്ങളാണ് ബുദ്ധന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ കാര്യങ്ങളെക്കുറിച്ച് ലഭ്യമായ ഏറ്റവും ആധികാരികമായ രേഖകള്‍. ബുദ്ധന്‍ കൃത്യമായി ഇങ്ങനെ തന്നെയാണോ പറഞ്ഞത് എന്നറിയാന്‍ ഒരു വഴിയുമില്ലെങ്കിലും ആദ്യകാല ബുദ്ധിസ്റ്റുകള്‍ അങ്ങനെ കരുതിയിരുന്നതുകൊണ്ട് നമുക്കും അത് അങ്ങനെ വിശ്വസിക്കാം. (ഒരു തരത്തില്‍ മുസ്ലീംകളുടെ ഹദീസ് പോലെ. പക്ഷേ അവയെക്കാള്‍ അനേകം മടങ്ങ്‌ ആധികാരികതയുള്ളത്. കാരണം ഇതിന്റെയൊക്കെ അംഗീകൃത ശ്രീലങ്കന്‍, ചൈനീസ്, ടിബെറ്റന്‍, തായ്, ബര്‍മ്മീസ് പരിഭാഷകള്‍ ഏകദേശം ആ കാലത്തുതന്നെ ഉണ്ടായിട്ടുണ്ട്. അതിനാല്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതോ വിട്ടുകളഞ്ഞതോ ആയ ഭാഗങ്ങള്‍ കണ്ടെത്താന്‍ എളുപ്പമാണ്.) ത്രിപിടകങ്ങള്‍ എല്ലാം കൂടി ബൈബിളിന്റെ (പഴയ നിയമവും പുതിയ നിയമവും) പന്ത്രണ്ട് ഇരട്ടിയെങ്കിലും വരും എന്നാണ് കണക്ക്. (അവയുടെ അസംഖ്യം കമന്ററികള്‍ വേറെ.)

സത്യത്തില്‍ ബുദ്ധമതം ഏകാതാനതയുള്ള ഒരൊറ്റ മതം പോലുമല്ല. (മ്മടെ ഹിന്ദു മതം പോലെതന്നെ.) ബുദ്ധന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അന്തഃചിദ്രങ്ങള്‍ തുടങ്ങി, ബുദ്ധന്‍ മരിച്ച്  അധികം താമസിയാതെതന്നെ പലതായി പിളന്നതാണ് ബുദ്ധിസം. ഒരിടക്ക് പതിനെട്ടിലധികം ബുദ്ധമത വിഭാഗങ്ങള്‍ ഉണ്ടായിട്ടുള്ളതായി പറയുന്നു. പലതും പരസ്പര വിരുദ്ധവും. എല്ലാം ബുദ്ധമതം എന്ന പേരില്‍ തന്നെ അറിയപ്പെടുന്നു. (ഇവിടെ ഹിന്ദു മതത്തില്‍ കുട്ടിച്ചാത്തന്‍ സേവ മുതല്‍ പരബ്രഹ്മം വരെ ഒതുങ്ങിക്കഴിയുന്ന പോലെ തന്നെ.) ബുദ്ധന്‍ വ്യക്തമായി നിരോധിച്ച സെക്സ് വരെ ബുദ്ധിസത്തിന്റെ ഭാഗമായിട്ടുണ്ട്‌. അതുകൊണ്ട് ഞാന്‍ മിക്കവാറും ആദ്യകാല ബുദ്ധിസത്തിലെ പാലി പ്രമാണങ്ങള്‍ മാത്രമെ ഇവിടെ ചര്‍ച്ച ചെയ്യുന്നുള്ളൂ. മഹായാനം,വജ്രയാനം തന്ത്രയാനം മുതലായവയൊന്നും മിക്കവാറും ചര്‍ച്ച ചെയ്യുന്നില്ല. ('യഥാര്‍ത്ഥ' ബുദ്ധിസം ഇതല്ല, ഇത് മായം കലര്‍ത്തിയതാണ് എന്ന മതവിശ്വാസികളുടെ സ്ഥിരം വാദവുമായി ബുദ്ധനെ കരളിന്റെ കഷ്ണമായി കരുതുന്ന ബുദ്ധിജീവികള്‍ (ചില യുക്തിവാദികളും) വരാന്‍ സാധ്യത കാണുന്നുണ്ട്. അപ്പോള്‍ വിഷയം കഴിയുന്നതും പാലി പ്രമാണങ്ങളില്‍ നിര്‍ത്തിയാല്‍ വെറുതെ കാടും പടലും തല്ലിയുള്ള 'ചര്‍ച്ച' ഒഴിവാക്കാമല്ലോ.)

(2) ലളിതവിസ്താരസൂത്രം: ബുദ്ധന്റെ ജനനം മുതല്‍ ബോധോദയം വരെയുള്ള കാര്യങ്ങള്‍ വിവരിക്കുന്ന സംസ്കൃതത്തിലുള്ള ബുദ്ധ ഗ്രന്ഥമാണ് ലളിതവിസ്താരസൂത്രം. മുഴുവന്‍ പേര് ആര്യ ലളിതവിസ്താരനാമമഹായാനസൂത്രം.The Noble Great Vehicle sutra ''The Play in Full'' എന്ന് ഇംഗ്ലീഷില്‍ പറയാം. ബുദ്ധന്റെ ലീലകളുടെ വിസ്തരിച്ചുള്ള കഥയാണ് ഇത് പറയുന്നത്. (അവതാരങ്ങള്‍ ദൈവത്തിന്റെ ലീലയാണ് എന്ന ഹിന്ദു കോണ്‍സെപ്റ്റ് തന്നെയാണ് ഇവിടെയും.) ഒന്നാം നൂറ്റാണ്ടിലേത്‌ എന്ന് കരുതുന്ന പുസ്തകത്തിന്റെ പരിഭാഷ ചൈനീസ്, നേപ്പാളീസ് ഭാഷകളിലൊക്കെ ഉണ്ട്. നമ്മളൊക്കെ ധാരാളം കേട്ടിട്ടുള്ളതും സ്കൂളില്‍ പഠിച്ചിട്ടുള്ളതുമായ പല ബുദ്ധകഥകളും ഈ പുസ്തകത്തില്‍ നിന്നാണ്. ആശ്വഘോഷന്റെ ബുദ്ധചരിതം, എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ  ഒക്കെ പ്രധാനമായും ലളിതവിസ്താരസൂത്രത്തെ ആധാരമാക്കിയാണ് എഴുതപ്പെട്ടിട്ടുള്ളത്.

(3) ദിവ്യാവദാന: അവദാന (അപദാനങ്ങള്‍ ) എന്ന പേരില്‍ അറിയപ്പെടുന്ന ബുദ്ധകഥകളുടെ സമാഹാരം. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്ന് സാമാന്യമായി പറയാം. (പല കാലത്തായി പലരും എഴുതിയ കഥകളുടെ സമാഹാരമാണ് ഇത് .) മലയാളികള്‍ക്ക് സുപരിചിതമായ പ്രസിദ്ധമായ ചണ്ഡാലഭിക്ഷുകിയുടെ കഥ (ശാര്‍ദ്ദൂലകര്‍ണ്ണാവദാന) ഇതിലാണുള്ളത്. ഇതിലെ മറ്റൊരു പ്രശസ്ത  അവദാനയാണ്  അശോകാവദാന. അശോക ചക്രവര്‍ത്തിയുടെ അപദാനങ്ങള്‍ വിവരിക്കുന്ന ഇതിലാണ് നമ്മുടെ ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ക്കും ദളിറ്റ് ആക്ടിവിസ്റ്റുകള്‍ക്കും യുക്തിവാദികള്‍ക്കും എത്ര പറഞ്ഞാലും മതിവരാത്ത, ''ബ്രാഹ്മണനായ പുഷ്യമിത്രന്‍ പാവം ബുദ്ധഭിക്ഷുക്കളെ കൂട്ടക്കൊല ചെയ്തത്'' വിവരിച്ചിട്ടുള്ളത്. (ആ കഥയുടെ സത്യാവസ്ഥ നമ്മള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.)

(4) ജാതക കഥകള്‍: ബുദ്ധന്റെ പൂര്‍വ്വ ജന്മത്തിലെ കഥകള്‍ വിവരിക്കുന്ന പുസ്തകം. തൃപിടകങ്ങളിലെ സുതപിടകത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. ജാതക കഥകള്‍ പ്രാചീന ഭാരതീയരുടെ ജീവിതരീതികളിലേക്ക് വെളിച്ചം വീശുന്നു.

(5) വജ്രസൂചി: ജാതി വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് ഒന്നാം നൂറ്റാണ്ടില്‍ എഴുതിയത് എന്ന് കരുതപ്പെടുന്ന ഒരു പുസ്തകം. ബുദ്ധമതാനുയായിയായ ആശ്വഘോഷന്‍ (ബുദ്ധചരിതം എഴുതിയ ആള്‍) എഴുതുയതായിരിക്കാം ഇതെന്ന് കരുതുന്നു.ഇതേ പുസ്തകത്തിന്റെ മറ്റൊരു വേര്‍ഷന്‍ വജ്രസൂചികോപനിഷത്ത് എന്നപേരില്‍ ഹിന്ദുക്കളുടെ നൂറ്റിയെട്ട് ഉപനിഷത്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു കൂട്ടരും അംഗീകരിച്ച പുസ്തകം എന്നതാണ് ഇതിന്റെ പ്രത്യേകത.

(6) മിലിന്ദ പ്രശ്ന: ഒന്നാം നൂറ്റാണ്ടിലെ ഒരു ബുദ്ധ ഗ്രന്ഥം. ഇന്‍ഡോ ഗ്രീക്ക് രാജാവായിരുന്ന മിനാന്‍ഡറും ഒരു ബുദ്ധ സന്യാസിയായ നാഗസേനയും തമ്മിലുള്ള ബുദ്ധമതത്തേക്കുറിച്ചുള്ള സംഭാഷണമാണ് ഇത്. മിനാന്‍ഡറുടെ 304 ചോദ്യങ്ങളും അവയ്ക്ക് നാഗസേനയുടെ ഉത്തരങ്ങളുമാണ് വിവരിക്കുന്നത്. ബുദ്ധമതത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട് എന്നതാണ് ഇതിന്റെ പ്രസക്തി. ബുദ്ധചിന്തകളുടെ ഉപനിഷത്ത് സ്വാധീനം ഇതില്‍ വ്യക്തമായി കാണാം.

(7) ധര്‍മ്മപദം: ബുദ്ധമതത്തിന്റെ ഗീത എന്ന് പറയാവുന്ന പുസ്തകം.

(8) മഹാവാസ്തു: ബുദ്ധകഥകളും ബുദ്ധിസത്തിന്റെ ചരിത്രവും പ്രതിപാദിക്കുന്ന ഈ പുസ്തകം BC രണ്ടാം നൂറ്റാണ്ടിനും AD നാലാം നൂറ്റാണ്ടിലും ഇടയില്‍ എഴുതിയതായി കരുതപ്പെടുന്നു.

(9) ബുദ്ധചരിതം : ശാക്യമുനി ബുദ്ധന്റെ ജനനം മുതല്‍ പരിനിര്‍വ്വാണം വരെ വിവരിക്കുന്ന ജീവചരിത്രം. അശ്വഘോഷന്‍ എഴുതിയ ഈ ഗ്രന്ഥം ഒന്നാം നൂറ്റാണ്ടിലേത്‌ എന്നു കരുതുന്നു.

മറ്റു സഹായ ഗ്രന്ഥങ്ങള്‍:......

(1) Buddhist India by T.W. Rhys Davids

(2) Introduction to the history of Indian Buddhism by Eugene Burnouf

(3)  The historical Buddha-the times life and teachings of the founder of Buddhism by H.W. Schumann

(4) Sanskrit Buddhist literature of Nepal by Rajendralala Mithra

(5) A History of Indian Buddhism- from sakyamuni to early Mahayana by Hirakawa akira, translated and Edited by Paul Groner

(6) Buddhism in India- challenging Brahmanism and caste by Gail Omvedt

(7) Taranatha's History of Buddhism in India Translated from Tibetan by Lama. Chimpa, Alaka.Chattopadhyaya

(8) A history of Buddhist philosophy- Continuities and Discontinuities by David J. Kalupahana

(9) Buddhist Warfare- Edited by michael jerryson and mark juergensmeyer

(10) The essence of Buddhism by P. Lakshmi Narasu

(11)  The gospel of Buddha by Paul Carus

(12) Discovery of India by Jaweharlal Nehru

(13) The Anthropology of eastern religions-Ideas, organizations, and constituencies by Murray J. Leaf

(14) Vajrasuci of Asvaghosha and the concept of varna-jathi through the ages by Ramesh Bharadwaj

(15) India as reflected in the Divyavadana by Kalpana Upreti

ബുദ്ധന്റേയും അദ്ദേഹം ജീവിച്ച കാലഘട്ടത്തെയും കുറിച്ച് ഒരു ആമുഖമാകാം എന്ന് തോന്നുന്നു. ബുദ്ധന്റെ ജീവിതകാലം ഏറ്റവും പുതിയ പഠനങ്ങളില്‍നിന്നു 563-483 BC എന്നാണ് കരുതുന്നത്. എല്ലാവര്‍ക്കും അറിയുന്നപോലെ ക്ഷത്രിയരായ ശാക്യന്‍മാരുടെ വംശത്തിലെ രാജാവായ ശുദ്ധോധനന്റെയും മായാദേവിയുടെയും മകനായ സിദ്ധാര്‍ത്ഥനാണ് ഗൌധമ ബുദ്ധന്‍ (ഗൌധമ ഗോത്രത്തില്‍ ജനിച്ചതുകൊണ്ട്) ശാക്യമുനി (ശാക്യവംശത്തില്‍ ജനിച്ചതുകൊണ്ട്) തഥാഗതന്‍ (അപ്രകാരം വന്നവന്‍, അപ്രകാരം പുറപ്പെട്ടു പോയവന്‍) എന്നൊക്കെ അറിയപ്പെടുന്ന നമ്മുടെ കഥാപാത്രമായ ബുദ്ധന്‍. ബുദ്ധന്‍ എന്നാല്‍ ഉണര്‍ന്നവന്‍ എന്നര്‍ത്ഥം. 

ഇപ്പോഴത്തെ ഇന്ത്യയുടെയും നേപ്പാളിന്റേയും ഇടയില്‍ കിടക്കുന്ന ഒരു ചെറിയ രാജ്യമായിരുന്നു കപിലവാസ്തു. (കപിലവാസ്തു എന്നാല്‍ കപിലമുനിയുടെ ആസ്ഥാനം എന്നര്‍ത്ഥം. നാട്ടുകാരനായ സാംഖ്യ ആചാര്യന്‍ കപിലമുനി ബുദ്ധനെ നന്നായി സ്വാധീനിച്ചിരിക്കണം. ബുദ്ധധര്‍മ്മം ശരിക്കും സാംഖ്യമാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.) ക്ഷത്രീയരായ ശാക്യന്മാരുടെ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായിരുന്നു കപിലവാസ്തു. അവിടത്തെ രാജാവായിരുന്നു ശുദ്ധോധനന്‍. കൃഷിയാണ് പ്രധാന തൊഴില്‍. (ശുദ്ധോധനന്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ നന്നായി നെല്‍കൃഷി നടത്തുന്നവന്‍ എന്നാണ്.) ജനസംഖ്യയുടെ 75 ശതമാനവും, ബ്രാഹ്മണരും ക്ഷത്രീയരും അടക്കം കൃഷി ചെയ്താണ് ജീവിച്ചിരുന്നത്. യാഗമൊക്കെ സത്യത്തില്‍ ബ്രാഹ്മണരില്‍ ഒരു  ന്യൂനപക്ഷത്തിന്റെ മാത്രം തൊഴിലായിരുന്നു. (കൃഷിപ്പണി ചെയ്യതു ജീവിക്കുന്ന ബ്രാഹ്മണരെ ബൌദ്ധ സാഹിത്യത്തില്‍ ഇഷ്ട്ടം പോലെ കാണാം. ഉദാഹരണം-സംയുക്ത നികായ 7:2.1)

ശുദ്ധോധനന്‍ തിരഞ്ഞെടുക്കപ്പെട്ട രാജാവായിരുന്നു. ഊഴമിട്ട് ഓരോരുത്തര്‍ രാജാവാകുന്നതായിരുന്നു ശാക്യന്മാരുടെ ഇടയിലെ രീതി. (ശാക്യന്മാരെല്ലാം രാജ എന്നാണ് അറിയപ്പെടുന്നത്.) രാജപദവി പാരമ്പര്യമായി കൈമാറുന്നതല്ല. രാജാവ് കൂടുതല്‍ വലിയ ഒരു മഹാരാജാവിന്റെ കീഴിലാണ്. (നമ്മുടെ സംസ്ഥാനങ്ങളും കേന്ദ്രവും പോലെ) ഈ ചെറിയ രാജ്യങ്ങളും ചുറ്റുമുള്ള ആദിവാസി ഗോത്രങ്ങളും ചേര്‍ന്ന് മഹാജനപദങ്ങള്‍ ഇങ്ങനെയായിരുന്നു രീതി. അക്കാലത്ത് പതിനാറു ജനപദങ്ങള്‍ ഉണ്ടായിരുന്നു എന്ന് ബുദ്ധിസ്റ്റ് രേഖകളില്‍ കാണാം. ശാക്യന്മാരുടെ രാജ്യം ഉള്‍പ്പെടുന്ന മഹാജനപഥം കോസലമായിരുന്നു. ബുദ്ധന്റെ കാലത്ത് പസേനദി (പ്രസേനജിത്ത് ) ആയിരുന്നു രാജ്യം കോസലം ഭരിച്ചിരുന്നത്. (പില്‍കാലത്ത് ബുദ്ധന്റെ ജീവിത കാലത്തുതന്നെ ശാക്യന്മാരുടെ രാജ്യം അവരുടെ അര്‍ദ്ധസ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ട് പൂര്‍ണ്ണമായും കോസലത്തിന്റെ കീഴിലായി.)

ശാക്യന്മാരുടേത് തിരഞ്ഞെടുക്കപ്പെടുന്ന രാജാവ് എന്ന രീതിയായിരുന്നതുകൊണ്ട്, സിദ്ധാര്‍ത്ഥനെ രാജകുമാരന്‍ എന്ന് വിളിക്കുന്നതു സത്യത്തില്‍ ശരിയല്ല. ശുദ്ധോധനനു ശേഷം സിദ്ധാര്‍ത്ഥന്‍ രാജാവാകണമെന്നില്ല. ''ലോകത്ത് അഹിംസയും സമാധാനവും പുലരാന്‍ കിരീടം ഉപേഷിച്ച ശ്രീബുദ്ധന്‍'' എന്നതൊക്കെ ബുദ്ധന്റെ പദവി ഉയര്‍ത്താന്‍ പില്‍ക്കാലത്തുണ്ടായ കഥകളാണ്. എന്തായാലും സിദ്ധാര്‍ത്ഥന്‍ അത്ര ക്ഷത്രിയവീര്യമൊന്നും ഉള്ള ആളായിരുന്നില്ല. അല്‍പ്പം ആത്മീയ ചായ് വൊക്കെ ചെറുപ്പം മുതല്‍ തന്നെ കാണിച്ചിരുന്ന ആള്‍. സമപ്രായക്കാരായ മറ്റു ശാക്യ യുവാക്കള്‍ക്കൊന്നും സിദ്ധാര്‍ത്ഥനെ ഒരു മതിപ്പും ഇല്ലായിരുന്നു എന്ന് ലളിതവിസ്താരത്തില്‍ ഒരിടത്തു കാണാം. വിവാഹിതനാകാന്‍ ഭാവി അമ്മയിയച്ഛന്റെ മുന്നില്‍ മത്സരപരീക്ഷ പാസായി യോഗ്യത തെളിയിക്കേണ്ടി വേണ്ടി വന്നു സിദ്ധാര്‍ത്ഥന്. (ശുദ്ധോദനന്റെ സഹോദരിയുടെ മകളെയാണ് വിവാഹം ആലോചിച്ചത്, എന്നിട്ടും.) രാമായണത്തിലും മറ്റും കാണുന്നപോലെ ആര്‍ക്കും കുലക്കാനാവാത്ത ഒരു വില്ല് കുലച്ചാണ് സിദ്ധാര്‍ത്ഥന്‍ ഭാവി അമായിയച്ഛനു മുന്നില്‍ തന്റെ ക്ഷത്രീയ വീര്യം പ്രകടിപ്പിച്ചത് എന്ന് ലളിതവിസ്താരം പറയുന്നു.

അക്കാലത്തും രാജ്യങ്ങളും റിപ്പബ്ലിക്കുകളും ഗോത്രങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണ്. കൃഷിക്കുള്ള വെള്ളം എടുക്കുന്ന കാര്യത്തില്‍, കാലി മേയ്ക്കാനുള്ള പുല്‍മേടുകളുടെ മേലുള്ള അവകാശത്തിന്റെ കാര്യത്തില്‍ ഒക്കെ. പൊതുവേ തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കുമെങ്കിലും പലപ്പോഴും യുദ്ധം വേണ്ടി വരും. യുദ്ധം പക്ഷേ രാജാവിന്റെ പണിയല്ല. അതിനുള്ള അധികാരം മഹാരാജാവിനാണ്. സേനാപതി മഹാരാജാവിന്റെ കീഴിലാണ്, രാജാവിന്റെ കീഴിലല്ല. (സേനാപതിയും രാജാവും ചേര്‍ന്ന് മഹാരാജാവിന് എതിരെ പ്രവര്‍ത്തിക്കാതിരിക്കാന്‍  ഈ മാര്‍ഗ്ഗം ഉപകരിക്കും. നമ്മുടെ പ്രധാനമന്ത്രിയും സര്‍വ്വ സൈന്യാധിപനായ ഒരു രാഷ്ട്രപതിയും പോലെ.) അതുപോലെ രാജാവിന് വധശിക്ഷ വിധിക്കാനുള്ള അധികാരമില്ല. അതും മഹാരാജാവിന്റെ അധികാര പരിധിയില്‍ പെട്ടതാണ്. രാജാവിന്റെ പണി ജനങ്ങളില്‍ നിന്ന് നികുതി പിരിക്കുക, നിശ്ചിത നികുതി മഹാരാജാവിനു നല്‍കുക. റോഡുകളും പാര്‍ക്കുകളും അണക്കെട്ടുകളും പണിയുക, കിണറുകളും കുളങ്ങളും കുഴിക്കുക. (രാജാക്കന്മാരുടെ ഭരണ പരിഷ്ക്കാരങ്ങള്‍ എന്ന് നമ്മള്‍ പണ്ട് സ്കൂളില്‍ പഠിച്ച കാര്യങ്ങള്‍) കൂട്ടത്തില്‍ പറയട്ടെ എല്ലാ മതങ്ങളും ചെയ്യുന്നപോലെ തന്നെ, നാട്ടുനടപ്പുള്ള നല്ല കാര്യങ്ങള്‍ ബുദ്ധനും തന്റെ അക്കൌണ്ടിലാക്കി. ബുദ്ധന്‍ അവയൊക്കെ നല്ല പുനര്‍ജ്ജന്മം ലഭിക്കുന്നത്തിനുള്ള ക്രെഡിറ്റ്‌ പോയിന്റുകള്‍ കിട്ടുന്ന പുണ്യകൃത്യങ്ങളാക്കി മാറ്റി.

''Those who set up a park or grove,
The people who construct a bridge,
A place to drink and a well,
Those who give a residence,
For them merit always increases,
Both by day and by night.'' (Samyuktha Nikaya-1:47)


രാജാവിന്റെ തീരുമാനങ്ങള്‍ ഒരു സഭയുടെ (ഗണസംഘം ) നിയന്ത്രണത്തിലായിരുന്നു. സഭയിലെ അംഗങ്ങളും ക്ഷത്രിയര്‍ മാത്രം. എന്നാലും മറ്റുള്ളവര്‍ക്ക് ചര്‍ച്ചകള്‍ കാണുന്നതിനു വിലക്കില്ല. അഭിപ്രായം പറയാനുള്ള അവകാശം ക്ഷത്രിയ പുരുഷന്മാര്‍ക്ക് മാത്രം. അഭിപ്രായ വ്യത്യാസം വന്നാല്‍ വോട്ടിനിടുന്ന രീതിയൊന്നുമില്ല. എതിരഭിപ്രായക്കാര്‍ ഒന്നുകില്‍ കാര്യം മനസ്സിലാക്കി യോജിക്കുന്നതു വരെ അല്ലെങ്കില്‍ മിണ്ടാട്ടം മുട്ടി, അല്ലെങ്കില്‍ മടുത്തു പിന്മാറുന്നതുവരെ (മൌനം സമ്മതം) ഈ വാക്കുതര്‍ക്കം തുടരും. ഈ രീതിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ നല്ല വാക്ക്സാമര്‍ത്ഥ്യവും ചര്‍ച്ച താനുദ്ദേശിക്കുന്നിടത്തേക്ക് തിരിച്ചുവിടാനും പെട്ടെന്ന് ഉരുളക്ക് ഉപ്പേരി മറുപടി കൊടുക്കാനുള്ള കഴിവും അത്യാവശ്യം. നമ്മുടെ ടി.വി. ചര്‍ച്ചകള്‍ പോലെ. :-) ഈ യോഗങ്ങളില്‍ അച്ഛനെ സഹായിച്ചും ചര്‍ച്ചകളില്‍ പങ്കെടുത്തുമുള്ള പരിചയം സിദ്ധാര്‍ത്ഥനെ പില്‍ക്കാലത്ത്‌ ബുദ്ധനായപ്പോള്‍ വളരെ സഹായിച്ചിരിക്കണം. ബുദ്ധന്‍ നല്ലൊരു താര്‍ക്കികനായാണ് അറിയപ്പെട്ടിരുന്നത്. ദീര്‍ഘതപസ്സ് എന്നൊരു ജൈന സന്യാസി ബുദ്ധനുമായി വാദപ്രതിവാദം നടത്തിയ ശേഷം തന്റെ ഗുരുവായ മഹാവീരന് റിപ്പോര്‍ട്ട്‌ കൊടുക്കുന്നത് ഇപ്രകാരമാണ്.

''The samana Goutama is tricky,he knows the enticing (or converting) trick by which he draws in the disciples of other schools.'' (Manjima nikhaya 56;1)

മറ്റൊരിക്കല്‍ ഒരു ജൈന വിശ്വാസിയുമായുള്ള പൊരിഞ്ഞ വാക്കുതര്‍ക്കത്തിനു ശേഷവും ബുദ്ധന്റെ വെളുത്ത നിറം മാറിയില്ല എന്നൊരു പ്രസ്താവന കാണാം (മഞ്ജിമ നിഖായ 36.49). ബുദ്ധന്‍ നല്ല വെളുത്ത ആളായിരുന്നു എന്നതിനും ചര്‍ച്ചകളില്‍ വെറുതെ ഒച്ച വച്ച് ബ്ലഡ്‌ പ്രഷര്‍ കൂട്ടുന്ന ആളുമായിരുന്നില്ല എന്നതിനും തെളിവ്. :-))

(പില്‍കാലത്ത് തന്റെ അനുയായി സമൂഹത്തെ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള ഈ ഗണസംഘത്തിന്റെ രീതിയിലാണ് ചിട്ടപ്പെടുത്തിയത്. അവരുടെ പേരും 'സംഘം' എന്നുതന്നെ. പക്ഷേ വ്യക്തമായ ഒരു നേതാവോ ചര്‍ച്ച നിയന്ത്രിക്കാനുള്ള ആളോ ഇല്ലാത്ത ഈ രീതി കാരണം ബുദ്ധന്റെ ജീവിതകാലത്തുതന്നെ സംഘത്തില്‍ പരസ്പരം അടി തുടങ്ങിയിരുന്നു.)

ബുദ്ധന്റെ പിതാവായ ശുദ്ധോധനന്‍ നല്ല സമ്പന്നനായ രാജാവായിരുന്നു. ശൈത്യ കാലത്തും, വേനല്‍ കാലത്തും ശരത്കാലത്തും മാറി മാറി താമസിക്കാന്‍ തനിക്ക് മൂന്ന് കൊട്ടാരങ്ങളും അവയിലൊക്കെ വിനോദത്തിനായി സ്ത്രീകളും ഉണ്ടായിരുന്നതായും, കാശിയില്‍ നെയ്ത വിശേഷപ്പെട്ട പട്ടു വസ്ത്രങ്ങള്‍ മാത്രമെ ഉപയോഗിച്ചിരുന്നുള്ളു എന്നും ബുദ്ധന്‍ തന്നെ പറയുന്നുണ്ട്. (രണ്ടായിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷവും കാശിയിലെ ബനാറസ്‌ പട്ട് പ്രസിദ്ധമായി തുടരുന്നു. ഒബാമയുടെ പത്നി മിഷേലിന് നരേന്ദ്ര മോഡി സമ്മാനം കൊടുക്കുന്നത് വിശേഷപ്പെട്ട ഈ പട്ടു തന്നെയാണ്.  :-)) മറ്റുള്ള ആളുകളുടെ വീടുകളില്‍ അടിമകള്‍ക്കും ജോലിക്കാര്‍ക്കും നുറുങ്ങിയ അരിയും പുളിച്ച കഞ്ഞിയും കൊടുക്കുമ്പോള്‍ ശുദ്ധോധനന്റെ  വീട്ടില്‍ അടിമകള്‍ക്കു പോലും പൊട്ടാത്ത അരിയും, മാംസവും വരെ ഭക്ഷണമായി കൊടുത്തിരുന്നു.

''I used no sandal wood unless it came from Kasi and my headdress, jacket, lower garment, and upper garment were made of cloth from Kasi. By day and by night a white canopy was held over me so that cold and heat, dust, grass, and dew would not settle on me.

I had three mansions: one for the winter, one for the summer, and one for the rainy season.I spent the four months of the rains in the rainy-season mansion, being entertained by musicians, none of whom were male, and I did not leave the mansion.

While in other people's homes slaves, workers, and servants are given broken rice together with sour gruel for their meals, in my father's residence they were given choice hill rice, meat, and boiled rice.''(Ankuttara Nikaya 3:39)


അങ്ങനെ ശുദ്ധോദന രാജാവിന്റെ കൊട്ടാരത്തിലെ സുഖസൌകര്യങ്ങളെല്ലാം ഉപേക്ഷിച്ച് അക്കാലത്ത് നിലവിലുള്ള അനേകം വേദവിരുദ്ധ പ്രസ്ഥാനങ്ങളില്‍, അഥവാ ശ്രമണ കള്‍ട്ടുകളില്‍ (പലരും കരുതുന്നപോലെ ബുദ്ധിസം മാത്രമൊന്നുമല്ല അക്കാലത്ത് വേദവിരുദ്ധമായി ഉണ്ടായിരുന്നത്.) ‍ആകൃഷ്ടനായി തന്റെ ഇരുപത്തൊന്‍പതാം വയസ്സില്‍ സിദ്ധാര്‍ത്ഥന്‍ പുറപ്പെട്ടു പോകുന്നു..... ശേഷം കഥ തുടരും.


പോസ്റ്റിന്റെ രണ്ടാം ഭാഗം......


-

16 അഭിപ്രായങ്ങൾ:

ജഗദീശ് പറഞ്ഞു...

വളരെ നന്ദി സുഹൃത്തേ.
മുമ്പ് എഴുതിയ ചില ലേഖനങ്ങള്‍ക്ക് ആധികാരികതയായി താങ്കളുടെ ലേഖനത്തിന്റെ ലിങ്ക് കൊടുക്കുന്നു. അല്‍പ്പം സമയം കണ്ടെത്തി ലേഖനങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് അപേക്ഷിക്കുന്നു.

pratheesh പറഞ്ഞു...

Highly informative. Waiting for the next one

Mridhul Sivadas പറഞ്ഞു...

ഓഷോയെ വായിച്ച്‌ ബുദ്ധനെ അറിഞ്ഞ്‌ 'ബുദ്ധിജീവി'യായ എന്റെ പഴയ ബ്ലോഗ്‌. :) http://bodhisatthva.blogspot.in/

ajith പറഞ്ഞു...

എന്നെ സംബന്ധിച്ചിടത്തോളം മതം മനുഷ്യമനസ്സിനെ മയക്കുന്ന കറപ്പ് ആണ്. ഇപ്പോഴും!!

മാനവന്‍ പറഞ്ഞു...

Thanks

Vinod പറഞ്ഞു...

നല്ല ലേഖനം, ആകർഷകമായ വിവരണരീതി, ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു , നന്ദി.

യാത്രികന്‍ പറഞ്ഞു...

cool

മൂപ്പന്‍ പറഞ്ഞു...

ബാക്കി പോരട്ടെ. കാത്തിരിക്കുന്നു

Biju G Nath പറഞ്ഞു...

വേറിട്ടൊരു ബുദ്ധ വായന വളരെ താല്പര്യം തോന്നിപ്പിക്കുന്നു . ആശംസകള്‍ ബ്രൈറ്റ് കൂടുതല്‍ അറിവുകളിലേക്ക് സഞ്ചരിക്കാന്‍ സഹായകം ആകുന്നതില്‍

Baiju Elikkattoor പറഞ്ഞു...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ബുദ്ധനെ അടുത്തറിയാനുള്ള ഈ ഉദ്യമം താല്‍പര്യമുണര്‍ത്തുന്നു. തുടരുക.

nilamburan പറഞ്ഞു...

ഇന്ത്യയിലെ രണ്ടു പ്രബലമതങ്ങളായ ബുദ്ധമതവും ജൈനമതവും താത്വികമായി തീര്‍ത്തും ദൈവരഹിതമാണെന്നറിയുക.

മിഥുന പറഞ്ഞു...

What is your opinion on speculations that Bhagavad Gita is not a part of the original version of Mahabharata and it was inspired from Buddhist sutras?

അജ്ഞാതന്‍ പറഞ്ഞു...

A suggestion: God as Political Philosopher: Buddha's Challenge to Brahminism - kancha Illaia

bright പറഞ്ഞു...

The problem is there wasn't much of a challenge.:-)

Rajeev G പറഞ്ഞു...

<<"It is just as if a man, traveling along a wilderness track, were to see an ancient path, an ancient road, traveled by people of former times. He would follow it. Following it, he would see an ancient city, complete with parks, groves, and ponds, walled, delightful.He would go to address the king or the king's minister, saying, 'Sire, you should know that while traveling along a wilderness track I saw an ancient path....... Sire, rebuild that city!' The king or king's minister would rebuild the city, so that at a later date the city would become powerful, rich, and well-populated, fully grown and prosperous.

"In the same way I saw an ancient path, an ancient road, traveled by the Rightly Self-awakened Ones of former times. (Samyuktha Nikhaya 12.65 Nagara sutta)

ബുദ്ധിസത്തില്‍ ആകൃഷ്ടരായി പാവപെട്ടവരും അധഃസ്ഥിതരും ബുദ്ധമതത്തിലേക്ക് തള്ളിക്കയറുകയായിരുന്നു എന്നതൊക്കെയുള്ളതും നമ്മുടെ ബുദ്ധിജീവികള്‍ ചുമ്മാ തള്ളിവിടുന്നതാണ്. ഈ അധഃസ്ഥിതര്‍ക്കൊന്നും ബുദ്ധമതത്തില്‍ കാര്യമായ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. ശരിക്കും ബുദ്ധമതം ജാതീയമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉന്നതരായവരുടെ ഒരു എക്സ്ക്ലൂസീവ് ക്ലബ് പോലെയായിരുന്നു. (അതൊക്കെ പുറകെ വിശദീകരിക്കുന്നുണ്ട്.) ബുദ്ധന്‍ പോലും തന്റെ അധ്യാപനം പണ്ഡിതര്‍ക്കു മാത്രം മനസ്സിലാകുന്നതാണ് എന്നാണ് കരുതിയിരുന്നതും.

''This Dhamma that I have attained is profound, hard to see and hard to understand, peaceful and sublime, unattainable by mere reasoning, subtle, to be experienced by the wise.'' (Manjima Nikhaya 26:1)>>

I refute your above points...please read this link http://www.accesstoinsight.org/tipitaka/kn/snp/snp.1.07.piya.html

LinkWithin

Related Posts with Thumbnails