2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

ക്ഷത്രീയാഭിമാനിയായ ബുദ്ധന്‍


ഈ പോസ്റ്റിന്റെ ആദ്യ ഭാഗങ്ങള്‍......

ബുദ്ധനെ കല്ലെറിയുന്നു.......       ബുദ്ധനെ കല്ലെറിയുന്നു..... (2) 

നമ്മുടെ ബുദ്ധിജീവികള്‍ ബുദ്ധനെ കടുത്ത ബ്രാഹ്മണ വിരോധിയായ, നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി പട പൊരുതിയ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവായാണ് അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ബുദ്ധന്‍ ഒരു സാമൂഹ്യപരിഷ്ക്കര്‍ത്താവോ ജാതി വര്‍ണ്ണ നിര്‍മ്മാര്‍ജ്ജകനോ പാവങ്ങള്‍ക്ക് വേണ്ടി പൊരുതിയവനോ ഒന്നും ആയിരുന്നില്ല. അവരെ രക്ഷിക്കാന്‍ തന്റെ സ്വാധീനം ഒരിക്കലും ബുദ്ധന്‍ ഉപയോഗിച്ചിട്ടില്ല. അതിനു തെളിവുമില്ല. അങ്ങനെയൊക്കെയുള്ളൊരു ബുദ്ധന്‍ എന്നത് അംബേദ്ക്കറേപ്പോലുള്ളവരുടെ വെറും ആഗ്രഹചിന്ത മാത്രമായിരുന്നു. ശരിക്കും ബുദ്ധന്‍ എങ്ങിനെയുള്ള ആളായിരുന്നു എന്ന് നമുക്ക് ബുദ്ധിസ്റ്റ് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ നോക്കാം. ത്രിപിടകത്തില്‍ വര്‍ണ്ണവ്യവസ്ഥയെയും ജാതികളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന നിരവധി ഭാഗങ്ങളുണ്ട്. ദിഗ്ഗ നിഖായയിലെ അംബത്ത സുത്ത അതിലൊന്നാണ്. 

അംബത്ത സുത്തയിലെ കഥ ഇപ്രകാരമാണ്. പൊക്കാറസതി എന്ന ബ്രാഹ്മണന്‍ ബുദ്ധനെക്കുറിച്ച് കേട്ടറിഞ്ഞ് വളരെ മതിപ്പ് തോന്നി, കാര്യങ്ങള്‍ അന്വേഷിച്ചു വരാന്‍ തന്റെ ശിഷ്യനായ അംബത്ത മാനവനെ ബുദ്ധന്റെ അടുത്തേക്ക് അയക്കുന്നു. (അംബത്ത എന്നത് ഗോത്രനാമമാണ്. മാനവന്‍ എന്നാല്‍ ബ്രാഹ്മണ ബാലന്‍ എന്നര്‍ത്ഥം.) അംബത്തന്‍ ചെറുപ്പത്തില്‍ തന്നെ മൂന്ന് വേദങ്ങളും (Aside point:.... അന്ന് നാല് വേദങ്ങള്‍ ഇല്ലായിരുന്നു? തൃപിടകങ്ങളില്‍ എല്ലായിടത്തും വേദങ്ങള്‍ മൂന്നാണ്. എന്നാല്‍ മിലിന്ദ പ്രശ്നം പോലുള്ള പില്‍കാല ഗ്രന്ഥങ്ങളില്‍ വേദങ്ങള്‍ നാലാണ് എന്ന് കാണാം. അക്കാലമാകുമ്പോഴേക്കേ അതൊക്കെ തീരുമാനമായിട്ടുണ്ടാകൂ എന്ന് തോന്നുന്നു.) അനുബന്ധ അറിവുകളുമൊക്കെ മനഃപാഠമാക്കിയ സമര്‍ത്ഥനാണ്. മഹാപുരുഷന്മാരുടെതെന്ന് പറയപ്പെടുന്ന മുപ്പത്തി രണ്ടു ലക്ഷണങ്ങള്‍ ബുദ്ധന്റെ ദേഹത്ത് കാണാനുണ്ടോ എന്നാണ് ഒരു പ്രൊഫഷണല്‍ സാമുദ്രിക ലക്ഷണക്കാരന്‍ കൂടിയായ പൊക്കാറസതിക്ക് അറിയേണ്ടത്.

-----------------------------------------------------------------------------------------------------------

( ഓഫ്‌ ടോപ്പിക്ക്: ഈ മുപ്പത്തി രണ്ടു ലക്ഷണങ്ങളുടെ വിശദാംശങ്ങള്‍ അറിയേണ്ടത് നമ്മുടെ ഈ പോസ്റ്റിന്റെ കാര്യത്തില്‍ പ്രസക്തമല്ലെങ്കിലും നല്ല രസമുള്ള കാര്യമായി തോന്നുന്നതുകൊണ്ട് അത് പറയാം.

(1) പതിഞ്ഞ കാലടികള്‍.

(2) കാല്‍പാദത്തില്‍ ആയിരം ആരക്കാലുകളുള്ള ചക്രത്തിന്റെ രൂപം.

(3) പുറത്തേക്കു തള്ളി നില്‍ക്കുന്ന ഉപ്പൂറ്റി.

(4) നീണ്ട വിരലുകള്‍.

(5) മൃദുവായ കൈകാലുകള്‍.

(6) കൈകാലുകളിലെ വിരലുകള്‍ തമ്മില്‍ തുല്യ അകലം.

(7) ഉയര്‍ന്നു നില്‍ക്കുന്ന ഉപ്പൂറ്റി.

(8) മാനിന്റേതുപോലെ ആകൃതിയൊത്ത കാലുകള്‍.

(9) കുനിയാതെ തന്നെ രണ്ടു കൈകള്‍ കൊണ്ടും കാല്‍മുട്ട് തൊടാന്‍ സാധിക്കും. (കാല്‍മുട്ടോളമെത്തുന്ന ഭുജ മുസലങ്ങള്‍ കൊണ്ടു നടക്കുന്നവന്‍ എന്ന് വി.കെ.എന്‍ പറയും. :-))

(10) സ്വര്‍ണ്ണ നിറം.

(11) വളരെ മൃദുവായതും മിനുസ്സമാര്‍ന്നതുമായ തൊലി. അതില്‍ പൊടിപടലങ്ങള്‍ പറ്റിപ്പിടിക്കില്ല.

(12) ശരീര രോമങ്ങള്‍ ഓരോന്നും വേറിട്ട്‌ കാണാം.

(13) രോമങ്ങള്‍ നീലകലര്‍ന്ന കറുപ്പ് നിറത്തില്‍ വലത്തോട്ട് ചുരുണ്ടിരിക്കും.

(14) നിവര്‍ന്ന ശരീരം. ബ്രഹ്മാവിനേപ്പോലെ (അതിന് ബ്രഹ്മാവിനെ ആര് കണ്ടിരിക്കുന്നു?)

(15) ശരീരത്തില്‍ എഴു വളഞ്ഞ പ്രതലങ്ങള്‍ ഉണ്ടായിരിക്കും. (എന്നുവച്ചാല്‍ എന്താണോ?‍)

(16) ശരീരത്തിന്റെ മുന്‍ഭാഗം സിംഹത്തിന്റേതു പോലിരിക്കും. (എന്നു വച്ചാല്‍ നെഞ്ച് പുറത്തേക്കി തള്ളി എന്നാണോ?)

(17) തോളുകള്‍ക്കിടയില്‍ കുഴി ഉണ്ടായിരിക്കില്ല.

(18) ശാരീരത്തിന്റെ അനുപാതം ആല്‍മരത്തിന്റേതു പോലെ. കൈകള്‍ തമ്മിലുള്ള ദൂരവും ഉയരവും തുല്യമായിരിക്കും.

(19) ഉരുണ്ട തോളുകള്‍.

(20) രുചി തിരിച്ചറിയാനുള്ള മികച്ച കഴിവ്.

(21) സിംഹത്തിന്റേതു പോലുള്ള കീഴ്ത്താടി.

(22) നാല്‍പതു പല്ലുകള്‍.

(23) നിരയൊത്ത പല്ലുകള്‍.

(24) പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാകില്ല.

(25) നല്ല നിറമുള്ള ഉളിപ്പല്ലുകള്‍.

(26) നീണ്ട നാക്ക്. നാക്കു കൊണ്ട് നെറ്റിയും ചെവികളും തൊടാം.

(27) നല്ല ശബ്ദം. ബ്രഹ്മാവിനെപ്പോലെ. കുയിലിന്റേതു പോലെ മധുരതരം. (ബ്രഹ്മാവിന്റെ ശബ്ദം.....അതുകൊറേ കേട്ട്ട്ടുണ്ട്.)

(28) നീലക്കണ്ണുകള്‍.

(29) നീണ്ട ഭംഗിയാര്‍ന്ന കണ്‍പീലികള്‍ (പശുവിന്റേതു പോലെ.)

(30) പുരികങ്ങള്‍ക്കിടയില്‍ പഞ്ഞി പോലെ മൃദുവായ വെളുത്ത രോമം.

(31) രാജാവിന്റെ തലപ്പാവ് പോലുള്ള തല. (എന്നുവച്ചാല്‍ എന്താണോ? ഇനി ബുദ്ധന്റെ പ്രതിമകളില്‍ മുടി കെട്ടിവച്ചിരിക്കുന്ന പോലെ കാണുന്നത് ശരിക്കും ബുദ്ധന്റെ തലയുടെ ഷേപ്പ് ആണോ?)

(32) ''അവയവത്തിന്'' ഒരു ഉറയുടെ സംരക്ഷണം ഉണ്ടാകും (സംശയിക്കണ്ട. അതുതന്നെ ;-) )


ഇവയൊക്കെ ബുദ്ധന്റെ തന്നെ ചില ശാരീരിക പ്രത്യേകതകളുമാകാം എന്ന് തോന്നുന്നു. ഈ ലിസ്റ്റ് വായിച്ചാല്‍ ബുദ്ധനു ചില ജനിതക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് ന്യായമായും സംശയിക്കാം. (ശുദ്ധോധനനും അദ്ദേഹത്തിന്റെ പൂര്‍വ്വികരും തലമുറകളായി അടുത്ത ബന്ധുക്കളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ബുദ്ധന്റെ അച്ചച്ഛന്‍ ( paternal grandfather) ബുദ്ധന്റെ അമ്മൂമ്മയുടെ (maternal grandmother ) സഹോദരനാണ്. മുത്തച്ഛന്‍ (maternal grandfather) അച്ഛമ്മയുടെ (paternal grandmother) സഹോദരനും. അപ്പോള്‍ Inbreeding മൂലമുള്ള ജനിതക വൈകല്യം എന്നത് അടിസ്ഥാനമില്ലാത്ത ഊഹമല്ല.)

മിക്കവാറും ബുദ്ധനു മര്‍ഫാന്‍സ് സിന്‍ഡ്രോം എന്ന ജനിതക വൈകല്യം ഉണ്ടായിരുന്നോ എന്നാണു ഈ പുരുഷ ലക്ഷണങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. നീണ്ട കൈകാലുകളും വിരലുകളും (നം: 4,9), പുറത്തേക്കു തള്ളി നില്‍ക്കുന്ന നെഞ്ച് (നം:16), തൂങ്ങിയ തോളുകള്‍ (നം: 19), പരന്ന കാലടികള്‍ (നം:1), ചെറിയ താടി (നം: 21), നീണ്ട നാക്ക് (നം: 26) ഒക്കെ മര്‍ഫാന്‍സ് സിന്‍ഡ്രോം ലക്ഷണങ്ങളാണ്. ചെറിയ താടി മൂലം പല്ലുകള്‍ തിങ്ങി കൂടുതല്‍ എണ്ണം ഉള്ളപോലെ തോന്നാം. (നം: 22,23,24). മാത്രമല്ല ഇതും ഉയര്‍ന്ന അണ്ണാക്കും (high arched palate) മൂലം ശബ്ദ വൈകല്യം ഉണ്ടാകാം. (അതായിരിക്കുമോ ഈ ബ്രഹ്മാവിന്റേതു പോലുള്ള ശബ്ദം? നം:  27) അസുഖം നട്ടെല്ലിനെ ബാധിക്കുന്നത് മൂലം മൂലം പുറം വേദന, വയറു വേദന, കൂടുതല്‍ സമയം ഇരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന ഒക്കെ ഉണ്ടാകാം. പലപ്പോഴും കിടന്നാല്‍ ആശ്വാസം കിട്ടുകയും ചെയ്യും. ബുദ്ധന്‍ ഒരു സ്ഥിരം പുറം വേദനക്കാരനായിരുന്നു എന്ന് കാണാം.(അംഗുത്തര നിഖായ 9.4) ബുദ്ധന്‍ പ്രഭാഷണത്തിനിടക്ക് ശാരീരികാസ്വസ്ഥത മൂലം ക്ലാസ് മുഴുമിക്കാനാകാതെ കിടക്കുകയും ബാക്കി ആനന്ദനേക്കൊണ്ട് മുഴുമിപ്പിക്കുകയും ചെയ്തതായും കാണാം. (മഞ്ജിമ നിഖായ 53) അതുപോലെ ബുദ്ധന്‍ ഒരു സ്ഥിരം തലവേദനക്കാരനും വയറുവേദനക്കാരനും ആയിരുന്നു എന്നും കഥകളില്‍ കാണാം.)  മര്‍ഫാന്‍സ് സിന്‍ഡ്രോം കണ്ണുകളെയും ബാധിക്കാം. നേരത്തെ തന്നെ തിമിരം വരാം. അതായിരിക്കാം ഒരുപക്ഷേ ഈ നീലക്കണ്ണുകള്‍‍. (നം:28) വളരെ മൃദുവായതും മിനുസ്സമാര്‍ന്നതുമായ തൊലിയും മര്‍ഫോന്‍സ് സിന്‍ഡ്രോമിന്റെ ലക്ഷണം തന്നെയാകാം (നം: 11).

പിന്നെ ആ അവയവത്തിന്റെ കാര്യം (നം:32).... അത് പക്ഷേ എല്ലാ പുരുഷന്മാരുടെയും അങ്ങനെയല്ലെ? അതെങ്ങിനെ വിശേഷപ്പെട്ട ആളുകളില്‍ മാത്രം കാണുന്ന മഹാപുരുഷ ലക്ഷണമാകും? ജന്മനാ ഉറയില്ലാത്തത് എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. മറ്റൊരു മഹാപുരുഷനായ മുഹമ്മദിന്റേത് അങ്ങനെ ജന്മനാ ഉറയില്ലാത്തതായിരുന്നു എന്നാണു കഥ. (അവിടെയും ഒരു രസമുണ്ട്. അഹമ്മദീയ മുസ്ലിംകള്‍ ബുദ്ധനെ അവരുടെ ഒരു പ്രവാചകനായി കരുതുന്നുണ്ട്. മുഹമ്മദും അവരുടെ പ്രവാചകന്‍ തന്നെ. അപ്പൊ ഉറയുള്ളതും ഉറയില്ലാത്തതും രണ്ടും അവര്‍ക്ക് മഹത്വത്തിന്റെ ലക്ഷണമാകണം.)

That kept me thinking...... ഫിമോസിസ് (phimosis) എന്നൊരു അവസ്ഥയുണ്ട്. ലിംഗത്തെ  മൂടുന്ന തൊലി പുറകോട്ടു മാറാത്ത അവസ്ഥ. ബുദ്ധന്റേത് അതാണോ?പലപ്പോഴും ലൈംഗിക ബന്ധം വേദനാജനകമാകാം. ബുദ്ധന് വിവാഹം കഴിഞ്ഞ് പതിമൂന്നു വര്‍ഷത്തിനുശേഷമാണ് ഒരു മകനുണ്ടാകുന്നത് എന്നും ഇതോടു ചേര്‍ത്ത് വായിക്കാം. അതും പിതാവ് ഒരു കുഞ്ഞിക്കാലു കാണാന്‍ വളരെ നിര്‍ബന്ധിച്ച ശേഷം. (ബുദ്ധനു മറ്റൊരു പ്രശ്നവുമുണ്ടായിരുന്നു എന്ന് ആശ്വഘോഷന്റെ ബുദ്ധചരിതത്തില്‍ സൂചനയുണ്ട്. ''He was characterized by cryptorchidism, like a horse, and his complexion was ablaze with light.'' ക്രിപ്റ്റോര്‍കിടിസം എന്നാല്‍ വൃഷണങ്ങള്‍ വൃഷണസഞ്ചിയിലേക്ക് ഇറങ്ങി വരാത്ത അവസ്ഥയാണ്. അശ്വഘോഷന്‍ സൂചിപ്പിക്കുന്ന പോലെതന്നെ കുതിരകളില്‍ അത് സാധാരണമാണ്. പരമ്പരാഗത യോദ്ധാക്കളായ ശാക്യന്മാര്‍ക്ക് കുതിരകളെ നല്ല പരിചയവുമാണല്ലോ. അത്തരം കുതിരകളെ അവര്‍ വരിയുടച്ച് യുദ്ധത്തില്‍ ഉപയോഗിക്കാറുണ്ടത്രെ. ഒരുപക്ഷേ അത്തരം കുതിരകള്‍ യുദ്ധത്തിനു മികച്ചതായതുകൊണ്ട് മനുഷ്യരിലും അത് നല്ല ലക്ഷണമാണെന്ന വിശ്വാസം വന്നതാകാം. ഈ  ക്രിപ്റ്റോര്‍കിടിസവും വന്ധ്യതക്ക് കാരണമാകാം.)

സന്യസിക്കാനായി പിതാവിനോട് അനുവാദം ചോദിച്ചപ്പോള്‍ സന്തതിയുണ്ടായിക്കഴിഞ്ഞേ താന്‍ അനുവാദം നല്‍കൂ എന്ന് ശുദ്ധോധനന്‍ നിര്‍ബന്ധം പിടിച്ചു. (വര്‍ണ്ണാശ്രമധര്‍മ്മ പ്രകാരം മകനുണ്ടായി ആ മകന്റെ വിവാഹം കഴിഞ്ഞാലേ പിതാവിന് വാനപ്രസ്ഥവും സന്യാസവും അനുവദിച്ചിട്ടുള്ളൂ. അല്ലാതെ കുടുംബ ജീവിതം ഉപേക്ഷിക്കാന്‍ വകുപ്പില്ല. ഇവിടെ ചുരുങ്ങിയത് ഒരു മകന്‍ ഉണ്ടാവുകയെങ്കിലും ചെയ്യട്ടെ എന്ന് ശുദ്ധോധനന്‍ കരുതിക്കാണണം.)  അങ്ങനെ സിദ്ധാര്‍ത്ഥന്‍ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു മകനെ ഉണ്ടാക്കിയ ശേഷം (ഭാര്യ പ്രസവിച്ച ആ രാത്രി തന്നെ) കുടുംബ ജീവിതത്തില്‍നിന്നു മുങ്ങിയതാണോ? അപ്പൊ, ബുദ്ധന്‍ കുടുംബം ഉപേക്ഷിച്ചു പോയതിനു കാരണങ്ങളിലൊന്ന്  ഈ മഹാപുരുഷ ലക്ഷണമായിരുന്നോ?
---------------------------------------------------------------------------------------

അത് പോട്ടെ...നമുക്ക് നമ്മുടെ മെയിന്‍ വിഷയത്തിലേക്ക് വരാം... ബുദ്ധന്റെ മഹാപുരുഷ ലക്ഷണങ്ങള്‍. അങ്ങനെ അംബത്തന്‍ ഒരു തേരില്‍ കയറി കൂടെ കുറെ ബ്രാഹ്മണരുമായി ബുദ്ധന്റെ മുന്നിലെത്തുന്നു. ലേശം അഹങ്കാരിയായ അംബത്തന്‍ വേണ്ടത്ര ബഹുമാനമില്ലാതെയാണ് കാണുന്ന മാത്രയില്‍ത്തന്നെ ബുദ്ധനോട് പെരുമാറുന്നത്. താന്‍ ബ്രാഹ്മണനാണ് എന്ന അഹങ്കാരത്തില്‍ പ്രകോപനമൊന്നുമില്ലാതെ തന്നെ ശാക്യന്മാരെയും ബുദ്ധനെയും കറുത്തവര്‍‍, താഴ്ന്ന പണികള്‍ ചെയ്യുന്നവര്‍, പാദത്തില്‍ നിന്ന് ഉണ്ടായവര്‍ (ശൂദ്രര്‍ ബ്രഹ്മാവിന്റെ പാദത്തില്‍നിന്നു ഉണ്ടായവരാണ് എന്ന (കു) പ്രസിദ്ധമായ പുരുഷസൂക്തതിലെ വരികളാണോ അംബത്തന്‍ സൂചിപ്പിക്കുന്നത്?) എന്നൊക്കെ വിളിച്ചു അപമാനിക്കുന്നു.

ബുദ്ധന്റെ വംശക്കാരും ക്ഷത്രീയരുമായ ശാക്യന്മാര്‍ മൊത്തം അഹങ്കാരികളും എടുത്തുചാട്ടക്കാരും ആണെന്നാണ് അംബത്തന്‍ പറയുന്നത്. "The Sakyan race is fierce, violent, hasty, and long-tongued. Though they are naught but men of substance, yet they pay no respect, honour, or reverence to brahmins." ശാക്യന്മാര്‍ ബ്രാഹ്മണരെ ബഹുമാനിക്കുന്നില്ല. അംബത്തന് ദേഷ്യം വരാന്‍ കാരണമുണ്ട്. മുന്‍പൊരിക്കല്‍ ശാക്യന്മാരുടെ ഇടയില്‍ ചെന്നു പെട്ട  ബ്രാഹ്മണനായ അംബത്തനെ അവര്‍ വേണ്ടത്ര ബഹുമാനിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. അംബത്തന്‍ അടുത്തുവന്നപ്പോള്‍ ശാക്യന്മാര്‍ അദ്ദേഹത്തെ ചൂണ്ടി എന്തോ പരസ്പരം പറഞ്ഞു ചിരിച്ചത്രെ. മറ്റു മൂന്ന് വര്‍ണ്ണങ്ങളും ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ജനിച്ച ബ്രാഹ്മണര്‍ക്ക് താഴെയാണ് എന്നാണ് അംബത്തന്റെ അവകാശ വാദം. അതിനാല്‍ ഈ അപമാനം പൊറുക്കാവുന്നതല്ല.
ഇതിന് ബുദ്ധന്റെ മറുപടിയാണ് രസകരം. ശരിക്കും അംബത്തന്‍ എന്നത് ഒരു മിശ്രജാതിയാണ്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഒരു അടിമ പെണ്ണിന്റെ സന്തതി പരമ്പരയാണത്രെ. ഒരു ശാക്യ രാജാവിന് ഒരു അടിമ സ്ത്രീയില്‍ ജനിച്ച ഒരു കറുത്ത കുട്ടിയാണ് അംബത്ത വംശത്തിന്റെ പൂര്‍വികന്‍. പക്ഷേ ശാക്യന്മാര്‍ അങ്ങനെയല്ല. അവര്‍ക്ക് അഹങ്കരിക്കാന്‍ ന്യായമുണ്ട്. മറ്റു വര്‍ണ്ണങ്ങളുമായി അവര്‍ക്ക് ഒരിക്കലും കലര്‍പ്പുണ്ടായിട്ടില്ല. അവര്‍ കാലങ്ങളായി രാജരക്തം തന്നെയാണ്. ഒരിക്കലും രക്തശുദ്ധി നഷ്ടപ്പെടാതിരിക്കാന്‍ സ്വന്തം സഹോദരിമാരെ തന്നെ വിവാഹം കഴിച്ചവരാണ് ശാക്യവംശത്തിലെ പൂര്‍വികര്‍.

(മഹാവാസ്തു എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥത്തില്‍ ശരിക്കും സഹോദരിമാരെയല്ല, മറ്റൊരു അമ്മയിലുണ്ടായ അര്‍ദ്ധസഹോദരികളെയാണ് വിവാഹം കഴിച്ചത് എന്നാണു കാണുന്നത്. പില്‍കാലത്ത് സഹോദരീവിവാഹത്തില്‍  നാണക്കേട്‌ തോന്നിയതുകൊണ്ട് അങ്ങനെ കുറച്ചു മയപ്പെടുത്തിയതാകാം.) അങ്ങനെ ഒരു തരത്തിലും വര്‍ണ്ണ സങ്കരം വരാതിരിക്കാന്‍ ശാക്യ വൃക്ഷത്തേക്കാള്‍ കടുപ്പമുള്ള മനസ്സുറപ്പ് കാണിച്ചത് കൊണ്ടാണത്രെ  അവര്‍ക്ക് ശാക്യന്മാര്‍ എന്ന് പേര് വന്നത്. അപ്പോ ആരാ മികച്ചത്? മിശ്രവിവാഹം കഴിച്ച് വര്‍ണ്ണസങ്കരം വന്ന പാരമ്പര്യമുള്ള അംബത്തനോ അതോ ഒരിക്കലും വര്‍ണ്ണസങ്കരം ഒട്ടും വരാത്ത തങ്ങള്‍ ശാക്യന്മാരോ?

സ്വാഭാവികമായും അംബത്തന് ഉത്തരം മുട്ടി. ഇനിയാണ് വേറൊരു രസം. ഇനി താന്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ശരിയായ മറുപടി പറയാതിരിക്കുകയോ, വിഷയം മാറ്റുകയോ, മിണ്ടാതെ എഴുന്നേറ്റു പോകുകയോ  ചെയ്താല്‍ അംബത്തന്റെ തല പൊട്ടിത്തെറിക്കും എന്ന് ബുദ്ധന്‍ ഭീഷണിപ്പെടുത്തുന്നു. പറഞ്ഞ പോലെ വജ്രപാണി എന്ന് പേരുള്ള ഒരു യക്ഷന്‍ ചുട്ടു പഴുത്ത ഒരു ഇരുമ്പുലക്കയുമായി അംബത്തയുടെ  തല തകര്‍ക്കാന്‍ പ്രത്യക്ഷപ്പെടുന്നു. (വജ്രായുധധാരിയായ ഈ വജ്രപാണി എന്ന യക്ഷന്‍ പില്‍കാലത്തെ ബൌദ്ധ കൃതികളില്‍ വേദങ്ങളിലെ ദേവരാജനായ ഇന്ദ്രനുമായി സാമ്യപ്പെട്ടു. ബ്രാഹ്മണരുടെ പ്രധാന ദൈവത്തെ ശാക്യമുനിയുടെ വെറും ആജ്ഞാനുവര്‍ത്തിയും ഗുണ്ടയുമാക്കി പതുക്കെ മാറി.) അംബത്തന്റെ കൈയിലിരുപ്പിന് അത് വേണ്ടതു തന്നെയാണ്. എന്നാലും അഹിംസാവാദി എന്ന് പുകഴ്പ്പെട്ട ബുദ്ധന്‍ ഇത് ചെയ്യാമോ? ആശയപരമായ ചര്‍ച്ചക്കിടയില്‍ ഒരു കാര്യവുമില്ലാതെ ഈ അക്രമ ഭീഷണി?

--------------------------------------------------------

(Aside point:.... ഈ തല പൊട്ടിത്തെറിക്കല്‍ വാചികാര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ല എന്ന് തോന്നുന്നു. കടുത്ത തോല്‍‌വിയില്‍ നിന്നുണ്ടാകുന്ന മാനസികമായ ഇടിവിനെയായിരിക്കാം അത് സൂചിപ്പിക്കുന്നത്. മാനസികമായ മരണമായിരിക്കാം ഉദേശിക്കുന്നത്. ഈ പ്രയോഗം ബൌദ്ധ സാഹിത്യത്തില്‍ പലയിടത്തും കാണാം. ഉദാഹരണത്തിന്, ചന്ദ്രനെ വിഴുങ്ങുന്ന രാഹുവിന്റെ കഥയുടെ ബുദ്ധിസ്റ്റ് വേര്‍ഷനില്‍ (ഈ കഥ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.) ബുദ്ധന്റെ ആവശ്യപ്രകാരം ചന്ദ്രനെ വെറുതെ വിടുന്ന രാഹു പറയുന്നത് ഇങ്ങനെയാണ്. ''If I had not released Candima my head would have split into seven pieces. While yet I live, I should have had no happiness. (Therefore I released Candima)." (മറ്റു പ്രാചീന കൃതികളിലും കാണുന്ന, ഉദാഹരണത്തിന് വിക്രമാതിത്യന്‍ കഥകളില്‍ വേതാളം ഓരോ കഥയുടെ അവസാനവും ഭീഷണിപ്പെടുത്തുന്ന തല പൊട്ടിത്തെറിക്കലും ഒരു പക്ഷേ ഇതുപോലെ തോല്‍‌വിയില്‍ നിന്നുണ്ടാകുന്ന കടുത്ത ഡിപ്രഷന്‍ ആയിരിക്കാം.) 

നാട്ടിലെ മറ്റു ഗുരുക്കളുമായി വാദപ്രതിവാദം നടത്തി ആവരെ തോല്‍പ്പിച്ച് അവരെയും അവരുടെ ശിഷ്യന്‍മാരെയും നേടിയെടുക്കുന്നത് അക്കാലത്തെ ഒരു സ്ഥിരം രീതിയായിരുന്നു. ബുദ്ധനും അങ്ങനെ ധാരാളം ശിഷ്യന്‍മാരെ സമ്പാദിച്ചിട്ടുണ്ട്. ( കഴിഞ്ഞ പോസ്റ്റില്‍ കണ്ട പോലെ ബുദ്ധന്‍ പ്രധാനപ്പെട്ട ഗുരുക്കന്മാരുമായൊന്നും ഏറ്റുമുട്ടിയിട്ടില്ല. വലിയ മീനിനെ കാണുമ്പോള്‍ കൊക്ക് കണ്ണടക്കുന്നപോലെയാണ് ബുദ്ധന്‍. തര്‍ക്കങ്ങളൊക്കെ ചെറുകിട ടീംസുമായി മാത്രം.) തോല്‍വി സമ്മതിപ്പിക്കാന്‍ തരം പോലെ ഭീഷണിയും ഉപയോഗിച്ചിരിക്കാം എന്നാണ് ബുദ്ധന്റെ ഗുണ്ടയായ വജ്രപാണിയുടെ സാനിദ്ധ്യം കാണിക്കുന്നത്. (ചിത്രം നോക്കുക.)  

തല പൊട്ടിത്തെറിക്കല്‍, ചോര ചര്‍ദ്ദിക്കല്‍ (കഴിഞ്ഞ പോസ്റ്റില്‍ കണ്ട പോലെ, ശിഷ്യന്‍മാരെയെല്ലാം ബുദ്ധന്‍ കൊണ്ടുപോയപ്പോള്‍ സഞ്ജയന്‍ എന്ന ഗുരു, ബുദ്ധനില്‍ നിന്ന് പിടിച്ചെടുത്ത ശിഷ്യന്‍മാര്‍ മിക്കവാറും എല്ലാവരും  വീണ്ടും ബുദ്ധനു അടുത്തേക്ക് തന്നെ പോയപ്പോള്‍ ദേവദത്തന്‍), നദിയില്‍യില്‍ മുങ്ങിച്ചാകല്‍ (ബുദ്ധനോടു പരാജയപ്പെട്ട പൂര്‍ണ്ണ കാശ്യപന്‍. ഇതും കഴിഞ്ഞ പോസ്റ്റില്‍ കണ്ടതാണ്.) ഭൂമി പിളര്‍ന്നു അപ്രത്യക്ഷമാകല്‍ (ദേവദത്തന്‍), തുടങ്ങിയ വയലന്റ് പ്രയോഗങ്ങളൊക്കെ എതിരാളികളുടെ തോല്‍വി സൂചിപ്പിക്കാന്‍ ബൌദ്ധ സാഹിത്യത്തില്‍ ഉടനീളം കാണാം. ഇവരൊന്നും ഉടനെ മരിച്ചു പോയി എന്നര്‍ത്ഥമില്ല. നാണക്കേട്‌ കൊണ്ട് മരിച്ചപോലെയായി എന്നേ അര്‍ഥം എടുക്കേണ്ടതുള്ളൂ. (ചുരുങ്ങിയത് ദേവദത്തനെങ്കിലും ചോര ചര്‍ദ്ദിച്ച ശേഷവും ജീവനോടെ ഉണ്ടായിരുന്നു.)

(ശങ്കരദിഗ്വിജയം പോലുള്ള കൃതികളില്‍ ശങ്കരാചാര്യരോടു തര്‍ക്കത്തില്‍ തോറ്റ ബുദ്ധഭിക്ഷുക്കളെ തലവെട്ടിക്കൊന്നു, അവരെ തീയിലിട്ടു, നദിയില്‍ കെട്ടിതാഴ്തി, അവരെ ആത്മഹത്യ ചെയ്യിപ്പിച്ചു എന്നൊക്കെയുള്ള പ്രസ്താവനകള്‍ നമ്മുടെ ബുദ്ധിജീവികളുടെ ഒരു സ്ഥിരം വിലാപമാണല്ലോ. അതും സത്യത്തില്‍ മാനസികമായ മരണം എന്ന ഇതേ അര്‍ത്ഥത്തിലായിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.  ഇനി അതല്ല ആ പാവം ബുദ്ധ ഭിക്ഷുക്കളോടു ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ എടുക്കണമെങ്കില്‍ ആഹിംസാവാദികളായ ബുദ്ധനും കൂട്ടരും അവരുടെ എതിരാളികളോടു ചെയ്തതും നമുക്ക് അക്ഷരാത്ഥത്തില്‍ തന്നെ എടുക്കേണ്ടി വരും. ഏതു വേണം? തോറ്റവര്‍ കൂട്ടമായി വിജയിക്ക് ശിഷ്യപ്പെടുക എന്നതായിരുന്നു പതിവ്. പഴയ ഗുരുവിന്റെ മഠങ്ങളും സ്വത്തുവകകളും മറ്റും അങ്ങനെ പുതിയ ഗുരുവിന്റെ കീഴില്‍ വരും. (രാഷ്ട്രീയ പാര്‍ട്ടികള്‍ പിളരുമ്പോള്‍ ചില പാര്‍ട്ടി സ്വത്തുക്കള്‍ അവര്‍ കൊണ്ടുപോകുന്നപോലെ.) ബുദ്ധവിഹാരങ്ങള്‍ മറ്റുള്ളവര്‍ 'പിടിച്ചടക്കിയ' കഥ കേള്‍ക്കുമ്പോള്‍ ഇതും ആലോചിക്കുക.

------------------------------------------------------------------------------------------

തിരിച്ചു നമ്മുടെ കഥയിലേക്ക്..... പേടിച്ചു വിരണ്ട അംബത്തന്‍ തന്റെ പൂര്‍വികര്‍ മോശക്കാരായിരുന്നു എന്ന് സമ്മതിക്കുന്നു. (താന്‍ സങ്കര ജാതിയാണ്, ശരിക്കുള്ള ബ്രാഹ്മണനല്ല എന്ന കോംപ്ലക്സ് അംബത്തന് നേരത്തെ ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് നേരത്തെ ഒരിക്കല്‍ ശാക്യന്മാര്‍ തന്നെ നോക്കി ചിരിച്ചത് തന്നെ പരിഹസിച്ചതാണ് എന്ന് അംബത്തന് തോന്നിയതും ദേഷ്യം വന്നതും. ചിലപ്പോള്‍ അവര്‍ ശരിക്കും അറിഞ്ഞുകൊണ്ട് പരിഹസിച്ചതും ആയിരിക്കാം.) അംബത്തന്റെ കൂടെ വന്ന ബ്രാഹ്മണരും താണജാതിയുടെ പാരമ്പര്യം പറഞ്ഞു അയാളെ പരിഹസിക്കുന്നു (അവര്‍ക്ക് മുന്‍പ് ഈ രഹസ്യം അറിയില്ലായിരുന്നു.)

അംബത്തനെ സമാധാനിപ്പിക്കാനായി, അംബത്തന്റെ പൂര്‍വ്വികനായ, അടിമസ്ത്രീയുടെ പുത്രന്‍ വളരെ മഹാനായിരുന്നു എന്നും ശാക്യ വംശത്തിലെ ഒരു രാജാവിന്റെ മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചത് എന്നും ബുദ്ധന്‍ വെളിപ്പെടുത്തുന്നു. മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ രാജാവ് ആദ്യം എതിര്‍ത്തെങ്കിലും ഇദ്ദേഹത്തിന്റെ ജ്ഞാനത്തില്‍ മതിപ്പ് തോന്നി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. (ഈ രാജാവിന്റെ തന്നെ ഒരു അടിമസ്ത്രീയുടെ മകനാണ് പുള്ളിക്കാരന്‍. സ്വാഭാവികമായും തന്ത ഈ രാജാവ് തന്നെയാവണം. എങ്കില്‍ സ്വന്തം അര്‍ദ്ധ സഹോദരിയെയാണ് വിവാഹം ചെയ്തത് എന്ന് കരുതാം.)

ജന്മത്തിനു മാത്രമല്ല കര്‍മ്മത്തിലും പ്രാധാന്യമുണ്ട് എന്നാണ് ഈ കഥയിലൂടെ ബുദ്ധന്‍ പറയുന്നത്. അല്ലാതെ ഒരു ക്ഷത്രീയന് അടിമസ്ത്രീയില്‍ (ശൂദ്ര?) ജനിച്ച കുട്ടിക്ക് ക്ഷത്രീയ കുടുംബത്തില്‍ നിന്ന് അക്കാലത്ത് വിവാഹം ചെയ്തു കൊടുക്കുമോ? അതും പോട്ടെ, അവരുടെ സന്തതികള്‍ പില്‍കാലത്ത് എങ്ങനെ ബ്രഹ്മണരായി? അപ്പോള്‍ അക്കാലത്ത് വര്‍ണ്ണം വെറും ജന്മസിദ്ധം മാത്രമല്ല, വേണമെങ്കില്‍ വര്‍ണ്ണമാറ്റം സാധ്യമായിരുന്നു, (നമ്മുടെ ഗീതയിലെ ഗുണകര്‍മ്മ വിഭാഗശ്ശഃ) എന്നാണോ ബുദ്ധന്‍ തന്നെ പറയുന്ന ഈ കഥയില്‍ നിന്ന് മനസ്സിലാക്കേണ്ടത്?

ഇനിയാണ് ബുദ്ധന്റെ ഒരു ചോദ്യം. ഒരു ക്ഷത്രീയന്  ഒരു ബ്രാഹ്മണ സ്ത്രീയില്‍ മകനുണ്ടായാല്‍ ഈ മകനെ ബ്രാഹ്മണര്‍ ബഹുമാനിക്കുമോ? ഉവ്വ് എന്ന് അംബത്തന്റെ ഉത്തരം. അവരുടെ കൂടെ ഭക്ഷണം കഴിക്കാനോ ബ്രാഹ്മണരുടെ വേദങ്ങള്‍ പഠിക്കാനോ അവരുടെ സ്ത്രീകളെ വിവാഹം കഴിക്കാനോ ഈ സങ്കര സന്തതിക്ക് ബ്രാഹ്മണര്‍ ഒരു വിലക്കും കല്പ്പിക്കില്ല. എല്ലാ അര്‍ത്ഥത്തിലും അയാളെ  ഒരു ബ്രാഹ്മണന്‍ തന്നെയായി അവര്‍ കണക്കാക്കും. മിശ്ര വിവാഹവും വര്‍ണ്ണ സങ്കരവും അക്കാലത്തെ ബ്രാഹ്മണര്‍ക്ക് അത്രതന്നെ വലിയ കാര്യമൊന്നുമല്ല എന്നാണു അംബത്തന്‍ പറയുന്നത്. എന്നാല്‍ ക്ഷത്രീയര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് ബുദ്ധന്‍ പറയുന്നു. വര്‍ണ്ണസങ്കരം മൂലം ഉണ്ടായ ഈ സങ്കര സന്തതിയെ ക്ഷത്രീയര്‍ അവരുടെ കൂട്ടത്തില്‍ കൂട്ടില്ല. അയാളെ ഒരു ക്ഷത്രീയനായി അവര്‍ കണക്കാക്കില്ല. കാരണം അമ്മയുടെ താവഴിയില്‍ രക്തം ശുദ്ധമല്ല.

(വര്‍ണ്ണ സങ്കരത്തേക്കുറിച്ചുള്ള ഭീതി ശരിക്കും ബ്രാഹ്മണരുടെതല്ല ക്ഷത്രീയരുടെതായിരുന്നു എന്നല്ലെ ഇത് കാണിക്കുന്നത്? ഭഗവത് ഗീതയിലും വര്‍ണ്ണ സങ്കരത്തേക്കുറിച്ചുള്ള ഭയം ക്ഷത്രീയനായ അര്‍ജുനനാണ്. എന്നിട്ടും നമ്മള്‍ അത് ബ്രാഹ്മണരുടെ തലയിലാണ് വച്ചു കെട്ടിയത്. ''First of all the outcast is a creation of Brahmanism.'' എന്ന് അംബേദ്ക്കര്‍) 

ഇനി ഒരു ബ്രാഹ്മണന് ക്ഷത്രീയ സ്ത്രീയില്‍ ഒരു മകന്‍ ജനിക്കുന്നു എന്ന് കരുതുക. അവിടെയും ഈ മകനെ ബ്രാഹ്മണര്‍ വേണമെങ്കില്‍ ബ്രാഹ്മണനായി കണക്കാക്കും. യാഗത്തില്‍ കൂടെ കൂട്ടും, വേദം പഠിപ്പിക്കും, കൂട്ടത്തില്‍ നിന്ന് വിവാഹം കഴിപ്പിക്കും, എല്ലാം ചെയ്യും. എന്നാല്‍ ഇയാളെയും ക്ഷത്രീയര്‍ അവരുടെ കൂടെ കൂട്ടില്ല. കാരണം അച്ഛന്റെ താവഴിയില്‍ രക്തം ശുദ്ധമല്ല. ഇനിയാണ് ബുദ്ധന്റെ ബോംബ്‌.

''Then, Ambattha, whether one compares women with women, or men with men, the Kshatriyas are higher and the Brahmans inferior.''

ബുദ്ധന്‍ പറയുന്നത് മനസ്സിലായോ? ബ്രാഹ്മണര്‍ക്ക് വര്‍ണ്ണസങ്കരത്തിന്റെ കാര്യത്തില്‍ അത്ര കടുംപിടുത്തമൊന്നുമില്ല. ഇതൊക്കെ കടുകിട മാറാതെ വര്‍ണ്ണസങ്കരം ഒഴിവാക്കാന്‍ സ്വന്തം സഹോദരിയെ പോലും വിവാഹം കഴിച്ച ഞങ്ങള്‍ ക്ഷത്രീയരാണ് മികച്ചവര്‍...!!!

ഇതാണ് ബുദ്ധന്റെ ക്ഷത്രീയാഭിമാനം. തീര്‍ന്നിട്ടില്ല. എന്തെങ്കിലും തെറ്റ് ചെയ്ത ഒരു ബ്രാഹ്മണനെ തല മൊട്ടയടിച്ചു ചാരം പൂശി ( cut dead with the ash-basket- ഭാസ്മകൊട്ട കൊണ്ടു കൊല്ലുക വാചികാര്‍ത്ഥം. രസകരമായ ഈ പ്രയോഗം ശ്രദ്ധിക്കുക. മരിച്ചതായി കണക്കാക്കി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനെ ആയിരിക്കാം സൂചിപ്പിക്കുന്നത്.) ഭ്രഷ്ടു കല്‍പ്പിച്ചു നാടു കടത്തി എന്ന് കരുതുക. അയാളെ ബ്രാഹ്മണര്‍ ബഹുമാനിക്കുമോ എന്നാണ് അടുത്ത ചോദ്യം. പാവം അംബത്തന്‍ ഇല്ല എന്ന് മണിമണിയായി ഉത്തരം പറയുന്നു. (ഉത്തരം പറഞ്ഞില്ലെങ്കില്‍ ബുദ്ധന്റെ ഗുണ്ട വജ്രായുധവുമായി തല തല്ലിപ്പൊളിക്കാന്‍ റെഡിയായി നില്‍പ്പുണ്ട്‌.) ബ്രാഹ്മണരുടെ കൂടെ യാഗത്തില്‍ പങ്കെടുക്കാനോ, വേദം പഠിക്കാനോ, അവരുടെ സ്ത്രീകളെ വിവാഹം ചെയ്യാനോ, ഒന്നിനും ഈ പുറത്താക്കപ്പെട്ട കുറ്റവാളിയായ ബ്രാഹ്മണന് സാധിക്കില്ല.

എന്നാല്‍ ഇതേ തെറ്റ് ചെയ്ത് സ്വന്തക്കാരുടെ ഇടയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു ക്ഷത്രീയനെ ബ്രാഹ്മണര്‍ ബഹുമാനിക്കും. അവര്‍ അയാളുടെ അപരാധിത്വം കാര്യമാക്കില്ല. (അക്കാലത്തെ രീതി അനുസരിച്ച്  ഓരോ വര്‍ണ്ണങ്ങള്‍ക്കും അവരുടെതായ വ്യക്തി നിയമങ്ങളും കോടതിയുമൊക്കെ ഉണ്ട് എന്നാണ് തോന്നുന്നത്‌. മറ്റുള്ള വര്‍ണ്ണങ്ങള്‍ പലപ്പോഴും അന്യരുടെ അത്തരം വ്യക്തിനിയമങ്ങള്‍ അത്ര കാര്യമാക്കാറില്ല എന്നും തോന്നുന്നു.) ഒരു ക്ഷത്രീയന്‍ അവരുടെ ഒരു നിയമം തെറ്റിച്ചതിനെ ബ്രാഹ്മണര്‍ എന്തിനു മൈന്‍ഡ് ചെയ്യണം എന്നാണ് ബ്രാഹ്മണര്‍ കരുതുന്നത്. എന്നാല്‍ ക്ഷത്രീയരുടെ ഇടയിലെ ഒരു നിയമം പാലിക്കാത്തതുകൊണ്ട് അവര്‍ കൂട്ടത്തില്‍ നിന്ന് പുറത്താക്കിയ ഒരാളെ ബ്രാഹ്മണര്‍ ബഹുമാനിക്കുന്നത്‌ ക്ഷത്രീയരുടെ മികവിന്റെ തെളിവാണ് (അല്ലാതെ ബ്രാഹ്മണരുടെ മാന്യതയല്ല) എന്നാണ് ബുദ്ധന്‍ പറയുന്നത്....!!.... (ബുദ്ധന്റെ ഈ ഫാലസിക്ക് എന്താ ഒരു പേരിടുക?)  അതായത് കുറെ കൂടി മാന്യമായി പെരുമാറുന്നതാണ് ബ്രാഹ്മണരുടെ തെറ്റ്.

''But thereby, Ambattha, the Kshatriya would have fallen into the deepest degradation, shaven as to his head, cut dead with the ash-basket, banished from land and township. So that, even when a Kshatriya has fallen into the deepest degradation, still it holds good that the Kshatriyas are higher, and the Brahmans inferior.''

എന്നുവച്ചാല്‍ ഏറ്റവും മോശം ക്ഷത്രീയന്‍ പോലും ബ്രഹ്മണനേക്കാള്‍ മികച്ചവനാണ് എന്ന്. എന്ത് ഹീനകര്‍മ്മം ചെയ്താലും ക്ഷത്രീയന്റെ പദവി താഴുന്നില്ല. ഇനി ഇതൊന്നും പോരെങ്കില്‍ ക്ഷത്രീയന്റെ മഹത്വം വെളിപ്പെടുത്തുന്ന, ബ്രഹ്മാവിന്റെ പുത്രനായ സനത്കുമാരന്റെ വാക്കുകള്‍ ബുദ്ധന്‍ ഉദ്ധരിക്കുന്നു.

''The Kshatriya is the best of those among this folk who put their trust in lineage. But he who is perfect in wisdom and righteousness, he is the best among gods and men."

താനും അത് അംഗീകരിക്കുന്നതായി ബുദ്ധന്‍ ആവര്‍ത്തിക്കുന്നു.

''I too approve it ; I also, Ambattha, say :" The Kshatriya is the best of those among this folk who put their trust in lineage. But he who is perfect in wisdom and righteousness, he is the best among gods and men."

സംയുക്ത നിഖായയില്‍ ഈ സനത്കുമാരന്‍ നേരിട്ട് വന്ന് ബുദ്ധനോടു തന്നെ ഈ കാര്യം പറയുന്നുണ്ട്. അവിടെയും ബുദ്ധന്‍ സനത് കുമാരന്‍ പറയുന്നത് ശരിവയ്ക്കുന്നുണ്ട്.

''As is the noble ranked best among
The folk who pin their faith on breed and clan,
So he who walks in lore and conduct versed
Stands first in the worlds of gods or world of man.'' (samyuktha nikhaya 6:2)

ഇവിടെ noble എന്ന് പറഞ്ഞിരിക്കുന്നത് ക്ഷത്രീയരെയാണ്. (മഹാഭാരതത്തിലെ വനപര്‍വ്വത്തിലും സനത്കുമാരന്റെ ഈ അഭിപ്രായം കാണാം. രണ്ടു മതങ്ങളും ഒരു പോലെ അംഗീകരിക്കുന്നതില്‍ നിന്ന് ഈ സനത്കുമാരന്റേയും അയാളുടെ അഭിപ്രായത്തിലെ ക്ഷത്രീയരുടെ അക്കാലത്തെ പ്രഥമ സ്ഥാനവും മനസ്സിലാക്കാവുന്നതാണ്.)പിന്നെ ബുദ്ധന്‍ പോലും ആരുടെ വാക്കുകളാണ് ആധികാരികമായി കണക്കാക്കുന്നത് എന്ന് നോക്കുക. തന്റെ പല അഭിപ്രായങ്ങള്‍ക്കും പൂര്‍വ്വാചാര്യന്മാര്‍ക്ക് ക്രെഡിറ്റ് കൊടുക്കാനും അവരുടെ അഭിപ്രായം ശരി വയ്ക്കാനുമുള്ള അത്യുത്സാഹം മറ്റു പലയിടത്തും കാണാം. (ബുദ്ധന്‍ വേദ വിരോധിയായിരുന്നു,ബുദ്ധന്‍ പുതുതായി കണ്ടുപിടിച്ചതാണ് ബുദ്ധമതം  എന്ന ധാരണ വച്ചു പുലര്‍ത്തുന്നവര്‍ നോട്ട് ദ പോയിന്റ്‌.

നമ്മള്‍ നേരത്തെ കണ്ട, ആ മഹാപുരുഷ ലക്ഷണങ്ങള്‍ ബ്രാഹ്മണരുടെ വേദങ്ങളിലുള്ളതാണ് എന്ന് ബൌദ്ധസാഹിത്യത്തില്‍ പലേടത്തും ആവര്‍ത്തിച്ചു സൂചിപ്പിക്കുന്നുണ്ട്. അതായത് ബുദ്ധന്‍ മഹാനാകുന്നത് വേദങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്.) തങ്ങള്‍ക്കു താല്പര്യമുള്ള എന്തിനും ഏതിനും വേദങ്ങളെയും ബ്രാഹ്മണരെയും പ്രമാണമായി ഉദ്ധരിക്കുന്ന ബൌദ്ധ ദര്‍ശനം വേദവിരുദ്ധമായിരുന്നു എന്ന ധാരണ എത്രമാത്രം ശരിയാണ് എന്നാലോചിക്കുക.)

ബുദ്ധന്റെ ഈ വാദം appeal to authority എന്ന ലോജിക്കല്‍ ഫാലസിയാണ് എന്ന് പറഞ്ഞുകൊണ്ട് തല്‍ക്കാലം അംബത്ത സുത്ത ഇവിടെ നിര്‍ത്താം. (അംബത്ത സുത്തയുടെ ബാക്കി ഭാഗം നമ്മള്‍ വീണ്ടും ചര്‍ച്ച ചെയ്യും. അംബത്തന്‍ ശരിക്കും ആ മുപ്പത്തിരണ്ട് മഹാപുരുഷ ലക്ഷണങ്ങളും, പ്രത്യേകിച്ച് നമ്മള്‍ മുകളില്‍ ചര്‍ച്ച ചെയ്ത ആ ലക്ഷണം കണ്ടു ബോധ്യപ്പെട്ടോ എന്നറിയണ്ടെ ;-) )

----------------------------------------------------------------

ഇനി നമുക്ക് ബുദ്ധന്റെ അവതാര കഥ പറയുന്ന ലളിതവിസ്താരസൂത്രം നോക്കാം. ബുദ്ധന്‍ തന്റെ അവതാര കഥ ശിഷ്യന്മാര്‍ക്കും ദേവകള്‍ക്കും മറ്റു വിശിഷ്ട വ്യക്തികള്‍ക്കും വേണ്ടി പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് ലളിതവിസ്താരം. കഥ തുടങ്ങുന്നത് തുസിത സ്വര്‍ഗ്ഗത്തില്‍ വിശ്രമിക്കുന്ന ബോധിസത്വനോട് (ബുദ്ധനാകുന്നതിനു മുന്‍പുള്ള അവസ്ഥയാണ് ബോധിസത്വന്‍) മറ്റു ദേവന്മാര്‍ പുതിയ അവതാരമെടുക്കാന്‍ ആവശ്യപ്പെടുന്നതോടെയാണ്. ലോകത്ത് ദുരിതങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണല്ലോ അവതാരങ്ങളുടെ ആവശ്യം. (ഭഗവത് ഗീതയിലെ യഥാ യഥാഹി ധര്‍മ്മസ്യ ഓര്‍ക്കുക) ഉടനെ ഒരു പുതിയ അവതാരത്തിന്റെ ആവശ്യകത ദേവന്മാര്‍ ബോധിസത്വനെ ബോധ്യപ്പെടുത്തുന്നു.

ഇനി ജനിക്കാനുള്ള സമയം, സ്ഥലം, കുടുംബം, ഒക്കെ ബോധിസത്വന്‍ തീരുമാനിക്കും. അങ്ങനെ ഏതെങ്കിലും കുടുംബത്തിലൊന്നും ബുദ്ധന്‍ ജനിക്കില്ല. നല്ല അന്തസ്സുള്ള വംശത്തില്‍ മാത്രം. ലളിതവിസ്താരത്തില്‍ നല്ല പച്ചയായിത്തന്നെ പറയുന്നുണ്ട്.... ''a bodhisattva is not born into an inferior family, like a family of outcastes, flute makers, cartwrights, or servants.'' (അംബേദ്ക്കറെ ഒരു ബോധിസത്വനായി അവരോധിക്കുന്ന, അംബദ്ക്കറുടെ ചരമം (ബുദ്ധനെപോലെ) അദ്ദേഹത്തിന്റെ പരിനിര്‍വ്വാണമായി ആചരിക്കുന്ന അംബേദ്ക്കറിസ്റ്റുകള്‍ ഇത് വല്ലോം അറിഞ്ഞോണ്ടാണോ? :-) ) കണ്ട ചെമ്മാന്റേം ചെരുപ്പുകുത്തിയുടെയുമൊന്നും വീട്ടില്‍ ജനിക്കാന്‍ ബുദ്ധനെ കിട്ടില്ല. പുരോഹിത വംശത്തിലോ രാജവംശത്തിലോ മാത്രമെ ബുദ്ധനുണ്ടാകൂ. അതായത് ബ്രാഹ്മണ, ക്ഷത്രീയ വംശങ്ങളില്‍ മാത്രം. പുരോഹിതര്‍ക്ക് മേല്‍കൈ ഉള്ള കാലത്ത് അവരുടെ വംശത്തില്‍. ക്ഷത്രിയര്‍ക്ക് പ്രാമുഖ്യം ഉള്ള കാലത്ത് ക്ഷത്രീയരുടെ ഇടയില്‍. വേറൊരു വര്‍ണ്ണത്തിലും ബോധിസത്വന്‍ ജനിക്കില്ല എന്ന് ലളിതവിസ്താരം അടിവരയിട്ടു പറയുന്നു.

''A bodhisattva is only born into one of two families—a priestly family or a family of the ruling class. When the priestly families are dominant in the world, the bodhisattva is born into a priestly family. When the ruling class families are dominant in the world, the bodhisattva is born into a ruling-class family.''

ഇനി ഇതേ കാര്യം തന്നെ മഹാവാസ്തു എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥത്തിലും പറയുന്നുണ്ട്.

''Bodhisattvas are bom in one of two classes of families, either a noble or a brahman family. When the nobles dominate the earth, the Bodhisattvas are born in a noble family. When the brahmans dominate the earth, they are born in a brahman family.''

(അത് ബുദ്ധന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ല, ഇങ്ങനെയാണ്, ബ്രാഹ്മണര്‍ അതില്‍ തിരുത്തല്‍ വരുത്തിയതാണ് എന്നൊക്കെ പറഞ്ഞ് ബുദ്ധിസ്റ്റ് ''വ്യാഖ്യാന ഫാക്ടറിക്കാര്‍'' വരാതിരിക്കാനാണ്, മള്‍ട്ടിപ്പിള്‍ റഫറന്‍സ്. ഇനിയും വേണമെങ്കില്‍ ഉണ്ട്. പോസ്റ്റ്‌ വെറുതെ നീണ്ടു പോകണ്ട എന്നു വച്ചിട്ടാണ്.) ബ്രാഹ്മണര്‍ക്ക് പ്രാമാണ്യം ഉള്ള കാലത്തും ദേശത്തും ബ്രഹ്മണനായി, ക്ഷത്രീയര്‍ക്ക് പ്രാമാണ്യം ഉള്ള കാലത്തും ദേശത്തും ക്ഷത്രീയനായും മാത്രമേ ബുദ്ധന്‍ ജനിക്കൂ. ദളിതനൊക്കെ അങ്ങട്ട് മാറി നിക്ക്വാ...നിങ്ങടെ ഇടയിലൊന്നും ബുദ്ധന്‍ ജനിക്കില്ല. (അങ്ങനെ ജനിക്കുമെന്ന് നിങ്ങളെ ആരെങ്കിലും പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടെങ്കില്‍/ ബുദ്ധമതം ദളിത് സൌഹൃദ മതമാണ് എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവര്‍ 'കൈയ്യീന്ന് ഇട്ടതാണ്' എന്ന് മാത്രമെ പറയാനാകൂ. Sorry guys.....:-))

ബോധിസത്വന്‍ ഗൌതമ ബുദ്ധനായി അവതരിക്കാന്‍ പോകുന്ന കാലത്ത് ക്ഷത്രീയരാണ് മികച്ചവര്‍. (എല്ലാം ബ്രാഹ്മണ മേധാവിത്വം എന്ന തിയറിയില്‍ കൊണ്ട് കെട്ടുന്ന നമ്മുടെ ചരിത്രകാരന്മാരുടെ വാദം എത്രത്തോളം ശരിയായിരിക്കും എന്നാലോചിക്കുക.)  അങ്ങനെ പുതിയ ബുദ്ധന്‍ ക്ഷത്രീയ വംശത്തില്‍ തന്നെ എന്ന് ഉറപ്പിച്ചു. ഇനി കുടുംബം. ഏകദേശം ഒരു കല്യാണാലോചനയുടെ രീതിയിലാണ് അതിന്റെ ചര്‍ച്ച പോകുന്നത്. 

ബോധിസത്വന്‍ ജനിക്കാന്‍ പോകുന്ന കുടുംബത്തിന് അറുപത്തിനാല് കൂട്ടം ഗുണങ്ങള്‍ വേണം. (മഹാവാസ്തു എന്ന ഗ്രന്ഥത്തില്‍ അറുപത് എന്നാണ് കാണുന്നത്. എന്തായാലും പ്രധാനം വംശഗുണം തന്നെ. (''It is of high birth and lineage, with a long and distinguished ancestry.'') കണ്ടമാനം ധന ധാന്യങ്ങള്‍,ആട്, ആന, കുതിര, ഒട്ടകം, ആണും പെണ്ണുമായി ധാരാളം ജോലിക്കാര്‍ (അടിമപ്പണിക്കായി ശുദ്രര്‍?) അങ്ങനെ പലതും. പുരോഹിതരെ ബഹുമാനിക്കുന്ന കടുംബം ആകണം എന്നും പറയുന്നുണ്ട്. (ബുദ്ധന്‍/ബുദ്ധിസം, ബ്രാഹ്മണ/പൌരോഹിത്യത്തിന് എതിരായിരുന്നു എന്ന് കരുതുന്നവര്‍ ഈ പോയിന്റ്‌ ഓര്‍മ്മ വച്ചോ.)

''They must respect their fathers, mothers, mendicants, and priests......... Indeed this family must be irreproachable when it comes to any accusations of faults related to one's birth, such as those found in this entire world with its gods, demons, and brahmas, mendicants and priests.''

തനിക്കു ജനിക്കാന്‍ വേണ്ട കുടുംബത്തിന്റെ പ്രധാന ഗുണങ്ങള്‍ ബോധിസത്വന്‍ പറയുന്നത്  ഇങ്ങനെയാണ്...... (അവസാനം ബോധിസത്വന്‍ താന്‍ ചണ്ഡാള കുടുബത്തില്‍ ജനിക്കാം എന്ന് ഇപ്പൊ പറയും എന്ന ആന്റി ക്ലൈമാക്സ് പ്രതീക്ഷിക്കുന്ന ശുദ്ധഹൃദയര്‍ തുടര്‍ന്ന് വായിക്കുക....)

''It must be of a good caste and good clan. It must have excellent marital unions, with excellent marital unions in the past, and marital unions between individuals who are pure. These marital unions must be between people who are both pure, well-known by all, and renowned for their great power.''

ശുദ്ധിയുള്ള കുടുംബം എന്നാല്‍ ഏഴു തലമുറ വരെ വര്‍ണ്ണ സങ്കലനം നടക്കാത്തത് എന്നാണ് അര്‍ഥം. ഇനി ഗര്‍ഭപാത്രത്തിന്റെ ഉടമയായ രാജപത്നിയുടെ ഗുണങ്ങള്‍. അത് മുപ്പത്തി രണ്ടെണ്ണമാണ്. സ്വഭാവം, സൌന്ദര്യം ഒക്കെ കൂടാതെ ജാതിയും പ്രധാനമാണ്. ''She must come from a good caste and a good family.''

അക്കാലത്തെ പതിനാറു വന്‍കിട രാജവംശങ്ങളെയാണ് ബുദ്ധനു ജനിക്കാനായി പരിഗണിക്കുന്നത്. അതില്‍ എട്ടെണ്ണം പ്രാഥമിക റൌണ്ടില്‍ തന്നെ തള്ളിപ്പോയി. ബാക്കിയുള്ളവ ഓരോന്നും എടുത്തു പറഞ്ഞു വിശദമായ പരിശോധനയാണ് ഇനി.

വൈദേഹം: നല്ല പണക്കാരൊക്കെയാണ് വൈദേഹ രാജാവ്. പക്ഷേ രാജാവിന്റെയും രാജപത്നിയുടെയും പാരമ്പര്യം ശുദ്ധമല്ല. പണ്ടെപ്പോഴോ അവരുടെ പൂര്‍വ്വികരുടെ ഇടയില്‍ വര്‍ണ്ണ സങ്കരം ഉണ്ടായിട്ടുണ്ട്.

മഗധ: മഗധയിലെ വൈദേഹികുലം മാതൃപിതൃ ശുദ്ധിയില്ലാത്തതാണ്.

കോസലം: അവിടെയും രക്തശുദ്ധിയില്ലായ്മ തന്നെ പ്രധാന പ്രശ്നം. കോസല വംശം മാതംഗച്യുതിയില്‍ നിന്നുണ്ടായതാണ്. മാതംഗച്യുതി എന്നു വച്ചാല്‍ ചണ്ഡാളരില്‍ നിന്ന് ഉണ്ടായത് എന്നര്‍ത്ഥം. കോസല രാജാവില്‍ ചണ്ഡാള പാരമ്പര്യമുണ്ട്.

വത്സരാജ്യം: രാജാവിന്റെ പാരമ്പര്യം മോശമാണ്. രാജാവ് നിയമപ്രകാരമല്ലാത്ത സന്താനമാണ് (എന്ന് വച്ചാല്‍ സങ്കര വര്‍ണ്ണം). മാത്രമല്ല രാജാവ് വിധി വിശ്വാസിയാണ്.

വൈശാലി: അതും പോര. ധര്‍മ്മാനുഷ്ഠാനം (വര്‍ണ്ണധര്‍മ്മം തന്നെ) വേണ്ടത്ര പോര.

ഉജ്ജയിനി: രാജാവായ പ്രത്യോതന്റെ കുടുംബം: പോര.... സംസ്കാരമില്ലാത്തവര്‍.

മഥുര: അവിടത്തെ സുഭാഹു രാജാവിന്റെ കുടുംബക്കാരുടെ വിശ്വാസങ്ങള്‍ ശരിയല്ല. അദ്ദേഹത്തിന്റേത് കുലീന കുടുംബവുല്ല.

ഹസ്തിനപുരി: അവിടത്തെ പാണ്ഡു കുടുംബത്തിന്റെ രക്തശുദ്ധി സംശയാസ്പദമാണ്. പാണ്ഡുവിന്റെ മക്കള്‍ക്ക്‌  ഓരോരുത്തര്‍ക്കും ഓരോ തന്തയാണ്‌. (ബ്രാഹ്മണര്‍ ഒരു പ്രശ്നവുമില്ലാതെ അംഗീകരിച്ച കാര്യമാണ് പാണ്ഡുവിന്റെ മക്കളുടെ പാരമ്പര്യം.. പക്ഷേ ഇവിടെ ബോധിസത്വന് അതു പോര.)

മിഥില: അവിടത്തെ സുമിത്ര രാജാവ് വയസ്സനാണ്.

ഇപ്രകാരം പതിനാറു രാജ്യങ്ങളും ഒഴിവാക്കുന്നു.....

അവസാനം ചെറുതെങ്കിലും വേണ്ട ഗുണങ്ങളൊക്കെ ഉള്ള കുടുംബമാണ് ശാക്യന്മാരിലെ ശുദ്ധോദനന്റെ കുടുംബം എന്ന് തീരുമാനിക്കുന്നു. ഇക്ഷാകു ഗോത്രക്കാരായ അവര്‍ ആദിത്യവംശമാണ്‌. (ശ്രീരാമന്റെ ഒക്കെ കുടുംബം) ഇപ്പോഴത്തെ രാജാവായ ശുദ്ധോദനന്‍ കര്‍മ്മവിശ്വാസിയുമാണ്. ''Its king, suddhodana, descends from pure families on both his mother's and father’'s side. His wife as well is pure.'' അദ്ദാണ് കാര്യം.

മറ്റൊരു പോയന്റുള്ളത് ബുദ്ധനെ പ്രസവിച്ചു കഴിഞ്ഞാല്‍ പിന്നെ അമ്മ ജീവിച്ചിരിക്കാന്‍ പാടില്ല. ഏഴാം ദിവസം അവര്‍ മരിക്കണം. ബുദ്ധനെപോലൊരു മഹാനെ പ്രസവിച്ചുകഴിഞ്ഞാല്‍ പിന്നെ അവര്‍ ലൈംഗിക സുഖം അനുഭവിക്കാന്‍ പാടില്ല എന്നാണ് അതിനു കാരണമായി മഹാവാസ്തു എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. ബുദ്ധനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയുമാണ് അവരുടെ ഏക ജോലി. അതിനു വേണ്ട മിനിമം ലൈംഗിക സുഖം മാത്രം അനുഭവിക്കാനെ അവര്‍ക്ക് അര്‍ഹതയുള്ളൂ. (ഇതിലെ സ്ത്രീവിരുദ്ധത ഫെമിനിസ്റ്റുകള്‍ക്ക് വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം)

ശുദ്ധോധനന്റെ ഭാര്യയും സുപ്രബുദ്ധന്റെ മകളുമായ മായാദേവിയെയാണ് ബുദ്ധന്റെ അമ്മയാകാന്‍ തിരഞ്ഞെടുക്കുന്നത്. അവര്‍ അതിസുന്ദരിയും നേരത്തെ പറഞ്ഞ മുപ്പത്തി രണ്ടു ഗുണങ്ങളും തികഞ്ഞവളാണ്. അലൌകികമായ മായികസൌന്ദര്യമുള്ളതുകൊണ്ടാണത്രേ അവര്‍ക്ക് മായാദേവി എന്ന പേര് വന്നത്. ''She is disciplined and devoted to her husband, unconcerned with other men. Her head, ears, and nose are perfectly symmetrical.'' വേറെ ആണൊരുത്തന്റെ മുഖത്തു നോക്കില്ല.

 ഇത്രയൊക്കെ മഹത്വമുള്ള മായാദേവിയുടെ ഗര്‍ഭപാത്രം പക്ഷേ വൃത്തികെട്ടതാണ്. ബോധിസത്വന് പത്തു മാസം ജീവിക്കാന്‍ അത് പോരാ.''How could the pure Bodhisattva, who is free from bad-smelling odors, superior to the entire world, a jewel among beings, transmigrate from the divine realm of the Heaven of Joy and remain for ten months in the foul-smelling human body inside his mother's womb?''ന്യായമായ കാര്യം. അല്ലെ? അതുകൊണ്ട് ഗര്‍ഭപാത്രത്തിനുള്ളില്‍ രത്നം പതിച്ച ഒരു കൊട്ടാരത്തിലാണ് ബോധിസത്വന്‍ കഴിയുന്നത്‌. (ഇതിലെയും സ്ത്രീവിരുദ്ധത വേണ്ടവര്‍ക്ക് ചര്‍ച്ച ചെയ്യാം) ബുദ്ധന് അശുദ്ധിയുണ്ടാകാതിരിക്കാന്‍ പ്രസവം നടന്നത് സാധാരണ മാര്‍ഗ്ഗത്തിലൂടെയല്ലത്രെ. ''He did not pass through the portal of birth. ഒരുപക്ഷേ ആദ്യത്തെ സിസേറിയന്‍ പ്രസവം...!!!...

ആറ് കൊമ്പുള്ള വെളുത്ത ഒരു ആനയുടെ രൂപത്തിലാണ് ബോധിസത്വന്‍ ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുന്നത്. അതൊക്കെ വേദങ്ങള്‍ പ്രകാരമാണ് തീരുമാനിച്ചത്. കാരണം ബ്രാഹ്മണര്‍ക്ക് ലക്ഷണം നോക്കി ഭാവി പ്രവചിക്കേണ്ടതാണ്. അവിടെയും പ്രമാണം ബ്രാഹ്മണരുടെ വേദങ്ങള്‍ തന്നെയാണ്.... (ഇത് വായിച്ചിട്ട് ബുദ്ധിസത്തിന് വേദങ്ങളോട് എന്തെങ്കിലും എതിര്‍പ്പുണ്ടായിരുന്നതായി തോന്നുന്നുണ്ടോ?ശുദ്ധോധനനും കൂട്ടരും വേദമതം പിന്തുടര്‍ന്നവരല്ല എന്ന് വാദിക്കുന്ന ബുദ്ധി ജീവികള്‍ എന്ത് പറയുന്നു?)

''The priests’ mantras and the treatises of the Vedas mention the proper form for a bodhisattva to take when descending into the womb of his mother. It should be in the form of an excellent, great elephant with six tusks, covered with golden netting. Its head should be very red and exceedingly handsome. It should ooze fragrant fluids from its temples and have a glorious body. Someone who is learned in the Vedas and scriptures of the priests will then recognize such features and use them to predict the arrival of a person endowed with the thirty-two marks of a great man.''

ഇപ്പോഴത്തെ ബുദ്ധന്‍ മാത്രമല്ല അദ്ദേഹത്തിന്റെ മുന്‍പത്തെ ഇരുപത്തിനാല് അവതാരങ്ങളും ബ്രാഹ്മണനോ ക്ഷത്രീയനോ ആയിട്ടായിരുന്നു എന്ന് ബുദ്ധകൃതികളില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ബുദ്ധന്മാരുടെ ലിസ്റ്റ് നോക്കൂ.......(റെഫറന്‍സ്:.... ബുദ്ധവംശം- ഖുദ്ദക നികായ, സുത്ത പിടകം)

ദീപാങ്കുരന്‍- ബ്രാഹ്മണന്‍

കൊണ്ടണ്ണ- ക്ഷത്രീയന്‍

മംഗള- ബ്രാഹ്മണന്‍

സുമന-ക്ഷത്രീയന്‍

രേവത- ബ്രാഹ്മണന്‍

ശോഭിത-ക്ഷത്രീയന്‍

അനോമദസ്സി-ബ്രാഹ്മണന്‍

പദ്മ-ക്ഷത്രീയന്‍

നാരദന്‍-ബ്രാഹ്മണന്‍?

പദുമുത്തര-ക്ഷത്രീയന്‍

സുമേധ-ക്ഷത്രീയന്‍

സുജാത-ക്ഷത്രീയന്‍?

പിയാദസി- ബ്രാഹ്മണന്‍?

അത്തദാസി-ക്ഷത്രീയന്‍

ധമ്മദാസി-ക്ഷത്രീയന്‍

സിദ്ധാര്‍ത്ഥന്‍-ബ്രാഹ്മണന്‍?

ടിസ്സ- ബ്രാഹ്മണന്‍?

ഫുസ്സ-ക്ഷത്രീയന്‍

വിപാസി-ക്ഷത്രീയന്‍

ശിഖി-ക്ഷത്രീയന്‍

വേശഭു-ക്ഷത്രീയന്‍

കകുസന്ധ-ബ്രാഹ്മണന്‍

കൊനാഗമന-ബ്രാഹ്മണന്‍

കശ്യപന്‍-ബ്രാഹ്മണന്‍

ഗൌതമന്‍-ക്ഷത്രീയന്‍ (നമ്മുടെ കഥാപാത്രം)

ഈ ബുദ്ധന്മാരെല്ലാം ബ്രാഹ്മണരോ ക്ഷത്രീയരോ ആണെന്നു മാത്രമല്ല എല്ലാവരും ശുദ്ധ വര്‍ണ്ണം കൂടിയാണ്. അതായത് എല്ലാവരുടെയും മാതാപിതാക്കളും ഒരേ വര്‍ണ്ണമാണ്. ഒരിക്കലും വര്‍ണ്ണ സങ്കരം ഉണ്ടായിട്ടില്ല എന്നര്‍ത്ഥം.) ബുദ്ധന്റെ ഇനി വരാന്‍ പോകുന്ന അവതാരമായ മൈത്രേയന്‍ ഒരു ബ്രഹ്മണനായിരിക്കും എന്നും ബൌദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. അക്കാലത്തെ രാജാവിന്റെ, നാല് വേദങ്ങളിലും പണ്ഡിതനായ ബ്രാഹ്മണ മന്ത്രിയുടെ മകനായാണ് നല്ല വെളുത്തു തുടുത്ത മൈത്രേയന്‍ ജനിക്കുക.

''Maitreya will be born the son of a Brahmin priest, and will renounce the world and attain enlightenment in a single day, not requiring six long years. The world in this time will be politically neutralised, and therefore the warrior class and its martial virtues will be obsolete. Thus he will be born among the intellectuals, the priests, and his teaching will bring the gentler emotions to the fore....... 

......His spiritual advisor will be a Brahmin, Subrahmana by name, a very learned man, well versed in the four Vedas, and steeped in all the lore of the Brahmins. And that Brahmin will have a wife, called Brahmavati, beautiful, attractive, handsome, and renowned. Maitreya, the best of men, will then leave the Tushita heavens, and go for his last rebirth into the womb of that woman. He will have a heavenly voice which reaches far; his skin will have a golden hue, a great splendour will radiate from his body, his chest will be broad, his limbs well developed, and his eyes will be like lotus petals.'' (The Maitreyavyankarna - "The Prophecy Concerning Maitreya")

(ഇത് വായിച്ച ശേഷം ഈ മൈത്രേയന്‍ എന്തോ വല്യ സംഗതിയാണ് എന്ന് കരുതി സ്വയം മൈത്രേയന്‍ എന്നു വിളിക്കുന്ന നമ്മുടെ ആ പുരോഗമന ബുദ്ധിജീവിയെ കാണുമ്പോള്‍ എനിക്ക് ചിരി വരും. :-))

--------------------------------------------------------------------

മനുസ്മൃതി പോലുള്ളവ അനുസരിച്ച് ജീവിച്ചിരുന്ന ഒരു ജനതയുടെ ചിത്രമല്ല ബൌദ്ധ കൃതികളില്‍ നിന്ന് ലഭിക്കുന്നത്. (ജൈന ഗ്രന്ഥങ്ങളില്‍ നിന്നും കിട്ടുന്ന ചിത്രവും മറിച്ചല്ല.) തീര്‍ച്ചയായും അക്കാലത്തും വര്‍ണ്ണങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളാണ് ഒന്നാമത്തെ വര്‍ണ്ണം എന്ന് ബ്രാഹ്മണര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ക്ഷത്രീയര്‍ അത് സമ്മതിച്ചു കൊടുത്തിട്ടില്ല. (ബ്രാഹ്മണനെ ഹീനജാതി എന്ന് പോലും വിളിക്കുന്നുണ്ട് ഒരു ജാതക കഥയില്‍) ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളിലെല്ലാം വര്‍ണ്ണങ്ങളുടെ ക്രമം പറയുമ്പോള്‍ ക്ഷത്രീയനാണ് ആദ്യം വരുന്നത് എന്നതും പ്രത്യേകം പ്രസ്താവ്യമാണ്. സത്യത്തില്‍ ബുദ്ധമതത്തിനും ജൈനമതത്തിനും ഉള്ളതായി പറയപ്പെടുന്ന ആ ബ്രാഹ്മണ വിരോധം  ചര്‍ച്ച ചെയ്യേണ്ടത്, തങ്ങളാണ് മുന്‍പന്‍മാര്‍ എന്ന ക്ഷത്രീയരുടെയും കൂടി അവകാശവാദത്തിന്റെ വെളിച്ചത്തിലാണ്. (ബ്രാഹ്മണര്‍ക്കുള്ള പ്രഥമ സ്ഥാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ബുദ്ധനും, മഹാവീരനും രണ്ടു പേരും ക്ഷത്രീയരാണ്.)

ബുദ്ധമതത്തിന്റെ (ജൈന മതത്തിന്റെയും) ഈ ക്ഷത്രീയ ചായ് വ് നമ്മുടെ ചര്‍ച്ചകളില്‍ ഒരിക്കലും കടന്നു വരാറില്ല. (ബുദ്ധന്‍ ക്ഷത്രീയനല്ല, ശാക്യന്മാര്‍ ആചരിച്ചിരുന്നത് വേദമതമല്ല,മറ്റെന്തോ ആയിരുന്നു എന്നൊക്കെ ചുമ്മാ വാദിക്കുന്ന ചില അംബേദ്ക്കറിസ്റ്റുകളെ കണ്ടിട്ടുണ്ട്.) ഹിന്ദു മതത്തിന്റെ ബ്രാഹ്മണ ചായ് വ് ചര്‍ച്ച ചെയുന്ന നമ്മള്‍ ബുദ്ധമതത്തിന്റെ (ജൈന മതത്തിന്റെയും) ക്ഷത്രീയ ചായ് വിനു നേരെ കണ്ണടക്കുന്നതെന്തുകൊണ്ട്? ക്ഷത്രീയ ചായ് വ് അംഗീകരിക്കേണ്ടി വന്നാല്‍ പണ്ട് മുതലേ തന്നെ ബ്രാഹ്മണ മേധാവിത്തമായിരുന്നു ഇവിടെ എന്ന എല്ലാവരുടെയും ഫേവററ്റ് തിയറി മാറ്റിപ്പണിയെണ്ടി വരും. ചില 'രാഷ്ട്രീയ കാരണങ്ങളാല്‍' നമ്മുടെ ചരിത്രകാരന്മാര്‍ക്ക്‌ ('eminent historians' ;-)) അത് താല്പര്യമുള്ള കാര്യമല്ല.

റോമിള ഥാപ്പര്‍ ബുദ്ധിസത്തിന്റെ ക്ഷത്രീയ ചായ് വിന് നല്‍കുന്ന ന്യായീകരണം നോക്കൂ....The origin of myths of kshtriya tribes in Buddhist literature are attempts to provide status for those who played an important part in the events relating to the establishment of Buddhism and are the counter-parts to the lineage myths in puranic traditions." പുരാണങ്ങളില്‍ കാണുന്ന ബ്രാഹ്മണ മേധാവിത്ത കഥകള്‍ക്ക് ക്ഷത്രീയര്‍ തുല്യത ഒപ്പിക്കാന്‍ ഒരു ബദല്‍ ഉണ്ടാക്കിയതാണത്രേ ഈ ക്ഷത്രീയ ചായ് വ്. അതായത് ബുദ്ധമതത്തില്‍ കാണുന്ന ക്ഷത്രീയ മേധാവിത്വം ശരിക്കും ക്ഷത്രീയ മേധാവിത്വമല്ല, ബ്രാഹ്മണ മേധാവിത്വത്തോടുള്ള അവരുടെ ഒരു റിയാക്ഷന്‍ മാത്രമാണ്. പുരാണങ്ങള്‍ ബുദ്ധന് ശേഷമാണ്. ഒരിക്കലും മുന്‍പല്ല. അതില്‍ കാണുന്ന കഥകള്‍ക്ക് ന്യായീകരണമാണ് ആദ്യം ഉണ്ടായ ബൌദ്ധ കൃതികള്‍ എന്ന് ഇങ്ങനെ ബുദ്ധിമുട്ടി വളഞ്ഞ് ''bending over backwards'' ന്യായീകരണത്തിന്റെ ആവശ്യം? ഇത് രാഷ്ട്രീയ നേതാക്കള്‍ അവരുടെ അനുയായികള്‍ കാണിക്കുന്ന  ഗുണ്ടായിസം അവരുടെ സ്വാഭാവിക പ്രതികരണമാണ് (അതായത് അക്രമം ഞങ്ങള്‍ ചെയ്താലും ഉത്തരവാദി ശരിക്കും മറ്റേ കക്ഷിയാണ്) എന്ന് ന്യായീകരിക്കുന്ന പോലെയാണ്. (ഇനി ഇതിന്റെ മറിച്ചുള്ള ഒരു സെനേറിയോ ആലോചിച്ചു നോക്കൂ. ഈ ക്ഷത്രീയ മേധാവിത്വത്തോടുള്ള ഒരു റിയാക്ഷന്‍ ആയിരുന്നു മനുസ്മൃതി പോലുള്ള ബ്രാഹ്മണ ഗ്രന്ഥങ്ങള്‍ എന്ന് ഏതെങ്കിലും ചരിത്രകാരന്‍ പറയുമോ? അങ്ങനെ പറഞ്ഞാല്‍ ഇവര്‍ അയാളെ വെറുതെ വച്ചേക്കുമോ? :-))

പിന്നെ ബ്രാഹ്മണനും ക്ഷത്രീയനും തമ്മില്‍ ഒന്നാം സ്ഥാനത്തിനു വേണ്ടി മാത്രമാണ് മത്സരം. തുല്യ പ്രാധാന്യമുള്ള രണ്ടാം സ്ഥാനം എതിര്‍ പാര്‍ട്ടിക്ക് അനുവദിച്ചു കൊടുക്കാന്‍ രണ്ടു കൂട്ടര്‍ക്കും പരസ്പരം സമ്മതമാണ്. First among equals സ്ഥാനത്തിനാണ് അവര്‍ പരസ്പരം അവകാശം ഉന്നയിക്കുന്നത്. റോമിള ഥാപ്പര്‍ തലകുത്തി നടു വളച്ച് സര്‍ക്കസ് കളിച്ചു ബുദ്ധിസത്തെ ന്യായീകരിക്കുന്നത് വെറുതെയാണ്. (മംഗലശ്ശേരി നീലകണ്ഠനും മുണ്ടക്കല്‍ ശേഖരനും തമ്മിലുള്ള മത്സരം പോലെയാണ് അത്. ഒന്നാമന്‍ ആരാണ് എന്നേ തര്‍ക്കമുള്ളൂ. എതിരാളി തീരെ മോശമല്ല, രണ്ടാം സ്ഥാനത്തിന് സര്‍വ്വധാ അര്‍ഹനാണ് എന്ന് രണ്ടു കൂട്ടരും പരസ്പരം സമ്മതിക്കുന്നുണ്ട്.) അല്ലെങ്കില്‍ ബുദ്ധന്റെ ജനനം ക്ഷത്രീയന്‍ ആയിട്ടല്ലെങ്കില്‍ ബ്രാഹ്മണന്‍ ആയിട്ടായിരിക്കും എന്ന് ഉറപ്പിച്ചു പറയില്ലല്ലോ. പകുതിയോളം ബുദ്ധന്മാര്‍ ബ്രാഹ്മണരാണ്‌ എന്ന് ശ്രദ്ധിക്കുക.

തീര്‍ന്നിട്ടില്ല. ബുദ്ധനെ കല്ലെറിയുന്നത്‌ തുടരും......

------------------------------------------------------------------------------------------------

6 അഭിപ്രായങ്ങൾ:

Anoop Pattat പറഞ്ഞു...

eagerly waiting for the next part

അജ്ഞാതന്‍ പറഞ്ഞു...

From the Wikipedia page on Lalitavistara Sutra:

Concerning the origins of the text, the Dharmachakra Translation Committee states:[6]

This scripture is an obvious compilation of various early sources, which have been strung together and elaborated on according to the Mahāyāna worldview. As such this text is a fascinating example of the ways in which the Mahāyāna rests firmly on the earlier tradition, yet reinterprets the very foundations of Buddhism in a way that fit its own vast perspective. The fact that the text is a compilation is initially evident from the mixture of prose and verse that, in some cases, contains strata from the very earliest Buddhist teachings and, in other cases, presents later Buddhist themes that do not emerge until the first centuries of the common era. Previous scholarship on The Play in Full (mostly published in the late nineteenth and early twentieth centuries) devoted much time to determining the text’s potential sources and their respective time periods, although without much success. [...] Although this topic clearly deserves further study, it is interesting to note that hardly any new research on this sūtra has been published during the last sixty years. As such the only thing we can currently say concerning the sources and origin of The Play in Full is that it was based on several early and, for the most part, unidentified sources that belong to the very early days of the Buddhist tradition.

എന്തരോ എന്തോ.

അജ്ഞാതന്‍ പറഞ്ഞു...

ചില കാര്യങ്ങളിലൊക്കെ അല്പ്പം വിയോജിപ്പ് ഉണ്ടെങ്കിലും ശരിയ്ക്കും ഗവേഷണം ചെയ്തെഴുതിയിരിയ്ക്കുന്ന നല്ല ഒന്നാം ക്ലാസ് പഠനം. ഇത് തീർച്ചയായും ഒന്ന് ചിട്ടപ്പെടുത്തി പുസ്തകമാക്കണം. മതങ്ങളുടെയെല്ലാം-ആന്ത്രപ്പോളജിക്കലി ചിന്തിച്ചാൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളുടെയെല്ലാം-ഹാൾമാർക്ക് സ്വഭാവങ്ങൾ ബുദ്ധമതത്തിനുമുണ്ടായിരുന്നെന്ന് കാണുമ്പോൾ അത്ഭുതമില്ലെങ്കിലും ചരിത്ര വ്യാഖ്യാനങ്ങൾ ഉരുട്ടിത്തിന്നിട്ടുള്ളത് ആലോചിച്ച് ലജ്ജ തോന്നുന്നു. റോമിലാ ഥാപ്പർ ഉജ്ജ്വല ചരിത്രകാരി തന്നെയാണ് എന്ന് നേരത്തേ തോന്നിയിട്ടുണ്ട്. അവരുടെ പ്രാചീന ഇന്ത്യ എന്ന പുസ്തകത്തിൽ രാമായണത്തിലെ സംഭവങ്ങൾ മഹാഭാരതത്തിലെ സംഭവങ്ങൾ നടന്നതിനു തെക്കാണ് നടന്നതെന്ന് കൊണ്ട് മഹാഭാരതത്തിന് ശേഷമാണു രാമായണമുണ്ടായത് എന്ന യാതൊരു ഉളുപ്പുമില്ലാതെ എഴുതി വച്ചിരിയ്ക്കുന്നത് കണ്ടപ്പോഴേ മനസ്സിലായതാ. അതായത് ആര്യന്മാർ എന്ന കൊള്ള സംഘം നടന്ന് നടന്ന് ബീഹാർ വരെയൊക്കെ എത്തിയപ്പോ മഹാഭാരതം ഉണ്ടായി, പിന്നെ അവർ തെക്കോട്ട് നടന്ന് നടന്ന് വന്നപ്പോ രാമായണമുണ്ടായി! എന്താല്ലേ.വേറെയുമോരുപാടു വെളിപാടുകളുണ്ട്. ജ്യോത്സ്യന്മാര് പോലും തോറ്റു പോകുന്ന ലളിതയുക്തികളും മുൻ വിധികളും അന്ധവിശ്വാസങ്ങളും വച്ചാണു ഇവരുടെയൊക്കെ ചരിത്രഗവേഷണം. വസ്തുനിഷ്ടമായി വിഷയാവതരണം നടത്തുന്ന ഇതേ പോലുള്ള പൊളിച്ചെഴുതലുകൾ അത്യാവശ്യമാണ്.അടുത്ത ഭാഗത്തിനായി കാക്കുന്നു.

മിഥുന പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മിഥുന പറഞ്ഞു...

“അക്കാലമാകുമ്പോഴേക്കേ അതൊക്കെ തീരുമാനമായിട്ടുണ്ടാകൂ എന്ന് തോന്നുന്നു.”
Yes, you are right. Initially there were only three Vedas, called Vedatrayi (Triple Science). The Atharva Veda was a comparatively late extension of these three Vedas (it shares almost 160 hymns with Rig Veda) and it was included into the sacred canon later, of course after Buddha. Moreover, Atharaveda is entirely different from the other three Vedas in content and style. I am not sure, but I think it had somewhat an inferior status as compared to other three Vedas since sorcery is given more emphasis than spiritual offerings.
I am eagerly waiting for the coming parts of your Buddha bashing.

യാത്രികന്‍ പറഞ്ഞു...

"ഇപ്പോഴത്തെ ബുദ്ധന്‍ മാത്രമല്ല അദ്ദേഹത്തിന്റെ മുന്‍പത്തെ ഇരുപത്തിനാല് അവതാരങ്ങളും ബ്രാഹ്മണനോ ക്ഷത്രീയനോ ആയിട്ടായിരുന്നു എന്ന് ബുദ്ധകൃതികളില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്."

അതു കൊണ്ടായിരിക്കും വിപ്ലവപ്പാര്ട്ടിയുടെ തലപ്പത്തും കാലാ കാലങ്ങളായി ബ്രാഹ്മണരെ മാത്രം അവര്‍ തിരഞ്ഞെടുക്കുന്നത്.

LinkWithin

Related Posts with Thumbnails