2015, മേയ് 8, വെള്ളിയാഴ്‌ച

ബുദ്ധനും വര്‍ണ്ണ വ്യവസ്ഥയും .......''മൃഗങ്ങള്‍ മൂക്കു കൊണ്ടും, ബ്രാഹ്മണര്‍ വേദങ്ങള്‍ കൊണ്ടും, രാജാക്കന്മാര്‍ ചാരന്മാരെക്കൊണ്ടും, സാധാരണ മനുഷ്യന്‍ കണ്ണുകള്‍ കൊണ്ടും കാര്യം ഗ്രഹിക്കുന്നു.'' മഹാവാസ്തു

കടുത്ത വേദവിരോധിയും ബ്രാഹ്മണ വിരോധിയും.... ഇതാണ് ബുദ്ധന്റെ നമുക്കിടയിലുള്ള ഇമേജ്. അത് ശരിയാണോ? ബ്രാഹ്മണരെയും വേദങ്ങളെയും കുറിച്ച് ബുദ്ധന്‍ എന്ത് പറയുന്നു? ബുദ്ധന്‍ ജാതിവ്യവസ്ഥ അംഗീകരിച്ചിരുന്നു എന്നു മാത്രമല്ല ഒരിക്കല്‍ പോലും അതിനു എതിരായി ഒന്നും പറഞ്ഞിട്ടുമില്ല. അങ്ങനെ നോക്കിയാല്‍ സ്വന്തം തടിക്കു പറ്റുന്ന ഒരു ആദര്‍ശവും ബുദ്ധന്‍ പറഞ്ഞിട്ടില്ല. സാങ്കേതികമായി 'ബ്രാഹ്മണ വിരോധി' എന്ന് പറയാമെങ്കിലും ബുദ്ധന്‍ സാധാരണ സങ്കല്‍പ്പിക്കുന്ന പോലത്തെ ഒരു ബ്രാഹ്മണ വിരോധിയൊന്നും ആയിരുന്നില്ല.

നമുക്ക് കഴിഞ്ഞ പോസ്റ്റില്‍ നിര്‍ത്തിയ അംബത്തന്റെ കഥ തുടരാം....അദ്യ റൌണ്ടില്‍ താനടങ്ങുന്ന ക്ഷത്രീയരാണ് ബ്രാഹ്മണരേക്കാള്‍ മുന്തിയവര്‍ എന്ന് ''തെളിയിച്ച്'' ബുദ്ധന്‍ ലീഡ് ചെയ്യുകയാണ്. (ബുദ്ധന്‍ അംബത്തനെ മലര്‍ത്തിയടിച്ചത് യുക്തിപൂര്‍വ്വം എന്തെങ്കിലും വാദങ്ങള്‍ ഉന്നയിച്ചല്ല, പണ്ടത്തെ വേദ ബ്രാഹ്മണരുടെ അഭിപ്രായത്തിന്റെ പ്രാമാണ്യം ഉദ്ധരിച്ച് 'Appeal to authority' എന്ന യുക്തിയാഭാസം കൊണ്ടായിരുന്നു എന്നോര്‍ക്കുക.) അംബത്തനാനെങ്കില്‍ വന്ന കാര്യം, മഹാപുരുഷ ലക്ഷണങ്ങള്‍ എല്ലാം കാണാനുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുമില്ല. രണ്ടെണ്ണം ഒഴിച്ചു ബാക്കിയെല്ലാം ഇതിനിടക്ക്‌ അംബത്തന്‍ കണ്‍ഫേം ചെയ്തു കഴിഞ്ഞു. ഇനിയും അറിഞ്ഞു കൂടാത്ത രണ്ടു കാര്യങ്ങളില്‍ ഒന്ന് 'ഉറയുള്ള അവയവം' ബുദ്ധനുണ്ടോ എന്നാണ്. അതിന്റെ സത്യാവസ്ഥ അറിയാന്‍ അത്ര എളുപ്പമല്ല താനും. :-)

അംബത്തന്റെ ബ്രാഹ്മണഗുരു കൊള്ളരുതാത്തവനാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബുദ്ധന്റെ രണ്ടാമത്തെ ഇന്നിംഗ്സ് തുടങ്ങുന്നത്. അംബത്തന്റെ ഗുരുവായ പൊക്കാറസതി എന്ന ബ്രാഹ്മണന് കോസല രാജാവായ പസേനദി വന്‍പിച്ച സ്വത്തുവകകള്‍ ദാനമായി കൊടുത്തിട്ടുണ്ടെങ്കിലും ഒരിക്കലും പൊക്കാറസതിയെ നേരിട്ട് മുഖം കാണിക്കാന്‍ അനുവദിച്ചിട്ടില്ല. കൂടിക്കാഴ്ചകളെല്ലാം ഒരു കര്‍ട്ടന്റെ പുറകില്‍ നിന്നു മാത്രം. അത്ര പുച്ഛമാണ് അദ്ദേഹത്തിന് ഈ ബ്രാഹ്മണരെ. (നമ്മള്‍ രാഷ്ട്രീയക്കാരോട് പെരുമാറുന്നപോലെ. സംഭാവനയൊക്കെ കൊടുക്കും. അവരോടു പുച്ഛമാണ് താനും.) പസേനദി തന്നെ ഒരിക്കല്‍ ബുദ്ധനോട് തനിക്കു ബ്രാഹ്മണരെ കുറിച്ചുള്ള അഭിപ്രായം പറയുന്നുണ്ട്. ''Venerable one, I have seen those learned Brahmans, filled with pride in their learning, acting and speaking accordingly. I have seen their self-sufficiency and their intolerance for all other opinions.'' വളരെ പഠിപ്പുള്ള ബ്രാഹ്മണരെ പോലും ക്ഷത്രീയര്‍ പുച്ഛത്തോടെയാണ് കണക്കാക്കുന്നത് എന്ന് ബുദ്ധന്‍ അംബത്തനോട്  പറയുന്നുണ്ട്. (പക്ഷേ അങ്ങനെയല്ലല്ലോ നമ്മുടെ ചരിത്രകാരന്മാര്‍ നമ്മോടു പറഞ്ഞുതന്നിട്ടുള്ളത്? ഇവിടെ മുഴുവന്‍ ബ്രാഹ്മണ മേധാവിത്വമായിരുന്നു, ബ്രാഹ്മണര്‍ രാജാക്കന്മാരെ അടക്കി ഭരിക്കുകയായിരുന്നു, ഇവിടെ മുഴുവന്‍ മനുസ്മൃതി പ്രകാരമായിരുന്നു കാര്യങ്ങള്‍. ബ്രാഹ്മണരുടെ വാക്ക് കേട്ട് സ്വയം ചിന്തിക്കാന്‍ പ്രാപ്തിയില്ലാത്ത ഈ ക്ഷത്രീയന്മാര്‍ പാവം ബുദ്ധസന്യാസിമാരെ നിഷ്കരുണം വേട്ടയാടുകയായിരുന്നു എന്നൊക്കെയല്ലെ ?)

ഇനി അംബത്തനോട് ബുദ്ധന്റെ ചോദ്യം... ഒരു രാജാവ് ആനപ്പുറത്തോ കുതിരപ്പുറത്തോ തേരിലോ ഇരുന്നുകൊണ്ട് അദ്ദേഹത്തിന്റെ സാമന്തന്മാരോടോ മറ്റു പ്രധാനികളോടോ രാജ്യകാര്യങ്ങള്‍ സംസാരിക്കുകയാണ് എന്ന് കരുതുക. രാജാവ് അവിടുന്ന് മാറിയ തക്കത്തിന് ഒരു ശൂദ്രനോ അടിമയോ ആ സ്ഥാനത്ത് കേറിയിരുന്ന് രാജാവിനെപോലെ നടിച്ചാല്‍ അയാള്‍ക്ക്‌ രാജാവിന് കിട്ടുന്ന ബഹുമാനം കിട്ടുമോ? ഒരിക്കലുമില്ല എന്ന് അംബത്തന്‍. അതുപോലെയാണ് പണ്ടത്തെ ഋഷിമാരും ബ്രാഹ്മണരും (വാമകന്‍,വാമദേവന്‍, വിശ്വാമിത്രന്‍, അംഗിരസ്സ്, ഭരദ്വാജന്‍, വസിഷ്ഠന്‍,കാശ്യപന്‍, ഭൃഗു മുതലായവരെ പേരെടുത്തു പറയുന്നുണ്ട്.‍) എഴുതിയതും ചൊല്ലിയതുമായ വേദ മന്ത്രങ്ങള്‍ കാണാതെ പഠിച്ചതുകൊണ്ട് താനും ഇവരുടെ അതേ നിലവാരത്തിലാണ് എന്ന് ഇപ്പോഴുള്ള ബ്രാഹ്മണര്‍ ഭാവിക്കുന്നത്.

അപ്പൊ അത്രെ ഉള്ളൂ. കാര്യം. പണ്ടത്തെ ബ്രാഹ്മണനായിരുന്നു ബ്രാഹ്മണന്‍. (ഇപ്പോഴത്തെ ബ്രാഹ്മണര്‍ മോശക്കാരായതുകൊണ്ടാണല്ലോ ബുദ്ധന്‍ ഈ അവതാരമെടുക്കാന്‍ ക്ഷത്രീയ വര്‍ണ്ണം തിരഞ്ഞെടുത്തതു തന്നെ.) ഒരു തരം അമ്മാവന്‍ സിന്‍ഡ്രോം. നമ്മുടെ പുരോഗമന ബുദ്ധി ജീവികള്‍ പറയുന്ന പോലെ ഒരു ബ്രാഹ്മണവിരോധവും ബുദ്ധനില്ല. ബുദ്ധന് ബ്രാഹ്മണരോടുള്ള എതിര്‍പ്പ് അവര്‍ പണ്ടത്തെ ഋഷിമാരുടെ പോലെയല്ല ജീവിക്കുന്നത് എന്നു മാത്രമാണ്.  ബ്രാഹ്മണര്‍ അവരുടെ പൂര്‍വ്വകാലം മറന്നു എന്നാണ് ബുദ്ധന്റെ പ്രധാന ആരോപണം. വേദങ്ങളേയോ അതെഴുതിയ പണ്ടത്തെ ഋഷിമാരെയോ കുറിച്ച് ബുദ്ധനു ഒരു എതിര്‍പ്പുമില്ല എന്ന് മാത്രമല്ല വളരെ ബഹുമാനമാണ് താനും. ദിഗ്ഗ നികായയില്‍ ഒരിടത്ത് സപ്തര്‍ഷികളിലൊരാളും ബ്രാഹ്മണനുമായ അംഗിരസ്സിനെ ബുദ്ധനുമായി തുല്യപ്പെടുത്തിയാണ് പറയുന്നത്.

"Homage to Angirasa (the Buddha Gotama), the son of the Sakyas, who is full of radiance, and who proclaimed the Dhamma that dispels all suffering.'' (Digha Nikaya 32-Atanatiya Sutta)

മറ്റൊരു സ്ഥലത്തും  ബുദ്ധനെ അംഗിരസ്സുമായി ഉപമിക്കുന്നതു കാണാം.Like the red lotus, sweet-scented, full blown'
At dawn of day,unspent its perfume'st reasure,
Behold him ! the Angirasa shedding radiance
As shines the sun filling all heaven with glory.
(Samyuktha Nikhaya-kosala)


അപ്പൊ വെറും ബ്രാഹ്മണ വിരോധമല്ല കാര്യം എന്ന് മനസ്സിലാക്കാം. നമ്മുടെ സിനിമയിലൊക്കെ സ്ഥിരം കാണുന്ന ചില ക്ലിഷേ കഥാപാത്രങ്ങളില്ലെ? കടുത്ത കമ്യൂണിസ്റ്റ് അനുഭാവിയായിരിക്കും. പക്ഷേ ഇപ്പോളുള്ള കമ്യൂണിസ്റ്റുകാരെ പുച്ഛമാണ്. പണ്ടത്തെ കമ്യൂണിസ്റ്റുകാര്‍ കട്ടന്‍ചായ കുടിച്ചും പരിപ്പുവട തിന്നും പാര്‍ട്ടി ആപ്പിസിലെ കാലൊടിഞ്ഞ ബെഞ്ചില്‍ കിടന്നുറങ്ങിയത് അയവിറക്കും. അങ്ങനെ വേണം യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ എന്ന് ഉത്ഘോഷിക്കും. അതുപോലൊരു 'കമ്യൂണിസ്റ്റ് വിരുദ്ധനായ' കമ്യൂണിസ്റ്റാണ് ബുദ്ധന്‍.

'ശരിക്കുള്ള' ബ്രാഹ്മണര്‍ പണ്ടായിരുന്നു എന്നാണ് ബുദ്ധന്‍ സമര്‍ത്ഥിക്കുന്നത്. പണ്ടത്തെ ബ്രാഹ്മണര്‍ നല്ലത്. ഇപ്പോഴത്തേത് എല്ലാം കള്ളന്മാര്‍ എന്ന രീതി. പണ്ടത്തെ ഋഷിമാരൊന്നും താടിയും മുടിയും ചീകി മിനുക്കി, സുഗന്ധ ദ്രവ്യങ്ങള്‍ പൂശി,മാലകളും രത്നങ്ങളും അണിഞ്ഞ് പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന സുഖങ്ങളെല്ലാം അനുഭവിച്ചല്ല ജീവിച്ചത് എന്ന് ബുദ്ധന്‍ അംബത്തനോടു പറയുന്നു‍. (ഇപ്പോഴത്തെ ബ്രാഹ്മണര്‍ ഇങ്ങനെയാണ് എന്ന് വ്യംഗ്യം.) പൊക്കാറസതി രാജാവിന്റെ ദയവിലാണെങ്കിലും (ബ്രഹ്മദയ) അത്യാഡംഭര പൂര്‍വ്വം ജീവിക്കുന്നത് ബുദ്ധനു പിടിച്ചിട്ടില്ല എന്ന് അദ്ദേഹം അംബത്തനോട് സൂചിപ്പിക്കുന്നു. പൊക്കാറസതിയുടെ ഒരു അപ്രന്റീസ് മാത്രമായ അംബത്തന്‍ പോലും ബുദ്ധനെ കാണാന്‍ വരുന്നത് തേരിലാണ്. (അക്കാലത്തെ റോള്‍സ് റോയ്സ് ‌) ഇപ്പോഴത്തെ ബ്രാഹ്മണര്‍/ വേദപണ്ഡിതര്‍ (പൊക്കാറസതിയും അംബത്തനും അടക്കം) ഏറ്റവും മികച്ച അരി, അതിലെ കറുത്ത അരിയെല്ലാം മാറ്റിയത്,നല്ല മാംസവും പലതരം കറികളും കൂട്ടിയാണ് ഭക്ഷിക്കുന്നത്. (പണ്ടുള്ളവര്‍ അങ്ങനെയല്ലായിരുന്നു.) അവര്‍ക്ക് നല്ല വസ്ത്രം ധരിച്ച ദാസിമാരുണ്ട്. (പണ്ടത്തെ ബ്രാഹ്മണര്‍ അങ്ങനെയല്ലായിരുന്നു.) അവര്‍ സഞ്ചരിക്കാന്‍ നല്ല കുതിരകളെ പൂട്ടിയ തേരുകള്‍ ഉപയോഗിക്കുന്നു. വലിയ പട്ടണങ്ങളില്‍ സുരക്ഷിതമായ ഇടങ്ങളില്‍ താമസിക്കുന്നു (അല്ലാതെ കാട്ടില്‍ കുടിലു കെട്ടിയല്ല.‍) അതിനാല്‍ അംബത്തനും അദ്ദേഹത്തിന്റെ ഗുരു പൊക്കാറസതിയും മറ്റു ബ്രാഹ്മണരുമൊക്കെ വേദോച്ഛാരണം നടത്തുന്നുണ്ടെങ്കിലും ശരിയായ ബ്രാഹ്മണരല്ല. (അവര്‍ രാജാവിനെപ്പോലെ നടിക്കുന്ന ശൂദ്രന്‍മാര്‍ മാത്രമാണ് എന്നാണല്ലോ ബുദ്ധന്റെ ഉപമ.) ബ്രാഹ്മണ്യത്തേക്കുറിച്ചുള്ള സമാനമായ അഭിപ്രായം ബുദ്ധന്‍ വേറെ ഇടങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. (ഉദാഹരണം...സുത്ത നിപാത 295 ff)

ദിഗ്ഗ നിഖായയിലെ തേവിജ സത്തയിലും ബുദ്ധന്‍ ഇതുതന്നെയാണ് ആരോപിക്കുന്നത്. ബ്രാഹ്മണര്‍ ജീവിതം അസ്വദിക്കുന്നു. ബ്രാഹ്മണര്‍ അങ്ങനെയല്ല ജീവിക്കേണ്ടത് എന്നാണ് ബുദ്ധന്റെ അഭിപ്രായം. ('ആര്യന്‍' വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നത് എന്നും ബുദ്ധന്‍ സൂചിപ്പിക്കുന്നുണ്ട്.)

''In just the same way, Vasettha, in the Ariyan discipline these five strands of sense-desire are called bonds and fetters. Which five? Forms seen by the eye which are agreeable, loved, charming, attractive, pleasurable, arousing desire, sounds heard by the ear, smells smelt by the nose, tastes savoured by the tongue, contacts felt by the body which are agreeable, arousing desire. These five in the Ariyan discipline are called bonds and fetters. And, Vasettha, those Brahmins learned in the Three Vedas are enslaved, infatuated by these five strands of sense-desire, which they enjoy guiltily, unaware of danger, knowing no way out.”

“But that such Brahmins learned in the Three Vedas, who persistently neglect what a Brahmin should do, who are enslaved by these five strands of sense-desire, knowing no way out, should attain after death, at the breaking-up of the body, to union with Brahma - that is just not possible.''
(Digha Nikaya - Tevijja Sutta)


ബ്രാഹ്മണര്‍ ബ്രഹ്മാവിന്റെ വായില്‍ നിന്ന് ഉത്ഭവിച്ചവരാണ് എന്ന ബ്രാഹ്മണരുടെ അവകാശ വാദത്തെ ബുദ്ധന്‍ അംഗീകരിച്ചില്ല എന്നത് സത്യം. ബ്രഹ്മാവിന്റെ വായില്‍നിന്നാണ് ബ്രാഹ്മണരുടെ ഉത്ഭവം എന്ന വാദത്തെ ഖണ്ഡിക്കാന്‍ വസേത്ത എന്ന ബ്രാഹ്മണനോട് ബുദ്ധന്‍ പറയുന്നത്, ഈ ബ്രാഹ്മണരെല്ലാം ജനിക്കുന്നത് സാധാരണ കുട്ടികള്‍ ജനിക്കുന്നപോലെ തന്നെയാണ് എന്നാണ്. ആരും വായില്‍ക്കൂടിയല്ല ജനിക്കുന്നതായി കാണുന്നത്. 

''we can see Brahmin women, the wives of Brahmins, who menstruate and become pregnant, have babies, and give milk. And yet these womb-born Brahmins talk about being born from Brahma’s mouth...These Brahmins misrepresent Brahma, tell lies and earn much demerit.'' ( Digha Nikaya- Agganna Sutta: 27)

സത്യത്തില്‍ ബുദ്ധന്റെ ഈ വാദം ഒരു ലോജിക്കല്‍ ഫാലസിയാണ്. ബ്രാഹ്മണരുടെ അവകാശവാദം ബ്രാഹ്മണ ജാതിയുടെ ഉത്ഭവം ബ്രഹ്മാവിന്റെ വായില്‍ നിന്നാണ് എന്നാണ്. അല്ലാതെ ഇപ്പോഴുള്ള ഓരോ ബ്രാഹ്മണ കുട്ടിയും ജനിക്കുന്നത് ബ്രഹ്മാവിന്റെ വായില്‍ നിന്നാണ് എന്നല്ല. ബുദ്ധന്‍ ഒരു സ്റ്റ്രോമാന്‍ വാദമാണ് അവതരിപ്പിക്കുന്നത്‌. (അതിപ്പോ നിഷ്പക്ഷമായി നോക്കിയാല്‍ ബുദ്ധന്റെ പലേ വാദങ്ങളും ഇതുപോലെ വെറും വാചോടോപങ്ങള്‍ മാത്രമാണ്. കടുത്ത ഭക്തര്‍ക്ക്‌ (ചില ''ബുദ്ധിസ്റ്റ് യുക്തിവാദികള്‍ക്കും'' ;-)) എന്തോ വല്യ കാര്യം പറഞ്ഞ പോലെ തോന്നും. അവര്‍ക്ക് കേട്ട് കൈയടിക്കാം. അത്ര തന്നെ.)

ബോധോദയത്തിനു ശേഷം ബുദ്ധന്റെ ആദ്യത്തെ സംഭാഷണം തന്നെ ആരാണ് ശരിയായ ബ്രാഹ്മണന്‍ എന്നതിനെക്കുറിച്ചായിരുന്നു. ബോധോദയം കിട്ടിയ സന്തോഷത്തില്‍ ബുദ്ധന്‍ ഒരു ആല്‍മരച്ചോട്ടില്‍ ഇരിക്കവെ (ഇടയന്മാരുടെ ആല്‍മരം-goatherd's tree) ഒരു ബ്രാഹ്മണന്‍ പിറുപിറുത്തുകൊണ്ട് ബുദ്ധന്റെ അടുത്തെത്തി ആരാണ് ബ്രാഹ്മണന്‍, എന്താണ് ബ്രാഹ്മണ ലക്ഷണം എന്നതിനെക്കുറിച്ച് ചോദിച്ചു.

''That brahmana who has barred wickedness,
Not grumbling, free from blemish, self-restrained,
With perfect understanding, (and) the spiritual life accomplished,
Righteously he might speak a word about the Brahman,
For him there is no arrogance anywhere in the world.''
(Maha vagga 1:2)

 

(ഈ ജന്മ ബ്രാഹ്മണന് പിന്നീട് എന്തു പറ്റി എന്ന് കഥയില്‍ പറയുന്നില്ല. കര്‍മ്മ ബ്രാഹ്മണ്യത്തെ ക്കുറിച്ചുള്ള ഈ ഉത്തരം പിടിക്കാതെ അയാള്‍ പിറുപിറുത്തു കൊണ്ട് പോയിക്കാണണം.)

ബുദ്ധന്‍ ധാരാളം ഇടങ്ങളില്‍ 'യഥാര്‍ത്ഥ ബ്രാഹ്മണന്‍' ആരാണ് എന്ന് പറയുന്നുണ്ട്. ധര്‍മ്മപദത്തിലെ ഇരുപത്താറാം അദ്ധ്യായം മുഴുവനും (ആ അധ്യായത്തിന്റെ പേര് തന്നെ ബ്രാഹ്മണവഗ്ഗ എന്നാണ്) നാല്‍പത്തില്‍ പരം ശ്ലോകങ്ങള്‍ ബ്രാഹ്മണന്റെ നിര്‍വചനങ്ങളാണ്. അതില്‍ ചിലത്....

''താമരയിലയില്‍ വെള്ളമെന്ന പോലെയും സൂചിയുടെ അഗ്രത്തില്‍ കടുകുമണി എന്ന പോലെയും ഏതൊരാളില്‍ കാമാദികള്‍ പറ്റുന്നില്ലയോ അയാളെയാണ് ഞാന്‍ ബ്രാഹ്മണന്‍ എന്ന് പറയുന്നത്.'' (401)

''ഒരു മനുഷ്യന്‍ ജഡ കൊണ്ടോ ഗോത്രം കൊണ്ടോ ജനനം കൊണ്ടോ ബ്രാഹ്മണനായിത്തീരുന്നില്ല. ഏതൊരുത്തനില്‍ സത്യവും ധര്‍മ്മവും ഉണ്ടോ അവനാകുന്നു പരിശുദ്ധന്‍. അവന്‍ തന്നെയാണ് ബ്രാഹ്മണന്‍.'' (393)

''ചരാചരങ്ങളായ ഭൂതങ്ങളിലൊന്നിലും ഹിംസ ചെയ്യാതെയും ചെയ്യിക്കാതെയും ഇരിക്കുന്നവനാണ് ബ്രാഹ്മണന്‍.'' (405)

''പൂര്‍വ്വ ജനനമരണ ജ്ഞാനമുള്ളവനായി,സ്വര്‍ഗ്ഗ നരക ജ്ഞാനമുള്ളവനായി, നിര്‍മ്മല ജ്ഞാനകാരണമായ വിഷയാവാസനാരഹിത്യമുള്ളവനായി,രാഗദ്വേഷാദി ദോഷരഹിതനായി,സിദ്ധശിരോമണി പരമഹംസനായിട്ടുള്ളവനെയാണ് ഞാന്‍ ബ്രഹ്മനാണെന്ന് പറയുന്നത്.'' (423)

ഒരിക്കല്‍ ജന്മം കൊണ്ട് ക്ഷത്രീയരായ ഒരു കൂട്ടം ഭിക്ഷുക്കളെ കണ്ടപ്പോള്‍ ബുദ്ധന്‍ അവരെ ''ബ്രാഹ്മണരേ'' എന്നു വിളിച്ചാണ് സ്വാഗതം ചെയ്തത്. ജന്മ ബ്രാഹ്മണനായ ഒരു ശിഷ്യന്‍ ക്ഷത്രീയരെ ബ്രാഹ്മണര്‍ എന്ന് വിളിക്കുന്നതില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ ബുദ്ധന്‍ പറഞ്ഞത് ഇപ്രകാരമാണ്.

''Having banished evil qualities,
those who go about ever mindful,
awakened, their fetters ended:
They, in the world,
are truly brahmans.''
(Udana 1,5)


ബുദ്ധന്‍ സ്വയവും ബ്രാഹ്മണന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

''This was said by the Blessed One, said by the Arahant, so I have heard: "I am a brahman, responsive to requests, open-handed, bearing my last body, an unsurpassed doctor & surgeon. You are my children, my sons, born from my mouth, born of the Dhamma, created by the Dhamma, heirs to the Dhamma, not heirs in material things.'' (Itivuttaka 100: Khuddaka Nikaya, Sutta Pitaka.)

മിലിന്ദ പ്രശ്ന എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥത്തില്‍ മിലിന്ദ രാജാവ് ഉന്നയിക്കുന്ന ഒരു സംശയം തന്നെ ക്ഷത്രീയനായ ബുദ്ധന്‍ സ്വയം ബ്രാഹ്മണന്‍ എന്ന് വിശേഷിപ്പിച്ചതിനെ സംബന്ധിച്ചാണ്.

''Venerable Nagasena, this too was said by the Blessed One:

"A Brahman am I, O brethren, devoted to self-sacrifice "

'But on the other hand he declared:

"A king am I, Sela."

'If, Nagasena, the Blessed One were a Brahman, then he must have spoken falsely when he said he was a king. But if he were a king, then he must have spoken falsely when he said he was a Brahman. He must have been either a Khattiya or a Brahman. For he could not have belonged, in the same birth, to two castes. This too is a double-edged problem, now put to you, which you have to solve.'


നാഗസേനയുടെ ഇതിനുള്ള ഉത്തരം ബുദ്ധന്‍ നേരത്തെ ചെയ്ത പോലെ ബ്രാഹ്മണന്‍ എന്നതിന്റെ പുനര്‍ നിര്‍വ്വചനമാണ്.

'Because all evil qualities, not productive of merit, are in the Tathagata suppressed, abandoned, put away, dispelled, rooted out, destroyed, come to an end, gone out, and ceased, therefore is it that the Tathagata is called a Brahman. A Brahman , O king, means one who has passed beyond hesitation, perplexity, and doubt. And it is because the Tathagata has done all this, that therefore also is he called a Brahman. 

A Brahman, O king, means one who has escaped from every sort and class of becoming, who is entirely set free from evil and from stain, who is dependent on himself, and it is because the Tathagata is all of these things, that therefore also is he called a Brahman. A Brahman, O king, means one who cultivates within himself the highest and best of the excellent and supreme conditions of heart . And it is because the Tathagata does this that therefore also is he called a Brahman.

A Brahman, O king, means one who carries on the line of the tradition of the ancient instructions concerning the learning and the teaching of sacred writ, concerning the acceptance of gifts, concerning subjugation of the senses, self-control in conduct, and performance of duty. And it is because the Tathagata carries on the line of the tradition of the ancient rules enjoined by the Conquerors  regarding all these things, that therefore also is he called a Brahman. 

A Brahman, O king, means one who enjoys the supreme bliss of the ecstatic meditation. And it is because the Tathagata does this, that therefore also is he called a Brahman. A Brahman, O king, means one who knows the course and revolution of births in all forms of existence. And it is because the Tathagata knows this, that therefore also is he called a Brahman. The appellation "Brahman," O king, was not given to the Blessed One by his mother, nor his father, not by his brother, nor his sister, not by his friends, nor his relations, not by spiritual teachers of any sort, no, not by the gods. It is by reason of their emancipation that this is the name of the Buddhas, the Blessed Ones. From the moment when, under the Tree of Wisdom, they had overthrown the armies of the Evil One, had suppressed in themselves all evil qualities not productive of merit, and had attained to the knowledge of the Omniscient Ones, it was from the acquisition of this insight, the appearance in them of this enlightenment, that this true designation became applied to them,--the name of "Brahman." And that is the reason why the Tathagata is called a Brahman.

Aside point:.... ആരെങ്കിലും ഇവിടെ 'circular argument' എന്ന ന്യായ വൈകല്യം ശ്രദ്ധിച്ചോ?ആദ്യം ബ്രാഹ്മണന്‍ എന്ന വാക്കിനെ ബുദ്ധന്‍ എന്നു നിര്‍വ്വചിച്ചു. ബുദ്ധന്‍ = ബ്രാഹ്മണന്‍  (this is the name of the Buddhas, the Blessed Ones) എന്നിട്ട് അതില്‍നിന്നുള്ള നിഗമനം, ബുദ്ധന്‍ ഒരു ബ്രാഹ്മണനാണ്.... .!!.. അതാണ്‌ ബുദ്ധിസ്റ്റ് ലോജിക്. (നമ്മുടെ അറിയപ്പെടുന്ന ഒരു യുക്തിവാദി മിലിന്ദ പ്രശ്നം വായിച്ചു രോമാഞ്ചം വന്നു എന്ന് ഒരിക്കല്‍ പറഞ്ഞത് കേട്ടാണ് ഞാന്‍ മിലിന്ദ പ്രശ്ന എന്ന ഈ ബുക്ക്‌ ശ്രദ്ധിക്കുന്നത് തന്നെ. ഈ ലോജിക്കല്‍ ഫാലസിയോക്കെ വായിച്ച് പുളകം കൊള്ളാന്‍ വേറെ ആളേ നോക്കണം. :-) )

സ്വയം ബ്രാഹ്മണന്‍ എന്നു വിളിക്കുന്ന ബുദ്ധന്‍ ബ്രാഹ്മണവിരോധിയാകുന്നതെങ്ങിനെ? ഈ പ്രശ്നം ഉള്ളതുകൊണ്ടാകാം, ബുദ്ധന്‍ ഒരിക്കലും സ്വയം ബ്രാഹ്മണന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ല,അതിനു ഒരു ഗ്രന്ഥത്തിലും തെളിവില്ല എന്ന് ഏതോ അംബേദ്ക്കറിസ്റ്റ് ചുമ്മാ തട്ടിമൂളിക്കുന്ന ഒരു ബുദ്ധിസ്റ്റ്/ അംബേദ്ക്കറിസ്റ്റ് വെബ് സൈറ്റ് ഒരിക്കല്‍ കണ്ടിരുന്നു. (ബുദ്ധനെ ഒന്ന് വെളുപ്പിച്ചെടുക്കാന്‍ എന്തൊക്കെ മറച്ചു വയ്ക്കണം, വളച്ചൊടിക്കണം?) ബുദ്ധന്‍ സ്വയം ബ്രാഹ്മണന്‍ എന്ന് കരുതിയിരുന്നതായി തെളിഞ്ഞാല്‍ ബ്രാഹ്മണവിരോധി എന്ന ലേബലില്‍ ബുദ്ധനെ മാര്‍ക്കെറ്റ് ചെയ്യാന്‍ പിന്നെ പറ്റുമോ? (ഇനി ബുദ്ധന്‍ ബ്രാഹ്മണവിരോധിയായിരുന്നു എന്നും പറഞ്ഞോണ്ട് ഇനി ഒരുത്തനും ഈ ഏരിയയില്‍ വന്നു പോകരുത്. :-))

----------------------------------------------------------------------

''Birth makes not a man an outcast,
Birth makes not a man a brahmin;
Action makes a man an outcast,
Action makes a man a brahmin."
(Sutta-nipata, 142)


ബ്രാഹ്മണ്യം കര്‍മ്മസിദ്ധമാണ് എന്ന ബുദ്ധന്റെ അഭിപ്രായം ഇപ്പോള്‍ നമ്മുടെ ബുദ്ധിജീവികള്‍ 'സംഘി' വാദം എന്ന് ആരോപിക്കുന്ന വാദം തന്നെയാണ്.  ബുദ്ധന്റെ സംഘത്തില്‍ ജാതിവ്യത്യാസം ഇല്ലായിരുന്നു എങ്കിലും ( അത് പക്ഷെ അക്കാലത്തെ മറ്റൊരു സന്യാസി സംഘങ്ങളിലും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അത് ബുദ്ധിസത്തിന്റെ മാത്രം മഹത്വമൊന്നുമല്ല.) ബുദ്ധനു വേണമെങ്കില്‍ ഗൃഹസ്ഥരായി ജീവിക്കുന്ന തന്റെ ഭക്തരോട് (ഉപാസകര്‍) ജാതിവ്യത്യാസം ഉപേക്ഷിക്കാന്‍ ഉപദേശിക്കാമായിരുന്നു. ബുദ്ധന്‍ അതൊന്നും ചെയ്തിട്ടില്ല.

ഒരു പക്ഷേ ബ്രാഹ്മണന്‍ എന്ന വാക്കിന് ഒരാള്‍ ജനിക്കുന്ന വര്‍ണ്ണം എന്നതിന് പകരം നല്ല കര്‍മ്മം കൊണ്ട് നേടാവുന്ന ഒരു പദവി എന്ന നിര്‍വ്വചനം കൊടുത്തതു പോലും ബുദ്ധനായിരിക്കാം. (നമ്മുടെ ബുദ്ധിജീവികള്‍ ഇപ്പോള്‍ 'സംഘി വാദം' എന്ന് പറഞ്ഞു തള്ളുന്ന അതേ വാദം.) ബ്രാഹ്മണ്യം ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് സിദ്ധിക്കുന്നത് എന്ന ബുദ്ധന്റെ വാദം ബ്രാഹ്മണരും ക്ഷത്രീയരും തമ്മില്‍ ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം നടക്കുന്ന ആ കാലഘട്ടത്തില്‍ ക്ഷത്രീയനായ ബുദ്ധന്റെ ഒരു ''coup de grace'' ആയിരുന്നിരിക്കാം. ബ്രാഹ്മണ്യം ഒരു വര്‍ണ്ണ നാമമല്ല, അത്  ക്ഷത്രീയത പോലെ ജന്മനാ കിട്ടുന്നതല്ല എന്നു വരുത്തുക.

അപ്പോള്‍ ആര്‍ക്കും കര്‍മ്മം കൊണ്ട് ബ്രാഹ്മണനാകാം. അങ്ങനെ ബ്രാഹ്മണ്യത്തിന്റെ അനന്യത (exclusivity) ബുദ്ധന്‍ തകര്‍ത്തു കളഞ്ഞു. എന്നാല്‍ ക്ഷത്രീയത്വം ജന്മം ജന്മം കൊണ്ടേ കിട്ടൂ. അതൊരിക്കലും മോശം കര്‍മ്മം ചെയ്തതുകൊണ്ട് നഷ്ട്ടപ്പെടുകയുമില്ല. (അംബത്തന്റെ കഥയില്‍ ക്ഷത്രീയരുടെ മേന്മക്ക് ബുദ്ധന്‍ പറയുന്ന ന്യായങ്ങള്‍ നോക്കുക. ''But thereby, Ambattha, the Kshatriya would have fallen into the deepest degradation, shaven as to his head, cut dead with the ash-basket, banished from land and township. So that, even when a Kshatriya has fallen into the deepest degradation, still it holds good that the Kshatriyas are higher, and the Brahmans inferior.'') 

ബുദ്ധനോ അദ്ദേഹത്തിന്റെ ശിഷ്യരോ ബുദ്ധന്റെ ക്ഷത്രീയത്വം ഒരിക്കലും നിരാകരിച്ചിട്ടില്ല. (അത് അംബത്തനോടുള്ള സംഭഷണത്തിലും നമ്മള്‍ നേരത്തെ കണ്ടതാണല്ലോ. മുകളിലെ മിലിന്ദ പ്രശ്നത്തിലെ "A king am I, Sela." എന്ന പ്രസ്താവനയും ശ്രദ്ധിക്കുക.) ബുദ്ധന്‍ പരിനിര്‍വ്വാണം പ്രാപിച്ച ശേഷം അദ്ദേഹത്തിന്റെ ശവദാഹം കഴിഞ്ഞപ്പോള്‍ ചുറ്റുമുള്ള രാജാക്കന്മാര്‍ ബുദ്ധന്റെ തിരുശേഷിപ്പിനായി അവകാശം ഉന്നയിച്ചു. തര്‍ക്കം ഏകദേശം ഒരു യുദ്ധത്തിന്റെ അടുത്തുവരെ എത്തി. ഈ രാജാക്കന്മാര്‍ ഉന്നയിച്ച ന്യായം ബുദ്ധനും തങ്ങളേപ്പോലെ ഒരു ക്ഷത്രീയനാണ് എന്നാണ്. (അല്ലാതെ ബുദ്ധന്റെ അനുയായികളായതുകൊണ്ട് തങ്ങള്‍ക്ക് അതില്‍ അവകാശമുണ്ട് എന്നല്ല.) ഈ വാദം ന്യായമാണെന്ന് എല്ലാവരും, ബുദ്ധശിഷ്യന്‍മാരടക്കം അംഗീകരിക്കുകയാണ് ചെയ്തത്. ബുദ്ധന്റെ 'വിപ്ലവം' കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നതിന് ഇതിലും നല്ല തെളിവ് വേണോ?

In ancient India the Bramhins were the only educated class. They were also the Class which was claiming to be above all others. Buddha disputed their claim for supremacy and declared a war on the Brahmins. (Revolution and counter revolution -Ambedker)
സത്യത്തില്‍ ബ്രാഹ്മണരും ക്ഷത്രീയരും തമ്മിലുള്ള മത്സരത്തില്‍ ക്ഷത്രീയനായ ബുദ്ധന്റെ ഈ കൊനുഷ്ടു വേലയാണ് ബുദ്ധന്‍ വര്‍ണ്ണ വ്യവസ്ഥക്കെതിരെ പോരാടി എന്നൊക്കെ നമ്മള്‍ പാടി നടക്കുന്നത്. (കര്‍മ്മ ബ്രാഹ്മണ്യം എന്ന നിര്‍വ്വചനത്തെ ബ്രാഹ്മണര്‍ക്കും എതിര്‍ക്കാന്‍ പറ്റില്ല. എല്ലാവരും തങ്ങള്‍ വളരെ മാന്യന്മാരാണ്, ഈ ബ്രാഹ്മണ നിര്‍വച്ചനത്തിനനുസരിച്ചാണ് തങ്ങളുടെ ജീവിതം എന്നാണല്ലോ സ്വയം കരുതുന്നുണ്ടാകുക. അപ്പോള്‍ ഇതിനെ എതിര്‍ക്കുക എന്നാല്‍ ഞങ്ങളുടെ കൂട്ടത്തില്‍ ജനിച്ചു പോയ തോന്ന്യാസികള്‍ക്കും മാന്യന്മാരായ ഞങ്ങള്‍ക്ക് കിട്ടുന്ന അതേ പദവിയുണ്ട് എന്ന് സമ്മതിക്കലാകും. അതിനു അവര്‍ തയ്യാറാകുമോ? അതാണ്‌ ബുദ്ധന്റെ ബുദ്ധി. :-)) ബ്രാഹ്മണര്‍ ഈ കെണിയില്‍ വീണു എന്ന് പറയേണ്ടതില്ലല്ലോ. അവരും ബ്രാഹ്മണ്യം കര്‍മ്മസിദ്ധം തന്നെയാണ്, ബ്രഹ്മത്തെ അറിഞ്ഞവനാണ് ബ്രാഹ്മണന്‍ (" ബ്രഹ്മ ജ്ഞാനേന ബ്രാഹ്മണാ ") എന്നൊക്കെ ബ്രാഹ്മണന്‍ എന്നതിന്റെ നിര്‍വ്വചനം പുതുക്കി.

ജാതി വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് ഒന്നാം നൂറ്റാണ്ടില്‍ എഴുതിയത് എന്ന് കരുതപ്പെടുന്ന ഒരു ബുദ്ധിസ്റ്റ് ഗ്രന്ഥമാണ് വജ്രസൂചി. ബുദ്ധമതാനുയായിയായ ആശ്വഘോഷന്‍ (ബുദ്ധചരിതം എഴുതിയ ആള്‍) എഴുതുയതായിരിക്കാം ഇതെന്ന് കരുതുന്നു. രസമെന്തെന്നാല്‍ ഈ പുസ്തകത്തിന്റെ മറ്റൊരു വേര്‍ഷന്‍ വജ്രസൂചികോപനിഷത്ത് എന്നപേരില്‍ ഹിന്ദുക്കളുടെ നൂറ്റിയെട്ട് ഉപനിഷത്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും ഒരേ കാര്യം തന്നെയാണ് പറയുന്നത്. ബ്രാഹ്മണ്യം ജന്മസിദ്ധമല്ല. രണ്ടിലും വാദങ്ങളുടെയെല്ലാം അടിസ്ഥാനം ബ്രാഹ്മണരുടെ വേദങ്ങളും പുരാണങ്ങളും സ്മൃതികളും തന്നെ. രണ്ടും സമാനമായ വാദങ്ങളാണ് അവതരിപ്പിക്കുന്നത്‌. വജ്രസൂചി ബ്രാഹ്മണ്യത്തിന്റെ ബുദ്ധിസ്റ്റ് വീക്ഷണം അവതരിപ്പിക്കുമ്പോള്‍ വജ്രസൂചികോപനിഷത്ത് അതിന്റെ വേദാന്തവീക്ഷണം അവതരിപ്പിക്കുന്നു.
---------------------------------------------------------------------------

അശ്വഘോഷന്റെ വജ്രസൂചി..... 
ബ്രാഹ്മണനാണ് ഏറ്റവും ഉന്നതന്‍ എന്നു പറയുന്നത് അടിസ്ഥാനരഹിതമാണ് എന്നാണ് അശ്വഘോഷന്‍ ബ്രാഹ്മണരുടെ തന്നെ പ്രമാണങ്ങള്‍ ഉദ്ധരിച്ച്‌ സമര്‍ത്ഥിക്കുന്നത്. ബ്രാഹ്മണ്യം എന്നാല്‍ എന്താണ്? അത് (1) ജീവനാണോ?(2) ജനിച്ച ജാതിയാണോ?(3) ശരീരമാണോ?(4)ജ്ഞാനമാണോ? (5) ആചാരങ്ങളാണോ?(6) കര്‍മ്മമാണോ? (7)വേദങ്ങളിലുള്ള അറിവാണോ? തുടര്‍ന്ന് ഇവ ഓരോന്നും എന്തുകൊണ്ട് ബ്രാഹ്മണ്യം നല്‍കില്ല എന്ന് വേദങ്ങളും പുരാണങ്ങളും സ്മൃതികളും മഹാഭാരതം പോലുള്ളവയില്‍ പണ്ടത്തെ ജ്ഞാനികളുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി അശ്വഘോഷന്‍ സമര്‍ത്ഥിക്കുന്നു.

ബ്രാഹ്മണ്യം ജന്മം കൊണ്ടു കിട്ടുന്നതല്ല. കാരണം സ്മൃതികള്‍ പ്രകാരം ആനക്ക് പിറന്ന അചലമുനി, വവ്വാലില്‍ നിന്ന് കേശപിംഗള മുനി, അഗത്തി വൃക്ഷത്തിന്റെ പൂവില്‍നിന്നു പിറന്ന അഗസ്ത്യ മുനി. കുശപ്പുല്ലില്‍ നിന്ന് ജനിച്ച കൌശിക മുനി, മണ്‍കുടത്തില്‍ നിന്ന് ജനിച്ച ദ്രോണാചാര്യര്‍, തിത്തിരി പക്ഷിയില്‍ നിന്നുണ്ടായ തൈതിരി മുനി, പൊടിയില്‍ നിന്ന് ജനിച്ച പരശുരാമന്‍, മാനില്‍ നിന്ന് ജനിച്ച ഋഷ്യശൃംഗന്‍, മദ്യ വില്പ്പനക്കാരിയുടെ മകനായ നാരദ മുനി, മീന്‍കാരിയില്‍ നിന്നുണ്ടായ വ്യാസന്‍, ചണ്ഡാള സ്ത്രീയുടെ മകനായ വിശ്വാമിത്രന്‍.... ഇവരൊക്കെ ബ്രാഹ്മണരാണ്‌. അതെങ്ങനെ സംഭവിച്ചു?

അപ്പോള്‍ ജന്മമല്ല ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനം. ജ്ഞാനം ഒരാളെ ബ്രാഹ്മണനാക്കുമെങ്കില്‍ അനേകം ശൂദ്രര്‍ ബ്രാഹ്മണരാകേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചിട്ടില്ല. വേദം പഠിച്ചവര്‍ ബ്രാഹ്മണനാകുമെങ്കില്‍ നാലു വേദങ്ങളും പഠിച്ച രാവണന്‍ ബ്രാഹ്മണനാകേണ്ടതായിരുന്നു. രാവണന്റെ കാലത്ത് എല്ലാവരും വേദം പഠിച്ചിരുന്നു. എന്നിട്ടും അവരാരും ബ്രാഹ്മണരായില്ല എന്ന് ആശ്വഘോഷന്‍ പറയുന്നു. (എന്ത്? അപ്പൊ, ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കലൊന്നും ഉണ്ടായിരുന്നില്ലേ?അങ്ങനൊരു കാലം ഉണ്ടായിരുന്നതിന്റെ സൂചന പോലും അശ്വഘോഷന്‍ നല്‍കുന്നില്ല.) മനുസ്മൃതി പ്രകാരം തന്നെ ബ്രാഹ്മണ്യം വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ല എന്ന് അശ്വഘോഷന്‍ സമര്‍ത്ഥിക്കുന്നു.

അപ്പോള്‍ എങ്ങനെയാണ് ബ്രാഹ്മണ്യം ലഭിക്കുന്നത്? വേദപാരായണം, വംശം, കുലം, ആചാരനുഷ്ഠാനങ്ങള്‍ ഒന്നും ഒരാളെ ബ്രാഹ്മണനാക്കുന്നില്ലെങ്കില്‍ ആരാണ് അല്ലെങ്കില്‍ എന്താണ് ബ്രാഹ്മണന്‍? വേദങ്ങള്‍ ഉദ്ധരിച്ചുതന്നെ അശ്വഘോഷന്‍ പറയുന്നു, ഏതൊരുവന്റെ ജീവിതമാണ് സംശുദ്ധവും ക്രോധരഹിതവുമായിരിക്കുന്നത്, അവന്‍ ബ്രാഹ്മണനാണ്. നേരത്തെ പറഞ്ഞ മുനിമാരെല്ലാം ബ്രാഹ്മണരായത് തപസ്സു ചെയ്തിട്ടാണ്. അല്ലാതെ ജന്മം കൊണ്ടല്ല. എല്ലാ മനുഷ്യരും ഒരൊറ്റ ജാതിയാണ്. ജീവജാലങ്ങളിലെ വൈവിധ്യം കാഴ്ചയില്‍ തന്നെ വ്യക്തമാണ്. ഒരു ആനയുടെ കാല്‍ പോലെയല്ല ഒരു കുതിരയുടെ കാല്‍. ഒരു മാനിന്റേതില്‍ നിന്ന് വ്യത്യസ്തമാണ് ഒരു കടുവയുടെ കാലുകള്‍. എന്നാല്‍ ഒരു ബ്രാഹ്മണന്റെ കാല്‍ ഒരു ശൂദ്രന്റെതില്‍ നിന്ന് വ്യതസ്തമാണെന്ന് ആരും കേട്ടിട്ടില്ല. കാള, കുതിര, കഴുത, ആന, ആട് തുടങ്ങി വ്യത്യസ്ത ജീവികളുടെ നിറം, ആകൃതി, ഗന്ധം, ശബ്ദം, ഒക്കെ വ്യത്യസ്തമാണ്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം തന്നെ ബ്രാഹ്മണരും ക്ഷത്രീയരും ശൂദ്രരും സമാനതയുള്ളവരും. അതുപോലെ പക്ഷികളിലും വൃക്ഷങ്ങളിലും സമാനമായ ഉദാഹരണങ്ങള്‍ അശ്വഘോഷന്‍ ചൂണ്ടിക്കാട്ടുന്നു. വൃക്ഷത്തിന്റെ വ്യതസ്ത കൊമ്പുകളില്‍ ഉണ്ടാകുന്ന കായകളെ ബ്രാഹ്മണക്കായ ശൂദ്രക്കായ എന്ന് വേര്‍ത്തിരിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ ബ്രഹ്മാവില്‍ നിന്നുണ്ടായ മനുഷ്യരെ എങ്ങിനെയാണ് നാല് വ്യത്യസ്ത വിഭാഗങ്ങളായി വേര്‍തിരിക്കാനാവുക?

ഇനി ബ്രാഹ്മണന്‍ വായില്‍നിന്നാണ് ജനിച്ചതെങ്കില്‍ ബ്രാഹ്മണ സ്ത്രീയോ? അതും വായില്‍നിന്നാനെങ്കില്‍ അവര്‍ സഹോദരങ്ങളല്ലെ? അവര്‍ തമ്മില്‍ വിവാഹബന്ധം എങ്ങനെ സാധിക്കും? (Aside point:.... ഇതൊരു നിലവാരം കുറഞ്ഞ വാദമാണ് എന്ന് പറയാതെ വയ്യ. നേരത്തെ ദിഗ്ഗനിഖായ 27:3-4 ല്‍ വസേത്ത എന്ന ബ്രാഹ്മണനോട് ബുദ്ധന്‍ പറയുന്ന അതെ ലോജിക്കല്‍ ഫാലസി തന്നെയാണ് ഇതും.) ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനേയുള്ള വേര്‍തിരിവ് വ്യത്യസ്ത ആചാരങ്ങളുടെയും തൊഴിലുകളുടേയും അടിസ്ഥാനത്തിലുള്ളതാണ്. ഇതിനു ഉദാഹരണമായി മഹാഭാരതത്തില്‍ വൈശാമ്പായന മഹര്‍ഷിയും യുധിഷ്ടിരനും തമ്മിലുള്ള ഒരു സംഭാഷണം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.

ബ്രാഹ്മണ്യത്തിന്റെ ലക്ഷണങ്ങള്‍ എന്താണ് എന്ന യുധിഷ്ടിരന്റെ സംശയത്തിന് വൈശാമ്പായന മഹര്‍ഷിയുടെ മറുപടി ഇങ്ങനെയാണ്.... ഒന്നാമത്തെ ലക്ഷണം അവന്‍ സ്വഭാവശുദ്ധിയുള്ളവനും, ഒരിക്കലും അക്രമവും തെറ്റും ചെയ്യാത്തവനും, ഒരു ചെറു ജീവിയെപോലും നോവിക്കാത്തവനും, മാംസം ഭക്ഷിക്കാത്തവനും ആയിരിക്കും. രണ്ടാമതായി കളഞ്ഞു കിട്ടിയതായാല്‍ പോലും മറ്റൊരുവന്റെ ഒന്നും എടുക്കാത്തവനായിരിക്കും. മൂന്നാമതായി മോഹമുക്തനും, തികച്ചും വിരക്തനും ആയിരിക്കും. നാലാമതായി അവന്‍ ലൈംഗിക തൃഷ്ണക്ക് കീഴ്പ്പെടാത്തവനായിരിക്കും. അഞ്ചാമതായി, സത്യം, ദയ, ഇന്ദ്രിയങ്ങള്‍ക്ക് മേല്‍ നിയന്ത്രണം, പരഗുണകാംഷ, സന്യാസം എന്നി അഞ്ചു ഗുണങ്ങളുണ്ടായിരിക്കും. ഇവയെല്ലാം ചേര്‍ന്ന ആളാണ്‌ ബ്രാഹ്മണന്‍. ഈ ഗുണങ്ങള്‍ ഇല്ലാത്തവന്‍ ശൂദ്രനാണ്. ഈ ഗുണങ്ങളുള്ള ചണ്ഡാളന്‍ ബ്രാഹ്മണനാണ്. അല്ലയോ യുധിഷ്ടിരാ, ആദ്യകാലത്ത് ഒരൊറ്റ ജാതിയെ ഉണ്ടായിരുന്നുള്ളൂ. വ്യത്യസ്തമായ നാല് ജാതികളുണ്ടായത് ആചാരങ്ങലും തൊഴിലിലെ വൈവിധ്യവും മൂലമായിരുന്നു. ഈ ജീവിതത്തില്‍ നന്മ ചെയ്യുന്നവനും പരഗുണകാംഷിയും എല്ലായ്പ്പോഴും നന്മ പ്രവര്‍ത്തിക്കുന്നവനും ആരാണോ അവന്‍ ബ്രാഹ്മണനാണ്. വൈശാമ്പായനന്റെ ഈ വാക്കുകള്‍  കൊണ്ടാണ് ഏതാനും പേജുകള്‍ മാത്രമുള്ള വജ്രസൂചി എന്ന ചെറു ഗ്രന്ഥം അവസാനിക്കുന്നത്.
--------------------------------------------------------------------

ആരാണ് ബ്രാഹ്മണന്‍?....ചണ്ഡാലഭിക്ഷുകിയുടെ കഥ: ശാര്‍ദ്ദൂലകര്‍ണ്ണാവദാന

കുമാരനാശാനിലൂടെ പ്രസിദ്ധമായ ചണ്ഡാലഭിക്ഷുകിയുടെ കഥ ദിവ്യാവദാനയിലെ ഒരു കഥയായ ശാര്‍ദ്ദൂലകര്‍ണ്ണാവദാനയിലാണ് വിവരിക്കുന്നത്. (ഇത് 265 AD യില്‍ ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളതായി കാണുന്നു. അപ്പൊ ഒറിജിനലിന് അതിനേക്കാള്‍ പഴക്കം കാണണം എന്ന് കരുതാം.) രവീന്ദ്രനാഥ ടാഗോര്‍ ഇത് ചണ്ഡാലിക എന്ന പേരില്‍ ഒരു നൃത്ത നാടകമാക്കിയിട്ടുണ്ട്. ചണ്ഡാലഭിക്ഷുകി സ്കൂളിലൊക്കെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് ആ കഥ വിശദമായി വിവരിക്കാം. (ഇത് വായിക്കുന്ന പിള്ളേര്‍ക്ക് പരീക്ഷക്ക് അതൊക്കെഎഴുതി വച്ച് മാഷുടെ മുന്നില്‍ ആളാകാം. മാഷന്മാര്‍ക്ക്  അത് പിള്ളേരുടെ മുന്നില്‍ വിളമ്പി അവരുടെ മുന്നില്‍ ആളാകാം. ഇങ്ങനൊക്കെയല്ലെ ബുദ്ധിജീവിയാകുന്നത്. :-))

ബുദ്ധന്‍ ശ്രാവസ്തിയില്‍ ആനന്ദപിണ്ടകന്‍ എന്ന ഉപാസകന്റെ (ഗൃഹസ്ഥനായ ബുദ്ധമത വിശ്വാസി) ആരാമത്തില്‍  താമസിക്കുന്ന കാലത്താണ് കഥ നടക്കുന്നത്. ഒരിക്കല്‍ ഭിക്ഷാടനത്തിനിടക്ക് ഒരു ഗ്രാമത്തിലെത്തിയ ബുദ്ധ ശിഷ്യനായ ആനന്ദഭിക്ഷുവിന്‌ കലശലായ ദാഹം തോന്നി. ഒരു പെണ്‍കുട്ടി ഗ്രാമത്തിലെ കിണറ്റില്‍നിന്നു വെള്ളം കോരുന്ന കണ്ട അദ്ദേഹം അല്‍പ്പം വെള്ളം ആവശ്യപ്പെട്ടു. പെണ്‍കുട്ടി പറഞ്ഞു,'' ഞാന്‍ മാതംഗരുടെ (മാതംഗര്‍ ആനകളെ പിടിച്ചു മെരുക്കുന്ന ആളുകളാണ്.) രാജാവിന്റെ മകളായ 'പ്രകൃതി' എന്ന ചണ്ഡാള പെണ്‍കുട്ടിയാണ്. ഞാന്‍ വെള്ളം തരട്ടെ?''' ആനന്ദന്‍ പറഞ്ഞു, ''ഞാന്‍ നിങ്ങളുടെ ജാതിയല്ല ചോദിച്ചത് കുറച്ചു വെള്ളമാണ്.''

Aside point:..... കുമാരനാശാന്റെ ചണ്ഡാള ഭിക്ഷുകിയിലെ ''ദാഹിക്കുന്നു ഭഗിനി'' എന്ന ആ ഡയലോഗ് അതി പ്രശസ്തമാണല്ലോ. പക്ഷേ ഇവിടെ ഒരു കാര്യമുണ്ട്. അക്കാലത്തെ എല്ലാ സന്യാസിമാരും, ശ്രമണ ജീവിതം നയിക്കുന്നവരും (ബുദ്ധ ഭിക്ഷുക്കള്‍ മാത്രമല്ല) ജാതിവ്യവസ്ഥയില്‍ നിന്ന് സ്വയം പുറത്തു പോയവരാണ്. (വര്‍ണ്ണവ്യവസ്ഥ ആചരിക്കുന്ന സന്യാസി എന്നതുതന്നെ ഒരു oxymoron ആണ്.) അവര്‍ ജാതിയൊന്നും നോക്കാറില്ല‍. അപ്പൊ പിന്നെ ഇങ്ങനൊരു സംഭാഷണത്തിന്റെ പ്രസക്തി? ഈ കഥയുടെ സന്ദര്‍ഭത്തിനും ആ കാലഘട്ടത്തിനും അനുസരിച്ച് ഈ ഭാഗം വായിച്ചാല്‍ ഇത് അയിത്തത്തെ സൂചിപ്പിക്കുന്നതാണ് എന്ന പരമ്പരാഗത വായന ശരിയാണെന്ന് പറയാനാവില്ല.

പെണ്‍കുട്ടി ഇവിടെ സ്വയം പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് കരുതുകയായിരിക്കും കൂടുതല്‍ ശരി. അച്ഛന്റെ പേരും ജാതിയും കുലവും പറഞ്ഞുകൊണ്ട് സ്വയം പരിചയപ്പെടുത്തുന്നതാണ് അക്കാലത്തെ രീതി. അല്ലാതെ സ്വയം താഴ്ന്ന ജാതിയാണ് എന്ന് ഏറ്റു പറയുകയല്ല. ( ബുദ്ധിസ്റ്റ് കഥകളിലും ഹിന്ദു പുരാണങ്ങളിലുമൊക്ക എല്ലാവരും ആദ്യം കാണുമ്പോള്‍ സ്വയം പരിചയപ്പെടുത്തുന്നത് കുലവും ജാതിയുമൊക്കെ പറഞ്ഞുകൊണ്ടാണ്. ഇവിടെ മാത്രം മറിച്ചൊരു വായന ശരിയാണോ?) അതിനു മറുപടിയായി ദാഹിച്ചു വലഞ്ഞിരിക്കുന്ന ആനന്ദഭിക്ഷു,''പരിചയപ്പെടുത്തലിന്റെ സാമ്പ്രദായിക ചടങ്ങുകളൊക്കെ  അവിടെ നിക്കട്ടെ ആദ്യം വെള്ളം താ'' എന്ന് പറയുന്നു. (ഈ കഥ ഒരു പ്രതേക രീതിയില്‍ തന്നെ വായിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പക്ഷേ ഈ വായന പിടിക്കില്ല എന്നറിയാം.) സാധാരണ ഗതിയില്‍ ഈ കഥ പറയുമ്പോള്‍ അപ്രധാനമായി കരുതി പറയാതെ വിട്ടുപോകുന്ന ഒരു ഭാഗം ആകുമായിരുന്നു ശരിക്കും ഈ ''ദാഹിക്കുന്നു ഭഗിനി''. (കുമാരനാശാന്‍ താന്‍ ഈ കഥ എടുത്തത് ലക്ഷ്മി നരശുവിന്റെ The essence of buddhism എന്ന പുസ്തകത്തില്‍ നിന്നാണ് എന്ന് പറയുന്നുണ്ട്. അതില്‍ ഈ ഡയലോഗ് പൊലിപ്പിച്ചു കൊടുത്തിട്ടുണ്ട്. ചില കാര്യങ്ങള്‍ ഊന്നിപ്പറയാനായിരുന്നല്ലോ ആ കൃതി കുമാരനാശാന്‍ രചിച്ചതും.) എന്നാല്‍ sanskrit buddhist literature of Nepal by Rajendralala Mithra എന്ന പുസ്തകത്തില്‍ സ്വയം പരിചയപ്പെടുത്തുന്ന ഈ കഥാഭാഗം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോയിരിക്കുകയാണ്.)

അതെന്തായാലും ശാര്‍ദ്ദൂലകര്‍ണ്ണാവദാന എന്ന ഈ കഥയുടെ മെയിന്‍ പോയിന്റ്‌ ഇതൊന്നുമല്ല. നമുക്ക് കഥ തുടരാം. ആനന്ദഭിക്ഷു വെള്ളം കുടിച്ചു. ആനന്ദനെ കണ്ട പ്രകൃതി എന്ന ആ പെണ്‍കുട്ടിക്ക് അദ്ദേഹത്തോട് പ്രേമമുദിച്ചു. പെണ്‍കുട്ടി അവളുടെ അമ്മയായ മഹാവിദ്യാധരിയോട് അവരുടെ മന്ത്രശക്തി ഉപയോഗിച്ച് ആനന്ദനെ വശീകരിച്ച് തന്റെ അടുത്തെത്തിക്കാന്‍ ആവശ്യപ്പെട്ടു. ഒരു ബുദ്ധഭിക്ഷുവിനെ വശീകരിക്കുന്നത് ബുദ്ധന്റെ വലിയ ഭക്തനായ രാജാവ് (പസേനദി) പ്രശ്നമുണ്ടാക്കുമോ എന്നവര്‍ ഭയന്നു. മാത്രമല്ല തന്റെ മന്ത്രം ബുദ്ധന്റെ സംരക്ഷണയിലുള്ള ശിഷ്യന്റെ (ആനന്ദന്‍ ബുദ്ധന്റെ അടുത്ത ബന്ധു കൂടിയാണ്.) മേല്‍ ഫലിക്കുമോ എന്നും അവര്‍ സംശയിച്ചു. ഒടുവില്‍ പ്രകൃതി ആത്മഹത്യ ഭീഷണി നടത്തിയപ്പോള്‍ അമ്മ സമ്മതിച്ചു. അവര്‍ മന്ത്രം ചൊല്ലി ആനന്ദഭിക്ഷുവിനെ ആകര്‍ഷിച്ചു വരുത്തി. മന്ത്രശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ട് ഹോമകുണ്ഠത്തിന്റെ മുന്നില്‍ എത്തിയ ആനന്ദന്‍ രക്ഷപ്പെടാന്‍ നിവര്‍ത്തിയില്ലാതെ ബുദ്ധനെ വിളിച്ചു കരഞ്ഞു. ബുദ്ധന്റെ എതിര്‍ മന്ത്രത്തിന്റെ ശക്തിയാല്‍ അനന്ദഭിക്ഷു മാനം പോകാതെ അവിടെനിന്നു രക്ഷപ്പെട്ടു. (ബൌദ്ധ കൃതികളില്‍ ഉടനീളം യാഗത്തിനും മന്ത്രത്തിനും ഫലമില്ലാത്തതല്ല ബുദ്ധന്‍ അവയെ എതിര്‍ക്കാന്‍ കാരണം. ഇതുപോലുള്ള താഴ്ന്ന കാര്യങ്ങള്‍ക്കേ അത് പറ്റൂ, കൂടുതല്‍ ഗൌരവമുള്ള കാര്യങ്ങള്‍ക്ക് (നിര്‍വ്വാണം) അവയെക്കാള്‍ കൂടുതല്‍ നല്ലത് തന്റെ മാര്‍ഗ്ഗമാണ്  എന്നാണ് ബുദ്ധന്റെ പോയിന്റ്‌. ബുദ്ധന്‍ മന്ത്ര തന്ത്രങ്ങളെ തീര്‍ത്തും നിഷ്ഫലമായി കരുതിയിരുന്നു എന്നത് നമ്മുടെ യുക്തിവാദികള്‍ ചുമ്മാ പറഞ്ഞു പരത്തിയതാണ്.)

ആനന്ദന്‍ രക്ഷപ്പെട്ടതറിഞ്ഞ പ്രകൃതി അദ്ദേഹത്തെ അന്വേഷിച്ചു ബുദ്ധന്റെ മുന്നിലെത്തി. ആനന്ദനെ തന്റെ ഭര്‍ത്താവായി നല്‍ക്കാന്‍ ആവശ്യപ്പെട്ടു. അതൊരിക്കലും നടക്കില്ല, എന്നാല്‍ പ്രകൃതിക്ക് ആനന്ദനെ കണ്ടുകൊണ്ടെങ്കിലും ജീവിക്കാനുള്ള ഏക മാര്‍ഗം അവള്‍ ഭിക്ഷുണി ആകുക മാത്രമാണ് എന്ന് ബുദ്ധന്‍ ശഠിച്ചു.(ആ പാവം പെണ്‍കുട്ടിയെ ഉപദേശിച്ചു വീട്ടിലേക്കു മടക്കിയയക്കുന്നതായിരുന്നു കൂടുതല്‍ ശരി.) അങ്ങനെ നിവര്‍ത്തിയില്ലാതെ പ്രകൃതി ഭിക്ഷുണിയായി. ബുദ്ധന്‍ ''സര്‍വ്വ ദുര്‍ഗതി ശോധന ധാരണി'' എന്ന മന്ത്രം ചൊല്ലി അവളുടെ പാപങ്ങള്‍ നീക്കം ചെയ്തു. (വീണ്ടും, ബുദ്ധിസത്തില്‍ മന്ത്രമോ? അതും ഈ പെണ്‍കുട്ടിക്ക് ഇത്ര ചെറുപ്പത്തില്‍ എന്ത് പാപം ഉണ്ടാകാന്‍? മുജ്ജന്മ പാപം ആകണം.) എന്തായാലും ബുദ്ധന്റെ ഈ പ്രവര്‍ത്തി നാട്ടില്‍ വലിയ വിവാദമായി, ചര്‍ച്ചാവിഷയമായി.

രാജാവ് തന്നെ നാട്ടിലെ പ്രമാണിമാരോടൊപ്പം വിവരം അന്വേഷിക്കാന്‍ ബുദ്ധന്റെ അടുത്തെത്തി. (ഇവിടെ രാജാവിനോപ്പമുള്ള പ്രമാണിമാര്‍ ഓരോരുത്തരും ബുദ്ധനോട് സ്വന്തം പേരും കുലവും മാതാപിതാക്കളുടെ പേരും പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ ചണ്ഡാള പെണ്‍കുട്ടിയുടെ സ്വയം പരിചയപ്പെടുത്തല്‍ അയിത്തത്തിന്റെ സൂചനയല്ല എന്നതിന് തെളിവ്.)

തന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ബുദ്ധന്‍ പ്രകൃതി എന്ന ഈ പെണ്‍കുട്ടിയുടെയും ആനന്ദഭിക്ഷുവിന്റേയും പൂര്‍വ്വകഥ പറയുന്നു. ഒരിക്കല്‍ ആനവേട്ടക്കാരായ പതിനായിരംപേരുടെ രാജാവായി (മാതംഗരുടെ രാജാവ് ) ചണ്ഡാള കുലത്തില്‍ പിറന്ന ത്രിശങ്കു എന്നൊരാളുണ്ടായിരുന്നു. ഈ ത്രിശങ്കു മുജ്ജന്മത്തില്‍ വേദങ്ങളും ഇതിഹാസങ്ങളും ഒക്കെ പഠിച്ച, ഈ ജന്മത്തിലും ആ കാര്യങ്ങളൊക്കെ ഓര്‍മ്മയുള്ള മഹാ പണ്ഡിതനാണ്. (ഹിന്ദു പുരാണങ്ങളില്‍ ഇക്ഷാകു വംശത്തിലെ (ബുദ്ധനും ഇക്ഷാകു വംശജനാണ്) മഹാനായ ഒരു ത്രിശങ്കു (നമ്മുടെ ത്രിശങ്കു സ്വര്‍ഗ്ഗം ഫെയിം) ശാപം മൂലം ചണ്ഡാളനായി മാറുന്ന കഥയുണ്ട്. രണ്ടും ഒരേ ആളാകുമോ?)

ഈ ത്രിശങ്കു രാജാവ് തന്റെ മകനായ ശാര്‍ദ്ദൂലകര്‍ണ്ണനെ തനിക്കറിയുന്ന വേദങ്ങളിലെ അറിവുകളെല്ലാം പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ പ്രകൃതി എന്നൊരു ബ്രാഹ്മണ കന്യകയെക്കുറിച്ച് കേട്ടറിഞ്ഞ ത്രിശങ്കു തന്റെ മകനായ ശാര്‍ദ്ദൂലകര്‍ണ്ണന് അവളെ വധുവാക്കാന്‍ ആഗ്രഹിച്ചു. ത്രിശങ്കു തന്നെ നേരിട്ട് പെണ്ണ് ചോദിക്കാന്‍ കുറെ ആനകളും മന്ത്രിമാരും പരിവാരങ്ങളുമൊക്കെയായി ബ്രാഹ്മണന്റെ അടുതെത്തി. (പുഷ്കരശാരി എന്ന ഈ ബ്രാഹ്മണന്റെ ഏഴു തലമുറവരെയുള്ള തന്റെ പൂര്‍വ്വികരെക്കുറിച്ച് അറിവുണ്ട്. വംശശുദ്ധിയുള്ള പ്രമാണി എന്നര്‍ത്ഥം. പിന്നെ മഹാ വേദപന്ധിതനും.) സ്വാഭാവികമായും ബ്രാഹ്മണന് ദേഷ്യം വന്നു. എന്ത് ധൈര്യത്തിലാണ് ഈ ചണ്ഡാളന്‍ തന്റെ മകളെ വിവാഹമാലോചിക്കുന്നത്?

തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ ജാതിവ്യവസ്ഥയെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചയാണ്. വജ്രസൂചിയിലെ വാദങ്ങള്‍ (ബ്രാഹ്മണരുടെ വേദങ്ങളും പുരാണങ്ങളും മറ്റും അടിസ്ഥാനമാകിയവ) തന്നെയാണ് വേദ പണ്ഡിതന്‍ കൂടിയായ ത്രിശങ്കുവും (ബുദ്ധന്റെ ഒരു പൂര്‍വ്വ ജന്മമാണ് ത്രിശങ്കു) പറയുന്നത്.

സ്വര്‍ണ്ണവും ചാരവും തമ്മിലോ ഇരുട്ടും വെളിച്ചവും തമ്മിലോ ഉള്ള വ്യത്യാസമൊന്നും  ബ്രാഹ്മണരും മറ്റു ജാതിക്കാരുമായും ഇല്ല എന്ന് ത്രിശങ്കു തിരിച്ചടിച്ചു. ബ്രാഹ്മണന്‍ ഭൂമിയില്‍നിന്നു മുളച്ചു വന്നതോ അരണി കടയുമ്പോള്‍ അഗ്നിയുണ്ടാകുന്നതുപോലെ ഉണ്ടായതൊന്നുമല്ലല്ലോ, ചണ്ഡാളനെ പ്പോലെത്തന്നെ ഒരു ഗര്‍ഭപാത്രത്തില്‍നിന്നു ഉണ്ടായത് തന്നെയല്ലെ? പിന്നെ അവര്‍ക്ക് എന്ത് ശ്രേഷ്ഠതയാണ് കൂടുതലുള്ളത്? ചത്തുകഴിഞ്ഞാലും എല്ലാവരും ഒരേപോലെ ചീഞ്ഞു നാറും. പിന്നെന്തു വ്യത്യാസം?

ബ്രാഹ്മണരുടെ ഇരട്ടത്താപ്പിനെ ത്രിശങ്കു വിമര്‍ശിക്കുന്നു. പറയുന്ന പോലെയല്ല അവരുടെ പ്രവര്‍ത്തികള്‍. അവര്‍ക്ക് മാംസം കഴിക്കാന്‍ തോന്നുമ്പോള്‍ മന്ത്രം ചൊല്ലി ജീവികളെ കൊല്ലുന്നു. അവരുടെ മാംസക്കൊതിയാണ് ക്രൂരമായ മൃഗബലികള്‍ക്ക് കാരണം. ഈ ബലിമൃഗങ്ങള്‍ ഭാഗ്യവാന്മാരാണ് അവ സ്വര്‍ഗ്ഗത്തില്‍ പോകും എന്നാണ് പറച്ചില്‍. എങ്കില്‍  ഈ ബ്രാഹ്മണര്‍ എന്തുകൊണ്ട് അവരുടെ ഭാര്യയെയോ, മക്കളെയോ മാതാപിതാക്കളെയോ സഹോദരങ്ങളേയോ തീയില്‍ ഹോമിക്കുന്നില്ല?മന്ത്രം ചൊല്ലി കൊന്നതുകൊണ്ട് ആടൊന്നും സ്വര്‍ഗ്ഗത്തില്‍ പോകില്ല, ഒക്കെ ഈ ദുഷ്ട്ട ബ്രാഹ്മണര്‍ക്ക് ഇഷ്ട്ടം പോലെ മാംസം ഭക്ഷിക്കാനുള്ള അടവാണ്. (ഇത് അക്കാലത്തെ വളരെ പോപ്പലറായ ഒരു വാദമായിരിക്കണം. ജൈനന്മാര്‍ ഇതേ വാദം ഉന്നയിക്കുന്നതായി വിഷ്ണുപുരാണത്തില്‍ കാണാം. ചാര്‍വ്വാകരും ഇതേ വാദം ഉന്നയിച്ചു കണ്ടിട്ടുണ്ട്.)

പുഷ്കരശാരി ബ്രാഹ്മണരുടെ മികവു കാണിക്കാന്‍ നാലു വര്‍ണ്ണങ്ങളുടെ ഉത്ഭവ കഥ പുറത്തെടുത്തു. ബ്രഹ്മാവിന്റെ ശരീര ഭാഗങ്ങളില്‍ നിന്ന് ഓരോ വര്‍ണ്ണങ്ങള്‍ ഉണ്ടായ ആ കഥ. (ഈ കഥയുടെ മറ്റൊരു വേര്‍ഷനും നിലവിലുണ്ട് എന്ന് കഥയിലെ ഈ ഭാഗം സൂചിപ്പിക്കുന്നു. ബ്രഹ്മാവിന്റെ ശരീരഭാഗങ്ങളില്‍ നിന്ന് ഉണ്ടായി എന്നല്ല, എല്ലാ വര്‍ണ്ണങ്ങളും ബ്രഹ്മാവിന്റെ മക്കളാണ് എന്നും കഥയുണ്ടത്രെ. മൂത്ത മകന്‍ ബ്രാഹ്മണന്‍,രണ്ടാമത്തെ മകന്‍ ക്ഷത്രീയന്‍ അങ്ങനെ. അതായത് അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. സഹോദരങ്ങള്‍ തമ്മിലുള്ള വ്യത്യാസമല്ലാതെ) ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ ഒക്കെ ഓരോ പേരുകള്‍ മാത്രമാണ്. എല്ലാവരുടെയും കൈയും കാലും നഖങ്ങളും ഒക്കെ ഒരുപോലെയാണ്. എല്ലാവരും ഒരേപോലെ മാംസനിര്‍മിതം തന്നെ. അല്ലാതെ നാല് വ്യത്യസ്ത ജീവികളൊന്നുമല്ല. ( ഇവിടെ ഈ വാദങ്ങള്‍ ഷേക്ക്സ്പിയറുടെ മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കിന്റെ പ്രസിദ്ധമായ പ്രസംഗം ഓര്‍മിപ്പിക്കുന്നു.''Hath not a Jew eyes, Hath not a Jew hands, organs, dimensions, senses, affections, passions? Fed with the same food, hurt with the same weapons, subject to the same diseases, healed by the same means, warmed and cooled by the same winter and summer as a Christian is? If you prick us, do we not bleed? If you tickle us, do we not laugh? If you poison us, do we not die? And if you wrong us, shall we not revenge? If we are like you in the rest, we will resemble you in that.'' The Merchant of Venice)

കുട്ടികള്‍ മണ്ണപ്പം ചുട്ടു കളിക്കുമ്പോള്‍ ഓരോ മണ്ണപ്പത്തിനേയും ഓരോ പലഹാരങ്ങളുടെ പേര്‍ ചൊല്ലി വിളിക്കുന്നുണ്ടെങ്കിലും അവ ശരിക്കും ആ പലഹാരങ്ങളായി മാറുന്നില്ല. അതെപോലെ ത്തന്നെയാണ് ഈ പേരുകളും. വര്‍ണ്ണങ്ങളൊക്കെ പരസ്പരം തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം മാത്രം. പശു കുതിര മുതലായ മൃഗങ്ങളും പലതരം ഫല വൃക്ഷങ്ങളും തമ്മില്‍ കാഴ്ചയിലുള്ള വ്യത്യാസം മനുഷ്യര്‍ തമ്മിലില്ല. ചുരുക്കത്തില്‍ മനുഷ്യന്‍ ഒരൊറ്റ സ്പീഷീസാണ് എന്ന വജ്ര സൂചിയില്‍ കണ്ട ഇതേ ആശയയങ്ങളാണ് ത്രിശങ്കു പറയുന്നത്. (പശുവിന് പശുത്വം പോലെയാണ് മനുഷ്യന് മനുഷ്യത്വം  എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് ഇതേ ബൌദ്ധ ആശയമാണ്.) ശരിക്കും ബ്രാഹ്മണനില്‍നിന്ന് ബ്രാഹ്മണന്‍ മാത്രം, ക്ഷത്രീയനില്‍നിന്നു ക്ഷത്രീയന്‍ മാത്രം അങ്ങനെ ഓരോ വര്‍ണത്തില്‍ നിന്നും അതേ വര്‍ണ്ണത്തിലുള്ള കുട്ടികള്‍ മാത്രമെ ഉണ്ടാകൂ എങ്കില്‍ ഈ വര്‍ണ്ണങ്ങള്‍ തമ്മില്‍ കാഴ്ചയില്‍ എന്തെങ്കിലും വ്യത്യാസം കാണുമായിരുന്നു. ദേവന്മാര്‍ തന്നെ ബ്രാഹ്മണ, ക്ഷത്രീയ, വൈശ്യ, ശുദ്രന്മാരും യക്ഷന്മാരും നാഗന്മാരും അസുരന്മാരുമൊക്കയായി ജനിക്കുന്നുണ്ട്.

നാലുജാതികള്‍ക്കും നല്ല പ്രവര്‍ത്തികള്‍ ചെയ്താല്‍ സ്വര്‍ഗ്ഗം സിദ്ധിക്കും. അതിനൊന്നും ആര്‍ക്കും അവരുടെ ജാതി തടസ്സമല്ല. വയല്‍ ഉഴുതു വിത്തു വിതച്ച് കൃഷി ചെയ്യുന്നവര്‍ ക്ഷത്രീയരാകും. ക്ഷേത്രം (നിലം, വയല്‍ ) പരിപാലിക്കുന്നവനാണ് ക്ഷത്രീയന്‍. (യുദ്ധം ഫുള്‍ ടൈം തൊഴിലല്ലല്ലോ. പുരുഷുവിന് യുദ്ധമൊന്നും ഇല്ലാത്തപ്പോ ചെയ്യുന്ന പണിയായിരിക്കും കൃഷി. ബുദ്ധന്‍ സന്യസിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ശുദ്ധോധനന്‍ മകനെ ഉപദേശിച്ചതും ക്ഷത്രീയന്റെ കുലവൃത്തിയായ കൃഷിയും രാജ്യഭരണവും മറ്റുമായി കഴിയാനാണ്. ) വിവാഹം കഴിക്കാതെ വനത്തില്‍ പോയി ധ്യാനിക്കുന്നവര്‍ ബ്രാഹ്മണരാകും. ( ബ്രാഹ്മണന്‍ എന്നാല്‍ ബഹിര്‍മനസ്ക്കര്‍- പുറത്തേക്കു തുറന്ന മനസ്സുള്ളവര്‍ എന്നാണ് ബുദ്ധിസ്റ്റ് വ്യാഖ്യാനം. ബ്രഹ്മത്തെ അറിഞ്ഞവന്‍ എന്ന ബ്രാഹ്മണ വ്യാഖ്യാനം പോലെ തന്നെ.) ബ്രാഹ്മണരില്‍ മന്ത്രങ്ങള്‍ പഠിപ്പിക്കുന്നവവരെ അധ്യാപകന്‍ എന്ന് വിളിക്കും. ലാഭം ഉദ്ദേശിച്ച് വ്യവസായം ചെയ്യുന്നവര്‍ വൈശ്യരാകും. ചെറുകിട പണികള്‍ ചെയ്തു ജീവിക്കുന്നവര്‍ ശൂദ്രന്‍. തേരുകളുടേയും ആനകളുടെയും പണി ചെയ്യുന്നവര്‍ മാതംഗരാകും. നിലം ഉഴുന്നവര്‍ കര്‍ഷകരാകും. കച്ചവടം ചെയ്യുന്നവര്‍ വണിക്കുകള്‍ എന്നറിയപ്പെടും. വീട് വിട്ടു സന്യാസം സ്വീകരിക്കുന്നവര്‍ പരിവ്രാജകരാകും. നല്ല പെരുമാറ്റം കൊണ്ട് ജനങ്ങളെ പ്രീതിപ്പെടുത്തുന്നവര്‍ രാജ എന്നറിയപ്പെടും.

ഇങ്ങനെ വാദങ്ങള്‍ തുടര്‍ന്നപ്പോള്‍ പുഷ്കരശാരി ത്രിശങ്കുവിനോട് ഗായത്രിമന്ത്രം അറിയാമോ എന്ന് ചോദിച്ചു. ത്രിശങ്കു  ഗായത്രി ചൊല്ലുക മാത്രമല്ല ഗായത്രി മന്ത്രത്തിന്റെ ഉത്ഭവം എങ്ങനെ എന്നതും പറഞ്ഞു. ഈ കഥ പ്രകാരം ബ്രാഹ്മണ, ക്ഷത്രീയ, വൈശ്യ, ശൂദ്രാദികള്‍ക്ക് പ്രത്യേകം ഗായത്രികളുണ്ട്...!!.. (എനിക്കിത് പുതിയ അറിവായിരുന്നു.)

ഒടുവില്‍ ആത്മീയ കാര്യങ്ങളിലും, കലകളിലും, അസ്ട്രോണമി അടക്കമുള്ള ശാസ്ത്രങ്ങളിലും ഉള്ള അറിവ് ത്രിശങ്കു പ്രകടിപ്പിച്ചപ്പോള്‍ ബ്രാഹ്മണന്‍ വിവാഹത്തിന് സമ്മതിച്ചു. ആ ബ്രാഹ്മണ പുത്രിയായ പ്രകൃതി തന്നെയാണ് ഇപ്പോള്‍ ചണ്ഡാള കുലത്തില്‍ പിറന്ന ഈ പ്രകൃതി, അന്നത്തെ ശാര്‍ദ്ദൂലകര്‍ണ്ണനാണ് ആനന്ദഭിക്ഷു, ആനവേട്ടക്കാരുടെ രാജാവായ ത്രിശങ്കു താനും ആയിരുന്നു എന്നു പറഞ്ഞ് ബുദ്ധന്‍ കഥ അവസാനിപ്പിക്കുന്നു. (സത്യം പറഞ്ഞാല്‍ ബുദ്ധന്‍ പറയുന്ന ഈ മുട്ടാപ്പോക്ക് കഥയുടെ ന്യായം എനിക്ക് പിടികിട്ടിയിട്ടില്ല. അന്നത്തെ ശാര്‍ദ്ദൂലകര്‍ണ്ണനാണ് ഇന്നത്തെ ആനന്ദന്‍ എങ്കില്‍ അന്നത്തെപ്പോലെ തന്നെ ഇപ്പോഴും പ്രകൃതിയെയും ആനന്ദനേയും വീണ്ടും വിവാഹം കഴിപ്പിക്കുകയല്ലെ ശരിക്കും വേണ്ടിയിരുന്നത്?ആ പെണ്‍കുട്ടിയെപ്പിടിച്ചു ഭിക്ഷുണിയാക്കിയതെന്തിന്?)

ഈ കഥയിലും, വജ്രസൂചിയിലും മറ്റൊരിടത്തും വര്‍ണ്ണവ്യവസ്ഥയെ ആരും എതിര്‍ക്കുന്നില്ല എന്ന് ശ്രദ്ധിക്കുക. വര്‍ണ്ണം നിശ്ചയിക്കുന്നത് ജന്മമല്ല ഓരോരുത്തരുടെ കര്‍മ്മമാണ്‌ എന്നു മാത്രമാണ് പറയുന്നത്. ത്രിശങ്കുവും പുഷ്കരശാരിയും രണ്ടു പേരും വേദം പഠിച്ചവരാണ്. അവര്‍ മനസ്സിലാക്കിയത് രണ്ടു രീതിയിലാണെന്ന് മാത്രം. അതായത് കുഴപ്പം വേദത്തിന്റേയല്ല ആളിന്റെയാണ്. ഹിന്ദു അപ്പോളജിസ്റ്റുകളുടെ വാദവും ഇതു തന്നെയല്ലെ? അപ്പൊ അതും ഈ ബുദ്ധമതവും തമ്മില്‍ എന്ത് വ്യത്യാസം?

ബൌദ്ധ കാലത്ത് എല്ലാവരും അവരവരുടെ വര്‍ണ്ണം നിശ്ചയിക്കുന്ന ജോലികള്‍ തന്നെയായിരുന്നു ചെയ്തിരുന്നത് എന്നും പറയാനാവില്ല. വര്‍ണ്ണങ്ങള്‍ തമ്മിലുള്ള വിഭജനം അത്ര കര്‍ശനവും വ്യക്തവുമായിരുന്നില്ല എന്നാണ് അംബത്തന്റെ പൂര്‍വികരുടെ കഥ സൂചിപ്പിക്കുന്നത്. (ബ്രാഹ്മണ്യത്തിന്റെ നിര്‍വ്വചനം മനുസ്മൃതിയില്‍ തന്നെ വ്യക്തമല്ല എന്നാണ് അശ്വഘോഷന്‍ വജ്രസൂചിയില്‍ സമര്‍ത്ഥിക്കുന്നത്.) സമൂഹത്തിലെ മാന്യത നഷ്ട്ടപെടാതെ തന്നെ 'താഴ്ന്ന' ജോലികള്‍ ചെയ്യുന്ന ക്ഷത്രീയനേയും വൈശ്യനെയും, അതുപോലെ കൃഷിയും കച്ചവടവും ചെയ്യുന്ന ബ്രാഹ്മണനേയും, രാജ്യം ഭരിക്കുന്ന ശൂദ്രനേയും, ഒക്കെ ജാതക കഥകളിലും അവദാന കഥകളിലും കാണാം. ഉദാഹരണത്തിന് ഒരു ജാതക കഥയില്‍ (പാണ്ടാന ജാതക നം: 475) ഒരു ബ്രാഹ്മണ ആശാരിയെ കാണാം.

കോസലത്തിലെ പസേനദി രാജാവ് തന്നെ വര്‍ണ്ണ സങ്കരം വന്ന ക്ഷത്രീയനാണ്. വര്‍ണ്ണശുദ്ധിയുണ്ട് എന്ന് അഭിമാനിക്കുന്ന ശാക്യന്മാര്‍ക്ക് പക്ഷേ പസേനദിയെ പുച്ഛമായിരുന്നു. രണ്ടു കൂട്ടരും സൂര്യ വംശമാണ്‌. ഇക്ഷാകുവാണ് രണ്ടു കൂട്ടരുടെയും കുലപിതാമാഹന്‍. (ശ്രീരാമനും ഈ ഇക്ഷാകുവംശമാണ്‌.) എന്നിട്ടാണ് അവര്‍ അയാളെ താഴ്ന്ന ജാതിയായി അവര്‍ കൂട്ടുന്നത്‌. പക്ഷേ അയാളെ അവരുടെ മഹാരാജാവായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷേ ബുദ്ധന്റെ കാലത്ത് ചാതുര്‍വര്‍ണ്ണത്തേക്കാള്‍ endogamy അടിസ്ഥാനമാക്കിയുള്ള അവരുടെ ഗോത്രശുദ്ധിയെ കൂടുതല്‍ കാര്യമായി കരുതിയിരിക്കണം. ബുദ്ധന്‍ ജനിക്കാന്‍ പറ്റിയ രാജവംശങ്ങള്‍ നോക്കിയപ്പോള്‍ കോസലത്തെ വര്‍ണ്ണസങ്കരത്തിന്റെ പേരില്‍ ഒഴിവാക്കിയത് ഓര്‍ക്കുക. മാതാവിന്റെയും പിതാവിന്റെയും ഭാഗത്ത്‌ നിന്ന് എഴു തലമുറ വരെ ശുദ്ധി എന്ന് പലയിടത്തും ആവര്‍ത്തിച്ചു കാണാം. ബ്രാഹ്മണര്‍ സത്യത്തില്‍ അത്രയൊന്നും വര്‍ണ്ണശുദ്ധിയില്‍  ശ്രദ്ധിച്ചിരുന്നില്ല എന്നാണ് ബൌദ്ധ കൃതികളില്‍നിന്നു മനസ്സിലാകുന്നത്‌. അംബത്തന്റെ കഥ നോക്കുക. അതുപോലെ ഭഗവത് ഗീതയിലും വര്‍ണ്ണസങ്കരം സംഭവിക്കുമോ എന്ന് ക്ഷത്രീയനായ അര്‍ജുനന്റെ വേവലാതിയാണ്. (ഈ ഭഗവത് ഗീതയാണെങ്കിലോ മറ്റൊരു ക്ഷത്രീയ ഉല്‍പ്പന്നമായ ഉപനിഷത്തുക്കളുടെ സാരവുമാണ് എന്നതും പ്രശസ്തമാണ്.)

ഇതൊക്കെയാണെങ്കിലും ചില തൊഴിലുകള്‍ ബുദ്ധിസ്റ്റുകളും മോശമായി കണക്കാക്കിയിരുന്നു എന്ന് കാണാം. കശാപ്പ്, നായാട്ട്, മീന്‍ പിടുത്തം ഒക്കെ തരം താണ ജോലികളാണ്. പുണ്യ നദിയില്‍ കുളിച്ചാല്‍ പാപം പോകും എന്ന് വിശ്വസിക്കുന്ന സോത്തിയ എന്ന ബ്രാഹ്മണനുമായി പുന്ന എന്ന ഭിക്ഷുണി തര്‍ക്കിക്കുന്നിടത്ത് അതു കാണാം.

''Only an ignorant person can have declared to you, the ignorant, that bathing frees one from (the consequences of ) evil deeds. If that were so, then fish turtles,frogs,water snakes and crocodiles- whatever lives in water-would go straight to heaven. All those who perform evil deeds (or follow impure trade) such as sheep- pig- butchers, huntsmen, fishermen,thieves and murderers would be freed from bad karma by sprinkling themselves with water! Besides if these rivers were to wash away the evil you have done,they would also wash away your religious merits, leaving you behind, hollow and empty.'' (Therigatha 240-3)

ചില നികൃഷ്ട ജോലികളുണ്ടെന്നും അത് ചെയ്യുന്നവരെ കള്ളന്മാരും കൊലപാതകികളുമായി തുലനപ്പെടുത്തുന്നതും കാണുക. ബുദ്ധമതത്തില്‍ യാതൊരു തൊഴില്‍/ജാതി വിവേചനവും ഇല്ലായിരുന്നു എന്നൊക്കെ വിശ്വസിക്കുന്ന ലളിത ബുദ്ധികള്‍ ശ്രദ്ധിക്കുക. :-)

---------------------------------------------------------------------------------------------

''Though he (Buddha) denied that Brahmanas were superior by birth to others he did not preach against caste.'' Sir Charles Eliot -Hinduism and Budhism.

ബ്രാഹ്മണരാണ്‌ ഒന്നാമത്തെ വര്‍ണ്ണം എന്ന് ബുദ്ധന്‍ അംഗീകരിച്ചിരുന്നില്ല എന്നത് സത്യമാണ്. എന്നു കരുതി വര്‍ണ്ണവ്യവസ്ഥയെ ബുദ്ധന്‍ തള്ളിപ്പറഞ്ഞിരുന്നു എന്നത് ചിലരുടെ അതിവായനയാണ്. ബുദ്ധിസത്തില്‍ ക്ഷത്രീയനാണ് ഒന്നാമത്തെ വര്‍ണ്ണം. (ബുദ്ധിസ്റ്റ് വിശ്വാസപ്രകാരം മനുഷ്യരുടെ ആദ്യത്തെ രാജാവും, നിയമജ്ഞനും മഹാസമ്മതന്‍ എന്ന രാജാവാണ്. സൂര്യ വംശജനായ ഈ മഹാസമ്മതന്‍ ശാക്യരുടെ ആദിമ പൂര്‍വ്വികനാണ്, ഒരു ബോധിസത്വനുമാണ്. ബുദ്ധിസ്റ്റ് വിശ്വാസപ്രകാരം ഈ ബോധിസത്വനാണ് ആളുകളെ നാലു വര്‍ണ്ണങ്ങളായി തിരിച്ചത്- ബ്രാഹ്മണ കുഴലൂത്തുകാരനായ, നികൃഷ്ട്ടനായ ആ  മനുവിനെപോലെതന്നെ. :-) മനുസ്മൃതി പോലെതന്നെ ഒരു നിയമ സംഹിതയും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. 'ചാതുര്‍വര്‍ണ്യം മായാ സൃഷ്ട്ടത്തിന്റെ' ഈ ബുദ്ധിസ്റ്റ് അവകാശിയെ, ഈ വര്‍ണ്ണാശ്രമ പ്രേമിയെ കേട്ടിട്ടില്ല. അല്ലെ?;-) )

ബുദ്ധന്റെ ബ്രാഹ്മണവിരോധം അദ്ദേഹത്തിന്റെ ക്ഷത്രീയാഭിമാനത്തിന്റെ ഒരു രൂപം മാത്രമാണ്. (ഒരു കൃസ്ത്യാനിയുടെ ഇസ്ലാം വിമര്‍ശനം യുക്തിവാദമായി കണക്കാക്കുമോ ആരെങ്കിലും? ഖുറാനിലെ കളിമണ്‍ സൃഷ്ടിവാദത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന ഒരു ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റ് ഉണ്ടായിരുന്നു പണ്ട് ബ്ലോഗില്‍. അതുപോലെയെ ഉള്ളൂ ഇതും. ) തന്റെ സമകാലീനരായ ബ്രാഹ്മണരുടെ ഒന്നാം സ്ഥാനം ബുദ്ധന്‍ അംഗീകരിച്ചില്ലെങ്കിലും (പണ്ടത്തെ ബ്രാഹ്മണരുടെ പ്രഥമ ഗണനീയത അംഗീകരിക്കുകയും ചെയ്തിരുന്നു) ലോകവ്യവസ്ഥ വിശദീകരിക്കാന്‍ വര്‍ണ്ണസിദ്ധാന്തം തന്നെയാണ് ബുദ്ധനും ഉപയോഗിച്ചത്.

ദുഃഖത്തെക്കുറിച്ചുള്ള തന്റെ തിയറിയില്‍ കര്‍മ്മവും കര്‍മ്മഫലവും ഒക്കെത്തന്നെയാണ് ബുദ്ധനും ഉപയോഗിച്ചത്. ബുദ്ധ കഥകളില്‍ എല്ലായിടത്തും ഒരാളുടെ ഈ ജന്മത്തിലെ അവസ്ഥയുടെ കാരണം അയാളുടെ കര്‍മ്മഫലമാണ് എന്ന് എടുത്തു പറയുന്നുണ്ട്. മഞ്ജിമ നികായയില്‍ കൂലകാമവിഭംഗ സുത്തയില്‍ ശുഭ എന്ന ബ്രാഹ്മണനോട് ബുദ്ധന്‍ നല്ല വൃത്തിയായി ഈ കാര്യം പറയുന്നുണ്ട്. ചില ആളുകള്‍ മികച്ചവരും ചിലര്‍ താഴ്ന്നവരുമായി ജനിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ബുദ്ധന്‍ നല്‍ക്കുന്ന ഉത്തരം എല്ലാം കര്‍മ്മഫലമാണ് എന്നാണ്.

''Beings are owners of their deeds (kamma), heirs of their deeds, deeds are the womb from which they spring, they are kin of their deeds and have their home in their deeds. Kamma divides beings into lower and higher (re-birth forms and castes)'' (manjjima nikhaaya 135.4)

ബുദ്ധന്‍ തുടര്‍ന്ന് ഈ പറഞ്ഞത് വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ ജന്മത്തില്‍ കൊല ചെയ്തവന് ഈ ജന്മത്തില്‍ അകാലമൃത്യു സംഭവിക്കും, കഴിഞ്ഞ ജന്മത്തില്‍ ജീവികളെ പരിക്കേല്‍പ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവന്‍ ഈ ജന്മത്തില്‍ രോഗിയാകും, ('പൂര്‍വ്വജന്മ കൃതം പാപം വ്യാധി രൂപേണ ജായതേ' എന്ന് ബ്രാഹ്മണ മതം പറയുന്നതു തന്നെയല്ലെ ഇത്?) കഴിഞ്ഞ ജന്മത്തില്‍ ആളുകളോട് ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്യുന്നവന്‍ ഈ ജന്മത്തില്‍ വിരൂപനായി ജനിക്കും എന്നൊക്കെയാണ് ബുദ്ധന്‍ പറയുന്നത്. ബ്രാഹ്മണര്‍ക്കും സന്യാസിമാര്‍ക്കും ഭക്ഷണം, വസ്ത്രം മുതലായവ നല്കാത്തവര്‍ പിന്നീട് ദരിദ്രരായി ജനിക്കും.

''Some man or woman does not give food, drink, clothing, carriages, garlands, scents, unguents, beds, dwelling, and lamps to recluses or brahmins. Because of performing and undertaking such action.. .he reappears in a state of deprivation.. .But if instead he comes back to the human state, then wherever he is reborn he is poor.'' (manjjima nikhaya 135.14)

നല്ല ''ബ്രാഹ്മണ വിരോധിയായ'' ബുദ്ധന്‍. അല്ലെ, ബുദ്ധഭക്തരെ? :-) ഇനി ചിലര്‍ താഴ്ന്ന ജാതിയില്‍ ജനിക്കുന്നതിനു കാരണം അറിയാമോ?  ''ബ്രാഹ്മണ വിരോധിയും'' കൊമ്പത്തെ അധഃകൃത സംരക്ഷകനുമായ ബുദ്ധന്‍ പറഞ്ഞത് കേള്‍ക്കണ്ടെ? ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാത്തവരാണ് പിന്നീട് താഴ്ന്ന ജാതിയില്‍ ജനിക്കുന്നത്. (ബഹുമാനിക്കേണ്ടവര്‍ ബ്രാഹ്മണരും സന്യാസിമാരുമാണ് എന്ന് മുകളില്‍ പറയുന്നുണ്ട്.)

''This is the way, student, that leads to low birth, namely, one is obstinate and arrogant...and does not honour, respect, revere, and venerate one who should be honoured, respected, revered, and venerated.'' (manjjima nikhaya 135.15)

(Aside point:.... നമ്മള്‍ നേരത്തെ കണ്ട  ശാര്‍ദ്ദൂലകര്‍ണ്ണാവദാനയില്‍  ബ്രാഹ്മണ കുലത്തില്‍ ജനിച്ച പ്രകൃതി എന്ന പെണ്‍കുട്ടി  പിന്നീട് ചണ്ഡാളകുലത്തില്‍ പിറന്നത്‌ എന്ത് കര്‍മ്മദോഷം കൊണ്ടായിരിക്കും എന്ന് ആരെങ്കിലും ബുദ്ധനോട് ഒന്ന് ചോദിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്.)

ഇതേ കാര്യം മിലിന്ദ പ്രശ്ന എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥത്തില്‍ രാജാവിന്റെ ഒരു സംശയവും അതിന്റെ ഉത്തരവുമായി ആവര്‍ത്തിക്കുന്നുണ്ട്.

''Why is it, Nagasena, that all men are not alike; some are short-lived and some long-lived, some sickly and some healthy, some ugly and some handsome, some powerful and some powerless, some poor and some rich, some lowborn and some noble, some foolish and some wise?''

''Why is it that all plants are not alike?''

''Because they come from different seeds.''

''Just so, O king, it is because of the variety of kammas that beings are not all the same. For this was said by the Blessed One, ''All beings have kamma as their own property, are heirs to it,

born from it, are relatives of their kamma and have kamma as their refuge; whatever kamma they do divides them into high and low states’.''


അംബേദ്ക്കറിസ്റ്റുകള്‍ എത്ര വെള്ള പൂശിയാലും ഈ കാര്യത്തിലും ഹിന്ദു അപ്പോളജിസ്റ്റുകളുടെ വാദം (''ചണ്ഡകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍ ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.'' എന്ന് പൂന്താനം. അവരുടെ ഭാഷയില്‍ 'സവര്‍ണ്ണ സംഘി' വാദം. 'ഏമ്പക്ക സാഹിത്യം' :-)) തന്നെയാണ് ബുദ്ധനും പറഞ്ഞത് എന്നത് ഇല്ലാതാവില്ല. (അത് വ്യക്തമാക്കുന്ന ഒരു ബുദ്ധിസ്റ്റ് പോസ്റ്ററും ഇവര്‍ എന്നെങ്കിലും ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം. അല്ലെ? :-))

മഞ്ജിമ നികായയില്‍ തുടര്‍ന്ന് ബ്രാഹ്മണരെയും സന്യാസിമാരെയും സമീപിച്ച് അറിവു നേടാത്തവര്‍ വിഡ്ഢികളായി ജനിക്കും എന്നും പറയുന്നുണ്ട്. ഈ വക കാര്യങ്ങള്‍ പറഞ്ഞു തരാന്‍ കഴിവുള്ളവര്‍ തന്നെയാണ് ബ്രാഹ്മണര്‍ എന്ന് ബുദ്ധന്‍ സമ്മതിക്കുകയാണ് ഇവിടെ.

''Here, student, some man or woman does not visit a recluse or a brahmin and ask: 'Venerable sir, what is wholesome? What is unwholesome? What is blameable? What is blameless? What should be cultivated? What should not be cultivated? What kind of action will lead to my harm and suffering for a long time? What kind of action will lead to my welfare and happiness for a long time?' Because of performing and undertaking such action.. .he reappears in a state of deprivation.. .But if instead he comes back to the human state, then wherever he is reborn he is stupid. This is the way, student, that leads to stupidity, namely, one does not visit a recluse or brahmin and ask such questions.'' (manjjima nikhaya 135.17)

ചുരുക്കത്തില്‍ വര്‍ണ്ണവ്യവസ്ഥ ബ്രാഹ്മണ തിയറി മാത്രമൊന്നുമായിരുന്നില്ല. അത് എത്രത്തോളം ബ്രാഹ്മണ തിയറി ആയിരുന്നോ അത്രത്തോളം തന്നെ ബുദ്ധിസ്റ്റ് തിയറിയും ആയിരുന്നു. (സത്യം പറയാലോ, എനിക്ക് തോന്നുന്നത് അംബേദ്ക്കര്‍ ബുദ്ധിസത്തെ മനസ്സിലാക്കിയത് നമ്മുടെ കെ.പി രാമനുണ്ണി ഇസ്ലാമിനെ മനസ്സിലാക്കിയതു പോലെയാണ് എന്നാണ്. :-))

-------------------------------------------------------------------------------

''എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മങ്ങള്‍ മന്നില്‍ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം''


പൂന്താനം പറയുന്ന ഇതാണ് ഹിന്ദു രീതി. പല പല ജന്മങ്ങള്‍ എടുത്തു വേണം അവസാനം മനുഷ്യനാകാന്‍. ബുദ്ധമതത്തിലുള്ള ഏക വ്യത്യാസം പുഴുവായും കൃമികീടങ്ങളുമായൊക്കെ അനേകം ജന്മങ്ങള്‍ എടുക്കേണ്ടിയിരുന്നത് ബുദ്ധിസ്റ്റ് മാര്‍ഗ്ഗത്തില്‍ വേണമെങ്കില്‍ ഈ ഒരു ജന്മം കൊണ്ട് തീര്‍ക്കാം എന്നത് മാത്രമാണ്. അത് മാത്രമാണ് ബ്രാഹ്മണമതവും ബുദ്ധമതവും തമ്മിലുള്ള വ്യത്യാസം. ഈ ജന്മത്തിലെ മോശം ജീവിതം രണ്ടിടത്തും കര്‍മ്മഫലമാണ്. ഹിന്ദു രീതിയില്‍ അത് മോശം കര്‍മ്മത്തിന്റെ ശിക്ഷയാണ്. ബുദ്ധമതത്തില്‍ അത് ശിക്ഷയൊന്നുമല്ല. സ്വാഭാവിക ഫലം മാത്രം. (രണ്ടായാലും അനുഭവിക്കുന്നവന് എന്തു വ്യത്യാസം?) ഒരാള്‍ മോശം കര്‍മ്മം ചെയ്യാന്‍ വിചാരിച്ചു. എന്നാല്‍ സന്ദര്‍ഭവശാല്‍ അത് ചെയ്തില്ലെങ്കില്‍ പോലും മോശം കര്‍മ്മഫലം പിന്തുടരും. അതായത് ശരിക്കുള്ള പ്രവര്‍ത്തിയില്‍നിന്ന് വിചാരത്തിലേക്ക് കര്‍മ്മഫലം മാറ്റി. ഫലം വേണമെന്ന ചിന്തയോട് (ലോഭം) കൂടി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും കര്‍മ്മഫലം ഉണ്ടാക്കും. 

Whatever deeds monks,is done without greed, hatred or delusion, when one has destroyed (these three effects) that deed is annuled, cut off at the root,made like an uprooted palm tree, prevented from becoming (i.e.kammic maturing) and not subject in future to the law of becoming.'' (Anguttara Nikhaya 3.33.2)
 

അതായത്, കര്‍മ്മഫലത്താല്‍ ബന്ധിക്കപ്പെടാതിരിക്കാന്‍ നിഷ്ക്കാമ കര്‍മ്മം ചെയ്യുക. ഇതു തന്നെയല്ലെ കൃഷ്ണന്‍ ഗീതയില്‍ 'കര്‍മ്മണ്യേ വാധികാരസ്ഥേ' എന്ന് പറഞ്ഞത്. (അപ്പൊ, ഈ ഭഗവത് ഗീത ബുദ്ധനെ എറിഞ്ഞ കല്ലാകുന്നതെങ്ങിനെ? ആ.... എന്നോടു ചോദിക്കണ്ട. :-))

---------------------------------------------------

യാഗങ്ങളെയും ബുദ്ധന്‍ എതിര്‍ത്തിരുന്നു എന്നതും അര്‍ദ്ധസത്യം മാത്രമാണ്. അവ മോക്ഷ മാര്‍ഗ്ഗങ്ങളാണ് (ബുദ്ധിസത്തില്‍ നിര്‍വ്വാണം) എന്ന അഭിപ്രായത്തെ മാത്രമാണ് ബുദ്ധന്‍ എതിര്‍ത്തത്. യാഗത്തെപ്പറ്റി സുന്ദരിക ഭാരദ്വാജന്‍ എന്ന ബ്രാഹ്മണനോട് പറയുന്ന ഈ അഭിപ്രായവും യാഗം മോശമാണ് എന്ന ധ്വനിയല്ല നല്‍കുന്നത്, അത് മോക്ഷം നല്‍കില്ല എന്നേ ബുദ്ധന്‍ പറയുന്നുള്ളൂ. (അതും മുന്‍കാലത്തെ ജ്ഞാനികളുടെ അഭിപ്രായവും അപ്രകാരമായിരുന്നു എന്ന് പ്രത്യേകം പറയുന്നുണ്ട്.)

''Think not, Brahmin that by laying wood can purity be gained.That is external. He who seeks it by such outward means will not be purified, so say the wise.''(Samyuktha Nikhaya 7.1.9)

അതേപോലെ കുത്തദന്ത സുത്തയില്‍ കുത്തദന്തന്‍ (കൂര്‍ത്ത ദന്തമുള്ളവന്‍) എന്ന ബ്രാഹ്മണനോട് പറയുന്നതും, യാഗത്തിന് ഒരു ഫലവും ഇല്ല എന്നല്ല, മോക്ഷം കിട്ടാന്‍ അത് പോര, തന്റെ മാര്‍ഗ്ഗം കൂടുതല്‍ മെച്ചമാണ് എന്നാണ്. (ദിഗ്ഗ നികായ. 5.22) മൃഗബലിയോടുള്ള ബുദ്ധന്റെ എതിര്‍പ്പ് വെറും ജന്തുസ്നേഹം കൊണ്ടു മാത്രമായിരുന്നില്ല. ഓരോരുത്തരും അവനവന്റെ കര്‍മഫലം അനുഭവിക്കണം. കൈകൂലി കൊണ്ട് അതില്‍ മാറ്റം വരുത്താനോ ചീത്ത കര്‍മ്മഫലം ആ മൃഗത്തിലേക്ക് മാറ്റാനോ ആകില്ല, അത് ന്യായമല്ല എന്ന ഫിലോസഫിക്കല്‍ നിലപാടു കൊണ്ട് കൂടിയായിരുന്നു.

അംഗുത്തര നിഖായയിലെ ഉജ്ജയ സുത്തയില്‍ ഉജ്ജയന്‍ എന്ന ബ്രാഹ്മണന്‍ ബുദ്ധനോട് താങ്കള്‍ യജ്ഞങ്ങളെ അനുകൂലിക്കുന്നുണ്ടോ എന്ന് നേരിട്ട് ചോദിക്കുന്നുണ്ട്. ബുദ്ധന്റെ മറുപടി താന്‍ എല്ലാ യജ്ഞങ്ങളെയും അനുകൂലിക്കുന്നില്ല, എന്നാല്‍ ചില യജ്ഞങ്ങളെ പുകഴ്താതിരിക്കുന്നുമില്ല എന്നാണ്.

''No, brahmin,
I do not praise every sacrifice.
Yet I would not withhold praise
from every sacrifice.''
(Anguthara Nikhaya- Ujjya sutta)


മൃഗങ്ങളെ ബലികഴിക്കുന്ന യാഗങ്ങളെ താന്‍ എതിര്‍ക്കുന്നുണ്ടെങ്കിലും മൃഗഹത്യ ഇല്ലാത്ത യജ്ഞങ്ങളെ താന്‍ അനുകൂലിക്കുന്നുണ്ട്.

''But in whatever sacrifice, brahmin,
cows are not slaughtered
goats and sheep are not slaughtered,
poultry and pigs are not slaughtered
and divers living creatures
come not to destruction,
such sacrifice
not involving butchery
I do praise;''
(Anguthara Nikhaya- Ujjya sutta)


ഇതുതന്നെയല്ലെ ''സംഘി വാദം'' എന്ന് ഇവിടെ ചിലര്‍ പുച്ഛിക്കുന്നത്? പസേനദി രാജാവ് ഒരിക്കല്‍ ഒരു യാഗം നടത്തി. നൂറുകണക്കിന് കാളകള്‍,പശുക്കള്‍ ആടുകള്‍ ഒക്കെ പാവം ജനങ്ങളില്‍നിന്ന് നിര്‍ബന്ധിച്ചു പിടിച്ചു വാങ്ങിയാണ് യാഗം നടത്തുന്നത്. (പസേനദി ഈ സമയത്ത് ബുദ്ധമതാനുയായിയാണ് എന്ന് പ്രത്യേകം ഓര്‍ക്കുക.)  സാധു ജനങ്ങള്‍ കണ്ണീരോടെ അവരുടെ മൃഗങ്ങളെ വിട്ടുകൊടുത്തു യാഗത്തിന് ഒരുക്കങ്ങളില്‍ സഹായിക്കുന്ന കണ്ടു വന്ന ശിഷ്യരോട് ബുദ്ധന്റെ ഉപദേശം, ഇത്തരം ക്രൂരതയില്ലാത്ത യാഗങ്ങള്‍ ദേവ പ്രീതി നല്‍കും എന്നാണ്. (ബുദ്ധന്‍ ഈ യാഗത്തില്‍ ഇടപെട്ട് യാഗം നിര്‍ത്തിച്ചു, രാജാവിനെ ഉപദേശിച്ചു യാഗം നിര്‍ത്തിച്ചു എന്നൊക്കെയാണ് നമ്മള്‍ ബാലസാഹിത്യ കഥയുണ്ടാക്കി കുട്ടികളെ പഠിപ്പിക്കുന്നത്‌. ഒക്കെ നുണയാണ്. ബുദ്ധന്‍ ആ ഏരിയയിലേ പോയിട്ടില്ല.)

''But the rites where is no bustle nor no fuss,
Are offerings meet, bequests perpetual,
Where never goats and sheep and kine are slain.
To such sacrifice as this repair
The noble seers who walk the perfect way.
These are the rites entailing great results.
These to the celebrant are blest,not cursed.
Th' oblation runneth o'er; the gods are pleased.''
(Samuktha Nikhaya 3.1.9)


സംയുക്ത നിഖായയുടെ ഈ ഭാഗത്തെ കമന്ററിയില്‍ ആദ്യകാല യാഗങ്ങള്‍ വളരെ സമാധനപൂര്‍ണ്ണമായിരുന്നു, പില്‍കാലത്താണ് അവയില്‍ ക്രൂരത കടന്നു കൂടിയത് എന്ന് പറയുന്നുണ്ട്. 'സംഘി വാദം','

വ്യാഖ്യാന ഫാക്ടറി' എന്നൊക്കെ ബുദ്ധിജീവികള്‍ പരിഹസിക്കുന്ന അതേ വാദം ബുദ്ധിസത്തില്‍ ..!!..)

പിന്നെ പലപ്പോഴും ബുദ്ധന്‍ ബലിയെ എതിര്‍ക്കുന്ന കഥകളില്‍ ഇത്തരം ക്രൂരമായ ബലികള്‍ നടത്തുന്നവര്‍ സ്വാര്‍ത്ഥരും എതിരാളികളെ ദ്രോഹിക്കാനായി വേദങ്ങളെയും യാഗങ്ങളെയും ദുരുപയോഗം ചെയ്യുന്ന  വില്ലന്‍ കഥാപാത്രങ്ങളാണ്. തക്കാരിയ ജാതക (no.481) എന്ന കഥയില്‍ പുരോഹിതന്‍ തന്റെ ഭാര്യാകാമുകനായ ബ്രാഹ്മണനെ കൊല്ലാനാണ് അയാളെ ബലി കൊടുക്കാനുള്ള യാഗം നടത്തുന്നത്. ബുദ്ധന്റെ അവതാരമായ തക്കാരിയ ഒരു ചത്ത ആടിനെ പകരം വച്ച് ബ്രാഹ്മണനെ ബലിയില്‍നിന്നു രക്ഷിക്കുന്നു. കണ്ടാല ജാതക (no. 542) എന്ന കഥയില്‍ കണ്ടാല എന്ന ബ്രാഹ്മണന്‍ രാജകുമാരനോടുള്ള വിരോധം മൂലം രാജകുമാരനെ മാത്രമല്ല രാജാവിന്റെ കുടുംബം മുഴുവന്‍ ബലി നല്‍കാന്‍ രാജാവിനെ ഉപദേശിക്കുന്നു. വേദങ്ങളും യാഗങ്ങളുമൊക്കെ നല്ലതു തന്നെ പക്ഷെ ചില വില്ലന്‍ പുരോഹിതരാണ് അതിനെ മോശമാക്കുന്നത് എന്ന ലൈന്‍. (ഇതേ യുക്തി മുസ്ലിങ്ങളും പ്രയോഗിക്കാറുണ്ട്. മുഹമ്മദ്‌ കാണിച്ചു തന്നെ ഇസ്ലാം ഒരു ദോഷവും ഇല്ലാത്തത്. എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ അത് ഇപ്പൊ കൊണ്ടു നടക്കുന്നവരുടേതാണ്.)

വേദങ്ങളെക്കുറിച്ചുള്ള ബുദ്ധന്റെ അഭിപ്രായം ശ്വേതകേതു ജാതക (no: 377) എന്ന ജാതക കഥയില്‍നിന്നു മനസ്സിലാക്കാം. (തൊട്ടുകൂടായ്മയെക്കുറിച്ചുള്ള ആദ്യത്തെ വ്യക്തമായ സൂചന ഈ കഥയിലാണ്. ശ്വേതകേതു എന്ന ബ്രാഹ്മണന്‍ തനിക്ക് എതിരെ വരുന്ന ഒരു ചണ്ഡാളനോട് അയാളുടെ ദേഹത്ത് തട്ടിയ കാറ്റ് തന്റെ ദേഹത്ത് തട്ടാതിരിക്കാന്‍ വഴി മാറിപ്പോകാന്‍ പറയുന്നു. ചണ്ഡാളന്‍ മറുവാദങ്ങള്‍ പറഞ്ഞ് ശ്വേതകേതുവിനെ തോല്‍പ്പിക്കുന്നു. സമാനമായ ഒരു കഥ ശങ്കരാചാര്യരെക്കുറിച്ചും ഉണ്ട്.)

തട്ടിപ്പുകാരനായ ശ്വേതകേതു എന്ന ബ്രാഹ്മണന്‍  കൂടെ കുറെ സന്യാസിമാരുമായി ബനാറസ്സിലെത്തി രാജാവിനെ പറ്റിച്ചു ജീവിക്കാം എന്ന് തീരുമാനിക്കുന്നു. (ഉപനിഷത്തുക്കളിലും മഹാഭാരതത്തിലും ഒരു സ്ഥിരം കഥാപാത്രമായ ശ്വേതകേതു എന്ന ഋഷിവര്യന്‍ വളരെ മഹാനായ ഒരു ബ്രാഹ്മണനാണ്. മഹാഭാരതം പ്രകാരം സ്ത്രീകള്‍ക്ക് ഒരു ഭര്‍ത്താവ് മാത്രം എന്ന പാതിവൃത്യ നിയമം കൊണ്ടുവന്നത് ഈ  ശ്വേതകേതുവാണ്. ബ്രാഹ്മണരെ ഒന്ന് ചൊറിയാനായിരിക്കുമോ ക്ഷത്രീയര്‍ ഉണ്ടാക്കിയ ഈ കഥയില്‍ തട്ടിപ്പുകാരനായ ബ്രാഹ്മണന് ശ്വേതകേതു എന്നുതന്നെ പേരിട്ടത്?) രാജാവ് കാണാനായി വരുമ്പോള്‍ ശ്വേതകേതു ഒരു പുസ്തകമൊക്കെ എടുത്തുവച്ചു പഠിപ്പിക്കുന്ന പോലെ ഇരുന്നു. മറ്റുള്ളവര്‍ മുള്‍മെത്തയില്‍ കിടക്കുക, പഞ്ചാഗ്നി മധ്യത്തില്‍ തപസ്സു ചെയ്യുക, ഒറ്റക്കാലില്‍ നില്‍ക്കുക, വേദം പാരായണം ചെയ്യുക തുടങ്ങിയ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്ന കണ്ടു രാജാവ് സ്വാഭാവികമായും വളരെ ഇമ്പ്രസ്സ്ഡ് ആയി. പല്ല് തേക്കാതെയും മുടി ജടപിടിച്ചും ആട്ടിന്‍ തോല്‍ധരിച്ചും ഇരിക്കുന്ന ഈ സന്യാസിമാരെല്ലാം നല്ല വിജ്ഞാനികളാണ് എന്ന് കരുതി.

എന്നാല്‍ രാജാവിന്റെ പുരോഹിതന്‍ കേറി ഇടപെട്ടു. (ഈ രാജപുരോഹിതന്‍ ബുദ്ധന്റെ ഒരു പൂര്‍വ്വ ജന്മമാണ്.)

''A learned sage may do ill deeds, O king:
A learned sage may fail to follow right:
A thousand Vedas will not safety bring,
Failing just works, or save from evil plight.''

കാര്യം മനസ്സിലാക്കിയ രാജാവ് അഭിപ്രായം മാറ്റി. പുരോഹിതന്‍ എല്ലാം കുളമാക്കിയത് കണ്ട ശ്വേതകേതു വേദങ്ങള്‍ നിഷ്പ്രയോജനങ്ങളാണ് എന്നാണ് പുരോഹിതന്‍ പറയുന്നത് എന്ന് ആരോപിച്ച് പ്രശ്നം ആളിക്കത്തിക്കാന്‍ നോക്കുന്നു. അതിനു പുരോഹിതന്‍  പറഞ്ഞു...

''Nay, Vedas are not useless utterly:
Though works with self-restraint true doctrine is:
Study of Vedas lifts man's name on high,
But ’tis by conduct that he reaches Bliss.''


ഈ കഥയില്‍ നിന്ന്  ബുദ്ധന് വേദത്തെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാണ്.

ഇതേ കഥ ഒട്ടും മാറ്റമില്ലാതെ മറ്റൊരു ജാതക കഥയിലും ആവര്‍ത്തിക്കുന്നുണ്ട്. ഉദ്ദാലക ജാതക (no.487). ഇതിലെ ബ്രാഹ്മണ കഥാപാത്രത്തിന്റെ പേര് ശ്വേതകേതു എന്നതിന് പകരം ഉദ്ദാലകന്‍ എന്നാണ്. (ഉപനിഷത്തുക്കളില്‍ ഈ ഉദ്ദാലകനും ശ്വേതകേതുവും അച്ഛനും മകനുമാണ്.) രാജപുരോഹിതന്റെ ഈ മറുപടി വരെ രണ്ടു കഥയും ഒരുപോലെയാണ്. ഉദ്ദാലക ജാതകയില്‍ രാജപുരോഹിതന്റെ (ബുദ്ധന്റെ പൂര്‍വ്വ ജന്മം) മറുപടി കേള്‍ക്കുമ്പോള്‍ പുരോഹിതനെ വെറുപ്പിക്കുന്നതില്‍ കാര്യമില്ല എന്ന് മനസ്സിലാക്കിയ ഉദ്ദാലകന്‍ താന്‍ ഈ രാജപുരോഹിതന്റെ മകനും ബ്രാഹ്മണനുമാണ് എന്ന സത്യം വെളിപ്പെടുത്തുന്നു. (ഈ പുരോഹിതന് പണ്ട് ഒരു അടിമ സ്ത്രീയിലുണ്ടായ മകന്‍. ഈ കഥയുടെ തുടക്കത്തില്‍ വര്‍ണ്ണ സങ്കരം മൂലമുണ്ടായ തന്റെ ഈ മകന് തന്റെ കുടുംബ പേര് നല്‍കാതെ ഉദ്ദാലകന്‍ എന്ന് ഇദ്ദേഹം തന്നെയാണ് പേരിടുന്നത്.)

തുടര്‍ന്ന് ഇവര്‍ തമ്മില്‍ ബ്രാഹ്മണന്‍ എന്നാല്‍ ആരാണ് എന്ന ചര്‍ച്ചയാണ്. ബ്രാഹ്മണന്‍ എന്നാല്‍ യാഗം നടത്തുന്ന ആള്‍ എന്നല്ല അര്‍ത്ഥം എന്ന് രാജപുരോഹിതന്‍ പറയുന്നു. കര്‍മ്മം കൊണ്ടാണ് ഒരാള്‍ ബ്രാഹ്മണനാകുന്നത്.

''He has no field, no goods, no wish, no kin,
Careless of life, no lusts, no evil ways:
Even such a brahmin peace of soul shall win,
So as one true to duty men him praise."


ജന്മം കൊണ്ടുള്ള വര്‍ണ്ണത്തില്‍ കാര്യമില്ല, കര്‍മ്മം കൊണ്ട് ആര്‍ക്കും മികച്ചവനാകാം എന്നും പുരോഹിതന്‍ ഉദ്ദാലകനോട് പറയുന്നു.

"Khattiya, Brahmin, Vessa, Sudda, and Candala, Pukkusa,
All these can be compassionate, can win Nirvana's bliss:
None among all the saints is found who worse or better is."


(വര്‍ണ്ണങ്ങളുടെ ക്രമം പറയുന്നത് ശ്രദ്ധിച്ചോ? ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളിലെല്ലാം വര്‍ണ്ണങ്ങളുടെ ക്രമം പറയുമ്പോള്‍ ക്ഷത്രീയന്‍ ആദ്യം വരുന്നത് നേരത്തെ സൂചിപ്പിച്ചിരുന്നു.) പല വര്‍ണ്ണത്തിലുള്ള തുണികള്‍ കൂട്ടിതയ്ച്ച കൂടാരം നല്‍കുന്നത് ഒരേ തണലാണ്‌ എന്നും പുരോഹിതന്‍ പറയുന്നു.

"With canvas dyed in many a tint pavilions may be made:
The roof, a many-coloured dome: one colour is the shade.
Even so, when men are purified, so is it here on earth:
The good perceive that they are saints, and never ask their birth."


ചുരുക്കത്തില്‍ പുതുതായൊന്നും ബുദ്ധന്‍ പറഞ്ഞിട്ടില്ല എന്ന് കണ്ടല്ലോ.

ബൈ ദി വേ‌, ബുദ്ധന് ഉറയുള്ള 'അവയവം' ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ അംബത്തന് കഴിഞ്ഞോ എന്നറിയാന്‍ ആകാംക്ഷാപൂവ്വം കാത്തിരിക്കുന്നവരെ ഞാന്‍ നിരാശപ്പെടുത്തുന്നില്ല. ബുദ്ധന്‍ അതിന്റെ ഒരു മായാരൂപം അംബത്തന് കാണിച്ചു കൊടുക്കുകയും അദ്ദേഹം അത് കണ്ടു തൃപ്തിപ്പെടുകയും ചെയ്തു. :-)

കല്ലേറ് അടുത്ത പോസ്റ്റിലും തുടരും.......

15 അഭിപ്രായങ്ങൾ:

Vinod പറഞ്ഞു...

വായന ഒരു ഹൃദ്യമായ അനുഭവം ആക്കിതന്നതിനു നന്ദി. ഒറ്റ ഇരിപ്പിന് വായിച്ചുതീർത്തു.
ബുദ്ധന്റെ ഒരു പൂര്‍വ്വ ജന്മമാണ് ത്രിശങ്കു. ത്രിശങ്കു ചണ്ഡാളന്‍ ആണ്നെന്നു പറയപ്പെടുന്നു.
"അങ്ങനെ ഏതെങ്കിലും കുടുംബത്തിലൊന്നും ബുദ്ധന്‍ ജനിക്കില്ല. നല്ല അന്തസ്സുള്ള വംശത്തില്‍ മാത്രം. കണ്ട ചെമ്മാന്റേം ചെരുപ്പുകുത്തിയുടെയുമൊന്നും വീട്ടില്‍ ജനിക്കാന്‍ ബുദ്ധനെ കിട്ടില്ല. പുരോഹിത വംശത്തിലോ രാജവംശത്തിലോ മാത്രമെ ബുദ്ധനുണ്ടാകൂ. അതായത് ബ്രാഹ്മണ, ക്ഷത്രീയ വംശങ്ങളില്‍ മാത്രം." ഇതു എങ്ങിനെ സംഭാവിച്ചതാകും ?

bright പറഞ്ഞു...

ജാതക കഥകളില്‍ ബുദ്ധന്‍ പക്ഷിമൃഗാദികളും ഒക്കെയായി ജന്മമെടുത്തതായി പറയുന്നുണ്ട്. അത് പക്ഷേ ബുദ്ധന്‍ അപ്പോളുള്ള ആവശ്യത്തിനായി ഉണ്ടാക്കി പറയുന്ന കഥകളാണ്. അതൊന്നും 'ശരിക്കുള്ള' ബുദ്ധനല്ല.

മിഥുന പറഞ്ഞു...

സംഭവങ്ങള്‍ ഇങ്ങനെയാണെങ്കില്‍ അംബേദ്ക്കര്‍ തന്‍റെ ലക്‌ഷ്യം നേടാന്‍ ബുദ്ധനെത്തന്നെ കൂട്ട് പിടിച്ചത് എന്ത് കൊണ്ടാണ്? അംബേദ്ക്കര്‍ക്ക് ഇതൊന്നും അറിയില്ലായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇതൊക്കെ അറിയാവുന്ന ബുദ്ധമത പണ്ഡിതന്മാരും(Not necessarily Buddhists themselves) അന്നും ഇന്നും ഒരുപാട് കാണുമല്ലോ? അവരും ഇതിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലേ? അതോ, ബുദ്ധന് ഒരു വെയിറ്റ് ഇരിക്കട്ടെ എന്ന് കരുതിയാതാണോ.

-സു- {സുനില്‍|Sunil} പറഞ്ഞു...

രാവണനെ കൊന്നതിനു രാമനു ബ്രഹ്മഹത്യാപാപം ഉണ്ടായിട്ടുണ്ട്. രാവണനെ പകുതി ബ്രാഹ്മണനായിട്ടു തന്നെ ആണു കരുതുന്നത്. ആ പാപം മാറ്റാനല്ലെ നദിയിൽ രാമൻ മുങ്ങിക്കുളിക്കുന്നത്?

-സു- {സുനില്‍|Sunil} പറഞ്ഞു...

രാവണനെ കൊന്നതിനു രാമനു ബ്രഹ്മഹത്യാപാപം ഉണ്ടായിട്ടുണ്ട്. രാവണനെ പകുതി ബ്രാഹ്മണനായിട്ടു തന്നെ ആണു കരുതുന്നത്. ആ പാപം മാറ്റാനല്ലെ നദിയിൽ രാമൻ മുങ്ങിക്കുളിക്കുന്നത്?

bright പറഞ്ഞു...

വജ്രസൂചി എന്ന ഗ്രന്ഥത്തില്‍ കാണുന്നതാണ് ഞാന്‍ പറഞ്ഞത്. ഒരുപക്ഷേ അതെഴുതിയ കാലത്ത് രാവണനെ ബ്രാഹ്മണനായി കൂട്ടിയിട്ടില്ലായിരിക്കാം.

bright പറഞ്ഞു...

@ മിഥുന,

എല്ലാ വിശ്വാസികളും അവരുടെ മതത്തിന്റെ കുറവുകള്‍ കാണാത്തതെന്തുകൊണ്ടാണ്? ഞാന്‍ പറഞ്ഞപോലെ, അംബേദ്ക്കര്‍ ബുദ്ധിസത്തെ മനസ്സിലാക്കിയത് നമ്മുടെ കെ.പി രാമനുണ്ണി ഇസ്ലാമിനെ മനസ്സിലാക്കിയതു പോലെയായിരിക്കും. :-)

മിഥുന പറഞ്ഞു...

ആനന്ദഭിക്ഷുവിന്‍റെ ഈ കഥ പണ്ട് ഒരു സാരോപദേശകഥയായി എവിടെയോ വായിച്ചത് ഓര്‍മ വരുന്നു. അതില്‍ പറയുന്നത് പ്രകാരം ബുദ്ധന്‍ ഈ പൂര്‍വജന്മകഥ പറയുന്നത് മാതംഗിക്ക് ആനന്ദനോട് ഇത്ര തീവ്രമായ ഭ്രമം തോന്നാനുള്ള കാരണം എല്ലാവര്‍ക്കും വ്യക്തമാക്കാനാണ്. മാതംഗിക്ക് ഭിക്ഷുണിയായ ശേഷം ബുദ്ധന്‍റെ ഉപദേശങ്ങളൊക്കെ കേട്ടപ്പോള്‍ മനംമാറ്റം വന്നു എന്നും തന്‍റെ വികാരങ്ങള്‍ എന്ത് മാത്രം അപക്വവും ചപലവും ആണെന്ന് മനസ്സിലാവുകയും ചെയ്തു എന്നാണ് അതില്‍ പറയുന്നത്.
ഇത് ഒരു ലോജിക്കലായ കാരണമായി താങ്കള്‍ക്കു തോന്നുന്നുണ്ടോ?

മിഥുന പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മിഥുന പറഞ്ഞു...

@bright
കുറവുകളോ യുക്തിരാഹിത്യമോ കണ്ടാലും അതിനെ തിരുത്താന്‍ ഞാന്‍ ഉള്‍പ്പടെയുള്ള ദൈവവിശ്വാസികള്‍ക്ക് ഒരുതരം ഉള്‍ഭയമാണ് എന്നാണ് തോന്നുന്നത്. ഒരുമാതിരി എല്ലാ മതങ്ങളുടെയും നിലനില്ക്കുന്നത് തന്നെ വിശ്വാസികളുടെ മനസ്സില്‍ പാപബോധവും ഭയവും സൃഷ്ട്ടിച്ച് കൊണ്ടല്ലേ? അല്ലെങ്കില്‍ തന്നെ മതനവീകരണത്തിന് ഇറങ്ങിത്തിരിച്ചവര്‍ക്കൊക്കെ ‘നല്ല’ സ്വീകരണമാണല്ലോ എല്ലായിടത്തും.
ശരിക്കും മതത്തെയും ഈശ്വരനെയുമൊക്കെ തള്ളിപ്പറയാന്‍(തലയില്‍ മുണ്ടിട്ട് ആരാധനാലയങ്ങളില്‍ പോവുന്ന നിരീശ്വരവാദികളെ അല്ല ഉദേശിച്ചത്‌) അപാരമായ ധൈര്യം വേണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോള്‍ വിശ്വാസിക്ക് ഈശ്വരനോട് പ്രാര്‍ഥിച്ചോ, ഈശ്വരനെ പഴിച്ചോ താല്ക്കാലികമായെങ്കിലും ആശ്വസിക്കാം. പാവം നിരീശ്വരന്മാര്‍ അപ്പോഴും സ്വന്തം ബുദ്ധിയിലും കഴിവിലുമൊക്കെ ആശ്രയിച്ച് പിടിച്ച് നില്ക്കണമല്ലോ...

vineeth vava പറഞ്ഞു...

ഈ രാമന്‍ വനവാസ കാലത്ത് ഉണക്കമീന്‍ കഴിച്ചു എന്ന് കേട്ടിട്ടുണ്ട്... അത് കൊണ്ടും മറ്റു പല കാരണങ്ങള്‍ കൊണ്ടും പുള്ളി സസ്യഭുക്ക് അല്ലാ എന്നും ബ്രാഹ്മണന്‍ അല്ലെന്നും കേട്ടിട്ടുണ്ട്

പ്രസാദ് പുഴങ്കര പറഞ്ഞു...

Good scholarly article. എഴുത്തിന്റെ ശൈലിയും രസകരം. മനോജിന്റെ ആഴത്തിലുള്ള, യുക്തിസഹമായ വായന മറ്റുള്ളവർ അനുകരിക്കേണ്ടതാണ്. മനസ്സിലാക്കിയിടത്തോളം വജ്രസൂചിയുടെ കാലം വരെയെങ്കിലും ജാതി അത്ര വിവേചനപൂർവമല്ലായിരുന്നിരിക്കണം. എപ്പൊഴായിരിക്കും, അല്ലെങ്കിൽ എങ്ങനെയായിരിക്കും ജാതിവ്യവസ്ഥ പ്രാ‍ഥമികാവകാശങ്ങൾ വരെ നിഷേധിക്കുന്ന ഒരു അടിച്ചമർത്തൽ സംവിധാനമായി മാറിയത്?

അജ്ഞാതന്‍ പറഞ്ഞു...

ജാതിവ്യവസ്ഥ ആദ്യകാലത്ത് തൊഴിലില്‍ അധിഷ്ട്ടിതമായിരുന്നു. ജാതിയെ ഒരു essential fact of Indian life ആക്കിയതിന് ബ്രിട്ടീഷുകാര്‍ക്കും പങ്കുണ്ട് എന്ന് പറയുന്ന ഒരു ടീച്ചര്‍ പണ്ട് എനിക്കുണ്ടായിരുന്നു. ഒരു പക്ഷെ അവര്‍ എല്ലാ ഇന്ത്യാക്കാരെയും ഒരുപോലെ കണ്ടിരുന്നെങ്കില്‍(അതായത്,ഉപദ്രവിച്ചിരുന്നെങ്കില്‍) ഒരു പക്ഷെ ജാതിവ്യവസ്ഥ ഇന്നും ഇത്ര പ്രബലമായി നില്‍ക്കില്ലായിരുന്നു, സതി പോലെ ഒരു വലിയ അളവില്‍ അതിനെ ഇല്ലാതാക്കാനായിരുന്നു എന്നും.
@മിഥുന
എനിക്ക് തോന്നുന്നത് ആര്‍ക്കും ബുദ്ധനെയും ബുദ്ധന്‍റെ ആശയങ്ങളെയും പറ്റി വലിയ വിവരമൊന്നുമില്ല എന്ന് തോന്നിയതിനാലാവും അംബേദ്ക്കര്‍ തന്‍റെ ലക്‌ഷ്യം കാണാന്‍ ബുദ്ധമതം തന്നെ തെരഞ്ഞെടുത്തത്. ബുദ്ധന്‍ ഒരു യുക്തിവാദിയും സമത്വത്തില്‍ വിശ്വസിചിരുന്നവനും ആണെന്നാണ്‌ ഞാന്‍ പോലും ഇത്രയും നാള്‍ കരുതിയത്‌(ഈ 'ഞാന്‍' ആരാണെന്നല്ലെ ഇപ്പോള്‍ വിചാരിച്ചത്?). പിന്നെ ഇത് പോലൊക്കെ പറയാന്‍(theoretically) പറ്റുന്നത് ജൈനമതവും ക്രിസ്തുമതവുമാണ്.ജൈനമതം സ്വീകരിക്കാനത് എന്താണെന്ന് എനിക്കറിയില്ല. പക്ഷെ, ബ്രിട്ടീഷ്കാരുടെ മതമായതിനാലാണെന്ന് തോന്നുന്നു ക്രിസ്തുമതം ഉപയോഗിക്കാഞ്ഞത്.

Vipin Kumar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Vipin Kumar പറഞ്ഞു...

മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും മറ്റുമുള്ള ജൈനസമൂഹം സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്നവരായിരുന്നു. ദളിതുകളുടെ സാമൂഹിക അവസ്ഥയുമായി ചേര്‍ച്ച ഉണ്ടായിരുന്നില്ല. ജൈനമതം സ്വീകരിക്കാഞ്ഞതിന്റെ കാരണം അതാകാം.

mainland ഇന്ത്യയില്‍ ബുദ്ധമതസ്ഥര്‍ അക്കാലത്തുണ്ടായിരുന്നില്ല. അംബേദ്ക്കര്‍ക്ക് പ്രത്യേക identity മാത്രമായിരുന്നു വേണ്ടത്. ബുദ്ധമതം എന്താണ് എന്നതൊന്നും വിഷയമായില്ല.

LinkWithin

Related Posts with Thumbnails