2015, ജൂലൈ 25, ശനിയാഴ്‌ച

ബുദ്ധ മതത്തിന്റെ അപചയം.........

ബുദ്ധമതം ക്ഷയിക്കാനുള്ള കാരണങ്ങള്‍ പലതാണ്. ബുദ്ധമതം കുറെ പണക്കാരായ കച്ചവടക്കാരുടെയും രാജാക്കന്മാരുടെയും സഹായം കൊണ്ട് നിലനിന്ന മതമാണ്‌. സാമാന്യ ജനത്തിന് അതില്‍ വലിയ പങ്കൊന്നും ഉണ്ടായിരുന്നില്ല. നമ്മുടെ ബുദ്ധി ജീവികള്‍ സങ്കല്‍പ്പിക്കുന്നപോലെ അധഃസ്ഥിതരുടേയും കീഴാളരുടേയും മതമൊന്നുമായിരുന്നില്ല അത്. അവര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമുള്ള ആശയങ്ങളുമായിരുന്നില്ല പലതും. ബുദ്ധന്‍ പോലും തന്റെ അധ്യാപനം പണ്ഡിതര്‍ക്കു മാത്രം മനസ്സിലാകുന്നതാണ് എന്നാണ് കരുതിയിരുന്നതും.

''This Dhamma that I have attained is profound, hard to see and hard to understand, peaceful and sublime, unattainable by mere reasoning, subtle, to be experienced by the wise.'' (Manjima Nikhaya 26:1)

''This Dhamma I have attained is deep,hard to see, hard to understand, peaceful, excellent, beyond the sphere of logic, profound, understandable (only) to the wise.'' (Mahavagga 1:5)

ഉദാഹരണത്തിന്, ബുദ്ധ മതത്തിന്റെ കേന്ദ്ര സങ്കല്‍പ്പമായ, ആത്മാവില്ലാതെ പുനര്‍ജ്ജന്മം എന്ന സങ്കല്പം. ബുദ്ധനൊഴിച്ച് അദ്ദേഹത്തിന്റെ അടുത്ത ശിഷ്യര്‍ക്ക് പോലും അത് ശരിക്ക് മനസ്സിലായിട്ടില്ല എന്ന് കാണാം. ബുദ്ധന്‍ നേരിട്ട് പഠിപ്പിച്ചവര്‍ പോലും ആ ആശയം തെറ്റിദ്ധരിച്ചു. അവര്‍ പോലും അനശ്വരമായ ആത്മാവ്‌ ഉണ്ട് എന്നാണ് മനസ്സിലാക്കിയത്. ഒരിക്കല്‍ ഒരു മുക്കുവന്റെ മകനായ സതി എന്ന ഭിക്ഷു അനശ്വരമായ ഒരു ആത്മാവ് ഉണ്ട് എന്ന് അര്‍ഥം വരുന്ന രീതിയില്‍ പഠിപ്പിച്ചു എന്നറിഞ്ഞ ബുദ്ധന്‍ കോപിച്ചു.

''From whom have you heard, you foolish man (moghapurisha) that I have explained the Dhamma in that way? Foolish man, have I not in many ways declared that consciousness is dependently arisen (and therefore perishing at death?).....You, foolish man, have not only misrepresented me by your wrong grasp, but have also done yourself (kammic) harm.'' (Manjjima nikhaya 38:1,258)

പൂര്‍വ്വാശ്രമത്തില്‍ കഴുകനെ പരിശീലിപ്പിക്കുന്ന ജോലി (വേട്ടയാടാനായിരിക്കണം) ചെയ്തിരുന്ന ആരിത എന്ന ഭിക്ഷുവിനെയും സമാനമായ കാരണങ്ങളാല്‍ ഒരിക്കല്‍ ബുദ്ധന്‍ വിഡ്ഢി എന്ന് വിളിച്ചു ശകാരിക്കുന്നുണ്ട്. (മഞ്ജിമ നിഖായ 22;1,132) ഇതുപോലെ വേറെയും സംഭവങ്ങളുണ്ട്. ഇപ്രകാരം ബുദ്ധതത്വങ്ങള്‍ തെറ്റായി മനസ്സിലാക്കിയത് ശകാരം കിട്ടുന്ന എല്ലാവരും സമൂഹത്തിലെ താഴെതട്ടിലുള്ളവരായിരുന്നു എന്നതും ശ്രദ്ധേയമാണ്. അവരുടെ വിദ്യാഭ്യാസക്കുറവായിരിക്കാം ഒരുപക്ഷേ കാരണം.

ബുദ്ധിസത്തിന്റെ അടിസ്ഥാന പ്രമാണമായ ആത്മാവില്ലാതെയുള്ള പുനര്‍ജന്മവും സ്വര്‍ഗ്ഗ നരകവാസമൊന്നും എനിക്കും മനസ്സിലായിട്ടില്ല. വളരെ മിനക്കെട്ട്  മിലിന്ദ പ്രശ്ന വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്‌ ഇങ്ങനെയാണ്. (ശരിയാണോ എന്നറിയില്ല.) ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നമ്മുടെ കര്‍മ്മഫലങ്ങള്‍ എഴുതിയ ഒരു ഫയല്‍ ഉണ്ടെന്നു കരുതുക. കര്‍മങ്ങള്‍ രേഖപ്പെടുത്തിയ കടലാസുകള്‍ നമ്മുടെ ആത്മാവും ഫയലിന്റെ പുറം ചട്ട നമ്മുടെ ശരീരവും ആണ് എന്ന് സങ്കല്‍പ്പിക്കുക. മരണം എന്നാല്‍ കടലാസുകള്‍ അവയുടെ പുറം ചട്ട ഉപേക്ഷിക്കുന്നു, പുനര്‍ജ്ജന്മം എന്നാല്‍ ഈ കടലാസുകള്‍ പുതിയൊരുഫയലില്‍ സൂക്ഷിക്കപ്പെടുന്നു. ഇതാണ് നമ്മള്‍ സാധാരണ മനസ്സിലാക്കുന്ന ആത്മാവ്‌/പുനര്‍ജ്ജന്മം കോണ്‍സെപ്റ്റ്. എന്നാല്‍ ബുദ്ധമതത്തില്‍ ഇങ്ങനെ ഒരു കടലാസ് /ഫയല്‍ ഇല്ല. കര്‍മ്മ ഫലം രേഖപ്പെടുത്തിയ ഒരു വേര്‍ഡ്‌ ഫയല്‍  ഒരു പെന്‍ഡ്രൈവില്‍നിന്നു മറ്റൊന്നിലേക്ക്  കട്ട്‌/പേസ്റ്റ് ചെയ്യുന്നപോലെ എന്ന് പറയാം. only the information gets transfered. Nothing tangiable like paper on which the information is written (immortal soul) gets transfered. വല്ലതും മനസ്സിലായോ? ഇങ്ങനെ വിശദീകരിക്കാനേ എനിക്ക് അറിയൂ. വെറും ഇന്‍ഫര്‍മേഷന്‍ എങ്ങിനെ പുനര്‍ജനിക്കുന്നു, നരകശിക്ഷ അനുഭവിക്കുന്നു എന്ന് എനിക്കും വ്യക്തമല്ല.

ബുദ്ധന്റെ ജീവിതകാലത്തുതന്നെ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായി അതിന്റെ പേരില്‍ അടിതുടങ്ങി ബുദ്ധന്റെ പരിനിര്‍വ്വാണം കഴിഞ്ഞു മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംഘം പലതായി പിരിഞ്ഞിരുന്നു. പാലി ഗ്രന്ഥങ്ങള്‍ പ്രമാണമായി കരുതിയ യാഥാസ്ഥിക വാദികള്‍ സ്ഥവിരന്മാര്‍ (ഥേരന്മാര്‍) എന്നും, ബ്രാഹ്മണ മതാശയങ്ങള്‍ കൂടി ബുദ്ധമതത്തില്‍ കലര്‍ത്തി സാമാന്യ ജനതയെ ആകര്‍ഷിച്ചവര്‍ മഹാസാംഘികര്‍ എന്നും അറിയപ്പെട്ടു. പിന്നീട് ഇത് രണ്ടു കലര്‍ന്ന് സര്‍വ്വാസ്ഥിവാദം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് അതിലൊരു ഭാഗം മഹായാനം എന്നറിയപ്പെട്ടു. അങ്ങനെയങ്ങനെ അശോകന്റെ കാലം എത്തുമ്പോഴേക്കും പതിനെട്ടു വിഭാഗങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടത്രെ. ഇവരോട് പരസ്പരം വഴക്കടിച്ച് പരിഹാസ്യരാകാതിരിക്കാന്‍ അശോകന്‍ അഭ്യര്‍ത്ഥിക്കുന്ന ശിലാശാസങ്ങളുണ്ട്.

രാജാക്കന്മാരുടെയും പണക്കാരുടെയും സഹായത്തോടെ നിലനിന്ന ബുദ്ധമതം (അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് താല്പര്യമുള്ളതൊന്നുമായിരുന്നില്ല 'ശരിയായ' ബുദ്ധമതം.) ബുദ്ധന്റെ കാലം കഴിഞ്ഞ് അശോകന്റെ കാലം വരെ മിക്കവാറും അവഗണിക്കപ്പെട്ടു. പിന്നെ അശോകന്റെ അശ്രാന്ത പരിശ്രമ ഫലമായി അത് ഇന്ത്യക്കകത്തും പുറത്തും വെന്നിക്കൊടി പാറിച്ചു. പിന്നെ വീണ്ടും കുറെ കാലം ഉണങ്ങിപ്പോയി. വീണ്ടും ഗ്രീക്ക് രാജാവായ മിനാന്‍ഡറുടെ കാലത്ത് (BC160-150) വീണ്ടും പുഷ്ട്ടിപ്പെട്ടു. വീണ്ടും തളര്‍ന്നു, പിന്നെ കനിഷ്കന്റെ കാലത്ത് പുഷ്ട്ടിപ്പെട്ടു. ഒരു രണ്ടാം അശോകനായിരുന്നു കനിഷ്കന്‍. മഹായാന ബുദ്ധിസമാണ് കനിഷ്കന്‍ വളര്‍ത്തിയത്‌. പിന്നീട് ഗുപ്തന്മാരുടെ കാലം വരെ വീണ്ടും ക്ഷീണം. ഗുപ്തന്മാര്‍ ഹിന്ദുമത സംരക്ഷകരായാണ് അറിയപ്പെടുന്നതെങ്കിലും ബുദ്ധമതത്തേയും കാര്യമായി സഹായിച്ചിരുന്നു.(അജന്തയിലെ ചിത്രങ്ങള്‍, നളന്ദ സര്‍വ്വകലാശാല ഒക്കെ ഗുപ്തകാലത്താണ്) പിന്നീട് ഹര്‍ഷന്റെ കാലത്ത് (Ad 606-647) വീണ്ടും ഉയര്‍ച്ച.

അപ്പോഴേക്കും ബുദ്ധമാര്‍ഗ്ഗത്തിന്റെ തനിമ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു. അതില്‍ അത്ഭുതമില്ല താനും. ബുദ്ധന്റെ ആശയങ്ങള്‍ ബുദ്ധന്റെ നേരിട്ടുള്ള ശിഷ്യന്മാര്‍ക്ക് പോലും മനസ്സിലാക്കാനും വിശദീകരിച്ചു കൊടുക്കാനും പറ്റീട്ടില്ല. അപ്പോപ്പിന്നെ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം വരുന്ന ശിഷ്യന്‍മാരുടെ, ശിഷ്യന്‍മാരുടെ, ശിഷ്യന്‍മാരുടെ കാര്യം പറയണോ?ഏ.ഡി എഴാം നൂറ്റാണ്ടോടു കൂടി മഹായാന ശാഖയില്‍നിന്ന് താന്ത്രിക ബുദ്ധമതം (വജ്രയാനം) ഉണ്ടാകുന്നു.  മന്ത്രതന്ത്രങ്ങളോടു കൂടിയ ബുദ്ധമതവും അക്കാലത്ത് ഉയര്‍ന്നു വരുന്ന ഹിന്ദുമതവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലാതായായി.

(ഹിന്ദുമതം ബുദ്ധമതത്തെ കീഴ്പ്പെടുത്തി എന്നു പറയുന്ന നമ്മുടെ ചരിത്രകാരന്മാര്‍ പോലും പരിഗണിക്കാതെ വിടുന്ന ഒരു കാര്യമുണ്ട്. ശങ്കരാചാര്യര്‍ കീഴ്പ്പെടുത്തി എന്ന് പറയപ്പെടുന്ന ആ ബുദ്ധമതം ഗൌതമ ബുദ്ധന്‍ ഉപദേശിച്ച ബുദ്ധമതമല്ല. അതുമായി വിദൂരമായ എന്തോ സാമ്യം മാത്രം ബാക്കിയുള്ള ഒന്നാണ്. കുറച്ചെങ്കിലും ബുദ്ധന്റെ ആശയങ്ങള്‍ ബാക്കിയുണ്ടായിരുന്നത് ഥേരവാദ എന്ന ഹീനയാന വിഭാഗത്തിലാണ്. അത് പേര് സൂചിപ്പിക്കുന്നപോലെ ന്യൂനപക്ഷവും ആയിപ്പോയി. അശോകനടക്കമുള്ള രാജാക്കന്മാരുടെ പ്രോത്സാഹനത്തില്‍ പില്‍കാലത്ത് വളര്‍ന്നത് 'ബുദ്ധമതം' മഹായാനമാണ്. അതില്‍ വിഗ്രഹാരാധനയൊക്കെ ഉണ്ട്. പിന്നെ അതും പിരിഞ്ഞാണ് മന്ത്രതന്ത്രങ്ങളും പൂജകളുമൊക്കെയുള്ള താന്ത്രിക ബുദ്ധമതം ഉണ്ടാകുന്നത്.

ഇതിനു ഒറിജിനല്‍ ബുദ്ധമതത്തേക്കാള്‍ അടുപ്പം ഹിന്ദുമതത്തോടാണ്. ശങ്കരന്റെ കാലത്തുള്ള ബുദ്ധമതത്തെ ബുദ്ധമതം എന്ന് വിളിക്കുന്നത്‌ മോഡേണ്‍ മെഡിസിനെ അലോപ്പതി എന്നു വിളിക്കുന്നതുപോലെയാണ്. ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റേത്, രണ്ടും ഒന്നാണ് എന്ന് വ്യാപകമായി കരുതപ്പെടുന്നുണ്ടെങ്കിലും രണ്ടും തമ്മില്‍ കാര്യമായ സാമ്യമൊന്നുമില്ല. (ചര്‍ച്ചകളില്‍ നമ്മുടെ സാധാ ബുദ്ധിജീവികള്‍ക്ക് ഈ വ്യത്യാസം അറിയാത്തത് മനസ്സിലാക്കാം. പക്ഷെ ശരിക്കുള്ള ചരിത്രകാരന്മാര്‍ ഈ വ്യത്യാസം അവഗണിക്കുന്നത് സംശയാസ്പദമാണ്. You can almost suspect they have 'ideological' axes to grind.)

നാസ്തികമതം അഥവാ ദൈവമില്ലാത്ത മതം എന്നാണ് ബുദ്ധമതം അറിയപ്പെടുന്നത്. അത് 'നാസ്തികത' എന്ന വാക്ക് തെറ്റിദ്ധരിച്ച് ഏതോ യുക്തിവാദി അങ്ങ് തീരുമാനിച്ചതാകാം. നാസ്തികത എന്നാല്‍ വേദങ്ങളുടെ അപ്രമാദിത്വം അംഗീകരിക്കാതിരിക്കല്‍ എന്നെ അര്‍ത്ഥമുള്ളൂ. തന്റെ മിക്ക സമകാലിക ചിന്തകരെയും പോലെത്തന്നെ ബുദ്ധനും ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നു. ബുദ്ധമതത്തില്‍ ആവശ്യത്തിനു ദൈവങ്ങളുണ്ട്‌. അതും വേദങ്ങളില്‍ പറയുന്ന ദൈവങ്ങള്‍ തന്നെ. വേദങ്ങളിലേപ്പോലെ മേരു പര്‍വ്വതത്തിന്റെ മുകളില്‍ വസിക്കുന്ന ദേവ രാജാവായ ഇന്ദ്രനും മുപ്പത്തി മൂന്ന് സഹദൈവങ്ങളും തന്നെയാണ്‌ ബുദ്ധമതത്തിലും. (മുപ്പത്തി മൂന്നു കോടി എന്നും ചിലയിടത്തുകാണാം. അഷ്ട വസുക്കള്‍ എട്ടു പേര്‍, പതിനൊന്ന് രുദ്രന്മാര്‍, പന്ത്രണ്ട് ആതിത്യന്മാര്‍, പിന്നെ രണ്ട് അശ്വിനി ദേവകള്‍. അങ്ങനെ മുപ്പത്തിമൂന്ന് ദേവന്മാര്‍. ഹിന്ദുമതം ആകട്ടെ ഈ വേദ ദൈവങ്ങളെ കൂടാതെ അവര്‍ണ്ണ ദൈവങ്ങളെയും ഈ പറഞ്ഞ ബുദ്ധനെപോലും ദൈവങ്ങളുടെ കൂട്ടത്തില്‍ സ്വീകരിക്കുകയും ചെയ്തു.

മനസ്സിലാക്കാന്‍ പ്രയാസമുള്ള 'ആത്മാവില്ലാത്ത പുനര്‍ജ്ജന്മം' കണ്‍സപ്റ്റ്  ആണ് ബുദ്ധമതത്തെ തകര്‍ത്തത് എന്നുപോലും ഞാന്‍ പറയും. ഹിന്ദുമതവുമായി ഉള്ള ഏക വ്യതാസം അതായിരുന്നു. രണ്ടിടത്തും പുനര്‍ജ്ജന്മം ഉണ്ടെങ്കിലും ഹിന്ദുമതത്തില്‍ പുനര്‍ജ്ജനിക്കാന്‍ ഒരു ആത്മാവുണ്ട്. ഇവിടെ അതില്ല. പിന്നെ എന്താണ് പുനര്‍ജ്ജനിക്കുന്നത് എന്ന് ഫലപ്രദമായി വിശദീകരിച്ചു കൊടുക്കാനും പറ്റുന്നില്ല. ബുദ്ധന്‍ നേരിട്ട് പഠിപ്പിച്ച ശിഷ്യന്‍മാര്‍ക്ക് പോലും പോലും വ്യക്തമായി മനസ്സിലാകാത്തതും മറ്റൊരാള്‍ക്ക് വിശ്വസനീയമായി പറഞ്ഞു കൊടുക്കാനും പറ്റാത്ത ഈ അടിസ്ഥാന പ്രമാണം പിന്നെ എങ്ങനെ അദ്വൈതത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാനാണ്? (ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ശങ്കരന്റെ അദ്വൈതം മനസ്സിലാക്കാന്‍ എത്ര സിമ്പിള്‍.) ഇങ്ങനെ ഒട്ടും ആശയ വ്യക്തതയില്ലാതെയും രാജാക്കന്‍മാരുടെയും പ്രമാണിമാരുടെയും സഹായമില്ലാതെയും ഉണങ്ങി നില്‍ക്കുന്ന ഒരു ബുദ്ധമതത്തെയാണ് അദ്വൈത വാദിയായ ശങ്കരാചാര്യര്‍ എതിരിടുന്നത്. ബുദ്ധിസ്റ്റ് താത്വികാചാര്യന്മാര്‍ തര്‍ക്കങ്ങളില്‍ തോറ്റു  തുന്നം പാടിയതില്‍ അത്ഭുതമില്ല.

ശങ്കരാചാര്യന്‍ സാധാരണക്കാര്‍ക്കായി ഭക്തിമാര്‍ഗം കൂടി അവതരിപ്പിച്ചതാണ്  ഹിന്ദുമതത്തിന്റെ വിജയം ഉറപ്പാക്കിയത്. (ഭജഗോവിന്ദം മൂഢമതെ...) അങ്ങനെ പണ്ഡിതര്‍ക്കായി അദ്വൈത സിദ്ധാന്തവും സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഭക്തിയും. ബുദ്ധമതത്തിന്റെ താത്വിക വശം (ആത്മാവില്ലാതെ പുനര്‍ജ്ജന്മം )അദ്വൈതവുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു. ആത്മാവില്ലാത്ത പുനര്‍ജന്മം എന്ന അവര്‍ക്കുതന്നെ മനസ്സിലാകാത്ത ഈ കണ്സെപ്റ്റ്  ബുദ്ധിസ്റ്റുകള്‍ തന്നെ പതുക്കെ പതുക്കെ ഉപേക്ഷിച്ചു, അങ്ങനെ ബുദ്ധമതവും ഹിന്ദുമതവും തമ്മില്‍ ഉള്ള ആ വ്യത്യാസവും ഇല്ലാതായി. ഭക്തി മാര്‍ഗ്ഗമാണെങ്കില്‍ ഹിന്ദു മതവും അപ്പോള്‍ നിലവിലുള്ള ബുദ്ധമതവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല താനും. ദൈവങ്ങള്‍ മിക്കവാറും എല്ലാം ഒന്നു തന്നെ. ചടങ്ങുകളും പ്രാര്‍ത്ഥനാ രീതികളും ഒക്കെ സെയിം സെയിം.  ഉദാഹരണത്തിന് ഗണപതി വിനായകന്‍ എന്ന പേരില്‍ ബുദ്ധിസത്തിലും ദൈവമാണ്. നൃത്തഗണപതി എന്ന കണ്‍സപ്റ്റ് ഹിന്ദു മതത്തിലും ബുദ്ധമതത്തിലും ഉണ്ട്. ഒരു ഗണപതി ഭക്തനെ സംബന്ധിച്ചിടത്തോളം ബുദ്ധിസവും ഹിന്ദൂയിസവും ഒരുപോലെയാണ്. ഒരു ശരാശരി ഭക്തന് അവലോകിതേശ്വരനും (പദ്മപാണി) വിഷ്ണുവും ഒന്നുതന്നെ. പ്രാര്‍ത്ഥിക്കുന്ന സ്ഥലം ബുദ്ധവിഹാരം അല്ലെങ്കില്‍ ഹിന്ദു അമ്പലം ആണോ എന്നൊക്കെ ആരു നോക്കുന്നു?

(പണ്ട് ബ്ലോഗില്‍ ഹിന്ദു ദൈവങ്ങളെ എട്ടുകാലി ദൈവം എന്നൊക്കെ വിളിച്ചു പരിഹസിക്കുന്ന ഒരു ഓണ്‍ലൈന്‍ ബുദ്ധഭക്തന്‍ ഉണ്ടായിരുന്നു. സരസ്വതിക്ക് നാല് കൈയ്യുണ്ടെങ്കില്‍ എത്ര മുലകളുണ്ടായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു മില്യണ്‍ ഡോളര്‍ സംശയം. (നാലും എട്ടും കൈകളുമൊക്കെയുള്ള 'എട്ടുകാലി ദൈവങ്ങള്‍' ബ്രാഹ്മണരുടേതാണ്. ഞങ്ങട ബുദ്ധമതത്തില്‍ അങ്ങനൊന്നുമില്ല എന്നാണ് പുള്ളിക്കാരന്റെ അബദ്ധധാരണ. അദ്ദേഹത്തിനുള്ളതാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ ആറു കൈയുള്ള ഈ അവലോകിതേശ്വരന്റേയും മുകളിലെ ഗണപതിയുടെയും ബുദ്ധിസ്റ്റ് ചിത്രങ്ങള്‍‍. :-) സത്യത്തില്‍ അനേകം കൈകളുള്ള ദൈവങ്ങള്‍ ബുദ്ധമതത്തിന്റെ തനതു സംഭാവനയാണ്. ഹിന്ദുമതം അതൊക്കെ സ്വീകരിക്കുന്നത് പിന്നീടാണ്.)

ഹിന്ദുമതത്തില്‍ ചേര്‍ത്തിട്ടുള്ള പരസ്പര വിരുദ്ധമായ അനേകം കള്‍ട്ടുകള്‍ തമ്മില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കൂടുതല്‍ സാമ്യം അവയ്ക്കും ബുദ്ധമതത്തിനും തമ്മില്‍ ഉണ്ട് എന്നതാണ് സത്യം. ബ്രാഹ്മണമതത്തിന്റെ തുടര്‍ച്ചയാണ് ഹിന്ദു മതം എന്നു പറയുന്നുണ്ടെങ്കിലും ബ്രാഹ്മണ മതത്തിന്റെ അംശങ്ങള്‍ ഹിന്ദുമതത്തേക്കാള്‍ കൂടുതല്‍ ഉള്ളത് ബുദ്ധമതത്തിലാണ്. ബ്രാഹ്മണമതത്തിലും ഹിന്ദു മതത്തിലും പുരോഹിതര്‍ ഒരേ കൂട്ടരാണ് എന്നതൊഴിച്ചാല്‍ സത്യത്തില്‍ വേറെ കാര്യമായ സാമ്യമൊന്നുമില്ല. വേദങ്ങളിലെ ദൈവങ്ങളെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും ആരാധിക്കുന്നില്ല. വേദങ്ങളെ തന്നെ ചുമ്മാ പൊക്കിപ്പറയുന്നതല്ലാതെ ആര്‍ക്കും വേദങ്ങളെക്കുറിച്ച് കാര്യമായി അറിയുകയുമില്ല. അതില്‍ പറയുന്ന ആരാധനവിധികളും യാഗങ്ങളും മിക്കവാറും ആരും അനുഷ്ഠിക്കാറുമില്ല. (ഫ്രിറ്റ്സ് സ്റ്റാള്‍  ഇല്ലായിരുന്നെങ്കില്‍ യാഗങ്ങള്‍ പോയ വഴി കാണില്ല.) ബ്രാഹ്മണ ദൈവങ്ങളായ ഇന്ദ്രനേയും വരുണനെയും ബ്രഹ്മാവിനെയുമൊക്കെ ആര് ആരാധിക്കുന്നു? എന്നാല്‍ വേദങ്ങളില്‍ കാണുന്ന ഈ ദൈവങ്ങളെല്ലാം ബുദ്ധമതത്തില്‍ (ചുരുങ്ങിയ പക്ഷം മഹായാന ബുദ്ധമതത്തിലെങ്കിലും) ആരാധിക്കപ്പെടുന്നുണ്ട്. ബൈബിളും ഖുറാനും പോലെയാണ് ഹിന്ദുമതവും ബുദ്ധമതവും എന്നു പറയാം. ഖുറാനില്‍ പറയുന്ന പല കാര്യങ്ങളും വ്യക്തമായി മനസിലാക്കാന്‍ ബൈബിള്‍, വിശേഷിച്ചും പഴയ നിയമം വായിക്കണം എന്ന പോലെ ബുദ്ധിസത്തിലെ പലേ കഥകളും വിശ്വാസങ്ങളും  മനസിലാക്കാന്‍ ബ്രാഹ്മണമതം അറിയണം. ശങ്കരന്‍ തകര്‍ത്തു എന്ന് പറയപ്പെടുന്ന ബുദ്ധമതത്തിന് 'ഹിന്ദുമതത്തില്‍' ഉള്‍പ്പെട്ടിട്ടുള്ള മറ്റു കള്‍ട്ടുകളില്‍ നിന്ന് കാര്യമായ പ്രത്യേകതയൊന്നും സത്യത്തില്‍ അവകാശപ്പെടാനില്ലായിരുന്നു. തകര്‍ക്കാന്‍ മാത്രം സവിശേഷമായി അതില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.

വേദവും വേദവിരുദ്ധമായതും രണ്ടും ഇന്ന് ഹിന്ദു മതത്തിന്റെ ഭാഗമാണ്. ഒരു കമ്പ്യൂട്ടര്‍ ഉപമ ഉപയോഗിച്ചാല്‍ പലരും പലകാലത്തായി ഉണ്ടാക്കിയ ആഡ്  ഓണുകളെല്ലാം (പലതിനും പരസ്പരം non compatibility issues ഉണ്ട് എന്ന് കൂടി പറയണം) വേദമതവുമായി കൂടിക്കലര്‍ന്ന് ഹിന്ദുമതം എന്ന പുതിയ പേരും സ്വീകരിച്ചു എന്ന് പറയാം. ഹിന്ദു മതത്തിന്റെ നിര്‍വചനത്തില്‍ അതില്‍  എന്തൊക്കെ ഉള്‍പ്പെടുന്നു എന്നല്ല, അതില്‍ എന്തൊക്കെയാണ് ഉള്‍പ്പെടാത്തത് എന്നാണ് നിര്‍വചിക്കുന്നത്. ക്രൈസ്തവ ഇസ്ലാം ജൂത മതങ്ങളെ മാറ്റിനിര്‍ത്തി ഇവിടെയുള്ള ബാക്കി 'പേഗന്‍' ആചാരങ്ങളെ എല്ലാം
ചേര്‍ത്തുള്ള പേരാണ് ഹിന്ദു മതം എന്നത്. 'അബ്രഹാമിക് മതം അല്ലാത്തത്' എന്നാണ് ഹിന്ദുമതം എന്ന വാക്കിന്  സായിപ്പ് കൊടുത്ത അര്‍ഥം. (നമ്മുടെ നിയമത്തിലെ ഹിന്ദു മാര്യേജ് ആക്ടിലെ (Hindu Marriage Act -1955) ഹിന്ദുവിന്റെ നിര്‍വ്വചനവും ഏതാണ്ട് ഇതുതന്നെയാണ്.) ഇന്ത്യയിലെ "ഹിന്ദുമതം" ഉണ്ടാക്കുമ്പോള്‍ ഇന്ത്യക്ക് പുറത്ത് സായിപ്പിന് നേരത്തെ പരിചയമുണ്ടായിരുന്ന കള്‍ട്ടുകളായിരുന്ന ജൈനമതത്തേയും ബുദ്ധമതത്തേയും ഹിന്ദുമതത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. ഇങ്ങനെ ഉണ്ടാക്കിയെടുക്കപ്പെട്ട ഹിന്ദുമതത്തിന് അംഗീകരിക്കപ്പെട്ട നിയമ പുസ്തകമം ഉണ്ടെന്നും അത് മനുസ്മൃതിയാണ് എന്ന് തീരുമാനിച്ചതും സായിപ്പാണ്‌.

(സായിപ്പിന് പകരം നമ്മളാണ് അവരെ കീഴടക്കിയിരുന്നതെങ്കില്‍ ഒരു പക്ഷേ അവിടെയുള്ള ജൂത, ക്രിസ്തു, ഇസ്ലാം മതങ്ങളെ 'അബ്രഹാമിക് മതം' എന്ന് പേരിട്ട് അത് ഒറ്റ മതമാണ് എന്ന് വിളിച്ചേനെ. ഒരേ ഉത്ഭവമാണെങ്കിലും പരസ്പരവിരുദ്ധമായ മൂന്നു മതങ്ങള്‍ക്കും കൂടി അബ്രഹാമിക് മതം എന്ന പേര് എത്രമാത്രം കൃത്രിമമാണോ  അത്രമാത്രം കൃത്രിമമാണ് അസംഖ്യം പരസ്പരവിരുദ്ധമായ കള്‍ട്ടുകള്‍ക്ക് ഒരുമിച്ച് ഹിന്ദുമതം എന്ന ഒറ്റ പേര്.)

പിന്നെ മതം മാറ്റം എന്ന കണ്‍സപ്റ്റിനെക്കുറിച്ച് നമ്മുടെ ഇപ്പോഴത്തെ ധാരണയും അന്നത്തേതില്‍നിന്നു വ്യത്യസ്തമാണ് എന്നും പറയേണ്ടി വരും. ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള മത പരിവര്‍ത്തനം, പഴയ വിശ്വാസങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചും പഴയ ദൈവങ്ങളെ തള്ളിപ്പറഞ്ഞും പുതിയ മതത്തിലേക്ക് പോകുക എന്ന പടിഞ്ഞാറന്‍ കണ്‍സപ്റ്റ് അബ്രഹാമിക് മതങ്ങളുടെ രീതിയാണ്. ഒന്നുകില്‍ പൂര്‍ണ്ണമായി അവിടെ, അല്ലെങ്കില്‍ ഇവിടെ. നമ്മള്‍ പണ്ട് മുതലേ സഹവര്‍ത്തിത്വത്തിന്റെ ആളുകളായിരുന്നു. നമ്മുടെ പ്രശസ്തമായ നാനാത്വത്തില്‍ ഏകത്വം. ആരും പഴയ ശീലങ്ങളൊന്നും മാറ്റാറില്ല‍. അങ്ങനെ മാറ്റാന്‍ മാത്രം വലിയ വ്യത്യാസങ്ങള്‍ ഈ ദൈവങ്ങളും അവരുടെ ആചാരങ്ങളും തമ്മിലില്ല താനും. അഥവാ പുതിയ ദൈവങ്ങള്‍ ഉണ്ടായാല്‍ പഴയതിന്റെ കൂടെ അവരെ കൂടി കൂട്ടും. (ഒരു ബുദ്ധമത വിശ്വാസിക്ക് ഹിന്ദുവായി തുടരാന്‍ ഒരു പ്രശ്നവുമില്ല. സഹോരന്‍ അയ്യപ്പന്‍ പണ്ട് ബുദ്ധമതം സ്വീകരിച്ചപ്പോള്‍ തുടര്‍ന്നും അദ്ദേഹം ഹിന്ദു തന്നെയായിരിക്കും എന്നാണ്  ഒരു കേസില്‍ അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. കോടതി ആ വാദം അംഗീകരിക്കുകയും ചെയ്തു.)

വിശ്വാസങ്ങള്‍ തമ്മിലുള്ള വൈരുധ്യമോ പുതിയ ചോദ്യങ്ങളോ ഉണ്ടായാല്‍ അതു വിശദീകരിക്കാനായി പുതിയ കഥകളും (back stories or new origin stories) ഉണ്ടാക്കും.  സ്വാഭാവികമായും ഈ കഥകളിലും പരസ്പര വൈരുധ്യം എമ്പാടും ഉണ്ടാകും. അതൊക്കെ അങ്ങ് കണ്ടില്ലെന്നു നടിക്കും. ( പണ്ടെവിടെയോ വായിച്ചതാണ്, കേരളത്തിലെവിടെയോ ഒരിടത്ത് അവിടത്തെ അമ്പലത്തിലെ ഭദ്രകാളിയും, ലോക്കല്‍ പള്ളിയിലെ കന്യാമറിയവും സഹോദരിമാരാണ് എന്നൊരു വിശ്വാസമുണ്ടത്രെ. ഈ കഥയിലുള്ളത്ര വൈരുധ്യം വാമനാവതാരം ചവുട്ടിതാഴ്തിയ മഹാബലി പിന്നീട് വന്ന പരശുരാമന്‍ സൃഷ്‌ടിച്ച കേരളം ഭരിച്ചിരുന്നു എന്ന കഥയിലോ, ത്രേതായുഗത്തില്‍ ജനിച്ച ഹരിഹരപുത്രന് മുസ്ലിമായ വാവര്‍ എന്നൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എന്ന കഥയിലോ പോലും കാണില്ല.) അതായത് നമുക്ക് ഒരു 'ഏകസത്യം' എന്നൊന്നില്ല. ബുദ്ധന്റെ കാലം മുതല്‍ തന്നെ അതായിരുന്നു രീതി. വിഗ്രഹഭഞ്ജനം നമ്മുടെ രീതിയായിരുന്നില്ല.

''A man has faith. If he says,''This ia my faith,'' so far he maintains the truth. But by that he cannot proceed to the absolute conclusion: this alone is the Truth, and everything else is false.'' (Canki Sutta)

എന്നാല്‍ ഇതിനു വിരുദ്ധമായി പഴയതിനെ മുഴുവന്‍ തച്ചു തകര്‍ത്താല്‍ മാത്രമെ ബുദ്ധമതത്തിലേക്ക് പ്രവേശനം കിട്ടൂ എന്ന പടിഞ്ഞാറന്‍ രീതി ഇവിടെ പ്രചരിപ്പിക്കാന്‍ നോക്കിയത് അംബേദ്ക്കറാണ്. ബുദ്ധമതത്തില്‍ ചേരുന്നവര്‍ക്കുള്ള പ്രതിജ്ഞയിലെ ഇരുപത്തിരണ്ടു ഇന നിര്‍ദേശങ്ങളില്‍ ചിലത് ഇതാണ്....

 "I am giving up my existing Hindu religion and adopting to Buddhism. I take the following vows on my own and nobody has influenced me in this regard.
-I shall have no faith in Brahma, Vishnu and Mahesh nor shall I worship them.
-I shall have no faith in Rama and Krishna who are believed to be incarnation of God nor shall I worship them.
-I shall have no faith in ‘Gauri’, Ganapati and other gods and goddesses of Hindus nor shall I worship them.
-I shall have no faith in Vithal Rukhamai nor shall I worship them. I do not believe in the incarnation of God. 
-I do not and shall not believe that Lord Buddha was the incarnation of Vishnu. I believe this to be sheer madness and false propaganda.
  
ഇതിലെ തമാശ എന്തെന്നാല്‍ അംബേദ്ക്കര്‍ ഉപേക്ഷിക്കാന്‍ പറയുന്ന ഈ ബ്രഹ്മാവൊക്കെ ഹിന്ദു മതത്തിനേക്കാള്‍ ബുദ്ധമതത്തിന്റെ ദൈവമാണ്. ബോധോദയം കിട്ടിയ ബുദ്ധന്‍ തന്റെ പുതിയ അറിവ് ജനങ്ങള്‍ക്ക്‌ മനസ്സിലാകുമോ എന്ന് സംശയിക്കുമ്പോള്‍ ബ്രഹ്മാവ് നേരിട്ട് വന്നു അപേക്ഷിച്ചാണ് ബുദ്ധന്റെ ഉത്തേജിപ്പിക്കുന്നത്. (മഹാവഗ്ഗ 1:5) ഉപേക്ഷിക്കാന്‍ പറയുന്ന മറ്റു ദൈവങ്ങളായ ഗണപതിയും, രാമനും (ദശരഥ ജാതക പ്രകാരം ശ്രീരാമന്‍ ബുദ്ധന്റെ ഒരു അവതാരമാണ്.) ഗൌരിയും (താരാദേവിയുടെ പല രൂപങ്ങള്‍) ബുദ്ധിസത്തില്‍ ദൈവങ്ങളാണ്. :-)

ബുദ്ധിജീവികളുടെ ഒരു പ്രീയപ്പെട്ട ചൊറിച്ചില്‍ (pet peeve) ആണ് കൊടുങ്ങല്ലൂര്‍ അമ്പലം ബുദ്ധവിഹാരമായിരുന്നു എന്നത്. അവിടത്തെ തെറി പാട്ടുകള്‍ ഇവിടെ താവളമാക്കിയ ബുദ്ധസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി തുടങ്ങിയതാണ്‌ എന്നാണ് അവരുടെ അംഗീകൃത തിയറി. എന്നാല്‍ ഇത് നോക്കൂ. ഇപ്പോഴും ഒരു ഭദ്രകാളി ക്ഷേത്രമാണ് കൊടുങ്ങല്ലൂരിലേത്. തന്ത്രിക ബുദ്ധമതത്തിലും ഭദ്രകാളിയുണ്ട്. താരാദേവിയുടെ അവതാരമായ ക്രോധകാളി.  (ചിത്രം...) ഹിന്ദുമതത്തിലെ അമ്മദൈവമായ കാളി തന്നെയാണ് താന്ത്രിക ബുദ്ധമതത്തിലെ വജ്രയോഗിനി. ഹിന്ദു മതത്തിലെ ശാക്തേയരുടെ പഞ്ചമകാരപൂജയും (മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര) താന്ത്രിക ബുദ്ധിസത്തില്‍ ഉള്ളതാണ്. താന്ത്രികാരാധനയുണ്ടായിരുന്ന ഒരു ബുദ്ധിസ്റ്റ് കാളിക്ഷേത്രം പില്‍കാലത്ത് താന്ത്രികരീതികള്‍ ക്ഷയിച്ചപ്പോള്‍ ‍( ബുദ്ധമതത്തിലും, ഹിന്ദു മതത്തിലും) മയപ്പെടുത്തിയ ഒരു ഭഗവതിക്ഷേത്രം ആയതാണ് കൊടുങ്ങല്ലൂരിലേത് എന്ന് അനുമാനിക്കുന്നതല്ലെ കൂടുതല്‍ ശരി? തെറിപ്പാട്ട്  താന്ത്രിക ബുദ്ധമതത്തിലും താന്ത്രിക ഹിന്ദുമതത്തിലും അംഗീകൃത പൂജാവിധിയായ പഞ്ചമകാരപൂജയുടെ പ്രതീകാത്മകമായ അനുഷ്ഠാനത്തിന്റെ അവശേഷിക്കുന്ന ഫോസ്സില്‍ ആണെന്നുവരാം. സാധുക്കളായ ബുദ്ധ സന്യാസിമാരെ തെറി പറഞ്ഞു ഓടിക്കുന്നതാണ് എന്നൊക്കെയുള്ള ഒരു അടിസ്ഥാനമില്ലാത്ത മനോവിലാസങ്ങള്‍ വേണോ?

ലജ്ജാഗൌരി എന്ന രൂപത്തില്‍ യോനി ആരാധനയും താന്ത്രിക ബുദ്ധമതത്തില്‍ ഉണ്ട്. തൃപ്പുത്താകുന്ന ചെങ്ങന്നൂര്‍ ഭഗവതി അത്തരം ഒന്നാകാന്‍ സാധ്യതയുണ്ട്. (ശബരിമലയും മറ്റും ബുദ്ധിസ്റ്റ് ആക്കാനുള്ള അത്ര ആവേശം ഇതിന് ചിലപ്പോള്‍ കാണില്ല. :-) നല്ലതുമാത്രം ബുദ്ധമതത്തിന്റെ അക്കൌണ്ടില്‍ മതി.)

ഇനിയും ബുദ്ധിജീവികളുടെ മറ്റൊരു പ്രീയപ്പെട്ട ഡിബേറ്റ് പോയിന്റാണ് ഒരു ബ്രാഹ്മണനായ പുഷ്യമിത്രന്‍ ബുദ്ധഭിക്ഷുക്കളെ കൂട്ടക്കൊല ചെയ്ത കഥ.

''ചന്ദ്രഗുപ്ത മൗര്യനും പുത്രന്‍ ബിംന്ദുസാരനും ജൈന മതക്കാരായിരുന്നു. ബിന്ദുസാരന്റെ പുത്രന്‍ അശോകന്‍ (ബി.സി.260-232)ബുദ്ധമതത്തില്‍ ചേരുക മാത്രമല്ല, ആ മതത്തിന്റെ ഏറ്റവും വലിയ പ്രചാരകന്‍ ആവുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗത്തേക്കും ബുദ്ധമതം പ്രചരിപ്പിക്കുന്നതിന് അദ്ദേഹം മിഷണറിമാരെ അയച്ചു. ഏഷ്യയുടെ എല്ലാ ഭാഗങ്ങളിലും ബുദ്ധമതം ഇക്കാലത്ത് പ്രചരിക്കപ്പെട്ടു. അശോകന്റെ ചരമത്തിനു ശേഷം ഏതാണ്ട് അര നൂറ്റാണ്ട് കാലം കൂടി മൗര്യ സാമ്രാജ്യം നിലനിന്നു. ബി.സി.185-ല്‍ അവസാനത്തെ മൗര്യ രാജാവായ ബ്രഹദ്രഥനെ കൊന്നിട്ട് അദ്ദേഹത്തിന്റെ സേനാനായകനും ബ്രാഹ്മണനുമായ പുഷ്യമിത്രന്‍ അധികാരം പിടിച്ചെടുത്തു. ബുദ്ധമതത്തിന് എതിരായി പുഷ്യമിത്രന്‍ വലിയ ആക്രമങ്ങള്‍ അഴിച്ചുവിട്ടു. എങ്കിലും ബുദ്ധമതത്തെ തകര്‍ക്കാന്‍ പുഷ്യമിത്രനു കഴിഞ്ഞില്ല.'' (ഇടമറുക്-മദ്ധ്യകാല ബുദ്ധമതം)

''How pitiless was the persecution of Buddhism by Pushyamitra can be gauged from the Proclamation which he issued against the Buddhist monks. By this proclamationPushyamitra set a price of 100 gold pieces on the head of every Buddhist monk. Dr. Haraprasad Shastri speaking about the persecution of Buddhists under Pushyamitra says, "The condition of the Buddhists under the imperial sway of the Sungas, orthodox and bigotted, can be more easily imagined than described. From Chinese authorities it is known that many Buddhists still do not pronounce the name of Pushyamitra without a curse."  (Revolution and counter revolution- Ambedker)
 

ഇതാണ് നമ്മള്‍ തലമുറ തലമുറ കൈമാറി വരുന്ന ചരിത്ര വിജ്ഞാനം. നമുക്ക് ഇതൊന്നു വിശദമായി പരിശോധിക്കാം. 'ബ്രാഹ്മണനായ പുഷ്യമിത്രന്‍ ബൌദ്ധരെ ക്രൂരമായി കൊന്ന' ചരിത്രം പ്രധാനമായും അശോകാവദന എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പാണര്‍ പാടിനടക്കുന്നത്‌. അശോകാവദനയിലെ  കഥാപശ്ചാത്തലം ഇങ്ങനെയാണ്. ക്രൂരനായ പുഷ്യമിത്രന്‍ എല്ലാ കാലത്തേക്കും പ്രശസ്തനാകാന്‍ എന്താണ് വഴി എന്നാലോചിക്കുന്നു. അദ്ദേഹത്തിന് കിട്ടുന്ന മറുപടി ഒന്നുകില്‍ ബുദ്ധമതത്തിന് അശോകന്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുക. അല്ലെങ്കില്‍ അതിനെ പാടെ നശിപ്പിക്കുക. പുഷ്യമിത്രന്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുന്നു. പുഷ്യമിത്രന്‍ ബുദ്ധഭിക്ഷുക്കളുടെ തല ഒന്നുക്ക് 100 സ്വര്‍ണ്ണ നാണയം ( ദിനാര) സമ്മാനമായി പ്രഖ്യാപിച്ചു എന്നാണ് ആധികാരികമായി നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ വരെ എഴുതി വച്ചിരിക്കുന്നത്.

ഈ കഥ അവിശ്വസനീയമാണ് എന്ന് കരുതാന്‍ പല കാരണങ്ങളുണ്ട്.

അശോകവാദന എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥമാണ് ഈ കഥയുടെ പ്രധാന ഉറവിടം. അശോകാവദാന ഹൈഗോഗ്രഹി (hagiography) എന്ന ഗണത്തില്‍ പെടുത്താവുന്ന ഒരു പുസ്തകമാണ്. അതായത് പുകഴ്ത്തല്‍ ചരിത്രം. സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ ഒക്കെ പോലെയുള്ള ഒരു പുസ്തകമാണ് ഇത്. മാര്‍ത്താണ്ഡവര്‍മ്മയില്‍ പറയുന്നത് ശരിക്കും തിരുവിതാംകൂര്‍ ചരിത്രമാണ് എന്ന് ആരെങ്കിലും പറയുമോ? അല്ലെങ്കില്‍ പഴശ്ശിരാജ സിനിമ കണ്ടിട്ട് അതാണ്‌ ചരിത്രം എന്ന് അംഗീകരിക്കുന്ന ആരെങ്കിലും ഉണ്ടാകുമോ? (ഉണ്ടാവുമായിരിക്കും. ചില പ്രത്യേക ഉത്തരങ്ങള്‍ തന്നെ വേണം എന്ന് ശാഠ്യമുള്ളവര്‍ അതും അംഗീകരിക്കും.) പിന്നെ അതില്‍ വിവരിക്കുന്ന സംഭവങ്ങള്‍ നടന്നു ഒരു മുന്നൂറു വര്‍ഷം കഴിഞ്ഞാണ് ഈ അശോകവാദന രചിക്കപ്പെടുന്നത്.  അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ മാത്രമേ നിഗമനങ്ങളിലെത്താവൂ എന്നുറപ്പിക്കാം.

(ഇവിടെ വേറൊരു തമാശയുണ്ട്. രാമായണവും മഹാഭാരതവും മിത്തല്ല ചരിത്രമാണ് എന്ന് പറഞ്ഞ സുദര്‍ശന്‍ രാവുവിനെ  Indian Council of Historical Research (ICHR) ചെയര്‍മാനാക്കിയേ എന്ന് നെലേം വിളീം കൂട്ടിയ ബുദ്ധിജീവികള്‍ തന്നെയാണ് അശോകാവദാന ചരിത്രരേഖയായി കണക്കാക്കുന്നത്. :-))

ഓരോ തലക്കും100 സ്വര്‍ണ്ണ നാണയം ( ദിനാര) എന്ന വിളംബരം കേട്ട് ഒരു ഭിക്ഷു മന്ത്രശക്തിയാല്‍ കൃത്രിമമായി തലകള്‍ ഉണ്ടാക്കി രാജാവിനെ പറ്റിച്ചു, ഭിക്ഷുക്കളെ രക്ഷിച്ചു എന്നാണ്  അശോകാവദാന പറയുന്നത്. പുഷ്യമിത്രന്റെ കാലത്ത് ദിനാര എന്ന നാണയം നടപ്പുണ്ടായിരുന്നോ എന്നത് ഒരു  ചോദ്യം. മിക്കാവാറും അത്തരമൊരു നാണയം അക്കാലത്ത് ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയില്ല എന്നുത്തരം. ഈ മാന്ത്രിക കഥയാണ് നമ്മള്‍ ചരിത്രം എന്ന് പറഞ്ഞു അവതരിപ്പിക്കുന്നത്‌.

ഇനി ഈ പുസ്തകപ്രകാരം പുഷ്യമിത്രന്‍ അശോകന്റെ നാലാം തലമുറയില്‍ പെട്ട ആളാണ്‌. അതായത് അശോകന്റെ തന്നെ കുടുംബക്കാരന്‍. (സാമ്രാജ്യം സ്ഥാപിച്ച ചന്ദ്രഗുപ്ത മൌര്യന്‍ ശൂദ്രനായിരുന്നു എന്ന കഥ വിശ്വസിക്കാമെങ്കില്‍ പുഷ്യമിത്രനും ശൂദ്രനാണ്.) ചരിത്രത്തിലെ പുഷ്യമിത്രന്‍ മൌര്യന്മാരുടെ സേനാനായകനായിരുന്ന ഒരു ബ്രാഹ്മണനാണ്. അതായത് പുഷ്യമിത്രന്‍ അശോകന്റെ കുടുംബക്കാരനേ അല്ല. (aside point...... മനുസ്മൃതി പ്രകാരമായിരുന്നു അക്കാലത്ത് കാര്യങ്ങള്‍ എങ്കില്‍ ഒരു ബ്രാഹ്മണന്‍ എങ്ങിനെ സേനാനായകനായി? പിന്നീട് രാജാവായി?)

അപ്പോള്‍ ഈ ചരിത്രകാരന്മാര്‍ പറയുന്ന, ബ്രാഹ്മണനായ പുഷ്യമിത്രന്‍ ബൌദ്ധരെ കൊന്നൊടുക്കി എന്ന കഥ വിചിത്രമായ ഒരു സങ്കര സൃഷ്ട്ടിയാണ്. നമ്മുടെ ചരിത്രകാരന്മാര്‍ ഈ വിചിത്ര കഥയുടെ അവര്‍ക്ക് വേണ്ടതു മാത്രം എടുത്ത് അതാണ്‌  ചരിത്രം എന്ന മട്ടില്‍ അവതരിപ്പിക്കുന്നു. അല്‍പ്പം ചരിത്രവും കൂടെ കെട്ടുകഥയും കൂട്ടിക്കുഴച്ച് അതുപോരാതെ കുറെ കൈയില്‍നിന്ന് ഇട്ടുമാണ് അവര്‍ ഈ പുഷ്യമിത്ര ചരിതം സൃഷ്ട്ടിച്ചിരിക്കുന്നത്. (ഈ കഥ പ്രകാരം പോലും പുഷ്യമിത്രന്‍ ആരെയും കൊന്നിട്ടില്ല. കൊല്ലാന്‍ ഉദ്ദേശിച്ചതേയുള്ളൂ. ഭിക്ഷുവിന്റെ മാജിക് കാരണം പരിപാടി ചീറ്റിപ്പോയല്ലോ.) പുഷ്യമിത്രന്‍ ബ്രാഹ്മണനാണ് എന്നത് ചരിത്രവും, ബൌദ്ധരെ കൊന്നു എന്നത് ചരിത്രത്തില്‍ ഒരു തെളിവും ഇല്ലാത്ത ഈ കഥയും. (ബൌദ്ധരെ കൊന്നു എന്ന കഥ സ്വീകരിക്കണമെങ്കില്‍ കൊന്ന ആ ആള്‍ അശോകന്റെ കുടുംബകാരനായിരുന്നു എന്നും അംഗീകരിക്കണ്ടെ? (അത് പറ്റൂലാ.... ബൌദ്ധരെ ആക്രമിച്ച പുഷ്യമിത്രന്‍ ബ്രാഹ്മണന്‍ തന്നെയാകണം. അതാ അതിന്റെ ഒരു ചേല്.)

(റോമിള ഥാപ്പറെ പോലുള്ള ചരിത്രകാരന്മാര്‍ പുഷ്യമിത്ര കഥ ഇപ്പോള്‍ തള്ളിക്കളയുന്നുണ്ട്. പക്ഷേ നമ്മുടെ ലോക്കല്‍ ബുദ്ധിജീവികള്‍ അവരുടെ പുസ്തകങ്ങളുടെ പഴയ എഡിഷനുകളും ഇടമറുകാദികളുടെ നാലണ ചരിത്ര പുസ്തകങ്ങളും ഉദ്ധരിച്ച്‌ ഇപ്പോഴും ഈ കഥ സത്യമാണ് എന്ന് പ്രചരിപ്പിക്കുന്നുമുണ്ട്.)

അപ്പോള്‍ ഈ പുഷ്യമിത്ര കഥയുടെ വാസ്തവം എന്തായിരിക്കും? ബുദ്ധ ഭിക്ഷുക്കള്‍ക്ക് പുഷ്യമിത്രനോട് ഇത്ര വിരോധം വരാന്‍ എന്തായിരിക്കും കാരണം? അതിന്റെ ചില സൂചനകളും നമുക്ക് അശോകാവദാനയില്‍നിന്നു തന്നെ കിട്ടും. അശോകന്റെ അവസാന കാലത്ത് അദ്ദേഹം ബുദ്ധസന്യാസിമാര്‍ക്ക് നൂറു കോടി സ്വര്‍ണ്ണ നാണയം വാഗ്ദാനം ചെയ്തത്ര. ഇതുവരെ ആരും ചെയ്യാത്തത്ര വലിയൊരു ദാനം ചെയ്യണം എന്നായിരുന്നു അശോകന്. എന്നാല്‍ രാജാവിന്റെ ഈ തോന്ന്യാസം അദ്ദേഹത്തിന്റെ മന്ത്രിമാര്‍ തടഞ്ഞു. അപ്പോള്‍ താന്‍ ഭക്ഷണം കഴിക്കുന്ന സ്വര്‍ണ്ണ പാത്രങ്ങള്‍ അദ്ദേഹം അവര്‍ക്ക് ദാനം ചെയ്തത്രെ. മന്ത്രിമാര്‍ അതും തടഞ്ഞപ്പോള്‍ മറ്റു വഴികള്‍. അങ്ങനെ തൊണ്ണൂറ്റാറു കോടി സ്വര്‍ണ്ണനാണയം അശോകന്‍ പലവഴിക്കായി അവര്‍ക്കു കൊടുത്തു. അവസാനം ചാവുമ്പോള്‍ രാജ്യവും ഭിക്ഷുക്കള്‍ക്ക് ദാനം ചെയ്തു എന്നാണ് അശോകാവദാന പറയുന്നത്. (അശോകന് രാജ്യം ഭിക്ഷുക്കള്‍ക്ക് ദാനം ചെയ്യല്‍ ഒരു സ്ഥിരം പരിപടിയായിരുന്നോ എന്ന് സംശയിക്കണം. ഫാഹിയാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇപ്രകാരമൊരു ലിഖിതം കണ്ടതായി പറയുന്നു.)

''On the surface of this pillar is an inscription to the following effect: ''King Ashoka presented the whole of Jambudvipa to the priests of the four quarters, and redeemed it again with money, and this he did three times.''

അപ്പോള്‍ അശോകന്റെ സാമ്രാജ്യത്തിന്റെ എത്രമാത്രം സമ്പത്ത് ഈ ഭിക്ഷുക്കള്‍ ഊറ്റിയെടുത്തിരിക്കണം എന്നാലോചിക്കുക. മഹാനായ അശോകന്റെ വിപുലമായ സാമ്രാജ്യത്തിന്റെ പ്രതാപം നമ്മുടെ ചരിത്രകാരന്മാര്‍ പറഞ്ഞു പരത്തിയ മറ്റൊരു നുണയാണ്. അശോകന്റെ കാലത്തുതന്നെ സാമ്രാജ്യം തകര്‍ന്നു തുടങ്ങിയിരുന്നു. (അതും ഇപ്പോള്‍ ചരിത്രകാരന്മാര്‍ ഏറെക്കുറെ സമ്മതിക്കുന്നുണ്ട്.) അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതുമാതിരിയല്ലേ ദുഷ്ചെലവ്. അശോകന് ശേഷം പുതിയ പിന്‍ഗാമിയെ വാഴിക്കാന്‍ നോക്കുമ്പോഴാണ് രാജ്യം തന്നെ ഇല്ല എന്നറിയുന്നത്. ഒടുവില്‍ അണ പൈ ബാക്കിയില്ലാതെ അശോകന്‍ വാഗ്ദാനം ചെയ്തതില്‍ ബാക്കിയുള്ള നാല് കോടി സ്വര്‍ണ്ണ നാണയം കൂടി തീര്‍ത്തു കൊടുത്ത് (ഭിക്ഷുക്കള്‍ പിടിച്ചു വാങ്ങി എന്നും വായിക്കാം) രാജ്യം തിരിച്ചു മേടിക്കുകയായിരുന്നു എന്ന് അശോകാവദാന അഭിമാനപുരസ്സരം പറയുന്നു.

ബുദ്ധിസ്ഥിരത നഷ്ട്ടപ്പെട്ട ഒരു രാജാവും, രാജ്യത്തിന്റെ ഭണ്ഡാരം ചോര്‍ത്തുന്നതില്‍ ഒരു തെറ്റും കാണാത്ത ആര്‍ത്തിപണ്ടാരങ്ങളായ കുറെ ഭിക്ഷുക്കളും, ഏതു വിധേനെയെങ്കിലും തകര്‍ച്ച തടയാന്‍ ശ്രമിക്കുന്ന ഉത്തരവാദിത്ത ബോധമുള്ള മന്ത്രിമാരും. ഇതാണ് അശോകന്റെ അവസാന കാലത്തെക്കുറിച്ച് അശോകാവദാനയില്‍ നിന്ന് കിട്ടുന്ന ചിത്രം. (നല്ലവനായ രാജാവിനെ ദാനം ചെയ്യാന്‍ അനുവദിക്കാത്ത ദുഷ്ട്ടന്മാരായ മന്ത്രിമാര്‍ എന്ന രീതിയിലാണ് അവര്‍ ഈ കഥ അവതരിപ്പിക്കുന്നതെങ്കിലും.) ശരിക്കും ബുദ്ധമതമാണ് അശോകന്റെ സാമ്രാജ്യം തകര്‍ത്തത് എന്ന് പറയാം.

അശോകന്റെ പിന്‍ഗാമികളും ഇതേപോലെ ഭിക്ഷുക്കളുടെ താളത്തിന് തുള്ളുന്നവരായിരുന്നിരിക്കാം. എനിക്ക് തോന്നുന്നത്, ഒടുവില്‍ സഹികെട്ടിട്ടായിരിക്കാം  സേനാനായകനായ പുഷ്യമിത്രന്‍ അധികാരം പിടിച്ചെടുത്തിരിക്കുക. അദ്ദേഹം അധികാരത്തിലെത്തിയപ്പോള്‍ അശോകന്റെ കാലം മുതല്‍ ഭിക്ഷുക്കള്‍ ഖജനാവില്‍നിന്ന് അന്യായമായി കടത്തികൊണ്ടുപോയ സ്വര്‍ണ്ണം മുഴുവന്‍ തിരിച്ചു കൊണ്ടുവരാന്‍ ഓര്‍ഡര്‍ ഇട്ടിരിക്കാം. മേലനങ്ങാതെ തിന്നുന്ന ഇവര്‍ ഓരോരുത്തരും പണിയെടുത്ത് നൂറു സ്വര്‍ണ്ണ നാണയം വീതം ഖജനാവിലടക്കാനും ഉത്തരവിട്ടിരിക്കാം. അതായിരിക്കാം ഒരു തലയ്ക്കു നൂറു സ്വര്‍ണ്ണ നാണയം, ബൌദ്ധ പീഡനം എന്നൊക്കെ പൊടിപ്പും തൊങ്ങലും വച്ച് കഥകളായത്‌. അശോകനെക്കാള്‍ വലിയ  ത്യാഗം ചെയ്തു പേരെടുക്കാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് പുഷ്യമിത്രന്‍ ബൌദ്ധരെ കൊല ചെയ്തു പേരെടുക്കാന്‍ തയ്യാറായത് എന്നാണ്  അവരുടെ ഭാഷ്യം. പുഷ്യമിത്രന് ബൌദ്ധരോട് പ്രത്യേകിച്ച്  വിരോധമൊന്നും ഉണ്ടായിരുന്നു എന്നതിനും ചരിത്രത്തില്‍ തെളിവില്ല. പുഷ്യമിത്രന്‍ തന്നെ ബൌദ്ധര്‍ക്ക് പണം നല്‍കിയതായി രേഖകളുണ്ട്. അപ്പോള്‍ ബൌദ്ധരോട് സ്ഥായിയായ വിരോധമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നും അനുമാനിക്കാം. ഏറെക്കുറെ നീതിപൂര്‍വ്വമാണ് പുഷ്യമിത്രന്‍ കാര്യങ്ങള്‍ നടത്തിയിരുന്നത് എന്ന് ന്യായമായും കരുതാം.

വേറൊരു കാര്യം കൂടി അശോകാവദാനയുമായി ബന്ധപ്പെട്ടു പറയാം.  പുഷ്യമിത്രന്‍ ചെയ്തതായി പറയുന്ന കൂട്ടകൊലക്ക് സമാനമായ മറ്റൊരു കൂട്ടക്കൊല ഇതേ പുസ്തകത്തില്‍ വിവരിക്കുന്നത്  ഞാന്‍ നേരത്തെ എഴുതിയിരുന്നു. ഒരു ജൈനവിശ്വാസി, ബുദ്ധനെ അപമാനിച്ചതില്‍ (ബുദ്ധന്‍ മഹാവീരന്റെ കാല്‍ക്കല്‍ നമസ്കരിക്കുന്നതായി പടം വരച്ചു.) കോപിച്ച അശോകന്‍18000 പേരുടെ തല വെട്ടി എന്ന് വളരെ അഭിമാനപൂര്‍വ്വമാണ് എഴുതിയിരിക്കുന്നത്....!!.. അതായത് കൊലപാതകം ഞങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ അത് നല്ലതും, ഞങ്ങള്‍ക്ക് എതിരെ ആണെങ്കില്‍ കടുത്ത അപരാധവും.  ഞങ്ങളിട്ടാല്‍ ബെര്‍മുഡ, നിങ്ങളിട്ടാല്‍ അണ്ടര്‍വെയര്‍ ന്യായം തന്നെ. (രാജാവ് ഒരു ഗ്രൂപ്പിന് വേണ്ടി എതിര്‍ ഗ്രൂപ്പുകാരെ കൂട്ടകൊല ചെയ്യുന്നത് ഒരു സ്റ്റോക്ക്‌ കഥയായിരിക്കാം. അതേ കഥ സൗകര്യം പോലെ കോപ്പി/പേസ്റ്റ് ചെയ്തു ഉപയോഗിച്ചതാകാം പുഷ്യമിത്ര കഥ. 'നമ്മുടെ' രാജാവിന്റെ പവറ് കാണിക്കാനും, എതിര്‍ ചേരിയിലുള്ള രാജാവിന്റെ ക്രൂരത കാണിക്കാനും ഒരേ കഥ തന്നെ.)

--

16 അഭിപ്രായങ്ങൾ:

Biju G Nath പറഞ്ഞു...

വളരെ നല്ല ലേഖനം . തുടരുക ആശംസകൾ

Mridhul Sivadas പറഞ്ഞു...

വീണ്ടും മികച്ചൊരു പോസ്‌റ്റ്‌. ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്തു.

Vinod പറഞ്ഞു...

നല്ല ലേഖനം, വേറിട്ട വഴികളിലൂടെ ചരിത്രത്തിന്റെ ഒരു പുനർവായന... നന്ദി.
"അശോകന്റെ അവസാന കാലത്ത് അദ്ദേഹം ബുദ്ധസന്യാസിമാര്‍ക്ക് നൂറു കോടി സ്വര്‍ണ്ണ നാണയം വാഗ്ദാനം ചെയ്തത്ര." സർ ഈ നൂറു കോടി സ്വര്‍ണ്ണ നാണയം എന്നൊക്കെ ആലങ്കാരികമായി പറഞ്ഞതായിരിക്കുമോ?? ഒരു ഗ്രാം കൊണ്ട് ഒരു നാണയം ഉണ്ടാക്കിയാൽ പോലും 10,000 Tone....

bright പറഞ്ഞു...

അല്ല. അതുവരെ ഏറ്റവും വലിയ സംഭാവന കൊടുത്തത് ആനന്ദ പിണ്ഡകന്‍ എന്ന ഒരു വ്യാപാരിയായിരുന്നു.ആ കഥ ഞാന്‍ വിവരിച്ചിട്ടുണ്ട്. അതിസമ്പന്നനായ സ്വര്‍ണ്ണ വ്യാപാരിയും സ്ഥലത്തെ ബാങ്കര്‍മാരുടെ ഗില്‍ഡിലെ പ്രധാനിയുമായിരുന്നു ആനന്ദപിണ്ടകന്‍. ജീതവനം എന്ന സ്ഥലം ബുദ്ധനു ആശ്രമം സ്ഥാപിക്കാന്‍ കൊടുക്കാന്‍ ആനന്ദപിണ്ടകന്‍ ആഗ്രഹിച്ചു. എന്നാല്‍ സ്ഥലത്തിന്റെ ഉടമസ്ഥനായ ജീതന്‍ അത് വില്‍ക്കാന്‍ തയ്യാറല്ല. ഒടുവില്‍ വിലയായി ആ സ്ഥലം മുഴുവന്‍ അടുപ്പിച്ചു സ്വര്‍ണ്ണ നാണയങ്ങള്‍ നിരത്തി ആ തുക നല്‍കിയാണ്‌ ആനന്ദ പിണ്ടകന്‍ അത് ബുദ്ധനു വേണ്ടി സ്വന്തമാക്കിയതത്രേ.!!.. അത് നൂറു കോടിയായിരുന്നു. അതിനോപ്പമെങ്കിലും എത്താനായിരുന്നുഅശോകന്റെ പ്ലാന്‍.

അതിശയോക്തി ഉണ്ടാകാമെങ്കിലും രാജ്യത്തിന്റെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കാന്‍ മാത്രം വലിയൊരു സംഖ്യ ആയിരുന്നിരിക്കാം അത്. അതാണ്‌ ഞാന്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്നതും.

Vinod പറഞ്ഞു...

Thank You Sir...

മിഥുന പറഞ്ഞു...

ആകാശഗര്‍ഭ സൂത്രം എന്ന മഹായാന ഗ്രന്ഥത്തില്‍ രാജാക്കന്മാരെ (consecrated ksatriyas) ബാധിക്കുന്ന കടുത്ത പാപങ്ങളുടെ ഒരു ലിസ്റ്റുണ്ട്. സന്യാസ മഠങ്ങളുടെ സ്വത്ത് പിടിച്ചെടുക്കുക, ബുദ്ധന്റെ അധ്യാപനങ്ങളെ എതിര്‍ക്കുക അഥവാ സംഘത്തിന്റെ കാര്യങ്ങളില്‍ ഇടപെടുക, കുറ്റക്കാരനാണ് എന്നു കണ്ടാലും ഒരു ഭിക്ഷുവിനെ സ്ഥാനഭ്രഷ്ട്ടനാക്കുകയോ ശിക്ഷിക്കുകയോ ചെയ്യുക, ബുദ്ധമതം ഉപേക്ഷിച്ചു വേറെ 'പാഷാണ്ഡമതങ്ങളെ' പിന്‍പറ്റുക ഒക്കെ കടുത്ത പാപങ്ങളാണ് ''
''പിന്നെ മതം മാറ്റം എന്ന കണ്‍സപ്റ്റിനെക്കുറിച്ച് നമ്മുടെ ഇപ്പോഴത്തെ ധാരണയും അന്നത്തേതില്‍നിന്നു വ്യത്യസ്തമാണ് എന്നും പറയേണ്ടി വരും. ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള മത പരിവര്‍ത്തനം, പഴയ വിശ്വാസങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചും പഴയ ദൈവങ്ങളെ തള്ളിപ്പറഞ്ഞും പുതിയ മതത്തിലേക്ക് പോകുക എന്ന പടിഞ്ഞാറന്‍ കണ്‍സപ്റ്റ് അബ്രഹാമിക് മതങ്ങളുടെ രീതിയാണ്. ഒന്നുകില്‍ പൂര്‍ണ്ണമായി അവിടെ, അല്ലെങ്കില്‍ ഇവിടെ. നമ്മള്‍ പണ്ട് മുതലേ സഹവര്‍ത്തിത്വത്തിന്റെ ആളുകളായിരുന്നു. നമ്മുടെ പ്രശസ്തമായ നാനാത്വത്തില്‍ ഏകത്വം. ആരും പഴയ ശീലങ്ങളൊന്നും മാറ്റാറില്ല‍. അങ്ങനെ മാറ്റാന്‍ മാത്രം വലിയ വ്യത്യാസങ്ങള്‍ ഈ ദൈവങ്ങളും അവരുടെ ആചാരങ്ങളും തമ്മിലില്ല താനും. അഥവാ പുതിയ ദൈവങ്ങള്‍ ഉണ്ടായാല്‍ പഴയതിന്റെ കൂടെ അവരെ കൂടി കൂട്ടും. (ഒരു ബുദ്ധമത വിശ്വാസിക്ക് ഹിന്ദുവായി തുടരാന്‍ ഒരു പ്രശ്നവുമില്ല. സഹോരന്‍ അയ്യപ്പന്‍ പണ്ട് ബുദ്ധമതം സ്വീകരിച്ചപ്പോള്‍ തുടര്‍ന്നും അദ്ദേഹം ഹിന്ദു തന്നെയായിരിക്കും എന്നാണ് ഒരു കേസില്‍ അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. കോടതി ആ വാദം അംഗീകരിക്കുകയും ചെയ്തു.)''
ഇത് രണ്ടും തമ്മില്‍ ചേരുന്നില്ലല്ലോ...അതോ ഇത് രാജാക്കന്മാരെ മാത്രം ബാധിക്കുന്ന പാപമാണോ?
ബുദ്ധനെ കല്ലെറിഞ്ഞു കഴിഞ്ഞോ?

Sarath Babu പറഞ്ഞു...

Hi,

Good Work. Please post next part (if any).

nikhil cv പറഞ്ഞു...

വളരെ നല്ല പോസ്റ്റ്‌. കൊറേ കാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് താങ്കളുടെ പോസ്റ്റിലൂടെ എനിക്ക് മനസിലാക്കാൻ സാധിച്ചത്..

nikhil cv പറഞ്ഞു...

വളരെ നല്ല പോസ്റ്റ്‌. കൊറേ കാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് താങ്കളുടെ പോസ്റ്റിലൂടെ എനിക്ക് മനസിലാക്കാൻ സാധിച്ചത്..

Justin Cj പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Justin Cj പറഞ്ഞു...

ഈ ആ്ഗളിൽ ചരിത്രം മനസിലാക്കിയാൽ ഒരു മതവും സംഗടിതം മാനവ രാശിയെ ഒന്നും ചെയ്തട്ടില്ല

Justin Cj പറഞ്ഞു...

ബുതന്റ്റെ കോൺസെപ്റ്റ് മനസിലായില്ല അത് അബജ്യത്ത്തിനു ഒരു കാരണം ആണോ? ക്രിസ്തുമതത്തിലെ ട്രിനിട്ടി മനസിലാവാതെ തന്നെ ആ മതം നിലനിൽക്കുന്നു

Justin Cj പറഞ്ഞു...

ഈ ആരും കൊല ഒന്നും ഉണ്ടായിരുന്നില്ല എന്ന് കേട്ടപോ ഒരുപാട് സന്തോഷം
പോസ്റ്റ്‌ നന്നായിട്ടുണ്ട് ഇനിയും ചിന്തകൾ വരട്ടെ

Justin Cj പറഞ്ഞു...

ഈ ആരും കൊല ഒന്നും ഉണ്ടായിരുന്നില്ല എന്ന് കേട്ടപോ ഒരുപാട് സന്തോഷം
പോസ്റ്റ്‌ നന്നായിട്ടുണ്ട് ഇനിയും ചിന്തകൾ വരട്ടെ

ravi പറഞ്ഞു...

വളരെ നന്നായി.....ബുദ്ധമതത്തെ കുറിച്ച് കൂടുതൽ അറിയാൻ പാട്ടി ....നന്ദി

Sreejith Varma പറഞ്ഞു...

വളരെ നല്ല പോസ്റ് അയ്യപ്പനെയും വാവരെയും പറ്റി |പറഞ്ഞതു മാത്രം ശരിയായില്ല എന്നതാണ് എന്റെ അഭിപ്രായം വാ വരിന്റെ സുഹൃത്തായ അയ്യപ്പനെ ശാസ്താവിന്റെ അവതാരമായ് കാണുകയല്ലെ വേണ്ടത് 'മഹാവിഷ്ണുവും കൃഷ്ണനും തമ്മിലുള്ള വ്യത്യാസമല്ലെ ശാസ്താവും അയ്യപ്പനും തമ്മിൽ ഉള്ളത്? ഇതിനെക്കുറിച്ച് താങ്കളുടെ പോസ്റ്റ് പ്രതീക്ഷിക്കുന്നു

LinkWithin

Related Posts with Thumbnails